എസ്എഫ്‌ഐ യുടെ ലിബറല്‍ ‘സംബന്ധം’

നോത്രദാം യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം പ്രൊഫസർ പാട്രിക് ദനീൻ 2018 ൽ എഴുതിയ പുസ്തകമാണ് ‘Why Liberalism failed’. രണ്ട് തരത്തിലുള്ള അമേരിക്കൻ ലിബറലിസത്തെയും പുസ്തകം കൈകാര്യം ചെയ്യുന്നുണ്ട്. ക്ലാസ്സിക് ലിബറലിസവും പ്രോഗ്രസ്സിവ് (പുരോഗമന) ലിബറലിസവും. എന്തുകൊണ്ട് ലിബറലിസം പരാജയപ്പെട്ടു എന്നതിന്റെ കാരണത്തെ വിശകലനം ചെയ്യുന്നതാണ് കൃതിയിലെ രസകരമായ ഭാഗം. ലിബറലിസം പരാജയപ്പെട്ടു. കാരണം, അത് വിജയിച്ചു.

സ്ത്രീ-പുരുഷ ബന്ധങ്ങളുടെ അതിർവരമ്പുകളെ തിരസ്കരിക്കുക, പ്രണയത്തിനും ലൈംഗികതക്കും ഉള്ള മര്യാദകളെ ലംഘിക്കുക തുടങ്ങിയ കാര്യങ്ങളാണ് പുരോഗമനമായി എസ് എഫ് ഐ അവതരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഇത് പുരോഗമനമാണോ? യൂറോപ്പ് അത് ചെയ്യുന്നു. അതുകൊണ്ട് പുരോഗമനമാകുന്നു എന്നാണോ? അങ്ങനെയെങ്കിൽ അത് അടിമത്തത്തിന്റെ ലക്ഷണമാണ്.

മറ്റൊരർത്ഥത്തിൽ നോക്കിയാൽ ഇന്ത്യയിൽ ഇത്തരം സംസ്കാരങ്ങൾക്ക് സവർണ ബ്രാഹ്മണിസത്തിന്റെ ചില രീതികളോടാണ് സാദൃശ്യം (പലപ്പോഴും മതേതര – ലിബറലിസം അധീശ സംസ്കാരത്തിന്റെ/ മതത്തിന്റെ സ്വഭാവങ്ങളും ലക്ഷണങ്ങളും കാണിക്കും എന്ന് പഠനമുണ്ട്). ഉയർന്ന ജാതിക്കാരുടെ ലൈംഗിക വസ്തുവായി ജീവിക്കാൻ വിധിക്കപ്പെട്ട നായർ യുവതികളുടെ സംബന്ധം പോലുള്ളവ ദുരാചാരങ്ങൾ തന്നെ ആയിരുന്നു. ലൈംഗിക വൃത്തികേടിന്റെ ഗണത്തിൽ പെടുത്തി അറപ്പോടും വെറുപ്പോടും കൂടി തള്ളിക്കളഞ്ഞ സംസ്കാരമാണത്. തൽസ്ഥാനത്ത് വിവാഹത്തിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ള വിശുദ്ധമായ പ്രണയത്തെയും ലൈംഗിക ജീവിതത്തെയും സ്ഥാപിക്കുകയാണ് ചെയ്തത്. അത്തരം വൈകൃതങ്ങളുടെ, ദുരാചാരങ്ങളുടെ, അതിർലംഘനങ്ങളുടെ രൂപമാറ്റമല്ലാതെ മറ്റെന്താണ് എസ് എഫ് ഐ കൊണ്ട് വരാൻ ശ്രമിക്കുന്ന ഈ സംസ്കാരങ്ങൾ.

സംബന്ധത്തെയും മാറ് മറക്കാനുള്ള സ്വാതന്ത്ര്യത്തെ തിരസ്കരിക്കുന്ന ജാതി വംശീയതയെയുമെല്ലാം തുടച്ചു നീക്കിയതിൽ ഇസ്‌ലാമിന് വലിയ പങ്കുണ്ട്. ടിപ്പു സുൽത്താൻ്റെ ചരിത്രം തന്നെ അതിനുദാഹരണമാണ്. വസ്ത്രം ഊരുന്നതും അന്യ സ്ത്രീകളോടുള്ള പ്രണയവും ലൈംഗികതയും ആണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ എസ് എഫ് ഐ യുവത്വത്തെ തിരിച്ചുനടത്തുന്നത് ബ്രാഹ്മണ്യത്തിന്റെ രീതികളിലേക്കാണ്. ഇസ്‌ലാമിനാകട്ടെ അത്തരം ലക്ഷണങ്ങളിൽ നിന്ന് ഏതൊരു സമൂഹത്തെയും വിമോചിപ്പിക്കുവാനുള്ള ഉത്തരവാദിത്വവുമുണ്ട്. അതുകൊണ്ട് ഇത്തരം ‘ഇല്ലം’ സംസ്കാരങ്ങളെ പുരോഗമനം എന്ന് പറഞ്ഞുകൊണ്ട് ഇനിയും എഴുന്നള്ളിക്കരുത്.

ജാതി വംശീയതയുടെ ശീലങ്ങളിലേക്ക് മാത്രമല്ല, പലപ്പോഴും അതും കടന്ന് ‘മൃഗ സംസ്കാരം’ കൊണ്ടുവരാനും എസ് എഫ് ഐ പണിയെടുക്കുന്നു എന്നതാണ് വിഷയം. പക്ഷെ, അവിടെയും നിൽക്കാതെ ‘മൃഗ സംസ്‌കാരത്തിൽ’ പോലുമില്ലാത്ത ‘സ്വവർഗ്ഗ ലൈംഗികത’ യും മനുഷ്യർക്കിടയിൽ വളർത്തിക്കൊണ്ടു വരാൻ എസ് എഫ് ഐ പ്രവർത്തിക്കുന്നു എന്നതാണ്. ജാതിയാകട്ടെ, അടിമ സംസ്കാരമാകട്ടെ ഈ കാലത്തും നിങ്ങളുടെ കാമ്പസുകളിൽ മുസ്‌ലിം വിദ്യാർത്ഥികൾ പണിയെടുക്കുന്നത് നിങ്ങളെ മനുഷ്യ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനാണ്. അവരുടെ വിഷയം അന്യസ്ത്രീ-പുരുഷൻമാർ തമ്മിലെ ഉദാര ലൈംഗികതയല്ല ബന്ധങ്ങളിലെ വിശുദ്ധിയും വിമോചനവുമാണ്.

സാംസ്‌കാരിക തകർച്ചയ്ക്കും, സ്വതന്ത്ര ജീവിതത്തിന് തടസ്സമായും, ഒപ്പം രാജ്യത്തെ വരുമാന അസമത്വത്തിലേക്കും കേന്ദ്രീകൃതമായ ബ്യൂറോക്രസികളുടെ വളർച്ചയിലേക്കും ലിബറലിസം വഴിമാറുകയായിരുന്നു എന്ന് ദനീനിന്റെ പുസ്തകം വാദിക്കുന്നു. മനുഷ്യജീവിതത്തെ തന്നെ ബാധിക്കുന്ന ജീർണ്ണതയുടെയും അഴിമതിയുടെയും പ്രകൃതി ചക്രത്തിന്റെ അന്ത്യത്തിലേക്ക് അമേരിക്ക അടുക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ നിഗമനം. സംസ്കാരത്തിന്റെയും നാഗരികതയുടെയും കേന്ദ്രമായ കുടുംബം, ഗോത്രം, ദേശം, മതം എന്നിവയോട് വഞ്ചനാത്മകമായ നിലപാടിലാണ് ലിബറലിസം നിലകൊള്ളുന്നത്.

ഈ അർത്ഥത്തിൽ ചണ്ടിയായ ഒരു ആശയമെന്നു പ്രായോഗിക തലത്തിൽ തന്നെ തെളിഞ്ഞതായി അതിന്റെ വക്താക്കൾ തന്നെ പുസ്തകമെഴുതി വിശദീകരിക്കുന്ന തരം ജീര്ണതയിലേക്ക് വിദ്യാർത്ഥികളെ നയിക്കാനാണ് ഇന്ന് എസ് എഫ് ഐ പോലുള്ള ഇടതു സംഘടനകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇസ്‌ലാം പുരുഷന്റെയും സ്ത്രീകളുടെയും വസ്ത്ര രീതികളെയും ചിന്തകളെയും പ്രവർത്തനങ്ങളെയും കുടുംബ ജീവിതത്തെയും സാമൂഹിക ബന്ധങ്ങളെയും കുറിച്ച് കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ചരിത്രത്തിൽ ശാസ്ത്രജ്ഞരും രാഷ്ട്രീയ സാമൂഹിക പരിഷ്കർത്താക്കളുമായ ശക്തരായ സ്ത്രീകളും മുസ്‌ലിംകളിൽ നിന്നും ഉണ്ടായിട്ടുണ്ട്.

പക്ഷെ എസ് എഫ് ഐ സ്ത്രീകളെ ‘ലൈംഗിക ശരീരം’ മാത്രമായി കാണുന്നത് കൊണ്ടാണ് എപ്പോഴും അവരുടെ വസ്ത്രത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചും മാത്രം പ്രത്യേകമായി ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്ത്രീകളുടെ ‘വസ്ത്ര സ്വാതന്ത്ര്യത്തിൽ’ എത്ര അഴിച്ചു മാറ്റണം എന്നതിലാണ് അവരുടെ പ്രശ്നങ്ങൾ. ബുർഖ ധരിച്ച സ്ത്രീകളെ കാണുമ്പോൾ പർദ്ദയും ബുർഖയും ധരിക്കുവാനുള്ള അവരുടെ സ്വാതന്ത്ര്യമല്ല മറിച്ച് സംഘപരിവാർ ഭാവനയിലെ ക്രൂരനും കാമഭ്രാന്തനുമായ ഒരു മുസ്‌ലിം പുരുഷനെ സൃഷ്ടിക്കുന്ന സവർണ ഹിന്ദുത്വ വംശീയതയിൽ പങ്കാളിയാവാനാണ് എസ് എഫ് ഐ ശ്രമിക്കുന്നത്. അവർ പുറത്തിറക്കിയ ‘മൂടുപടം’ എന്ന കവിതയിലൂടെ ആ ഹിന്ദുത്വ വംശീയത പ്രകടമായിരുന്നു.

സുള്ളി ഡീൽസ്, ബുള്ളി ബായ് ആപ്പുകളിലൂടെ സവർണ ഹിന്ദുത്വ ഫാഷിസം മുസ്‌ലിം സ്ത്രീകളെ ‘വില്പനക്ക്’ വെച്ച പ്രശ്നങ്ങളിലൊന്നും എസ് എഫ് ഐക്ക് നിലപാടില്ല. അവരുടെ നീതിക്ക് വേണ്ടി ഒരക്ഷരം ഉരിയാടാൻ ഇവർക്കാകുന്നില്ല. മറിച്ച് അവർ ധരിച്ച തട്ടവും മേൽക്കുപ്പായത്തിന്റെ നീളവുമാണ് വിഷയം.

അതുകൊണ്ട് ദനീൻ സൂചിപ്പിച്ചത് പോലെ പറയുന്നു: “നിങ്ങൾ മുന്നോട്ട് പോകരുത്, കാരണം നിങ്ങൾ പരാജയപ്പെടും. അത് ലോകത്ത് നിങ്ങൾക്കും ഫാഷിസത്തിനും മാത്രമായി മാറ്റിവെച്ച ഒരു നിയമമാണ്.”

By അമീൻ വി. ചൂനൂർ

Chief Editor, Expat Alive