ബിനു പള്ളിപ്പാട്: പള്ളിയും പാടവും പുത്തിയും ഉണരുന്ന പുത്തന്‍പാട്ടുകള്‍

സമകാലിക ദലിത് സാഹിത്യത്തേയും കവിതയേയും പൊതു സാമൂഹിക-സാംസ്കാരിക വ്യവഹാരങ്ങളേയും ജീവിത എഴുത്തിലൂടെ ആഴത്തിൽ മാറ്റിമറിച്ച കവിയും ചിത്രകാരനും പുല്ലാങ്കുഴൽ വാദകനുമായിരുന്നു ഇന്നന്തരിച്ച ബിനു എം. പള്ളിപ്പാട്. 1974 ൽ ആലപ്പുഴ ജില്ലയിലുള്ള പഴയ അരിപ്പാടായ ഇന്നത്തെ ഹരിപ്പാടിനടുത്തുള്ള പള്ളിപ്പാട്ടാണ് ജനനം. ദലിതവസ്ഥകളിലൂടെയും ജീവിത സമര പരമ്പരകളിലൂടെയും എഴുത്തിലും ചിത്രത്തിലും ഓടക്കുഴൽവിളിയിലുമെല്ലാം സാമൂഹികമായ നൈതികതയെ ആർദ്രമായി മുഴക്കിയ കരുണാർദ്രനും, സങ്കടക്കടൽ നീന്തിയ കലാകാരനുമായിരുന്നു അദ്ദേഹം. ഏറെ സഹനം ചെയ്ത്, തൻ്റെ അവസാനകവിതകളിലൊന്നായ ‘അനസ്തേഷ്യ’യിൽ വിവരിക്കുന്ന പോലെ ഒട്ടേറെ ദുരിതം തിന്നായിരുന്നു അദ്ദേഹം കടന്നു പോയത്.

കേരളവും ഇന്ത്യയും ലോകവും പള്ളിപ്പാടൻ ചുറ്റിസഞ്ചരിച്ചിട്ടുണ്ട്. വംഗദേശത്തെ ബാവുൽ ഗായകരും വടക്കനിന്ത്യയിലെ സൂഫി ഗായക സംഘങ്ങളും അദ്ദേഹത്തിനു പരിചിതമായിരുന്നു. പാടിയുമാടിയും വരച്ചും കുറിച്ചും പൊലിഞ്ഞ ജീവിതം. തേക്കടിയിലെ ടൂറിസാനുബന്ധ ജീവിത കാലത്തും സംഗീതം ഉപജീവനവും അതിജീവന ഓഷധിയുമായി ആ കലാകാരനെ താങ്ങി നിർത്തി. പുറന്തള്ളലിൻറേയും പുറമ്പോക്കിൻറെയും, നിശിതമായ സാമൂഹ്യ ശ്രേണീകൃത സാമാന്യ ബോധങ്ങളുടേയും ഇരുട്ടും കാഠിന്യവും അദ്ദേഹത്തെ നിരവധി തവണ ഹതാശനാക്കിയിട്ടുണ്ട്. കവിതയിൽ നിറയുന്ന വിഷാദ ഛായയും സങ്കട സത്യത്തെ കുറിച്ചുള്ള നൈതിക തത്വവിചാരവും പ്രാന്തങ്ങളുടെ അനുഭവലോകത്തേയും അടിത്തട്ടു ജീവിതത്തേയും മുഖ്യധാരാ സാഹിത്യ സംസ്കാര സമീക്ഷയിലേക്കു ശക്തമായി കുടിയിരുത്തി.

കുയിലുകളും മുണ്ടക്കോഴിയും ചെറുജീവാജീവജാലങ്ങളും നിറയുന്ന ചാർക്കോൾ ചിത്രങ്ങളെന്ന പോലെയുള്ള ഇരുണ്ട ഒരു ലോകമാണ് ബിനു വളരെ ആർദ്രമായി ആഴത്തിൽ ഉണർത്തിയെടുക്കുന്നത്. ആദ്യ സമാഹാരം തന്നെ ഒരു ചിത്രകാരിയുടെ പാലറ്റായാണ് ഉരുവം കൊണ്ട് പേരിട്ടു വന്നത്. പേരും ഊരും തൊഴിലും ഉരിയാടുന്ന ഉറച്ച വാങ്മയമായി കേരള ആധുനികതയുടെ വിമർശവും പ്രാദേശികമായ പകർച്ചയും അതു രേഖപ്പെടുത്തുന്നു. ആധുനികോത്തരം എന്നു വ്യവഹരിക്കുന്ന ചെറിയ ശകലിതാഖ്യാനങ്ങളിലൂടെ കവിതയെ സമകാലികമായി മാറ്റിയെഴുതിയ ദലിത് കവികളിൽ പ്രധാനിയായി അദ്ദേഹം മാറി. തമിളകത്തെ പെൺ കവിതകൾ മൊഴിമാറ്റാനും കരുത്തു കാട്ടി. അയ്യോതീ താസരുടെ പ്രബുദ്ധ ഇന്ദിരർ ദേസമായ തമിളകത്തേക്കു അപ്പച്ചനെ നയിച്ചതും പള്ളിപ്പാടനാണ്.

പ്രാദേശികതയും ജൈവപ്രകൃതിയുടെ സൂക്ഷ്മാവിഷ്കാരവും പരിയമ്പുറങ്ങളുടെ മൂകതയും പുറന്തള്ളലും ശക്തമായി ആവിഷ്ക്കരിക്കുന്ന കവിതകളിലൂടെ അദ്ദേഹം കുട്ടനാടിനേയും മധ്യ തിരുവിതാംകൂറിനേയും കുറിച്ചുള്ള ഫ്യൂഡൽ ഗൃഹാതുര പ്രബലാഖ്യാനങ്ങളെ അലോസരപ്പെടുത്തി. നവോത്ഥാന ആധുനികതയുടെ അടിത്തട്ടു ശബ്ദമായ പൊയ്കയിൽ അപ്പച്ചൻ്റെ പാട്ടുകളെ തമിഴിലേക്കു മൊഴിമാറ്റിയ എം. ഡി. രാജ്കുമാറുമായി ചേർന്നു വലിയ സാഹിത്യ പരിശ്രമങ്ങൾ നടത്തി. ഓക്സ്ഫഡ് ദലിതെഴുത്തു സമാഹാരത്തിലും അദ്ദേഹം 2012-ഓടെ ഇടം കൊണ്ടു. 2008-ൽ മുംബൈ വികാസ് അധ്യയൻ കേന്ദ്രം പുറത്തിറക്കിയ റൈറ്റിങ് ഇൻ ദ ഡാർക് എന്ന കേരള ദലിത് കവിതകളുടെ ആദ്യ ആംഗല സമാഹാരത്തിലൂടെയാണ് പള്ളിപ്പാടരുടെ രചനകൾ ആദ്യമായി ആംഗല ഭാഷയിലൂടെ ലോക ശ്രദ്ധയിലേക്കു വന്നത്. ജോർജ് അലക്സും എം. ബി. മനോജും എഡിറ്റു ചെയ്ത ആ പുത്തകത്തിലെ അമ്പതോളം സമകാലിക കവിതകളുടെ വിവർത്തനം നിർവഹിച്ചത് ഈ ലേഖകനായിരുന്നു.

നാടകവും സിനിമയും യാത്രയും ഇഷ്ടപ്പെട്ട ബിനു ചലച്ചിത്ര മേളകളിൽ നിരന്തരം സമകാലിക സിനിമകൾ കാണുകയും സജീവമായ സംവാദങ്ങളും ചർച്ചകളും നടത്തുകയും ചെയ്തു പോന്നു. ഏറെ മുതിർന്ന ഒരു എഴുത്തു ഘട്ടത്തിലേക്കു കടക്കുന്ന സന്ദർഭത്തിൽ അവിചാരിതമായി നമ്മെ വിട്ടുപോയ കൂട്ടുകാരൻ നമ്മെ നടുക്കി നിരാശ്രയരാക്കുന്നു. ആദ്ദേഹം പലപ്പോഴും പാടിയ പോലെ ആറ്റുമാലിയിൽ ഞാൻ പോകുമെന്ന് നമ്മുടെ ഉള്ളിലൂടെ പള്ളിപ്പാട്ടുകളും പറച്ചിലുകളും നിലവിളിക്കുകയാണ്… തോരാത്ത പെയ്ത്തായി പോയി.

മരുതവും നെയ്തലും കലരുന്ന തിണയാണീ പ്രബുദ്ധനായ കവിയിൽ കാണുന്നത്. ആറ്റുമാലിയെന്ന ആറ്റിറമ്പുകളും എക്കൽതടങ്ങളുമാണ് കവിയുടെ ഭാവനാ ഭൂപടവും ആഖ്യാനസ്ഥലിയും ഭാഷണ ഭൂമികയും. ബൃഹദാഖ്യാനങ്ങളെ ഛേദിക്കുന്ന കുറിയ കുറുകിയ ലാവണ്യശാസ്ത്രവും രാഷ്ട്രീയവും അതിലുടനീളം ചളിമീനുകളെ പോലെ തുടിക്കുന്നു. അവ തണ്ണീർത്തടങ്ങളിലെ ഉഭയജീവിത നേർക്കാഴ്ച്ചകളും നോട്ടങ്ങളും കാലങ്ങളും തരുന്നു. ദൃശ്യമാണീ കവിതകൾ. അവ പിടയ്ക്കുകയാണ്. സിനിമാറ്റിക്കും ചിത്രണരതിയുണർത്തുന്നതുമായ കരിയും കലർപ്പും കുട്ടനാട്ടിലെ ചേറും ചിറയും പോലെ നാമനുഭവിക്കും. സഹോദരനയ്യപ്പൻറെ മിശ്രവും മൂലൂരിൻ പുലവൃത്തങ്ങളും ധമ്മപദവും കുറുമ്പൻ ദൈവത്താരുടെ ശബ്ദവും കറുപ്പൻമാഷുടെ ജാതിക്കുമ്മിയുമോർക്കുന്ന പാഠാന്തരമായ കവിതയാണിത്. അതു വാഴ്ക. പള്ളിപ്പാട്ടുകൾ മുഴങ്ങട്ടേ… പൊയ്കയുടെ പാട്ടു പോലെ അതിനന്ത്യമില്ല…

By ഡോ. അജയ് ശേഖർ

Faculty, Sanskrit University Kalady