‘വിവിധ ക്രിസ്ത്യന്‍ സഭകളുടെ എകീകൃത സംഘടന’. ഇതാണ് ‘കാസ’ (CASA) യുടെ ഫേസ് ബുക്ക് പേജിലെ കവര്‍ ചിത്രത്തില്‍ എഴുതിയിട്ടുള്ളത്. അറിയേണ്ടത് ഈ ‘വിവിധ’ ക്രിസ്ത്യന്‍ സഭകള്‍ ഏതൊക്കെയാണ് എന്നാണ്. കുറേ കാലങ്ങളായി മുസ്ലിം സമുദായത്തിനെതിരെ സമാനതകളില്ലാത്ത നുണ പ്രചാരണങ്ങളിലൂടെ വര്‍ഗീയ വിദ്വേഷം പരത്തുന്ന ഒരു ഫേസ്ബുക്ക് പേജാണ് കാസയുടേത്. ആര്‍എസ്എസ് സൈബറിടങ്ങള്‍ നന്നായി തന്നെ പ്രസ്തുത പേജിനേയും ഈ പേജ് പടച്ചു വിടുന്ന വിദ്വേഷ പോസ്റ്റുകളേയും പിന്തുണയ്ക്കാറുമുണ്ട്. യാതൊരു അടിസ്ഥാനവുമില്ലാത്ത നുണകള്‍ മുസ്ലിം സമൂഹത്തിനെതിരെ പരത്തി വിട്ട് ധ്രുവീകരണം ലക്ഷ്യമിടുന്ന കാസ ഏതൊക്കെ ക്രിസ്ത്യന്‍ സഭകളുടെ എകീകൃത സംഘടനയാണെന്ന് കേരളത്തിലെ മതേതര വിശ്വാസികള്ക്കറിയേണ്ടതുണ്ട്.
ഈ ഫേസ്ബുക് പേജിന് പിന്നിലുള്ളവരൊന്നും ഒളിച്ചിരിക്കുന്നവരോ ഫേക് ഐഡികളോ ഒന്നുമല്ല. കെവിന് പീറ്ററടക്കമുള്ള അഡ്മിന്മാര് വളരെ വിസിബിള്‍ ആണ്. പരാതി കൊടുത്തതിനു ശേഷം കരമന പോലീസ് സ്റ്റേഷനില്‍ നിന്നും എസ്.ഐ എന്നെ വിളിച്ച് പറഞ്ഞത് ‘ഞാന്‍ വിളിച്ച് വാണ് ചെയ്തിട്ടുണ്ട്’ എന്നാണ്. ഞാനും കെവിന് പീറ്ററുമായി അതിര്‍ത്തി തര്‍ക്കം ഉള്ളതു കൊണ്ടല്ല കേസ് കൊടുത്തത്. സാമൂഹ്യമാധ്യമങ്ങളിലൂടെ കുറ്റകൃത്യം നടത്തിയതിനാണ്. ഒരു ക്രിമിനല്‍ കുറ്റത്തിനെതിരെ കേസെടുക്കുകയാണോ അതോ പ്രതിയെ വിളിച്ച് വാണ് ചെയ്യുകയാണോ പോലീസ് ചെയ്യേണ്ടത്? ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചാണത്രേ കെവിന് പീറ്റര്‍ എസ്.ഐയോട് സംസാരിച്ചത്. പാകിസ്ഥാന് മോഡലാണ് ഇവിടെ നടന്നതെന്ന് പറയുന്ന പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആ പോസ്റ്റ് പിന്‍വലിക്കാമെന്ന് ഉറപ്പു കൊടുത്തത്രെ. ഇപ്പോഴും ആ പോസ്റ്റ് പിന്‍വലിച്ചതായി ഞാന്‍ കാണുന്നില്ല.
ഒരു വര്‍ഗീയ വിദ്വേഷ പ്രചാരത്തിനെതിരെ പരാതി നല്കിക്കഴിഞ്ഞാല് ആ പരാതി വിലയിരുത്തുകയും നിയമനടപടി സ്വീകരിക്കുകയുമാണ് പോലീസ് ചെയ്യേണ്ടത്. സ്റ്റേഷനിലെ എസ്എച്ഒ പറയുന്നത് നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇതില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് പരിശോധിച്ചുവരികയാണെന്നും ആണ്. ഇതുവരെ നടപടിയെക്കുറിച്ചൊന്നും അവര്‍ ആലോചിച്ചിട്ടില്ല എന്നാണ് അതിലൂടെ മനസിലാകുന്നത്. സിറ്റിസണ്‍ ഫോര്‍ ഡെമോക്രസിക്ക് വേണ്ടത് വിളിച്ച് ഉപദേശിക്കലല്ല, ഈ രാജ്യത്ത് ക്രിമിനല്‍ കുറ്റകൃത്യത്തിനുള്ള നടപടി എന്താണോ അതെടുക്കലാണ് ഞങ്ങളുടെ ആവശ്യം.
ഇതിനിടെ പരാതി കൊടുത്തതിന്റെ പേരില്‍ എനിക്കെതിരെ ഒന്നിലധികം പോസ്റ്റുകള്‍ കാസയുടെ ഫേസ്ബുക് പേജില്‍ തന്നെ അവര്‍ ഇട്ടിരിക്കുന്നു. അതിലൊന്നില്‍ ഞാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകയായിരുന്ന കാര്യവും പറയുന്നുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പേരു പറഞ്ഞ് എന്നെ വര്‍ഗീയവാദിയാക്കി ചിത്രീകരികരിക്കുകയാണ് കാസ ചെയ്യുന്നത്. എന്റെ ബോധ്യങ്ങളുടെയടിസ്ഥാനത്തിലാണ് ഞാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും തീവ്രവാദമോ ഭീകരവാദമോ ആണെന്ന് എനിക്ക് തോന്നിയിട്ടുമില്ല. അങ്ങനെയൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല അത്. ഞാനും അവരും തമ്മിലുണ്ടായ നയപരമായ പ്രശ്നങ്ങളുടെ പേരിലാണ് ഞാന്‍ അതില്‍ നിന്നും രാജി വെച്ചത്. അതിലുപരി, പൗരത്വ പ്രക്ഷോഭകാലത്ത് നടത്തിയ സംയുക്ത ഹര്‍ത്താലിന്റെയും ചില സമരങ്ങളുടെയും പേരില്‍ എനിക്കെതിരെ ചുമത്തപ്പെട്ട കേസുകള്‍ ചൂണ്ടിക്കാണിച്ച് തീവ്രവാദ പ്രവര്‍ത്തനമാക്കി വ്യാഖ്യാനിച്ച് എനിക്കെതിരെ കള്ളക്കഥകള്‍ ചമക്കുകയും ചെയ്യുകയാണ്. പൊതുപ്രവര്‍ത്തകരായാല്‍ കേസുണ്ടാവും. ആ കേസ് നമ്പരെല്ലാം കൊടുത്ത് എന്തോ വലിയ തീവ്രവാദ പ്രവര്ത്തനമാക്കിക്കാണിച്ചാലൊന്നും ഒരടി പിന്നോട്ട് പോകാന്‍ ഉദ്ദേശിച്ചിട്ടില്ല.

കേരളത്തിലെ സഭകളെ ഞങ്ങള്‍ പ്രത്യേകമായും കാണാന്‍ ഉദ്ദേശിക്കുന്നുണ്ട്. കാസയുടെ വര്‍ഗീയ പ്രചരണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. ഒരു മതേതര സമൂഹത്തില്‍ ഇതുണ്ടാക്കുന്ന അപകടം ചെറുതല്ല. വംശഹത്യ ലക്ഷ്യം വെക്കുന്ന ഹിന്ദുത്വ പരിവാര്‍ പ്രധാനമായും മൂന്നു വിഭാഗങ്ങളെ ഇല്ലായ്മ ചെയ്തു കൊണ്ട് ഈ രാജ്യത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം എന്നാണ് ആഹ്വാനം ചെയ്യുന്നത്. ഒന്നാമത്തെ വിഭാഗം മുസ്ലിംകളാണ് രണ്ടാമത്തെത് ക്രിസ്ത്യാനികളും മൂന്നാമത് കമ്മ്യൂണിസ്റ്റുകളുമാണ്. കേരളത്തില്‍ ക്രിസ്ത്യാനികളെ കൂട്ടുപിടിച്ചിട്ടാണ് മുസ്ലിം ഉന്മൂലനം സാധ്യമാക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തുന്നത്. ഇന്ത്യയിലെ എന്‍ഐഎ അടക്കമുള്ള എല്ലാ അന്വേഷണ ഏജന്‍സികളും കോടതികളും തള്ളിക്കളഞ്ഞ ലൗ ജിഹാദിനെ അത്രമേല്‍ ആധികാരികതയോടെയാണ് ക്രൈസ്തവ വിദ്വേഷ പ്രചാരകര്‍ ചര്‍ച്ച ചെയ്യുന്നത്. അങ്ങനെയാണെങ്കില്‍ അവര്‍ ആ പെണ്‍കുട്ടികളുടെ ലിസ്റ്റ് തരട്ടെ. പല മാധ്യമപ്രവര്‍ത്തകരും അവരോട് ലിസ്റ്റ് ചോദിച്ചിട്ടുണ്ട്; കിട്ടിയിട്ടില്ല. ഒരു സമുദായത്തിനെതിരെ വെറുപ്പു പരത്താനുള്ള വളരെ ആസൂത്രിതമായ അജണ്ട മാത്രമാണവരുടെ നീക്കം.
സ്റ്റാന്‍ സ്വാമിയെയെങ്കിലും, ഗ്രഹാം സ്റ്റെയിനെയെങ്കിലും ഈ രാജ്യത്ത് ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട കന്യാസ്ത്രീകളെയെങ്കിലും അവര്‍ക്ക് ഓര്‍മിക്കാം. ക്രിസ്ത്യന്‍ വംശഹത്യയെ വിചാരധാരയിലടക്കം വളരെ വ്യക്തമായി പ്രഖ്യാപിച്ച് മുന്നിട്ടിറങ്ങിയ ഈ സംഘവുമായാണ് മുസ്ലിംകള്‍ക്കെതിരായി നീങ്ങാന്‍ ഇവര്‍ കൈകോര്‍ക്കുന്നത്. പശുഹത്യയുടെ പേരില്‍ വീട്ടില്‍ കയറിവന്ന് മുസ്ലിം സ്ത്രീകളെ കൊല്ലുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. അങ്ങനെയൊരു സാഹചര്യത്തില്‍ വെറുപ്പുല്‍പ്പാദിപ്പിക്കാന്‍ നേതൃത്വം കൊടുക്കുന്നത് യേശുവിന്റെ സമാധാനവും കാരുണ്യവും നിറഞ്ഞ മതത്തിലുള്പ്പെട്ടയാളുകളാകുന്നത് പരിതാപകരമാണ്.
കാസയുടെ പ്രവര്‍ത്തനങ്ങളുമായി തങ്ങള്‍ക്ക് ബന്ധമില്ല എന്ന് കേരളത്തിലെ സഭകള്‍ തുറന്നുപറയാന്‍ തയ്യാറാകണം. അല്ലെങ്കില്‍ കാസ പറയുന്നത് ഞങ്ങളുടെ നയമാണ് എന്ന് സഭകള്‍ തുറന്നു പ്രഖ്യാപിക്കണം. ഇതു രണ്ടിലേതെങ്കിലുമൊന്ന് പറഞ്ഞേ പറ്റൂ എന്നാണ് ഞങ്ങളുടെ ആവശ്യം.
കാസയുടെ പ്രവര്‍ത്തനത്തെ ആഗോള ഇസ്ലാമോഫോബിയയുടെ ഭാഗമായി തന്നെ കരുതുമ്പോഴും അതിലുപരി ഇവിടെ ശത്രുവുമായുള്ള പരസ്പര കൂട്ടുകെട്ടിലൂടെ മുസ്ലിംകള്ക്കെതിരെ നീങ്ങുക എന്നതാണ് നയം. ഹിന്ദുത്വയുടെ അജണ്ടകളെ പറ്റി വിവരവും ബോധവുമില്ലാത്ത കൂട്ടരല്ല ഇവിടുത്ത ക്രൈസ്തവ സമൂഹം. അവര്‍ക്ക് ഹിന്ദുത്വം ഏല്‍പ്പിച്ച മുറിവുകളെപ്പറ്റി ധാരണയുള്ളവര്‍ തന്നെയാണവര്‍. ക്രൈസ്തവരുടെ എത്രയോ ജീവകാരുണ്യ സ്ഥാപനങ്ങളാണ് ഹിന്ദുത്വര്‍ അടച്ചുപൂട്ടുന്നത്? എഫ്സിആര്‍എ പോലുള്ള വിദേശ ഫണ്ടിങ്ങുകള്‍ നിലച്ച സ്ഥാപനസംവിധാനങ്ങള്‍ നിരവധിയുണ്ട്. എത്രയോ ചര്‍ച്ചുകളാണ് ആക്രമി്ക്കപ്പെട്ടത്. ഇതെല്ലാം തങ്ങള്‍ക്കുതന്നെ തിരിച്ചടിയുണ്ടാക്കുമെന്ന് ഇവിടുത്തെ ക്രൈസ്തവ സമൂഹം ഓര്‍ക്കേണ്ടതാണ്. ഈ രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിന്നാല്‍ മാത്രമേ ഇവിടുത്തെ എല്ലാവര്ക്കും നിലനില്ക്കാന് കഴിയൂ.
(കാസക്കെതിരെ നിയമപോരാട്ടം നടത്തുന്ന സിറ്റിസൺ ഫോർ ഡെമോക്രസി എന്ന സംഘടനയുടെ പ്രതിനിധിയാണ് ലേഖക)