ഹിജാബോ വിദ്യാഭ്യാസമോ? തെരഞ്ഞെടുപ്പിനിടയില്‍ മുസ്‌ലിം സ്ത്രീ

യൂണിഫോമിറ്റി എന്നത് തുല്യതയോ പ്രാതിനിധ്യപരമോ അല്ല. ഒരു ആശയം എന്ന നിലക്ക് അതിനെ മഹത്വവത്കരിക്കാനും സാധ്യമല്ല. സാംസ്‌കാരികമായും മതപരമായും അനവധി വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന എല്ലാ യൂണിഫോമിറ്റികളുടെയും ഉദ്ദേശ്യം ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളോടും ആചാരങ്ങളോടും താദാത്മ്യപ്പെടാൻ നിർബന്ധിക്കലാണ്. അതിനാൽതന്നെ നിയമപരമോ അല്ലാതെയോ, “യൂണിഫോം” എന്നത് പ്രാഥമികമായി ഒരു ബലാൽക്കാരവും, അധീശത്വപരവും പ്രതിനിധ്യരഹിതവുമാണ്; പ്രാതിനിധ്യരഹിതരായ ന്യൂനപക്ഷങ്ങളോട് അവ യാതൊരു മമതയും കാണിക്കുന്നില്ല എങ്കിൽ പ്രത്യേകിച്ചും.

ഈ പാഠങ്ങളെ മുൻനിർത്തി വായിക്കുമ്പോൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള വിധിയെ ശരിവെച്ച കർണാടക ഹൈകോടതിയുടെ നടപടി ഭരണഘടനാപരമോ നൈതികമോ അല്ല എന്നു മനസ്സിലാക്കാനാകും. മതസ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് യൂണിഫോമിറ്റി അടിച്ചേൽപ്പിക്കാനുള്ള ഈ നീക്കം തകർത്തുകളയുന്നത് സസൂക്ഷ്മം വിവക്ഷിക്കപ്പെട്ട ഇന്ത്യൻ മതേതരത്വത്തിന്റെ സകല പ്രതീക്ഷകളെയുമാണ്. ഇവിടെ, സ്ത്രീ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള മനസ്സും മര്യാദയും മുറകളും പാടെ അവഗണിക്കപ്പെടുകയാണ്.

ഹിജാബിനെയും ‘മാന്യമായ’ വസ്ത്രത്തെയും കുറിച്ച് ഖുർആൻ എന്തു പറയുന്നു?

“ഹിജാബ് ഇസ്‌ലാമിന്റെ അനിവാര്യമായ മതാചാരങ്ങളിൽ പെട്ടതല്ല” എന്നാണ് ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിനെ ശരിവെച്ച ഹൈകോടതി വിധിയിൽ പറയുന്നത്. ‘അനിവാര്യമായ മതാചാരം’ (Essential Religious Practice) എന്ന പരിധിയിൽ പെടുന്നതും ഇസ്‌ലാമിലെ ഒഴിവാക്കാനാവത്തതുമായ ആചാരമാണ് ഹിജാബ് ധരിക്കൽ എന്നതിനെ സാധൂകരിക്കാനുള്ള മൗലിക തെളിവുകളൊന്നും തന്നെ പരാതിക്കാർക്ക് സമർപ്പിക്കാൻ സാധിച്ചില്ല എന്നും കോടതി കൂട്ടിച്ചേർക്കുന്നു. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജഡ്ജിമാരായ കൃഷ്ണ എസ്. ദീക്ഷിത്, ജെ.എം ഖാസി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന്റെ ഈ പ്രസ്താവന ഖുർആനിക പാഠങ്ങളെയും പ്രവാചക പാഠങ്ങളെയും ഇസ്‌ലാമിക കർമശാസ്ത്രത്തിന്റെ നാലു പ്രമുഖ ധാരകളെയും കുറിച്ച തികഞ്ഞ അജ്ഞതയിലാണ് എന്നാണ് മനസ്സിലാകുന്നത്. ഹിജാബ് ധരിക്കൽ മുസ്‌ലിം സ്ത്രീകൾക്ക് മതപരമായ ബാധ്യതയാണ് എന്ന കാര്യത്തിൽ ഇപ്പറഞ്ഞവയെല്ലാം ഏകാഭിപ്രായക്കാരാണ്. “മുസ്‌ലിം സ്ത്രീകൾക്ക് ഹിജാബോ തട്ടമോ ധരിക്കൽ ഖുർആൻ ബാധ്യതയാക്കിയിട്ടില്ല”, “എല്ലാത്തിലുമുപരി, ഈ വസ്ത്രത്തിന് സാംസ്‌കാരികമായ പ്രാധാന്യം മാത്രമാണുള്ളത്, മതപരമായി ഒന്നും തന്നെയില്ല” തുടങ്ങിയ വാദങ്ങളും ഈ വിധിയിലുണ്ട്. തല മറക്കാൻ ഖുർആൻ ആവശ്യപ്പെടുന്നുണ്ടോ എന്നു വരെ വാദം കേൾക്കുന്ന അവസരത്തിൽ അവർ ചോദ്യമുന്നയിച്ചിരുന്നു. ഇതും തികഞ്ഞ അജ്ഞതയാണ്. മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണത്തെ പ്രത്യേകമായി സൂചിപ്പിക്കാൻ ‘ഖിമാർ’ എന്ന പദമാണ് ഖുർആൻ ഉപയോഗിക്കുന്നത്. പൂർവ ഇസ്‌ലാമിക കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന തല മറക്കുന്ന ഒരുതരം വസ്ത്രാണ് ഖിമാർ. മറ്റൊരു ഖുർആനിക സൂക്തം മുഖേന കഴുത്തു കൂടി മറയുന്ന വസ്ത്രം എന്ന നിലക്ക് അത് പരിഷ്കരിക്കപ്പെട്ടു. ഇസ്‌ലാമിലെ എല്ലാ വിധികളും ഒന്നുകിൽ ഉറപ്പിക്കപ്പെടുകയോ പരിഷ്കരിക്കപ്പെടുകയോ അഭിപ്രായവ്യത്യാസങ്ങൾക്ക് പാത്രമാവുകയോ ചെയ്യുന്നുണ്ട്. ഈയർത്ഥത്തിൽ, ഒരു സാംസ്‌കാരിക പരിസരത്തു നിന്നാണ് ഹിജാബ് ഉദ്ഭവിക്കുന്നത് എങ്കിലും ഒരു ഇസ്‌ലാമിക ബാധ്യതയായി അത് പരിഷ്കരിക്കപ്പെടുന്നുണ്ട്. അപ്രകാരം, കഴുത്തു കൂടി മറക്കുന്ന വസ്ത്രമായി ഖിമാർ മാറുന്നു. കൂടാതെ, അയഞ്ഞതും മാന്യവുമായ വസ്ത്രമാകണം മുസ്‌ലിം സ്ത്രീകളുടേത് എന്നും കൽപനയുണ്ട്.

‘വഴിതെറ്റിയ മുസ്‌ലിം സ്ത്രീകൾ’

മേൽപറഞ്ഞ വിധിയെ അനുമോദിച്ചുകൊണ്ട് ബിജെപിയുടെ പ്രൈമറി-സെക്കന്ററി വിദ്യാഭ്യാസ മന്ത്രിയായ ബി.സി നാഗേഷ് പറഞ്ഞത് ഇങ്ങനെയാണ്: “വഴിതെറ്റിയ മുസ്‌ലിം സ്ത്രീകളുടെ ഹൃദയം കവരാൻ നമ്മൾ ശ്രമിക്കും. നാമവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തും”.

ഹിജാബ് നിരോധിച്ചു കൊണ്ടുള്ള കോടതി വിധിയിൽ ഇങ്ങനെ കൂടി പറയുന്നു: “പർദ്ദ, മുഖമക്കന, തട്ടം തുടങ്ങിയവ ബാധ്യതയാക്കുന്ന ഏതു തരം മതനിയമങ്ങളും, സ്ത്രീകളുടെ പുരോഗതിയെ പൊതുവിലും, മുസ്‌ലിം സ്ത്രീകളുടെ സവിശേഷമായും തടയുന്നു”.

മുസ്‌ലിംവിരുദ്ധ വികാരം ജനിപ്പിക്കാനുള്ള സവിശേഷമായ സാഹചര്യങ്ങളിലാണ് കർണാടകയിലെ ഹിജാബ് വിവാദം ഉരുതിരിയുന്നത് എങ്കിലും, അതിനെ പ്രാകൃതവത്കരിക്കാനുള്ള ശ്രമങ്ങൾ പുതിയതല്ല. ലോകമെങ്ങുമുള്ള മുസ്‌ലിം സ്ത്രീകൾ തങ്ങളുടെ വസ്ത്രത്തിന്റെ പേരിലുള്ള ഹിംസകളെ നേരിട്ടിട്ടുണ്ട്. പിന്നീടത് ‘പുരുഷാധിപത്യപരമായ വസ്ത്രത്തിനെതിരായ രോഷം’ എന്ന നിലക്കും ‘പുരോഗമനപരം’ എന്ന നിലക്കും നീതീകരിക്കപ്പെട്ടു.

എന്നാൽ, കർതൃത്വ ബോധമുള്ള മുസ്‌ലിം സ്ത്രീകൾ തങ്ങളുടെ തെരഞ്ഞെടുപ്പിനെ ശാക്തീകരണവും സയുക്തികവുമായി കണ്ടു. അത് വിമർശനരഹിതമായ ഏറ്റെടുക്കലല്ല, മറിച്ച് മതപരമായ കൽപനകളെ വിലമതിക്കാനുള്ള തീരുമാനമാണ്. അത് അവരുടെ ആത്മീയ സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമായ മത സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണ്.

ഹൈകോടതിയുടെ അവസാന ഉത്തരവിനു മുൻപ്, ഫെബ്രുവരി 25ലെ ഇടക്കാല ഉത്തരവ് വന്നതിനെ തുടർന്ന് ഹിജാബ് അഴിച്ചുവെക്കുന്ന, അല്ലാത്ത പക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുന്ന മുസ്‌ലിം പെൺകുട്ടികളുടെ വീഡിയോ വൈറലായിരുന്നു. ലിബറൽ ശാസനങ്ങൾ നിലനിൽക്കുന്ന ഇക്കാലത്ത്, എല്ലാ പുരോഗമന മൂല്യങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് വിദ്യാഭ്യാസം വേണമെങ്കിൽ തുണിയുരിയണം എന്നാണ് യുവതികളോട് പറയപ്പെടുന്നത്. ഇത് പുരുഷാധിപത്യമല്ലെങ്കിൽ പിന്നെന്താണ്? ഏതു കണക്കിൽ പെടുത്തിയാലും ലിബറൽ ആധുനികതയുടെ നോട്ടപ്പാടിലൂടെ നോക്കിയാൽ പോലും ഹിജാബിനെതിരെയുള്ള നീക്കങ്ങൾ പിന്തിരിപ്പനും തികഞ്ഞ അജ്ഞതയിൽ ഊന്നിയതുമാണ്.

മുസ്‌ലിം സ്ത്രീകൾ വിദ്യാഭ്യാസത്തിൽ ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്.
ഹിജാബും മുഖപടവും ധരിച്ചതു മൂലം പ്രവേശനം നിഷേധിക്കപ്പെട്ട് ഉടുപ്പിയിലെ ഗവണ്മെന്റ് പി.യു. കോളേജിന്റെ പുറത്തു നിൽക്കുന്ന മുസ്‌ലിം പെൺകുട്ടികളുടെ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് കർണാടകയിൽ ഹിജാബ് വിവാദം ആരംഭിച്ചത്.
2020ൽ പുറത്തുവന്ന നാഷണൽ സാമ്പിൾ സർവേ (എൻ.എസ്.എസ്) പ്രകാരം, മുസ്‌ലിം സ്ത്രീകളിലെ വിദ്യഭ്യാസ നിലവാരം മറ്റു മത വിഭാഗങ്ങളിലെ സ്ത്രീകളെക്കാൾ വളരെ പിന്നിലാണ്. മുസ്‌ലിം സ്ത്രീകളുടെ വിദ്യഭ്യാസ നിലവാരം 68.8 ശതമാനമാണ്. ഹിന്ദു സ്ത്രീകളുടേത് 70 ശതമാനവും ക്രിസ്ത്യൻ സ്ത്രീകളുടേത് 82.2 ശതമാനവുമാണ്.

മുസ്‌ലിം സ്ത്രീകൾ ഇനി എവിടെ പോകും?

ഇന്ത്യൻ മുസ്‌ലിംകൾക്ക് അവരനുഭവിക്കുന്ന പിന്നാക്കാവസ്ഥയുടെ പേരിൽ എപ്പോഴും പഴി കേൾക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ, ഉപരിസൂചിത വിഷയത്തിലുൾപ്പെടെ, ആ പിന്നാക്കാവസ്ഥയുടെ കാരണംസ്ഥാപനപരമാണ് (systemic) എന്നാണ് മനസ്സിലാവുന്നത്. വാദങ്ങൾ രണ്ടായി തിരിയുന്നു: എല്ലാ സ്ത്രീകളെയും പോലെ, ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകളും പുരുഷാധിപത്യ പ്രവണതകൾക്ക് വിധേയമാകുന്നുണ്ട്. ഒരുപാടു സ്ത്രീകൾ വീടകങ്ങളിൽ ഹിജാബ് ധരിക്കാനും പുരുഷാധിപത്യ വിചാരങ്ങൾ സ്വീകരിക്കാനും നിർബന്ധിക്കപ്പെടുന്നുണ്ട്. ചില വീടുകളിലെങ്കിലും ഹിജാബ് ധരിക്കുക എന്ന ഒറ്റ ഉപാധിയിൽ മാത്രമാണ് സ്ത്രീകൾക്ക് സ്‌കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.

വിദ്യാഭ്യാസത്തിന്റെയും കർതൃത്വത്തിന്റെയും അവസരങ്ങളുടെയും മേലുള്ള ഈ നിയന്ത്രണങ്ങൾ മുസ്‌ലിം സ്ത്രീകൾക്ക് മാത്രമുള്ളതല്ല, ഇന്ത്യൻ സാഹചര്യത്തിൽ എല്ലാ സ്ത്രീകളും സർവസാധാരണമായി അനുഭവിക്കുന്ന പ്രശ്നമാണിത്.

ഈ വ്യവസ്ഥയനുസരിച്ച്, മുസ്‌ലിം സ്ത്രീകൾക്ക് പൊതു ഇടങ്ങളിലേക്ക് പ്രവേശനം ലഭിക്കാനുള്ള അവസരം ഹിജാബ് നൽകുന്നു. അതില്ലാതെയായാൽ, മുസ്‌ലിം സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭിക്കാനുള്ള സാഹചര്യങ്ങൾ വീണ്ടും ചുരുങ്ങുകയാണ് ചെയ്യുക.

കൂടാതെ, വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അവർ കൈവരിച്ച എല്ലാ പുരോഗതികളെയും ഇല്ലാതാക്കുന്നത് കൂടിയാണ് ‘പുരോഗമന മൂല്യങ്ങളെ’ മുൻനിർത്തി മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തെ തടയുന്ന പ്രവണത. വിദ്യാഭ്യാസം നേടണമെങ്കിൽ അസ്വസ്ഥജനകമായിട്ടെങ്കിലും അവർക്ക് തങ്ങളുടെ വസ്ത്രങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്നു. മുസ്‌ലിം സ്ത്രീകളുടെ വിമോചനത്തിനു വേണ്ടിയുള്ള മുറവിളികളുടെയും സെക്കുലർ യൂണിഫോമിനു വേണ്ടിയുള്ള വാഴ്ത്തലുകൾക്കുമിടയിൽ മുസ്‌ലിം സ്ത്രീകൾക്ക് തങ്ങളുടെ ഇച്ഛക്കനുസരിച്ച് ജീവിക്കാനുള്ള സാഹചര്യങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നതാണ് ദുഃഖകരം.

Courtesy: The Quint

വിവ: അഫ്‌സല്‍ ഹുസൈന്‍

By തൂബ തൗഫീഖ്‌

Opinion Editor at Kashmir Observer