അയോധ്യയില്‍നിന്ന് ഗ്യാന്‍വ്യാപിയിലേക്കുള്ള ദൂരം

ന്യൂനപക്ഷങ്ങളെന്ന നിലയിൽ മുസ്‌ലിംകളുടെ നിലനില്‍പ്പിന് എന്നന്നേക്കുമായി ഭീഷണി ഉയര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട അധ്യായമായ ബാബരി മസ്ജിദ് ധ്വംസനത്തിന് മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം വിഷലിപ്തമായ മറ്റൊരു രാഷ്ട്രീയ പ്രതിസന്ധിയാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. ഭരണ സംവിധാനങ്ങളെയും ദേശീയ മാധ്യമങ്ങളെയും കൂട്ടുപിടിച്ച് കലാപാഹ്വാനങ്ങളും വര്‍ഗീയ അജണ്ടകളും തന്നിഷ്ടം നടപ്പാക്കുന്ന ഹിന്ദുത്വ ശക്തികള്‍ ഒരു ഭാഗത്തും തൊഴിലില്ലായ്മയും പണപ്പെരുപ്പവുമടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ വര്‍ഗീയതയെ ഉപയോഗിക്കുന്ന ഭരണകൂടം മറുഭാഗത്തും നിലയുറപ്പിക്കുന്നതാണ് കാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം.

മുഗള്‍ ചരിത്രത്തെ പൈശാചികവത്കരിച്ചും മുസ്‌ലിംകളുടെ സാംസ്‌കാരിക ചിഹ്നങ്ങളെ ഉന്മൂലനം ചെയ്തും ഇന്ത്യാ ചരിത്രത്തെ ഹിന്ദുത്വ ആഖ്യാനങ്ങള്‍ക്കൊത്ത് മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് സംഘ്പരിവാര്‍ അടക്കമുള്ള ഹിന്ദുത്വ തീവ്രവാദികൾ. താജ്മഹലിനെ തേജോ മഹാലയയായും കുത്തബ് മിനാറിനെ വിഷ്ണു സ്തംഭവുമായും ചിത്രീകരിക്കാനുള്ള ശ്രമങ്ങളെല്ലാം ഇതിന്റ ഭാഗമാണ്. അധിനിവേശ കൊളോണിയല്‍ ചരിത്രകാരന്മാരുടെ വിഭാഗീയ ആഖ്യാനങ്ങളെ ഭരണകൂട യന്ത്രങ്ങളും ദേശീയ മാധ്യമങ്ങളും ഉപയോഗിച്ച് പരുവപ്പെടുത്തിയാണ് ചരിത്രത്തിന്റ ബ്രാഹ്മണികവത്കരണത്തിന് ഇക്കൂട്ടര്‍ ആക്കം കൂട്ടുന്നത്. എന്നാല്‍, ഹിന്ദുത്വവാദികളുടെ ആഖ്യാനങ്ങളിലെ പൈശാചികതയെയോ ഉന്മൂലനങ്ങളെയോ അല്ല മുഗള്‍ ഭരണകാലം പ്രതിനിധാനം ചെയ്തിരുന്നതെന്ന് ചരിത്രം വരച്ചുകാണിക്കുന്നുണ്ട്.

അക്ബറിന്റെ നിര്‍ദേശ പ്രകാരം ‘അള്ളോപനിഷത്ത്’ രചിക്കപ്പെടുന്നതും അഥര്‍വവേദവും ഉപനിഷത്തുകളുമടക്കം നിരവധി സംസ്‌കൃത കൃതികള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നതും മുഗള്‍ കാലത്താണ്. കൂടാതെ മതപരമായ സംവാദങ്ങള്‍ക്കുള്ള പണ്ഡിത സദസ്സുകള്‍ മുഗള്‍ രാജകൊട്ടാരത്തില്‍ പതിവായിരുന്നതായി ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നുണ്ട്. ഭരണനിര്‍വഹണത്തിലും നിയമനിര്‍മാണങ്ങളിലുമെല്ലാം മുഗള്‍ ഭരണാധികാരികള്‍ ഹിന്ദുക്കളെ ഉള്‍പ്പെടുത്തിയതായി കാണാം. മാത്രമല്ല, മുഗള്‍ ചക്രവര്‍ത്തിമാര്‍ എറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് രജപുത്രരെയായിരുന്നു; ഇവര്‍ തമ്മിലുള്ള മിശ്രവിവാഹവും പതിവായിരുന്നു. അക്ബറിന്റെയും ഷാജഹാന്റെയും കാലഘട്ടത്തില്‍ ബ്രാഹ്മണരുള്‍പ്പെടെ മുഗള്‍ സദസ്സിന്റ ഭാഗമായിരുന്നതായി കാണാം. ബ്രാഹ്മണര്‍ സാഹിത്യരചനകള്‍ക്ക് ഭൂമിയും സ്വര്‍ണവുമെല്ലാം സമ്മാനമായി കൈപ്പറ്റിയതായും ഡോ. ഓഡ്രീ ട്രഷ്‌കിയുടെ പഠനം (Culture of Encounters: Sanskrit at the Mugal Court) രേഖപ്പെടുത്തുന്നുണ്ട്. ഇത്രത്തോളം ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയുമായി ഇഴകിച്ചേര്‍ന്ന മുഗള്‍ ഭരണവ്യവസ്ഥയെയാണ് പൈശാചികമായും ഹിന്ദു വിരോധമായും ചിത്രീകരിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നത്.

ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മിച്ചതെന്ന വികലവാദം ഉയര്‍ത്തിപ്പിടിച്ചാണ് ഇന്ന് ഹിന്ദുത്വ രാഷ്ട്ര നിര്‍മാണ പദ്ധതിയുടെ ഭാഗമെന്നോണം രാജ്യത്താകമാനം ചരിത്ര പ്രാധാന്യമുള്ള മുസ്‌ലിം പള്ളികള്‍ തകര്‍ത്ത് ക്ഷേത്രമാക്കാനുള്ള മുറവിളികള്‍ ഒരു ഭാഗത്ത് ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. മറുവശത്ത്, ഭരണഘടനാ നിയമങ്ങളെ സംരക്ഷിക്കേണ്ട ചുമതലയുള്ള നീതിന്യായ സംവിധാനങ്ങള്‍വരെ ഹിന്ദുത്വ സ്വരങ്ങള്‍ക്ക് ഈണം നല്‍കുന്നത് മതേതര ജനാധിപത്യ ഇന്ത്യയുടെ മരണമണിയായിട്ട് വേണം കരുതാന്‍. യു.പിയിലെ ബനാറസിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന നൂറ്റാണ്ടുകളോളം പഴക്കമുള്ള ഗ്യാന്‍വ്യാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ ഇതാണ് തെളിയിക്കുന്നത്.

അയോധ്യയുടെ വഴിയേ ഗ്യാന്‍വ്യാപിയും
അയോധ്യയിലെ ബാബരി മസ്ജിദ് വിവാദത്തിൻ്റെ അതേ ആയുസ്സുണ്ട് യു.പിയിലെ ബനാറസില്‍ സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി-വിശ്വനാഥ വിവാദത്തിനും. കാശി വിശ്വനാഥ ക്ഷേത്ര വളപ്പിലെ ഗ്യാന്‍വാപി മസ്ജിദ് ശിവന്റ ജന്മസ്ഥലം നിലനിന്നിരുന്നിടത്തെ ക്ഷേത്രം തകര്‍ത്താണ് നിര്‍മിച്ചതെന്നുള്ള വാദം ദശാബ്ദങ്ങളായി ഹിന്ദുത്വവാദികള്‍ ഉന്നയിക്കുന്ന കാര്യമാണ്. 1991-ലെ രാമജന്മഭൂമി മൂവ്മെന്റിന്റെ ഭാഗമായി ‘സ്വതന്ത്രമാക്കാനുള്ള’ മൂന്ന് പള്ളികളുടെ പട്ടികയില്‍ ബാബരി മസ്ജിദ് കൂടാതെ മധുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദും ബനാറസിലെ ഗ്യാന്‍വ്യാപി മസ്ജിദും ഉള്‍പ്പെട്ടിരുന്നു. പിന്നീട് 1998-ല്‍ പള്ളി നില്‍ക്കുന്ന ഭാഗത്ത് ആരാധിക്കാന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം സന്യാസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഗ്യാന്‍വ്യാപി-വിശ്വനാഥ തര്‍ക്കം കോടതിയില്‍ എത്തിയപ്പോള്‍ 1991-ലെ The Places of Worship Act ഉന്നയിച്ച് ആ ആവശ്യത്തെ കോടതി തള്ളുകയായിരുന്നു. 2019-ല്‍ ബാബരി മസ്ജിദ് കേസില്‍ മസ്ജിദ് ധ്വംസകര്‍ക്ക് അനുകൂലമായി അന്നത്തെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വിധി പുറപ്പെടുവിച്ചതിന് ശേഷമാണ് ഗ്യാന്‍വ്യാപി-വിശ്വനാഥ തര്‍ക്കത്തിന് വീണ്ടും ജീവന്‍ വെയ്ക്കുന്നത്. അതേ വര്‍ഷംതന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് വരാണസി പ്രാദേശിക കോടതിയില്‍ കേസ് ഫയല്‍ ചെയ്യപ്പെടുകയുമുണ്ടായി.

മസ്ജിദിലെ വാട്ടർ ഫൌണ്ടൻ

നിലവിൽ, വരാണസിയിലെ ജില്ലാ കോടതി പള്ളിയുടെ സര്‍വേക്ക് ഉത്തരവിടുന്നതിലൂടെയാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കമാകുന്നത്. മസ്ജിദിന്റെ പടിഞ്ഞാറെ ചുമരിനോട് ചേര്‍ന്നുള്ള മാ ശ്രീനഗര്‍ ഗൗരിയില്‍ ആരാധന നിര്‍വഹിക്കാനുള്ള അവകാശവാദം ഉന്നയിച്ച് തീവ്രവലതുപക്ഷ സംഘടനയായ വിശ്വ വേദിക് സനാതന്‍ സംഘിലെ അഞ്ച് സ്ത്രീകള്‍ ഫയല്‍ ചെയ്ത കേസിലായിരുന്നു പക്ഷപാതപരമായി കോടതി സര്‍വേക്ക് വിധിക്കുന്നത്. കോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ വീഡിയോഗ്രാഫിക് സര്‍വേയില്‍ പള്ളിയിലെ ഹൗളില്‍ ശിവലിംഗം ഉണ്ടെന്ന വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ വാദത്തെ കോടതി ശരിവെക്കുകയും വിശ്വാസികളുടെ പ്രവേശനം നിയന്ത്രിച്ച് പള്ളി സീല്‍ ചെയ്യാന്‍ ഉത്തരവിടുകയുമായിരുന്നു. ശിവലിംഗമല്ല, മറിച്ച് സാധാരണ മസ്ജിദ് ഹൗളുകളില്‍ കാണപ്പെടുന്നത് പോലുള്ള വാട്ടര്‍ ഫൗണ്ടന്‍ (ജലധാര) മാത്രമാണതെന്നുള്ള അന്‍ജുമാനെ ഇന്‍തിസാമി കമ്മിറ്റിയുടെ വാദം മുഖവിലക്കെടുക്കാന്‍ കോടതി തയ്യാറായില്ല. മറുഭാഗത്ത്, ബി.ജെ.പി നേതാക്കളും ദേശീയ മാധ്യമങ്ങളും കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ കണ്ടതുപോലെത്തന്നെ വര്‍ഗീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍വവിധ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ് താനും

ക്ഷേത്ര തകര്‍ച്ച എന്ന മിഥ്യ
ബനാറസിനെ പൗരാണിക ഹിന്ദു സംസ്‌കാരത്തിന്റെ ചിഹ്നമായി ഉയര്‍ത്തിക്കാട്ടാനുള്ള കരുതിക്കൂട്ടിയ ശ്രമങ്ങള്‍ക്ക് വിഘ്നമായി നില്‍ക്കുന്നത് നൂറ്റാണ്ടുകളോളം മതസാഹോദര്യത്തിന്റ അടയാളമായി കാശി വിശ്വനാഥ് ക്ഷേത്ര വളപ്പില്‍ സ്ഥിതി ചെയ്യുന്ന ഗ്യാന്‍വ്യാപി മസ്ജിദാണ്. രാജ്യത്തിന്റെ സകല കോണുകളിലുമുള്ള ‘വൈദേശിക’ മുസ്‌ലിം സംസ്‌കാര ചിഹ്നങ്ങളുടെ ഉന്മൂലന പദ്ധതിയുടെ ഭാഗമായി എതറ്റംവരെ പോകാനും തയ്യാറായ ഹിന്ദുത്വവാദികളുടെ ഉന്നങ്ങളിലൊന്നായി മാത്രം ഗ്യാന്‍വ്യാപി മസ്ജിദിനെ കണ്ടാല്‍ മതി.

ഗ്യാന്‍വ്യാപി മസ്ജിദിന്റ ചരിത്രം പരിശോധിച്ചാൽ- പുരാതന കാശി വിശ്വനാഥ ക്ഷേത്രം കുത്ബുദ്ദീന്‍ ഐബക്കിന്റ കാലത്ത് കനൗജ് യുന്ദത്തില്‍ തകര്‍ക്കപ്പെടുകയും തല്‍സ്ഥാനത്ത് ഇല്‍തുമിഷ് റസിയ മസ്ജിദ് സ്ഥാപിക്കുകയുമായിരുന്നു .പിന്നീട് അക്ബറിന്റ ഭരണകാലഘട്ടത്ത് നിര്‍മിച്ച ക്ഷേത്രം 1699ല്‍ ഔറംഗസേബിന്റെ ഉത്തരവനുസരിച്ച് തകര്‍ക്കപ്പെടുകയും അതിന് മുകളില്‍ പള്ളി നിര്‍മിക്കപ്പെടുകയും പിന്നീട് 1780-ല്‍ മറാത്ത സാമ്രാജ്യം ഭരിച്ചിരുന്ന അഹല്യ ബായ് ഹോള്‍ക്കാറാണ് ക്ഷേത്രം പുനര്‍ നിര്‍മിക്കുന്നതെന്നുമാണ് വിശ്വഹിന്ദു പരിഷത്തടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ വാദം. എന്നാല്‍ ഇതിന് വിശ്വാസ്യയോഗ്യമായ തെളിവുകള്‍ ചരിത്രത്തില്‍ കണ്ടെത്താന്‍ സാധിക്കുന്നതല്ല .

വാസ്തുശില്‍പ ചരിത്രകാരി മാധുരി ദേശായി സൂചിപ്പിച്ചതുപോലെ ഗ്യാന്‍വ്യാപി മസ്ജിദ് പണികഴിപ്പിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ്- 1776-77 വര്‍ഷങ്ങളില്‍- മാത്രമാണ് കാശി വിശ്വനാഥ ക്ഷേത്രം നിര്‍മിക്കുന്നത്. പതിനാറു നൂറ്റാണ്ടിലേറെ പഴക്കം ചെന്ന നിര്‍മിതികള്‍ ബനാറസില്‍ നന്നേ കുറവാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരുപാട് ചരിത്ര ഗ്രന്ഥങ്ങളിലും ഇത്തരത്തിലുള്ള പരാമര്‍ശം കാണാന്‍ സാധിക്കും. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം മാത്രമാണ് വിശ്വനാഥ ക്ഷേത്രം നിര്‍മിച്ചതെന്നും എന്നാല്‍ മുഗള്‍ സാമ്രാജ്യത്തിനും മുമ്പ് ജാന്‍പൂര്‍ സുല്‍ത്താന്മാരുടെ കാലത്തുതന്നെ ഗ്യാന്‍വ്യാപി മസ്ജിദ് പണിതിട്ടുണ്ടെന്നുമാണ് മുറാഖ ബനാറസ് എന്ന ഗ്രന്ഥത്തില്‍ മൗലാന അഹ്മദ് സന്‍ദേല്‍വി വ്യക്തമാക്കുന്നത്.

ഔറംഗസേബ് ക്ഷേത്രം പൊളിച്ചെന്ന വാദം എടുത്താല്‍തന്നെ മതപരമായ ആവശ്യങ്ങളായിരുന്നില്ല, മറിച്ച് രാഷ്ട്രീയ കാരണങ്ങളായിരുന്നു ഇതിലേക്ക് നയിച്ചതെന്ന് ബിപിന്‍ ചന്ദ്രയും ഇര്‍ഫാന്‍ ഹബീബും അടക്കമുള്ള ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നുണ്ട്. രാജാക്കന്മാരുടെ അധികാര ചിഹ്നമായും സാമ്പത്തിക കേന്ദ്രങ്ങളായും നിലനിന്നിരുന്ന മധ്യകാല ക്ഷേത്രങ്ങളായിരുന്നു വിദേശ-ശത്രു സാമ്രാജ്യങ്ങള്‍ പ്രധാനമായും ഉന്നമിട്ടിരുന്നത്. പൊതുവെ, അധികാര ശക്തിയോ സാമ്പത്തിക കേന്ദ്രമോ അല്ലാത്ത മസ്ജിദുകള്‍ എന്തുകൊണ്ട് കൂടുതലായി ആക്രമിക്കപ്പെട്ടില്ല എന്നതും ഈ വാദത്തിന് ബലമേകുന്നുണ്ട്. എന്നാല്‍, കേവലം മുസ്‌ലിം അധിനിവേശകർ മാത്രമല്ല ഹിന്ദു രാജാക്കന്മാരും നിരവധി ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചതിനെ കുറിച്ചുള്ള ചരിത്ര സത്യങ്ങള്‍ മൂടിവെച്ച മട്ടിലാണ്. കല്‍ഹണ രാജാവായിരുന്ന ഹര്‍ഷന്‍ നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്തതിനെ കുറിച്ച് മിണ്ടാതിരിക്കുകയും ഔറംഗസേബിന്റ പേര് കണ്ടുപിടിച്ച് ഹിന്ദുവിരോധ ചാപ്പ കുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവർ ചില സ്ഥാപിത താല്‍പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് പറയേണ്ടി വരും.

അലീഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസറായ നദീം രിസ്‌വി ചൂണ്ടിക്കാട്ടിയ പോലെ മുസ്‌ലിം ന്യൂനപക്ഷത്തെ മുഴുവന്‍ ആക്രമിക്കാനുള്ള ന്യായീകരണമായാണ് ഔറംഗസേബ് കണക്കാക്കപ്പെടുന്നത്. നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ഹിന്ദുക്കളുടെ മേല്‍ വിവേചനപരമായ നികുതി ചുമത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അദ്ദേഹം ഹിന്ദു ക്ഷേത്രങ്ങള്‍ പരിപാലിക്കുന്നതിനായി നല്‍കിയ ഗ്രാന്റിനെക്കുറിച്ചോ ഹിന്ദു ദേവതകളുടെ വാദ്യമായ വീണ വായിക്കാറുണ്ടെന്നതിനെക്കുറിച്ചോ എവിടെയും പരാമര്‍ശിക്കാതെ പോകുന്നതിനെക്കുറിച്ചും നദീം രിസ്‌വി ചൂണ്ടിക്കാട്ടുന്നുണ്ട്. ഔറംഗസീബും അക്ബറുമടങ്ങുന്ന മുഗള്‍ രാജാക്കന്മാരും ടിപ്പു സുല്‍ത്താന്‍ അടക്കമുള്ള ഒരുപാട് മുസ്‌ലിം രാജാക്കന്മാരും ക്ഷേത്രങ്ങള്‍ പണിതു കൊടുത്തതായും ഇതര മതങ്ങളോടുള്ള അവരുടെ സഹവര്‍ത്തിത്വ സമീപനങ്ങളും ചരിത്രത്തില്‍ കാണാം. എന്നാല്‍, ചരിത്ര സത്യങ്ങളെ പുനരാഖ്യാനം ചെയ്യാനും തങ്ങളുടെ അജണ്ടക്കനുസരിച്ച് മാറ്റിയെടുക്കാനുമുള്ള നിരന്തര ശ്രമങ്ങളിലാണ് ഹിന്ദുത്വവാദികള്‍.

ആശങ്കയുണര്‍ത്തുന്ന കോടതികള്‍

1991-ല്‍ നിയമം കയ്യിലെടുത്ത് ആര്‍ട്ടിക്കിള്‍ 144 അടക്കം ലംഘിച്ചായിരുന്നു സംഘ്പരിവാര്‍ ബാബരി ധ്വംസനം പൂര്‍ത്തിയാക്കിയതെങ്കില്‍ ഗ്യാന്‍വ്യാപി വിഷയത്തില്‍ നിയമത്തെയും കോടതിയെയും കൂട്ടുപിടിച്ചാണ് മുസ്‌ലിംകളെ ആരാധനാലയങ്ങളില്‍ നിന്ന് വിലക്കി മത സ്പര്‍ധ വളര്‍ത്താന്‍ സംഘ്പരിവാര്‍ മുതിരുന്നത്. ബ്യൂറോക്രസിയടക്കമുള്ള ഭരണ സംവിധാനങ്ങള്‍ കാവിവത്കരണത്തിന് കീഴടങ്ങിയപ്പോഴും നീതിന്യായ സംവിധാനത്തിലായിരുന്നു മുസ്‌ലിംകളടക്കമുള്ള ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷ. ബാബരിയുൾപ്പെടെ പല വിഷയങ്ങളിലെയും വിധി ഇതിന് മങ്ങലേല്‍പിക്കുന്നതായിരുന്നു. രാമജന്മഭൂമി വിധി ഭൂരിപക്ഷ മത സമുദായത്തിന്റ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കാന്‍ കോടതികള്‍ക്ക് സാധിക്കില്ലെന്നുള്ള വിശ്വാസം ഹിന്ദുത്വവാദികളില്‍ ജനിപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഗ്യാന്‍വാപിയും ഷാഹി ഈദ് ഗാഹും തുടങ്ങി താജ്മഹലും കുത്തബ് മിനാറും വരെ അധീനപ്പെടുത്താനുള്ള ഹിന്ദുത്വ ശ്രമങ്ങള്‍.

ഭാവിയിലെ കലാപ ശ്രമങ്ങള്‍ക്ക് തടയിടാനും സാമൂഹിക സാഹോദര്യം നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടുംകൂടി നടപ്പിലാക്കപ്പെട്ട 1991-ലെ പ്രത്യേക ആരാധാനാലയ വ്യവസ്ഥക്ക് (The places of worship act, 1991) പുല്ല് വില നല്‍കുന്ന സമീപനമാണ് കോടതികളില്‍നിന്ന് കാണാന്‍ കഴിഞ്ഞത്. പ്രസ്തുത നിയമപ്രകാരം രാമജന്മഭൂമി ഒഴികെ രാജ്യത്തെ എല്ലാ ആരാധനാലയങ്ങളുടെയും സ്വഭാവം 1947 ആഗസ്റ്റ് 15-ന് മുമ്പുള്ള സ്ഥിതിയില്‍ തുടരല്‍ നിര്‍ബന്ധമാണ്. 2019-ലെ ബാബരി വിധിയില്‍ സുപ്രീംകോടതി ആണയിട്ടു പറഞ്ഞ ഈ നിയമം നിലവില്‍ ഉണ്ടായിരിക്കെത്തന്നെ ഗ്യാന്‍വ്യാപിയും ശാഹി ഈദ് ഗാഹ് മസ്ജിദ് തര്‍ക്കവും സംബന്ധിച്ച ഹരജികള്‍ പരിഗണനക്ക് എടുക്കുന്നതിലൂടെ നിയമസംരക്ഷകരായ കോടതികള്‍ തരുന്ന സന്ദേശം ആശാവഹമല്ല. എന്നാല്‍, എന്‍.വി രമണ ചീഫ് ജസ്റ്റിസ് പദവി ഏറ്റെടുത്തതിനുശേഷം ഭരണകൂട സമ്മര്‍ദങ്ങളെ അതിജീവിച്ച് പുറപ്പെടുവിച്ച പല വിധികളും നിക്ഷ്പക്ഷവും നീതിപരവുമായ നീതിന്യായ സംവിധാനത്തിന്റെ തിരിച്ചുവരവ് സൂചനകള്‍ നല്‍കിയെങ്കിലും ഗ്യാന്‍വ്യാപി വിഷയത്തില്‍ 1991-ലെ പ്രത്യേക ആരാധനാലയ വ്യവസ്ഥ നിലനില്‍ക്കെ പള്ളിയുടെ സര്‍വേ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീംകോടതി മുസ്‌ലിംകളോട് ചെയ്തത് കടുത്ത അനീതിയാണ്. പ്രസ്തുത നിയമത്തിന്റെ സാധുത ചോദ്യം ചെയ്യാനുതകുന്ന സമീപനങ്ങള്‍ കോടതികളില്‍ നിന്നുണ്ടാവുമ്പോള്‍ രാജ്യത്താകമാനം മതകലാപങ്ങള്‍ക്കും ഹിന്ദുത്വ രാഷ്ട്രീയത്തിന്റ അപകടകരമായ വളര്‍ച്ചക്കുമാണ് ഇത് വഴിമരുന്നിടുകയെന്ന യാഥാര്‍ഥ്യം വിസ്മരിക്കാന്‍ സാധിക്കുന്നതല്ല.

By അര്‍ശഖ് സഹല്‍ .പി

BA Political Science, Indhira Gandhi National Open University