പാശ്ചാത്യലോകത്തെ മുസ്‌ലിം പത്രപ്രവര്‍ത്തനത്തിന്റെ മുന്നണിപ്പോരാളി; ഹാശിര്‍ ഫാറൂഖിയെ ഓര്‍ക്കുമ്പോള്‍

ഇന്റർനെറ്റും മറ്റു വാർത്താവിനിമയ സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത് മുസ്‌ലീം ലോകത്ത് നടക്കുന്ന സംഭവങ്ങളുടെ നിജസ്ഥിതി ലോകത്തെ അറിയിക്കുന്നതിൽ അതിപ്രധാനമായ പങ്കുവഹിച്ച ഫാറൂഖിയുടെ നിര്യാണം വലിയ നഷ്ടമാണെന്നു പറയുന്നത് വെറുമൊരു ഔപചാരികതയായിരിക്കും. അതിന്നുമപ്പുറത്തായിരുന്നു അദ്ദേഹം. ഉത്തർപ്രദേശിലെ കാണ്‍പൂരിനടുത്ത ഗാസിപൂരില്‍ ജനിച്ച ഫാറൂഖി, കോളജിൽ ജീവശാസ്ത്രമാണ് തന്റെ ഐച്ഛികവിഷയമായി തിരഞ്ഞെടുത്തിരുന്നത്. വിഭജനത്തിനു ശേഷം പാകിസ്താനിലേക്കു പോയ അദ്ദേഹം ഉയർന്ന സർക്കാരുദ്യോഗം ഉപേക്ഷിച്ച് ലണ്ടനിലെത്തിയത് ഇംപീരിയൽ കോളജിൽ പിഎച്ച്ഡി ചെയ്യാനാണ്.

പ്രഗൽഭനായ പ്രാണി ശാസ്ത്രജ്ഞനായി പാകിസ്താനിലേക്കു തിരിച്ചുപോവാനിരുന്ന ഫാറൂഖി പ്രക്ഷുബ്ധമായിരുന്ന മുസ്‌ലിം ലോകത്തുനിന്നു സത്യസന്ധമായി വാർത്തകൾ പ്രസിദ്ധീകരിക്കാൻ എന്തുവഴിയെന്ന് ആലോചിക്കുന്നതിനിടയിലാണ് സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു പ്രസിദ്ധീകരണത്തിന്റെ വഴിയിലെത്തിയത്. ‘ഇംപാക്ട് ഇന്റർനാഷനൽ’ എന്ന ദ്വൈവാരിക 1971- ലാണ് ലണ്ടനിൽ നിന്നും പുറത്തിറങ്ങുന്നത്. അസാധാരണമായ സ്വീകാര്യത ലഭിച്ച ഒരു ദ്വൈവാരികയായിരുന്നുവത്. 80-കളിലും 90-കളിലും വസ്തുനിഷ്ഠമായ വാർത്തകൾ തേടിയിരുന്ന ഏവരും 16 പേജുള്ള കനംകുറഞ്ഞ എയർ മെയിൽ കടലാസിൽ അച്ചടിച്ചിരുന്ന ദ്വൈവാരിക കൈയിൽ കിട്ടിയാൽ അപ്പോൾതന്നെ വായിച്ചുതീർക്കുമായിരുന്നു. പക്ഷപാതവും നിന്ദയും നിറഞ്ഞ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന പാശ്ചാത്യ വാർത്താ ഏജൻസികൾക്കും, മുസ്‌ലിം ഏകാധിപതികളുടെ വിളംബരങ്ങളും പടങ്ങളും ഒന്നാം പേജ് കവരുന്ന ഇസ്ലാമികലോകത്തെ പത്രമാസികകൾക്കും അപരിചിതമായ ശൈലിയിൽ സൗദി അറേബ്യയിലും ഈജിപ്തിലും ഇറാഖിലും ഇറാനിലും യഥാർഥത്തിലെന്തു നടക്കുന്നുവെന്ന് ‘ഇംപാക്ട്’ റിപോർട്ട് ചെയ്തു.
ഇസ്‌ലാമിക പ്രവർത്തകരായിരുന്നു മിക്കപ്പോഴും ഫാറൂഖിയുടെ വിദേശ പ്രതിനിധികൾ. സോവിയറ്റ് യൂനിയനിലും കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും ഏഷ്യയിലും ആഫ്രിക്കയിലുമുള്ള ഏകാധിപത്യങ്ങളിലും അറബ് ലോകത്തെ ശെയ്ഖുമാരുടെ കൊട്ടാരങ്ങളിലും ഫാറൂഖിക്ക് വാർത്തകളെത്തിച്ചുകൊടുക്കുന്ന വോളന്റിയർമാരുണ്ടായിരുന്നു. പല വഴികളിലൂടെ സെൻസർമാരെയും ഒറ്റുകാരെയും കബളിപ്പിച്ചുകൊണ്ട് അവർ അപകടകരമായി ജോലി ചെയ്തു. സിൻജിയാങിലെ ഉയിഗൂർ ജനതയുടെ ദുരിതങ്ങളായാലും നൈജീരിയയിൽ ഇബോകൾ നടത്തുന്ന ആക്രമണങ്ങളായാലും എല്ലാം ‘ഇംപാക്ടി’ൽ അപഗ്രഥനം ചെയ്യപ്പെട്ടു. എന്തെഴുതുമ്പോഴും വസ്തുനിഷ്ഠമായിരിക്കണമെന്ന വാശി ദ്വൈവാരികയ്ക്കുണ്ടായിരുന്നു.

മൗലാനാ മൗദൂദിയോട് ഏറെ ആദരവുണ്ടായിരുന്ന ഫാറൂഖി പിന്നീട് ജമാഅത്തെ ഇസ്ലാമിയുടെ അനുഭാവിയായി. സാമ്പത്തിക ക്ലേശങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും പലതരം പ്രലോഭനങ്ങളുണ്ടായിട്ടും ഒന്നിനും വഴങ്ങിയില്ല. കിൽബേണിലെ ഒരു ചെറിയ വാടകവീട്ടിലായിരുന്നു മരിക്കുന്നതുവരെ താമസം. സൗദി വർത്തകനായിരുന്ന സലാഹുദ്ദീൻ വർണശബളമായ ഒരു പ്രസിദ്ധീകരണം പ്ലാൻ ചെയ്തപ്പോൾ ഫാറൂഖിയോട് അതിന്റെ എഡിറ്ററാവാൻ അപേക്ഷിച്ചു. അടുത്ത സുഹൃത്തായിരുന്നിട്ടും വലിയ ശമ്പളം കിട്ടുന്ന ആ പദവി അദ്ദേഹം വേണ്ടെന്നുവച്ചു (കുറച്ചുകാലം പ്രസിദ്ധീകരിച്ചു അവസാനം കടംവന്നു പൂട്ടേണ്ടിവന്ന ‘അറേബ്യ’ പല കാര്യത്തിലും ‘ഇംപാക്ടി’നെ പിന്തുടർന്നു).

‘ഇംപാക്ടി’ന്റെ സ്വീകാര്യത അതിൽ വന്ന അഭിമുഖങ്ങളിൽ തന്നെ മുഖംകാണിക്കുന്നുണ്ട്. ഫൈസൽ രാജാവ്, ആയത്തുല്ലാ ഖുമൈനി, ജന. സിയാഹുൽ ഹഖ്, യാസിർ അറഫാത്ത്, സുഹാർത്തോ, മഹാതീർ മുഹമ്മദ് എന്നിങ്ങനെ ഫാറൂഖിയുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞിരുന്ന പ്രമുഖകരുടെ പട്ടിക നീളുന്നു. പ്രചാരം വർധിക്കുകയും റിപ്പോർട്ടുകളും ആഖ്യാനങ്ങളും വർധിക്കുകയും ചെയ്തതോടെ ദ്വൈവാരികയുടെ പുറങ്ങൾ 50 വരെയായി. അഭിമുഖങ്ങളിൽ ഒട്ടും ഔപചാരികതയില്ലാതെ വിഷയത്തിന്റെ അകത്തളത്തിലേക്കു കടന്നുചെല്ലുന്ന രീതിയായിരുന്നു ഫാറൂഖി സ്വീകരിച്ചിരുന്നത്.

1988 ൽ ‘പിശാചിന്റെ വചനങ്ങൾ’ എന്നപേരിൽ സൽമാൻ റുശ്ദി എഴുതിയ, പ്രവാചകനെയും പത്‌നിമാരെയും മ്ലേച്ഛ ഭാഷയിൽ വിവരിക്കുന്ന നോവലിനെതിരേ ബ്രിട്ടനിൽ നടന്ന വ്യാപകമായ പ്രതിഷേധ പരിപാടികൾക്കു നേതൃത്വം കൊടുത്തവരിൽ മുമ്പിൽതന്നെയായിരുന്നു അദ്ദേഹം. 35 കൊല്ലം കഴിഞ്ഞു 2013 ൽ സാമ്പത്തിക പ്രതിസന്ധി കാരണം ‘ഇംപാക്ട്’ അടച്ചുപൂട്ടി. മുസ്‌ലിം സമൂഹത്തോടുള്ള ഒരിക്കലും ദുർബലമാവാത്ത, പ്രതിബദ്ധതയുടെ പ്രതീകമായിരുന്നു ‘ഇംപാക്ട്.’

ഫാറൂഖി സാഹിബുമായി വ്യക്തിപരമായ സൗഹൃദം കൂടിയുണ്ടായിരുന്നു. 1983-ൽ പത്രപ്രവർത്തനത്തിൽ ലണ്ടനിലെ സിറ്റി യൂനിവേഴ്‌സിറ്റി നടത്തുന്ന ഒരു ഹ്രസ്വകാല പരിശീലനത്തിനു പോയപ്പോൾ ‘ഇംപാക്ട്’ പത്രാധിപരെ കാണുകയാണ് ആദ്യം ചെയ്തത്. ഇറാൻ വിപ്ലവം തലയ്ക്കു പിടിച്ച കാലം. ഇറാനിയൻ വിപ്ലവത്തിന്റെ ജിഹ്വയായി പ്രവർത്തിച്ചിരുന്ന ‘ക്രസന്റ് ഇന്റർനാഷനൽ’ എന്ന മാസിക ‘ഇംപാക്ടി’നോടൊപ്പം വായിക്കാറുണ്ടായിരുന്നു. കാനഡയിലെ സഫർ ബംഗഷ് എഡിറ്റ് ചെയ്തിരുന്ന ‘ക്രസന്റി’നെ പോലെ കണ്ണുമടച്ചു വിപ്ലവത്തെ പിന്തുണയ്ക്കുന്ന നയം ‘ഇംപാക്ടി’നുണ്ടായിരുന്നില്ല. അതുകൊണ്ട് ലണ്ടൻ മുസ്‌ലിംകൾക്കിടയിൽ രണ്ടു ഗ്രൂപ്പുകൾ തന്നെ രൂപപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ‘ക്രസന്റ്’ പിന്നെ ഓൺലൈനിലേക്കു മാറി.

സ്ട്രൗഡ്ഗ്രീന് റോഡിലെ ‘ഇംപാക്ട്’ ഓഫീസ് ഒരു ബുദ്ധിജീവിയായ പത്രപ്രവർത്തകനു ചേർന്ന വിധമായിരുന്നു. മേശമേലും അലമാരയിലും നിലത്തും ജനാലപ്പടിയിലും പത്രമാസികകളും ക്ലിപ്പിങ് ഫയലുകളും. ഫാറൂഖി തന്റെ ട്രേഡ്മാർക്ക് ജാക്കറ്റും ധരിച്ചാണിരിക്കുക.

ഇറാനെപ്പറ്റി മാത്രമല്ല ഇന്ത്യയെപ്പറ്റിയുമുള്ള ഫാറൂഖിയുടെ പ്രവചനങ്ങൾ വലിയ മാറ്റമൊന്നുമില്ലാതെ പുലരുന്നതാണ് പിന്നീട് നാം കാണുന്നത്. ഇമാം ഖുമൈനിയുടെ മുസ്‌ലിം ലോകത്തെക്കുറിച്ച കുറേക്കൂടി ഉദാരമായ സമീപനമുപേക്ഷിച്ച് ഇറാൻ ശിയാ മുസ്‌ലിംകളുടെ രക്ഷകരായി മാറി. ഇന്ത്യയാവട്ടെ ഹിന്ദുത്വ വലതുപക്ഷത്തിന്റെ നിയന്ത്രണത്തിൽ വംശഹത്യയുടെ പലതരം പരീക്ഷണങ്ങളിൽ മുഴുകുന്നു.

80കളുടെ ആദ്യത്തിൽ സ്ഥാപിച്ച സൗഹൃദം പിന്നീട് കത്തുകളിലൂടെയും ഐഎസ്ഡിയിലൂടെയും അവസാനം ഇമെയിലിലൂടെയും തുടർന്നു. ഇടയ്ക്കിടെ ഇന്ത്യനവസ്ഥയെക്കുറിച്ചു സൂക്ഷ്മമായ അന്വേഷണം, മുസ്‌ലിം ഇന്ത്യയെക്കുറിച്ച ഉല്ക്കണ്ഠ എല്ലാമുണ്ടാവും. ഓൺലൈൻ പ്രസിദ്ധീകരണമെന്ന നിലയിൽ ‘ഇംപാക്ട്’ തുടർന്നുവെങ്കിലും വിശദാംശങ്ങളിൽ ശ്രദ്ധിക്കാൻ ബുദ്ധിമുട്ടിയതോടെ അതു നിലച്ചു.

By പ്രൊഫ. പി. കോയ

Managing Editor, Thejas Daily Coordinator IOS Centre for Gender Studies,Calicut