തുർക്കി- ഇസ്രായേൽ നയതന്ത്രബന്ധം: ചരിത്രവും ചലനങ്ങളും- 02

ഭാഗം ഒന്ന് വായിക്കാൻ ക്ലിക്കു ചെയ്യുക

ശീതയുദ്ധകാലത്ത് അമേരിക്കൻ- പാശ്ചാത്യ സഖ്യത്തിലായിരുന്ന തുർക്കി നാറ്റോ അംഗത്വം ലഭിക്കുന്ന ഏക മുസ്‌ലിം രാഷ്ട്രമായി മാറി. അമേരിക്കയുമായുള്ള ബന്ധം ദൃഢമാക്കാനും പടിഞ്ഞാറിന്റെ കണ്ണിൽ നല്ല ഇമേജ് ലഭിക്കാനുമുള്ള വഴി കൂടിയായിരുന്നു ഇസ്രയേലുമായുള്ള ബാന്ധവം. സോവിയറ്റിന്റെ സാമന്ത രാജ്യമായി ഇസ്രായേൽ മാറുമെന്ന തുർക്കിയുടെ ഭയം പോലും ഇതിനു പിന്നിൽ ഉണ്ടായിരുന്നു എന്ന് തുഗ്‌ച്ചേ എർസോയ് ജെയ്ലാൻ എഴുതുന്നുണ്ട്. 1970 കളിൽ സൈപ്രസുമായുള്ള പ്രതിസന്ധി ചുറ്റുമുള്ള മുസ്‌ലിം രാഷ്ട്രങ്ങളുമായുള്ള ബന്ധം ശക്തമാക്കാൻ പ്രേരിപ്പിച്ചു. ഈ കാലിക മാറ്റങ്ങൾക്കിടയിൽ 1979 ൽ പിഎൽഓയുമായി പൂർണ നയതന്ത്ര ബന്ധം തുർക്കി ഉണ്ടാക്കിയെടുത്തു. കൂടാതെ 1980 ൽ ഫലസ്തീൻ വിരുദ്ധ സമീപനം സ്വീകരിച്ച വിദേശകാര്യ മന്ത്രിയെ രാജിവെപ്പിച്ച ചരിത്രം പോലും തുർക്കിക്കുണ്ട്. 1980 ജൂലൈ 31 ന് ഇസ്രായേൽ തങ്ങളുടെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ചപ്പോൾ തുർക്കിയുടെ പ്രതിഷേധം ശ്രദ്ധേയമായിരുന്നു.

അർബകാനും ഇസ്രായേൽ ബന്ധവും

നജ്മുദ്ധീൻ അർബകാന്റെ ഭരണകാലത്തും ഇസ്രായേലിനോടുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല. നയതന്ത്ര ബന്ധങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യം അർബകാനുണ്ടായിരുന്നെങ്കിലും രാഷ്ട്രത്തിന്റെ ദേശീയ നയത്തെ ചെറുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇസ്രായേലുമായി ചില ആയുധ കരാറുകളിൽ പോലും അദ്ദേഹത്തിന് ഒപ്പിടേണ്ടി വന്നിരുന്നു. വൈദേശിക ശക്തികൾ തുർക്കിയെ നയതന്ത്രപരമായി വശപ്പെടുത്തുന്നതിൽ വ്യത്യസ്ത ഘടകങ്ങളുടെ സ്വാധീനമുണ്ട് എന്ന് സ്റ്റീഫൻ എം വാൾട് അഭിപ്രായപ്പെടുന്നു. ഒന്നാമതായി സെക്യുലറിസത്തെ സംരക്ഷിക്കുക എന്ന ആശയം ഇസ്രായേലുമായി നിരന്തര ബന്ധം സ്ഥാപിക്കാൻ മിലിറ്ററിയെയും ഉദ്യോഗസ്ഥ വൃന്ദത്തെയും പ്രേരിപ്പിച്ചിട്ടുണ്ട്. യഹൂദ ലോബികളുടെ പ്രവർത്തനം തുർക്കിയിൽ ആഴത്തിലുണ്ടായിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി 28 ലെ പട്ടാള അട്ടിമറിക്കു നേതൃത്വം നൽകിയ ചെവിക് ബൈറുമായി യഹൂദ ലോബിയുടെ ബന്ധം ശക്തമായിരുന്നു. ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ച അർബകാൻ ഭരണകൂടത്തെ താഴെയിറക്കുന്നതിൽ ഇസ്രായേലിന്റെ താത്പര്യം വ്യക്തമായിരുന്നെന്നാണ് ചരിത്രം തെളിയിക്കുന്നത്.

നെജ്മുദ്ദീൻ അർബകാൻ

ഇസ്രായേലുമായുള്ള സുരക്ഷ കരാറുകൾ അടക്കമുള്ളവ നിർത്തലാക്കുമെന്ന അർബകാന്റെ പ്രസ്താവനകൾ തുർക്കി സൈനിക നേതൃത്വത്തെ ചൊടിപ്പിച്ചു. ഇസ്രയേലുമായുള്ള ബന്ധം വെൽഫയർ പാർട്ടിയുടെ മതേതരത്വത്തോടുള്ള അർപ്പണം അളക്കാനുള്ള മാനദണ്ഡം ആയി മാറിക്കഴിഞ്ഞിരുന്നു. 1997 ഫെബ്രുവരിയിൽ ആയുധക്കച്ചവടവും നിർമാണവും പരിശീലനവും, ഇന്റലിജൻസ്, വ്യാപാരം, ജലം, ഗതാഗതം തുടങ്ങി നിരവധി മേഖലകളിൽ കരാറുകൾ ഒപ്പിട്ടത് തുർക്കി സൈനിക മേധാവിയുടെ നേതൃത്വതിലായിരുന്നു. ഈ കാർഡിന്റെ അടിസ്ഥാനത്തിൽ സൈനിക പരിശീലത്തിനും ഇന്റലിജൻസ് കൈമാറ്റത്തിനും തുർക്കിയുടെ വ്യോമമേഖല ഇസ്രായേൽ ഉപയോഗപ്പെടുത്തുകയുണ്ടായി. വെൽഫയർ പാർട്ടി ഭരണകൂടത്തിന് വളരെ പരിമിതമായ പ്രതിനിധ്യമേ ഈ നയതന്ത്ര പ്രക്രിയകളിൽ ഉണ്ടായിരുന്നുള്ളൂ. 1997- 1999 കാലഘട്ടത്തിലെ ഉഭയകക്ഷി ബന്ധങ്ങൾ ഇരു രാജ്യങ്ങൾ എന്നതിലുപരി തുർക്കി പട്ടാളവും ഇസ്രയേലും തമ്മിലുള്ള ബന്ധമായിരുന്നു എന്നതാണ് യാഥാർഥ്യം. മിലിറ്ററിയും കെമാലിസ്റ്റ് രാഷ്ട്രീയ ധാരയും ആഭ്യന്തരമായി വളർത്തിയെടുത്ത ‘ഇസ്‌ലാമിക ഭീഷണി’ ഇസ്രായേൽ ബന്ധം നിലനിർത്തുന്നതിൽ നല്ലൊരളവോളം സഹായിച്ചിട്ടുണ്ട്. ഇസ്രായേൽ അനുകൂല ബൗദ്ധിക കേന്ദ്രമായ വാഷിംഗ്‌ടൺ ഇൻസ്റ്റിറ്റ്യൂട്ട് തുർകിഷ് സെക്യൂലറിസത്തെയും ജനാധിപത്യത്തെയും സംരക്ഷിച്ച പട്ടാള നേതാക്കളെ അനുമോദിച്ചു പ്രസ്താവന ഇറക്കുക വരെയുണ്ടായി.

പ്രാദേശിക രാഷ്ട്രീയ നയങ്ങളിലും ഇരു രാഷ്ട്രങ്ങളും വ്യത്യസ്ത ചേരികളിലാണ്. അമേരിക്കൻ ഇസ്രായേൽ താത്പര്യങ്ങൾ സംരക്ഷിക്കാൻ സഹായിക്കുന്നവരെയും അവരുടെ ആധിപത്യത്തിന് വിധേയപ്പെടുന്നവരെയും ചേർത്തുനിർത്തുന്ന നയമാണ് സിയോണിസ്റ്റ് രാഷ്ട്രത്തിനുള്ളത്. തുർക്കിയുടെ പ്രധാന പ്രാദേശിക പ്രശ്നമായ കുർദ് ദേശീയതയെ ഇസ്രായേൽ പിന്തുണക്കുന്നതും ഇറാഖ് അതിർത്തിയിലെ കുർദ് മിലിറ്റന്റുകൾക്ക് പിന്തുണ നൽകുന്നതും ഇതിന്റെ പ്രധാന വിഷയങ്ങളിലൊന്നാണ്. വടക്കൻ ഇറാഖിൽ ഒരു കുർദ് രാഷ്ട്രം രൂപപ്പെട്ടാൽ ഇസ്രായേലിനു അനുകൂല സാഹചര്യം ഉണ്ടാകാൻ വഴിയൊരുക്കുമെന്ന കണക്കുകൂട്ടൽ തുർക്കിക്കും ഇറാനിനും സിറിയക്കുമുള്ളതിനാൽ ശക്തമായ പ്രതിരോധം ഈ രാഷ്ട്രങ്ങൾ നടത്തുമെന്നതിൽ സംശയമില്ല. 1950 കളിൽ വടക്കൻ ഇറാഖിൽ നിന്നുള്ള യഹൂദ പലായനവും അവിടുത്തെ പ്രാദേശിക ഗവൺമെന്റിൽ സജീവ സാന്നിധ്യമായ കുർദിസ്താൻ ഡെമോക്രാറ്റിക് പാർട്ടി നേതാക്കളിൽ കുർദ് യഹൂദരുടെ ഗണ്യമായ സാന്നിധ്യവും ഇസ്രയേലിനെ വടക്കൻ ഇറാഖിന്റെ രാഷ്ട്രീയത്തിൽ പ്രത്യേക താത്പര്യം ജനിപ്പിക്കാൻ കാരണമാണ്.

1997 സെപ്റ്റംബർ പതിനാറിൽ നടന്ന അറബ് ലീഗ് അറബ് താത്പര്യത്തിന് വിരുദ്ധമാണ് എന്ന് പ്രസ്താവനയിറക്കി ഇസ്രായേൽ തുർക്കി സഹകരണത്തെ അപലപിച്ചിരുന്നു. അതെ വർഷം തെഹ്റാനിൽ സംഘടിച്ച ഒഐസിയുടെ മീറ്റിംഗിലും തുർക്കിയെ വിമർശിച്ചിരുന്നു. സിറിയ, ലിബിയ, ഇറാൻ, ഇറാഖ്, ഫലസ്തീൻ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളും തുർക്കിയുടെ പുതിയ നീക്കങ്ങളെ അപലപിച്ചു. തുർക്കിയുടെ അറബ് വിരുദ്ധ നയങ്ങളുടെ വിപുലീകരണം ആണ് ഇതെന്ന് ബഅസ് പാർട്ടിയും ആരോപിച്ചു. എന്നാൽ ഇറാൻ, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളുടെ പ്രാദേശിക സ്വാധീനം നിയന്ത്രിച്ചു നിര്‍ത്തുക എന്നതായിരുന്നു ഇസ്രായേലിന്റെയും തുർക്കിയുടെയും ഉദ്ദേശം. കൂടാതെ പ്രാദേശിക രാഷ്ട്രീയ മാത്സര്യത്തിൽ അമേരിക്കയുടെ സഹായം ഉറപ്പുവരുത്തുക എന്നതും ഇരു രാഷ്ട്രങ്ങളുടെയും നയങ്ങളുടെ പ്രധാന പ്രചോദനമായിരുന്നു. പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ സുപ്രധാന ഭാഗദേയം വഹിക്കണമെന്ന തുർക്കിയുടെ ആഗ്രഹത്തിന് പ്രധാന വിലങ്ങുതടിയായതു ഇസ്രായേൽ ബാന്ധവം തന്നെയായിരുന്നു. തുർക്കിഷ് മിലിറ്ററി ഇസ്രയേലുമായി ഉണ്ടാക്കിയെടുത്ത കരാറുകൾ അറബ് ലോകത്ത് തുർക്കിയുടെ ഇമേജ് കൂടുതൽ വികൃതമാകാൻ കാരണമായി.

തുർഗുത് ഒസാൽ

മുൻ പ്രസിഡണ്ട് തുർഗുത് ഒസാൽ ഇസ്രായേൽ, ഈജിപ്ത്, ഇറാൻ രാഷ്ട്രങ്ങളോട് സമദൂര നിലപാട് ആണ് സ്വീകരിക്കേണ്ടതെന്നു അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ മിലിറ്ററിയുടെ പ്രതിലോമകരമായ നിലപാടിൽ യാതൊരു മാറ്റവുമുണ്ടായില്ല. പക്ഷെ പൊതു ജനാഭിപ്രായം ഫലസ്തീനിനൊപ്പമാണ് എന്ന വസ്തുത പലപ്പോഴും ഭരണകൂടത്തിന്റെ പക്ഷത്തുനിന്ന് ഇസ്രായേൽ അധിനിവേശ വിരുദ്ധ പ്രസ്താവനകൾ വരാനും കാരണമായിട്ടുണ്ട്. 2000 ഒക്ടോബർ ഇരുപതിന്‌ ഇസ്രായേൽ വിധ്വംസക പ്രവർത്തനങ്ങൾക്കെതിരെയുള്ള യു എൻ പ്രമേയത്തെ ഇസ്രായേൽ അപലപിക്കുകയുണ്ടായി. ഫലസ്തീൻ സഹോദരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടു വരേണ്ട സാഹചര്യമാണിതെന്നു അന്നത്തെ പ്രസിഡണ്ട് അഹ്മെത്‌ നെജ്ദത് സീസർ അഭിപ്രായപ്പെട്ടു. അൽ അഖ്‌സ പ്രദേശത്തെ ഇസ്രായേൽ അധിവേശ ശ്രമങ്ങളെ തുർക്കി ശക്തമായ ഭാഷയിൽ വിമർശിച്ചത് ചരിത്രമാണ്. അൽ അഖ്‌സക്കുമേലുള്ള ഇസ്രായേലിൻ്റെ അവകാശവാദങ്ങളെ എതിർക്കുന്ന അറബ് രാഷ്ട്രങ്ങളോട് തുർക്കി എന്നും ഐക്യദാർഢ്യം പ്രഖാപിച്ചിട്ടുണ്ട് എന്നത് ദേശീയ പൊതുജനാഭിപ്രായം തുർക്കിയുടെ വൈദേശിക നയങ്ങളിൽ ചെലുത്തുന്ന സ്വാധീനം പ്രകടമാക്കുന്നുണ്ട് എന്ന് ഗോഖാൻ ബാജിക് നിരീക്ഷിക്കുന്നുണ്ട് (THE LIMITS OF AN ALLIANCE: TURKISH-ISRAELI RELATIONS REVISITED).

2000 ഏപ്രിലിൽ ഇസ്രായേലി വിദ്യാഭ്യാസ മന്ത്രി യോസി സാരിദ്, 1915 ൽ നടന്ന അർമേനിയൻ സംഘർഷത്തെ ജൂയിഷ് ഹോളോകോസ്റ്റുമായി സമീകരിച്ചത് തുർക്കിയിൽ രാഷ്ട്രീയ മേഖലകളിൽ വലിയ അനുരണങ്ങൾ സൃഷ്ടിക്കുകയും തുർക്കി സ്വാതന്ത്ര്യ ദിനത്തിൽ ഇസ്രായേൽ എംബസിയെ ബോയ്‌കോട്ട് ചെയ്യുന്നതിലേക്ക് നയിക്കുകയും ചെയ്തു. ഈ പ്രസ്താവനകളെല്ലാം വ്യക്തിപരമെന്നു വിശദീകരിക്കപ്പെട്ടതിനു ശേഷം വീണ്ടും ബന്ധം പഴയ നിലയിലായി മാറി.

2001 ആഗസ്റ്റിൽ ഏരിയൽ ഷാരോണിനെ തുർക്കിയിൽ സ്വീകരിച്ചതും തുർക്കി ഇസ്രായേൽ നയതന്ത്ര ബന്ധങ്ങളുടെ സങ്കീർണത വ്യക്തമാക്കുന്നു. അറബ് ഇസ്‌ലാമിക ലോകത്തെങ്ങും വെറുക്കപ്പെട്ട ഷാരോണിന്റെ രണ്ടാം ഇൻതിഫാദ തുടങ്ങുന്നതിനു തൊട്ടു മുൻപുള്ള മാസത്തെ സന്ദർശനം വലിയ വാർത്തയായിരുന്നു. 2002- ൽ തുർക്കി പ്രധാനമന്ത്രി എജെവിത് ഇസ്രയേലിന്റെ ഫലസ്തീൻ ആക്രമണത്തെ വംശഹത്യ എന്ന് വിശേഷിപ്പിച്ചത് പ്രദേശിക തലത്തിൽ വിവാദമാകുകയും പിന്നീട് അമേരിക്കൻ ഇസ്രായേലി ലോബിയുടെ സഹായത്തോടെ പരാമർശം പിൻവലിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു.

എ. കെ പാർട്ടിയുടെ നയങ്ങൾ

അബ്ദുല്ലാ ഗുൽ

2002- ൽ എ കെ പാർട്ടിയുടെ വിജയം പ്രാദേശിക തലത്തിൽ രാഷ്ട്രീയ ആശങ്കകൾ ഉണ്ടാക്കിയെങ്കിലും എർദോഗാൻ ഇസ്രായേൽ-തുർക്കി ബന്ധത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയില്ല എന്നത് ശ്രദ്ധേയമാണ്. ഭരണകൂട- സൈനിക സന്ദർശനങ്ങൾ തടസം കൂടാതെ തുടരുകയാണുണ്ടായത്. 2003 ജൂലൈയിൽ ഇസ്രായേലി പ്രസിഡണ്ട് മോശെ കാറ്റ്സവിന്റെ സന്ദർശനത്തിൽ ഭാവി ബന്ധം ശക്തിപ്പെടുത്തുമെന്ന പ്രസ്താവനകൾ പോലുമുണ്ടായി. 2004 ൽ തുർക്കി-ഇസ്രായേൽ ജല കരാർ ഇരുപത് വർഷത്തേക്ക് മധ്യധരണ്യാഴിയിൽ ഇരുരാഷ്ട്രങ്ങളെയും ബന്ധിപ്പിച്ചു നിർത്താൻ ഉതകുന്നതായിരുന്നു. 2005 ൽ ഇസ്രായേലുമായി ആയുധക്കച്ചവടം ഊർജ്ജിതമാകുന്നതും കണ്ടു. അതേ വർഷം വിദേശ മന്ത്രിയായിരുന്ന അബ്ദുല്ലാഹ് ഗുലും പിന്നീട് എർദോഗാനും ഇസ്രായേൽ സന്ദശിച്ചത് ശ്രദ്ധേയമായി. ഷാരോൺ ഭരണകൂടത്തിന്റെ ഫലസ്തീൻ വിരുദ്ധ നയത്തെ എർദോഗാൻ ശക്തമായി വിമർശിച്ചത് ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വഴിയൊരുക്കിയിരുന്നു. ദേശീയ താൽപര്യത്തിനായി ഇസ്രായേലുമായി ബന്ധം സൂക്ഷിക്കുക എന്ന സാമ്പ്രദായിക നയം പിന്തുടരുന്നതിനോടൊപ്പം തന്നെ അന്തർദേശിയ തലത്തിൽ ഇസ്രായേലിനെ സമ്മർദ്ദത്തിലാക്കുക എന്ന നയവും എർദോഗാൻ സ്വീകരിച്ചു. (Efraim Inbar, The Resilience of Israeli–Turkish Relations , 2005)

2006 ജനുവരിയിലെ ഹമാസിന്റെ തെരെഞ്ഞടുപ്പ് വിജയത്തിന് ശേഷം എ കെ പാർട്ടി ഹെഡ്‌കോട്ടേഴ്സിൽ ഹമാസ് നേതാക്കളുമായുള്ള സംഗമവും ഇസ്രയേലിന്റെ രണ്ടാം ലെബനൻ ആക്രമണവും തുർക്കി തെരുവുകളിൽ ഇസ്രായേൽ വിരുദ്ധ ശബ്ദങ്ങൾ മുഴക്കിയെങ്കിലും നയതന്ത്ര ബന്ധത്തെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ 2008 ൽ ഇസ്രായേലിന്റെ ഗസ്സ ആക്രമണം എർദോഗാനെ കൊടുത്താൽ ചൊടിപ്പിക്കുകയും യഹൂദ് ഓൾമാർട് സമാധാന ചർച്ചകളിൽ പങ്കാളിയാകാൻ ഒരിക്കലും കഴിയില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു.

2009 ലെ ലോക സാമ്പത്തിക വേദിയിൽ എർദോഗാൻ ഇസ്രായേൽ പ്രസിഡണ്ട് ഷിമോൺ പെരെസിനോട് “എങ്ങനെ കൊല്ലണമെന്ന് നിങ്ങൾക്ക് നന്നായി അറിയാമല്ലോ” എന്ന് പറഞ്ഞു ഇറങ്ങിപ്പോയ സംഭവമുണ്ടായി. ഈ സംഭവത്തോടെ ഉഭയകക്ഷി ബന്ധം കൂടുതൽ വഷളാവുകയും ചെയ്തിരുന്നു.

എർദോഗാൻ ലോക സാമ്പത്തിക വേദിയിൽ നിന്ന് ഇറങ്ങിപ്പോകുന്നു
എർദോഗാൻ ലോക സാമ്പത്തിക വേദിയിൽ നിന്ന് ഇറങ്ങിപ്പോകുന്നു

നയതന്ത്ര ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലും അങ്കാറയിലെത്തിയ അന്നത്തെ പ്രതിരോധ മന്ത്രി യഹൂദ് ബാറകിനെ പ്രസിഡന്റ് ഗുലോ പ്രധാനമന്ത്രി എർദോഗാനോ കാണാൻ കൂട്ടാക്കിയില്ല എന്നത് ഇസ്രായേലിനേറ്റ വലിയ അപമാനമായിരുന്നു.

2010 മെയ് മാസത്തിൽ തുർക്കിഷ് എൻ ജി ഓ, ഹ്യുമാനിറ്റേറിയൻ റിലീഫ് ഫൗണ്ടേഷന്റെ ‘ഗസ്സ ഫ്രീഡം ഫ്ലോട്ടില്ല’ എന്ന കപ്പലിനെ ഇസ്രായേൽ ആക്രമിച്ചതും ഒമ്പത് തുർക്കിഷ് പൗരന്മാർ വധിക്കപ്പെട്ടതും ഇസ്രായേൽ-തുർക്കി നയതന്ത്ര ബന്ധത്തിലെ ഏറ്റവും കുപ്രസിദ്ധ സംഭവമായി കണക്കാക്കപ്പെടുന്നു. ഇസ്രായേൽ ക്ഷമ ചോദിക്കുക, സംഭവത്തിൽ കൊല്ലപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുക, ഗസ്സയുടെ മേലുള്ള ഉപരോധം നീക്കുക എന്നീ മൂന്ന് നിബന്ധനകൾ തുർക്കി മുന്നോട്ടു വെച്ചു. ഒടുവിൽ 2013 മാർച്ചിൽ അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമയുടെ മധ്യസ്ഥതയിൽ നെതന്യാഹു എർദോഗാനുമായുള്ള ഫോൺ സംഭാഷണത്തിലൂടെ ക്ഷമാപണം നടത്തുകയും ഫ്രീഡം ഫ്ലോട്ടില്ല സംഭവത്തിൽ കൊല്ലപ്പെട്ടവർക് നഷ്ടപരിഹാരം നല്കാൻ തയ്യാറാണെന്ന് സമ്മതിക്കുകയും ചെയ്തു (Shira Efron ,The Future of Israeli-Turkish Relations, 2018). അതിനാൽ ഇതിനെതിരെ തുർക്കി തുടങ്ങിവെച്ചിരുന്ന നിയമ നടപടികൾ അവസാനിപ്പിക്കുകയും ഇരു രാഷ്ട്രങ്ങളും അംബാസഡറുമാരെ പുനഃസ്ഥാപിച്ചു സന്ധി സംഭാഷങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. എങ്കിലും ഗസ്സയിലെ ഉപരോധം നീക്കണമെന്ന ആവശ്യം ഇസ്രായേൽ അംഗീകരിക്കാത്തതിനാൽ ചർച്ചകൾ ഫലവത്തായില്ല. 2014 ജൂലൈയിൽ ഇസ്രായേലിന്റെ ഗസ്സ ആക്രമണം ഇരു രാഷ്ട്രങ്ങൾക്കിടയിലെ നയതന്ത്ര പ്രതിസന്ധി വീണ്ടും രൂക്ഷമാകാൻ കാരണമായി.

നിരവധി സമാധാന ചർച്ചകളും സന്ധി സംഭാഷണങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും 2016 വരെ അതൊന്നും ഫലപ്രദമാകാതെ നീണ്ടു പോകുകയാണ് ഉണ്ടായത്. 2016 ൽ ഇരുപത് മില്യൺ ഡോളർ നഷ്ടപരിഹാരം നൽകിക്കൊണ്ട് കരാർ ഉണ്ടാക്കിയതും ജൂൺ മാസത്തിൽ പൂർണമായും നയതന്ത്ര ബന്ധം സാധാരണ നിലയിലായതും തുർക്കിയുടെ ഇസ്രായേലിൻ മേലുള്ള നയതന്ത്ര വിജയമായിരുന്നു. കൂടാതെ ഗസ്സയിൽ അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണത്തിന്നാവശ്യമായ സാധന സാമഗ്രികൾ വിതരണം ചെയ്യാൻ തുർക്കിയെ സഹായിക്കാമെന്ന് ഇസ്രായേലിനു സമ്മതിക്കേണ്ടി വന്നതും തുർക്കിയുടെ വിജയമായി പരിഗണിക്കപ്പെട്ടു. നയതന്ത്ര സ്വാഭാവീകരണത്തിനു ശേഷം ഇസ്രായേലിൽ നിന്നുമുള്ള വിനോദ സഞ്ചാരത്തിന്റെ തോത് വർധിച്ചത് ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടതിന്റെ ഉദാഹരമാണ്.

ഗൾഫ് പ്രതിസന്ധി

ഗൾഫ് രാഷ്ട്രങ്ങളുടെ സമ്മർദ്ദങ്ങളുണ്ടായിട്ടും ഖത്തർ 2014 ൽ തുർക്കിയുമായി സൈനിക , രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിലെ ഉഭയകക്ഷി ബന്ധങ്ങൾ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. 2014 ഡിസംബറിൽ ഇരു രാഷ്ട്രങ്ങളും ഉന്നത തല സ്ട്രാറ്റജിക് കോ-ഓപറേഷൻ കൗൺസിൽ രൂപീകരിക്കുക, സൈനിക സഹകരണം ദൃഢീകരിക്കുക, ഖത്തറിൽ തുർക്കിഷ് സൈനിക താവളനിർമാണം എന്നിങ്ങനെ സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. കൂടാതെ 2016 ജൂലൈ 15 ന് തുർക്കിഷ് ഭരണകൂടത്തിനെതിരെ നടന്ന പട്ടാള അട്ടിമറി ശ്രമത്തെ ഖത്തർ അപലപിക്കുകയും എർദോഗാനിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത് രാഷ്ട്രീയ പാരസ്പര്യത്തെ ചൂണ്ടിക്കാട്ടുന്നു. 2017 ജൂണിൽ സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഖത്തറിനുമേൽ നടത്തിയ ഉപരോധം തുർക്ക- ഖത്തർ ഉഭയകക്ഷി ബന്ധം വർധിപ്പിക്കുകയാണ് ചെയ്തത്. അനിവാര്യഘട്ടത്തിൽ തുർക്കിയുടെ സാമ്പത്തിക- മാനുഷിക സഹായം ഖത്തറിനെ സംബന്ധിച്ചിടത്തോളം വളരെ സഹായകമായിരുന്നു. തുർക്കി ഖത്തറിൽ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തിയതും ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം 679 മില്യൺ ഡോളർ ആയി ഉയരുകയും ചെയ്തിരുന്നു എന്ന് നൂരി യെഷിൽയുർതും മുസ്തഫ യെത്തീമും എഴുതുന്നുണ്ട്(The Regional Order in the Gulf Region and the Middle East Regional Rivalries and Security Alliances, 2020 ). ഖത്തർ- തുർക്കി ഉഭയകക്ഷി ബന്ധം ശക്തമാകുന്നതും തുർക്കിയുടെ പ്രാദേശിക സാന്നിധ്യം അമേരിക്ക, ഇസ്രായേൽ സൗദി ബ്ലോക്കിന് വെല്ലുവിളിയാകുന്നതും 2020 ലെ ഇസ്രായേൽ- യു എ ഇ/ ബഹ്‌റൈൻ നയതന്ത്രബന്ധങ്ങലൈക്ക്‌ നയിച്ചതിന്റെ പുറകിലെ ചില പ്രേരകങ്ങളാണ്.

2020 മധ്യത്തിൽ രൂപപ്പെട്ട അർമീനിയൻ – അസർബൈജാൻ സംഘർഷത്തിലും ഇരു രാഷ്ട്രങ്ങളും അസർബൈജാനിനോടൊപ്പം നിലയുറപ്പിച്ചത് വ്യത്യസ്ത താത്പര്യങ്ങൾ മുന്നിൽ കണ്ടു കൊണ്ടായിരുന്നു.ഇസ്രായേലിന്റെ അസർബൈജാനിലുള്ള സൈനിക – നയതന്ത്ര സ്വാധീനം ഇല്ലാതാക്കുക , ആയുധക്കച്ചവടത്തിൽ സിയോണിസ്റ്റ് രാഷ്ട്രത്തെ മറികടക്കുക എന്നിവയെല്ലാം തുർക്കിയുടെ ലക്ഷ്യങ്ങളായിരുന്നു. മേഖലയിൽ ഇസ്രായേലിന്റെ സ്വാധീനം കുറച്ചു കൊണ്ടുവരുന്നതിലൂടെ അമേരിക്കൻ ഇടപെടലുകളും ഇല്ലാതാക്കാമെന്നും തുർക്കി കരുതുന്നുണ്ട്.ഇറാനിന്റെ പ്രാദേശിക നയങ്ങളോടു എതിർപ്പു പ്രകടിപ്പിക്കുന്ന മുസ്‌ലിം രാജ്യം എന്ന നിലയിലാണ് 2010 മുതൽ അമേരിക്കയുടെ പിന്തുണയോടെ അസർബൈജാനുമായി ഇസ്രായേൽ സഖ്യം രൂപപ്പെടുത്തിയത്.

അടുത്ത മാസം ഇസ്രായേൽ പ്രസിഡന്റ് ഇസാക്‌ ഹെർസോഗിനെ തുർക്കി സന്ദർശിക്കാൻ ക്ഷണിച്ചത് അന്താരാഷ്ട്ര ലോകം കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. തുർക്കിയുടെ വാതക സാമ്പത്തിക താത്പര്യങ്ങൾ ഈ ക്ഷണത്തിനു പുറകിൽ ഉണ്ടെങ്കിലും ഫലസ്തീൻ വിഷയത്തിൽ എങ്ങനെ പ്രതിഫലിക്കും എന്നത് പ്രസക്തമാണ്.

യൂറോപ്യൻ യൂണിയൻ അംഗത്വ മോഹം തുർക്കിയുടെ ചിരകാല സ്വപ്നമായതും ഇസ്രായേലുമായി നയതന്ത്ര ബന്ധം നിലനിർത്താൻ തുർക്കിയെ പ്രേരിപ്പിക്കുന്നുണ്ട്. ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധങ്ങളും വിവിധ കരാറുകളും സിയോണിസ്റ്റ് രാഷ്ട്രത്തിന്റെ ക്രൂരതകളെ എതിർക്കുന്നതിലും ലോക മനസാക്ഷിക്കു മുമ്പിൽ കൊണ്ടുവരുന്നതിലും തുർക്കി ഒരു തടസ്സമായി കാണുന്നില്ല എന്നതാണ് യാഥാർഥ്യം. കെമാലിസ്റ്റ് – പട്ടാള ഭരണഘട്ടത്തിലും ചരിത്രപരമായി തുർക്കി ഫലസ്തീനികളോടു അനുഭാവപൂർവ്വമായ നിലപാടാണ് പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്. എർദോഗാനിന്റെ നിലപാടും വ്യത്യസ്തമല്ല. ദേശീയതാത്പര്യത്തിനായി നയതന്ത്ര ബന്ധം നിലനിർത്തുകയും എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിന്റെ നയങ്ങൾക്കെതിരെ നിലപാടു കൈ കൊള്ളുക എന്ന സ്ഥായിയായ സമീപനമാണ് എ.കെ പാർട്ടി ഭരണകൂടവും ഇതുവരെ സ്വീകരിച്ചിരിക്കുന്നത്.

By ഡോ. സൈഫുദ്ദീൻ കുഞ്ഞ് .എസ്

Faculty, JBAS Centre for Islamic Studies