ദില്ലീനാമ: ദില്ലിയുടെ പ്രതാപകാല വായന

ഇന്ത്യയിലെ മുസ്‌ലിം അവശേഷിപ്പുകളിൽ പെരുപ്പവും ബാഹുല്യവും കൊണ്ട് ചരിത്രത്തെ വിസ്മയിപ്പിച്ച പ്രദേശമാണ് ഇന്നത്തെ ദില്ലീ നഗരം. പഠനാവശ്യാർത്ഥം ദില്ലിയിൽ വന്നതിന് ശേഷം കൂടുതൽ അമ്പരപ്പിച്ചതും ആകർഷണീയത തോന്നിയതും മുസ്‌ലിം ഭരണകാലത്തെ അവശേഷിപ്പുകളായിരുന്നു. ദില്ലിയിലെ മുസ്‌ലിം കാലഘട്ടത്തെ അടുത്തറിയാനുള്ള എൻ്റെ അന്വേഷണങ്ങളുടെ ആകെത്തുകയാണ് ‘ദില്ലീനാമ’ എന്ന പുസ്തകം. കണ്ടുശീലിച്ച വഴികളും പടവുകളും കടന്ന് ദില്ലിയെന്ന മഹാനഗരത്തിൻ്റെ ഉള്ളുകളിലേക്ക് ഇറങ്ങിചെല്ലാൻ എന്നെ പ്രേരിപ്പിച്ചത് മുസ്‌ലിം ഭരണകാലത്തെ ചരിത്രവായനകളാണ്.

ദില്ലിയെന്ന് പറഞ്ഞാൽ കുതുബ് മിനാറും ചെങ്കോട്ടയും ജമാ മസ്ജിദും മാത്രമല്ലെന്നും അതിനോട് കിടപിടിക്കുന്നതും അതിനേക്കാൾ വിലമതിക്കപ്പെടേണ്ടതുമായ ചിലതെല്ലാം ഇനിയും ദില്ലിയിലുണ്ടെന്നുമുള്ള ബോധ്യത്തിലേക്ക് നയിച്ചത് എൻ്റെ യാത്രകളായിരുന്നു. കണ്ണും ഹൃദയവും തുറന്ന് വെച്ച് നടത്തുന്ന യാത്രകളാണ് യഥാർത്ഥ പ്രതിഭാശാലികളെ സൃഷ്ടിക്കുന്നതെന്ന് പറഞ്ഞുവെച്ചവർ ലോകത്ത് നിരവധിയാണ്. ദില്ലിയിലെ ആദ്യ യാത്രകൾ എന്നെ സംബന്ധിച്ചിടത്തോളം കേവല നേരംപോക്കുകളായിരുന്നു. ആ നേരംപോക്കുകളെ പലപ്പോഴായി കുറിച്ചിടാൻ ഞാൻ നടത്തിയ ചെറിയ ശ്രമങ്ങളാണ് ദില്ലീനാമ എന്ന പുസ്തകത്തിൻ്റെ പിറവിയിലേക്ക് നയിച്ചത്. ഇസ്ലാം ഓൺ ലൈവ്, പ്രബോധനം, ആരാമം, ദ പിൻ, തുടങ്ങിയ ഓൺലൈൻ മാഗസിനുകളിലൂടെ പാകപ്പെട്ട ഫലമായി ‘ദില്ലീനാമ’ മാറുകയായിരുന്നു.

ഇസ്‌ലാമിക കലകളിലെ പ്രധാന ഇനമായ കലിഗ്രഫിയോടുള്ള വ്യക്തിപരമായ പ്രണയത്തെ കൂടുതൽ ആഴത്തിൽ മനസിലാക്കാനുമുള്ള അവസരങ്ങൾ ദില്ലി നഗരം എനിക്ക് സമ്മാനിച്ചിരുന്നു. അറബിക് കലിഗ്രഫിയിലെ വ്യത്യസ്ത മേഖലകളെ പ്രതിനിധീകരിച്ച ദേശീയ അവാർഡ് ജേതാക്കളുമായി ആശയങ്ങൾ പങ്കുവെച്ചപ്പോഴുണ്ടായ അനുഭവങ്ങളും ‘ദില്ലീനാമ’യിൽ അടയാളപ്പെടുത്തുന്നുണ്ട്.

ദില്ലിയിലെ മുസ്‌ലിം കാലത്തെ കൃത്യമായി അടയാളപ്പെടുത്തിയ മലയാള പുസ്തകങ്ങളുടെ അഭാവം എൻ്റെ യാത്രകളുടെ തുടക്കകാലത്ത് ഞാൻ നേരിട്ട പ്രതിസന്ധിയായിരുന്നു. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ്റെ പുസ്തകങ്ങൾ ദില്ലിയുടെ പൊതുമണ്ഡലത്തെ കൃത്യമായി വരച്ചുകാട്ടുന്നുണ്ട്. പക്ഷെ അവയൊന്നും ദില്ലിയുടെ മുസ്‌ലിം ഭരണകാലത്തെ ചരിത്ര വസ്തുതകളിലേക്ക് വിരൽ ചൂണ്ടുന്നവയായിരുന്നില്ല. ഇംഗ്ലീഷ് ഭാഷയിലുള്ളതിനേക്കാൾ ദില്ലിയിലെ മുസ്‌ലിം ഭരണകാലവുമായി ബന്ധപ്പെട്ട ഗഹനമായ ചരിത്രപഠനങ്ങൾ ഇന്ത്യയിൽ എഴുതപ്പെട്ടത് പേർഷ്യൻ, ഉറുദു ഭാഷകളിലാണ്. പിന്നീട് എഴുതപ്പെട്ട ഇംഗ്ലീഷ് ഗ്രന്ഥങ്ങൾ പോലും അവലംബമാക്കിയത് പേർഷ്യൻ, ഉറുദു ഗ്രന്ഥങ്ങളെയാണെന്നതാണ് വസ്തുത. ഉറുദു, പേർഷ്യൻ ഭാഷകൾ സ്വയത്തമാക്കാതെ ദില്ലിയുടെ എന്നല്ല ഇന്ത്യയിലെ തന്നെ പല നഗരങ്ങളുടെയും ആത്മാവിലേക്കിറങ്ങാൻ കഴിയില്ല. അറബി ഭാഷയോട് സാമാന്യം പരിജ്ഞാനമുള്ളത് കൊണ്ടുതന്നെ ഉറുദു ഭാഷയെ അടുത്തറിയാനായിരുന്നു എൻ്റെ ശ്രമങ്ങൾ അധികവും. സർ സയ്യിദ് അഹ്മദ് ഖാൻ്റെ ‘ആസാറു സനാദീദ്’ മുതൽ ഫിറോസ് ഷാ തുഗ്ലക്കിൻ്റെ ചരിത്രം പറയുന്ന ‘താരിഖെ- ഫിറോസ്ഷാഹി’, ‘ഫതാവെ ഫിറോസ് ഷാഹി’യും മൗലാനാ അഖ്‌ലാഖ്‌ ഹുസൈൻ ഖാസിമിയുടെ ‘ദില്ലി കി ബിറാദറിയാൻ’ പോലെയുള്ള ഉറുദു ഗ്രന്ഥങ്ങളും ദില്ലിയിലെ പഴയ മുസ്‌ലിം കാലത്തേക്കുള്ള കൃത്യമായ അടയാളപ്പെടുത്തലുകളായി മനസ്സിലാക്കാൻ സാധിച്ചു. ‘ആസാദി കെ ബാദ് ദഹ്‌ലി മെ ഉറുദു തഹ്ഖീഖ്‌’ എന്ന പുസ്തകം ദില്ലിയിലെ ഉറുദു ഭാഷയുടെ വികാസത്തെ വരച്ചിടുന്നുണ്ട്. മിർസാ ഗാലിബിൻ്റെ പ്രണയിനിയായ ദില്ലിയെക്കുറിച്ചുള്ള കവിതകളും പഠനങ്ങളും ‘ദില്ലീനാമ’യെ വ്യക്തമായി തന്നെ സ്വാധീനിച്ചിട്ടുണ്ട്.

ദില്ലിയിൽ പഠിക്കുന്ന സമയത്ത് തന്നെയാണ് ദില്ലി – ഹരിയാന അതിർത്തി പ്രദേശമായ ഗുരുഗ്രാമിൽ മുസ്‌ലിം മതവിശ്വാസികളുടെ പ്രാർത്ഥന സംഘപരിവാർ സംഘടനകൾ തടസ്സപ്പെടുത്തുന്നു എന്ന വാർത്തകൾ വന്ന് തുടങ്ങിയത്. പിന്നീട് നടന്ന ദില്ലീ കലാപവും ഒരു സമുദായത്തെ ലക്ഷ്യമാക്കിയുള്ള വംശീയ ഉന്മൂലനപദ്ധതിയായിരുന്നു. ദില്ലിയോട് വിട പറയുന്ന അവസാന നാളുകളിലാണ് വിഭജനത്തെ ഓർമിപ്പിക്കും വിധം കൊറോണയുടെ അതിവ്യാപനം സംഭവിക്കുന്നത്. ഇതെല്ലാം ചേർന്ന ദില്ലിയുടെ വർത്തമാന യാഥാർത്ഥ്യങ്ങൾ കൂടി ദില്ലീനാമ വായനക്കാരനുമായി പങ്കുവെക്കുന്നുണ്ട്.

‘ദില്ലീനാമ’ കേവലമൊരു സാഹിത്യ കൃതിയോ ചരിത്രപുസ്തകമോ സഞ്ചാര സാഹിത്യമോ അല്ല. ‘ദില്ലീനാമ’ യെ വായനക്കാരന് ഏത് വിഭാഗത്തിൽ വേണമെങ്കിലും ഉൾപ്പെടുത്താം; കാരണം അതിൽ ചരിത്രവും കലയും യാത്രകളും അനുഭവങ്ങളും അഭിമുഖങ്ങളും കണ്ടെത്തലുകളുമുണ്ട്. പലരാലും തിരസ്കരിക്കപ്പെട്ട ഒരു ജനതയുടെ ഭൂതകാല യാഥാർത്ഥ്യങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ ഞാൻ നടത്തിയ പഠന-ഗവേഷണങ്ങളുടെ സമാഹരണമായി ഈ പുസ്തകത്തെ മനസിലാക്കാം. ഒരു രാജ്യത്ത് പൈതൃകങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് മതങ്ങളെ വിലയിരുത്തിയാവരുതെന്നും എല്ലാവരും ഈ മണ്ണിൻ്റെ അവകാശികളാണെന്നുമുള്ള വലിയ സന്ദേശത്തെ ഉയർത്തിപ്പിടിക്കുന്നുണ്ട് ‘ദില്ലീനാമ’. ഇന്ത്യയുടെ ഹൃദയമാണ് ദില്ലി. ആ ഹൃദയത്തിൽ എല്ലാവർക്കും സ്ഥാനമുണ്ട്.

മലയാളക്കര കേട്ടു ശീലിച്ച പുസ്തകങ്ങളുടെ പേരുകളിൽ നിന്ന് വ്യത്യസ്തമായ പേര് പുസ്തകത്തിന് വേണമെന്നുള്ള ആലോചനയിൽ നിന്നാണ് ‘ദില്ലീനാമ’ എന്ന പേരിലേക്ക് എത്തിച്ചേരുന്നത്. കവർ പേജ് ഡിസൈൻ ചെയ്തപ്പോഴും ഞാൻ ശ്രദ്ധിച്ചത് ഒരു പുതുമുയുള്ള അനുഭവം വായനക്കാരന് നൽകുക എന്നതായിരുന്നു.

പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം കൊച്ചി മുസിരിസ് ബിനാലെ കോ-ഫൗണ്ടർ റിയാസ് കോമുവും പുസ്തക പ്രകാശനം ബഹുമാന്യനായ എം.പി ഇ.ടി. മുഹമ്മദ് ബഷീറുമാണ് നിർവ്വഹിച്ചത്. കോഴിക്കോട് കൂര ബുക്ക്സാണ് പ്രസാധകർ.

ചിത്രങ്ങൾ: ഷഹാൻ അബ്ദുസമദ്

By സബാഹ് ആലുവ

Author