ഞാനടക്കമുള്ള ഹിജാബ് ധാരികളുടെ ഇലക്ഷന്‍ വിജയമാണ് തമിഴ്‌നാടിന്റെ രാഷ്ട്രീയം- ഫാത്തിമ മുസഫർ

ഇക്കഴിഞ്ഞ തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെന്നൈ സിറ്റി കോര്‍പ്പറേഷനിലെ 61ാം വാര്‍ഡായ എഗ്മോറില്‍ നിന്ന് കൗൺസിലറായി വിജയിച്ച വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫർ സംസാരിക്കുന്നു. തമിഴ്നാട് വഖ്ഫ് ബോർഡ് അംഗവും ഓൾ ഇന്ത്യ മുസ്ലിം പെഴ്സണൽ ലോ ബോർഡ് വർകിങ് കമ്മിറ്റിയംഗവുമാണ് ഫാത്തിമ.

വിജയത്തെക്കുറിച്ച് എന്തു തോന്നുന്നു?

എൻ്റെ വിജയത്തിനു വേണ്ടി പ്രാർഥിക്കുകയും പണിയെടുക്കുകയും ചെയ്തവർക്കെല്ലാം ഞാൻ നന്ദി പറയുകയാണ്. അവർ കാരണമാണ് എനിക്കീ ചരിത്ര വിജയം നേടാനായത്.

സ്റ്റാലിൻ സർക്കാരിൻ്റെ പല നയനിലപാടുകളും ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. നിലവിലെ സർക്കാരിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്? ന്യൂനപക്ഷങ്ങളോടുള്ള സർക്കാരിന്റെ സമീപനമെന്താണ്?

ജനങ്ങളുടെ ഈ സന്തോഷത്തിനു കാരണം സ്റ്റാലിൻ സർക്കാരാണ്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ അദ്ദേഹത്തിൻ്റെ സമീപനങ്ങളിൽ ഏറെ നീതി പുലർത്തുന്നയാളാണ്. അദ്ദേഹത്തിൻ്റെ നിലപാടുകളാണ് ഡിഎംകെക്കും സഖ്യ കക്ഷികൾക്കും ഇത്തവണ വിജയം സാധ്യമാക്കുന്നതിന് കാരണം. തദ്ദേശ സ്ഥാപനങ്ങളിലടക്കം ഡിഎംകെ തിരിച്ചു വരേണ്ടതുണ്ട്. എന്നാൽ മാത്രമാണ് നല്ല ഭരണത്തെ തുടർന്നു കൊണ്ടുപോകാൻ കഴിയൂ.

ന്യൂനപക്ഷ സമുദായങ്ങൾക്ക് തങ്ങളുടെ അവകാശങ്ങൾ ലഭ്യമാക്കുന്നതിന് അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ നാം ദിനേന പത്ര-മാധ്യമങ്ങളിലൂടെ അറിയുന്നുണ്ട്. ഇത്തവണത്തെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ഞാനടക്കം ഒരുപാട് ഹിജാബ്ധാരികളായ മുസ്‌ലിം സ്ത്രീകൾ വിജയിച്ചിട്ടുണ്ട്. മുപ്പതോളം ഹിജാബ്ധാരികളായ മുസ്‌ലിം സ്ത്രീകൾ തമിഴ്നാട്ടിലാകെ വിജയിച്ചിരിക്കുന്നു. കർണാടക സർക്കാർ ഹിജാബ് നിരോധനത്തിലൂടെ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുമ്പോൾ ഇവിടെ തമിഴ്നാട്ടിൽ അവർക്ക് അർഹമായ അവകാശങ്ങൾ നൽകുന്ന നീതിപൂർവമായ സമീപനമുണ്ട്. പുരുഷൻമാരെപ്പോലെ തന്നെ സ്ത്രീകളുടെ ഉന്നമനത്തിലും പ്രത്യേക ഊന്നലുണ്ട്.

മുസ്‌ലിം ലീഗെന്ന പാര്‍ട്ടിയുടെ നിലവിലെ പ്രകടനം തൃപ്തികരമാണോ? നേതൃത്വത്തിന് സമകാലിക രാഷ്ട്രീയത്തോട് കൃത്യമായി സംവദിക്കാന്‍ കഴിയുന്നുണ്ടോ? 

നിലവിലെ നേതൃത്വം വളരെ ശക്തമാണ്. ഖാദർ മൊയ്തീൻ സാഹിബിനെയും കുഞ്ഞാലിക്കുട്ടി സാഹിബിനെയും പോലുള്ള നേതാക്കൾ ഹൈദരലി തങ്ങളുടെയും സാദിഖലി തങ്ങളുടെയുമെല്ലാം മേൽനോട്ടത്തിൽ നയിക്കുന്ന കൂടുതൽ ശക്തമായ നേതൃത്വം തന്നെയാണ് നിലവിലുള്ളത്. തമിഴ്നാട്ടിലെ ഇക്കഴിഞ്ഞ ഇലക്ഷൻ വിജയം തന്നെ അതിനു മതിയായ തെളിവാണ്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലും ഞങ്ങൾ ഏതാനും സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. പാർട്ടിയുടെ യൂണിറ്റുകൾ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് കൂടി ദിനംപ്രതി വ്യാപിപ്പിക്കുകയാണ്. നേതൃത്വം മാത്രമല്ല, പാർട്ടിയുടെ വനിത വിഭാഗവും വിദ്യാർഥി വിഭാഗവും തൊഴിലാളി സംഘടനയുമടക്കമുള്ള പോഷകവിഭാഗങ്ങൾ കൂടുതൽ ശക്തിപ്പെട്ടു കൊണ്ടിരിക്കുകയാണ്. മുസ്ലിം സമുദായത്തിനാകെ മുമ്പത്തെക്കാളും മുസ്ലിം ലീഗ് മുതൽക്കൂട്ടാവുന്നുണ്ട്.

സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യവും ശബ്ദവും പാർട്ടിയിലുണ്ടോ?

വനിത വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിൽ മുസ്‌ലിം ലീഗ് നേതൃത്വം കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. ആ നിലപാട് വളരെ പ്രശംസനീയമാണ്. മുസ്‌ലിം ലീഗിൻ്റെ വനിതാ വിഭാഗം ദേശീയ അദ്ധ്യക്ഷയെന്ന നിലയിൽ മുസ്‌ലിം ലീഗിലെ സ്ത്രീകളെയും സമുദായത്തിലെ സ്ത്രീകളെയും ശാക്തീകരിക്കുന്നതിന് നിലവിലെ നേതൃത്വമെടുക്കുന്ന തീരുമാനങ്ങളിൽ ഞാൻ നന്ദി അറിയിക്കുകയാണ്. സ്ത്രീകൾക്ക് പാർട്ടിയിൽ കൂടുതൽ സ്വാതന്ത്ര്യത്തോടെ ഇടപെടാനും സ്ത്രീകൾ നേരിടുന്ന പലവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പാർട്ടി അവസരമൊരുക്കുന്നുണ്ട്. വനിത ലീഗ് നിലവിൽ വളരെ ശക്തമാണ്. 

ഫാത്തിമ മുസഫർ കൌൺസിലറായി സത്യപ്രതിജ്ഞ ചെയ്യുന്നു

ഒരു ന്യൂനപക്ഷ സമുദായത്തിലെ രാഷ്ട്രീയ നേതാവെന്ന നിലയില്‍, ഒരു ന്യൂനപക്ഷ പാര്‍ട്ടിയും നേതാക്കളും കര്‍ണാടകയിലെ ഹിജാബ് വിഷയത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്നാണ് താങ്കള്‍ കരുതുന്നത്?

ആദ്യമായി ഞാനീ വിഷയത്തെ ഒരു ഇന്ത്യനെന്ന നിലയിൽ കൈകാര്യം ചെയ്യാനാണാഗ്രഹിക്കുന്നത്; ഒരു ഇന്ത്യൻ പൊളിറ്റിഷ്യൻ എന്ന നിലയിൽ. ഭരണഘടനയുടെ ആർട്ടിക്കിൾ 25 മുതൽ 39 വരെയുള്ള ഭാഗത്ത് ഒരു ഇന്ത്യൻ പൗരന് തൻ്റെ മതം അനുഷ്ഠിക്കാനും പ്രതിനിധീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം വകവെച്ചു നൽകുന്നുണ്ട്. നമുക്ക് നമ്മുടെ മതത്തിൻ്റെ ആചാരങ്ങളെയും പാരമ്പര്യത്തെയും പിന്തുടരാനും അത് സ്വാതന്ത്ര്യം നൽകുന്നു.കർണാടക സർക്കാർ സ്ത്രീകളുടെ വസ്ത്രധാരണ രീതിയിൽ കൈകടത്തൽ നടത്തിയതിലൂടെ ലംഘിക്കപ്പെട്ടത് ഭരണഘടന പൗരന് ഉറപ്പുനൽകിയ അവകാശങ്ങളാണ്. ഞാനതിനെതിരെ ശക്തമായ പ്രതിഷേധമറിയിക്കുകയാണ്. നമ്മുടെ ഭരണഘടനാപരമായ അവകാശത്തെ നിഷേധിക്കാൻ ഒരു സർക്കാരിനും അധികാരമില്ല. ഭരണഘടന ഇവിടുത്തെ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഉറപ്പുനൽകിയിട്ടുണ്ട്. നീതിപൂർവമായ വിധിയുണ്ടാകാൻ ജുഡീഷ്യറിയോട് ആവശ്യപ്പെടുകയാണ്. 

ബിജെപി സർക്കാർ വിവാഹത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും മാത്രമാണ് പറയുന്നത് അവർ രാജ്യത്തിൻ്റെ പുരോഗതിയെക്കുറിച്ചോ തൊഴിലില്ലായ്മയെക്കുറിച്ചോ ദാരിദ്ര്യത്തെക്കുറിച്ചോ ആശങ്കാകുലരല്ല. അവർ വർഗീയ കലാപങ്ങളും വിദ്വേഷവും സൃഷ്ടിച്ചു കൊണ്ട് നമ്മുടെ ശ്രദ്ധയെ തിരിക്കുകയാണ്. ഭരണഘടനയെ അതിർലംഘിക്കുന്ന എല്ലാ നിലപാടുകളെയും ഞാൻ അപലപിക്കുകയാണ്.

എഗ്‌മോര്‍ വാര്‍ഡില്‍ കൗണ്‍സിലറെന്ന നിലയില്‍ ഭാവി പരിപാടികളെക്കുറിച്ച്?

റെയിൽവേ സ്റ്റേഷനും കോളേജുകളും സ്റ്റേഡിയവും ഉള്ളതോടൊപ്പം തന്നെ നാലു ചേരികളും കൂടിയുള്ള വാർഡ് ആണ് എൻ്റെ വാർഡ്- എഗ്മോർ. വളരെ ജനസംഖ്യയുള്ളതും അതിൽ തന്നെ സ്ത്രീ ജനസംഖ്യ കൂടുതലുള്ളതുമായ വാർഡാണിത്. എൻ്റെ പ്രാഥമിക ഊന്നൽ ഇവിടുത്തെ സ്ത്രീകളുടെയും യുവജനങ്ങളുടെയും ഉന്നമനമാണ്.ശുദ്ധജലവും വൃത്തിയുള്ള ചുറ്റുപാടും നല്ല റോഡുകളും ഉറപ്പുവരുത്തും. മഴക്കെടുതിയിൽ വെള്ളപ്പൊക്കമുണ്ടായി ദുരിതത്തിലാകുന്ന അവസ്ഥ പരിഹരിക്കും. സന്നദ്ധ പ്രവർത്തകരെയും കമ്മ്യൂണിറ്റി ഗ്രൂപ്പുകളെയും ഒരുമിച്ച് ചേർത്ത് പ്രവർത്തിക്കാൻ സജ്ജമാക്കും. ഇവിടുത്തെ വരേണ്യവർഗത്തിനും ദരിദ്രജനങ്ങൾക്കും ഇടയിലെ വിടവ് നികത്തലാണ് ഞാൻ ലക്ഷ്യമിടുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം എന്നിവയിൽ ശ്രദ്ധ ചെലുത്തിക്കൊണ്ട് മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്.

അഭിമുഖം: റമീസുദ്ദീൻ വി എം

By Editor