മെയ് 26-നാണ് ഭാരതീയ ജനതാ പാർട്ടിയുടെ വക്താവ് നുപൂർ ശർമ്മ ദേശീയ ടിവി ചാനലിൽ പ്രവാചകനെ കുറിച്ച് മോശമായ പരാമർശം നടത്തിയത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടതോടെ അന്താരാഷ്ട്ര തലത്തിൽ മുസ്‌ലിം ജനവികാരം ആളിക്കത്താൻ കാരണമായി. ഗൾഫ് രാജ്യങ്ങളിൽ വൻപ്രതിഷേധ സ്വരങ്ങളാണ് ഉയർന്നുവന്നത്. പ്രസ്താവന നടത്തിയത് പാർട്ടിയെ പ്രതിനിധീകരിക്കാത്ത നിക്ഷിപ്ത താൽപര്യക്കാരാണെന്നും (fringe elements) മറ്റും പറഞ്ഞ് തടിയൂരാനായിരുന്നു കേന്ദ്ര സർക്കാർ ശ്രമിച്ചത്. എന്നാൽ കൂടുതൽ രാജ്യങ്ങൾ മോഡി ഗവൺമെൻ്റ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.
അന്താരാഷ്ട്ര നയതന്ത്ര മേഖലയെ കടുത്ത സമ്മർദത്തിലാക്കി ഇറാഖ്,ബഹ്‌റൈൻ, മാലിദ്വീപ്, ലിബിയ,തുർക്കി അടക്കം 15 രാജ്യങ്ങളാണ് ഇതുവരെ വിഷയത്തിൽ പ്രതിഷേധം അറിയിച്ചത്.
നുപൂർ ശർമയെയും നവീൻ കുമാർ ജിൻഡാലിനെയും ഇസ്ലാമോഫോബിക് ആയ പ്രസ്താവനകളുടെ പേരിൽ താൽകാലികമായി സസ്പെൻ്റ് ചെയ്യുകയും അവരെ തള്ളിപ്പറയുകയും ചെയ്തെങ്കിലും, അവർ മാത്രമാണോ മുസ്ലിംകൾക്കെതിരെ വിദ്വേഷം പരത്തുന്ന ബിജെപിക്കാർ? അടിമുടി ഇസ്ലാമോഫോബിയ നിറഞ്ഞ പ്രസ്താവനകളിലൂടെയും പ്രവൃത്തികളിലൂടെയും നിലനിൽക്കുന്ന ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ നേതാക്കളിൽ നിന്നുണ്ടായ മുസ്ലിം വിദ്വേഷത്തിൻ്റെ സമീപകാല ഉദാഹരണങ്ങളിൽ ചിലത്:
1. യോഗിയുടെ വർഗ്ഗീയപ്രസ്താവനകൾ
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉയർത്തികാട്ടിയ മുസ്‌ലിം വിരുദ്ധതയും വർഗ്ഗീയ ധ്രുവീകരണവുമായിരുന്നു അവിടെ പ്രധാന വോട്ടായി മാറിയത്. മുസ്‌ലിംകൾ താലിബാനികളാണെന്നും അവർക്കെതിരെ ബുള്ഡോസർ ഉപയോഗിക്കുമെന്നും മറ്റും പറഞ്ഞ് 34 പൊതു പ്രസംഗങ്ങളാണ് യോഗി നടത്തിയത്.
2. ദിനേഷ് കുശ്വാഹയുടെ വിദ്വേഷക്കൊല
കഴിഞ്ഞ മേയ് മാസമാണ്, 65 വയസുള്ള മധ്യപ്രദേശ് സ്വദേശി ബവഹർലാൽ ജെയ്ൻ റോഡരികിൽ ആക്രമിക്കപ്പെടുന്നത്. കല്യാണം കൂടി തിരിച്ചു വീട്ടിലേക്ക് വരികയായിരുന്ന ബവഹർലാലിനെ ബിജെപി നേതാവ് ദിനേഷ് കുശ്വാഹ മുസ്‌ലിം ആണെന്ന തെറ്റിദ്ധാരണയിൽ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൻ്റെ വീഡിയോയിൽ ബഹവർലാലിന്റെ പേരു ചോദിക്കുകയും ആധാർ കാർഡ് നോക്കുകയും ചെയ്യുന്നുണ്ട്. “നിന്റെ പേര് മുഹമ്മദല്ലെ?” എന്നു ചോദിച്ച് ദിനേശ് കുശ്വാഹ അദ്ദേഹത്തെ മർദിച്ചതിൻ്റെ തൊട്ടടുത്ത ദിവസമാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
3- “മുസ്‌ലിംകളെ ചുട്ടുകൊല്ലണം” എന്ന് ഹരിഭൂഷൻ താക്കൂർ
‘ദസഹ്റയിൽ ഹിന്ദുക്കൾ രാവണന്റെ കോലം കത്തിക്കുന്ന പോലെ മുസ്‌ലിംകളെ ഒന്നടങ്കം ചുട്ടുകൊല്ലണം’. ഒരു മാസം മുമ്പ് ബീഹാർ ബി.ജെ.പി എം.എൽ.എ ഹരിഭൂഷൻ താക്കൂർ ബച്ചാൽ പറഞ്ഞ വാക്കുകളാണിത്. മുസ്‌ലിംകൾക്ക് “ഇന്ത്യയിൽ വോട്ടവകാശം നിഷേധിക്കണമെന്നും രാജ്യത്തെ രണ്ടാംകിട പൗരന്മാരായി കാണമെന്നും” എം. എൽ.എ ആഹ്വാനം ചെയ്തിരുന്നു.
4- അശ്വനി ഉപാധ്യായയുടെ മുദ്രാവാക്യങ്ങൾ
2021 ഓഗസ്റ്റ് മാസമാണ് ബി.ജെ.പി നേതാവും സുപ്രീം കോടതി വക്കീലുമായ അശ്വനി മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിന് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഏക സിവിൽ കോഡിനു വേണ്ടി നടത്തിയ ജാഥയിലാണ് അശ്വനി മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയത്. ഭക്ഷണത്തിൽ മുസ്‌ലിംകൾ വിഷം കലർത്തുന്നു എന്നും അവർ ആരോപിച്ചിരുന്നു.
2021 ഡിസംബർ മാസം നടന്ന ധർമ്മ സൻസദിൽ വെച്ച് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. “ഇന്ത്യൻ മുസ്‌ലിംകളെ റോഹിങ്ക്യൻ വംശഹത്യ രീതിയിൽ ഇല്ലാതെയാക്കണം”.
പൂജ ശകുൻ പാണ്ഡ്യ ധർമ്മ സൻസദിൽ വെച്ച് അണികളോട് പറയുന്നു. “നമ്മളിൽ നിന്ന് 100പേര് അവരിലെ 20 ലക്ഷം പേരെ കൊല്ലാൻ തയ്യാറാണെങ്കിൽ നിങ്ങളാണ് വിജയികൾ. അവരെ കൊന്നിട്ട് ധൈര്യമായി ജയിലിൽ പോകൂ.”
5- മഹിള മോർച്ച നേതാവ് ഉദിത് ത്യാഗി
ബി.ജെ.പിയുടെ മഹിളാ മോർച്ച നേതാവ് ഉദിത് ത്യാഗി നിരന്തരം പറയുന്നത് മുസ്‌ലിം വിരുദ്ധ നിലപാടുകളാണ്. മുസ്‌ലിംകളെ ഒന്നടങ്കം കൊന്നിട്ട് ജയിലിൽ പോകാൻ അണികൾക്ക് അവർ നിർദ്ദേശം നൽകി. മതം കല്പിക്കുന്ന രീതിയിൽ നിങ്ങൾ മുസ്‌ലിംകളെ ഇവിടെ നിന്നും ഇല്ലാതെയാകണം എന്നും പറഞ്ഞു.
6- മായങ്കേശ്വർ സിംഗ്
“ഹിന്ദുക്കൾ ഇവിടെ ഉണർന്നാൽ,നിങ്ങൾ പാകിസ്ഥാനിലേക്ക് പോകേണ്ടിവരും. ഒന്നുകിൽ രാമ രാമ വിളിക്കുക അതില്ലെങ്കിൽ വിഭജന സമയത്തെ പോലെ പാകിസ്ഥാനിലേക്ക് പോകൂ.” എന്നാണ് ബിജെപി എംഎൽഎ മായങ്കേശ്വർ ഭീഷണിപ്പെടുത്തുന്നത്.
7- ബജ്‌റംഗ് ദൾ ട്രെയിനിങ് ക്യാമ്പിൽ മൂന്ന് ബിജെപി എംഎൽഎമാർ
കർണാടകയിൽ കൊട്ഗു ജില്ലയിലാണ് ബജ്‌റംഗ് ദൾ ആയുധ പരിശീലനം നടന്നത്. യുവാക്കൾ ആയുധങ്ങളും വാളുകളും തോക്കും പിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിൽ പങ്കെടുത്ത ബിജെപി എംഎൽഎമാരായ കെ.ജി. ബൊപ്പയ്യ, അപ്പച്ചുരഞ്ജൻ, സുജ കുശലപ്പ എന്നിവർക്കെതിരെ എസ്ഡിപിഐയുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.
8 – “എനിക്ക് വോട്ട് ചെയ്യാത്തവർ എല്ലാം രാജ്യദ്രോഹികളാണ്“
യു.പി എം.എൽ.എ രാഗുവെന്ദ്ര പ്രതാപ് സിംഗ് ആണ് ജനങ്ങളെ പേടിയുടെ മുൾമുനയിൽ നിർത്തി വോട്ട് ചോദിക്കുന്നത്. പ്രതാപ് പറഞ്ഞതിങ്ങനെ:”എനിക്ക് വോട്ട് ചെയ്യാത്ത എല്ലാവരും രാജ്യദ്രോഹികളാണ്. അത് മുസ്‌ലിം ആയാലും ഹിന്ദുവായലും. എന്നെ എതിർത്താൽ നിങ്ങളെ ഞാൻ നശിപ്പിക്കും”.
9- യോഗിക്കൊരു വോട്ട് അല്ലെങ്കിൽ ബുള്ഡോസറിനെ നേരിടൂ….
തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എയായ ടി.രാജ സിംഗ്, യോഗി ആദിത്യനാഥിനെതിരെ വോട്ട് ചെയ്തവരെ ബുൾഡോസറുകൾ കാണിച്ച് ഭീഷണിപ്പെടുത്തി, അവരെ “രാജ്യദ്രോഹികൾ” എന്ന് പരാമർശിച്ചു. “ആയിരക്കണക്കിന് ബുൾഡോസറുകളും ജെസിബികളും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാങ്ങി, അവ യാത്രയിലാണ്. തെരഞ്ഞെടുപ്പിന് ശേഷം യോഗിജിക്കെതിരെ വോട്ട് ചെയ്തവരുടെ പ്രദേശങ്ങൾ കണ്ടെത്തും. ജെസിബികളും ബുൾഡോസറുകളും എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് നിങ്ങൾക്കറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്.”
10- ബീഫ് കടകൾ അടപ്പിച്ചു
ഉത്തർപ്രദേശിൽ നന്ദൻ കിഷോർ ഗുർജാർ വർഗ്ഗീയ പരാമർശങ്ങൾ നടത്തി ബീഫ് കടകൾ അടപ്പിച്ചു. “മൃഗങ്ങൾക്ക് പകരം നിങ്ങളുടെ കുട്ടികളെ ബലി കഴിപ്പിക്കൂ” എന്നാണ് 2020ൽ കിഷോർ പ്രസ്താവന ഇറക്കിയത്.
ഇതാണ് കഴിഞ്ഞ വർഷങ്ങളായി മോദി സർക്കാറും അവരുടെ നേതാക്കളും രാജ്യത്ത് ഉടനീളം നടത്തിവരുന്ന വർഗീയ പരാമർശങ്ങൾ. ഇവയെല്ലാം സാധാരണവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പരാമർശങ്ങളാവുകയാണ് ഇന്ത്യയിൽ. (മേൽപ്പറഞ്ഞവയെല്ലാം ബിജെപി എന്ന രാഷ്ട്രീയപാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിലുള്ള വ്യക്തികളിൽ നിന്നും ഇക്കഴിഞ്ഞ ചില മാസങ്ങൾക്കിടെയുണ്ടായ വിദ്വേഷ പ്രസ്താവനകൾ മാത്രമാണ്. സംഘപരിവാർ അനുകൂലികൾ രാജ്യത്ത് നടത്തുന്ന അതിരില്ലാത്ത വിദ്വേഷത്തിന് കണക്കെടുക്കുക സാധ്യമല്ല!)
തയ്യാറാക്കിയത്: ഷഫീഖ് കാരക്കാട്
അവലംബം: ദി വയർ