അക്കാദമിക സ്ഥാപനങ്ങളിലെ മനുവാദി ഉദ്യോഗസ്ഥഭരണം; അനുഭവങ്ങൾ

ജാതിവിവേചനവും മാനസിക പീഡനവും കാരണം മദ്രാസ് ഐ.ഐ.ടിയിലെ അസിസ്റ്റന്റ് പ്രൊഫസർ വിപിൻ പി. വീട്ടിൽ തസ്തികയിൽ നിന്ന് രാജിവച്ചിരുന്നു. പല തവണ പരാതി നൽകിയിട്ടും നടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് താൻ രാജി വെക്കുന്നതെന്ന് വിപിൻ പറയുന്നു. താൻ നേരിട്ട ദുരനുഭവങ്ങളുടെ വെളിച്ചത്തിൽ ഇന്ത്യൻ അക്കാദമിക സ്ഥാപനങ്ങളിലെ ജാതി അധികാരത്തെക്കുറിച്ച് വിപിൻ എഴുതുന്നു.

ഇന്ത്യ ഒരു സങ്കോചത്തിലാണ് ജീവിക്കുന്നത്. ഒരു വശത്ത് നമ്മുടെ ഭരണഘടന സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം തുടങ്ങിയ മൂല്യങ്ങൾ പ്രതിഷ്ഠിക്കുന്നു. മറുവശത്ത് അധികാരസ്ഥാനങ്ങളിലുള്ള പലരും നമ്മുടെ ഭരണഘടനാ മൂല്യങ്ങൾക്ക് തികച്ചും വിരുദ്ധമായ ദൃഢവിശ്വാസങ്ങൾ വെച്ചുപുലർത്തുന്നു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ അധികാരസ്ഥാനങ്ങളിലുള്ളവർ മനുസ്‌മൃതി പരസ്യമായോ രഹസ്യമായോ പിന്തുടരുന്നു. ഈ വൈരുദ്ധ്യം നമ്മുടെ മുഖ്യധാരാ അക്കാദമിക സ്ഥാപനങ്ങളിൽ വളരെ പ്രകടമാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധാരണക്കാരന് ബുദ്ധിമുട്ടായിരിക്കുമെന്നതാണ് വാസ്തവം. അംബേദ്കറുടെ തുല്യതയിലൂന്നിയ ഭരണഘടനയെ അട്ടിമറിച്ച് പലവിധ ഉദ്യോഗസ്ഥാധിപത്യ മാർഗങ്ങളിലൂടെ മനുസ്മൃതിക്ക് അനുസ്‌തൃതമായ ഫലങ്ങൾ ഇവിടങ്ങളിൽ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

ഇന്ത്യയിലെ ഉന്നത അക്കാദമിക സ്ഥാപനങ്ങളിൽ കീഴ്ജാതി മനുഷ്യരുടെ സാന്നിധ്യം ഇല്ല എന്നുതന്നെ പറയണം. ഈ സ്ഥാപനങ്ങളുടെ അധികാരകേന്ദ്രങ്ങളിൽ കീഴ്ജാതിക്കാരുടെ അസാന്നിധ്യം വ്യക്തമാണ്. അത്തരം സ്ഥാപനങ്ങളുടെ താക്കോൽ സ്ഥാനങ്ങൾ യഥാർത്ഥത്തിൽ ബ്രാഹ്മണർക്കായി സംവരണം ചെയ്തിട്ടുള്ളതാണ്. ഒരിക്കലും അവരുടെ ‘മെറിറ്റിനെ’ ഇവിടെയാരും ചോദ്യം ചെയ്യുന്നില്ല.  ഈ രൂക്ഷമായ അസമത്വങ്ങളുടെ ആത്യന്തിക കാരണം എന്താണ്? ഒരു കാരണം- ചരിത്രപരമായി നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം നിഷിദ്ധമായിരുന്നു. സ്വാഭാവികമായും, ഇതുകാരണം ഉന്നത അക്കാദമിക മേഖലയിൽ ജോലി ചെയ്യാനുള്ള യോഗ്യത പിന്നാക്ക സമുദായങ്ങൾക്ക് ലഭ്യമായെന്നു വരില്ല. എന്നാൽ ഈ ചരിത്ര ഘടകങ്ങൾ ഭൂരിപക്ഷം വരുന്ന അക്കാദമിക് സ്ഥാപനങ്ങളിലും കാണുന്ന കീഴ് ജാതിക്കാരുടെ അസാന്നിധ്യത്തെ ന്യായീകരിക്കുന്നുണ്ടോ? മദ്രാസ് ഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസർ എന്ന നിലയിലുള്ള എന്റെ സ്വന്തം അനുഭവം ഇതല്ല സൂചിപ്പിക്കുന്നത്. വാസ്തവത്തിൽ, ഇന്ത്യയുടെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധ്യാപക സ്ഥാനങ്ങളിൽ നിന്ന് യോഗ്യതയുള്ള വ്യക്തികളെ മാറ്റിനിർത്തുന്നതിനു ഒരു പ്രധാന കാരണം ജാതി വിവേചനമാണ്.

അധ്യാപക നിയമനങ്ങളിൽ ജാതി വിവേചനത്തിന് നിരവധി വഴികളുണ്ട്. അതിനാൽ പാർശ്വവത്കരിക്കപ്പെട്ടവരിൽ നിന്ന് യോഗ്യനായ സ്ഥാനാർത്ഥിയെ മനഃപൂർവം അനര്‍ഹനായി എഴുതിതള്ളാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിന്റെ ആദ്യ ഘട്ടം അധ്യാപക ഒഴിവുകൾ നികത്തുന്നതിനുള്ള പരസ്യം നൽകുമ്പോഴാണ്. ഒരു പുതിയ അധ്യാപകനെ നിയമിക്കുന്നത് ഒരു നിർദ്ദിഷ്ട കോഴ്സ് പഠിപ്പിക്കുവാനല്ല, പകരം അധ്യാപകസ്ഥാനങ്ങൾ സൂതാര്യമല്ലാത്ത നിരവധി കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് പരസ്യം ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഈ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് അവർക്കു താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികൾക്ക് അനുയോജ്യമായ പരസ്യങ്ങൾ നൽകാനുള്ള സാഹചര്യമുണ്ട്. ഭൂരിഭാഗം ഉദ്യോഗസ്ഥരും ഒരു ജാതിയിൽ പെട്ടവരാകുമ്പോൾ അവരുടെ സ്വന്തം ജാതിയിലെ അംഗങ്ങൾക്ക് അനുയോജ്യമാകുന്ന  പരസ്യങ്ങൾ തയ്യാർ ചെയ്യാനുള്ള പ്രവണതയുണ്ടാകുന്നു. ഇപ്പോൾ ഇവിടെ ഐ.ഐ.ടി മദ്രാസിന്റെ കാര്യം നോക്കിയാൽ എല്ലാ ഡിറക്ടർമാരും ബ്രാഹ്മണരാണ്; അത് പോലെ തന്നെയാണ് ഭൂരിഭാഗം വരുന്ന ഡീനും വകുപ്പ് മേധാവികളും. ബ്രാഹ്മണർക്കിടയിലെ ജാതി-ബന്ധുത, തീരുമാനങ്ങൾ എടുക്കുന്നതിൽ അവർക്കുള്ള മുൻതൂക്കം, അധ്യാപകനിയമന പരസ്യങ്ങളിലെ വ്യക്തതയില്ലായ്മ എന്നീ കാരണങ്ങൾ കൊണ്ടുതന്നെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഒരു പരിധിവരെ അധ്യാപക ജോലിക്കു വേണ്ടിയുള്ള പരസ്യത്തിന്റെ  ഘട്ടത്തിൽ തന്നെ വിവേചനം നേരിടുന്നുണ്ടെന്ന് സംശയമില്ല.

അധ്യാപക റിക്രൂട്ട്‌മെന്റിൽ ജാതി വിവേചനം സംഭവിക്കുന്ന രണ്ടാമത്തെ വഴി  അഭിമുഖത്തിന് വേണ്ടിയുള്ള ഉദ്യോഗാർത്ഥികളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുമ്പോഴാണ്. വിവിധ വിഷയങ്ങളിൽ വിവിധ സർവകലാശാലകളിൽ നിന്നുള്ള ഡോക്ടറൽ ബിരുദങ്ങൾ നേടിയ വ്യക്തികളിൽ നിന്നാണ് ഒരു സ്ഥാപനത്തിന് അപേക്ഷകൾ ലഭിക്കുന്നത്. ഒരു പ്രത്യേക വിഷയം എടുത്താൽ പോലും അപേക്ഷകർ വിവിധ സബ്ഫീൽഡുകളിലും സ്പെഷ്യലൈസേഷനുകളിലുമാണ് വരുന്നത്.  ഈ  വൈവിധ്യമായുള്ള അപേക്ഷകരെ ലളിതമായി സമാഹരിക്കാൻ വസ്തുനിഷ്ഠമായ രീതികളൊന്നുമില്ല. ഒരാൾ തൻ്റെ വ്യക്തിപരമായ നിര്‍ണ്ണയരീതി ആശ്രയിച്ചിട്ടാകണം അഭിമുഖത്തിനുള്ള ഉദ്യോഗാർഥികളുടെ ‘ഷോർട്ട്‌ലിസ്റ്റ്’ തയ്യാറാക്കുക. അപ്പോൾ വിധികർത്താക്കൾ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളായിട്ടുള്ളിടത്തോളം അവരുടെ ജാതിവികാരങ്ങൾ ഒന്നല്ലെങ്കിൽ മറ്റൊരു വഴിയിൽ പ്രകടമാവുകയും അത് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളോട് പക്ഷപാതപരമായി പെരുമാറാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.

വിപിൻ പി. വീട്ടിൽ

ജാതി വിവേചനത്തിനുള്ള മൂന്നാമത്തെ മാർഗം അഭിമുഖം നടക്കുമ്പോഴാണ്. ഒരു അഭിമുഖത്തിന്റെ ഫലത്തെ നിർണയിക്കുന്ന ഒരു പ്രധാന ഘടകം ആ ഇന്റർവ്യൂ പാനലിന്റെ ഘടനയാണെന്നുള്ളത് അക്കാദമിക് വിദഗ്ധർക്കിടയിൽ അറിയപ്പെടുന്നയൊരു സിദ്ധാന്തമാണ്. അഭിമുഖം നടത്തുന്നവരുടെ പെരുമാറ്റവും മനോഭാവവും ഉദ്യോഗാർഥിയുടെ ജാതിയുമായി ബന്ധപ്പെട്ട് വ്യത്യാസപ്പെടാം. അതുവഴി അഭിമുഖത്തിന്റെ പല ഘട്ടങ്ങളിലും ചില ഉദ്യോഗാർഥികളെ ഭയപ്പെടുത്തുകയും മറ്റുള്ളവരെ ആശ്വസിപ്പിക്കുകയും ചെയ്യാം. മാത്രമല്ല ഒരു വിഷയത്തിന്റെ ഏത് മേഖലയിൽ നിന്നായാലും ഏറ്റവും പ്രാപ്തിയുള്ള ഉദ്യോഗാർഥിക്ക് പോലും ഉത്തരം നൽകാൻ കഴിയാത്ത ചോദ്യങ്ങൾ കണ്ടെത്താൻ കഴിയും. അതുപോലെ തന്നെ ഏറ്റവും മോശമായ ഉദ്യോഗാർഥിക്ക് ഉത്തരം കിട്ടുന്ന ചോദ്യങ്ങളും കണ്ടെത്താൻ പ്രയാസമില്ല. ചുരുക്കത്തിൽ. അഭിമുഖത്തിലൂടെ ആരാണ് തിരഞ്ഞെടുക്കപ്പെടുക എന്നത് ആരാണ് ഇന്റർവ്യൂ പാനൽ രൂപീകരിക്കുന്നത്, ആരാണ് ചോദ്യങ്ങൾ ചോദിക്കുന്നത്  എന്നിവയെ ആശ്രയിച്ചിരിക്കും. കൂടാതെ ഇപ്പോൾ പറഞ്ഞ ‘ആരാണ്’ എന്നത്  സമൂഹത്തിന് അന്യമായ ഒരു വ്യക്തിയല്ല, അവൻ അല്ലെങ്കിൽ അവൾ  സമൂഹത്തിന്റെ ഒരു ഉല്പന്നമാണ്,  പലപ്പോഴും അവർ സമൂഹത്തിന്റെ മൂല്യങ്ങൾ കുറച്ച് കടമെടുക്കുന്നു – അതിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസമുണ്ടാകാം പക്ഷെ അതിന്റെ ചട്ടക്കൂടിൽനിന്നു മാറിനിൽക്കില്ല. ഈ ‘ആരാണ്’ അഭിമുഖത്തിൽ ചോദ്യം ചോദിക്കുന്നത് എന്നത് ഇന്റർവ്യൂ പാനലിന്റെ ഘടനയനുസരിച്ചിരിക്കും. അവിടെ താഴ്ന്ന ജാതിയിലുള്ളവർ ഇല്ലാത്തിടത്തോളം ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫാക്കൽറ്റി ഡയറക്ടറികളിൽ നിന്ന് താഴ്ന്ന ജാതിക്കാർ ഒഴിവാക്കപ്പെട്ടുകൊണ്ടിരിക്കും.

വിവേചനത്തിനായുള്ള മേൽപ്പറഞ്ഞ മൂന്ന് വഴികൾ വ്യക്തമാക്കുന്നത് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള വ്യക്തികളെ ഒഴിവാക്കാൻ ഈ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥഭരണം കൈയാളുന്നവർക്ക് കഴിയുമെന്നാണ്. ഈ മൂന്ന് മാർഗങ്ങൾ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളെ അട്ടിമറിക്കാൻ അക്കാദമിക ഉദ്യോഗസ്ഥർക്കു ലഭിക്കുന്ന നിരവധി മാർഗങ്ങളുടെ ഉദാഹരണം മാത്രമാണ്. അധികാരസ്ഥാനങ്ങളിലുള്ളവരുടെ  പെരുമാറ്റം അസമത്വത്തിന്റെ നിഘണ്ടുവായ മനുവിന്റെ തത്ത്വശാസ്ത്രം  നോക്കിയാകുമ്പോൾ ഒരു സമത്വത്തിലൂന്നിയ ഭരണഘടനയ്ക്ക് വലിയ പ്രാധാന്യം കിട്ടില്ല.  പരസ്യങ്ങളും നിയമനങ്ങളും അച്ചടിക്കുന്ന ‘ലെറ്റർഹെഡുകളിൽ’ അവയിൽ ഒപ്പിടുന്ന ആളുകളുടെ ഹീനമായ മൂല്യങ്ങളാണുള്ളത്. ഇന്ത്യൻ ശാസ്ത്ര സംരംഭത്തിന്റെ സാമൂഹിക ഘടന നിർണ്ണയിക്കുന്നതിൽ അക്കാദമിക് ഉദ്യോഗസ്ഥരുടെ ബോധങ്ങൾ പങ്കുവഹിക്കുന്നില്ലെന്നു അനുമാനിക്കാൻ ഒരുവൻ വളരെ നിഷ്കളങ്കനായിരിക്കണം.

നല്ലതോ ചീത്തയോ ആകട്ടെ, ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ‘താഴ്ന്ന ജാതികളിൽ’ നിന്നുള്ള ഫാക്കൽറ്റിയെ ഒഴിവാക്കുന്നത് കേവലം പത്തോ നൂറോ വരുന്ന അധ്യാപക ജോലിയുടെ മാത്രം കാര്യമല്ല.  ഈ സ്ഥാപനങ്ങൾ വൈവിധ്യമാർന്ന കോഴ്‌സുകളുടെയും പ്രോഗ്രാമുകളുടെയും രൂപകൽപ്പനയിലൂടെ ആയിരക്കണക്കിന് കുരുന്നുമനസുകളെ രൂപപ്പെടുത്തുന്നു. എന്നാൽ ഏറ്റവും പ്രധാനമായി, അവർ രാജ്യത്തുടനീളമുള്ള ഗവേഷണത്തിനും അധ്യാപനത്തിനുമുമായുള്ള അജണ്ട സജ്ജമാക്കുകയും, സർക്കാർ റെഗുലേറ്ററി ബോഡികളിലും മറ്റുള്ള സ്വകാര്യ കോളേജുകളിലും സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.  അതിനാൽ ഈ സ്ഥാപനങ്ങൾ, രാജ്യത്തെ ‘അക്കാദമിക് പിരമിഡിന്റെ’  ഏറ്റവും മുകളിൽ സ്ഥാനം പിടിക്കുകയും രാജ്യത്തുടനീളമുള്ള മറ്റുള്ള കോളേജുകൾക്ക് ആശയങ്ങൾ കൈമാറുകയും ചെയ്യുന്നു. പ്രമുഖരായ പല അധ്യാപകരുടെയും വിദ്യാഭ്യാസ പാരമ്പര്യം ഈ സ്ഥാപനങ്ങളിൽ കണ്ടെത്താനാകും. എന്ത് ചോദ്യങ്ങൾ ചോദിക്കാം? എന്താണ് സംസാരിക്കാൻ പാടില്ലാത്തത്? ഏത് തരത്തിലുള്ള ഉത്തരങ്ങൾ സ്വീകാര്യമാണ്? ഏതൊക്കെ തരത്തിലാണ് ഉത്തരങ്ങൾ നൽകേണ്ടത്? ഏത് വ്യക്തികളെ പവിത്രമായി ചിത്രീകരിക്കണം? ഏത് വ്യക്തികളെ അപകീർത്തിപ്പെടുത്തണം? എന്നതെല്ലാം മേല്‍പ്പറഞ്ഞ ഒരുപിടി ഉന്നത വിദ്യാഭ്യാസസ്ഥാപങ്ങളുടെ ഫാക്കൽറ്റികളാണ് ആത്യന്തികമായി രൂപപ്പെടുത്തുന്നത്. സ്വാഭാവികമായും, ചോദ്യങ്ങൾ ചോദിക്കുകയും അതിന്റെ ഉത്തരങ്ങൾ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ അപൂർവ്വമായി മാത്രമേ ഒരുവന് സ്വന്തം ജീവിതാനുഭവത്തിൽ നിന്ന് അതിനെ സ്വതന്ത്രമാക്കാൻ കഴിയു. താഴ്ന്ന ജാതികളിൽ നിന്നുള്ള അധ്യാപകർ ബ്രാഹ്മണരിൽ നിന്ന് വ്യത്യസ്തമായൊരു ജനാലയിലൂടെയാണ് ലോകത്തെ വീക്ഷിക്കുന്നത്. അവർക്കു സമൂഹം നൽകിയ ജീവിതാനുഭവങ്ങൾ വ്യത്യസ്തമാണ്. അതിനാൽ താഴ്ന്ന ജാതിയിലുള്ള വ്യക്തികളെ അക്കാദമിക് സ്ഥാപനങ്ങളിൽനിന്ന് ഒഴിവാക്കുന്നത് നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പൗരന്മാരുടെ ചോദ്യങ്ങളും പ്രശ്നങ്ങളും ഒഴിവാക്കുന്നതിന് തുല്യമാണ്. നമ്മുടെ ഭരണഘടനാ മൂല്യങ്ങൾ മാത്രമല്ല, നമ്മൾ ദിവസവും ജീവിക്കുന്ന ജീവിതവും ഇതുമൂലം അപകടത്തിലാകുന്നു.

വിവേചനത്തിനെതിരായ വിപിന്റെ പോരാട്ടത്തിൽ ഭാഗമാകാൻ  https://milaap.org/fundraisers/support-vipin-veetil  സന്ദർശിക്കുക.          

By വിപിൻ പി. വീട്ടിൽ

Former Asst. Professor, IIT Madras.