അബ്ദുല്‍ വാഹിദ് ഷെയ്ഖ് വര്‍ഷങ്ങളായി ശാന്തവും സമാധാനവും നിറഞ്ഞ ജീവിതം നയിച്ചുവരികയായിരുന്നു. രാവിലെ സ്‌കൂളില്‍ പോകുന്നു, കുട്ടികളെ പഠിപ്പിക്കുന്നു, അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നു, വൈകിട്ട് തന്റെ കുടുംബത്തിലേക്ക് തിരിച്ചെത്തുന്നു.
ആ സുന്ദരമായ ജീവിതത്തിന് വിരാമമാകുന്നത് ലോക്കല്‍ സ്‌റ്റേഷനിലേക്ക് അദ്ദേഹത്തെ പോലീസ് വിളിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയും 180 ജീവനുകള്‍ പൊലിഞ്ഞ 2006-ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും ചെയ്തപ്പോഴാണ്.
അടുത്ത ഒമ്പത് വര്‍ഷക്കാലം തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി അദ്ദേഹത്തിന് മാറ്റിവെക്കേണ്ടി വന്നു. കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട ശേഷം തന്റെ അനുഭവങ്ങള്‍ ബേഗുനാഹ് ഖാഇദി (നിരപരാധിയായ തടവുകാരന്‍) എന്ന പേരില്‍ പുസ്തകമാക്കി മാറ്റി. കഴിഞ്ഞയാഴ്ച്ച ഷെയ്ഖിന്റെ കഥ ഹീമോലിംഫ് എന്ന പേരില്‍ സുദര്‍ശന്‍ ഗമാരേ സിനിമയാക്കി മാറ്റി; രാജ്യത്തെങ്ങും റിലീസ് ആയി.
അബ്ദുൽ വാഹിദ് ഷെയ്ഖുമായി സിയാഉസ്സലാം നടത്തിയ അഭിമുഖം
താങ്കളുടെ പുസ്തകത്തില്‍ അനുഭവങ്ങളെല്ലാം വിവരിച്ചിട്ടുണ്ടല്ലോ, സിനിമയിലേക്ക് നയിച്ചതെന്താണ്?
എന്റെ പുസ്തകം പ്രസിദ്ധീകൃതമായിതിനും ഒരു വര്‍ഷം കഴിഞ്ഞ്- 2015ലാണ് ഞാന്‍ ജയില്‍ മോചിതനാകുന്നത്. അന്നു മുതലേ എന്റെ ജീവിതം സിനിമയാക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് പല സംവിധായകരും എന്നെ സമീപിക്കാറുണ്ട്. ആരോടും ഞാന്‍ നോ പറഞ്ഞിട്ടില്ല. എന്റെ കഥ മുഴുവന്‍ കേട്ട ശേഷം പക്ഷെ ആരും അതിനു ധൈര്യപ്പെട്ടില്ല. സുദര്‍ശന്‍ ഗമാരേ വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ‘എന്റെ ജീവിതം സിനിമയാക്കാന്‍ സംസാരിക്കുന്ന ആദ്യത്തെയാളോ അവസാനത്തെയാളോ അല്ല നിങ്ങള്‍’.
അദ്ദേഹം എന്റെ പുസ്തകവും എന്നെക്കുറിച്ച് ഒരു അധ്യായം ഉള്ള സുനേത്ര ചൗധരിയുടെ ബിഹൈന്റ് ബാര്‍സ് എന്ന പുസ്തകവും വായിച്ചു. സ്‌ക്രിപ്റ്റിനു വേണ്ടി ഞങ്ങള്‍ പലതവണ ഒരുമിച്ചിരുന്നു. 20000 പേജുകളുള്ള എന്റെ ചാര്‍ജ് ഷീറ്റും 2000 പേജുകളുള്ള വിധിന്യായത്തിലൂടെയും അവരുടെ ടീം കടന്നുപോയി. ഞാന്‍ ചെയ്യുന്ന ജോലികള്‍ അവര്‍ കണ്ടുമനസിലാക്കി.

സിനിമാക്കാര്‍ നിങ്ങളെ മുംബൈയില്‍ വെച്ചാണോ കണ്ടുമുട്ടിയത്?
അതെ, അവര്‍ മുംബൈയില്‍ ഒരു ഹോട്ടല്‍ ബുക്ക് ചെയ്തു. ജയില്‍ ദിനങ്ങളുടെ സൂക്ഷമമായ വിവരണങ്ങള്‍ രണ്ടു-മൂന്നു ദിവസം അവരോടൊപ്പം താമസിച്ച് വിവരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞുപോയ തിക്താനുഭവങ്ങളെ ഓര്‍ത്തെടുക്കാന്‍ ഭയപ്പെട്ടിരുന്നോ?
അതെ, ജയിലനുഭവങ്ങളെക്കുറിച്ച് എപ്പോള്‍ വിവരിച്ചാലും ഞാന്‍ വികാരാധീനനാകും. പക്ഷെ എനിക്ക് വലിയ ലക്ഷ്യമുണ്ട്. സിനിമ പുറത്തിറങ്ങിയാല്‍ എന്റെ അനുഭവങ്ങള്‍ ലോകമറിയും. പുസ്തകത്തിന് ചെയ്യാന്‍ പറ്റാതെ പോയത് സിനിമയിലൂടെ നടക്കും. ഡെല്‍ഹിയില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ പലരും കണ്ണീര്‍ വാര്‍ത്തു. പ്രതിചേര്‍ക്കപ്പെട്ട മറ്റു 12 പേരെക്കുറിച്ചും പ്രേക്ഷകര്‍ ചിന്താമൂകരായി.
സിനിമ ചിത്രീകരിക്കാന്‍ എത്ര സമയമെടുത്തു?
റിസര്‍ച്ചും ഷൂട്ടിംഗുമെല്ലാമുള്‍പ്പെടെ രണ്ടു വര്‍ഷം. ഷൂട്ടിംഗ് പൂര്‍ത്തിയായ ഉടനെ 2020 മാര്‍ച്ചില്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടു. അതുകൊണ്ട് റിലീസ് വൈകി. മെയ് 27-മുതല്‍ 300-ഓളം തിയറ്ററുകളില്‍ സിനിമയുണ്ടാകും.
ഷൂട്ടിംഗുമായി താങ്കളുടെ ഇടപെടലുകള്‍?
മുംബൈയില്‍ അവര്‍ എവിടെയൊക്കെ ഷൂട്ട് ചെയ്യുന്നുണ്ടെന്ന് ഞാനറിഞ്ഞിരുന്നു. സ്‌കൂളില്‍ പഠിപ്പിക്കുകയാണെങ്കിലും, അവര്‍ എന്നെ വിളിക്കുമ്പോഴൊക്കെ ഞാന്‍ ഫോണിലുണ്ടായിരുന്നു.

അബ്ദുല്‍ വാഹിദ് ഷെയ്ഖിനെ അവതരിപ്പിച്ച നടന്‍ റിയാസ് അന്‍വര്‍ താങ്കളുടെ തിരഞ്ഞെടുപ്പായിരുന്നോ?
അല്ല, സംവിധായകന്‍ തെരഞ്ഞെടുത്തതാണ്. അവര് രണ്ടു ഷോര്‍ട്ട്ഫിലിമുകളില്‍ ഒരുമിച്ച് വര്‍ക് ചെയ്തിട്ടുണ്ട്. റിയാസ് നന്നായി തന്നെ ചെയ്തു. എന്റെ മുഖവും ശബ്ദവുമായി സാമ്യമുണ്ട് സിനിമയില്‍.
സിനിമ താങ്കള്‍ക്ക് ബോധിച്ചോ?
വളരെയധികം, ഒമ്പതു വര്‍ഷത്തെ ജീവിതം രണ്ടു മണിക്കൂര്‍ സിനിമയാക്കാനുള്ള പരമിതി എനിക്കു മനസിലാകും. സിനിമയില്‍ കാണിച്ചതെല്ലാം വാസ്തവമാണ്, ഞാന്‍ ജയിലിലും കോടതിയിലും കടന്നുപോയതൊക്കെ സത്യസന്ധമായി ആ സിനിമയിലുണ്ട്.
സ്‌കൂളില്‍ വെച്ചാണോ താങ്കളെ അറസ്റ്റ് ചെയ്തത്?
അതെയെന്നും അല്ലയെന്നും പറയാം. നിയമവിരുദ്ധമായി ഞാന്‍ സ്‌കൂളില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടു. അവര്‍ വന്നു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. കുറച്ചു കഴിഞ്ഞ് പറഞ്ഞയച്ചു. ഔദ്യോഗികമായി അറസ്റ്റു ചെയ്യാന്‍ അവരെന്നെ ഫോണില്‍ വിളിച്ചു, ഞാന്‍ ചെന്നു, അവിടെ വെച്ചവര്‍ അറസ്റ്റു ചെയ്തു. അതെല്ലാം സിനിമയിലുണ്ട്.
നിങ്ങളുടെ പിന്നാലെയുള്ള ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സിനിമ കാണുമെന്ന് ആശങ്കയുണ്ടോ?
ഇല്ല, എനിക്കാശങ്കയില്ല. ചെയ്യാത്ത കുറ്റത്തിന് ജയിലലടക്കപ്പെട്ട ഒരു സ്‌കൂള്‍ അധ്യാപകന്റെ കഥ അവരും കാണട്ടെ.
Courtesy: The Hindu