ജിഹാദ് എന്തെന്ന് പഠിക്കല്‍ മുസ്‌ലിമേതര സമുദായങ്ങളുടെ ബാധ്യത- നഹാസ് മാള

അഹ്മദാബാദ് സ്ഫോടന കേസിൽ ഈ അടുത്ത് വന്ന ഒരു വിധി നിങ്ങൾ ശ്രദ്ധിച്ചിരിക്കും. അതിൽ കേരളത്തിലെ മൂന്നോളം ആളുകൾക്ക് വധശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. 39 പേരെ ഒരുമിച്ചു തൂക്കിക്കൊല്ലാനാണ് ഇന്ത്യയിലെ ഒരു കോടതി വിധിച്ചിരിക്കുന്നത്. അതേസമയം നമ്മൾ യമനിൽ ഉള്ള ഒരു ബിസിനസുകാരനെ കുത്തിക്കൊലപ്പെടുത്തി എന്ന ആരോപണം നേരിട്ട് വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു മലയാളി നഴ്സ് നിമിഷ പ്രിയയെ കുറിച്ച് എന്നും കേട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യാ ഗവൺമെന്റ് അവരുടെ മോചനത്തിനായി ആവുന്നത് ശ്രമിക്കുന്നുണ്ട്. എന്താണ് ആ കൊലപാതകത്തിനു പിന്നിലുള്ള കാരണം? അവർ പ്രതിയാണോ? നിരപരാധിയാണോ? തുടങ്ങിയ കാര്യങ്ങൾ മറ്റുവിഷയങ്ങളായിരിക്കാം. പക്ഷേ ലോകത്ത് ഇന്ത്യ എന്ന രാജ്യം യമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകി തങ്ങളുടെ ഒരു പൗരയെ രക്ഷിച്ചെടുക്കാൻ വേണ്ടി നടത്തുന്ന ശ്രമവും ഒന്നരമാസം മുമ്പ് യു.പി ഇലക്ഷൻ്റെ നാലാം ഘട്ടം നടന്നുകൊണ്ടിരിക്കെ അഹമ്മദാബാദ് കോടതി പൊടുന്നനെ പ്രസ്താവിച്ച വിധിക്കും പിന്നിലുള്ള ചേതോവികാരവും നമ്മൾ പരിശോധിക്കേണ്ടതാണ്. 11 ജഡ്ജിമാർ മാറിവന്ന് അതുവരെയുള്ള വാദപ്രതിവാദം ഒന്നും കേൾക്കാതെ പതിനൊന്നാമത്തെ ജഡ്ജിയാണ് ശിക്ഷ വിധിക്കുന്നത്. ആ വിധിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഈരാറ്റുപേട്ടകാരനായ ഒരു സഹോദരനുമേൽ ഒരു സാക്ഷിയുടെയും മൊഴി നിങ്ങൾക്ക് കാണുക സാധ്യമല്ല. അദ്ദേഹം ഒരു കുറ്റം ചെയ്തിരിക്കുന്നുവെന്ന് ഇന്ത്യൻ എവിടെൻസ് ആക്റ്റ് പ്രകാരം തെളിയിക്കാൻ പറ്റുന്ന ഒന്നും ആ വിധിയിൽ ഇല്ല. പക്ഷേ അദ്ദേഹത്തിന് തൂക്കുകയറാണ് വിധിച്ചിട്ടുള്ളത്. ആ സ്ഫോടനം നടക്കുന്ന സമയത്ത് വേറൊരു കേസിൽ അദ്ദേഹം ജയിലിലാണ്. ആ വിധിയെ ചൊല്ലി നമ്മൾ മലയാളികൾ എത്ര പേർ ഞെട്ടിയിട്ടുണ്ട് എന്ന് ചോദിച്ചാൽ തീർച്ചയായും നമുക്കു മുന്നിൽ തെളിഞ്ഞുവരുന്നത് അഹമ്മദാബാദ് സ്ഫോടനത്തിൽ അതല്ലെങ്കിൽ അത്തരത്തിൽ ഒരു വ്യാജ തിരക്കഥയിൽ 14 കൊല്ലമായി ജയിലിൽ തുടരുന്ന സഹോദരങ്ങളുടെ അവസ്ഥയാണ് ഞാൻ പറയുന്നത്. ഇൻഡോർ ജയിലിൽ തുടരുന്ന അവർക്ക് ഒന്ന് മുടി ചീകാൻ ചീർപ് കിട്ടിയിട്ട്, അവർക്കൊന്ന് കുളിക്കാൻ ഒരു സോപ്പ് കിട്ടിയിട്ട്, അവർക്ക് പല്ലുതേക്കാൻ ഒരു ബ്രഷ് കിട്ടിയിട്ട്.. എന്ന് പറയുമ്പോൾ തീർച്ചയായും എനിക്കും നിങ്ങൾക്കും അവരോട് ഐക്യദാർഢ്യപ്പെടാൻ ബാധ്യതയുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

വയനാട് കൽപ്പറ്റയിലാണ് ഇന്നലെ ഞങ്ങൾ കാരവൻ ആരംഭിച്ചത്. കൽപ്പറ്റയിൽനിന്ന് അധികമൊന്നും ദൂരത്തല്ലാത്ത പടിഞ്ഞാറത്തറ കമ്പളക്കാടുള്ള ഒരു ഒരു ഹനീഫ് മൗലവിയെ കുറിച്ച് ഇവിടെ സൂചിപ്പിക്കുകയുണ്ടായി. ഹനീഫ് മൗലവി എന്ന് കേട്ടാൽ വയസ്സായ ഒരാളെയാണ് തോന്നുന്നതെങ്കിൽ ആ ധാരണ തെറ്റാണ്. അദ്ദേഹത്തോടൊപ്പം ഒന്നരമണിക്കൂറോളം സഹവസിച്ച് സംസാരിച്ചതിനുശേഷം ആ സംസാരത്തിനൊടുവിൽ “നിങ്ങളിങ്ങനെ എന്നോട് ഭവ്യതയോടെയൊന്നും എന്നോട് സംസാരിക്കണ്ട, എനിക്ക് 27 വയസ്സെ ആയിട്ടുള്ളൂ” എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. മുംബൈയിലെ എൻഐഎ പിടിച്ച് കേരളത്തിൽനിന്ന് വലിച്ചുകൊണ്ടുപോയി -ഒരുപക്ഷേ ഇന്ത്യയിലെ ജയിൽ ക്രൂരതയുടെ പാരമ്യത എന്ന് പറയാവുന്ന- അണ്ഡാസെല്ലിൽ പാർപ്പിച്ചു കൊണ്ടാണ് 27 വയസുകാരനെ കാണുന്ന മാത്രയിൽ 55 ഉം 60 ഉം വയസ് തോന്നിക്കുന്ന രീതിയിൽ തല നരപ്പിച്ചുകളഞ്ഞത്. നാലു മാസമേ അദ്ദേഹം ജയിലിൽ കിടന്നിട്ടുള്ളൂ. പക്ഷേ അദ്ദേഹം ജയിലിൽ പോകാനുള്ള കാരണം എന്താണെന്ന് അറിഞ്ഞാൽ ഞാനും നിങ്ങളും മൂക്കിൽ വിരൽവെച്ചു പോകും. കേരളത്തിൽനിന്ന് ഐഎസ്ഐസിലേക്ക് ആളുകൾ റിക്രൂട്ട് ചെയ്യപ്പെടുന്നു എന്ന് നമ്മളോട് കൂടെക്കൂടെ ഇവിടത്തെ ഐ.ബി ഉദ്യോഗസ്ഥരും പോലീസ് സംവിധാനവും പറയുമ്പോൾ കൂട്ടത്തിലുള്ള ഒരു പൊതുബോധം സമ്മതിച്ചുകൊടുത്തതിൻ്റെ ഫലമായി ജീവിതം ഹോമിക്കേണ്ടി വന്ന വ്യക്തിയാണ് ഹനീഫ് മൗലവി എന്ന് നമ്മൾ ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്.

കാസർഗോഡ് നിന്ന് ഐഎസിലേക്ക് പോയി എന്ന് കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും വിധിയെഴുതിയ ഒരു സഹോദരനെ കുറിച്ചുള്ള അന്വേഷണത്തിൽ അദ്ദേഹത്തിന്റെ പിതാവിനോട് പോലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിന്റെ ഭാഗമായി ചോദിച്ചു നിങ്ങളുടെ മകൻ ആരുടെയൊക്കെ പ്രഭാഷണം കേൾക്കാറുണ്ട് ? നിങ്ങളുടെ മകൻ സാകിർ നായിക്കിൻ്റെ പ്രഭാഷണങ്ങൾ കേൾക്കാറുണ്ടോ ? സാകിർ നായിക്കിൻ്റെ പ്രഭാഷണങ്ങൾ സ്ഥിരമായി കേൾക്കുന്ന ഒരാൾ ആയതുകൊണ്ടുതന്നെ മകനെക്കുറിച്ച് വാപ്പ പറഞ്ഞു: “അതെ, ഇംഗ്ലീഷിലുള്ള സാകിർ നായിക്കിൻ്റെ വീഡിയോകൾ കാണാറുണ്ട്”. അയാൾ ഭീകരവാദി എന്ന് തെളിയാനും പിന്നീടുള്ള എല്ലാ പൊല്ലാപ്പിനും ആ മറുപടി മാത്രം മതിയായിരുന്നു. ഇന്ത്യൻ പൊതുബോധത്തിൽ സാക്കിർ നായിക്കിനെ വീഡിയോ കണ്ടാൽ മതി; അഞ്ചുകൊല്ലം മുമ്പ് വരെ അങ്ങനെയൊരവസ്ഥ ഉണ്ടായിരുന്നില്ല. പക്ഷേ സാകിർ നായിക് ‘ഭീകരവാദി’യായതിനു ശേഷം ഒരാൾ ഭീകരവാദിയാകാനും തീവ്രവാദിയാകാനും ഇപ്പോൾ സാകിർ നായിക്കിൻ്റെ വീഡിയോകൾ ഒന്നു തെരഞ്ഞാൽ മാത്രം മതി എന്നാണ് വെപ്പ്. അതുകൊണ്ടുതന്നെ സാക്കിർ നായികല്ലാതെ വേറെ ആരുടെയെങ്കിലും പ്രഭാഷണം കേൾക്കാറുണ്ടോ എന്ന് ചോദിച്ചപ്പോൾ വാപ്പ പറഞ്ഞു: “അങ്ങനെയൊന്നുമില്ല വേറെ ആരുടെയും വീഡിയോകൾ ഒന്നും കാണാറോ പ്രസംഗങ്ങൾ കേൾക്കാറോ ഇല്ല. പിന്നെ തൊട്ടടുത്തുള്ള പള്ളിയിൽ ഉസ്താദിൻ്റെ പ്രഭാഷണം കേൾക്കും അത്ര മാത്രമേയുള്ളൂ”. അങ്ങനെയെങ്കിൽ തൊട്ടടുത്തുള്ള പള്ളിയിലെ ഉസ്താദിനെ ഞങ്ങൾക്ക് കാണേണ്ടതുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് 25 വയസ് മാത്രം പ്രായമായ ഹനീഫ് മൗലവിയെന്ന ചെറുപ്പക്കാരൻ്റെ അടുത്തേക്ക് പാതിരാവിൽ വിളിച്ചുയർത്തികൊണ്ട് മുംബൈയിൽനിന്ന് എൻ.ഐ എ പറന്നുവരുന്നത്. അദ്ദേഹത്തെ പാർപ്പിച്ച ജയിലറയുടെ വലുപ്പമറിയുമ്പോഴാണ് ഇന്ത്യയിൽ ഒരു കുറ്റവും തെളിയിക്കപ്പെടാതെ അതല്ലെങ്കിൽ ഒരു അർത്ഥത്തിലുമുള്ള തെളിവും സമർപ്പിക്കപ്പെടാതെ വിചാരണ തടവുകാരനായി കഴിയുമ്പോൾ പോലും എത്രമാത്രം ക്രൂരമായ രീതിയിലാണ് ഇവിടത്തെ മുസ്‌ലിം തടവുകാർക്ക് ജയിലുകളിൽ ജീവിതം ഹോമിക്കേണ്ടി വരുന്നത് എന്ന് നമ്മൾ തിരിച്ചറിയുന്നത്. അദ്ദേഹം ഞങ്ങളോട് പറഞ്ഞത് “നാലടി വീതിയും നാലടി നീളവും ഉള്ള ഒരു കൂട്, ആ കൂടിൻ്റെ നാലുഭാഗത്തുമുള്ള ഇരുമ്പ് കമ്പിയിൽ വൈദ്യുതി കൊടുത്തിരിക്കുന്നു. അങ്ങനെ അനങ്ങാതെ നിൽക്കേണ്ടിവന്ന മൂന്നര മാസം. ഹനീഫ് മൗലവിയോട് ഐക്യദാർഢ്യപ്പെടുവാൻ ബാധ്യതയുണ്ട് എന്ന് പറഞ്ഞു തുടങ്ങുന്നതിൻ്റെ രസത്തിനപ്പുറം എങ്ങനെയാണ് ഹനീഫ് മൗലവിമാർ ഉണ്ടാകുന്നത്? എങ്ങനെയാണ് ജയിലുകളിലേക്ക് മുസ്‌ലിം ചെറുപ്പക്കാർ പോകുന്നത്? കഴിഞ്ഞ അഞ്ചുവർഷമായി കുടിക്കാൻ വെളളം ലഭിക്കുകയും കുളിക്കാൻ വെള്ളം ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ഇന്ത്യയിലെ ചെറുപ്പക്കാരുടെ ജീവിതം ചെറുപ്പക്കാരുടെ ജീവിതം മാറിയത് എങ്ങനെയാണ്? പല്ല് തേക്കാൻ കഴിഞ്ഞ 15 വർഷമായി ബ്രഷ് കിട്ടാത്ത വിധം അവർ അങ്ങനെ തന്നെ ട്രീറ്റ് ചെയ്യപ്പെടേണ്ടതാണെന്നുള്ള ബോധം നമ്മുടെ ജയിലർമാർക്ക് ഉണ്ടയെതെങ്ങനെയെന്ന് നിരന്തരം ആലോചിച്ചു കൊണ്ടിരിക്കണം. ഈ നാട്ടിലുള്ള ഓരോ പൗരനോടും ഈ നാടിന്റെ ഭരണഘടനയോടും ജനാധിപത്യ സംവിധാനത്തോടും എന്തെങ്കിലും ഒരു വിശ്വാസവും കൂറും ബാക്കിയുണ്ട് എന്ന് പറയുന്ന അവകാശപ്പെടുന്ന ഏതൊരാളോടും നമുക്ക് സംസാരിക്കാനുള്ളത് നമുക്ക് നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് ചിലരൊക്കെ പറയാൻ ഇനി ബാക്കിയുണ്ടെങ്കിൽ നിങ്ങൾ കൃത്യമായ വ്യക്തമായ വിരുദ്ധതയോടുകൂടിയും മുൻവിധിയോടുകൂടിയും മുസ്‌ലിം സമൂഹത്തിനെതിരെ നടത്തിവരുന്ന അപവാദ പ്രചാരണങ്ങളെ തള്ളിമാറ്റി കൊണ്ടല്ലാതെ, അതിനെ പുറത്തുനിർത്തികൊണ്ടല്ലാതെ ജനാധിപത്യ അന്തരീക്ഷത്തിൽ ഇനിയൊരു സംവാദം സാധ്യമല്ല എന്നാണ്.

എന്താണ് ജനാധിപത്യം എന്ന് നമ്മൾ ആലോചിക്കണം. വരാൻപോകുന്ന തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൻ്റെ പേരാണോ ജനാധിപത്യം? അതല്ലെങ്കിൽ രണ്ടാമതും അധികാരത്തിലേറിയ പിണറായി സർക്കാരിനെ കുറിച്ചാണോ നമ്മൾ ജനാധിപത്യം എന്ന് പറയുന്നത്? 2024ൽ നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി അല്ലാതെ മറ്റ് ഏത് ഓപ്ഷൻ നമുക്കുണ്ട് എന്ന നമ്മുടെ അന്വേഷണത്തെക്കുറിച്ചാണോ ജനാധിപത്യം പറയുന്നത്? ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പെന്നത് ജനങ്ങൾ ജനങ്ങൾക്കുവേണ്ടി നേതാക്കളെ തിരഞ്ഞെടുക്കുന്ന ഒരു പ്രക്രിയയുടെ പേര് മാത്രമാണ്. ജനാധിപത്യം എന്ന് പറയുന്ന സങ്കൽപം നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയിൽ തന്നെ പറഞ്ഞിരിക്കുന്നതുപോലെ പരസ്പരം ആദരവും ബഹുമാനവും നിലനിർത്തി മുന്നോട്ടു പോകാൻ സാധിക്കുന്ന അന്തരീക്ഷം ഉണ്ടാവുക എന്നതാണ്. തൊട്ടടുത്തു നിൽക്കുന്ന മനുഷ്യൻ അയാളുടെ ലിംഗവുംവർണ്ണവും ജാതിയും എന്തുമാകട്ടെ അയാൾ സംസാരിക്കുന്ന ഭാഷ ഏതുമാകട്ടെ അയാളോട് നിങ്ങൾക്ക് ബഹുമാനവും ആദരവും കാത്തു സൂക്ഷിക്കാൻ സാധിക്കുന്ന അന്തരീക്ഷത്തിൻ്റെ പേരാണ് ജനാധിപത്യം. ജനാധിപത്യത്തിൻറെ അന്തരീക്ഷം നമുക്ക് നഷ്ടപ്പെട്ടിട്ട് എത്ര കൊല്ലമായി എന്ന് ആലോചിക്കുമ്പോഴാണ് ഒരു ബികമിങ് ഡെമോക്രസിയെ കുറിച്ച് അഥവാ ഉണ്ടാകേണ്ട ഒരു ജനാധിപത്യത്തെക്കുറിച്ച് നമുക്ക് സംസാരിക്കേണ്ടി വരുന്നത്. സംഘപരിവാറിനോടല്ല. മറിച്ച് ഈ നാട്ടിലെ സംഘപരിവാറിനെ അധികാരത്തിലേറ്റിയ പൗരന്മാരോടാണ് നമുക്ക് സംസാരിക്കാനുള്ളത്. അവരോട് സംസാരിക്കേണ്ടി വരുന്നത് തന്നെ ചില പ്രത്യേക പരിഗണനകൾ വെച്ചുകൊണ്ടാണ്. സാധാരണഗതിയിൽ ഐഎസിനോടും താലിബാനോടും തുടങ്ങി ഇത്തരത്തിലെ വ്യത്യസ്ത ഗ്രൂപ്പുകളോട് ചേർത്തുകൊണ്ടാണ് ആർ.എസ്.എസിനെ സമീകരിക്കാറുള്ളത്. നമ്മൾ മനസ്സിലാക്കേണ്ടത് അത്തരത്തിലുള്ള സമീകരണ യുക്തിപോലും ഒത്തുപോകുന്ന പ്രത്യയശാസ്ത്രമല്ല ആർ.എസ്.എസ് എന്നാണ്. ആർ.എസ്.എസിനെ ഇവിടെ അധികാരത്തിലെത്തിക്കുന്നത് ഇവിടത്തെ ജനങ്ങളാണ്. ലോകത്ത് ഐഎസിനെ തെരഞ്ഞെടുത്ത ഒരു ജനതയുമില്ല. ലോകത്ത് ഐഎസിന് വോട്ടു ചെയ്ത ഒരു സമൂഹവുമില്ല. ഏതെങ്കിലും ഭരണകൂടമായി സ്വയം അവരോധിച്ചു എന്നതല്ലാതെ ആരുടെയെങ്കിലും മുഖ്യമായ പിന്തുണ ലഭിച്ച ഒരു കൂട്ടരുമല്ല. ലോകത്ത് ഒരു ഇസ്ലാമിക ഗ്രൂപ്പിനും ഐ.എസിനെ ചുമക്കേണ്ട ഒരു ബാധ്യതയുമില്ല. ലോകത്തെ പണ്ഡിത വേദികളും ഇസ്ലാമികമായ ഏതൊക്കെ സംഘങ്ങൾ ഉണ്ടോ അവരുടെയെല്ലാം ഉത്തരവാദിത്വത്തിൽ ഒരുമിച്ചു വന്ന പ്രസ്താവനകൾ ഐ.എസിനെ അപലപിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ അതിലൊന്നും അപലപനം മതിയാകാത്ത രീതിയിൽ കോഴിക്കോട്ടങ്ങാടിയിലുള്ള ഓരോ മുസ്‌ലിം സംഘടനയും രായ്ക്കുരാമാനം ഐ.എസിനെ തള്ളിപ്പറഞ്ഞാലും കൂടെക്കൂടെ അവരുടെ സോഷ്യൽ മീഡിയ ഇടപാടിൽ പോലും അവർ ഐ.എസ് അനുകൂലികളായ ആളുകളാണ്, അവർ താലിബാനികളും അൽക്വയ്ദ തീവ്രവാദികളുമാണ് എന്ന് നമ്മളെ കുറിച്ച് നമ്മൾ അറിയുന്ന നമ്മുടെ ചുറ്റുപാടുമുള്ള സഹോദരന്മാർ പോലും പറയുന്ന ഒരു അവസ്ഥയെ കുറിച്ചും എത്രമാത്രം ഇസ്ലാമോഫോബിയ അന്തരീക്ഷമാണ് തിടം വെച്ചുവന്നിരിക്കുന്നതെന്നും നമ്മൾ ആലോചിച്ചു നോക്കേണ്ടതാണ്.

ആർ.എസ്.എസ് ഇവിടത്തെ സാമൂഹിക അന്തരീക്ഷത്തിൽ ബോധപൂർവ്വം കലർത്താനാഗ്രഹിക്കുന്ന വിഷത്തെ കുറിച്ച് നമുക്ക് സംസാരിക്കേണ്ടി വരുന്നതും ഈ നാട്ടിലെ ഹൈന്ദവ സഹോദരന്മാരോടും കേരള സാഹചര്യത്തിൽ പ്രത്യേകിച്ചും ആർ.എസ്.എസ് വിലക്കെടുക്കാൻ ശ്രമിക്കുന്ന ക്രൈസ്തവ സഹോദരന്മാരോടും നമുക്ക് താഴ്മയോടെ കൂടി തന്നെ ചോദിക്കാനുള്ളത് ഇസ്‌ലാമിനെ കുറിച്ച് നിങ്ങൾക്ക് എന്തിനാണ് ഇത്തരമൊരു അനാവശ്യമായ ഭീതി? അതല്ലെങ്കിൽ ഇസ്ലാംപേടിയുടെ വ്യാജ ഫാക്ടറി നിർമാണത്തിന്റെ ഭാഗമായി വരുന്ന ഓരോ ആരോപണങ്ങളെയും പർച്ചേസ് ചെയ്യാൻ എന്തുമാത്രം വേഗതയാണുള്ളത് എന്നാണ്.

ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് ലാൻ്റ് ജിഹാദ് തുടങ്ങി ഞങ്ങളോടൊപ്പം ചേർത്ത് പറയുന്ന ഈ ജിഹാദ് ഇനി മുതൽ നിങ്ങളുടെ ബാധ്യതയാണ് സഹോദരന്മാരെ. ജിഹാദ് എന്തെന്ന് മനസ്സിലാക്കുക എന്നുള്ളത് നിങ്ങളുടെ ബാധ്യതയാണ് എന്ന് മാത്രം ഉദ്ഘോഷിക്കാനാണ് ആഗ്രഹിക്കുന്നത്.

ലോകത്ത് ഇസ്‌ലാമിനെ കുറിച്ച് അടച്ചിട്ട മുറിയിൽ സംസാരിക്കേണ്ട എന്ന ബാധ്യത ചരിത്രത്തിൽ പ്രവാചകന്മാർക്കും ഒരു നവോത്ഥാനനായകർക്കും വന്നിട്ടില്ല. ആർ.എസ്.എസിനെ തുറന്നു എതിർക്കേണ്ട ഒരു ബാധ്യത കേരളം എന്ന ഒരു പ്രത്യേക സംസ്ഥാനത്തിനുണ്ട്. ഫാസിസ്റ്റ് വിരുദ്ധത എന്നുള്ളത് പ്രഖ്യാപനത്തിൽ തീർത്തും ആത്മാർത്ഥതയുള്ള കൂട്ടരാണെങ്കിലും പ്രയോഗത്തിൽ മുസ്‌ലിം വിഷയത്തിലെങ്കിലും പിഴച്ചു പോകുന്ന ഒരു സമീപനം ഇവിടത്തെ ഇടതുപക്ഷ സർക്കാരിനുണ്ട്. എങ്ങനെയാണ് ഇടതുപക്ഷത്തിൻ്റെ രണ്ടാം അധികാരാരോഹണം ഉണ്ടായത് എന്ന് അന്വേഷിക്കുന്ന സമയത്താണ് യുഡിഎഫിൽ സമുദായങ്ങളുടെ ഏകീകരണവും സമവാക്യവുമായിരുന്നു ഒരു കാലത്ത് നമ്മൾ കണ്ടിരുന്നതെങ്കിൽ ഇടതുപക്ഷത്തെ കുറിച്ച രാഷ്ട്രീയ മുദ്രാവാക്യങ്ങൾ മുന്നോട്ട് വെച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിക്കുന്നതാണ് പിന്നീട് ഇന്ന് നമ്മൾ കണ്ടത്. എന്നാൽ ഉത്തരേന്ത്യയിൽ അമിത് ഷാ നടത്തിയ സോഷ്യൽ എൻജിനീയറിങ്ങിനോളം എത്തുമോ എന്ന് നമുക്ക് സംശയമുളവാക്കുന്ന രീതിയിൽ കേരളത്തിലെ വ്യത്യസ്ത സഭകളെയും ഗ്രൂപ്പുകളെയും വിലക്കുവാങ്ങി ഒരിക്കലും തങ്ങളുടെ കൂടെ കൂട്ടില്ല എന്ന് പറഞ്ഞ കേരള കോൺഗ്രസ് (എം) നെ പോലും തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി ഒരു സന്ദർഭത്തിൽ ഒരുമിച്ചു കൂട്ടി. ലോകത്ത് ആരും കേട്ടാൽ അറക്കുന്ന വംശീയ വഷം തുപ്പിയ പാലാ ബിഷപ്പിനെ ഇവിടത്തെ സർക്കാർ എങ്ങനെയാണ് ട്രീറ്റ് ചെയ്തത് എന്ന് നമ്മൾ കണ്ടതാണ്. സംസ്ഥാനത്തെ ഒരു മന്ത്രി അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് അദ്ദേഹം മഹാനാണ് എന്നു പ്രഖ്യാപിക്കുമ്പോൾ ഇവിടുത്തെ സർക്കാരും പോലീസ് സംവിധാനങ്ങളും എത്രത്തോളം മുസ്‌ലിം വിരുദ്ധമാണ് എന്ന് നമ്മൾ തിരിച്ചറിയണം. കേരളത്തിൽ നൂറിലധികം പരാതികൾ ആ വിഷയത്തിൽ കൊടുക്കപ്പെട്ടിട്ടും ഒന്നിൽ പോലും കേസെടുക്കാൻ ഇവിടുത്തെ പോലീസ് സംവിധാനത്തിന് കഴിഞ്ഞിട്ടില്ല. എത്ര പെട്ടെന്നാണ് ഇവിടെ മുസ്‌ലിം വിരുദ്ധ വംശീയമനസ് പ്രവർത്തിക്കുന്നത് എന്നും പല സമുദായങ്ങളുടെയും വിഷയത്തിൽ ഇരട്ട നീതി എങ്ങനെയാണ് സംഭവിക്കുന്നത് എന്നും നമ്മൾ ചോദിച്ചു പോവുകയാണ്. അതുകൊണ്ട് സംഘപരിവാർ ഒരു ഭരണകൂട രൂപത്തിൽ നിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഇസ്‌ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക എന്ന് നമ്മൾ ആവശ്യപ്പെടുന്നത്. ഇസ്ലാമോഫോബിയക്കെതിരെ ഒരു ബഹുജന അടിത്തറ രൂപപ്പെട്ടു വരേണ്ടതുണ്ട്. ഒളിഞ്ഞും തെളിഞ്ഞും അതിന്റെ ചില അലയൊലികൾ കണ്ടു തുടങ്ങിയിട്ടുണ്ട് എന്നത് ആശ്വാസകരമാണ്.

(‘ഇസ്‌ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ യൂത്ത് കാരവനില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. നഹാസ് മാള നടത്തിയ പ്രഭാഷണം)
തയ്യാറാക്കിയത്: മുഷ്താഖ് ഫസൽ

By Editor