ബുൾഡോസർ രാജ്: അഫ്രീൻ ഫാത്തിമക്ക് പറയാനുള്ളത്

നബി നിന്ദക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ സൂത്രധാരനെന്നാരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ദേശീയ നേതാവ് ജാവേദ് മുഹമ്മദിനെയും കുടുംബത്തെയും അന്യായമായി തടവിലാക്കുകയും അവരുടെ വീട് പൊളിച്ചു നീക്കുകയും ചെയ്തിരിക്കുകയാണ് യോഗി ഭരണകൂടം. ജാവേദ് മുഹമ്മദിന്റെ മകള്‍ അഫ്രീന്‍ ഫാത്തിമ ജെഎന്‍യു യൂണിയന്‍ കൗണ്‍സിലറും ഫ്രറ്റെണിറ്റി മൂവ്‌മെന്റ് ദേശീയ കമ്മിറ്റിയംഗവുമാണ്. വീട് പൊളിച്ചു നീക്കിയ ദിവസം അഫ്രീന്‍ ഫാത്തിമ അല്‍ജസീറ ചാനലില്‍ നല്‍കിയ അഭിമുഖം

പ്രവാചകനിന്ദക്കെതിരെ നടന്ന പ്രതിഷേധങ്ങളില്‍ താങ്കളോ താങ്കളുടെ പിതാവോ മറ്റേതെങ്കിലും കുടുംബാംഗങ്ങളോ പങ്കെടുത്തിരുന്നോ?

വെള്ളിയാഴ്ച്ച അലഹബാദില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഞങ്ങളിലാരും പങ്കെടുത്തിട്ടില്ല. ഞങ്ങള്‍ വീട്ടില്‍ തന്നെയായിരുന്നു. വെള്ളിയാഴ്ച്ച നമസ്‌കാരത്തില്‍ പങ്കെടുത്ത് വീട്ടില്‍ തന്നെ കഴിയുകയായിരുന്നു

നിങ്ങളുടെ വീട് അനധികൃതമായി നിര്‍മിച്ചതാണെന്ന ചോദ്യം ഇതിനു മുമ്പുണ്ടായിട്ടുണ്ടോ?

തീര്‍ച്ചയായും ഇല്ല. ഇരുപതു വര്‍ഷമായി ഞങ്ങള്‍ ആ വീടിന് ടാക്‌സ് കൊടുത്തുവരികയാണ്. ഒരിക്കല്‍ പോലും അലഹബാദ് അഡ്മിനിസ്‌ട്രേഷന്‍ ഞങ്ങളുടെ വീട് അനധികൃത കെട്ടിടമാണെന്ന് പറഞ്ഞിട്ടില്ല.

നിങ്ങള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണെന്നത് വ്യക്തം. എപ്പോഴാണ് അവര്‍ നിങ്ങളുടെ വാതിലില്‍ മുട്ടാന്‍ തുടങ്ങിയത്?

ജൂണ്‍ പത്താം തീയതി ശനിയാഴ്ച്ച രാത്രി 8.50-ന് പോലീസുകാര്‍ ഞങ്ങളുടെ വീട്ടിലേക്കു വരികയും ഉപ്പയോട് ‘സംസാരിക്കുകയും’, അവരോടൊപ്പം സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

അറസ്റ്റ് ആണെന്നോ കസ്റ്റഡിയിലെടുക്കുകയാണെന്നോ ഒന്നും അവര്‍ ഞങ്ങളോട് പറഞ്ഞിട്ടില്ല. അവരുടെ പക്കല്‍ വാറന്‍ും ഉണ്ടായിരുന്നില്ല. പോലീസ് സ്‌റ്റേഷനിലേക്ക് അവരോടൊപ്പം ചെല്ലാന്‍ മാത്രമാണ് പറഞ്ഞത്. അലഹബാദിലെ പ്രതിഷേധത്തെ തുടര്‍ന്ന് എന്തെല്ലാം സംഭവിച്ചു എന്ന് ചോദിച്ചറിയാനായിരിക്കുമെന്ന് കരുതി ഉപ്പ അവരുടെ കൂടെ പോയി. എങ്ങോട്ടാണെന്നൊന്നും ഞങ്ങളെയറിയിച്ചില്ല. അര്‍ധരാത്രി 12.30 ആയപ്പോള്‍ പോലീസ് ധൃതിയില്‍ മടങ്ങി വന്ന് എന്റെ ഉമ്മയെയും അനുജത്തിയെയും നിര്‍ബന്ധപൂര്‍വം പിടിച്ചുകൊണ്ട് പോയി. ഞാന്‍ ഗേറ്റിനടുത്തെത്തിയപ്പോഴേക്കും അവര്‍ വേഗത്തില്‍ ഉമ്മയെയും അനുജത്തിയെയും കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. ഏതു പോലീസ് സ്‌റ്റേഷനിലേക്കാണെന്നോ ഒന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു.

പുലര്‍ച്ചെ 2.30-ന് പോലീസ് വീണ്ടും വന്നു. എന്നോടും എന്റെ നാത്തൂനോടും അവരോടൊപ്പം ചെല്ലാന്‍ ആവശ്യപ്പെട്ടു. സ്ത്രീകളെ അസമയത്ത് കസ്റ്റഡിയിലെടുക്കുന്നത് നിയമവിരുദ്ധമാണെന്നു വാദിച്ചു കൊണ്ട് ഞങ്ങള്‍ രണ്ടുപേരും പോലീസിനൊപ്പം പോകാന്‍ കൂട്ടാക്കിയില്ല.

വീട് തകര്‍ക്കുന്നതു വരെ താങ്കളും നാത്തൂനും അവിടെയുണ്ടായിരുന്നോ?

ഞങ്ങള്‍ പോലീസിനൊപ്പം പോകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അവര്‍ ഞങ്ങളോട് വീട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടാന്‍ തുടങ്ങി. ഞങ്ങള്‍ അതിനു തയ്യാറായില്ല. അവര്‍ രാവിലെ പതിനൊന്നു മണി വരെ വീടിനു പുറത്ത് നിലയുറപ്പിച്ചു കൊണ്ട് ഞങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്തിനാണെന്ന് അവര്‍ പറഞ്ഞില്ല. സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്നു മാത്രമാണ് പറഞ്ഞത്. ഞങ്ങളുടെ സുരക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ ഞങ്ങളുടെ വീടിനുള്ളില്‍ സുരക്ഷിതരായിരിക്കാനാണ് നിങ്ങളനുവദിക്കേണ്ടതെന്ന് ഞാന്‍ പറഞ്ഞു. അതിനും 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസ് ഞങ്ങളുടെ വീട് തകര്‍ക്കാന്‍ തീരുമാനിക്കുന്നത്.

വീടിനുള്ളിലെ സാധനങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞോ? നിങ്ങള്‍ക്കവര്‍ നോട്ടീസ് നല്‍കിയിരുന്നോ?

നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയായപ്പോള്‍ വീടിനു പുറത്ത് അവര്‍ നോട്ടീസ് പതിച്ചു. പിറ്റേന്ന് രാവിലെ 11 മണിയോടെ ഞങ്ങളുടെ വീട് തകര്‍ക്കും, അതിനു മുമ്പ് ഒഴിഞ്ഞുപോകാനാണ് അതില്‍ ആവശ്യപ്പെട്ടത്. പക്ഷെ ഞങ്ങളാ നോട്ടീസ് കണ്ടതോ അവര്‍ അങ്ങനെ ചെയ്യുന്ന കാര്യം ഞങ്ങളെയറിയിക്കുകയോ ഉണ്ടായില്ല. തകര്‍ക്കുന്നതിനു മുമ്പ് ഞങ്ങള്‍ക്കു നോട്ടീസ് നല്‍കിയെന്നവര്‍ കള്ളം പറയുകയും ചെയ്തു. ഇതു വളരെ ആസൂത്രിതമായ ഒരു പദ്ധതിയായിരുന്നു. അവര്‍ ശനിയാഴ്ച്ച രാത്രി നോട്ടീസ് തരികയും ഞായറാഴ്ച്ച് പൊളിക്കുകയും ചെയ്യുന്നു; ഞായറാഴ്ച്ച കോടതികള്‍ അവധിയായതിനാല്‍ ഞങ്ങള്‍ക്ക് നീതിപീഠത്തെ സമീപിക്കാന്‍ സാധിക്കില്ല. എന്നാലും ഞങ്ങളൊരു ഓണ്‍ലൈന്‍ പരാതി ഫയല്‍ ചെയ്തിട്ടുണ്ട്. ഈ നിയമവിരുദ്ധ നടപടിക്കെതിരെ പൊരുതാനാണ് തീരുമാനം.

നിങ്ങളുടെ ചുറ്റുമുള്ളവര്‍ നിങ്ങളോട് എങ്ങനെയാണ് സമീപിച്ചത്?

ഞങ്ങളുടെ അയല്‍വാസികള്‍ ഞങ്ങള്‍ക്ക് പിന്തുണ നല്‍കി വീടിനുള്ളിലുണ്ടായിരുന്നു. ഞങ്ങളുടെ ബന്ധുക്കളും മറ്റ് സുഹൃത്തുക്കളുമെല്ലാം എന്റെ ഉമ്മയെയും ഉപ്പയെയും അനുജത്തിയെയും കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. വക്കീലുമാര്‍ക്ക് പോലും അവരെ കാണാന്‍ അനുവാദം നല്‍കിയില്ല. ഒടുവില്‍, ഇന്ന് (വീട് തകര്‍ത്ത ദിവസം) രാവിലെ 9 മണിയോടെ എന്റെ ഉമ്മയെയും അനുജത്തിയെയും 30 മണിക്കൂര്‍ തടവില്‍ വെച്ച ശേഷം അവര്‍ പുറത്ത് വിട്ടു. ഉപ്പ എവിടെയാണെന്ന് വിവരമില്ല. അദ്ദേഹത്തെ അവര്‍ നിയമവിരുദ്ധമായി തടങ്കലില്‍ വെക്കുകയാണ്, പല ജയിലുകളിലേക്കുമായി മാറ്റിപ്പാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.

By Editor