സ്വാതന്ത്ര്യാനന്തരം ക്ഷേത്രങ്ങളായി മാറിയ മസ്ജിദുകള്‍

ഹിന്ദുത്വയോട് ചായ് വുള്ള പ്രാദേശിക നേതാക്കള്‍ ഇടയ്ക്കിടെ പള്ളികള്‍ ചൂണ്ടിക്കാണിച്ച് അത് നിര്‍മിച്ചത് തകര്‍ന്നടിഞ്ഞ ഒരു ക്ഷേത്രത്തിനു മേലെയാണ് എന്ന അവകാശവാദവുമായി വരാറുണ്ട്. അയാള്‍ക്കോ അത് കേട്ടമാത്രയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരത്തുന്ന അയാളുടെ അനുയായികള്‍ക്കോ അതിലെ വസ്തുത അറിയാന്‍ ആഗ്രഹമുണ്ടാകില്ല. അര്‍ധസത്യങ്ങളുടെയും അസത്യങ്ങളുടെയും ഈ കാലത്ത് മന്ദിര്‍-മസ്ജിദ് വിവാദത്തിന് പുതിയ മാനം നല്‍കുകയാണ് ഇന്ത്യയിൽ ക്ഷേത്രങ്ങളാക്കി മാറ്റിയ മസ്ജിദുകളുടെ പട്ടിക. പട്ടിക പൂര്‍ണമൊന്നുമല്ല, പക്ഷെ വളരെ പ്രധാനപ്പെട്ടതും ശ്രദ്ധിക്കപ്പെടുന്നതുമായ ചില മസ്ജിദുകളുടെ പട്ടികയാണത്.

ഫാറൂഖ് നഗര്‍ ജുമാ മസ്ജിദ്, ഹരിയാന

ഗുരുഗ്രാം ജില്ലയിലെ ഫറൂഖ്‌നഗര്‍ പട്ടണം 1732-ല്‍ മുഗള്‍ ഗവര്‍ണര്‍ ഫൗജ്ദര്‍ ഖാന്‍ സ്ഥാപിച്ചതാണ്. മുഗള്‍ ചക്രവര്‍ത്തിയായ ഫറൂഖ്സിയറുടെ പേരിലാണ് ഇത് നാമകരണം ചെയ്യപ്പെട്ടത്. നഗരം സ്ഥാപിച്ചതിന് തൊട്ടുപിന്നാലെ ഫൗജ്ദര്‍ ഖാനെ ഫറൂഖ്‌നഗറിലെ നവാബായി പ്രഖ്യാപിക്കുകയും നഗരത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ അദ്ദേഹം ഗംഭീരമായ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. ഈ നിര്‍മിതികളില്‍ ഒന്നാണ് ജുമാ മസ്ജിദ്. എല്ലാ മുസ്‌ലിം നിവാസികളും ഒത്തുകൂടുകയും അവരുടെ വെള്ളിയാഴ്ച്ച പ്രാര്‍ഥനകള്‍ നിര്‍വഹിക്കുകയും ചെയ്തിരുന്ന നഗരത്തിലെ പ്രധാന പള്ളിയാണിത്. പാക്കിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥികളുടെ വരവിനെ തുടര്‍ന്നാണ് പള്ളി ക്ഷേത്രമായും ഗുരുദ്വാരയായും മാറിയതെന്ന് ചരിത്രകാരന്‍ റാണ സഫ്വി എഴുതുന്നു. ജീര്‍ണാവസ്ഥയിലാണെങ്കിലും പള്ളിയുടെ ഒരു മിനാരം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.

ഖില്‍ജി ജുമാ മസ്ജിദ്, ദൗലത്താബാദ് (ഔറംഗബാദ്), മഹാരാഷ്ട്ര

അലാവുദീന്‍ ഖില്‍ജിയുടെ മകന്‍ ഖുത്ബുദ്ദീന്‍ മുബാറക് ഖില്‍ജി 14-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്റെ സാമ്രാജ്യം തെക്കോട്ട് വ്യാപിച്ചപ്പോള്‍ ദൗലതാബാദിലെ മഹത്തായ കോട്ടയില്‍ ഒരു വലിയ പള്ളി പണിയാന്‍ ഉത്തരവിട്ടു. ഖില്‍ജി രാജവംശത്തിന്റെ വിശാലമായ സാമ്രാജ്യത്തിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നായിരുന്നു ഇത്. മസ്ജിദ് നിര്‍മ്മാണത്തിന് ശേഷം നൂറ്റാണ്ടുകളോളം അവിടെ ആരാധന നടന്നിരുന്നു. കൃത്യമായി എപ്പോള്‍ എന്നതിന് ഒരു രേഖയുമില്ല, എന്നാല്‍ പള്ളിയുടെ മിഹ്റാബില്‍ (പ്രാര്‍ത്ഥന കേന്ദ്രം) ഒരു വിഗ്രഹം സ്ഥാപിക്കപ്പെട്ടു. അതിനുശേഷം പ്രദേശവാസികള്‍ അവിടെ ആരാധന തുടങ്ങി, പള്ളിയെ ഭാരത് മാതാ മന്ദിര്‍ എന്ന് വിളിക്കാന്‍ തുടങ്ങി.

ദാന ഷീര്‍ മസ്ജിദ്, ഹിസാര്‍, ഹരിയാന

ഒരുകാലത്ത് വന്‍ മുസ്‌ലിം ജനസംഖ്യ ഉണ്ടായിരുന്നയിടമാണ് ഹിസാര്‍. ഒരുപാട് ഇസ്‌ലാമിക നിര്‍മിതികള്‍ നഗരത്തിലുണ്ട്. ഫിറോസ് ഷാ തുഗ്ലക്കിന്റെ കാലത്തു പണിതതാണ് അവയില്‍ ഏറ്റവും പഴക്കമുള്ളത്. സൂഫിവര്യന്‍മാരുടെ ശവകുടീരത്തിന് തൊട്ടടുത്തായി പള്ളി പണിയുന്നത് പതിവാണ്. അതുപോലെയാണ് ദാന ഷീര്‍ ബഹ്ലുല്‍ ഷായുടെ ശവകുടീരത്തിന് തൊട്ടടുത്തായി ദാന ഷീര്‍ മസ്ജിദ് പണികഴിക്കപ്പെട്ടത്. വിഭജനത്തിനു പിന്നാലെ ആ പള്ളി ക്ഷേത്രമായി ഉപയോഗിച്ചു തുടങ്ങിയെങ്കിലും മൂന്നു താഴികക്കുടങ്ങള്‍ ഇന്നും ഉയര്‍ന്നു നില്‍പ്പുണ്ട്.

സോനിപത് ജുമാ മസ്ജിദ്, ഹരിയാന

ഖ്വാജാ ഖിസ്‌റിന്റെ ശവകുടീരം, പഴയ കോട്ടയുടെ അവശിഷ്ടങ്ങള്‍, ഇപ്പോള്‍ ദുര്‍ഗാ മന്ദിറായി ഉപയോഗിക്കുന്ന ജുമാ മസ്ജിദ് എന്നിവ ഉള്‍പ്പെടുന്ന മുഗള്‍, മുഗള്‍ പൂര്‍വ്വ ഇസ്‌ലാമിക സ്മാരകങ്ങളാണ് സോനിപത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍. നിലവില്‍ ഇത് ഒരു ക്ഷേത്രമായി ഉപയോഗിക്കുന്നുണ്ടെങ്കിലും നാട്ടുകാര്‍ ഇപ്പോഴും ഇതിനെ ബാഡി മസ്ജിദ് (വലിയ മസ്ജിദ്) എന്നാണ് വിളിക്കുന്നത്. കെട്ടിടത്തിന്റെ പുറംഭാഗത്ത് വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല, രണ്ട് ഉയര്‍ന്ന മിനാരങ്ങള്‍ക്കു ചുറ്റുമായി അത് തുടരുന്നു പക്ഷെ ഉള്‍ഭാഗം പരിഷകരിച്ചിട്ടുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ മസ്ജിദ് നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു.

Source: Sabrang India

By Editor