മഹല്ലുകള്‍ എന്നത് ഇസ്‌ലാമിക ചരിത്രവും പാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു സാമൂഹ്യസംവിധാനമാണ്. മാനവികതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്‌ലാം അടിമുടി സാമൂഹ്യതയിലധിഷ്ഠിതമാണ്. ഇസ്‌ലാമിലെ നിര്‍ബന്ധ അനുഷ്ഠാനങ്ങളായ നമസ്‌കാരം, വ്രതം, സകാത്ത്, ഹജ്ജ് തുടങ്ങിയവ ഉള്‍പ്പടെ പലതും സംഘടിതമായിട്ടാണ് (ജമാഅത്ത്) നിര്‍വഹിക്കേണ്ടത്. മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് സാമൂഹ്യജീവിയായാണ്. പാരസ്പര്യത്തിലും കൂട്ടായ്മയിലുമധിഷ്ഠിതമായി മാത്രമേ മനുഷ്യന് നല്ലൊരു ജീവിതം നയിക്കാനാവുകയുള്ളൂ. ഒറ്റക്ക് സ്വന്തമായി നമസ്‌കരിക്കേണ്ടിവരുമ്പോള്‍ പോലും ”നിനക്ക് മാത്രം ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു; നിന്നോട് മാത്രം ഞങ്ങള്‍ സഹായമര്‍ത്ഥിക്കുന്നു; നീ ഞങ്ങളെ നേരായ വഴിയില്‍ വഴി നടത്തേണമേ!” എന്നാണ് പതിവായി ആവര്‍ത്തിച്ചാവര്‍ത്തിച്ച് അല്ലാഹുവിനോട് തേടുന്നത്. ഞാന്‍ ഒറ്റക്ക് നമസ്‌ക്കരിക്കുമ്പോഴും ”ഞങ്ങള്‍” എന്ന ബഹുവചനക്രിയ നിഷ്ഠാപൂര്‍വം സദാ ഉപയോഗിക്കുന്നവരില്‍ ഗാഢവും ദൃഢവുമായ സാമൂഹ്യബോധം ഉണ്ടായേ തീരൂ! നമസ്‌കാരത്തിന്റെ ഒടുവിലെ തശഹ്ഹുദില്‍ (ഇരുത്തം) ”അസ്സലാമു അലൈനാ വഅലാ ഇബാദില്ലാഹിസ്സ്വാലിഹീന്‍” നമ്മുടെ മേലും സകല സജ്ജനങ്ങളുടെ മേലും അല്ലാഹുവിന്റെ സമാധാനം ധാരാളമായുണ്ടാകുമാറാകേണമേ!) എന്ന് ഉടയതമ്പുരാനോട് താണുകേണ് അപേക്ഷിക്കുന്ന പതിവ് സാമൂഹ്യബോധവും പരസ്പര ഗുണകാംക്ഷയും ഊട്ടിഉറപ്പിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ നമ്മുടെ അനുഷ്ഠാനങ്ങള്‍ അര്‍ത്ഥശൂന്യമായിത്തീരും.
അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) പരിശുദ്ധ ഇസ്‌ലാമിനെ സമഗ്ര-സമ്പൂര്‍ണ ഘടനയില്‍ സാര്‍വകാലിക പ്രസക്തിയോടെ സംസ്ഥാപിച്ചപ്പോള്‍ അതൊരു ഭരണവ്യവസ്ഥയും സാമൂഹ്യ സംവിധാനവും നല്ലൊരു നാഗരികതയും കൂടിയായിരുന്നു. പന്ത്രണ്ട് നൂറ്റാണ്ടിലേറെക്കാലം അത് ഏറെക്കുറെ നിലനില്‍ക്കുകയും ചെയ്തു. നബി(സ) സ്ഥാപിച്ച സാമൂഹ്യക്രമത്തിന്റെ (ഖിലാഫത്തിന്റെ) തിരുശേഷിപ്പുകളാണ് ഒരര്‍ത്ഥത്തില്‍ ഇന്നത്തെ നമ്മുടെ മഹല്ല് സംവിധാനം. ഈ മഹല്ല് സംവിധാനത്തെ ആ അര്‍ത്ഥത്തില്‍ പാവനതയോടെയാണ് മുസ്‌ലിംകള്‍ കാണേണ്ടത്. ആ തിരുശേഷിപ്പുകളെ കളഞ്ഞുകുളിക്കുന്നതിനുപകരം പോഷിപ്പിച്ചു വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. മുസ്‌ലിംകളുടെ പരസ്പരബന്ധങ്ങള്‍, വിവാഹം, വിവാഹമോചനം, കുടുംബപ്രശ്‌നങ്ങള്‍, തര്‍ക്കപരിഹാരം, ജമാഅത്ത് നമസ്‌കാരം, ജുമുഅഃ, സകാത്ത്, മയ്യിത്ത് പരിപാലനം ഖബറിസ്ഥാന്‍, വിദ്യാഭ്യാസം, പരസ്പര സഹായപദ്ധതികള്‍ തുടങ്ങി പല കാര്യങ്ങളും മഹല്ല് സംവിധാനവുമായി ബന്ധപ്പെട്ടാണ് ഒരളവോളമെങ്കിലും നടന്നുവരുന്നത്. മഹല്ലുമായി ബന്ധപ്പെടുത്തി ഇനിയും ഒരുപാട് സംഗതികള്‍ നടത്താവുന്നതുമാണ്. വിശാലമായ കാഴ്ചപ്പാടും സജീവമായ സാമൂഹ്യബോധവും ഐക്യബോധവും ഉണ്ടെങ്കില്‍ മഹല്ല് സംവിധാനങ്ങള്‍ മുസ്‌ലിംകള്‍ക്ക് മാത്രമല്ല ഇതര സമൂഹങ്ങള്‍ക്ക്‌വരെ വളരെ ഉപകാരപ്രദമായിരിത്തീരും.മുസ്‌ലിം മഹല്ലുകളില്‍ ജീവിക്കുന്ന അമുസ്‌ലിം സഹോദരങ്ങള്‍ക്ക് ഇസ്‌ലാമിന്റെ സൗന്ദര്യവും സൗരഭ്യവും അനുഭവിച്ചറിയാന്‍ സാധിക്കേണ്ടതുണ്ട്. എങ്കില്‍ ഇസ്‌ലാമിനെ സംബന്ധിച്ച ഒരുപാട് തെറ്റിദ്ധാരണകള്‍ നീങ്ങാനും സമുദായസൗഹാര്‍ദ്ദം വളരാനും ഇസ്‌ലാമിന്റെ നന്മകള്‍ പരക്കാനും അത് സഹായകമാകും.
ജുമുഅത്ത് പള്ളികള്‍ കേന്ദ്രീകരിച്ചാണ് മിക്കാവാറും മഹല്ലുകള്‍ രൂപംകൊള്ളുന്നത്. പള്ളികള്‍ കേവലം ആരാധനാലയങ്ങള്‍ മാത്രമല്ല; മറിച്ച് സാമൂഹ്യ സാംസ്‌കാരിക കേന്ദ്രം കൂടിയാണ്.
പള്ളികള്‍ (മസ്ജിദുകള്‍) മക്കയിലെ കഅ്ബാലയത്തിലേക്ക് അഭിമുഖമായാണുള്ളത്; ‘ഖിബ്‌ല’യെന്നത് ആഗോള മുസ്‌ലിംകളെ ഏകീകരിക്കുന്ന ഒരു പാവനകേന്ദ്രമാണ്. ലോകത്തുള്ള സകല മസ്ജിദുകളും മക്കയിലെ മസ്ജിദുല്‍ ഹറാമിന്റെ ശാഖകള്‍ പോലെയാണെന്ന് വിശേഷിപ്പിച്ചാല്‍ അതു തെറ്റാവില്ല. മക്കയില്‍-മസ്ജിദുല്‍ ഹറാമില്‍- മുസ്‌ലിംകള്‍ എല്ലാവിധ ഭിന്നതകള്‍ക്കുമതീതമായി ഒന്നിക്കുന്നു. ത്വവാഫും (കഅ്ബയെ വലം വെക്കൽ) ത്വവാഫിന്റെ പ്രാരംഭബിന്ദുവായ ഹജറുല്‍ അസ്‌വദുമെല്ലാം ലോകമുസ്‌ലിംകളെ ഏകീകരിക്കുകയും ഉദ്ഗ്രഥിക്കുകയും ചെയ്യുന്നു. ആകയാല്‍ മക്കയിലെ മസ്ജിദുല്‍ ഹറാമിന്റെ ശാഖകളായുള്ള എല്ലാ മസ്ജിദുകളിലും അതു കേന്ദ്രമായുള്ള മഹല്ലുകളിലും മുസ്‌ലിം ഐക്യം ഏറ്റവും നല്ല രീതിയില്‍ സദാ പുലരേണ്ടതുണ്ട്.
മക്കാ പട്ടണം ഇസ്‌ലാം ലോകസമക്ഷം മുന്നോട്ടുവെക്കുന്ന മാതൃകാ പട്ടണം (Model City) കൂടിയാണ്. ഈ മാതൃകാ പട്ടണത്തിന്റെ നഗരപിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന ഇബ്രാഹീം നബി(അ) ജനശൂന്യവും ജലശൂന്യവുമായ ആ സ്ഥലത്ത് തന്റെ കുടുംബത്തെ ആദ്യമായി കുടിയിരുത്തി വിടവാങ്ങുമ്പോള്‍ നടത്തിയ പ്രാര്‍ത്ഥനകളും കഅ്ബാലയത്തിന്റെ നിര്‍മ്മാണാനന്തരം നടത്തിയ പ്രാര്‍ഥനകളും പരിചിന്തനവിധേയമാക്കിയാല്‍ നമ്മുടെ മഹല്ലുകള്‍ക്ക് ഏറെ വെളിച്ചം കിട്ടും.”ഞങ്ങളുടെ നാഥാ! എന്റെ സന്തതികളിലൊരു ഭാഗത്തെ ഇവിടെ, നിന്റെ പരിശുദ്ധ ഭവനത്തിന്റെ ചാരത്ത് ഞാനിതാ കുടിയിരുത്തിയിരിക്കുന്നു. അവര്‍ ഇഖാമത്തുസ്സ്വലാത്ത് നിര്‍വഹിക്കാനാണിങ്ങനെ കൂടിയിരുത്തിയത്. എന്റെ നാഥാ! എന്നെ നീ നമസ്‌കാരം നിലനിറുത്തുന്നവരില്‍ ഉള്‍പ്പെടുത്തേണമേ.! എന്റെ സന്തതി പരമ്പരകളേയും; ഞങ്ങളുടെ റബ്ബേ! ഞങ്ങളുടെ ദുആ നീ സ്വീകരിച്ചംഗീകരിക്കുമാറാകേണമേ! (14:37; 14:40), ”ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക; എന്റെ നാഥാ! നീ ഈ നാടിനെ സുരക്ഷിതവും നിര്‍ഭയവുമാക്കേണമേ! ഈ നാട്ടിലെ നിവാസികളിലെ അല്ലാഹുവിലും പരലോകത്തിലും വിശ്വസിച്ചവര്‍ക്ക് നീ ധാരാളം ഫലവര്‍ഗങ്ങള്‍ ആഹാരമായിട്ടേകേണമേ! അല്ലാഹു പറഞ്ഞു: നിഷേധിച്ചവര്‍ക്കും (നാം വിഭവങ്ങളേകും)” (2:126). “ഇബ്രാഹീം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം ഓര്‍ക്കുക നാഥാ! ഈ നാടിനെ നീ നിര്‍ഭയവും സുരക്ഷിതവുമാക്കേണമേ! എന്നെയും എന്റെ സന്തതികളെയും വിഗ്രഹങ്ങള്‍ക്ക് ഇബാദത്ത് ചെയ്യുന്നതില്‍ നിന്ന് അകറ്റി രക്ഷപ്പെടുത്തേണമേ!” (14:35). മേല്‍ സുക്തങ്ങളില്‍ നിന്ന് ഗ്രഹിക്കാവുന്ന പ്രധാന കാര്യങ്ങള്‍ താഴെ പറയുന്നവയാണ്. ഇബ്രാഹീം നബി(അ) ക്ക് നമസ്‌ക്കരിക്കാന്‍ ഇറാഖിലോ ഫലസ്തീനിലോ മറ്റേതെങ്കിലും ഭൂപ്രദേശത്തോ ഇത്തിരി ഒഴിഞ്ഞ സ്ഥലം കിട്ടാത്തതുകൊണ്ടായിരിക്കില്ല കത്തിക്കാളുന്ന മരുഭൂമിയിലെ മക്ക (ബക്ക)യെന്ന വിജനപ്രദേശം തിരഞ്ഞെടുത്തത്. അദ്ദേഹം തന്റെ നാഥന്റെ ആജ്ഞാനുസൃതമാണ് അവിടെ ചെന്നെത്തുന്നത്. എന്തെങ്കിലും ഭൗതികനേട്ടം പ്രതീക്ഷിച്ചല്ല അങ്ങിനെ ഒരു ത്യാഗം അദ്ദേഹം ചെയ്തത്. അത്തരം ഭൗതികനേട്ടങ്ങൾക്കവിടെ സാധ്യതയുമുണ്ടായിരുന്നില്ല.
അതെ, ഇബ്രാഹീം (അ) തന്റെ പ്രാര്‍ത്ഥനയില്‍ പറഞ്ഞതുപോലെ ഇഖാമത്തുസ്വലാത്ത് അതിന്റെ വിശദാംശങ്ങളോടെ പൂര്‍ണാര്‍ത്ഥത്തില്‍ നടക്കാനാണ്. ആ പ്രഥമദേവാലയം കേന്ദ്രമായി ഒരു മാതൃകാ നാഗരിക കേന്ദ്രവും (മഹല്ല്) ഉത്തമ സമൂഹവും രൂപം കൊള്ളുകയെന്നതാണാ പ്രാര്‍ത്ഥനയുടെ പൊരുള്‍ (മക്ക നമുക്ക് ഖിബ്‌ലയാകുമ്പോള്‍ തന്നെ അത് നമുക്ക് മാതൃകാ നഗരവുമാണ്). കൃത്യമായി ഭക്തിപൂര്‍വം നമസ്‌കരിക്കുക എന്നതു കൊണ്ടുമാത്രം ഇഖാമത്തുസ്വലാത്തിന്റെ വിശദവിവക്ഷ പുലരുകയില്ല. അങ്ങിനെ നമസ്‌കരിക്കല്‍ ഇഖാമത്തുസ്സ്വലാത്തിന്റെ ഒരു ഭാഗമേ ആകുകയുള്ളൂ. കൃത്യമായും സംഘടിതമായും നമസ്‌കരിക്കണം; അത് എക്കാലവും ചൈതന്യപൂര്‍വം തുടരുകയും വേണം. അതിന്ന് പള്ളികള്‍ ഉണ്ടാവണം; പ്രസ്തുത പള്ളികള്‍ സുരക്ഷിതമായി നിലനില്‍ക്കണം; ഭാവിതലമുറകള്‍ നിഷ്ഠയോടെ ഭക്തിയോടെ നമസ്‌കരിക്കുന്നവരായിത്തീരാന്‍ ഉചിതരീതിയിലുള്ള, വിദ്യാലയങ്ങള്‍ ഉണ്ടാവണം. ഇതൊക്കെ കാര്യക്ഷമമായി പരിപാലിക്കപ്പെടണം. നമസ്‌കാരത്തിലൂടെ കരഗതമാകുന്ന ബഹുവിധ നന്മകള്‍ കൈമോശം വരാതെ നിലനിറുത്താനും വികസിപ്പിക്കാനുമാവശ്യമായ കുടുംബാന്തരീക്ഷവും സാമൂഹ്യാന്തരീക്ഷവും ഉണ്ടാക്കിയെടുക്കണം. അതിനാവശ്യമായ ക്രമീകരണങ്ങളും പലവിധ പ്രവര്‍ത്തനങ്ങളും നടക്കണം. നമസ്‌കാരാദികര്‍മ്മങ്ങളിലൂടെ സംജാതമാകുന്ന കുടുംബാന്തരീക്ഷവും സാമൂഹ്യാന്തരീക്ഷവും തകര്‍ക്കുന്ന ദുഷ്പ്രവണതകളെ ഫലപ്രദമായി ചെറുക്കണം. ഇതൊക്കെ ഒറ്റക്ക് നിര്‍വഹിക്കാനാവില്ല. കൂട്ടായി ഒത്തൊരുമിച്ച് നിര്‍വഹിക്കണം. അപ്പോള്‍ വ്യവസ്ഥാപിതമായ ഒരു സാമൂഹ്യസംവിധാനം ഉണ്ടാവണം, അതു ജനകീയവുമാകണം. സമ്പൂര്‍ണ ഇസ്‌ലാമിക ഭരണവ്യവസ്ഥ (ഖിലാഫത്ത്)യുടെ അഭാവത്തില്‍ ഇത് വളരെ അത്യാവശ്യവുമാണ്. മഹല്ല് സംവിധാനം ആ അര്‍ത്ഥത്തിലാണ് ഏറെ പ്രസക്തമാകുന്നത്.നമസ്‌കാരത്തിന് കല്‍പ്പിച്ചപ്പോള്‍ ഖുര്‍ആന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചുപയോഗിച്ച ഭാഷാ ശൈലി ”അഖീമൂസ്സ്വലാത്ത’‘ എന്നാണ് നമസ്‌കരിക്കുവിന്‍ എന്ന് പറയാന്‍ ”സ്വല്ലൂ” എന്ന് പറഞ്ഞാല്‍ മതിയാവുന്നതാണ്. നബിവചനങ്ങളില്‍ അത്തരം പ്രയോഗമുണ്ടുതാനും. പക്ഷെ, ഖുര്‍ആന്‍ നമസ്‌കാരം നിലനിർത്തുക, സംസ്ഥാപിക്കുക എന്നിങ്ങനെയാണ് പ്രയോഗിച്ചതെന്നത് ചിന്തനീയമാണ്. ”അഖീമൂദ്ദീന”(42:13), ”അഖീമൂല്‍ വസ്‌ന” (55:9), ”അഖീമൂശ്ശഹാദത്ത” എന്നിങ്ങനെയും ഖുര്‍ആന്‍ പ്രയോഗിച്ചതായി കാണാം. ദീനിന്റെ സമ്പൂര്‍ണ സംസ്ഥാപനം, നീതിയുടെ സംസ്ഥാപനം, സത്യസാക്ഷ്യത്തെ നിലനിറുത്തി സംസ്ഥാപിക്കല്‍ എന്നിങ്ങനെയാണ് പ്രസ്തുത പ്രയോഗങ്ങളുടെ പൊരുള്‍.
ദീനിന്റെ സംസ്ഥാപനവും നീതി, സത്യം തുടങ്ങിയവയുടെ സംസ്ഥാപനവും ഒക്കെ വിശദവും വിശാലവുമാണ്; പരസ്പര ബന്ധിതവുമാണ്. അപ്പോള്‍ നമസ്‌കാരത്തിന്റെ സംസ്ഥാപനവും അങ്ങിനെ തന്നെ. പ്രവാചകന്റെ തിരുവചനം ഇങ്ങിനെയാണ്: ”നമസ്‌കാരം ദീനിന്റെ നെടും തൂണാണ്. ആരതിനെ സംസ്ഥാപിച്ച് നിലനിറുത്തിയോ അവന്‍ ദീനിനെ സംസ്ഥാപിച്ചു നിലനിര്‍ത്തിയിരിക്കുന്നു” (ഹദീസ്). മഹല്ല് പരിപാലകര്‍ ഇക്കാര്യങ്ങള്‍ ഗൗരവപൂര്‍വം തിരിച്ചറിയേണ്ടതുണ്ട്. മഹല്ല് പരിപാലനം ഇഖാമത്തുസ്സ്വലാത്തും, ഇഖാമത്തുദ്ദീനുമാണെന്നത് പ്രസ്തുത കര്‍മ്മത്തിന്റെ മഹത്വവും ഉത്തരവാദിത്തഭാരവും സൂചിപ്പിക്കുന്നു. നമ്മുടെ മഹല്ലുകളില്‍ വിശാലവീക്ഷണവും വിശാലമായ ഐക്യവും ഒരുമയും ഉണ്ടാകുംവിധം കാര്യങ്ങളെ കൈകാര്യം ചെയ്താലേ മഹല്ലിന്റെ ശാക്തീകരണം സുസാദ്ധ്യമാകുകയുള്ളൂ. ശാഖാപരമായ കാര്യങ്ങളിലെ വീക്ഷണവ്യത്യാസങ്ങള്‍ക്കുപരി അടിസ്ഥാനപരമായ കാര്യങ്ങള്‍ നമ്മള്‍ക്കുള്ള ഐക്യമാണ് ഉറപ്പുവരുത്തേണ്ടത്. പൊതുലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഒരുമയും കൂട്ടായ്മയുമാണ് വളര്‍ന്നുവികസിക്കേണ്ടത്.
പല മഹല്ലുകളിലും ധാരാളം വഖഫ് സ്വത്തുക്കളുണ്ട്. ഇത് നമ്മുടെ പൂര്‍വീകര്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് അല്ലാഹുവിന്ന് വേണ്ടി ഉഴിഞ്ഞിട്ടതാണ്. ഇതിന്റെ ഉടമാവകാശം ജഗന്നിയന്താവായ അല്ലാഹുവിന്ന് മാത്രമാണ്. നൂറ്റാണ്ടുകളായി പലപ്പോഴായി ഇങ്ങിനെ ഉണ്ടായിത്തീര്‍ന്ന വഖഫ് സ്വത്തുക്കള്‍ കാലത്തിന്റെ കറക്കത്തില്‍ കൈമോശംവരുകയും അന്യാധീനപ്പെടുകയും കവര്‍ന്നെടുക്കപ്പെടുകയും പാഴായിപ്പോകുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും അങ്ങിനെ സംഭവിക്കുന്നുമുണ്ട്. ഇതിന് പല കാരണങ്ങളുണ്ട്.- ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനവധി വഖഫ് സ്വത്തുക്കള്‍ വിഭജനവും തുടര്‍ന്നുണ്ടായ പ്രശ്‌നസങ്കീര്‍ണതകളും അരക്ഷിതാവസ്ഥയും മൂലം വിനഷ്ടമായിട്ടുണ്ട്. പുരാവസ്തു സംരക്ഷണം ദേശീയ പൈതൃകസംരക്ഷണം, ചരിത്രരേഖകളുടെ സംരക്ഷണം തുടങ്ങിയ പല പേരുകളിലും സര്‍ക്കാര്‍ തന്നെ വഖഫ് സ്വത്തുക്കള്‍ കയ്യടക്കുകയും അതിനെ ദുരുപയോഗം ചെയ്യുകയും ഫലശൂന്യമാക്കുകയും ചെയ്തിട്ടുണ്ട്.- വികസനത്തിന്റെയും മറ്റും മറവില്‍ ധാരാളം വഖഫ് ഭൂമികള്‍ സമുദായത്തിന്ന് നഷ്ഠപ്പെട്ടിട്ടുണ്ട്.- കുടികിടപ്പിലൂടെയും മറ്റും വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. പല നിയമങ്ങളും വഖഫിന് പ്രതികൂലമായി ഭവിച്ചിട്ടുമുണ്ട്.- വഖഫിന്റെ കൈകാര്യകര്‍ത്താക്കളുടെ വിക്രിയകള്‍, കെടുകാര്യസ്ഥത, അശ്രദ്ധ തുടങ്ങിയവ വഴിയും വഖഫ് സംരക്ഷിക്കപ്പെടാതെ പാഴായിപ്പോയിട്ടുണ്ട്. സമുദായത്തിന്റെ അനൈക്യം മൂലവും ധാരാളം വഖഫ് പാഴായിപ്പോകുകയോ ഫലശൂന്യമായിത്തീരുകയോ ചെയ്യുന്നുണ്ട്. സമഗ്രവും സുവ്യക്തവുമായ കാഴ്ചപ്പാടി (Vision) ന്റെ അഭാവം ആസൂത്രണമില്ലായ്മ തുടങ്ങിയ കാര്യങ്ങളാലും വഖഫ് പാഴായിപ്പോകുന്നുണ്ട്.
മുസ്‌ലിംകള്‍ സാമൂഹ്യമായും രാഷ്ട്രീയമായും സുസംഘടിതരല്ലാത്തതിനാല്‍ വഖഫ് സംരക്ഷണവും വികസനവും നടക്കാതെ പോകുന്നുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകളുടെ വഖഫ് സ്വത്തുക്കളുടെ പകുതിയിലേറെ ഇതിനകം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ബാക്കിയുള്ളത് തന്നെ പലവിധ ഭീഷണികളെ പലനിലക്കും അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്.
സമുദായത്തിലെ വഖഫ് സ്വത്തുക്കള്‍ ശരിക്കും സംരക്ഷിച്ച് വികസിപ്പിക്കുകയും ആസൂത്രണബുദ്ധ്യാ ദീര്‍ഘദൃഷ്ടിയോടെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങളും ദാരിദ്ര്യവും ഒരളവോളം പരിഹരിക്കാന്‍ സാധിക്കുമെന്നതാണ് വസ്തുത.
അനൈക്യം, ദീര്‍ഘദൃഷ്ടിയില്ലായ്മ തുടങ്ങിയ കാരണത്താല്‍ ഇപ്പോഴും നമ്മുടെ വഖഫ് സ്വത്തുക്കള്‍ ഫലശൂന്യമാവുകയോ വിനഷ്ടമാകുകയോ ചെയ്യുന്നുണ്ട്. വലിയ ഭൂസ്വത്ത് വിറ്റ് പട്ടണങ്ങളില്‍ കെട്ടിടം വാങ്ങി വാടകവരുമാനമുണ്ടാക്കുക തുടങ്ങിയ വിഡ്ഢിത്തങ്ങള്‍ ചിലേടെത്തെങ്കിലും നടക്കുന്നുണ്ട്. കെട്ടിടങ്ങള്‍ക്ക് പരമാവധി കാല്‍ നൂറ്റാണ്ടില്‍ താഴെ മാത്രമേ നിലനില്‍പ്പുള്ളൂ. നഗരവികസന പരിപാടികള്‍ മൂലം പല കെട്ടിടങ്ങള്‍ക്കും വിലയിടിയാനും ചിലപ്പോള്‍ കെട്ടിടം തന്നെ തകരാനും വാടക കിട്ടുന്ന തുകക്ക് വലിയ തോതില്‍ മൂല്യശോഷണം സംഭവിക്കാനുമുള്ള സാധ്യത ധാരാളമാണ്. ഖബറിസ്ഥാനായി ഉപയോഗിക്കേണ്ട ഭൂമിയില്‍ വരുമാന മാര്‍ഗമെന്ന നിലയില്‍ കെട്ടിട നിര്‍മ്മാണം നടത്തുന്നതും അവിവേകമാണ്. കുറച്ചധികം കാശുണ്ടെങ്കില്‍ കെട്ടിടങ്ങള്‍ വേറെ എവിടെയും ഉണ്ടാക്കാനോ വാങ്ങാനോ പറ്റിയേക്കാം. പുതിയ ഖബറിസ്ഥാന്‍ ഇനി വളരെ പ്രയാസമാണ്. പാര്‍പ്പിടങ്ങള്‍ തട്ടുകളായി മുകളിലോട്ട് പണിയാം. ഖബറുകള്‍ ഭൂമിയില്‍ തന്നെ വേണമല്ലോ
സമുദായത്തിന്റെ കുറെ വഖഫ് സ്വത്തുക്കള്‍ സമാന്തര പ്രവര്‍ത്തനങ്ങളില്‍ പാഴാകുന്നുണ്ട്. പല പള്ളികളും മദ്രസകളും തഖ്‌വയുടെ (ദൈവഭക്തി) അസ്ഥിവാരങ്ങളിന്മേലല്ല, മറിച്ച് സംഘടനാ പക്ഷപാതിത്വങ്ങളിലും മാത്സര്യത്തിലുമാണ് പണിതുയര്‍ത്തപ്പെട്ടിട്ടുള്ളത്. സമാന്തര പ്രവര്‍ത്തനങ്ങളില്‍ പാഴാകുന്ന സമ്പത്തും ഊര്‍ജ്ജവും വളരെ വലുതാണ്. ഇതിന്റെ ഫലങ്ങള്‍ ഒട്ടും രചനാത്മകവുമല്ല. ഒരു മഹല്ലില്‍ അത്യാവശ്യമായി പുലരേണ്ടത് സമാധാനം, നിര്‍ഭയാവസ്ഥ, ദാരിദ്ര്യത്തില്‍നിന്നുള്ള വിമുക്തി എന്നിവയാണെന്ന് മക്കയുടെ രാഷ്ട്രപിതാവ് കൂടിയായ ഇബ്രാഹീം നബിയുടെ പ്രാര്‍ത്ഥനയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ഒരു മഹല്ലിന്റെ വഴികേടിന്നും ഗതികേടിന്നും മൂല കാരണം ഭിന്നിപ്പും തജ്ജന്യമായ പ്രത്യക്ഷപരോക്ഷ വിഗ്രഹങ്ങളുമാണ്. സംഘടനകളും ഗ്രൂപ്പുകളും നേതാക്കളും കളിമണ്‍ വിഗ്രഹത്തേക്കാള്‍ മാരകവും ഗുരുതരവുമായ വിഗ്രഹങ്ങളായി മാറിയിട്ടുണ്ടോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. നല്ലൊരു വിഭാഗം സമുദായം ഈ അഭിനവ വിഗ്രഹങ്ങളുടെ ഉപാസകരുമായി മാറിയിരിക്കുന്നു.
സത്യശുദ്ധവും സമഗ്ര-സമ്പൂര്‍ണവുമായ ഏകദൈവവിശ്വാസം അന്തിമ വിശകലനത്തില്‍ ഉള്‍ക്കരുത്താര്‍ന്ന ഉദ്ഗ്രഥനവും ഏകീകരണവും ഒരുമയും ഉണ്ടാക്കേണ്ടതാണ്. ഉദ്ഗ്രഥനത്തിന്ന് പകരം വിഗ്രഥനത്തിന്റെ വിനാശങ്ങളാണ് പല മഹല്ലുകളിലും നാം ദര്‍ശിക്കുന്നത്. നമ്മുടെ മഹല്ലുകള്‍ ഒരുമയുടെ പെരുമ പ്രഘോഷണം ചെയ്യുന്ന മാതൃകാ ഗ്രാമങ്ങളായി വളരാന്‍ സമുദായം ഉണര്‍ന്നുയര്‍ന്നു അക്ഷീണം യത്‌നിക്കേണ്ടതുണ്ട്. അല്ലാഹു നമ്മെ അതിന്ന് തുണക്കുമാറാകട്ടെ! ആമീന്‍.