- യുക്രെയ്നിൽ ‘നീലക്കണ്ണുകളും സ്വര്‍ണത്തലമുടിയുമുള്ള യൂറോപ്യന്‍മാരാണ് കൊല്ലപ്പെടുന്നത്’, ഫലസ്തീനികളാകട്ടെ ഇരുനിറമുള്ള അറബികളാണ്.
പാഠം ഒന്ന്, വേദനയും ദുരിതവും വര്‍ണത്തിന്റെയടിസ്ഥാനത്തിലാണ് കണക്കാക്കപ്പെടുന്നത്; 2022-ലും വംശം മുഖ്യം. - അഫ്ഗാനിസ്ഥാനും ഇറാഖും സൊമാലിയയും സിറിയയുമെല്ലാം പോലെ ഫലസ്തീനിലും അക്രമസംഭവങ്ങള്‍ ഒരു പുതുമയല്ല. മരണം അവരുടെ സംസ്‌കാരത്തില്‍ ‘അലിഞ്ഞുചേര്‍ന്നിരിക്കുന്നു’. എന്നാല്‍ യുക്രൈന്‍ വളരെ ആധുനികവും പരിഷ്‌കൃതവുമായ ഒരു ‘യൂറോപ്യന്‍ നഗര’മായതു കൊണ്ട് ഇത്തരം സംഭവങ്ങള്‍ അവിടെ സംഭവിക്കാവതല്ല.
പാഠം രണ്ട്, പുറത്താക്കലിന്റെയും വിസ്മരിക്കലിന്റെയും മായ്ച്ചുകളയലിന്റെയുമെല്ലാം നീണ്ട പരമ്പരയാണ് ആധുനിക, യൂറോപ്യന്‍ ചരിത്രത്തിനുള്ളത്. - സേനയിലല്ലാത്ത സാധാരണ ജനങ്ങളും യുക്രെയ്നില്‍ പോരാട്ടത്തിനിറങ്ങുന്നത് വീരപ്രവൃത്തിയാകുന്നു, തീര്‍ച്ചയായും അങ്ങനെ തന്നെയാണ്. പക്ഷെ കുടിയേറ്റ കൊളോണിയലിസത്തിനും അപാര്‍തീഡിനുമെതിരെ സന്നദ്ധസേവകരായി ഇറങ്ങുന്നതിനെ യൂറോപ്യന്‍ ശക്തികള്‍ ‘ഭീകരത’യായി വ്യാഖ്യാനിക്കും.
പാഠം മൂന്ന്, എന്തെല്ലാം വീരപ്രവൃത്തി ചെയ്താലും ഫലസ്തീനികള്‍ പൈശാചികവല്‍ക്കരിക്കപ്പെടും. - റഷ്യന്‍ സേനയുടെ മുന്നേറ്റത്തിന് തടയിടാന്‍ പാലം തകർക്കുന്നതിനായി ഒരു യുക്രെയ്ന്‍ സൈനികന്‍ ചാവേറായി പൊട്ടിത്തെറിച്ചു. അദ്ദേഹത്തിന്റെ ത്യാഗത്തെ ആഘോഷിക്കപ്പെട്ടു.
പാഠം നാല്, ഫലസ്തീനിയായി എന്ന പേരില്‍ പോലും ഫലസ്തീനികൾ പൈശാചികവല്‍ക്കരിക്കപ്പെടുകയും അവരുടെ എല്ലാത്തരം പ്രതിരോധ ശ്രമങ്ങളെയും ഭീകരതയായി ചിത്രീകരിക്കുകയും ചെയ്യുന്നു. - കായികതാരങ്ങളും ടീമുകളും യുക്രെയ്നിയന്‍ പതാകയേന്തി ഐക്യദാര്‍ഢ്യ പ്രകടനം നടത്തുന്നു, ഇലക്ട്രോണിക് ബോര്‍ഡുകളില്‍ ഐക്യദാര്‍ഢ്യ സന്ദേശങ്ങള്‍ എഴുതി കളിമൈതാനത്ത് ഉയര്‍ത്തിക്കാണിക്കുന്നു; ഇതെല്ലാം വളരെ ആശാവഹമാണെന്നു മാത്രമല്ല കളിക്കാര്‍ക്ക് അതിനുള്ള അവകാശവുമുണ്ട്. എന്നാല്‍, മതകീയ-വംശീയ വേര്‍തിരിവിന്റെ പേരിലെ അപാര്‍തീഡ് ഉള്‍ച്ചേര്‍ന്ന കുടിയേറ്റ കൊളോണിയല്‍ അധിനിവേശത്തിനു കീഴില്‍ ജീവിക്കുന്ന ഫലസ്തീനികള്‍ക്ക് പിന്തുണയറിയിച്ച് കായികതാരങ്ങള്‍ രംഗത്തു വരുന്നതിനെ വേറെ തന്നെ കാണുന്നു.
പാഠം അഞ്ച്, ആരാധകര്‍ ഫലസ്തീന്‍ പതാകയേന്തുന്ന സന്ദര്‍ഭങ്ങളിലുള്‍പ്പെടെ ഫലസ്തീന് പിന്തുണയറിയിച്ച് ആരെല്ലാം പ്രകടനങ്ങള്‍ നടത്തിയാലും അധികാരി വൃന്ദം പിഴയും ശിക്ഷാനടപടികളും (റെഡ് കാര്‍ഡ്) ചുമത്തും. - റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ ആയുധങ്ങള്‍ ആവശ്യപ്പെടുന്നത് അവിടുത്തെ ജനങ്ങളുടെ മൗലികാവകാശമായി എണ്ണപ്പെടുകയും അതിനു പിന്തുണ ലഭിക്കുകയും ചെയ്യും. ഫലസ്തീനികള്‍ക്ക് പിന്തുണയറിയിച്ച് ആര് ആയുധസാമഗ്രികള്‍ അയച്ചുകൊടുത്ത് ചെറുത്ത് നില്‍പ്പ് ശക്തിപ്പെടുത്തിയാലും അതിനെ കുറ്റകരമായിക്കാണുകയും ആയുധപിന്തുണ നല്‍കിയതിന്റെ പേരില്‍ പ്രത്യേക നിയമം ചുമത്തി ജയിലിലടക്കുകയും ചെയ്‌തേക്കും.
പാഠം ആറ്, ഫലസ്തീനികള്‍ക്ക് സ്വയം ചെറുത്ത് നില്‍പ്പിന് അവകാശമില്ല. അധിനിവേശത്തെ അവര്‍ ഇരുകൈയും നീട്ടി സ്വീകരിക്കണം. മാത്രമല്ല, ലോകസമൂഹം കുടിയേറ്റ കൊളോണിയല്‍ അധിനിവേശകര്‍ക്ക് സകല പിന്തുണയും ധനസഹായവും കൊടുക്കാന്‍ സന്നദ്ധരുമാകും. - യുക്രെയ്നിനായി പാശ്ചാത്യ ലോകത്തെ അന്താരാഷ്ട്ര നിയമ വിശാരദർ നാലാം ജനീവ കണ്‍വെന്‍ഷന്റെ പ്രതിരോധം കൊണ്ടുവന്നു, യുദ്ധക്കുറ്റങ്ങളുടെയും വംശഹത്യയുടെയും നിര്‍വചനങ്ങള്‍ പൊളിച്ചെഴുതി. എന്നാല്‍ ഇതൊന്നും ഫലസ്തീനിനും ഫലസ്തീനിക്കും ബാധകമല്ല. അന്താരാഷ്ട്ര നിയമത്തിന്റെയുും നാലാം ജനീവ കണ്‍വെന്‍ഷന്റെയും കാര്യത്തില്‍ മൂന്നാംകിട രാഷ്ട്രങ്ങളും മുസ്‌ലിം ലോകവും ഒരുപോലെ ഇരട്ടത്താപ്പ് നേരിടുന്നവരാണെന്ന് കാണാം. സംശയമുണ്ടെങ്കില്‍ അഫ്ഗാനിയോടോ ഇറാഖികളോടോ സിറിയക്കാരോടോ ഇക്കാര്യം ചോദിച്ചു നോക്കൂ, എന്നിട്ട് ചര്‍ച്ച ചെയ്യാം.
പാഠം ഏഴ്, ഫലസ്തീനികള്‍ അന്താരാഷ്ട്ര നിയമത്തിന്റെ പരിധിക്ക് പുറത്താണ് ജീവിക്കുന്നത്. പാശ്ചാത്യ ലോകം നാലാം ജനീവ കണ്‍വെന്‍ഷനും വംശഹത്യ സംബന്ധിച്ച കണ്‍വെന്‍ഷനും ലംഘിക്കാന്‍ ഇസ്രായേല്‍ ഉപയോഗിച്ച ആയുധങ്ങളും ഉപകരണങ്ങളും നല്‍കുന്നു. യുക്രെയ്ന്‍ അധിനിവേശം ഇത് വ്യക്തമാക്കുന്നു. - റഷ്യന്‍ അധിനിവേശത്തിന്റെ ഇരകളിലാണ് മാധ്യമങ്ങളുടെ ശ്രദ്ധ. തങ്ങളുടെ കുടുംബങ്ങളും കിടപ്പാടവും നഗരവും സംരക്ഷിക്കാന്‍ ആയുധമെടുക്കേണ്ടി വരുന്ന മനുഷ്യരെക്കുറിച്ചുള്ള കഥകളിലും അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കുടിയേറ്റ കൊളോണിയല്‍ ശക്തികളുടെ ആഖ്യാനങ്ങളില്‍ കേന്ദ്രീകരിക്കുകയും അതിനെ മാനുഷികവല്‍ക്കരിക്കുകയും പെരുപ്പിച്ചു കാണിക്കുകയും ചെയ്യുന്ന മാധ്യമവേലയാണ് ഫലസ്തീന്‍ എന്നും നേരിടുന്നത്. ഫലസ്തീനിന്റെ ആഖ്യാനത്തെ അവര്‍ മറച്ചുപിടിക്കുകയും പലപ്പോഴും പ്രശ്‌നവല്‍ക്കരിക്കുകയും ‘സംഘര്‍ഷത്തില്‍’ ഉണ്ടായ മരണമായി ചുരുക്കിക്കാണിക്കുകയും ചെയ്യും. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനും റോക്കറ്റുകള്‍ക്ക് പ്രത്യാക്രമണം നടത്താനും അവകാശമുണ്ടെന്നു വാദിക്കും.
പാഠം എട്ട്, തങ്ങളുടെ മണ്ണില്‍ ജീവിക്കാന്‍ ആഗ്രഹിച്ചതിനും അതില്‍ ഉറച്ചുനില്‍ക്കാനുള്ള ധൈര്യം കാണിച്ചതിനും ഫലസ്തീനികള്‍ കുറ്റവാളികളാക്കപ്പെടുന്നു. ഫലസ്തീനിലെ കുടിയേറ്റ കോളനിവല്‍ക്കരണം തുടരുന്നതില്‍ പാശ്ചാത്യ ലോകത്തിന്റെ ഇരട്ടത്താപ്പും അപരാധവും. - പാശ്ചാത്യലോകത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യുക്രെയ്ന് ഐക്യദാര്‍ഢ്യമറിയിക്കുന്നു. അധിനിവേശം നേരിടുന്നവരോട് തീര്‍ച്ചയായും ചെയ്യേണ്ടതു തന്നെ. കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മെയ് മാസത്തില്‍ റമദാനിലെ ഏറെ പരിശുദ്ധമായ 27-ാം രാവില്‍ ഇസ്രായേല്‍ വമ്പിച്ച ആക്രമണം ഫലസ്തീനു നേരെ അഴിച്ചു വിടുകയും ഗസയില്‍ ബോംബുകള്‍ വര്‍ഷിക്കുകയും ചെയ്തു. അന്നേരം യൂണിവേഴ്‌സിറ്റി അധ്യാപകരും വിദ്യാര്‍ഥികളും ഡിപ്പാര്‍ട്ട്‌മെന്റുകളും ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ യൂണിവേഴ്‌സിറ്റി മേധാവികളും മാധ്യമ മുഖങ്ങളും കോളേജുകളും സര്‍വകലാശാലകളും ഇങ്ങനെ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുരുതെന്നും ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ തടയുന്നതിന് ആഭ്യന്തര നിയമങ്ങള്‍ രൂപപ്പെടുത്തണമെന്നും പറഞ്ഞു രംഗത്തുവന്നു.
പാഠം ഒമ്പത്, കോളേജ് കാമ്പസുകളില്‍ ഫലസ്തീന്‍ എപ്പോഴും ഐക്യദാര്‍ഢ്യം തടയാന്‍ കച്ചകെട്ടി നില്‍ക്കുന്ന അധികാരികളെയും സയണിസ്റ്റ്- കുടിയേറ്റ കൊളോണിയല്‍ തടയണകളെ നേരിടേണ്ടി വരുന്നു. - ഫലസ്തീനിലെ ബിഡിഎസ് പ്രസ്ഥാനത്തെ കുറ്റകരമാക്കാനും ശിക്ഷിക്കാനും മുന്നില്‍ നിന്ന അതേ കഥാപാത്രങ്ങളില്‍ പലരും ഇന്ന് റഷ്യക്ക് മേല്‍ ബഹിഷ്‌കരണവും ഉപരോധവുമേര്‍പ്പെടുത്താന്‍ പ്രേരിപ്പിക്കുന്നത് മിന്നല്‍ വേഗത്തിലാണ്.
പാഠം പത്ത്, ബിഡിഎസ് പ്രസ്ഥാനത്തിന്റെയും ആശയ സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനാവകാശങ്ങളുടെയും കാര്യത്തില്‍ ഫലസ്തീന്‍ സ്ഥിരമായി ഇരട്ടത്താപ്പ് നേരിടുന്നു. ഫലസ്തീനിലെ ബിഡിഎസ് പ്രസ്ഥാനത്തെ എതിര്‍ക്കുമ്പോള്‍ തന്നെ റഷ്യയെ ലക്ഷ്യമിട്ടുള്ള ബിഡിഎസ് ശ്രമങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള നിയമനിര്‍മ്മാണം തേടുന്ന അതേ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും വാക്കുകള്‍ കേള്‍ക്കുന്നതിനേക്കാള്‍ ഇരട്ടത്താപ്പിന് വേറെ തെളിവില്ല.
Courtesy: Medium