മാധ്യമ നിരോധനങ്ങളുടെ ചരിത്രവും മീഡിയ വൺ വേട്ടയും

“അസത്യം നാടുവാഴുന്ന കാലത്ത് സത്യം പറയുന്നതും ഒരു വിപ്ലവ പ്രവർത്തനമാണ്”

-ജോർജ് ഓർവെൽ

ഇന്ത്യയുടെ പത്രപ്രവർത്തന ചരിത്രം ഭരണകൂടത്തോടുള്ള തുറന്ന സമര പോരാട്ടത്തിന്റേത് കൂടിയായിരുന്നു. സ്കൂളുകളിലും മത്സര പരീക്ഷകളിലും നാം ഒരുപാട് കേട്ടുതഴമ്പിച്ച ഒന്നാണ് ഇന്ത്യയിലെ ആദ്യത്തെ പത്രം ഏത് എന്ന ചോദ്യം. അതിനുത്തരം ആകട്ടെ ബംഗാൾ ഗസറ്റ് അഥവാ കൽക്കട്ട അഡ്വൈസർ എന്നതും. ബംഗാൾ ഗസറ്റ് ഇന്ത്യയിലെ മാത്രമല്ല ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തന്നെ ആദ്യത്തെ അച്ചടിക്കപ്പെട്ട പത്രമായിരുന്നു. അയർലൻ്റുകാരനായ ജെയിംസ് അഗസ്റ്റസ് ഹിക്കിയായിരുന്നു പത്രത്തിന്റെ സ്ഥാപകൻ. 1780 ജനുവരി മാസം 29ന് കൊൽക്കത്തയിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച പത്രത്തിന് 1782 മാർച്ച് മുപ്പതാം തീയതി വരെയേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ എന്നതാണ് ചരിത്രം. അന്നത്തെ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന വാറൻ ഹേസ്റ്റിംഗിന്റെ അപ്രീതിക്ക് കാരണമായ പത്രം അടച്ചുപൂട്ടപ്പെടുകയായിരുന്നു. തുടർന്ന് ജയിലിലായ ജെയിംസ് അഗസ്റ്റസ് ഹിക്കി തടവറയിൽ ഇരുന്നുകൊണ്ട് തന്നെ ലേഖനങ്ങളെഴുതി പ്രസിദ്ധീകരിച്ചു; ബംഗാൾ ഗസറ്റിന്റെ പ്രസ്സ് ഉൾപ്പെടെ ഭരണകൂടം പിടിച്ചെടുക്കുന്നത് വരെ അതു തുടർന്നു.

അതായത് ഇന്ത്യയിൽ ആരംഭിച്ച ആദ്യത്തെ പത്രസ്ഥാപനത്തിന്റെ ചരിത്രം തന്നെ ഭരണകൂടത്തോടുള്ള തുറന്ന യുദ്ധപ്രഖ്യാപനവും അതുമൂലമുണ്ടായ നിരോധനവും ഒക്കെ ആയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ പത്രത്തിന് പോലും വെറും രണ്ടു വർഷത്തെ ആയുസ് ഉണ്ടായിരുന്നുള്ളൂ. പത്രം ഗവൺമെന്റ് അടച്ചുപൂട്ടിയെങ്കിലും പത്രപ്രവർത്തനമെന്ന സാധ്യതയെ ബംഗാൾ ഗസറ്റിലൂടെ മനസ്സിലാക്കുവാൻ ഇന്ത്യൻ ജനതയ്ക്ക് സാധിച്ചു. അതിനെ തുടർന്ന് ഭരണകൂട വിമർശനങ്ങൾ ഉയർത്തി അനേകം പത്രമാധ്യമങ്ങൾ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ടു. അവയെല്ലാംതന്നെ ഭരണകൂടത്തിന്റെ പ്രതികാര നടപടികൾക്ക് പാത്രമായിട്ടുണ്ടുതാനും.

എന്തായിരുന്നു കേരളത്തിലെ മാധ്യമസ്ഥാപനങ്ങളുടെ ചരിത്രം?വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ഉടമസ്ഥതയിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സ്വദേശാഭിമാനി പത്രത്തിന് അഞ്ചു വർഷം മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. തിരുവിതാംകൂർ ദിവാനെതിരെ ആഞ്ഞടിച്ച പത്രത്തിനു മേൽ 1910 സെപ്റ്റംബർ 26ന് ഭരണകൂടത്തിന്റെ നിരോധനം ഉണ്ടായി. പത്രാധിപർ രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്നും നാടുകടത്തി. അധികാര രംഗങ്ങളിലെ അഴിമതിക്കെതിരെ ശബ്ദിച്ച കേസരി ബാലകൃഷ്ണപിള്ളയുടെ കാർമികത്വത്തിൽ പ്രസിദ്ധീകരണമാരംഭിച്ച കേസരിയുടെയും, സ്വാതന്ത്ര്യസമരസേനാനിയും, കേരളത്തിലെ പ്രമുഖ ദേശീയ നേതാവുമായിരുന്ന അബ്ദുറഹ്മാൻ സാഹിബിന്റെ കാർമികത്വത്തിൽ പ്രസിദ്ധീകരിക്കപെട്ട അൽഅമീനിന്റെയും ചരിത്രം കേരള പത്രപ്രവർത്തന ചരിത്രത്തിൽ തങ്ക ലിപികളാൽ രേഖപ്പെടുത്തപ്പെട്ടവയാണ്.

ഭരണകൂടത്തെ പ്രീണിപ്പിച്ചും തലോടിയും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന മലയാള മനോരമ അടക്കമുള്ള പത്രങ്ങളും ആ കാലഘട്ടം മുതൽ ഉണ്ടായിരുന്നു.

ഇന്ത്യയുടെ മാധ്യമ ചരിത്രം പരിശോധിച്ചാൽ ധീരോദാത്തമായ ഒട്ടനവധി ചരിത്രമുഹൂർത്തങ്ങൾ പല മാധ്യമ സ്ഥാപനങ്ങളുടേതുമായി കാണുവാൻ സാധിക്കും. സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലും ഭരണകൂട വിമർശനങ്ങളിലും നടമാടിയ സന്ധിയില്ലാ പോരാട്ടങ്ങൾക്ക് പത്രമാധ്യമങ്ങളും അവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. ചരിത്രത്തിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് വർത്തമാനകാലത്തും അത്തരത്തിലുള്ള ഇടപെടലുകൾക്ക് നേതൃത്വം നൽകുന്ന മാധ്യമ സ്ഥാപനങ്ങളെ ലോക രാഷ്ട്രീയത്തിൽ ഇന്നും നമുക്ക് കാണുവാൻ സാധിക്കും. 2021 ലെ സമാധാന നോബൽ പ്രഖ്യാപനത്തിലെ ജേതാക്കളായ മരിയ ആഞ്ചലിറ്റ റെസ്സ എന്ന ഫിലിപ്പിനോ- അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയും ദിമിത്രി ആന്‍ഡ്രീവിച്ച് മുരടോവ് എന്ന റഷ്യന്‍ മാധ്യമപ്രവര്‍ത്തകനും ഇതിന്റെ സമീപകാല ഉദാഹരണമാണ്. ഇരുവരും ഭരണകൂടത്തോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചവരാണ്. ജൂലിയൻ അസാൻജ് ആയി ബന്ധപ്പെട്ട വാർത്തകൾ ഇന്നും സജീവമാണ്. ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് അദ്ദേഹം ഓട്ടിസം ബാധിതനായിരിക്കുന്നു എന്നറിയാൻ കഴിയുന്നു. രണ്ടായിരത്തി രണ്ടിൽ സ്വിറ്റ്സർലൻഡ് ആസ്ഥാനമായി അസാൻജ് സ്ഥാപിച്ച വിക്കിലീക്സ് എന്ന മാധ്യമ സ്ഥാപനം കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പ് ലോക രാഷ്ട്രീയത്തിലുണ്ടാക്കിയ ഓളം നമുക്ക് മറക്കാനാവില്ല. മാനവികതയുടെയും മനുഷ്യാവകാശങ്ങളുടെയും ഗേഹമെന്ന് സ്വയം മേനിനടിച്ചുകൊണ്ട് വെള്ള വംശീയതയുടെ പ്രചാരകരായി നവ സാമ്രാജ്യത്വ അധിനിവേശം നടത്തുന്ന അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും അഴിച്ചുവിട്ട ഹീനവും മനുഷ്യത്വവിരുദ്ധമായ നരവേട്ടകളെ ലോകത്തോട് വിളിച്ചു പറഞ്ഞ മാധ്യമമായിരുന്നു അസാൻജിൻ്റെ വിക്കിലീക്സ്. അകാരണമായി മനുഷ്യജീവനുകളെ കൊന്നൊടുക്കുന്ന അമേരിക്കൻ സൈന്യത്തിന്റെ ചിത്രങ്ങൾ വിക്കിലീക്സിലൂടെ ലോകം കണ്ടു. അമേരിക്കയുടെ ഒട്ടനേകം രഹസ്യരേഖകൾ വിക്കിലീക്സ് പുറത്തുവിട്ടിരുന്നു. അതിന്റെയൊക്കെ പേരിൽ ഇന്നും അദ്ദേഹം വേട്ടയാടപ്പെടുകയാണ്.

ലോകത്ത് ധീരമായ മാധ്യമ ഇടപെടലുകളുടെ പേരിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന മാധ്യമമാണ് അൽജസീറ. ഖത്തറിനുമേൽ ഗൾഫ് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിന് ഒരു കാരണം അൽജസീറയായിരുന്നു എന്നതും ചേർത്തുവായിക്കാം.

ജനാധിപത്യത്തിന്റെ നാലാം തൂൺ എന്ന വിശേഷണമാണ് മാധ്യമങ്ങൾക്ക് നൽകിവരുന്നത്. “നിങ്ങൾ പറയുന്ന നിലപാടിനോട് ഒരു ശതമാനം പോലും യോജിക്കാൻ എനിക്ക് കഴിയില്ലെങ്കിലും ആ നിലപാട് പറയുവാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മരിക്കുവാൻ പോലും ഞാൻ തയ്യാറാണ്” എന്ന റൂസോയുടെ വാക്കുകളെ തത്വമായി സ്വീകരിച്ചു വേണം ഭരണകൂടം മാധ്യമങ്ങളെ സമീപിക്കേണ്ടത്.

മാധ്യമസ്വാതന്ത്ര്യം എന്നത് ഭരണഘടന ഉറപ്പു നൽകുന്ന അവകാശമാണ്. മുസ്‌ലിം വ്യക്തികളുടെ ഇ-മെയിൽ ചോർത്തിയ ഭരണകൂട നടപടിയും, രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നായ 2ജി സ്പെക്ട്രം അഴിമതിയും, ഇന്ത്യയിൽ നടന്ന സ്ഫോടനങ്ങളുടെ പിന്നിലെ സംഘ്പരിവാർ കൈകളെയും ഇന്ത്യൻ ജനത അറിഞ്ഞത് ധീരമായ മാധ്യമ ഇടപെടലുകളിലൂടെയായിരുന്നു. സമീപകാലങ്ങളിലായി സംഘ്പരിവാർ ഭരണകൂടം രാജ്യത്തെ പത്രമാധ്യമങ്ങളുടെ മേൽ നടത്തുന്ന കടന്നുകയറ്റങ്ങൾ നമ്മുടെ ജനാധിപത്യ സംവിധാനത്തോടുള്ള കൃത്യമായ വെല്ലുവിളിയാണ്. കേരളത്തിലെ രണ്ടു പ്രമുഖ ചാനലുകൾ മോദി സർക്കാരിന്റെ കാലത്ത് നിരോധനം ഏറ്റുവാങ്ങുകയുണ്ടായി. യുപിയിലെ ഹഥ്റാസ് സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് മേൽ യോഗി സർക്കാർ ചുമത്തിയത് യു.എ.പിഎ ആണ് എന്നതിൽ എത്തി നിൽക്കുന്നു രാജ്യത്തെ പത്രസ്വാതന്ത്ര്യം. ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ നല്ലത് ഒരുതിരി പ്രകാശിപ്പിക്കുന്നതാണ് എന്ന ആപ്തവാക്യത്തിൽ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ആംനെസ്റ്റി ഇന്റർനാഷണൽ എന്ന മനുഷ്യാവകാശ പ്രസ്ഥാനത്തിന് ഇന്ത്യയിലെ അവരുടെ ഓഫീസിന് താഴിടേണ്ടി വന്നു എന്നത് അർഹിക്കുന്ന വാർത്താ പ്രാധാന്യം നേടാതെ പോയ വസ്തുതയാണ്. ഗവൺമെന്റിന്റെ ഇടപെടൽ മൂലമാണ് ആംനെസ്റ്റിക്ക്‌ ഇന്ത്യ വിടേണ്ടി വന്നത്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ്’ എന്ന സംഘടന 2021 ൽ പുറത്തുവിട്ട ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ സ്ഥാനം 142 ആണ്. പട്ടാളത്തിന് കൃത്യമായ രാഷ്ട്രീയ സ്വാധീനവും ഭരണ രംഗങ്ങളിൽ ശക്തമായ റോളുമുള്ള പാകിസ്ഥാനിന്റെ സ്ഥാനം സൂചികയിൽ 145 ആണ് എന്നതും ഇതിനോട് ചേർത്ത് വായിക്കുമ്പോഴാണ് ഇന്ത്യയുടെ പത്രസ്വാതന്ത്ര്യം എവിടെ എത്തി നിൽക്കുന്നു എന്ന ഭീകരമായ
യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുവാൻ സാധിക്കുകയുള്ളൂ.

2019ൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാശ്മീരിൻ്റെ പ്രത്യേകപദവി റദ്ദു ചെയ്യലിനെ തുടർന്ന് ലോകത്തെ ഏറ്റവും വലിയ ജയിലായി മാറിയ കശ്മീരിൽ പത്രസ്വാതന്ത്ര്യം മുമ്പത്തേക്കാൾ ഏറെ നിയന്ത്രണങ്ങൾക്ക് വിധേയമായി. പത്രപ്രവർത്തകർ പലരും അറസ്റ്റ് ചെയ്യപ്പെടുകയും പീഡനങ്ങൾക്ക് ഇരയാവുകയും ചെയ്തു. മാധ്യമപ്രവർത്തകരെ അവരുടെ ജോലി ചെയ്യുന്നതിൽ നിന്ന് തടയാൻ ഇന്ത്യൻ അധികാരികൾ തീരുമാനിച്ചതായി തോന്നുന്നുവെന്ന് യുഎസ് ആസ്ഥാനമായുള്ള കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റുകളുടെ (സിപിജെ) ഏഷ്യാ പ്രോഗ്രാം കോർഡിനേറ്റർ സ്റ്റീവൻ ബട്‌ലർ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

“അധികാരികൾ വ്യവസ്ഥാപിതമായ ഭയം സൃഷ്ടിക്കുകയും സ്വതന്ത്ര മാധ്യമങ്ങൾക്ക് നേരെ നേരിട്ട് ആക്രമണം നടത്തുകയും ചെയ്തു. വിമർശനാത്മകമായ ഒരു വാക്കിനോട് പോലും തികഞ്ഞ അസഹിഷ്ണുതയുണ്ട്” – 1954ൽ സ്ഥാപിതമായ കാശ്മീർ ടൈംസിന്റെ എഡിറ്റർ അനുരാധ ഭാസിൻ പറയുന്നു.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മൊത്തവ്യാപാരികൾ എന്ന ലേബലിൽ പ്രവർത്തിക്കുന്ന ഇടതുപക്ഷം നേതൃത്വം നൽകുന്ന കേരളത്തിൽപോലും ആർഎസ്എസിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നു. എഴുതാനും പറയാനുമുള്ള അവകാശം എന്നത് പൊരുതിയെടുത്ത സ്വാതന്ത്ര്യമാണ്. അതിന് കൂച്ചുവിലങ്ങിടുന്ന ഏതൊരു നടപടിയും അത് ഏതു ഭാഗത്തു നിന്നായാലും ശരി എതിർക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതും തന്നെയാണ്.

മേൽ സൂചിപ്പിച്ച ചരിത്ര വർത്തമാനങ്ങളിൽ നിന്നും വായിക്കുമ്പോൾ ജനുവരി 31 ന് മീഡിയവണ്ണിനുണ്ടായത് കാലത്തിന്റെ അനിവാര്യമായ ഒരു പരിണിതി മാത്രമാണ് എന്നു പറയേണ്ടിവരും. കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ നാവുകളായും ഭരണകൂട ദാസ്യത്തിന്റെ പാണന്മാരായും, തീവ്ര വലതുപക്ഷത്തിന്റെ പ്രചാരകരായും രംഗം കൊഴുപ്പിക്കുന്ന മാധ്യമ ഭീമന്മാർ വാഴുന്ന സമകാലിക ഇന്ത്യൻ മാധ്യമ വർത്തമാനങ്ങളിൽ മീഡിയവൺ നൽകുന്ന പ്രതീക്ഷ ചെറുതല്ല. ന്യൂനപക്ഷങ്ങളും പാർശ്വവൽകൃത ജനവിഭാഗങ്ങളും കൂടുതൽ അപരവൽക്കരിക്കപ്പെടുന്ന നവ സാമൂഹിക ചുറ്റുപാടിൽ മീഡിയവൺ പോലെയുള്ള പ്രതിപക്ഷ മാധ്യമങ്ങൾ എന്തുകൊണ്ടും നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മീഡിയവണ്ണിന് നേരെയുണ്ടായ കേന്ദ്ര സർക്കാരിന്റെ ഈ നടപടി പ്രസ്തുത സ്ഥാപനത്തെ മാത്രമല്ല ടാർഗറ്റ് ചെയ്യുന്നത് എന്നതും അത് ഞങ്ങൾക്ക് കൂടിയുമുള്ള മുന്നറിയിപ്പ് കൂടിയാണ് എന്ന ബോധ്യവും മറ്റു മാധ്യമങ്ങൾക്കും ഉണ്ടാകേണ്ടതാണ്.

By മുഹമ്മദ് ഹാഫിസ്

Students Islamic Organization, Alappuzha District President