ടെക്‌ഫോഗ്: വിദ്വേഷം കത്തിക്കാന്‍ ബിജെപി ഐറ്റി സെല്ലിന്റെ രഹസ്യ ആപ്പ്‌

വാട്ട്സ്ആപ്പും ടെലഗ്രാമും പോലെ എൻക്രിപ്റ്റഡ് മെസ്സേജിങ് പ്ലാറ്റ് ഫോം, അതാണ് ടെക്ഫോഗ്. ഹിന്ദുത്വ ആശയങ്ങൾ പിന്തുടരുന്നവർക്കിടയിൽ സന്ദേശങ്ങൾ കൈമാറാൻ ബിജെപി യുടെ ഐറ്റി സെല്ലിൽ പ്രവർത്തിച്ചിരുന്നു എന്ന് അവകാശപ്പെടുന്ന @AarthiSharma8 എന്ന ട്വിറ്റർ ഹാൻഡിലാണ് ആണ് ടെക് ഫോഗിനെ സംബന്ധിച്ച വിവരങ്ങൾ ആദ്യമായി പുറത്തുവിട്ടത്. പാർട്ടിയുടെ ജനസമ്മിതി പെരുപ്പിച്ചു കാണിക്കാനും വിമർശകരെ അധിക്ഷേപിക്കാനും ട്വിറ്റർ പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലെ പൊതുഅഭിപ്രായങ്ങളെ മാനിപ്പുലേറ്റ് ചെയ്യാനും
കാപ്ച്ച കോഡുകൾ ബൈപാസ് ചെയ്യാനും ഹാഷ്ടാഗുകളും ടെക്സ്റ്റുകളും ഓട്ടോമാറ്റിക് ആയി അപ്‌ലോഡ് ചെയ്യാനും സാധ്യമാവുന്ന ടെക് ഫോഗ് എന്ന ആപ്പിനെക്കുറിച്ച് ദ വയർ’ ന്റെ എക്സ്ക്ലൂസീവ് റിപ്പോർട്ട്‌ ഈയിടെ പുറത്തുവന്നിരുന്നു.

ബിജെപിയോട് വിമർശനാത്മകമായ നിലപാടുള്ള പത്രപ്രവർത്തകരടക്കമുള്ളവരെ ലക്ഷ്യമിട്ടുകൊണ്ട് ആപ്പിലൂടെ അധിക്ഷേപങ്ങൾ നടത്തുന്നു.

മൂന്നു തവണ ഒടിപി കൊടുത്താലേ ആപ്പിലേക്ക് പ്രവേശനം കിട്ടുകയുള്ളു. സുരക്ഷ സംവിധാനങ്ങൾ വളരെ ശക്തമാണ്. ദിനേനയുള്ള രാഷ്ട്രീയ വ്യവഹാരങ്ങളെ നിയന്ത്രിക്കാൻ പോന്ന വ്യത്യസ്ത ഫീച്ചറുകളുള്ള ഈ ആപ്പിന്റെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കാൻ ഒരു സംഘത്തെ തന്നെ ബിജെപി നിലനിർത്തുന്നുണ്ട്. ബിജെപി യുമായി ബന്ധമുള്ള വ്യക്തികളെ ഉൾപെടുത്തിക്കൊണ്ട് വ്യത്യസ്ത വാട്സ്ആപ്പ് ഗ്രൂപ്പുകൾ തുടങ്ങുകയും ആ ഗ്രൂപ്പുകളിലുള്ളവരെ ട്വിറ്ററിലേക്ക് വരുത്തുകയും തെരഞ്ഞെടുത്ത ഹാഷ്ടാഗുകളെ ഹൈജാക്ക് ചെയ്യുകയും ചെയ്യുന്നു. ഇത് സ്വതന്ത്ര ശബ്ദങ്ങളെ നിയന്ത്രിക്കുകയും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ചില പ്രത്യേക വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും ട്വീറ്റുകൾ റിട്വീറ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും നിലനിൽക്കുന്ന പല ഹാഷ്ടാഗുകളെയും സ്പാം ചെയ്യുകയും ചെയ്തുകൊണ്ട് ഫേസ്ബുക്കിലെയും ട്വിറ്ററിലെയും ട്രെൻഡിംഗ് വിഷയങ്ങൾ ഹൈജാക്ക് ചെയ്യലാണ് ഈ ആപ്പിന്റെ പ്രധാന ജോലി. ഇതിനായി പ്രത്യേകം പണിയെടുക്കുന്ന ഓപ്പറേറ്റർമാരുമുണ്ട്. ഇത് സാമൂഹ്യ മാധ്യമങ്ങളിലും അതുവഴി രാജ്യത്ത് തന്നെയും നിലനിൽക്കുന്ന രാഷ്ട്രീയ വ്യവഹാരങ്ങളുടെ ഗതി നിയന്ത്രിക്കുകയും തീവ്രഹിന്ദുത്വ ശക്തികൾക്കനുകൂലമായ പൊതുബോധം സൃഷ്ടിക്കുകയും ചെയ്യുന്നതിൽ വഹിക്കുന്ന പങ്ക് ചെറുതല്ല.

‘ദി വയർ’ നടത്തിയ അന്വേഷണത്തിൽ ഈ ആപ്പിന്റെ പ്രവർത്തനത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്ന ഒരു ട്വിറ്റർ ഹാഷ്ടാഗ് ആണ് #CongressAgainstLabourers. ഒറ്റ ദിവസം കൊണ്ട് ഈ ആപ്പ് ഓപ്പറേറ്റർമാർ 55,000 ട്വീറ്റുകളാക്കി ഈ ഹാഷ്ടാഗ് പ്രചരിപ്പിച്ചു. ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട് രണ്ടര മണിക്കൂറിനകം ഈ ഹാഷ് ടാഗ് 1700 അക്കൗണ്ടുകൾ ഉപയോഗിച്ച് 57,000 പരാമർശങ്ങൾ നേടി. താൽക്കാലിക ഇമെയിൽ അഡ്രസുകൾ നിർമ്മിക്കാനും വാട്സ്ആപ്പ്, ഫേസ്ബുക്, ട്വിറ്റർ, ടെലഗ്രാം എന്നിവയിലെ ഒടിപി വെരിഫിക്കേഷൻ മറികടക്കാനും ഈ ആപ്പ് കൊണ്ട് സാധിക്കും. പൗരന്മാരുടെ പ്രവർത്തനരഹിതമായ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാനും അതിലൂടെ ഈ അക്കൗണ്ടിന്റെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് ഒരുമിച്ച് സന്ദേശങ്ങൾ അയക്കാനും ഈ വ്യക്തികളുടെ രാഷ്ട്രീയആദർശങ്ങളും വ്യക്തിപരമായ വിവരങ്ങളും ശേഖരിച്ചു ഒരു ക്ലൗഡ് ഡാറ്റബേയ്സിലേക്ക് സൂക്ഷിച്ചു വെക്കാനും ഇത്തരത്തിൽ ലിസ്റ്റ് ചെയ്ത വ്യക്തികളെ ഭാവിയിൽ ട്രോളിങ് ക്യാമ്പയിനുകൾക്ക് ഉപയോഗപ്പെടുത്താനും ടെക്ഫോഗ് കൊണ്ട് സാധിക്കുന്നു. ഭാഷ, തൊഴിൽ, മതം, വയസ്സ്, ലിംഗം, രാഷ്ട്രീയം എന്നതിന്റെയെല്ലാം അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിച്ചു സ്വകാര്യ വ്യക്തികളുടെ വിവരങ്ങൾ സൂക്ഷിച്ചു വെച്ച്, അവർക്ക് ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്ന കീ ബോർഡ് വഴിയോ ഗൂഗിൾ ഷീറ്റ് വഴിയോ മറുപടികൾ അയക്കാനുള്ള സംവിധാനവും ഇതിലുണ്ട്. ഇതിൽ പലതും അധിക്ഷേപപരമാണ്. ഇതോടൊപ്പം തന്നെ പത്രപ്രവർത്തകർ, വിദ്യാർത്ഥികൾ, ആത്മീയ നേതാക്കൾ, രാഷ്ട്രീയക്കാർ, സിനിമാ പ്രവർത്തകർ, കോമെഡിയൻമാർ, തുടങ്ങി വ്യത്യസ്ത ലിസ്റ്റുകൾ ട്രോൾ ക്യാമ്പയിനുകൾ നടത്താനായി പ്രത്യേകം ചിട്ടപ്പെടുത്തിയിരിക്കുന്നു. ഇതിനെക്കുറിച്ച് പരിശോധിക്കുമ്പോൾ, ആപ് പ്രത്യേകം ലക്ഷ്യം വെക്കുന്ന വിഭാഗങ്ങളിലൊന്നായ സ്ത്രീ മാധ്യമ പ്രവർത്തകരിൽ ഇരുന്നൂറ് പേരുടെ ട്വീറ്റുകൾക്ക് വന്ന മറുപടികളിൽ 800,000 വും ടെക്ഫോഗ് കൈകാര്യം ചെയ്യുന്ന അക്കൗണ്ടുകളിൽ നിന്നാണ് എന്ന് കണ്ടെത്തി.

ടെക്ഫോഗ് യൂസർ ഇൻ്റർഫേസ് (UI)

ടെക് ഫോഗ് കൈകാര്യം ചെയ്തു കൊണ്ടിരുന്ന അക്കൗണ്ടുകൾ മുൻകാല പ്രവർത്തനങ്ങളുടെ യാതൊരു തെളിവും അവശേഷിക്കാതെ അവർക്ക് ഡിലീറ്റ് ചെയ്തുകളയാം.

ഏറ്റവും പ്രധാനവും അപകടകരവുമായ മറ്റൊരു കാര്യം ഈ ആപ് ഓപ്പറേറ്റർമാർ മോഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ്, പേഴ്സിസ്റ്റന്റ് സിസ്റ്റംസ് എന്നീ രണ്ട് സ്വകാര്യ കമ്പനികൾക്ക് കീഴിലാണ് ജോലി ചെയ്യുന്നത് എന്ന കണ്ടെത്തലാണ്. മോഹല്ല ടെക് പ്രധാന സാമൂഹ്യ മാധ്യമമായ ഷെയർചാറ്റിനെ നിയന്ത്രിക്കുന്നതും ട്വിറ്റർ ഫണ്ട്‌ ചെയ്യുന്നതുമായ ഇന്ത്യൻ കമ്പനിയാണ്. പേഴ്സിസ്റ്റന്റ് സിസ്റ്റംസ് ഒരു ഇന്ത്യൻ-അമേരിക്കൻ ടെക്‌നോളജി സർവീസ് കമ്പനിയാണ്. 2015 മുതൽ ഗവണ്മെന്റിന്റെ വിവാദങ്ങളായ കോൺട്രാക്ടുകൾ നേടിയെടുത്ത ഈ കമ്പനിയാണ് നാഗ്പൂരിലെ കമ്പനി ഓഫീസിൽ സോഷ്യൽ മീഡിയ ഇൻ-ചാർജ് ആയി ടെക്ഫോഗ് ഓപ്പറേറ്റർമാരെ നിയമിച്ചിരിക്കുന്നത്. 2018 ൽ ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലെ ആരോഗ്യമേഖലയിലെ സമഗ്രമായ ഡിജിറ്റൽ ഡാറ്റസെറ്റ് തയ്യാറാക്കുന്നതിനായി ഗവണ്മെന്റ് നിയോഗിച്ചത് ഇതേ കമ്പനിയെയാണ്. ബിജെപി യുടെ യുവ മോർച്ച വിഭാഗത്തിന്റെ മുൻ സോഷ്യൽ മീഡിയ -ഐ ടി ദേശീയ തലവനും നിലവിലെ ബിജെപി യുടെ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് കൺവീനറുമായ ദേവാംഗ് ദവെ ആണ് ഈ പ്രോജെക്ടിന്റെ സൂപ്പർവൈസർ. മോഹല്ല ടെക് കമ്പനിയുടെ പ്രധാന സംരംഭമായ ഷെയർചാറ്റിനെ ഈ ഐ ടി ഓപ്പറേറ്റർമാർ വ്യാജ വർത്തകൾ നിർമ്മിക്കാനും ഹിന്ദുത്വ രാഷ്ട്രീയ ഏജണ്ടകൾ നടപ്പിലാക്കാനും വിദ്വേഷ പ്രസംഗങ്ങൾ പ്രചരിപ്പിക്കാനും വേണ്ടി ഉപയോഗിക്കുന്നു. പ്രാദേശിക ഭാഷകളിൽ മില്യൺ കണക്കിന് വാർത്തകൾ, ചിത്രങ്ങൾ, വീഡിയോകൾ, സന്ദേശങ്ങൾ, മീമുകൾ, ട്രോളുകൾ തുടങ്ങിയവ പങ്കുവെക്കാനാവുന്ന പ്രത്യേക പ്രാദേശിക കൂട്ടങ്ങൾ ഷെയർ ചാറ്റിന്റെ സ്വാധീനത്തിലുണ്ട് എന്നാണ് ദ വയർ കണ്ടെത്തിയിരിക്കുന്നത്. 14 പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം കൊടുക്കുന്ന ഷെയർ ചാറ്റ് ഇംഗ്ലീഷ് ഇതര ഉപഭോക്താക്കളെ കൂടുതൽ ലക്ഷ്യം വെക്കുന്നു. മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിപ്പിക്കുന്നതിന് മുന്നേ ഷെയർചാറ്റിലാണ് ടെക്ഫോഗ് ആദ്യശ്രമം നടത്തുന്നത്. തുടർന്ന് മറ്റു സാമൂഹ്യമാധ്യമങ്ങളും വ്യാപകമായി ഇത്തരം വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിക്കുന്നു. 2017 ലെ ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് കാലത്ത് ഷെയർചാറ്റിന്റെ തലവൻ അങ്കുർ ശ്രീവാസ്തവ രാഷ്ട്രീയ പാർട്ടികളെ സാമൂഹ്യമാധ്യമങ്ങളുടെ ഭാഗമാക്കാനായി പ്രാദേശിക പാർട്ടികൾക്ക് ജനകീയത സൂചികയും പ്രത്യേക കമ്മ്യൂണിറ്റികളും ടാഗുകളും നിർമിച്ചുനൽകിയിരുന്നു. ഒരു വർഷത്തിന് ശേഷം ‘മണി കൺട്രോൾ’ പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ വ്യത്യസ്ത പ്രാദേശിക-ദേശീയ പാർട്ടികൾ പ്രാദേശിക ഭാഷയിലുള്ള സാമൂഹ്യ മാധ്യമ ഇടങ്ങളിലേക്ക് ഇറങ്ങിവരുകയും സ്വാധീനമുണ്ടാക്കുകയും അത് വഴി പ്രാദേശിക ഭാഷകളിലൂടെ അതാതത് പ്രദേശത്തെ പ്രേക്ഷകരിലേക്ക് എത്തുകയും ചെയ്തതെന്ന് വ്യക്തമാക്കുന്നു.

വംശീയ, ജാതീയ, സ്ത്രീവിരുദ്ധ പോസ്റ്റുകൾ വ്യത്യസ്ത കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ പ്രചരിപ്പിക്കുന്ന ഷെയർ ചാറ്റിന്റെ ടെക്ഫോഗിലുള്ള നേരിട്ടുള്ള ഇടപെടൽ അന്വേഷണത്തിൽ ബോധ്യമായി. ടെക് ഫോഗിന്റെ ഉത്പാദനക്ഷമതക്കായി ഗൂഗിൾ ഡോക്സ്, ഗൂഗിൾ ഷീറ്റ്സ് സോഹോ തുടങ്ങിയവയും ഓട്ടോമാഷനു വേണ്ടി സാപിയർ, ടാസ്കർ തുടങ്ങിയവയും അനലിറ്റിക്സ് വേണ്ടി ഗ്രഫാനാ, ഗൂഗിൾ അനലിറ്റിക്സ് എന്നിവയും ഉപയോഗിച്ചിരിക്കുന്നു. കൂടാതെ വ്യത്യസ്ഥ ഹിന്ദി, ഇംഗ്ലീഷ് വെബ്സൈറ്റുകളും പബ്ലിക് ഇന്ത്യ, ഒപിന്ത്യ, എബി ന്യൂസ് ദൈനിക് ജാഗരൺ തുടങ്ങിയ വാർത്ത പ്ലാറ്റ് ഫോമുകളും മറ്റുമായി ആപ്പിനെ ബന്ധപ്പെടുത്തിയിരിക്കുന്നു. ഇത് ബിജെപിക്ക് അനുകൂലമായ ഒരു രാഷ്ട്രീയാന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കുന്നതിന് വളരെയധികം സഹായകരമാകുന്നു.

ടെക്ഫോഗ് ആപ്പ് ബന്ധപ്പെട്ടു കിടക്കുന്നത് ആദ്യമായി ബിജെപി യുവമോർച്ച വെബ്സൈറ്റിലും രണ്ടാമതായി ദേവാംഗ് വേ കൈകാര്യം ചെയ്യുന്ന isupportnamo.org എന്ന വെബ്സൈറ്റിലും ആണ്. ഒരു ആപ്പിൽ സ്റ്റോർ ചെയ്യപ്പെട്ട വിവരങ്ങൾ സ്വയമേ തന്നെ മറ്റു സെർവറുകൾക്കും പ്രാപ്യമാവുന്ന രീതിയിൽ പ്രവർത്തിക്കാനാവുന്ന ഇന്റർനെറ്റിന്റെ ജിയോ-റിപ്ലിക്കേഷൻ എന്ന സംവിധാനമുപയോഗിച്ചാണ് ടെക് ഫോഗിന്റെ പ്രവർത്തനം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു സെർവറിന്റെ പ്രവർത്തനം ഏതെങ്കിലും അർത്ഥത്തിൽ ഇല്ലാതായാൽ പരസ്പര ബന്ധിതമായ മറ്റു സെർവറുകൾക്ക് അത് ഏറ്റെടുത്തു നടത്താനാവും എന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം.

സ്വകാര്യ കമ്പനികൾ എന്തിനാണ് ബിജെപിയുമായി ബന്ധപ്പെട്ട ഈ ആപ്പിന് വേണ്ടി പ്രവർത്തിക്കുന്നത് എന്നത് വ്യക്തമല്ല. സജീവമല്ലാത്ത വാട്സാപ്പുകൾ അഥവാ ആപ്പ് ഫോണിൽ നിന്ന് അൺഇൻസ്റ്റാൾ ചെയ്യുകയോ ഫോൺ റീസെറ്റ് ചെയ്യുകയോ ചെയ്ത കാരണത്താൽ വാട്സ്ആപ്പ് ഉപയോഗിക്കാത്തവരുടെ അക്കൗണ്ടുകൾ ടെക് ഫോഗിന്റെ ഓപ്പറേറ്റർമാർ ഉപയോഗിക്കുകയും ആ അക്കൗണ്ടുകളിലുള്ള കോൺടാക്റ്റുകൾ സൂക്ഷിച്ചു വെക്കുകയും ചെയ്യുന്നു. നിരന്തരമായി സന്ദേശങ്ങൾ അയച്ചു കൊണ്ട് വ്യക്തികളുടെ രാഷ്ട്രീയനിലപാടുകൾ ചികഞ്ഞെടുക്കുകയും വ്യത്യസ്ഥ കാറ്റഗറികളിലായി ഡാറ്റാബേസിൽ ലിസ്റ്റ് ചെയ്യുകയും ഭാവിയിൽ വിദ്വേഷ ക്യാമ്പയിനുകൾക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.  Unknown നമ്പറിൽ നിന്നും സന്ദേശമയക്കുകയും അത് ഡൌൺലോഡ് ചെയ്യുന്നതോടു കൂടി സ്പൈവെയറുകൾ ഫോണിൽ പ്രവർത്തിക്കപ്പെടുകയും പിന്നീടങ്ങോട്ട് നിരന്തരമായി ആ അക്കൗണ്ടുകളെ നിരീക്ഷിക്കൂകയും സജീവമല്ലാതാവുമ്പോൾ ആപ്പിന്റെ ഓപ്പറേറ്റർമാർക്ക് വിവരം ലഭിക്കുകയും ചെയ്യുന്നു. പിന്നീട് ടെക്ഫോഗിന്റെ ലിസ്റ്റിലേക്ക് ആ അക്കൗണ്ടുകൾ ചേർക്കപ്പെടുന്നതോടെ അതുപയോഗിച്ച് വ്യാജ മെസ്സേജുകൾ അയക്കാനാവുകയും ചെയ്യുന്നു. വ്യാജ വാർത്തകൾ പടച്ചുണ്ടാക്കുകയും നിലവിലെ  വാർത്തകൾ ബിജെപി അനുകൂല സ്വഭാവത്തിലാക്കിയെടുക്കുകയും അത് വ്യത്യസ്ത ഇടങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ടെലഗ്രാം ആപ്പും ഇതേ രൂപത്തിൽ ഉപയോഗിക്കുന്നു. ശ്രദ്ധേയമായ പല വാർത്താ ഏജൻസികളുടെയും വെബ്സൈറ്റുകൾക്ക് സമാനമായ പുതിയ പേജുകൾ നിർമിച്ച് വ്യാജ വർത്തകൾ അവയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. പല യഥാർത്ഥ വാർത്തകളുടെയും കീ വേർഡുകൾ മാത്രം മാറ്റിയാണ് ഇവയിൽ പലതും സംപ്രേക്ഷണം ചെയ്യുന്നത്.

ഇത്തരത്തിൽ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുക മാത്രമല്ല, വൻതോതിൽ വ്യാജ പ്രൊഫൈലുകൾ നിർമിച്ചു കൊണ്ട് ബിജെപി യുടെ വിദ്വേഷ അജണ്ടകൾ നടപ്പിലാക്കാൻ വേണ്ടി പണിയെടുക്കുന്നു.

ടൈം മാഗസിൻ്റെ അന്വേഷണത്തിൽ ഇന്ത്യയിൽ തെരഞ്ഞെടുപ്പുകളിൽ വാട്സ്ആപ്പ് ഉപയോഗത്തിന്റെ സ്വാധീനം വളരെ വലുതാണെന്ന് തെളിഞ്ഞിട്ടുണ്ട്.Tasker എന്ന ഓട്ടോമാഷൻ ആപ്പിന് ഉപകരണത്തിൻ്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനാവും. സന്ദേശങ്ങൾ കൈമാറുക വരെ ചെയ്യാനാവും. ഉടമയുടെ മേൽനോട്ടം ആവശ്യമില്ലാതെ തന്നെ ടെക്ഫോഗ് ഓപ്പറേറ്റർമാർക്ക് സ്വതന്ത്രമായി ഉപയോഗിക്കാനാവും. ടെക്ഫോഗ് നൽകുന്ന നിർദേശങ്ങൾക്കനുസരിച് ടാസ്കർ പ്രവർത്തിക്കുന്നു. ടെക് ഫോഗ് ടാസ്‌കറിന് നൽകുന്ന ലിങ്ക് ഉപയോഗപ്പെടുത്തി വ്യത്യസ്ത ആക്ടിവിറ്റികൾ നടത്തുന്നു. രാഷ്ട്രീയ ആവശ്യങ്ങൾക്കായി പ്രൈവസി പോളിസികൾ വയലേറ്റ് ചെയ്യുന്നു. ട്വിറ്റർ പോലല്ല, വാട്സ്ആപ്പ് ഒരു അടഞ്ഞ സ്വകാര്യ ഇടമാണ്. പക്ഷേ ഈ ഇടമാണ് ബിജെപി ഇത്തരത്തിൽ ഉപയോഗിക്കുന്നത്.

ഇന്ത്യയുടെ ഭരണകക്ഷിയുടെ ഭാഗമായ സൈബർ സംഘത്തിൻ്റെ പ്രധാന സോഷ്യൽ മീഡിയകളും എൻക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റ്‌ഫോമുകളും ഹൈജാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ‘ടെക്ഫോഗ്’ എന്ന അത്യധികം സങ്കീർണ്ണമായ ഒരു രഹസ്യ ആപ്ലിക്കേഷനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ ഒട്ടേറെ ചർച്ചകൾക്ക് പാത്രമാകേണ്ടതാണ്. വിദ്വേഷപ്രചരണം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളെ ആപ്പ് എങ്ങനെ യാന്ത്രികമാക്കുന്നുവെന്നും വേഗത്തിലാക്കുന്നുവെന്നുമാണ് മാസങ്ങൾ നീണ്ട അന്വേഷണത്തിലൂടെ തെളിയുന്നത്. ഉന്നത സാങ്കേതികവിദ്യയുടെയും വൃത്തികെട്ട രാഷ്ട്രീയത്തിന്റെയും പരസ്പരാശ്ലേഷമാണ് ദൃശ്യമാകുന്നത്.

By സഫ .പി

Independent Researcher