‘ഹിജാബില്‍ നിന്ന് കയ്യെടുക്കൂ’ ഹിജാബ് വിലക്കിനെതിരെ പ്രതിഷേധം

കർണാടകയിലെ കുന്ദാപൂർ ഗവ. പി.യു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ കോളേജ് അധികൃതർ കാമ്പസിൽ നിന്നും വിലക്കുകയും അവരെ പുറത്താക്കി ഗേറ്റടക്കുകയും ചെയ്ത സംഭവം രാജ്യമൊട്ടാകെ വിവാദമായി. ശിവമോഗയിലെ കോളേജും സമാന ചട്ടങ്ങൾ കൊണ്ടുവരികയും കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ രാഷ്ട്രീയപ്പാർട്ടി നേതാക്കളും ആക്ടിവിസ്റ്റുകളുമെല്ലാം പ്രതിഷേധവുമായി എത്തുകയും ചെയ്തു. അതിനിടയിൽ എബിവിപി പ്രവർത്തകരായ വിദ്യാർഥികൾ പലയിടത്തും കാവി ഷാൾ യൂണിഫോമിനൊപ്പം അണിഞ്ഞു കൊണ്ട് ഹിജാബിനെതിരെ പ്രകടനം നടത്തി. ഹിജാബ് വ്യക്തിയുടെ തെരഞ്ഞെടുപ്പും വിദ്യാഭ്യാസം അവകാശവുമാണെന്നു വാദിച്ചു കൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞ പ്രതികരണങ്ങളിൽ ചിലത്:

പുറത്താക്കപ്പെട്ട വിദ്യാർഥികളുടെ പ്രതികരണം:

“അവർ ഞങ്ങളോട് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. ഞങ്ങൾ വളരെ മാന്യമായിത്തന്നെ മറുപടി പറഞ്ഞു: “ഞങ്ങളിതഴിക്കില്ല. ഹിജാബ് ധരിക്കൽ ഞങ്ങളുടെ അവകാശമാണ്. ഞങ്ങളത് ഇക്കാലമത്രയും ചെയ്തുപോരുന്നതാണ്. ഞങ്ങളിനിയുമത് തുടരും.”
പക്ഷേ അവരത് മുഖവിലക്കെടുത്തില്ല. ഞങ്ങൾ നിശബ്ദമായി കുത്തിയിരുപ്പ് സമരം നടത്തി. ഇതാണ് നിങ്ങളുടെ തീരുമാനമെങ്കിൽ മാതാപിതാക്കളെ വിളിക്കൂ എന്നവർ പറഞ്ഞു. ഞങ്ങൾ രക്ഷിതാക്കളെ വിളിച്ചു. ഇന്നലെ രക്ഷിതാക്കളുടെ യോഗം നടന്നു. ആ യോഗത്തിൽ അവർ രൂക്ഷമായി ഞങ്ങളുടെ രക്ഷിതാക്കളെ ചോദ്യം ചെയ്തു. നിങ്ങളെന്തിനാണിത് ധരിക്കുന്നത്, ഇതിനിത്ര പ്രാധാന്യമെന്തുണ്ട്? എന്താണീ ഹിജാബ്? വെറുമൊരു മുഖപടമല്ലെ?

“ഞങ്ങളുടെ മക്കൾക്ക് ഹിജാബും വിദ്യാഭ്യാസവും പ്രധാനം തന്നെയാണ്. നിങ്ങളെന്തിനാണ് കുട്ടികളോടിങ്ങനെ ചെയ്യുന്നത്? അവർ വിദ്യാഭ്യാസം നേടാതിരിക്കാൻ ആണോ? നിങ്ങളുടെ ആഘോഷങ്ങളെല്ലാം നിങ്ങൾക്കാവാമല്ലോ, ഹിജാബ് ഞങ്ങൾക്കൊരു ആഘോഷം പോലെയാണ്. ഞങ്ങൾക്കത് അണിഞ്ഞേ തീരൂ.” അവരോട് പറഞ്ഞു.

“നിങ്ങളെന്തു പറഞ്ഞാലും പ്രശ്നമില്ല, ഞങ്ങൾ ധരിച്ചു പോരുന്നത് തുടർന്നും ധരിക്കാൻ ഞങ്ങളെയനുവദിക്കണം.” രക്ഷിതാക്കളുമായി അവർ ഒരു ധാരണയിലെത്തിയില്ല. പക്ഷേ അവരൊരു നോട്ടീസ് പുറത്തിറക്കി. ഹിജാബ് ധരിക്കുന്നവർക്ക് കോളേജിനകത്ത് പ്രവേശനം നിരോധിച്ചിരിക്കുന്നു എന്നായിരുന്നു അതിലുണ്ടായിരുന്നത്. “നിങ്ങളുടെ പിടിവാശി മാറ്റി വെക്കൂ, നിങ്ങൾ വെറും കുട്ടികളാണ്. നിങ്ങൾക്ക് സർക്കാരിനെ വെല്ലുവിളിക്കാനാവില്ല. ഷാൾ ധരിച്ച് ക്ലാസിൽ കേറാൻ നോക്കൂ, നിങ്ങൾ പെൺകുട്ടികളാണ്, എന്തെങ്കിലും സംഭവിച്ചാലെന്തു ചെയ്യും?”

“എന്തു സംഭവിച്ചാലും ശരി ഞങ്ങൾ ഷാളിലേക്ക് മാറില്ല. ഹിജാബ് ഞങ്ങളുടെ അവകാശമാണ്. ആർക്കും ഞങ്ങളുടെ അവകാശത്തെ തടഞ്ഞു വെക്കാനാവില്ല.”
അധ്യാപകർക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നു ഞങ്ങൾ ആരാഞ്ഞു. ഹിജാബ് കാരണം പ്രശ്നങ്ങളൊന്നുമില്ലെന്ന് അധ്യാപകർ പറഞ്ഞു. ഞങ്ങൾ വിദ്യാർഥികളോടും ചോദിച്ചു. അവർക്കും ഹിജാബ് മൂലം പ്രശ്നങ്ങളില്ല. സർക്കാരിനു മാത്രമാണ് പ്രശ്നം. എന്താണ് യഥാർഥത്തിൽ അവരുടെ പ്രശ്നം. ഹിജാബ് കാരണം എന്താണ് സംഭവിച്ചത്? എന്തെങ്കിലും വിപത്ത് സംഭവിച്ചോ? ഞങ്ങൾ ഹിജാബ് ധരിച്ച് വളരെ അച്ചടക്കത്തോടെ ക്ലാസുകളിൽ ഇരിക്കുന്നു. ഹിജാബ് ക്ലാസിൽ കിടന്ന് ബഹളം വെക്കുന്നുണ്ടോ. ക്ലാസിൽ ഒരു ശല്യമാകുന്നുണ്ടോ? പിന്നെ എന്താണ് ഞങ്ങൾ ഹിജാബ് ധരിക്കുന്നതിൽ പ്രശ്നമാകുന്നത്?

ജെഎൻയുവിലെ ഗവേഷണ വിദ്യാർഥി ഖദീജ അസ്‌ലം എഴുതുന്നു:

ആധുനിക ലിബറൽ ബോധങ്ങളെ ഹിജാബ് ഒരിക്കലും തൃപ്തിപ്പെടുത്താൻ പോകുന്നില്ല. തീർച്ച.
എൻ്റെ എതിർവാദം വകവെക്കാതെ പ്രസിഡൻസി കോളേജിലെ ഒരു പ്രമുഖ പ്രൊഫസർ “ഒരു സ്ത്രീയും തന്നിഷ്ടപ്രകാരം ഹിജാബ് ധരിക്കുകയില്ല” എന്നു പ്രസ്താവിച്ചത് ഞാനോർക്കുന്നുണ്ട്. അങ്ങനെ പറയാൻ തൻ്റെ മുസ്‌ലിം പേര് തനിക്കധികാരം നൽകുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിൻ്റെ ധാരണ. ഫ്രാൻസിലെ ഹിജാബ് നിരോധന വാർത്തയുടെ പശ്ചാത്തലത്തിലായിരുന്നു ആ വാദമെന്നതാണ് മറ്റൊരു വിരോധാഭാസം.

വലിയ അളവോളം മുസ്‌ലിം വിദ്യാർഥിനികൾ പഠിക്കുന്ന കൽക്കത്തയിലെ കാത്തലിക് വിമൻസ് കോളേജ് കാമ്പസിനകത്ത് ഹിജാബ് വിലക്കുണ്ടെന്ന കാര്യം പിന്നെയും കുറച്ച് വർഷങ്ങൾക്കു ശേഷം എൻ്റെയൊരു ജൂനിയർ വിദ്യാർഥിയിൽ നിന്നും അറിഞ്ഞു. പെൺകുട്ടികളുടെ മാനക്കേട് വകവെക്കാതെ, കാമ്പസിനു പുറത്തു വെച്ചു തന്നെ ഹിജാബ് അഴിക്കുകയും ധരിക്കുകയും ചെയ്തുകൊള്ളണമെന്നായിരുന്നു അവിടുത്തെ ഉത്തരവ്.

കുന്ദാപൂർ, ശിവമോഗ ഗവൺമെൻ്റ് കോളേജുകളിലെ ഹിജാബ് വിലക്കിനെതിരെ ഗുൽബർഗയിൽ നടന്ന പ്രതിഷേധം

സകല ഇടത്, തീവ്ര ഇടത്, ഇടതു അനുഭാവികൾക്കെല്ലാം കാവി തെമ്മാടികൾ ഒരു സൗകര്യപ്രദവും എളുപ്പവുമായ മറയാണ്. ഹിജാബിനു മേൽ നിങ്ങൾ കാണിക്കുന്ന അധികാരത്തെ ഒരുകാലത്തും വകവെച്ചു തരാൻ തയ്യാറാകാത്ത ഞങ്ങളുടെ സഹോദരിമാർക്ക് ഐക്യദാർഢ്യങ്ങൾ. ഈ സമൂഹത്തെ അതിൻ്റെ ജാഹിലിയ്യത്തിൽ നിന്നും കാക്കുന്നത് നിങ്ങളുടെ അപരവിദ്വേഷവും ഇസ്‌ലാമോഫോബിയയുമാണെങ്കിൽ ഈ ചർച്ചയെല്ലാം ക്രമേണ ചെന്നെത്താൻ പോകുന്നത് “പെൺകുട്ടികൾ എല്ലാത്തിലുമുപരി വിദ്യാഭ്യാസത്തിനാണ് മുൻഗണന നൽകേണ്ടത്” എന്ന വാദത്തിലേക്കായിരിക്കും.

ജിഐഒ കേരള ഘടകം നേതാവ് സമർ അലിയുടെ പ്രതികരണം:

ഹിജാബ് ഒരുകാലത്തും ജനകീയ സംസ്കാരത്തിൻ്റെ (Popular Culture) ഭാഗമായി കണക്കാക്കപ്പെട്ടിട്ടില്ല. സമൂഹത്തിൽ ഹിജാബെന്ന സങ്കൽപ്പം തന്നെ പ്രതിഫലിച്ചിട്ടില്ലാത്തതായതു കൊണ്ട് കർണാടയിലെ ഹിജാബ് നിരോധന സാഹചര്യം മുഖ്യധാരാ സമൂഹത്തിൽ അനായാസേന നിയമസാധുത (Legitimacy) നേടുന്നു. നല്ലൊരു ശതമാനം മുസ്‌ലിം സ്ത്രീകളും അവരുടെ ദൈനംദിന സാമൂഹിക ജീവിതത്തിൽ തലമറക്കുന്നവരായിരുന്നിട്ടും നമ്മളവരെ എത്രത്തോളം സ്ക്രീനിൽ കണ്ടിട്ടുണ്ട്? ദേശീയ മാധ്യമങ്ങളിൽ ഒരു ഹിജാബ് ധാരിയായ ടിവി അവതാരികയെങ്കിലും നമുക്കുണ്ടോ? ഗസാല അഹ്മദിനെപ്പോലെ വേഷത്തിൻ്റെ പേരിൽ ജോലി നിഷേധിക്കപ്പെട്ട മുസ്‌ലിം സ്ത്രീ മാധ്യമപ്രവർത്തകരെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകാം. മുഖ്യകഥാപാത്രമായി ഹിജാബണിഞ്ഞ ഒരു സ്ത്രീയെ ഗല്ലി ബോയ് എന്ന സിനിമയിലല്ലാതെ മുഖ്യധാരാ സിനിമയിൽ കണ്ടിട്ടില്ല. ഹിജാബഴിച്ചു മാറ്റുന്ന മുസ്‌ലിം സ്ത്രീക്ക് ആധുനികതയെ പുൽകിയവളെന്ന ഖ്യാതി നൽകി അക്കാദമിക ലോകവും സംസ്കാരവും കയ്യടിക്കാറുണ്ട്. കാലങ്ങളായി ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്ഥാപനങ്ങളിലെ തലമറച്ച ടീച്ചർമാർ വിദ്യാർഥികളെ ഹിജാബിടുന്നതിൽ നിന്നും വിലക്കി വരുന്നു.

‘ഭരണഘടനാവകാശം’ (Constitutional Right) എന്ന വെറും ലിബറൽ മനസിലാക്കലിനപ്പുറത്തേക്ക് ഹിജാബിനെക്കുറിച്ച ചർച്ച മാറേണ്ടതുണ്ട്. മുസ്‌ലിം വസ്ത്രധാരണത്തിനെതിരെ മുഖ്യധാരാ സമൂഹം നടത്തുന്ന ആക്രമണത്തെ തകർക്കുന്നതിനൊപ്പം സംഘപരിവാറിന്റെ ആക്രമണോത്സുക ഇസ്‌ലാമോഫോബിയയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ദേശീയ നേതാവ് അഫ്രീൻ ഫാത്തിമ എഴുതുന്നു:

ഹിജാബിനെതിരെ പ്രതിഷേധിച്ചു കൊണ്ടും ഹിജാബ് ധരിക്കുന്ന വിദ്യാർഥിനികളെ കാമ്പസിനകത്ത് പ്രവേശിപ്പിക്കാതിരിക്കാൻ കോളേജ് അധികൃതരെ ഭീഷണിപ്പെടുത്തിക്കൊണ്ടും എബിവിപി പ്രവർത്തകർ കാവി ഷാളുകൾ അണിഞ്ഞ് ഭദ്രാവതി, കുന്ദപുര കോളേജുകളിലേക്ക് മാർച്ച് നടത്തി. ഇപ്പോൾ കുന്ദപുര ഗവൺമെൻ്റ് കോളേജ് ഗേറ്റിനുള്ളിലേക്ക് ഹിജാബ് ധാരികളെ കടത്തി വിടുന്നില്ല.
ഹിജാബ് ധാരികളായ മുസ്‌ലിം സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ ദിനേനയെന്നോണം വർധിക്കുകയാണ്. ഇത് അപരവിദ്വേഷവും വെറുപ്പും പരത്തുന്നതാണെന്ന ജാഗ്രത തരുന്നതാണ്.

മുസ്‌ലിം സ്ത്രീകളെ ഒറ്റപ്പെടുത്താനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പുറത്തുനിർത്താനും കോളേജുകളും സ്കൂളുകളും ശ്രമിക്കുന്നു. ശക്തവും ശീഘ്രവുമായ ഇടപെടൽ അനിവാര്യം.

പൗരത്വ സമര നേതാവ് നിദ പര്‍വീന്‍ എഴുതുന്നു:

ദിനേനയെന്നോണം മുസ്‌ലിമത്വം (Muslim-ness) അപമാനവീകരിക്കപ്പെടുകയും (Dehumanize) “അപമാനമായും” “ഭീഷണി”യായും കണക്കാക്കപ്പെടുകയും ചെയ്യുന്നു. കർണാടകയിലെ മുസ്‌ലിം പെൺകുട്ടികൾ കാമ്പസുകളിൽ പ്രവേശിക്കാൻ ഹിജാബ് ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്ന സാഹചര്യം ഭരണകൂടത്തിൻ്റെ മുസ്‌ലിം വിരുദ്ധതയിലേക്ക് വെളിച്ചം വീശുന്നതാണ്. ഞങ്ങളുടെ രക്ഷകരും നാവുമാകാൻ പണിയെടുക്കുന്ന പുരോഗമന ലിബറലുകളോട് പറയാനുള്ളത്, നിങ്ങൾ കണ്ട ചർച്ചാവേദികളിലും ബൗദ്ധികയിടങ്ങളിലും കയറി നിരങ്ങി ഇസ്‌ലാമിക മർദന വ്യവസ്ഥയെക്കുറിച്ചും അതു കാരണം മുസ്‌ലിം സ്ത്രീകൾ സ്കൂളുകളിൽ നിന്നും പുറത്തു നിർത്തപ്പെടുന്നതിനെക്കുറിച്ചും വാചാലരാവുകയാണല്ലോ.

വിദ്യാഭ്യാസത്തിൻ്റെ അഗ്രഹാരങ്ങളിൽ വർധിച്ചു വരുന്ന ഇസ്‌ലാമോഫോബിയയായി നിങ്ങൾക്ക് ഈ വിഷയത്തെ മനസിലാക്കാൻ കഴിയുന്നില്ല. മുസ്‌ലിംകളെ സ്ഥാപനവൽകൃത കൊല നടത്തുന്നതിനെതിരെ നിങ്ങളിതുവരെ രംഗത്തുവന്നിട്ടുമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും മുസ്‌ലിം വിദ്യാർഥികളെ പുറന്തള്ളുന്നതിന് നിങ്ങൾ മൂകസാക്ഷികളായി നിലകൊള്ളുന്നു. മുസ്‌ലിം സ്ത്രീകളെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത നിങ്ങളുടെ വിമോചന പ്രത്യയശാസ്ത്രത്തിൽ പെടാത്തതിനാൽ, ഇസ്‌ലാമോഫോബിയക്കെതിരെ നിങ്ങളുടെ മതിലുകൾ നിറയ്ക്കുന്നതിലുള്ള വിമുഖത നിങ്ങൾ ഊട്ടിയുറപ്പിച്ചിരിക്കുന്നു. ഒരു ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ നിങ്ങൾ എല്ലാവരും ഒരുമിച്ച് കൈകോർത്തു.

എൻ്റെ പ്രിയ മുസ്‌ലിം സഹോദരിമാരേ,
നിങ്ങൾ ഇഛാശക്തി കൊണ്ട് ഹിജാബിലുറച്ചു നിൽക്കുന്നു, അതിനു വേണ്ടി പഠനത്തിനുള്ള ദിനങ്ങളെ ത്യജിക്കുന്നു.
ഇസ്‌ലാമോഫോബിയക്കെതിരെ വമ്പിച്ച പോരാട്ടമാണ് നിങ്ങൾ നടത്തുന്നത്. കൊടുമ്പിരി കൊള്ളുന്ന ഇസ്‌ലാമോഫോബിയക്കെതിരായ പ്രതികരണമാണ് നിങ്ങളുടെ ഹിജാബ്. ഈ പോരാട്ടത്തിൽ അല്ലാഹു നിങ്ങൾക്ക് കരുത്ത് പകരട്ടെ. ആമീൻ.

By Editor