സാമ്പത്തിക സിദ്ധാന്തത്തെക്കുറിച്ച പഠനത്തെ വിപ്ലവകരമായി സ്വാധീനിച്ച കൃതിയാണ് 1944-ല്‍ ഹംഗേറിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കാള്‍ പോളന്‍യി എഴുതിയ ‘ദ ഗ്രേറ്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍’. ഭരണകൂടവും കമ്പോളവും (Market) പരസ്പരം വിരുദ്ധ ചേരിയിലുള്ളവയല്ലെന്നാണ് ആ കൃതിയിലൂടെ പോളന്‍യി പറഞ്ഞുവെക്കുന്നത്. യഥാര്‍ഥത്തില്‍, കമ്പോളങ്ങളെ സൃഷ്ടിക്കുന്നത് ഭരണകൂടമാണ്. കമ്പോളങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുതകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചു കൊണ്ടാണ് ഭരണകൂടം ഇത് സാധ്യമാക്കുന്നത്. 19-ആം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജന്‍മംകൊണ്ട കമ്പോള സമ്പദ് വ്യവസ്ഥയ്ക്ക് (Market economy) ജന്മം കൊടുത്ത സാമൂഹിക-രാഷ്ട്രീയ ഗതിവിഗതികളെ പരാമര്‍ശിച്ചുകൊണ്ടാണ് ദ ഗ്രേറ്റ് ട്രാന്‍ഫോര്‍മേഷന്‍ എന്ന കൃതി വികസിക്കുന്നത്.
ഇന്ത്യ ഇന്ന് ഇന്ത്യയുടേതായ ഒരു ‘ഗ്രേറ്റ് ട്രാന്‍ഫോര്‍മേഷനി’ലൂടെയാണ് കടന്നുപോകുന്നത്. താഴേക്കിടയില്‍ വരെ വേരുറപ്പിച്ചുകൊണ്ട് ദിനേനയെന്നോണം നടക്കുന്ന കുറഞ്ഞതോതിലുള്ള ഹിംസകളിലൂടെയാണ് പുതിയ ഇന്ത്യയിൽ ഹിന്ദു ആള്‍ക്കൂട്ടങ്ങള്‍ അത് സാധ്യമാക്കുന്നത്.
ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ ഈ ഘട്ടം – പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കല്‍. വിദ്വേഷ പ്രസംഗങ്ങള്‍, യാതൊരു നിയന്ത്രണവുമില്ലാത്ത അക്രമഅഴിഞ്ഞാട്ടങ്ങള്‍ – ഒരു ചെസ്‌ബോര്‍ഡിലെ കട്ടകള്‍ പോലെ ഓരോ നീക്കത്തിനു മുമ്പും അതിന്റെ പരിണിത ഫലങ്ങള്‍ മുന്‍കൂട്ടി നിര്‍ണയിച്ച് ഉന്നതസ്ഥാനങ്ങളില്‍ നിന്ന് നേരിട്ട് നിയന്ത്രിക്കപ്പെടുന്നവയൊന്നുമല്ല. അങ്ങനെയാണെന്ന് വിശ്വസിക്കുന്നത് ഭരണത്തിലിരിക്കുന്നവര്‍ക്ക് അവരര്‍ഹിക്കാത്ത സര്‍വജ്ഞാനവും സര്‍വാധികാരവും കല്‍പ്പിച്ചു നല്‍കലാവും.
സാധു, സാധ്വി, സേനകളുടെ അനുദിനം വളരുന്ന കമ്പോളം
കമ്പോള പ്രതിഭാസവുമായാണ് (Market phenomena) ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സാമ്യം. വര്‍ഗീയ ആക്രമണങ്ങളെ ഇടക്കിടെ ഉണ്ടാകുന്നവ (Episodic) എന്നതില്‍ നിന്നും വ്യാപകവും പ്രാദേശികവുമായ പ്രതിഭാസമാക്കി മാറ്റുന്ന തരത്തിലാണ് ബിജെപി ഭരണകൂടം ഹിന്ദുത്വ ആളെക്കൂട്ടലിൻ്റെ (Mobilization) വമ്പന്‍ മാര്‍ക്കറ്റ് രൂപപ്പെടുത്തിയത്. ഒരു ബൗദ്ധിക പദ്ധതി വഴിയല്ല, മറിച്ച് അഴിഞ്ഞാടുന്ന ആള്‍ക്കൂട്ടങ്ങളെ ത്വരിതപ്പെടുത്തിയിട്ടുള്ള ‘ഹിന്ദു രാഷ്ട്രം’ ആണിത്. ഡല്‍ഹിയിലോ നാഗ്പൂരിലോ ഇരിക്കുന്ന വമ്പന്‍മാരെക്കൊണ്ടല്ല, മറിച്ച് മുസ്‌ലിംകളെ ‘വരച്ച വരയില്‍ നിര്‍ത്തുന്ന’തിനും അതിനു വേണ്ടി ഭരണകൂടം കല്‍പ്പിച്ചു നല്‍കുന്ന സാഹചര്യങ്ങളോട് കൃത്യമായി പ്രതികരിക്കുന്നതിനും തങ്ങളുടെതായ വഴികള്‍ വെട്ടിയ നഗര-ഗ്രാമവാസികളായ സാധാരണ ജനലക്ഷങ്ങളാണ് ഈ രാജ്യത്തെ മാറ്റിമറിക്കുന്നത്.
ഹിന്ദുത്വ ആളെക്കൂട്ടലിൻ്റെ ഈ തഴച്ചുവളരുന്ന കമ്പോളത്തില്‍ സാധു, സാധ്വി, സേന, സംഘ് എന്നീ വിഭാഗത്തിലുള്ള മതഭ്രാന്തിന്റെ പ്രാദേശിക പ്രയോക്താക്കള്‍ ഭരണകൂടം നല്‍കുന്ന ആനുകൂല്യങ്ങളെ ചൂഷണം ചെയ്യുന്നതിലും തങ്ങളുടെ കമ്പോള നിലവാരം മെച്ചപ്പെടുത്തുന്നതിലും പരസ്പരം മത്സരിക്കുകയാണ്. ഏതൊരു തഴച്ചുവളരുന്ന കമ്പോളത്തിലെയും തലമുതിര്‍ന്ന അംഗങ്ങളെപ്പോലെ ആര്‍എസ്എസും അതിനോട് കൂടെയുള്ള ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്, ഹിന്ദു ജാഗരണ്‍ മഞ്ച് എന്നിവര്‍ വിഘടിച്ച് തങ്ങളുടെതായ ചെറു ഹിന്ദുസായുധ സംഘങ്ങള്‍ തുടങ്ങുന്നു. അവയുടെ പേരുകളെല്ലാം ഓര്‍ത്തിരിക്കുക വിഷമകരമാണ്. ഉദാഹരണത്തിന്. ആഗ്രയില്‍ ലൗ ജിഹാദ് ആരോപിച്ച് മുസ്‌ലിം വീടുകള്‍ക്ക് തീവെച്ച സംഘത്തെ വിളിക്കുന്നത് ധറം ജാഗ്രണ്‍ സാമാന്‍വായ് സംഘ് എന്നാണ്. പ്രാദേശിക രാഷ്ട്രീയത്തില്‍ അധികാരത്തിനും സ്വാധീനത്തിനും വേണ്ടി മത്സരിക്കുന്ന സംഘങ്ങളെക്കാള്‍ ഒരു പടി മുന്നിലാണ് ആര്‍എസ്എസുമായി അതിന്റെ ഔപചാരിക പോഷകഘടകങ്ങളെക്കാളുമധികം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഈ പുത്തന്‍ ആള്‍ക്കൂട്ടങ്ങള്‍.
ഈ സായുധസംഘങ്ങളുടെ നേതാക്കള്‍ പ്രാദേശിക സെലിബ്രിറ്റികളോ സ്ഥലത്തെ പ്രധാനികളോ ആവും. അവര്‍ ഔദ്യോഗിക രാഷ്ട്രീയത്തിലൂടെ തങ്ങളുടെ ജീവിതകാലം കൊണ്ട് മാത്രം ആര്‍ജിക്കാവുന്ന സ്ഥാനമാനങ്ങളും രാഷ്ട്രീയ അപ്രമാദിത്വവും ഇതുവഴി വളരെ എളുപ്പത്തില്‍ കരസ്ഥമാക്കുന്നു.
വര്‍ഗീയപ്പാട്ടുകള്‍ക്ക് ആടിത്തിമിര്‍ത്തും വാള്‍ ചുഴറ്റിയും മാനസികാശ്വാസം കണ്ടെത്തുന്ന തൊഴില്‍രഹിതരുടെ ഒരു സൈന്യമാണ് അവരുടെ പിന്നില്‍ അണിനിരക്കുന്നത്. ചിലപ്പോള്‍, ഗോരക്ഷകർ ചെയ്യുന്ന പോലെ ഭരണകൂടത്തിന്‌റെ പിന്തുണയുടെയും ഒത്താശയുടെയും മറവില്‍ കൊള്ളസംഘങ്ങളെപ്പോലെ ട്രക്കുകള്‍ തട്ടിയെടുത്ത് കൈക്കൂലി വാങ്ങി തിരികെനല്‍കുന്ന ചൂഷണസംഘങ്ങളായി അവര്‍ പ്രവര്‍ത്തിക്കുന്നു.
ഒരു പൊള്ളയായ, അഴകൊഴമ്പന്‍ ഭരണകൂടം
ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ കമ്പോളത്തെ ബിജെപി സൃഷ്ടിച്ചതെങ്ങനെ?
കലുഷിതമായ ഒരു പരമാധികാരത്തെ രാജ്യത്ത് സ്ഥാപിച്ചുകൊണ്ട് ഭരണനിർവഹണത്തിൻ്റെ ചട്ടക്കൂടിനെ അവര്‍ ആദ്യം ദുര്‍ബലമാക്കി. ഭരണത്തിന്റെ ബാഹ്യരൂപം ഒന്നുതന്നെയാണെങ്കിലും, ബി.ജെ.പി.യുടെ രാഷ്ട്രീയ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനായി നിയമവാഴ്ചയെയും തുല്യപൗരത്വത്തിന്റെ തത്വങ്ങളെയും തുരങ്കം വയ്ക്കാന്‍ ബ്യൂറോക്രസിയിലെ പ്രധാന ഉദ്യോഗസ്ഥര്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന തരത്തില്‍ രാഷ്ട്രീയ സംസ്‌കാരം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു.
നിസാരകുറ്റം ചുമത്തപ്പെട്ടവര്‍ക്ക് ജാമ്യമനുവദിച്ച ജഡ്ജിമാരെയും, നടപടികക്രമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് വീടുകള്‍ ബുള്‍ഡോസ് ചെയ്യാന്‍ വിസമ്മതിക്കുന്ന പോലീസുകാരെയും ഉദ്യോഗസ്ഥരെയും കുറിച്ച് ചിന്തിക്കുക തന്നെ പ്രയാസമാണ്. ഭരണകൂടത്തിന്റെ താല്‍പര്യസംരക്ഷണത്തിനു വേണ്ടി നിയമവും ചട്ടവും അവഗണിക്കുന്നത് ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശീലമായിക്കഴിഞ്ഞു.
വിദ്വേഷ പ്രസംഗങ്ങള്‍ വ്യാപിപ്പിക്കാനും അവ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും, പ്രകടനങ്ങള്‍ നടത്താനും ഹിന്ദുത്വ സംഘടനകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കുക മാത്രമല്ല, അവര്‍ക്ക് ആ ആക്രമണങ്ങളുടെ മേല്‍ സമ്പൂര്‍ണാധികാരം വകവെച്ചുനല്‍കുക കൂടി ചെയ്യുകയാണ് ഭരണകൂടം. അധികാരത്തിന്റേ ശക്തി എവിടെയാണ് ബാലന്‍സ് ചെയ്യപ്പെടുന്നതെന്നറിയാന്‍ പ്രാദേശിക ഹിന്ദുത്വ നേതാക്കളോടുള്ള പോലീസുകാരുടെ പെരുമാറ്റത്തെ മാത്രം നോക്കിയാല്‍ മതി. അഭിവന്ദ്യരായ രാഷ്ട്രീയ നേതാക്കളോട് ഇടപെടാറുള്ളത് പോലെ ശ്രദ്ധയോടെ താഴ്മയായി ആയിരിക്കും അവര്‍ സംസാരിക്കുക. ഇത്തരമൊരു പൊള്ളയായ, ദുര്‍ബലമായ ഭരണസംവിധാനത്തില്‍ ഹിന്ദുത്വ ശ്കതികള്‍ എങ്ങനെ ഇത്തരത്തിൽ പ്രവര്‍ത്തിക്കാതിരിക്കും?
ആള്‍ക്കൂട്ടം പ്രതിസന്ധിയുണ്ടാക്കുന്നതെങ്ങനെ?
രാഷ്ട്രീയ വ്യവസ്ഥയില്‍ ഒരു പ്രത്യേകമായ അജണ്ട രൂപീകരിക്കുന്നതിനുള്ള പ്രധാന ഘടകമായി പ്രവര്‍ത്തിക്കുന്നതിനായി ഈ ഹിന്ദുത്വ സംഘടനകളെ ബിജെപി അവരുടെ ഭരണത്തില്‍ ഒപ്പം കൂട്ടിയിരിക്കുകയാണ്. ഇക്കഴിഞ്ഞ മാസങ്ങളില്‍ ഹിജാബ്, ഹലാല്‍. ബാങ്ക് പോലുള്ള വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവരെ സഹായിച്ചത് ഈ സംഘടനകളാണ്. ഹിന്ദുത്വ സംഘടനകൾ ഈ വിഷയങ്ങളിൽ സ്വീകരിച്ച തീവ്രസമീപനങ്ങളാണ് പൊതുവായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇന്ധനമായത്. നാടകീയമായ അത്തരം ആരോപണങ്ങളിലൂടെ ജനശ്രദ്ധ തിരിച്ചുവിട്ടു കൊണ്ട് ഒരു പ്രതിസന്ധിയുടെ പ്രതീതിയുണ്ടാക്കി. ഹിന്ദുത്വ ശ്കതികളുടെ പക്ഷത്ത് ഭരണകൂടം നിര്‍ബാധം ചേരുന്നതോടെ ഭരണകൂട ഇടപെടലിലൂടെ പ്രശ്‌നം പരിഹരിക്കുകയും തീര്‍പ്പാക്കുകയും ചെയ്തു എന്നു വരുത്തുന്നു.
ഹിജാബ് വിവാദത്തില്‍ സംഭവിച്ചത് അതാണ്. തെരുവിലെ ആവശ്യങ്ങള്‍ക്ക് ഭരണകൂടം നിയമം വഴി സാധൂകരണം നല്‍കി. ഹിന്ദുത്വ സംഘടനകളുടെ ഈ അജണ്ട നിര്‍മിക്കല്‍ ശക്തി വഴി തെരുവ് തെമ്മാടികളില്‍ നിന്നും ആദരണീയരായ രാഷ്ട്രീയക്കാരിലേക്കു വരെ അവരുടെ അധികാരത്തെ വ്യാപിപ്പിക്കാന്‍ കഴിയുന്നു.
ഈ സ്വയം നിര്‍മിത അക്രമങ്ങള്‍ തിരിച്ചടിക്കുമോ?
എന്നാല്‍, ഭരണത്തിലുള്ള ബി.ജെ.പി.യുമായി എല്ലായ്പ്പോഴും ഹിന്ദുത്വ സംഘടനകള്‍ അത്ര സ്വരച്ചേര്‍ച്ചയോടെ ഒത്തുപോകാറില്ല. സ്വയം പ്രേരണകളുള്ള രാഷ്ട്രീയജീവികള്‍ കൂടിയാണ് അവര്‍; അവരുടെ സ്വാധീനവും പ്രസക്തിയും ഉറപ്പിക്കാന്‍ പലപ്പോഴും സ്വന്തം മുന്‍കൈയില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ രാഷ്ട്രീയജീവികളെയും പോലെ അവരും സ്വയംഭരണാധികാര കേന്ദ്രങ്ങളാകാന്‍ ശ്രമിക്കുന്നു. ഭാവിയില്‍ ബിജെപി നേരിടാൻ പോകുന്ന വെല്ലുവിളി, രാഷ്ട്രീയമായി തങ്ങൾക്ക് പ്രയോജനപ്പെടാവുന്ന തലങ്ങളിലേക്ക് അത്തരം സംഘങ്ങൾ വിതയ്ക്കുന്ന അരാജകത്വത്തിന്റെയും അക്രമത്തിന്റെയും ഡയല്‍ നിയന്ത്രിക്കുക എന്നതായിരിക്കും.
ഹിന്ദുത്വ ആളെക്കൂട്ടലിൽ അന്തര്‍ലീനമായ കമ്പോള ചലനാത്മകതയിലാണ് ഈ വെല്ലുവിളി സങ്കീര്‍ണമാകുക- ഭരണകൂടപിന്തുണയില്‍ മുന്‍നിരയിലെത്താനും പ്രാദേശിക വിഭവങ്ങള്‍ കൈയെത്തിപ്പിടിക്കാനും പരസ്പരം മത്സരിക്കുന്ന ഇത്തരം ചെറുസംഘങ്ങളുണ്ടാക്കുന്ന സംവിധാനം കൂടുതല്‍ നാടകീയമായി ആള്‍ക്കൂട്ടങ്ങളെ തെരഞ്ഞെടുക്കും, അതിന്റെ അക്രമം നിറഞ്ഞ ചക്രത്തിന് അത് ആക്കം കൂട്ടും. ഈ സംഘങ്ങളെ മാറ്റിനിർത്തുന്നതും അവരുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതും ഭയന്നു കൊണ്ട്, തങ്ങളുടെ അധികാരത്തെ പുനഃപ്രതിഷ്ഠിക്കാന്‍ ബിജെപി നന്നായി വിയര്‍ക്കും. സാധാരണക്കാരായ ഹിന്ദുക്കളുടെ ജീവിതത്തെ ഈ അക്രമങ്ങള്‍ ബാധിച്ചു തുടങ്ങുന്നതോടെ ഹിന്ദുത്വ ആള്‍ക്കൂട്ട കമ്പോളത്തിന്റെ അദൃശ്യകരങ്ങള്‍ക്ക് പകരമായി രാഷ്ട്രീയമായി എന്തു വിലയൊടുക്കേണ്ടി വരുമെന്ന് ബിജെപി തിരിച്ചറിയും.
മുസ്‌ലിംകളുടെ പിന്നാലെ നിത്യേന കുന്തമുന
ഒരു സ്ഥിരമായ രാഷ്ട്രീയ ഹിന്ദു ഭൂരിപക്ഷത്തെ കെട്ടിയുണ്ടാക്കാൻ ബിജെപിക്ക് നിലവില്‍ ഈ ഹിന്ദുത്വ സംഘടനകളുടെ അജണ്ട നിര്‍മാണവും അക്രമപരിപാടികളും കൂടിയേ തീരൂ. എന്നാല്‍ ഹിന്ദു ഭൂരിപക്ഷത്തിലെ ഒരു വിഭാഗം ഇതിൽ ആവേശം കൊള്ളുകയും മറ്റൊരു വിഭാഗം മുസ്‌ലിം പൈശാചികവല്‍ക്കരണത്തോട് വിമുഖതയുള്ളവരും മറ്റു സാമ്പത്തിക, രാഷ്ട്രീയ താല്‍പര്യങ്ങള്‍ പുലര്‍ത്തുന്നവരുമായി തുടരവെ, ഈ പദ്ധതി പൂർത്തിയാക്കാൻ ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടി വരുമെന്നാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വ്യാപകമായി നടത്തുന്നതിലൂടെ മനസിലാകുന്നത് .
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഈ സ്ഥായിയായ വര്‍ഗീയ സംഘര്‍ഷാവസ്ഥ ഒരു പുതിയ യാഥാര്‍ത്ഥ്യമാണ്. അവര്‍ മുമ്പ് സാമുദായിക സംഘര്‍ഷങ്ങള്‍ നേരിട്ടിട്ടുണ്ട്, പക്ഷെ അവ സ്ഥല, സമയ വ്യത്യാസങ്ങളുണ്ടായിരുന്നതും സമാധാനവും പ്രതീക്ഷയും നിറഞ്ഞ നീണ്ട ഇടവേളകളുള്ളതുമായിരുന്നു. പക്ഷെ അവരിന്ന് ഒരു അനിശ്ചിതമായ ഭാവിയെയാണ് അഭിമുഖീകരിക്കുന്നത്. അവരുടെ പിറകെ എപ്പോഴൊമൊരു കുന്തമുനയുണ്ടെന്ന അസ്വസ്ഥജനകമായ തോന്നലുമായാണ് ജീവിക്കുന്നത്. പലരും ആ കുന്തമുനയെ പ്രതി ജാഗരൂകരുമാണ്.
Courtesy: The Quint
വിവ: റമീസുദ്ദീൻ വി എം