1976-ന്റെ തുടക്കത്തിലാണ് ഡല്‍ഹിയില്‍ കുടുംബാസൂത്രണ പരിപാടികള്‍ കടുപ്പിക്കുന്നത്. തലസ്ഥാന സൗന്ദര്യവല്‍ക്കരണമെന്നു വിളിക്കപ്പെട്ട പരിപാടികളുടെ കൂടെ അത് നടപ്പിലാക്കാന്‍ സജ്ഞയ് ഗാന്ധിയുടെ നേതൃത്വത്തില്‍ ഉത്തരവിറക്കി. യഥാര്‍ഥത്തില്‍ അവിടെ സംഭവിച്ചത് ആ ചേരികളും ജുഗ്ഗി-ജോംപുരി കോളനികളും ഒഴിപ്പിച്ച് അവിടുത്തെ നിവാസികളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുന്ന പ്രക്രിയയായിരുന്നു.
മുസ്‌ലിം ജനസംഖ്യയാല്‍ തിങ്ങിനിറഞ്ഞ പുരാതന ദില്ലിയുടെ പ്രദേശങ്ങളാണ് അടുത്തതായി ഉന്നമിട്ടത്. 1976-ന്റെ തുടക്കത്തില്‍ തന്നെ സജ്ഞയ് ഗാന്ധി ആ പ്രദേശം സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തദ്ദേശവാസികളുടെ മോശം സ്വീകരണത്തില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. താന്‍ നിന്നിരുന്ന സ്ഥലത്തു നിന്നും ജമാ മസ്ജിദിലേക്കുള്ള കാഴ്ച്ച തടസപ്പെടുത്തിക്കൊണ്ട് നിലനിന്നിരുന്ന തുര്‍ക്മാന്‍ ഗേറ്റിനു ചുറ്റുമുള്ള കെട്ടിടങ്ങളുടെ കാര്യത്തിലും അദ്ദേഹം സന്തുഷ്ടനായിരുന്നില്ല.
അങ്ങനെ അദ്ദേഹം മനസിലുറപ്പിച്ചു- തുർക്കുമാൻ ഗേറ്റിനു ചുറ്റുമുള്ള കെട്ടിടങ്ങളും ചേരികളും മറ്റ് നിര്‍മിതികളും നിലംപൊത്തിക്കണം. 1976 ഏപ്രില്‍ 13-നാണ് ഒരു ചെറു സംഘം പോലീസ് അകമ്പടിയോടെ ആദ്യത്തെ ബുള്‍ഡോസര്‍ തുര്‍ക്മാന്‍ ഗേറ്റിലെത്തുന്നത്. പൊതുജനങ്ങളില്‍ നിന്നും യാതൊരു എതിര്‍നീക്കവും കൂടാതെ പുറംഭാഗത്തെ ചില നിര്‍മിതികള്‍ പൊളിച്ചുനീക്കി. പിന്നീട് ഏപ്രില്‍ 15-ന് ഡല്‍ഹി ഗവര്‍ണറായിരുന്ന കൃഷന്‍ ചന്ദും സജ്ഞയ് ഗാന്ധിയും ചേര്‍ന്ന് ദുഞ്ചന ഹൗസ് കുടുംബാസൂത്രണ ക്യാംപ് ഉദ്ഘാടനം ചെയ്തു.
തുര്‍ക്മാന്‍ ഗേറ്റില്‍ നിന്നും നോക്കെത്തും ദൂരെ തന്നെയായിരുന്നു ദുഞ്ചന ഹൗസും. അതിവേഗം റിക്ഷാവാലകളെയും തെരുവ് കച്ചവടക്കാരെയും യാചകരെയും എന്തിനധികം അതിലൂടെ കടന്നുപോയവരെപ്പോലും ബലം പ്രയോഗിച്ച് പിടിച്ച് വന്ധ്യംകരണത്തിനായി ക്യാംപിലേക്കു കൊണ്ടുപോയി. തുടര്‍ന്നുള്ള ദിവസങ്ങളില്‍, സഞ്ജയ് ഗാന്ധിയുമായി ബന്ധമുണ്ടായിരുന്ന റുക്‌സാന സുല്‍ത്താന എന്ന സാമൂഹിക പ്രവര്‍ത്തക, തന്റെ സമുദായത്തിലെ സ്ത്രീ-പുരുഷന്‍മാരെ പണവും മറ്റാനുകൂല്യങ്ങള്‍ ലഭിക്കാന്‍ വന്ധ്യംകരണത്തിന് സന്നദ്ധമാകണമെന്ന് പറഞ്ഞ് സമ്മര്‍ദം ചെലുത്താന്‍ തുടങ്ങി.
പെട്ടെന്ന് സമ്മര്‍ദശ്രമങ്ങള്‍ ബലപ്രയോഗത്തിന് വഴിമാറി. ദിനേന നിശ്ചയിച്ച എണ്ണം തികയ്ക്കുന്നതിനായി പോലീസിനെ രംഗത്തിറക്കി. ജമാ മസ്ജിദ്, ചാന്ദ്‌നി ചൗക്, തുര്‍ക്മാന്‍ ഗേറ്റ് പ്രദേശവാസികള്‍ക്കിടയില്‍ രോഷം അണപൊട്ടി. ഒരു പൊതു പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യപ്പെട്ടു.
അതേസമയം തുര്‍ക്മാന്‍ ഗേറ്റിന് ചുറ്റുമുള്ള ഊടുവഴികളില്‍ താമസിച്ചിരുന്ന കൂടുതല്‍ സായുധശേഷിയുള്ള കയര്‍ ഫാക്ടറിയിലെ തൊഴിലാളികള്‍ ഒരു യോഗം വിളിച്ചു കൂട്ടി. ഇനിയുള്ള തകര്‍ക്കലുകള്‍ക്കെതിരെ ജനം ഒന്നായി തെരുവിലിറങ്ങി പ്രതിരോധിക്കണമെന്ന് ഐക്യകണ്‌ഠേന അവര്‍ തീരുമാനത്തിലെത്തിയിരുന്നു. പ്രദേശവാസികളുടെ ഏതു നീക്കത്തിനും പിന്തുണ കൊടുക്കാന്‍ ഇസ്‌ലാം, രാം സേവക്, അര്‍ജുന്‍ എന്നിവരോട് തങ്ങളുടെ പാര്‍ട്ടിയിലെ മറ്റംഗങ്ങള്‍ക്ക് നിര്‍ദേശം കൊടുക്കാനാവശ്യപ്പെട്ടു.
രാം സേവക് ഉടനെ യോഗത്തില്‍ നിന്നിറങ്ങി സീലംപൂരിലേക്ക് പുറപ്പെട്ടു. അദ്ദേഹം ക്രാന്തികാരി ഹരിജന്‍ സംഘിന്റെ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. രാം പ്രകാശ്, രാം ലാല്‍, ബിര്‍ജു എന്നീ മൂന്നു പേരെ മാത്രമേ അദ്ദേഹത്തിന് സംഘടിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ. തുര്‍ക്മാന്‍ ഗേറ്റിലെ സംഭവവികാസങ്ങള്‍ അദ്ദേഹമവര്‍ക്ക് വിവരിച്ചു കൊടുത്തു, തദ്ദേശവാസികളുടെ പ്രക്ഷോഭത്തിന് പിന്തുണ നല്‍കാന്‍ തന്റെ കൂടെ വരാനുള്ള സന്നദ്ധത ആരാഞ്ഞു. അവര്‍ ആവേശത്തോടെ സമ്മതിച്ചു.
അതേസമയം, ഹര്‍ഷ് താമസിച്ചിരുന്ന സുരക്ഷിത വീടുകളിലൊന്നിലേക്ക് ഇസ്‌ലാം കടന്നുചെന്നു. തുര്‍ക്മാന്‍ ഗേറ്റിന് താങ്കളുടെ കൈമിടുക്ക് ആവശ്യമുണ്ടെന്ന് അദ്ദേഹം തൻ്റെ ‘മേജറി’നെ അറിയിച്ചു. ഏപ്രില്‍ 17-ന് വൈകുന്നേരം സിപിഐ (എംഎല്‍) പ്രവര്‍ത്തകര്‍ തുര്‍ക്മാന്‍ ഗേറ്റില്‍ ഒളിച്ചുകയറി. ആസിഡ് ബള്‍ബുകളും പെട്രോള്‍ ബോംബുകളുമുണ്ടാക്കുന്ന വലിയ ജോലി ഹര്‍ഷ് പൂര്‍ത്തിയാക്കി. അസഫ് അലി റോഡിന്റെ അങ്ങേയറ്റത്തുള്ള ഫൈസെ ഇലാഹി പള്ളിക്കടുത്തുള്ള വീടുകളിലേക്ക് രാം ലാലിനെയും ബിര്‍ജുവിനെയും എത്തിച്ചു. രാം സേവക്, അര്‍ജുന്‍, ഓം പ്രകാശ് എന്നിവര്‍ തുർക്കുമാൻ ഗേറ്റ് പോലീസ് സ്‌റ്റേഷന്‍ നോക്കിക്കാണാവുന്ന ഒരു വീടിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയിലും നിലയുറപ്പിച്ചു.
ഏപ്രില്‍ 19-ന് ബുള്‍ഡോസറുകള്‍ വീണ്ടും കടന്നുവന്നു. ജനം ഇനിയുമത് സഹിക്കാന്‍ തയ്യാറായിരുന്നില്ല. പ്രക്ഷോഭകാരികള്‍ തെരുവിലേക്കിറങ്ങി വന്ന് ദുഞ്ചന ഹൗസ് പ്രദേശത്ത് ആക്രമണമഴിച്ചു വിട്ടു. പ്രക്ഷോഭത്തെ പോലീസ് ലാത്തിചാര്‍ജും കണ്ണീര്‍വാതകവും കൊണ്ട് നേരിട്ടു. ഉച്ചക്ക് 1.30-ഓടെ സ്ത്രീകളുടെയും കുട്ടികളുടെയും ഒരു വലിയ സംഘം തുര്‍ക്മാന്‍ ഗേറ്റിന്റെ മെയിന്‍ റോഡില്‍ ഒരുമിച്ചു കൂടി. പോലീസ് സ്ത്രീകളെ അറസ്റ്റു ചെയ്യാനും ജനക്കൂട്ടത്തിനു നേരെ ലാത്തിചാര്‍ജും ടിയര്‍ഗ്യാസും പ്രയോഗിക്കാനും തുടങ്ങി. ഒട്ടേറെ സത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കുകള്‍ പറ്റി.
അതുകണ്ട് കലിയിളകിയ പ്രക്ഷോഭകാരികള്‍ ഫൈസെ ഇലാഹി പള്ളിയുടെ മുന്നിലുള്ള പ്രദേശത്തേക്ക് എത്തുകയും തകര്‍ക്കപ്പെട്ട കെട്ടിടങ്ങള്‍ക്കു മുകളില്‍ ഇരിപ്പുറപ്പിക്കുകയും ചെയ്തു. അന്നേരം 5000 മുതല്‍ 6000 പേര്‍ വരെ അവിടെ തിങ്ങിക്കൂടിയിരുന്നു. പക്ഷെ അധികാരികള്‍ പിൻമാറാൻ തയ്യാറായിരുന്നില്ല. അവരെ ഒന്നുകൊണ്ടും തടയാന്‍ ആയില്ല. ബുള്‍ഡോസറുകള്‍ മുന്നോട്ടെടുക്കാന്‍ ഓര്‍ഡര്‍ കൊടുക്കപ്പെട്ടു. അതോടെ പ്രക്ഷോഭകാരികള്‍ തുരുതുരാ കല്ലെറിയാന്‍ തുടങ്ങി.
സംഘര്‍ഷം മൂര്‍ച്ചിച്ചു, പോലീസ് വെടിവെക്കാനാരംഭിച്ചു. വീടിന്റെ ബാല്‍ക്കണിയില്‍ തങ്ങിയിരുന്ന അര്‍ജുനും ഓംപ്രകാശും പ്രക്ഷോഭകാരികളില്‍ പലരും വെടി കൊണ്ട് വീഴുന്നത് നോക്കിക്കണ്ടു. ഇതിനെല്ലാമിടയില്‍ രാം ലാല്‍ ചാടിവീണ് ഒരു ബുള്‍ഡോസറിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. തല്‍ക്ഷണം അതിന് കത്തുപിടിച്ചു. ഡ്രൈവര്‍ ചാടിയിറങ്ങിയെങ്കിലും ജനക്കൂട്ടം അയാളെ താഴെയിട്ട് മര്‍ദിച്ചു. പോലീസ് രണ്ടാം റൗണ്ട് വെടിവെച്ചു. ബുള്‍ഡോസറിന് ചുറ്റുമുണ്ടായിരുന്ന പ്രക്ഷോഭകാരികളില്‍ പലര്‍ക്കും വെടിയേറ്റു. രാംലാൽ വേടിയേറ്റു വീഴുന്നത് അര്‍ജുനു ഓംപ്രകാശും തങ്ങളുടെ സുരക്ഷിതസ്ഥാനത്തു നിന്നും കണ്ടു.
പോലീസ് വർധിത വീര്യത്തോടെ മുന്നോട്ടാഞ്ഞു. ശേഷിച്ച പ്രക്ഷോഭകാരികള്‍ പിന്‍വാങ്ങുന്നത് വരെ പോലീസ് തുരുതുരാ വെടിവെച്ചു കൊണ്ടിരുന്നു. നില്‍ക്കുന്ന ഒരാളും അവിടെ അവശേഷിച്ചില്ല. മരിച്ചവരെയും പരിക്കേറ്റവരെയും കൊണ്ട് ആ പ്രദേശം നിറഞ്ഞു. രാംലാല്‍ മരിക്കാറായിരുന്നു.
രാംസേവകും, അര്‍ജുനും ഓംപ്രകാശും നിന്നിരുന്ന സ്ഥലത്തിനടുത്തായി, ഫൈസെ ഇലാഹി പള്ളിയുടെ പിന്‍ഭാഗത്തു കൂടെ മറ്റൊരാള്‍ക്കൂട്ടം ഉയര്‍ന്നു. അവരുടെ മുന്നില്‍ വളരെ കുറച്ച് പോലീസുകാര്‍ നിലയുറപ്പിച്ച തുര്‍ക്മാന്‍ ഗേറ്റ് ഓള്‍ഡ് പോലീസ് സ്‌റ്റേഷന്‍ ആയിരുന്നു ഉണ്ടായിരുന്നത്. രോഷാകുലരായ ജനം പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു, ഉണ്ടായിരുന്ന പോലീസുകാരെ പിന്തുടര്‍ന്ന് ആക്രമിച്ചു.
പക്ഷെ അവരുടെ വിജയം നീണ്ടുനിന്നില്ല. പോലീസ് സ്‌റ്റേഷന്‍ തിരിച്ചുപിടിക്കാന്‍ റിസര്‍വ്ഡ് പോലീസിന്റെയും ആംഡ് പോലീസിന്റെയും കൂടുതല്‍ സേനകള്‍ അസഫ് അലി റോഡ് എത്തിക്കഴിഞ്ഞിരുന്നു. വീടിനു മുകളില്‍ കഴിഞ്ഞിരുന്ന രാം സേവക്, ഓം പ്രകാശ് തുടങ്ങിയ പ്രക്ഷോഭകാരികള്‍ക്ക് ഇത് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കി. കല്ലുകളും ആസിഡ് ബള്‍ബുകളും അവര്‍ താഴേക്കെറിയാന്‍ തുടങ്ങി. പഴഞ്ചന്‍ ആയുധങ്ങളായിരുന്നെങ്കില്‍ കൂടിയും ഇരച്ചെത്തിയ പോലീസുകാരെ അത് വഴിമുടക്കി.
ഈ ആക്രമണം താങ്ങാനാവാതെ സ്‌റ്റേഷന് ചുറ്റുമുള്ള ഊടുവഴികളിലേക്ക് പോലീസ് പിന്‍വാങ്ങി. ഇതുകണ്ട ഓംപ്രകാശ് ആവേശപ്പുറത്ത് ബാല്‍ക്കണിയുടെ കൈവരിയില്‍ കയറിനിന്ന് പിന്‍മടങ്ങിയ പോലീസിനു നേര്‍ക്ക് പെട്രോള്‍ ബോംബെറിയാന്‍ തുടങ്ങി. ബാല്‍ക്കണിയിലെ പോരാളികളെ നോട്ടമിട്ട ഒരു പോലീസ് കമാൻ്റർ തന്റെ ആളുകളോട് വെടിവെക്കാന്‍ കല്‍പ്പിക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞില്ല. ഓംപ്രകാശിന്റെ നെഞ്ചില്‍ ഒരു ബുള്ളറ്റ് വന്നു തറച്ചു, അദ്ദേഹം ബാല്‍ക്കണിയുടെ തറയിലേക്ക് വന്നുപതിച്ചു.
ഓംപ്രകാശ് വീണിടത്തേക്ക് രാം സേവക് ഓടിയടുത്തു. സഹായത്തിനായി നിലവിളിച്ചു. തെരുവിലേക്കിറങ്ങി സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ പോയ അര്‍ജുനെ ധൃതിയില്‍ തിരികെ വിളിപ്പിച്ചു. ഓംപ്രകാശ് ചോരവാര്‍ന്ന് മരണവെപ്രാളത്തിൽ കിടക്കുകയായിരുന്നു. അര്‍ജുന്‍ തന്റെ കുര്‍ത്തയൂരി മുറിവില്‍ ശക്തിയായി കെട്ടി, പക്ഷെ രക്തം വാര്‍ന്നു കൊണ്ടിരുന്നു. അദ്ദേഹം പരിഭ്രാന്തിയിലായിരുന്നു. നിസ്സഹായത മുറ്റിയ ഓംപ്രകാശ് മരണത്തെ കൺമുന്നിൽ കണ്ടു.
അതേസമയം പോലീസ് മേല്‍ക്കൂര ലക്ഷ്യമാക്കി നിറയൊഴിക്കല്‍ തുടര്‍ന്നു. ബാല്‍ക്കണി മതിലുകളില്‍ ബുള്ളറ്റുകള്‍ പറന്നുനടന്നു പതിച്ചു. അര്‍ജുന്‍ ഓംപ്രകാശിന്റെ കൈ പിടിച്ചു. ആ വെടിവെപ്പിന്റെ മറപിടിച്ച് പോലീസ് മുന്നോട്ടു കുതിക്കുന്നത് അദ്ദേഹം കേട്ടു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലീസുകാരോട് അലറുന്നുണ്ടായിരുന്നു. ‘ആഗേ ബഠോ, ആഗേ ബഠോ! മാരോ സാലോം കോ! മാരോ! മാരോ’
രാം സേവകിനും അര്‍ജുനും എന്ത് ചെയ്യാന്‍ കഴിയും? പോലീസ് തങ്ങളെ അവിടെ വെച്ച് വെടിവെച്ചു കൊല്ലുമെന്നറിഞ്ഞു കൊണ്ട് അവസാനം വരെ തങ്ങളുടെ വിപ്ലവസഹചാരിക്കൊപ്പം നിലകൊള്ളണോ? അര്‍ജുന്‍ തന്റെ കൈയില്‍ ഓംപ്രകാശിന്റെ ചോര കണ്ട് തെല്ലൊന്ന് ഭയന്ന് കൈ പിന്‍വലിച്ചു. ഒരേയൊരു വഴി അവിടെ നിന്ന് തടിതപ്പലാണെന്ന് രണ്ടാളും തീരുമാനിച്ചു. അവര്‍ ബാല്‍ക്കണിയില്‍ നിന്ന് താഴെ നിലയിലേക്ക് ചാടി. അവിടെ നിന്ന് താഴെയിറങ്ങി തെരുവിലൂടെ ഓടാന്‍ തുടങ്ങി. അങ്ങോളമിങ്ങോളം വെടിവെപ്പായിരുന്നു.
സംഘര്‍ഷങ്ങള്‍ക്കിടയിലും അന്നു രാത്രി തന്നെ ഫ്‌ലഡ്‌ലൈറ്റ് വെളിച്ചത്തില്‍ തകര്‍ക്കല്‍ പൂര്‍ത്തിയാക്കാന്‍ ബുള്‍ഡോസര്‍ പടയെ അയച്ചു. മരിച്ചതും ജീവനുള്ളതുമായ എല്ലാ ശരീരങ്ങളെയും കെട്ടിടാവശഷിടങ്ങള്‍ക്കൊപ്പം ബുള്‍ഡോസറുകള്‍ മാന്തിയെടുത്ത് ദൂരെയുള്ള മാലിന്യക്കൂമ്പാരത്തില്‍ തള്ളി. യാതൊരു സഹതാപവും ദയയവും അവിടെയുണ്ടായില്ല. അടുത്ത പത്തു ദിവസങ്ങള്‍ കൂടി തകര്‍ക്കല്‍ നീണ്ടു. 400 പേരുടെ മരണവും ആയിരത്തോളം പേരുടെ പരിക്കും അന്വേഷണ സംഘങ്ങള്‍ രേഖപ്പെടുത്തി. വര്‍ഷങ്ങള്‍ക്കു ശേഷം ഈ സംഭവം പരിഗണിച്ച ഷാ കമ്മീഷന്‍ സഞ്ജയ് ഗാന്ധി, ജഗ്മോഹന്‍, തംത (മുന്‍സിപ്പല്‍ കോപ്പറേഷന്‍ കമ്മീഷണര്‍) ഭിന്തര്‍ (ഡെപ്യൂട്ടി ഐജി) തുടങ്ങിയവരെ തുര്‍ക്മാന്‍ ഗേറ്റിലെ സംഭവങ്ങൾക്ക് ഉത്തരവാദികളായി കണ്ടെത്തി. പക്ഷെ ആര്‍ക്കുമെതിരെ യാതൊരു നടപടിയുമുണ്ടായില്ല, സംഭവത്തില്‍ ആരും ശിക്ഷിക്കപ്പെട്ടിട്ടുമില്ല.

(The Struggle Within: A Memoir of the Emergency എന്ന പുസ്തകത്തിൽ രചയിതാവ് അശോക് ചക്രവർത്തി തുർക്കുമാൻ ഗേറ്റ് സംഭവത്തിലെ തൻ്റെ ഓർമകൾ കുറിച്ചിട്ട ഭാഗം വിവർത്തനം ചെയ്തത്. പബ്ലിഷർ- ഹാർപർ കോളിൻസ് ഇന്ത്യ)
വിവ: റമീസുദ്ദീൻ വി എം