ഗുജറാത്ത് വംശഹത്യയും സഞ്ജീവ് ഭട്ടും: ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2002-ൽ സംസ്ഥാനത്ത് നടന്ന മുസ്‌ലിം വംശഹത്യക്ക് ഇരുപതാണ്ട് തികയുകയാണ്. സംഭവത്തിൽ മോദി സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന ഒട്ടനവധി തെളിവുകൾ ശേഖരിക്കുകയും അത് കോടതിക്കു മുമ്പിൽ സമർപ്പിച്ച് നീതിക്കു വേണ്ടി പോരാടിയ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട് ഭരണകൂടത്തിൻ്റെ പ്രതികാരനടപടിയുടെ ഫലമായി ഇന്നും ജയിലിലാണ്. സഞ്ജീവിൻ്റെ ഭാര്യ ശ്വേത ഭട്ട് ഭർത്താവിൻ്റെ പോരാട്ടജീവിതത്തെക്കുറിച്ചും വംശഹത്യയുടെ ഉത്തരവാദികളെക്കുറിച്ചും തുറന്നെഴുതുന്നു

ഗുജറാത്ത് വംശഹത്യയുടെ 20 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വേളയില്‍ ഈ സ്വേച്ഛാധിപത്യ ഭരണകൂടത്തെ പല്ലും നഖവും ഉപയോഗിച്ച് നേരിട്ട സഞ്ജീവിനെയും അദ്ദേഹത്തെ പോലുള്ള ചില ധീരരെയും ഓര്‍ക്കാതിരിക്കാന്‍ കഴിയുന്നില്ല. നിങ്ങളും കൂടി അക്കാലത്തേക്ക് ഓർമയെ പായിച്ചു നോക്കൂ, ചിലപ്പോള്‍ ഞാനും നിങ്ങളും നടത്തുന്ന പോരാട്ടങ്ങളെക്കാള്‍ വലിയ പോരാട്ടമാണ് സഞ്ജീവ് അന്ന് നടത്തിയത് എന്ന് ബോധ്യപ്പെടും. ഇക്കഴിഞ്ഞ 20 വര്‍ഷക്കാലം സഞ്ജീവും ഞാനും മക്കളും ഈ ഭരണകൂടത്തില്‍ നിന്നും നേരിട്ട, ഇന്നും നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികളുടെ വിവരങ്ങള്‍ നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരാം. ഭരണകൂടം സഞ്ജീവിനെയും ഞങ്ങളെയും അപായപ്പെടുത്താന്‍ ശ്രമിച്ച്, ഞങ്ങൾ കഷ്ടിച്ച് രക്ഷപ്പെട്ട അനുഭവങ്ങള്‍ പറഞ്ഞു ഞാന്‍ മുഷിപ്പിക്കുന്നില്ല, ദുര്‍ബലഹൃദയര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലുമപ്പുറമാണ് അവ.

സര്‍വീസില്‍ നിന്ന് രാജി വെക്കുകയോ ഗുജറാത്തിനു പുറത്തേക്ക് ട്രാന്‍സ്ഫര്‍ വാങ്ങിപ്പോവുകയോ ആകാം ഏറ്റവും എളുപ്പം, ഇത് ഞങ്ങളുദ്ദേശിച്ച സമരമായിരുന്നില്ലെന്ന് പറഞ്ഞുകൊണ്ട് നീതിക്കു വേണ്ടിയുള്ള പോരാട്ടത്തെ വഴിയിലുപേക്ഷിക്കാം. ഈ ഫാഷിസ്റ്റ് സര്‍ക്കാരിനെ പ്രീണിപ്പിച്ചു കൊണ്ട് ഈ നിഷ്ഠൂര ഭരണത്തിനു മുന്നില്‍ വിനീതദാസരായി നില്‍ക്കുന്ന നട്ടെല്ലില്ലാത്ത മറ്റു പലരെയും പോലെ മറവിരോഗമഭിനയിച്ച് നില്‍ക്കുന്നതാണ് സൗകര്യപ്രദം. സഞ്ജീവ് തെരഞ്ഞെടുത്തത് ആ സൗകര്യപ്രദവും എളുപ്പവുമായ വഴിയായിരുന്നോ?
ഒരിക്കലുമായിരുന്നില്ല.

പകരം സഞ്ജീവ് തന്റെ ബോധ്യങ്ങളിലടിയുറച്ച് നിന്നു. എന്നു മാത്രമല്ല 2002 മുതല്‍ ഇന്നു വരെ ധീരമായി ഈ കിരാത ഭരണകൂടത്തിനെതിരില്‍ പോരാടുകയും ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്തു അദ്ദേഹം. ഈ ഫാഷിസ്റ്റു സര്‍ക്കാരിന്റെ എല്ലാ അടിച്ചമര്‍ത്തല്‍ ശ്രമങ്ങളെയും സഹിച്ചു കൊണ്ട് ചെറിയ വിട്ടുവീഴ്ച്ചക്കു പോലും സന്നദ്ധമാകാതെ പിന്തിരിയാതെ നിലകൊണ്ടു. പോരാട്ടം കനക്കുമ്പോള്‍ യുദ്ധമുഖത്തു നിന്നും പിന്തിരിഞ്ഞോടാനും സുരക്ഷിതമായി സ്വന്തം വീട്ടിലിരുന്ന് കമന്റ് ചെയ്യാനുമൊക്കെ വളരെ എളുപ്പമാണ്. പക്ഷേ അതുല്യവും ദീര്‍ഘവുമായ ഒരു പോരാട്ടത്തില്‍ സ്ഥൈര്യതയോടെ നിലകൊള്ളാന്‍ കുറച്ച് ധൈര്യവും ചങ്കൂറ്റവും അത്യാവശ്യമാണ്.

2002 മുതലിങ്ങോട്ടുള്ള സഞ്ജീവിന്റെ ജീവിതത്തിലെ ചെറിയൊരു ഭാഗത്തേക്ക് മാത്രം ഒന്നു കണ്ണോടിക്കൂ.

2002: ഗുജറാത്ത് ഇന്റലിജന്‍സ് ബ്യൂറോയുടെ ഡെപ്യൂട്ടി കമ്മീഷണറായി സഞ്ജീവ് ചുമതലയേല്‍ക്കുന്നു. 2002 ല്‍ ഭരണകൂടം നടത്തിയ മുസ്‌ലിം കൂട്ടക്കൊലയ്ക്ക് പിന്നോടിയായി ആ വര്‍ഷം സെപ്തംബറില്‍ നരേന്ദ്രമോദി നടത്തിയ ‘ഗൗരവ് യാത്ര’ (വിജയ പ്രകടനം) യിലുടനീളം സംസ്ഥാനത്തെ വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കുന്ന തരത്തില്‍ മുസ്‌ലിം സമുദായത്തിനെതിരെ അദ്ദേഹം ഒട്ടേറെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുകയുണ്ടായി. ഇന്‍ലിജന്‍സ് ബ്യൂറോ പതിവുപോലെ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ച ഈ പ്രസംഗങ്ങള്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അന്വേഷണത്തിന്റെ ഭാഗമായി വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇന്റലിജന്‍സ് ബ്യൂറാേയുടെ ഔദ്യോഗിക രേഖകളില്‍ പോലും വരാതെ ഈ റെക്കോഡുകള്‍ പൂഴ്ത്തി വെക്കാന്‍ വലിയ തോതില്‍ സമ്മര്‍ദ്ദമുണ്ടായി. ഭൂരിഭാഗം ഉദ്യോഗസ്ഥരും സമ്മര്‍ദത്തിനു മുമ്പില്‍ വഴങ്ങാന്‍ തയ്യാറായപ്പോള്‍ സഞ്ജീവും ചുരുക്കം ചില ഉദ്യോഗസ്ഥരും അതിനു സമ്മതിക്കാതെ ദേശീയ മനുഷ്യാവകാശ കമ്മീഷനു മുമ്പാകെ റെക്കോഡുകള്‍ സമര്‍പ്പിക്കുകയുണ്ടായി.  മോദി സര്‍ക്കാരിനെതിരെ നിലകൊണ്ടതിന്റെ പേരില്‍ സഞ്ജീവിനെയും മറ്റു രണ്ടു ഉദ്യോഗസ്ഥരെയും ശിക്ഷാനടപടിയെന്ന പേരില്‍ അന്നു രാത്രി തന്നെ  സ്ഥലം മാറ്റി. മോദിയെയും ഷായെയും അന്ധമായി അനുസരിക്കാതെ, രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ, കൃത്യനിര്‍വഹണത്തില്‍ ആത്മാര്‍ഥമായി നിലകൊണ്ട ഒരു ഉദ്യോഗസ്ഥനെന്ന പേരവിടെ വന്നു. 

2002 ന്റെ അവസാനം: ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യ ഗുജറാത്ത് കലാപം സംഘടിപ്പിക്കുന്നതില്‍ മോദിയുടെ പങ്കിനെക്കുറിച്ച് ജസ്റ്റിസ് അയ്യരുടെ നേതൃത്വത്തിലുള്ള ഒരു സ്വതന്ത്ര അന്വേഷണ കമ്മീഷനു മുമ്പാകെ രഹസ്യമൊഴി നല്‍കിയതിന് ശേഷം വധിക്കപ്പെട്ടു. 

ഹരേൺ പാണ്ഡ്യ

2003: 2003ല്‍ സബര്‍മതി സെന്‍ട്രല്‍ ജയിലിന്റെ സൂപ്രണ്ടായി സഞ്ജീവ് നിയമിതനാകുന്നു. ഹരേന്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അസ്ഗര്‍ അലി അന്ന് സബര്‍മതി സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിയായിരുന്നു. തുളസിറാം പ്രജാപതി എന്നയാളാണ് ഹരേന്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയതെന്ന വിവരം അസ്ഗര്‍ അലി സഞ്ജീവിനോട് വെളിപ്പെടുത്തി. തുളസിറാം പ്രജാപതി പിന്നീട് 2006-ല്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നത് എടുത്തുപറയേണ്ടതാണ്. പ്രോട്ടോക്കോള്‍ പ്രകാരം ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകം പുനരന്വേഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് സഞ്ജീവ് ഉടന്‍ തന്നെ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രി, ഇന്നത്തെ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി (അമിത് ഷാ)യെ അസ്ഗര്‍ അലി നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് അറിയിച്ചു. എന്നാല്‍ അതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും നശിപ്പിക്കാനുള്ള ഉത്തരവാണ് സഞ്ജീവിന് ലഭിച്ചത്.

സഞ്ജീവ് അത് ചെയ്യാന്‍ തയ്യാറായില്ലെന്നു മാത്രമല്ല അസ്ഗര്‍ അലിയുടെ ഈ നിര്‍ണായക വെളിപ്പെടുത്തലുകളും അമിത് ഷായുമായുള്ള തന്റെ കത്തിടപാടുകളും കേന്ദ്ര സര്‍ക്കാരിനും ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിനും കൈമാറുകയും ചെയ്തു. കൃത്യതയോടെയും സത്യസന്ധതയോടെയും തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചതിനുള്ള ശിക്ഷയായി, സബര്‍മതി ജയില്‍ നിന്ന് സഞ്ജീവിനെ ഒറ്റരാത്രികൊണ്ട് മാറ്റി. ജയിലിലെ ആയിരക്കണക്കിന് തടവുകാര്‍ നിരാഹാര സമരം നടത്തുകയും ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്യുന്നത് ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്-സഞ്ജീവിന്റെ അന്യായവും രാഷ്ട്രീയ പ്രേരിതവുമായ സ്ഥലംമാറ്റത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു അത്.  

രാഷ്ട്രീയ ജോഡികളുടെ ദുരുദ്ദേശ്യങ്ങളെ ധിക്കരിച്ച കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഐപിഎസ് ഓഫീസറായ സഞ്ജീവ്, ‘ശിക്ഷാ പോസ്റ്റിംഗുകളില്‍’ തുടര്‍ന്നു; അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റങ്ങള്‍ ഓരോ ഘട്ടത്തിലും വൈകിപ്പിച്ചു. 
മോദിയുടെയും ഷായുടെയും രാഷ്ട്രീയ അടിത്തറ ശക്തമാകുന്തോറും അവരുടെ ദുരുദ്ദേശ്യങ്ങള്‍ക്ക് വഴങ്ങാത്തവര്‍ക്കുള്ള ശിക്ഷാ രീതികള്‍ അപകടകരമാംവിധം പ്രതികാരമായി വളര്‍ന്നു. ഈ ഭരണകൂടം ഗുജറാത്തിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭയവും അട്ടിമറിയും സൃഷ്ടിച്ചുകൊണ്ടിരുന്നപ്പോള്‍, 2002-ലെ ഇരകളെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍- ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണത്തിനായി- സഞ്ജീവ് ശുഷ്‌കാന്തിയോടെ സഹായിച്ചു. പോലീസ് സര്‍വീസ് ഓഫീസറായതിനാല്‍ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ അറിയുന്നയാളായിരുന്നു സഞ്ജീവ്. എന്നാല്‍ സത്യപ്രതിജ്ഞയെ മാനിക്കുന്നതിനാല്‍ ഉചിതമായ ഒരു കൂടിക്കാഴ്ച്ച (ജുഡീഷ്യല്‍ കമ്മിറ്റിയോ മറ്റോ) വിളിക്കാതെ ഗവണ്‍മെന്റ്/സംസ്ഥാനവുമായി ബന്ധപ്പെട്ട ഒരു വിവരവും വെളിപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.

2002-ലെ ഗുജറാത്ത് വംശഹത്യയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പങ്കും പ്രവര്‍ത്തനവും അന്വേഷിക്കാന്‍ 2009-ല്‍ പ്രത്യേക അന്വേഷണ സംഘത്തെ കോടതി നിയോഗിക്കുകയുണ്ടായി. സംസ്ഥാനത്തെ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഒന്നുകില്‍ ഓര്‍മ്മക്കുറവ് നടിക്കുകയോ എസ്ഐടിക്ക് മുമ്പാകെ വെളിപ്പെടുത്തലിന് വിസമ്മതിക്കുകയോ ചെയ്തപ്പോള്‍, സഞ്ജീവ് മാത്രമാണ് തന്റെ ജീവനും കരിയറിനും വലിയ വിലകൊടുത്ത് എസ്ഐടിയുടെയും നാനാവതി മേത്ത കമ്മീഷന്റെയും മുമ്പാകെ ധീരവും സത്യസന്ധവുമായി മൊഴി നല്‍കിയത്.

2009: ഗുജറാത്ത് വംശഹത്യയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പങ്കാളിത്തവും പ്രവര്‍ത്തനവും അന്വേഷിക്കുന്ന എസ്ഐടിക്കും നാനാവതി-മേഹ്ത കമ്മീഷനും മുമ്പാകെ സഞ്ജീവ് മൊഴി കൊടുക്കാന്‍ തുടങ്ങി. 2009 മുതല്‍ 2011 വരെ നീണ്ടുനിന്ന അദ്ദേഹത്തിന്റെ മൊഴികൊടുക്കലില്‍ സമര്‍പ്പിച്ച സാക്ഷ്യവും തെളിവുകളും തത്സമയം ചോര്‍ന്നതിന്റെ സൂചനകള്‍ കിട്ടിയിരുന്നു. സമര്‍പ്പിക്കപ്പെട്ട നിര്‍ണായക തെളിവുകളും മൊഴികളും ഇനംതിരിച്ച് സൂക്ഷിക്കേണ്ടത് അന്വേഷണ സമിതിയുടെ ഉത്തരവാദിത്തമായിരുന്നു. ഗുജറാത്ത് സര്‍ക്കാരും എസ്‌ഐടിയും തമ്മിലുള്ള ബാന്ധവത്തിലൂടെ രേഖകള്‍ ചോര്‍ന്നുവെന്ന വസ്തുത സര്‍ക്കാരിന്റെ അപ്പോഴത്തെ പ്രതികരണങ്ങളിലൂടെ വ്യക്തമായിരുന്നു.

ഈ കമ്മീഷനുകളില്‍ ഹാജരാകുന്നതിൽ നിന്ന് സഞ്ജീവിനെ നിരുത്സാഹപ്പെടുത്താനും ഭീഷണിപ്പെടുത്താനും സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ അവരുടെ രാഷ്ട്രീയ യജമാനന്മാരുടെ നിര്‍ദ്ദേശപ്രകാരം നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു, എന്നാല്‍ വംശഹത്യയുടെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഞ്ജീവ് ധീരതയോടെയും സ്ഥൈര്യത്തോടെയും മൊഴികൊടുക്കല്‍ തുടര്‍ന്നു അതിന് വ്യക്തിപരവും തൊഴില്‍പരവുമായ വലിയ വിലയൊടുക്കേണ്ടി വന്നു. 

2011: മൊഴികൊടുക്കലിന്റെ ഭാഗമായി, ഗുജറാത്ത് വംശഹത്യയുടെ ആസൂത്രണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും പങ്കും പ്രവര്‍ത്തനവും സംബന്ധിച്ച് സഞ്ജീവ് സുപ്രീം കോടതിയിലും ദേശീയ ന്യൂനപക്ഷ കമ്മീഷനിലും സമഗ്രമായ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഹരേന്‍ പാണ്ഡ്യയുടെ (അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രി) വധവും, കൂടാതെ ഗുജറാത്തില്‍ നടന്ന നിരവധി ജുഡീഷ്യല്‍ കൊലപാതകങ്ങളും വ്യാജ ഏറ്റുമുട്ടലുകളും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയെ ‘സംരക്ഷിക്കുക’ എന്ന പേരില്‍ നടത്തിയതായും അദ്ദേഹം സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.

2011: നരേന്ദ്ര മോദിയെ പ്രതിയാക്കി സഞ്ജീവ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹം സസ്‌പെന്റ് ചെയ്യപ്പെട്ടു. 2011 മുതല്‍, യഥാര്‍ഥത്തില്‍ 2002 മുതല്‍ പ്രതികാരമെന്നോണം സഞ്ജീവ് തുടര്‍ച്ചയായി ഇരയാക്കപ്പെട്ടു. ഭരണകൂടത്തില്‍ നിന്നും വലതുപക്ഷ മതഭ്രാന്തന്മാരില്‍ നിന്നും നിരവധി ഭീഷണികള്‍ നേരിടുന്ന സഞ്ജീവിനും ഞങ്ങളുടെ കുടുംബത്തിനും ഒപ്പം, സഞ്ജീവിന്റെ ശബ്ദത്തെ നിശബ്ദമാക്കാനും അദ്ദേഹത്തിന്റെ ദൃഢനിശ്ചയം തകര്‍ക്കാനുമുള്ള ഒരു പ്രാഥമിക ഉപകരണമായി ജുഡീഷ്യല്‍ പീഡനവും ഇന്നത്തെ ഭരണകൂടം ഉപയോഗിച്ചിരുന്നു. മോദി അധികാരത്തിലെത്തിയതോടെ വേട്ടയാടല്‍ ക്രമാനുഗതമായി വര്‍ദ്ധിക്കുകയും കൂടുതല്‍ അപകടകരമായി വളരുകയും ചെയ്തു.
സത്യം തുറന്നുപറയാന്‍ ധൈര്യപ്പെട്ടതിന്റെ തൊട്ടുപിന്നാലെ 30 വര്‍ഷം പഴക്കമുള്ള രണ്ട് കേസുകള്‍ കുത്തിപ്പൊക്കുകയും സഞ്ജീവിനെ അനധികൃതമായി സസ്‌പെന്റ് ചെയ്യുകയും ചെയ്തു. 

നരേന്ദ്ര മോദി, അമിത് ഷാ

സഞ്ജീവിനെ വേട്ടയാടാനും കള്ളക്കേസില്‍ കുടുക്കി തടവിലാക്കാനും ഭരണകൂടം ഇപ്പോള്‍ ഉപയോഗിക്കുന്ന 1990-ലെയും 1996-ലെയും രണ്ട് കേസുകള്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ യഥാവിധി അന്വേഷിക്കുകയും സ്റ്റേ ചെയ്യുകയും ചെയ്തവയാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. 1996ല്‍ ഗുജറാത്ത് സര്‍ക്കാര്‍ തങ്ങളുടെ ഉദ്യോഗസ്ഥരെ സംരക്ഷിച്ചു കൊണ്ട് പുനഃപരിശോധന ഹരജി സമര്‍പ്പിച്ച ആ കേസ്, സഞ്ജീവ് മോദിക്കെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം കൊടുത്തതിനു പിന്നാലെ ഗുജറാത്ത് സര്‍ക്കാര്‍ മലക്കംമറിഞ്ഞു കൊണ്ട് 16 വര്‍ഷങ്ങള്‍ക്കിപ്പുറം ആ പുനഃപരിശോധന ഹരജി പിന്‍വലിക്കുകയാണുണ്ടായത്. 

സഞ്ജീവിനെ സസ്പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെങ്കിലും കൂടുതല്‍ അധികാരങ്ങള്‍ ഇല്ലായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന ഉദ്യോഗസ്ഥരല്ല, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഇന്ത്യന്‍ പോലീസ് സര്‍വീസ് ഓഫീസര്‍മാരാണ്, അവരുടെ അധികാരപരിധിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ്. അതിനാല്‍, ഒരു പാഠം പഠിപ്പിക്കാനും അദ്ദേഹത്തെ നിശബ്ദമാക്കാനും സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ആ സമയത്ത് ചെയ്തു- അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുക.

2014: നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തു, ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണം അവരുടെ കൈകളിലായി. 

2015: മോദി പ്രധാനമന്ത്രിയായതിന് തൊട്ടുപിന്നാലെ, ‘Unauthorised Absence’ എന്ന നിസ്സാര കാരണത്താല്‍ സഞ്ജീവിനെ ഡ്യൂട്ടിയില്‍ നിന്ന് പിരിച്ചുവിട്ടു. ഗുജറാത്ത് കലാപത്തില്‍ സംസ്ഥാനത്തിന്റെ പങ്കാളിത്തവും പ്രവര്‍ത്തനവും അന്വേഷിക്കുന്ന എസ്ഐടിക്കും നാനാവതി-മേത്ത കമ്മീഷനും മുമ്പാകെ മൊഴി കൊടുക്കാനുള്ള നിയമപരവും ധാര്‍മികവുമായ കടമയായിരുന്നു അദ്ദേഹത്തിന്റെ ‘Absense’ നു കാരണം. 2002-ലെ ഗുജറാത്ത് കലാപത്തില്‍ ഉന്നതതലത്തിലുള്ള ചില ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഗുജറാത്ത് വംശഹത്യയുടെ ഭീകരമായ സത്യം പുറത്തുകൊണ്ടുവരാന്‍ ധൈര്യം കാണിച്ചതിന് മാത്രമല്ല, എസ്ഐടിയും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിച്ചതിനും സഞ്ജീവ് ശിക്ഷിക്കപ്പെട്ടു. 

2015-2018: പ്രതികാരനടപടികള്‍ തുടര്‍ന്നു കൊണ്ടിരുന്നു  

2018: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചോദ്യം ചെയ്തും 2002 ലെ കലാപത്തില്‍ മോദിയുടെയും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെയും പങ്കും പ്രവര്‍ത്തനവും പുനരന്വേഷിക്കണമെന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ ചെയ്തും 2018-ല്‍ സകിയ ജാഫ്രി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കലാപത്തില്‍ സര്‍ക്കാരിന്റെ പങ്കിന് പ്രാഥമിക സാക്ഷിയാണ് സഞ്ജീവ്. 

ഒരു വശത്ത്, സുപ്രീം കോടതി സകിയ ജാഫ്രിയുടെ അപ്പീല്‍ കേള്‍ക്കാനുള്ള തീയതി വൈകിപ്പിക്കുകയും മാറ്റിവെക്കുകയും ചെയ്തു; മറുവശത്ത്, 2002ലെ ഗുജറാത്ത് കലാപവുമായി മോദിയെ നേരിട്ട് ബന്ധപ്പെടുത്താന്‍ കഴിയുന്ന ഏക സാക്ഷിയെ നിശ്ശബ്ദരാക്കാനും അപകീര്‍ത്തിപ്പെടുത്താനും വേണ്ടി അവര്‍ സഞ്ജീവിനെ നിസ്സാര കാരണങ്ങളാല്‍ കള്ളക്കേസില്‍ കുടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

സകിയ ജാഫ്രി

2018 ജൂലൈ: മുന്നറിയിപ്പൊന്നും കൂടാതെ സഞ്ജീവിന്റെ സുരക്ഷ സര്‍ക്കാര്‍ നിര്‍ത്തലാക്കി. നരേന്ദ്ര മോദിക്കെതിരെ സഞ്ജീവ് മൊഴി നല്‍കിയതിനെത്തുടര്‍ന്ന്, സഞ്ജീവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഭീഷണിയുണ്ടെന്ന് വിലയിരുത്തിയ സുപ്രീം കോടതി, അദ്ദേഹത്തിന് ഉടന്‍ പ്രാബല്യത്തില്‍ വരുന്നവിധം വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു. സൗകര്യങ്ങളുടെ അപര്യാപതിയെന്ന ന്യായം പറഞ്ഞ് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയുത്തരവ് പ്രകാരമുള്ള സുരക്ഷ നല്‍കിയില്ല, രണ്ട് പാറാവുകാരെ നിയോഗിക്കുക മാത്രമാണ് ചെയ്തത്. ആ മിനിമം സുരക്ഷയാണ് പെട്ടെന്ന് ജൂലൈ 2018ല്‍ നീക്കിയത്.

ഓഗസ്റ്റ് 2018: സഞ്ജീവിന്റെ സുരക്ഷ പിന്‍വലിച്ചതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഞങ്ങളുടെ വീടിന്റെ വലിയൊരു ഭാഗം നിയമവിരുദ്ധമായി തകര്‍ത്തു, അത് ചട്ടവിരുദ്ധമായി നിര്‍മ്മിച്ചതാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു നടപടി. കഴിഞ്ഞ 23 വര്‍ഷമായി ഞങ്ങള്‍ താമസിച്ചു വന്ന വീടാണത്.

2018 സെപ്റ്റംബര്‍ 5: രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള കേസില്‍ സഞ്ജീവിനെ ചോദ്യം ചെയ്യാനെന്ന വ്യാജേന പുലര്‍ച്ചെ പിടിച്ചുകൊണ്ടുപോയി. സമഗ്രമായി അന്വേഷിക്കുകയും 20 വര്‍ഷം മുമ്പ് ജുഡീഷ്യല്‍ കോടതി സ്റ്റേ ചെയ്യുകയും ചെയ്ത കേസായിരുന്നു അത്. സഞ്ജീവിനെ അറസ്റ്റു ചെയ്തതിന് രേഖകളൊന്നുമുണ്ടായില്ല.

2018 സെപ്തംബര്‍ മുതല്‍: കാലതാമസം വരുത്താനുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിലും നടപടിക്രമങ്ങള്‍ അട്ടിമറിക്കുന്നതിലും ഈ ഭരണകൂടം വളരെ വിദഗ്ധരാണ്. നിസ്സാരമായ കാരണങ്ങളാല്‍ സഞ്ജീവിന് ജാമ്യം നിഷേധിക്കുക മാത്രമല്ല, അദ്ദേഹത്തിന് ന്യായമായ വിചാരണ നിഷേധിക്കുകയും ചെയ്യാത്ത കുറ്റത്തിന് ജയിലിലടക്കുകയും ചെയ്തു.

2019 ജൂണ്‍ 20: മെനഞ്ഞെടുത്ത 20 വര്‍ഷം പഴക്കമുള്ള കേസിന്റെ വിചാരണ നടപടികളില്‍ സഞ്ജീവിനെ കുടുക്കിക്കൊണ്ട് സര്‍ക്കാര്‍ പൂട്ടല്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. കേസില്‍ തെളിവുകളുണ്ടായില്ലെന്നു മാത്രമല്ല തനിക്കു വേണ്ടി ഒരു സാക്ഷിയെ ഹാജരാക്കാന്‍ പോലും ജുഡീഷ്യല്‍ പീഡനത്തില്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ചെയ്യാത്ത കുറ്റത്തിന് സഞ്ജീവിനെ പ്രതിയാക്കുകയും ജീവപര്യന്തം ശിക്ഷക്ക് വിധിക്കുകയും ചെയ്തു. അദ്ദേഹം ചെയ്ത ഒരേയൊരു കുറ്റം രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ അനീതിക്കെതിരെ സ്ഥൈര്യമായി നിലകൊള്ളുകയും ഫാഷിസ്റ്റു ഭരണത്തിന്റെ ഇരകള്‍ക്കു വേണ്ടി പോരാടുകയും ചെയ്തു എന്നത് മാത്രമായിരുന്നു,

വര്‍ഗീയ ലഹളയുടെ സമയത്ത് തന്റെ കൃത്യനിര്‍വഹണത്തില്‍ അങ്ങേയറ്റം ആത്മാര്‍ഥത പുലര്‍ത്തിയ നിരപരാധിയായ മനുഷ്യനോട് ചെയ്ത ദ്രോഹത്തിന് ഇതിലും വലിയ ഉദാഹരണമില്ല. ഈ കിരാത ഭരണത്തിനെതിരെ ശബ്ദിക്കാന്‍ തുനിഞ്ഞിറങ്ങിയ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും മാതൃക സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ ഫാഷിസ്റ്റു ഭരണത്തിന് ഭീഷണിയായിരുന്നു സഞ്ജീവിന്റെ സത്യസന്ധതയും ആത്മാര്‍ഥതയും. ഇത് 2022 ആണ്, സാകിയ ജാഫ്രിയുടെ കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.സഞ്ജീവിനെ ഈ ഭരണകൂടം അന്യായമായി തടവിലാക്കിയിട്ട് ഇപ്പോള്‍ 3 വര്‍ഷവും 5 മാസവും 20 ദിവസവും (1269 ദിവസം) ആകുന്നു. നീതിക്കു വേണ്ടിയുള്ള പോരാട്ടം മുന്നോട്ടു തന്നെ..

By Editor