മുഹമ്മദ് അലി: സ്വതന്ത്രൻ, സ്തുതിക്കപ്പെട്ടവൻ

ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ ജനാസ സംസ്കരണവേളയിൽ അമേരിക്കൻ ഇസ്ലാമിക പണ്ഡിതയും പ്രഭാഷകയുമായ ദാലിയ മൊഗാഹിദ് നടത്തിയ സംസാരം.

അസ്സലാമു അലൈക്കും, ഈ പരിശുദ്ധ റമദാനെ മുൻനിർത്തി നിങ്ങള്‍ക്കേവര്‍ക്കും സമാധാനം നേരുന്നു.

‘ഭൂമിയിലും സുബര്‍ക്കത്തിലും സ്തുതിക്കപ്പെട്ടവന്‍’ എന്നാണ് അദ്ദേഹത്തിൻ്റെ പേരിന്നർഥം; അദ്ദേഹത്തിനു ആദരവർപ്പിക്കാനും പ്രാര്‍ഥിക്കാനുമാണ് നമ്മളിന്നിവിടെ ഒരുമിച്ചു കൂടിയിരിക്കുന്നത്; ദൈവവും മനുഷ്യരും ആദരിച്ചവന്‍.

ഈ നൂറ്റാണ്ടിന്റെ സ്‌പോര്‍ട്ട്‌സ്മാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ കായിക മികവിനു വിശേഷണം. മുഹമ്മദ് അലിയെന്ന ആ ജനനായകനെ, എക്കാലത്തെയും ഏറ്റവും സ്വാധീനശക്തിയുള്ള 20 അമേരിക്കക്കാരില്‍ ഒരാളായി ടൈം മാഗസിന്‍ എണ്ണി.

നാമിപ്പോൾ നില്‍ക്കുന്നത് കെന്റക്കിയിലെ ലൂസിവില്ലയിലാണ്, നമ്മളെ സ്വതന്ത്രരാകാന്‍ പഠിപ്പിച്ച ആ മനുഷ്യന്റെ ആദ്യ പ്രൊഫഷണല്‍ ഫൈറ്റ് നടന്ന ഈ ഫ്രീഡം ഹാളില്‍ നമ്മളദ്ദേഹത്തിന് ഉപചാരമര്‍പ്പിക്കാന്‍ തിങ്ങിക്കൂടിയിരിക്കുന്നു.

അദ്ദേഹം തന്റെ സ്വാതന്ത്ര്യത്തിന്റെ നാമധേയമായി ‘മുഹമ്മദ്’ എന്ന പേര്‍ സ്വീകരിച്ചു. തന്റെ ജനകീയതയ്ക്കു മുകളില്‍ തന്റെ നിലപാടുകള്‍ക്ക് സ്ഥാനം നല്‍കിക്കൊണ്ട്, കീഴ്വണങ്ങലുകള്‍ക്ക് പകരം തന്റെ ബോധ്യങ്ങളെയുറപ്പിച്ച ഒരു പ്രതീകാത്മകമായ തീരുമാനായിരുന്നുവത്. തന്റെ വിശ്വാസങ്ങളുടെ പേരില്‍ എന്തും നേരിടാന്‍ സജ്ജനായിരുന്നു അയാള്‍.

സ്വന്തം സൗഭാഗ്യവും സന്തോഷവുമെന്നാല്‍ പടച്ചവന്റെ ഉത്തമദാസരാവുകയാണെന്ന് കാണിച്ചു തന്നു കൊണ്ട് അയാള്‍ നമ്മെ സ്വതന്ത്രരാകാന്‍ പഠിപ്പിച്ചു. സന്തോഷവും സൗഭാഗ്യവും നിങ്ങളെ വിലയ്ക്കു വാങ്ങാനനുവദിക്കരുതെന്നും അയാൾ പഠിപ്പിച്ചു. അവ രണ്ടും അദ്ദേഹത്തിന്റെ ഹൃദയത്തിലല്ല കൈകളിലായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയമാകട്ടെ ഉടയവനർപ്പിച്ചതായിരുന്നു, അല്ലാതെ വേറൊരു മുതലാളിക്കും പണത്തിനും പെരുമക്കും, ജനങ്ങളുടെ സ്തുതിഗീതങ്ങള്‍ക്കു പോലുമോ അര്‍പ്പിതമായിരുന്നില്ല, അതുകൊണ്ടാണ് അദ്ദേഹം സ്വതന്ത്രനായിരുന്നത്; ഈ ദുനിയാവിന്റെ പളപളപ്പുകളില്‍ പതറാത്തൊരു സ്വതന്ത്ര മനുഷ്യനായിരുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഹെവി വെയ്റ്റ് ചാംപ്യനാകാന്‍ കുട്ടിക്കാലം മുതലേ കിനാവ് കണ്ടൊരാള്‍. ഒളിംപിക്‌സിലെ സ്വര്‍ണ മെഡലും ഗോള്‍ഡന്‍ ഗ്ലൗസുമെല്ലാം ആ പരമമായ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികള്‍ മാത്രമായിരുന്നു. മറ്റാരെക്കാളും കഠിനമായി അയാള്‍ പ്രയത്‌നിച്ചു, പൊരുതി, പരിശീലിച്ചു, പേരുണ്ടാക്കി. എന്നിട്ടും നിലവിലെ ഹെവി വെയ്റ്റ് ചാംപ്യനായിരുന്ന സണ്ണി ലിസ്റ്റനുമായുള്ള തന്റെ ആദ്യ മത്സരം തന്റെ മാല്‍കം എക്‌സുമായുള്ള ബന്ധത്തിനും വിശ്വാസത്തിനും കോട്ടം തട്ടാതിരിക്കാൻ വേണ്ടി മടി കൂടാതെ റദ്ദാക്കാന്‍ അദ്ദേഹം തയ്യാറായി.

ഒടുവില്‍ ലിസ്റ്റനെ മലര്‍ത്തിയടിക്കാനും കിനാവ് കണ്ട പദവി നേടാനും കഴിഞ്ഞപ്പോള്‍ യുദ്ധത്തിനു പോകാന്‍ നിരസിച്ചതിനെത്തുടര്‍ന്ന് മില്യണ്‍ കണക്കിന് ഡോളറും തന്റെ പദവിയും അദ്ദേഹത്തിനു ത്യജിക്കേണ്ടി വന്നു, ജയിലില്‍ കിടക്കുകയും വെറുപ്പിന്റെ ഉഗ്രശരങ്ങളേറ്റുവാങ്ങുകയും ദിനേനയെന്നോണം വധഭീഷണിക്ക് ഇരയാകേണ്ടിയും വന്നു. ഉറ്റവരും ഉടയവരും വരെ അദ്ദേഹത്തിനു മേല്‍ സമ്മര്‍ദം ചെലുത്തി. കീഴൊതുങ്ങാനുള്ള അത്തരം എല്ലാ സമ്മര്‍ദശ്രമങ്ങള്‍ക്കും മേലെ റിങ്ങിലെ ഏതൊരു എതിരാളിയെക്കാളും വലിയവനായി മുഹമ്മദ് അലി വിജയശ്രീലാളിതനായി നിലകൊണ്ടു. തന്റെ ഇഛാശക്തിയെയും ബോധ്യങ്ങളെയും അടിയറവ് വെച്ചുവെന്ന കുറ്റബോധം പേറാതെ ഒരു സ്വതന്ത്ര മനുഷ്യനായി അയാള്‍ ഉയര്‍ന്നു നിന്നു.

ഒരു കിടമത്സരത്തില്‍ നിന്നും അദ്ദേഹം പേടിച്ചു പിന്‍മാറിയില്ല. എല്ലാ പോരാട്ടത്തെയും ആത്മാഭിമാനത്തോടെ അദ്ദേഹം എതിരിട്ടു. മറ്റു പലരും ചെയ്തതു പോലെ യുദ്ധത്തിനു പോകാനുള്ള ഉത്തരവില്‍ നിന്നു രക്ഷപ്പെടാന്‍ രാജ്യം വിടാനയാള്‍ തയ്യാറായില്ല. തനിക്കു നീതി ലഭിക്കാന്‍ ഏറ്റവും പരമോന്നത കോടതി വരെയും പോയി നിയമപോരാട്ടം നടത്തി.

അങ്ങനെ ആത്മാഭിമാനത്തിന്റെ ജീവിക്കുന്ന ഉദാഹരണമായി മാറി. ഡോ. ജാക്‌സണ്‍ എഴുതിയത് പോലെ, ‘അവന്‍ ഞങ്ങളെ വെല്ലുവിളിച്ചു, പോരാട്ടമെന്തെന്നു ഞങ്ങള്‍ക്കു കാണിച്ചു തന്നു, ഉള്‍പ്പകയും ക്ഷമാപണവും തരിമ്പും കാണിക്കാതെ മടികൂടാതെ റിങ്ങിനകത്തും പുറത്തും അടിച്ചു നിന്നു,’

ദൈവത്തിന്റെ ഏകത്വത്തെക്കുറിച്ചുള്ള അലിയുടെ ബോധ്യമാണ് മനുഷ്യകുലത്തിന്റെ ഏകത്വത്തെ അദ്ദേഹത്തിന് ദൃശ്യമാക്കിയത്. ഒരു നിലപാടുണ്ടാകുമെന്നു ആരും പ്രതീക്ഷിക്കാത്തൊരു കായികതാരമായ അയാള്‍ വേലിയേറ്റങ്ങളെ മൂര്‍ച്ചയോടെ പ്രതിരോധിച്ചു. അമേരിക്കന്‍ സേന കൊന്നുതള്ളിയ വിയറ്റനാം ജനതയുടെ മൃതശരീരങ്ങള്‍ക്കിടയില്‍ വിടര്‍ന്ന കണ്ണുള്ളൊരു വിയറ്റ്‌നാമീസ് പെണ്‍കുട്ടിയെ കണ്ടതോടെ തന്റെ നിസ്സര്‍ഗജമായ കാരുണ്യം അതിനെ തൊട്ടു. ആ യുദ്ധത്തില്‍ നിന്നും പുറത്തു നില്‍ക്കാന്‍ തീരുമാനമെടുക്കേണ്ടി വന്നു.

മുഹമ്മദ് അലിക്ക് ആദരവര്‍പ്പിക്കാന്‍ വര്‍ണ-വര്‍ഗ വ്യത്യാസമില്ലാതെ നാമേവരും ഒരുമിച്ചുകൂടിയ ഈ ദിനം ദൈവത്തിന്റെ ആ വാഗ്ദാനത്തിന്റെ ഓര്‍മ്മപ്പെടുത്തലാവട്ടെ: ‘ദൈവത്തിനു പകരം ജനങ്ങളെയാണ് നിങ്ങള്‍ പ്രീതിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍, ദൈവം ജനങ്ങളെക്കൊണ്ട് നിങ്ങളെ അപ്രീതിപ്പെടുത്തും. എന്നാല്‍ ജനങ്ങള്‍ക്കു പകരം ദൈവത്തിന്റെ പ്രീതിയാണ് നിങ്ങള്‍ കാംക്ഷിക്കുന്നതെങ്കില്‍, ജനങ്ങളുടെ പ്രീതിയും ദൈവം നിങ്ങള്‍ക്ക് കനിഞ്ഞരുളും’

വിവ: റമീസുദ്ദീൻ വി എം

By ദാലിയ മൊഗഹെദ്