ഹിന്ദുത്വ ഡീൽ 2.0: ഓൺലൈൻ അതിക്രമത്തിനെതിരെ മുസ്‌ലിം സ്ത്രീകൾ

ഓണ്‍ലൈന്‍ ആപ്പ് ഡെവലപ്‌മെന്റ് പോര്‍ട്ടലായ ഗിറ്റ്ഹബില്‍ പൊതുരംഗത്ത് സജീവരായ മുസ്‌ലിം സ്ത്രീകളെ ലേലത്തിനു വെച്ചു കൊണ്ട് ‘സുള്ളി ഡീല്‍സ്; എന്ന പേരില്‍ ഒരു ആപ്ലിക്കേഷന്‍ പ്രത്യക്ഷപ്പെട്ടത് ഒട്ടേറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും ആ ഉള്ളടക്കം നീക്കം ചെയ്യുകയും ചെയ്തിരുന്നു. കുറ്റവാളികള്‍ക്കെതിരെ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ‘ബുള്ളി ബായ്’ എന്ന പേരില്‍ നജീബിന്റെ ഉമ്മ ഫാത്തിമ നഫീസും മലാല യൂസുഫ് സായിയും വരെ അടങ്ങുന്ന നൂറോളം മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകളും പേരുവിവരങ്ങളും അടക്കം വീണ്ടും ഡീൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഹിന്ദുത്വ ഭീകരരുടെ ഈ സൈബര്‍ ആക്രമണത്തിനെതിരെ ഇരകളാക്കപ്പെട്ടവര്‍ പ്രതികരിക്കുന്നു.

സുള്ളി ഡീൽസിന് ശേഷം ഇപ്പോൾ മറ്റൊന്ന്. ബുള്ളി ഭായി! ഗിറ്റ്ഹബ് പ്ലാറ്റ്ഫോം ഉപയോഗിച്ച് തന്നെയാണ് ഇതും ഉണ്ടാക്കിയിരിക്കുന്നത്. സുള്ളി ഡീൽസിനെതിരെ പരാതി കൊടുത്തിട്ടും നടപടി എടുക്കാത്ത പോലീസും തുടർന്നുകൊണ്ടിരിക്കുന്ന ഈ വിദ്വേഷ അതിക്രമത്തിന്റെ കാരണക്കാർ ആണ്. മുസ്‌ലിം സ്ത്രീകളുടെ പൊതുജീവിതം തന്നെ തടസ്സപ്പെടുത്താം എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ എന്ന കാര്യത്തിൽ സംശയമില്ല. സുള്ളി ഡീൽസിൽ വില്പനക്ക് വെക്കപ്പെട്ട പലരോടും സംസാരിച്ചപ്പോൾ, അതിന് ശേഷമുള്ള അവരുടെ പൊതുജീവിതം ദുസ്സഹമായിരുന്നു എന്ന് പങ്കുവെച്ചിരുന്നു. കാരണം മുസ്‌ലിം വിദ്വേഷം മാത്രം അജണ്ടയാക്കി ജീവിക്കുന്ന ആയിരക്കണക്കിന് സംഘപരിവാറുകാരുടെ വിരൽതുമ്പിലേക്കാണല്ലോ വില്പനക്ക് വെക്കപ്പെട്ടവരായി മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകളും വിശദവിവരങ്ങളും എത്തിച്ചേർന്നത്. സ്വഭാവികമാണ് ആ പ്രതിസന്ധി. ഹിന്ദു ആൾക്കൂട്ടങ്ങൾ നടത്തുന്ന കൊലപാതങ്ങൾ പോലെ ഇതും നോർമലൈസ് ചെയ്യപ്പെടുമെന്നതിൽ ഒരു സംശയവും വേണ്ട.
ലദീദ ഫർസാന (പൗരത്വ സമര നേതാവ്‌)

ഞങ്ങളുടെ വിശ്വാസം അത്രമേല്‍ ശക്തമാണെന്നും ഞങ്ങളതില്‍ ആത്മാഭിമാനമുള്ളവരാണെന്നും ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിനു നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്കെതിരെ ഞങ്ങള്‍ നിശബ്ദരാവില്ലയെന്നും അവര്‍ക്കറിയുന്നതു കൊണ്ടാണ് ഞങ്ങള്‍ ടാര്‍ജറ്റ് ചെയ്യപ്പെടുന്നത്. ഞങ്ങളുടെ ചരിത്രമോ അസ്തിത്വമോ പറിച്ചുമാറ്റാന്‍ അവര്‍ക്കാവില്ല. അവരുടെ വായടപ്പിക്കാനുള്ള ശേഷി ഞങ്ങള്‍ക്കുണ്ടെന്നതാണ് അവരുടെ ഭയം. ഞങ്ങളുടെ ശബ്ദം അവരുടെ കര്‍ണപടങ്ങളെ പിച്ചിച്ചീന്തുന്നുണ്ടാവണം. ഇത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം എന്നതു മാത്രമല്ല, ഇത് മുസ്‌ലിം സ്ത്രീകള്‍ക്കെതിയുള്ള അതിക്രമമാണ്, ലൈംഗികവസ്തുവാക്കലും ലേലത്തിനു വെക്കലുമാണ്. ഞങ്ങളുടെ അസ്തിത്വത്തെ കേന്ദ്രസ്ഥാനത്തു നിര്‍ത്തിയല്ലാതെ ഈ ആക്രമണങ്ങളെ മനസിലാക്കാന്‍ കഴിയില്ല.
ആർഷി ഖുറേഷി (പത്രപ്രവർത്തക)
(Extract from the article in Maktoob)

ബുള്ളി ഡീല്‍സിനെക്കുറിച്ച് എന്തെങ്കിലുമെഴുതാനുള്ള കരുത്ത് സംഭരിക്കുകയായിരുന്നു ഞാന്‍. കഴിഞ്ഞ വര്‍ഷത്തെ സുള്ളി ഡീല്‍സിന്റെ ആഘാതത്തില്‍ നിന്നും കരകയറിയെന്നു കുരുതുമ്പോഴാണ് പുതുവര്‍ഷ സമ്മാനമായി പുതിയ കോലത്തില്‍ ഇതെന്നെ വേട്ടയാടാനെത്തിയത്. (ഒപ്പം നൂറോളം മറ്റു മുസ്‌ലിം സ്ത്രീകളെയും)

പുതുവര്‍ഷത്തിലെ ആദ്യനാളില്‍ മറ്റുള്ളവരെല്ലാം പാര്‍ട്ടിയും ആഹ്ലാദത്തിമിര്‍പ്പുമൊക്കെയായി ഇരിക്കുമ്പോള്‍ ഞങ്ങള്‍ ഇന്ത്യയില്‍ അനുഭവിക്കുന്നത് ഇതാണ്. എല്ലാവര്‍ക്കും ആഹ്ലാദിക്കാന്‍ അവകാശമുണ്ട്, ശരി തന്നെ. പക്ഷേ അക്രമിക്കപ്പെടാനും അപമാനിതരാക്കപ്പെടാനും വില്‍പ്പനച്ചരക്കാക്കപ്പെടാനും ആരും അര്‍ഹരല്ല.

ഞങ്ങള്‍ കുറച്ചെങ്കിലും പൊതുജനശ്രദ്ധയും ശക്തമായ നടപടികളും അര്‍ഹിക്കുന്നുണ്ട്. നിങ്ങളുടെ ജീവന്‍ഹനിക്കപ്പെടാത്ത അക്രമണങ്ങള്‍ നിങ്ങളെ കൂടുതല്‍ കരുത്തരാക്കും എന്നാണവര്‍ പറയുന്നത്, എന്റെ വിശ്വാസം മറ്റൊന്നാണ്. ഞങ്ങളെ കൊല്ലാന്‍ കഴിയാത്തവയ്ക്ക് ഞങ്ങളെ ജീവിതകാലം മുഴുവന്‍ മാനസികാഘാതത്തില്‍ തളച്ചിടാനാവും..

ഞങ്ങള്‍ തിരിച്ചടിക്കില്ല എന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. വര്‍ധിത വീര്യത്തോടെ തിരിച്ചടിക്കും, സംശയമില്ല. കാരണം ഞങ്ങള്‍ക്ക് മറ്റുപായങ്ങളില്ല എന്നതുതന്നെ. അല്ലാതെ മറ്റുള്ളവരെക്കാള്‍ സ്വതവേ കരുത്തരായതു കൊണ്ടോ സൂപ്പര്‍പവറുള്ളതു കൊണ്ടോ ഒന്നുമല്ല.

കാലങ്ങളെടുത്താലും ശരി ഞങ്ങളീ പോരാട്ടം അതിന്റെ ഒടുക്കത്തിലെത്തിക്കും. പോരാടാതിരിക്കുക എന്നൊരു ഒപ്ഷന്‍ ഞങ്ങള്‍ക്കില്ല. ആ ലിസ്റ്റില്‍ പേരു വന്ന മുഴുവന്‍ മുസ്‌ലിം സ്ത്രീകളോടും എനിക്കു പറയാനുള്ളത്, തളര്‍ച്ചയും ബലഹീനതയും തോന്നല്‍ സ്വാഭാവികം മാത്രമാണ് എന്നാണ്.

അത് നിങ്ങളുടെ തെറ്റല്ല. തിരിച്ചു വരൂ, തിരിച്ചടിക്കൂ; നിങ്ങള്‍ക്ക് കരുത്ത് വീണ്ടുകിട്ടിയെന്നു തോന്നുന്ന നിമിഷം. അതിനു മൂകസാക്ഷികളായവരെയും നോര്‍മലൈസ് ചെയ്യുന്നവരെയും തലകുനിച്ചു നിര്‍ത്താന്‍ മറക്കരുത്. നിങ്ങളാരൊക്കെയെന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ഈ കുറ്റങ്ങള്‍ക്കും കുറ്റകരമായ മൗനങ്ങള്‍ക്കും ഞങ്ങള്‍ പകരം ചോദിച്ചിരിക്കും.
നാബിയ ഖാൻ (കവി, ആക്ടിവിസ്റ്റ്)

മുസ്‌ലിം സ്ത്രീയെ ഹിന്ദു പുരുഷന്‍ ഓണ്‍ലൈനില്‍ വീണ്ടും ആക്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരിക്കുന്നു. ഹിന്ദു പുരുഷന്‍മാരാണ് ഇതിലെ കുറ്റവാളികളെന്നോര്‍ക്കുക; നമ്മള്‍ മുസ്‌ലിം സ്ത്രീകളായതിനാല്‍ മാത്രമാണ് ഈ അക്രമം നേരിടേണ്ടി വരുന്നതും. എനിക്ക് അങ്ങേയറ്റത്തെ മടുപ്പും ദേഷ്യവുമാണ് തോന്നുന്നത്.

മുസ്‌ലിംകളെ നിലയ്ക്കു നിര്‍ത്തുന്നതിനു വേണ്ടി അക്രമിക്കാന്‍ പാകത്തിലുള്ള ലൈംഗിക വസ്തുക്കളായാണ് ഈ ആണുങ്ങള്‍ ഞങ്ങളെ കാണുന്നത്. അവര്‍ മറഞ്ഞിരിക്കുന്നവരൊന്നുമല്ല. അവര്‍ മെട്രോയിലും ബസിലുമെല്ലാം നമ്മളോടൊപ്പം യാത്ര ചെയ്യുന്നവരാണ്. ചിലപ്പോ നമ്മുടെ അയല്‍വാസികളുമായിരിക്കാം അവര്‍. ഈ തീവ്രചിന്തയുള്ള കൂട്ടര്‍ ചെയ്തുകൂട്ടുന്നതിന് പരിധിയില്ല. അവര്‍ക്കൊന്നും സംഭവിക്കില്ല എന്നവര്‍ക്ക് കൃത്യമായറിയുന്നത് കൊണ്ടാണിത്. അവര്‍ യാതൊരു പ്രത്യാഘാതങ്ങളും നേരിടേണ്ടി വരില്ല.

അതുകൊണ്ട് അഭിനന്ദങ്ങള്‍! നിങ്ങളുടെ ഹിന്ദു രാഷ്ട്രത്തിന്റെ പണി വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. ഞങ്ങളെ ഈ നിലയിലേക്കെത്തിച്ച നിങ്ങളോരോരുത്തരും ഞാന്‍ കണക്കു ചോദിക്കും, ഈ വിദ്വേഷത്തിനും അശ്ലീലതയ്ക്കുമെല്ലാം ഉത്തരവാദി നിങ്ങളാണ്.
അഫ്രീൻ ഫാത്തിമ (ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ദേശീയ സമിതിയംഗം)

മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ദുരുപയോഗം ചെയ്യപ്പെട്ടതിനെക്കുറിച്ചും ആ സ്ത്രീകള്‍ക്ക് അതുകാരണം വേട്ടയാടപ്പെട്ടതും അപമാനിക്കപ്പെട്ടതുമായ അനുഭവമുണ്ടായതിനെക്കുറിച്ചും കഴിഞ്ഞ വര്‍ഷം ഞാന്‍ ഒരു ലേഖനം എഴുതിയിരുന്നു. ഇന്നിതാ ഒരു വര്‍ഷത്തിനിപ്പുറം ബുള്ളി ഡീല്‍സെന്ന പേരില്‍ എന്റെ ഫോട്ടോയും മറ്റു മുസ്‌ലിം സ്ത്രീകളോടൊപ്പം കാണുന്നു. ഇതെന്നെ തെല്ലൊന്നുമല്ല രോഷാകുലയാക്കുന്നത്.

എനിക്ക് തളര്‍ച്ചയല്ല അമര്‍ഷമാണ് തോന്നുന്നത്. ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങളിലൂടെ നിശബ്ദയാക്കാവുന്ന ഒരാളല്ല ഞാന്‍. ഇത്തരം വിഷയങ്ങള്‍ ഞാന്‍ ഇനിയും ഉയര്‍ത്തും. വീണ്ടും വേട്ടയാടപ്പെട്ട എല്ലാ സ്ത്രീകള്‍ക്കും എന്റെ എല്ലാ ഐക്യദാര്‍ഢ്യവും. നിങ്ങള്‍ കരുത്തരാണ്.
ഖുറതുൽ ഐൻ റെഹ്ബർ (പത്രപ്രവർത്തക)

സുള്ളി ഡീല്‍സിന്റെ സമയത്ത് ഞങ്ങള്‍ അനുഭവിച്ച മുഴുവന്‍ നടുക്കവും വീണ്ടുമിതാ തിരിച്ചെത്തിയിരിക്കുന്നു. ഇതിന്റെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടില്ലയെന്നു തിരിച്ചറിയുന്നത് അതിലും വേദനയുണ്ടാക്കുന്ന കാര്യമാണ്.

എനിക്കു വേണമെങ്കില്‍ കരയാം, സോഷ്യല്‍ മീഡിയയില്‍ നിന്നും പുറത്തുപോകാം, എന്തു സംഭവിക്കുന്നുവെന്നും ഞങ്ങള്‍ക്കെന്തു സംഭവിച്ചെന്നുമുള്ളതിനെക്കുറിച്ചെല്ലാം നിസ്സംഗയാവാം. പക്ഷെ പിന്‍മാറാന്‍ എനിക്കുദ്ദേശമില്ല, സ്‌ക്രീനുകള്‍ക്ക് പിന്നിലിരിക്കുന്ന ചില ഭീരുക്കള്‍ക്ക് എന്നെ അങ്ങനെ എളുപ്പത്തില്‍ ഭയപ്പെടുത്താന്‍ കഴിയില്ല.
അഫ്രീൻ ഫാത്തിമ അലി (സാമൂഹ്യപ്രവർത്തക)

SulliDeals പോലെ തന്നെ അരോചകമായ #BulliDeals-ൽ എന്റേതുൾപ്പെടെ നിരവധി മുസ്ലീം സ്ത്രീകളുടെ പേരുകളുണ്ട്. നജീബിന്റെ ഉമ്മയെ പോലും വെറുതെ വിട്ടില്ല. ഇത് ഇന്ത്യയുടെ തകർന്ന നീതിന്യായ വ്യവസ്ഥയുടെ, തകർന്ന ക്രമസമാധാന വ്യവസ്ഥയുടെ പ്രതിഫലനമാണ്. സ്ത്രീകൾക്ക് ഏറ്റവും അരക്ഷിതമായ രാജ്യമായി നാം മാറുകയാണോ?
സായേമ (റേഡിയോ അവതാരിക)

By Editor