‘എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല’ എന്ന് ഒരു ദലിത് കര്‍സേവകന്‍

“ഇന്ത്യയിലെ മുസ്‌ലിംകൾ ഇന്ത്യക്കാരാവണമെങ്കിൽ ആദ്യം ഹിന്ദുക്കളാവണമെന്നുള്ള മോഹൻ ഭഗവതിന്റെ പ്രഖ്യാപനം ഞാനടക്കമുള്ള ദളിത്‌ കർസേവകരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. ഹിന്ദു യുവതികളെ വശീകരിക്കാനും പ്രണയം നടിച്ച് വിവാഹം കഴിക്കാനുമാണ് മുസ്‌ലിം യുവാക്കൾ നോൺ വെജ് ഭക്ഷണങ്ങൾ കഴിക്കുന്നതെന്നാണ് ശാഖാ ക്ലാസ്സുകളിൽ നിന്നും ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. എന്നാൽ സത്യം മനസ്സിലാക്കിയ വേളയിൽ ഹൃദയം കുറ്റബോധത്താൽ നീറുകയായിരുന്നു”.

പതിനഞ്ചാമത്തെ വയസ്സിൽ ആർ എസ് എസിൽ ചേരുകയും പഠനവും ജോലിയുമെല്ലാം ഉപേക്ഷിച്ച് ഹിന്ദുത്വ രാഷ്ട്രപൂർത്തീകരണത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുകയും പിൽക്കാലത്ത് സംഘവലയം പൊട്ടിച്ചെറിഞ്ഞ് സംഘപരിവാറിന്റെ യഥാർത്ഥ മുഖം പുറത്തെത്തിക്കുകയും ചെയ്ത ഭവർ മെഘ്വൻശിയുടെ തുറന്നെഴുത്താണ് ‘എനിക്കൊരു ഹിന്ദുവാകാൻ കഴിഞ്ഞില്ല’ എന്ന പുസ്തകം.

അച്ഛൻ കടുത്ത സംഘപരിവാർ വിരോധിയും കോൺഗ്രസ്‌ അനുഭാവിയുമായിരുന്നിട്ട് കൂടി ചെറുപ്പത്തിൽ തന്നെ സംഘശാഖകളിൽ പതിവായി പങ്കെടുക്കുന്നതിലൂടെയാണ് അദ്ദേഹം തൻ്റെ ഓർമകൾ തുറക്കുന്നത്. ഹിന്ദുത്വ ചിന്താഗതികളിൽ ആകൃഷ്ടനാവുകയും സന്നദ്ധ സേവകനായി സംഘപരിവാറിനെ സേവിക്കുകയും ചെയ്ത മെഗ്വൻഷി വളരെ പെട്ടെന്ന് തന്നെ സംഘടനാ നേതൃത്വത്തിലേക്ക് പ്രവേശിക്കുകയും ചെയ്തതോടെ വീടും കുടുംബവുമെല്ലാം മാറ്റിവച്ച് മുഴുസമയ പ്രവർത്തനങ്ങൾ തുടങ്ങി. രാവിലെ തന്നെ സംഘടനയുടെ ഔദ്യോഗിക വേഷമായ കാക്കി നിക്കറും മുളവടിയും തുടങ്ങി സർവ ഹിന്ദുത്വ വാഴ്ചകളേയും ചുമലിലേറ്റി ശാഖയിലേക്ക് പുറപ്പെടുക നിത്യകർമമായി മാറി .

ചുരുങ്ങിയ കാലം കൊണ്ട് തന്നെ അതുല്യമായ വിധേയത്വം കൊണ്ടും രാമസേവ കൊണ്ടും പ്രീതി പിടിച്ച് പറ്റിയ ഭവർ മെഘ്വന്‍ഷിക്ക് പക്ഷെ ജില്ലാ കാര്യവാഹക് പദവി അന്യമാവുന്നത് മുതലാണ് അന്ധമായ ഹിന്ദുത്വ സേവയെ പറ്റി സ്വയം ചോദ്യം ചോദിക്കാൻ ആരംഭിക്കുന്നത്. ദളിതെന്ന സ്വത്വം ഹിന്ദുത്വക്ക് കീഴിൽ തുല്യത നേടിയെടുക്കുമെന്നും ബാക്കിയുള്ള ഹിന്ദുക്കളെ പോലെ തനിക്കും രാമസേവക്കും ആചാരങ്ങൾക്കും കീഴ്പ്പെട്ട് രാമതൃപ്തിയാർജിക്കാമെന്നും കരുതിയ മെഘ്വന്‍ഷിക്ക് അതേ ദളിത്‌ സ്വത്വത്തിന്റെ പേരിൽ അധിക്ഷേപങ്ങളും പരിഹാസങ്ങളുമേല്ക്കാൻ തുടങ്ങി. ആദ്യമാദ്യം സംഘത്തിലെ ഒറ്റപ്പെട്ടയാളുകളിൽ മാത്രം ഒതുങ്ങി. സവർണഭാവങ്ങളും ബോധനങ്ങളും പിന്നീട് സംഘത്തിലെ എല്ലാ ബ്രാഹ്മണരിൽ നിന്നും സവർണരിൽ നിന്നും അനുഭവിച്ചറിയാൻ തുടങ്ങിയതോടെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനമെടുക്കുക വരെ ചെയ്തു.

എങ്കിലും രാമസേവയിൽ ഉറച്ച് നിൽക്കുകയും ഹിന്ദുത്വയെന്ന അസ്ഥിഭാജനത്തോടുള്ള അഭിനിവേഷത്തിൽ വിവേചനങ്ങളെ കണ്ടില്ലെന്ന് നടിച്ച് സംഘത്തോടൊപ്പം മുഴുകാനായിരുന്നു ഭവർ മെഘ്വന്‍ഷി ആഗ്രഹിച്ചത്. എന്നാൽ മനുസ്മൃതിയെന്താണെന്നും സംഘബോധങ്ങളിൽ ദളിത്‌ – ഈഴവ വിഭാഗങ്ങൾക്കെതിരിലെ വർഗീയ പ്രമാദിത്യം എത്രത്തോളം വേര് പിടിച്ചിട്ടുണ്ടെന്നും അനുഭവിക്കാൻ കിടക്കുന്നുണ്ടായിരുന്നുള്ളു.

ജീവിതത്തിലുടനീളം കണ്ട് പരിചയിച്ച അപര (മുസ്‌ലിം) ഹിംസ ദളിത് സ്വത്വത്തിനെതിരെയും തിരിയുന്നുവെന്ന യാഥാർഥ്യം തിരിച്ചറിയുന്നതിലൂടെയാണ് കടുത്ത ഹിന്ദുത്വവാദിയിൽ നിന്നും വിരോധിയിലേക്ക് അദ്ദേഹം പരിണമിച്ച് തുടങ്ങുന്നത്. പതിവ് പോലെ ശാഖാ സംഗമങ്ങൾക്ക് ശേഷമുള്ള ഭക്ഷണം ഓരോ സ്വയം സേവകന്റെ വീട്ടിൽ നിന്നായിരുന്നു. എന്നാൽ ദളിതനായ ഭവർ മെഘ്വന്‍ഷിയുടെ കൂടെ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്നത്ര അയിത്തം കാര്യവാഹകർക്കും, സംഘചാലകർക്കുമെല്ലാമുണ്ടെന്ന് തിരിച്ചറിയുന്നതോടെ അദ്ദേഹം പ്രമുഖ സംഘപരിവാർ നേതാക്കൾക്ക് നിവേദനങ്ങളും പരാതികളും നൽകി. എന്നാൽ ദളിത്‌ വിരുദ്ധത യഥാർത്ഥത്തിൽ ഹിന്ദുത്വയുടെ ബോധ്യമാണെന്ന തിരിച്ചറിവുൾകൊള്ളാൻ മാത്രം പക്വമായിരുന്നില്ല അദ്ദേഹത്തിൻ്റെ മനസ്സ്. ഇതേ തുടർന്ന് അനവധി സംശയങ്ങളും ചോദ്യങ്ങളും മെഘ്വന്‍ഷി ഉയർത്തുകയും അതിലൂടെ തനിക്ക് തെറ്റ് പറ്റിയെന്ന അവിശ്വസനീയതയെ ഉൾകൊള്ളാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നങ്ങോട്ടുള്ള ജീവിതം, ദളിത്‌ സമൂഹത്തെ കരുവാക്കികൊണ്ടുള്ള ഹിന്ദുത്വ -സംഘ ചാലകങ്ങൾക്ക് നേരെയുള്ള പോരാട്ടങ്ങളുടെതായിരുന്നു. “ഡയമണ്ട് ഇന്ത്യ “യെന്ന പ്രസിദ്ധീകരണം സ്ഥാപിക്കുകയും അതിജീവനത്തിന്റെ സാധ്യതകളിലേക്ക് നടന്നടുക്കുകയും ചെയ്യാൻ തുടങ്ങി. മാത്രമല്ല കൂടെയുണ്ടായിരുന്ന ഒരുപാട് ദളിത്‌ കർസേവകരെ അനുഭവ പാഠങ്ങളിലൂടെ സത്യം മനസ്സിലാക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.

ബാബരി മസ്ജിദ് തകർക്കാൻ ഏറ്റവുമധികം ആഗ്രഹിച്ചവരുടെ കൂട്ടത്തിൽ ഭവർ മെഘ്വന്‍ഷി ഉണ്ടായിരുന്നുവെങ്കിൽ പോലും അയോദ്ധ്യയിലെ ബാബരിയും അസിന്ദിലെ ഖലന്ദർ മസ്ജിദുമൊക്കെ തകർക്കപ്പെട്ടത് ഇന്നും വേദനയോടെയും കുറ്റബോധത്തോടെയുമാണ് ഓർത്തെടുക്കുന്നത്. ഒരുവട്ടം ബാബരി തകർക്കാൻ തുനിഞ്ഞിറങ്ങിയവരുടെ കൂട്ടത്തിലുണ്ടായിരുന്നതും അതേതുടർന്ന് ജയിലിൽ പോകുകയും ചെയ്യേണ്ടിവന്ന അവസരങ്ങളെ അവജ്ഞയോടെ നോക്കിക്കാണാൻ ശ്രമിക്കുകയാണ് മെഘ്വന്‍ഷി. സത്യത്തിന്റെ കൈപ്പുനീര് കുടിച്ചിറക്കുന്നയവസരത്തിലും മെഘ്വന്‍ഷി പറയാൻ ശ്രമിക്കുന്ന ഒരു കാര്യമുണ്ട്. “ഇനി ഞാൻ ആ പഴയ മൃഗീയതയിലേക്കില്ല. ഹിന്ദു വിരുദ്ധനായും ദൈവകോപത്തിന്റെ ഇരയായുമൊക്കെ എത്രവട്ടം ചിത്രീകരിച്ച് സത്യം വളച്ചൊടിക്കാൻ ശ്രമിച്ചാലും പ്രതിഷേധ പോരാട്ടങ്ങളിൽ നിന്നും വ്യതിചലിക്കുകയില്ലന്ന് തന്നെയാണ് തീരുമാനം.”

അത്കൊണ്ട് തന്നെ നുപൂർ ശർമ്മയുടെ പ്രവാചകനിന്ദയടക്കം സംഘപരിവാറിൻ്റെ ദുർനടപടികളെ ലോകം മനസിലാക്കുന്ന സമകാലിക സമയത്ത് എന്തുകൊണ്ടും വായിച്ചിരിക്കേണ്ടത് തന്നെയാണ് ‘എനിക്ക് ഹിന്ദുവാകാൻ കഴിഞ്ഞില്ല’ യെന്ന പുസ്തകം.

പുസ്തകം വാങ്ങാൻ ക്ലിക്കു ചെയ്യുക

By സദഖത്തുള്ള കോതമംഗലം

Student, Al Hidaya Islamic Academy, Kalamassery