2019 ലെ ആ ശൈത്യകാലം രാജ്യതലസ്ഥാനത്തെ വിദ്യാർത്ഥി സമൂഹത്തിന് ഒരിക്കലും പൊറുക്കാനോ മറക്കാനോ ആവാത്ത നാളുകളാണ്.
സിഎഎ സമരങ്ങളുടെ പ്രഭവകേന്ദ്രമായ ജാമിഅയിൽ നടന്ന പ്രതിഷേധങ്ങളുടെ മുൻനിരയിൽ ഷിഫാഉർറഹ്മാൻ ഉണ്ടായിരുന്നു. 2020 ലെ ലോക്ക്ഡൗൺ സമയത്ത് ഡൽഹി വംശഹത്യ ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് അദ്ദേഹത്തെ യുഎപിഎ ചാർത്തിക്കൊണ്ട് ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
2020 ഏപ്രിൽ 26ന്, അതായത് റമദാനിലെ രണ്ടാമത്തെ ദിവസമായിരുന്നു അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത് എന്ന് ഭാര്യ ഫാത്തിമ നൗറിന്‍ ഓർത്തെടുക്കുന്നുണ്ട്. CAA വിരുദ്ധ പ്രക്ഷോഭകരെ, പ്രത്യേകിച്ച് ജാമിഅ മില്ലിയ ഇസ്‌ലാമിയ വിദ്യാർഥികളെ നിരന്തരമായി പൊലീസ് വേട്ടയാടിയ സമയം കൂടിയായിരുന്നു അത്. “ഡൽഹി പോലീസിന്റെ നിരന്തരമായ ഫോൺകോളുകൾക്കൊടുവിൽ മവാന (ഉത്തർപ്രദേശ്) പോലീസ് സ്റ്റേഷനിലേക്ക് അദ്ദേഹം പുറപ്പെടുമ്പോൾ, മുൻകഴിഞ്ഞ പോലെ ഇതും ഒരു സാധാരണ ചോദ്യംചെയ്യൽ ആയിരിക്കും എന്നായിരുന്നു ഞങ്ങൾ കരുതിയിരുന്നത് ” ഫാത്തിമ പറയുന്നു.
“ആ സമയത്ത് ഡൽഹിയിൽ സ്ഥിതിഗതികൾ വളരെ മോശമായിരുന്നു. ആർക്കും ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല. കോവിഡ് വളരെ വ്യാപകമായി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു. ആ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ കാരണം ഞങ്ങൾ ഡൽഹിയിൽ നിന്ന് സ്വന്തം നാടായ യുപിയിലെ സത്‌ലയിലേക്ക് മാറിയത്.”
“വൈകാതെ ഷിഫാ ഞങ്ങളെ വിളിച്ച് അവരദ്ദേഹത്തെ ഡൽഹിയിലേക്ക് കൊണ്ടു പോവുകയാണെന്ന് അറിയിച്ചു. വളരെ തിരക്കുപിടിച്ചായിരുന്നു അദ്ദേഹം അന്ന് ഫോണിൽ സംസാരിച്ചിരുന്നത്. പോലീസുകാർ തൻറെ ഫോൺ പിടിച്ചെടുക്കുന്നതിനുമുമ്പ് സാഹസികമായാണ് ഷിഫാ അത് ചെയ്തിരുന്നത് എന്ന് പിന്നീടാണ് അറിഞ്ഞത്”. ഫാത്തിമ പറഞ്ഞു. “അന്ന് രാത്രി ഒരുമണിയോളമായപ്പോൾ ഒരു പോലീസുകാരൻ എന്നെ വിളിച്ച് ഷിഫായെ അറസ്റ്റ് ചെയ്ത വിവരം അറിയിച്ചു. അതേസമയം ജാമിഅയിൽ നിന്നുള്ള രണ്ട് ഗവേഷക വിദ്യാർത്ഥികളായ മീരാൻ ഹൈദറും സഫൂറ സർഗാറും ഡൽഹി വംശഹത്യയുടെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു.
“ഷിഫാ ഒരു നല്ല മനുഷ്യനാണ്. പൊലീസിന്റെ നേതൃത്വത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എതിർശബ്ദങ്ങളെ അടിച്ചൊതുക്കാനുഉള്ള ശക്തമായ നീക്കം തന്നെയാണ്. പ്രമുഖ മനുഷ്യാവകാശ സംഘടനകൾ അത് കൃത്യമായി രേഖപ്പെടുത്തിയതുമാണ് ” ഫാത്തിമ പറയുന്നു.
ബിൽഡിങ് കോൺട്രാക്ടർ ഷിഫാഉർറഹ്മാൻ തൻറെ ജീവിതം ജാമിഅ മില്ലിയ ഇസ്ലാമിയയുമായി ബന്ധപ്പെട്ടു ചിലവഴിക്കുന്ന ആളാണ്. യൂണിവേഴ്സിറ്റിയുടെ അരികിൽ തന്നെ താമസിക്കുകയും അവിടുത്തെ വിദ്യാർത്ഥികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയും സദാസമയം അതിനായി സമയം കണ്ടെത്തുകയും ചെയ്യുന്ന ഒരാളാണ് ഷിഫാ. സ്വഭാവികമായും അദ്ദേഹവും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുളള സമരത്തിൻറെ ഭാഗമായിരുന്നു. ജാമിയ മില്ലിയ ഇസ്ലാമിയയുടെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ആജ്മി (അലുംനി ഓഫ് ജാമിയ മില്ലിയ ഇസ്ലാമിയ) പ്രസിഡണ്ട് കൂടിയായ അദ്ദേഹം സമരസമയത്ത് രൂപീകരിച്ച ജാമിയ കോർഡിനേഷൻ കമ്മിറ്റിയുടെ ഭാഗം കൂടിയായിരുന്നു.
“സർവകലാശാലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു ഹോസ്റ്റൽ നിർമ്മിക്കാൻ അദ്ദേഹത്തിന് ആഗ്രഹം ഉണ്ടായിരുന്നു. നിലവിലും ഒരുപാട് വിദ്യാർത്ഥികൾ ഞങ്ങളുടെ വീടിൻറെ താഴത്തെ നിലയിൽ സൗജന്യമായിത്തന്നെ താമസിക്കുന്നുണ്ട്. അദ്ദേഹം വീടിൻറെ ആ ഭാഗം അതിനുവേണ്ടി മാറ്റിവെക്കുകയായിരുന്നു. നിലവിലെ സാഹചര്യങ്ങൾ കാരണം അവരിൽ നിന്ന് ചെറിയൊരു തുക ഈടാക്കിയാലോയെന്ന് ആലോചിക്കുന്നതായി അറിയിച്ചപ്പോൾ അദ്ദേഹം അതിനെ ശക്തമായി എതിർക്കുകയാണ് ഉണ്ടായത്” ഫാത്തിമ പറയുന്നു.
“ജയിലിൽ നിന്ന് പോലും ഷിഫ എന്നെ അതിന് അനുവദിച്ചിരുന്നില്ല. സ്വന്തം മക്കളുടെ ഫീസ് അടക്കുന്നതുപോലെ ചില വിദ്യാർഥികളുടെ ഫീസും അദ്ദേഹം നൽകാറുണ്ടായിരുന്നു.’’ ഫാത്തിമ നിറഞ്ഞ കണ്ണുകളോടെ പറയുന്നു.
“ജാമിഅ മില്ലിയ്യയിൽ മോദി ഭരണകൂടം രക്തരൂക്ഷിതമാക്കിയ ആ രാത്രി പരിക്കേറ്റ വിദ്യാർത്ഥികളെ സഹായിക്കുന്നതിനുവേണ്ടി യൂണിവേഴ്സിറ്റിയിലേക്ക് അദ്ദേഹം ഓടിയത് ഞാൻ ഓർക്കുന്നുണ്ട്. പൊലീസ് അകാരണമായി പിടിച്ചുകൊണ്ടു പോയ ഒരുപാട് വിദ്യാർഥികളെ മോചിപ്പിക്കാനും അദ്ദേഹം പരിശ്രമിച്ചിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ മുസ്‌ലിം വിരുദ്ധ അക്രമങ്ങൾ തടയാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിന്റെ ഭാഗമായതിന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വീടിന് പുറത്തുനിന്ന് ഡൽഹി പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുക പോലുമുണ്ടായി. ആ ഷിഫായെയാണ് കലാപവുമായി ബന്ധപ്പെടുത്തി ഇന്നും തടങ്കലിൽ വെച്ചിരിക്കുന്നത്” ഫാത്തിമ കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ സമരവുമായി ബന്ധപ്പെട്ട് പൗരസമൂഹത്തിൽ നിന്ന് ചില സാമ്പത്തിക സഹായങ്ങൾ ആജ്മിയിലേക്ക് എത്തിയിരുന്നു. ആ സാമ്പത്തിക വിനിമയങ്ങളുടെ പേരിലാണ് ശിഫാഉർറഹ്മാനെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോട്ടുകൾ പറയുന്നത്. ആ ഫണ്ട് നോർത്ത്- ഈസ്റ്റ് ഡൽഹിയിലെ കലാപം ആളികത്തിക്കാൻ ഉപയോഗിച്ചുവെന്നാണ് പൊലീസ് മെനഞ്ഞുണ്ടാക്കിയ കഥ.
“വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സാമ്പത്തിക സഹായം നൽകിയിരുന്ന ഒരു സംഘടനയാണ് AAJMI. അതിനാൽ അതിന്റെ അക്കൗണ്ടിൽ കുറച്ച് പണം ഉണ്ടാകും. അതിൽ സംശയിക്കത്തക്കതായി ഒന്നുമില്ല. ഈ ഉദ്യോഗസ്ഥർ അതിന്റെ ഗൂഢാലോചനയെക്കുറിച്ച് എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല” ഫാത്തിമ ചോദിക്കുന്നു.
ഹിന്ദുത്വ ഭരണകൂടത്തിൻറെ ക്രൂരമായ വേട്ടയ്ക്ക് ഇരകളായി വ്യാപകമായ സ്വീകാര്യത ലഭിച്ച വിദ്യാർത്ഥികളെ അപേക്ഷിച്ച് വളരെ കുറച്ചുപേർ മാത്രമാണ് ഫാത്തിമയ്ക്ക് ഐക്യദാർഢ്യവുമായി എത്തിയത്. “നിയമവിരുദ്ധമായി അറസ്റ്റിലാകുന്നവരെക്കുറിച്ച് സംസാരിക്കുമ്പോൾ ഷിഫായുടെ പേരും കൂടെയുണ്ടാകണം” എന്ന് ഫാത്തിമ ശക്തമായി സൂചിപ്പിക്കുന്നുണ്ട്.
“നിലവിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആലോചിച്ച് ഞാൻ വളരെയധികം അസ്വസ്ഥയാണ്. ഷിഫായുടെ അസാന്നിധ്യം എന്നെ തളർത്തി കൊണ്ടിരിക്കുന്നു. അന്നുതൊട്ട് എനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. മരുന്നിൻറെ സഹായത്താൽ മാത്രമാണ് ഞാൻ ഉറങ്ങി കൊണ്ടിരിക്കുന്നത്. പക്ഷേ ഞാൻ തോൽക്കാൻ തയ്യാറല്ല. ഞാൻ ഇതിൽ നിന്ന് പിന്മാറുകയുമില്ല”. ഫാത്തിമ പറഞ്ഞു.
അറസ്റ്റിന് ശേഷം ഷിഫായെ തൻ്റെ വക്കീലിനെ കാണുന്നതിനു പോലും ജയിലധികൃതർ വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് അദ്ദേഹം ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയുടെ വെളിച്ചത്തിലാണ് അത് അനുവദിച്ചത്. അഭിഭാഷകനെ കാണാനുള്ള ഷിഫാഉർറഹ്മാന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തിയെന്ന് നിരീക്ഷിച്ച തിഹാർ ജയിൽ അധികൃതരെ ഡൽഹി ഹൈക്കോടതി അന്ന് വിമർശിച്ചിരുന്നു.
“നമ്മുടെ മുസ്‌ലിം സ്വത്വമാണ് ഇത്തരം ക്രൂരതകൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകമെന്ന് ഫാത്തിമ തറപ്പിച്ച് പറയുന്നു.
കോവിഡ് ചൂണ്ടിക്കാട്ടി കോളുകൾ വിളിക്കാനുള്ള അഭ്യർത്ഥന പോലീസ് നിരസിച്ചതിനാൽ അറസ്റ്റിന് ശേഷം കുടുംബം ഷിഫാഉർറഹ്മാനുമായി സംസാരിക്കാൻ മാസങ്ങളെടുത്തു.
124 എ രാജ്യദ്രോഹം, കലാപം, കൊലപാതകം തുടങ്ങി യുഎപിഎ ഉൾപ്പെടെ 23 ഓളം കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ഡൽഹി പൊലീസ് ചുമത്തിയിരിക്കുന്നത്. ഡൽഹിയിൽ നടന്ന മുസ്‌ലിം വിരുദ്ധ വംശഹത്യയിൽ ഷിഫാ ജനക്കൂട്ടത്തെ കലാപത്തിന് പ്രേരിപ്പിച്ചതായി ആരോപിക്കുന്നു. അക്രമത്തിന് ഫണ്ട് നൽകിയവരിൽ പ്രധാനിയായി AAJMI യെപ്പോലും അവർ ഉൾപ്പെടുത്തി.
കോവിഡിൻ്റെ തുടക്കത്തിൽ യുഎൻ ഹൈക്കമ്മീഷനിൽ നിന്നുള്ള സന്ദേശം അനുസരിച്ച്, “പാൻഡെമിക്കിനോടനുബന്ധിച്ച് ആദ്യം മോചിപ്പിക്കപ്പെടേണ്ടത് രാഷ്ട്രീയ തടവുകാരായിരിക്കണം” എന്നായിരുന്നു നിർദേശം. എന്നാൽ രാജ്യം അതിന്റെ രണ്ടാം തരംഗത്തെ അതിശക്തമായ രീതിയിൽ നേരിട്ടിട്ടു പോലും ഭരണകൂടം അതിന് തുനിഞ്ഞിരുന്നില്ല.
“എനിക്ക് രണ്ട് കുട്ടികളുണ്ട്. മൂത്തയാൾക്ക് പത്തു വയസ്സും ഇളയവന് എട്ട് വയസ്സുമാണ്. അവരിൽ നിന്ന് ഞാൻ എൻറെ കണ്ണുനീരിനെ മറക്കാൻ പാടുപെടുകയാണ്. ചെറിയ മകൻ അൽഹാന് ജയിലിലാണെന്ന് ഒരു വർഷത്തോളമായി അറിയില്ലായിരുന്നു. അദ്ദേഹം ബിസിനസ് ആവശ്യാർഥം ഡൽഹിക്ക് പുറത്ത് ഒരു യാത്രയിലാണ് എന്നായിരുന്നു ഞാൻ അവനോട് പറഞ്ഞിരുന്നത്. കാരണം അവരുടെ സങ്കടം നിറഞ്ഞ മുഖം എനിക്ക് കാണുവാൻ കഴിയുമായിരുന്നില്ല” . ഫാത്തിമ പറഞ്ഞു വെച്ചു.
“ആർക്കെങ്കിലും ഈ വർഷങ്ങൾ എനിക്കോ ഈ രാഷ്ട്രീയ തടവുകാരുടെ ഏതെങ്കിലും കുടുംബത്തിനോ തിരികെ നൽകാൻ കഴിയുമോ?” എന്ന ഫാത്തിമയുടെ ചേദ്യത്തിന് ഉത്തരം നൽകാൻ ഈ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്.
ഷിഫായുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ കുടുംബവും ബുദ്ധിമുട്ടുകയാണ്. ഹൃദ്രോഗിയായ മാതാവ് അറസ്റ്റിന് ശേഷം മോശമായ അവസ്ഥയിലാണ്. “ഞങ്ങളുടെ കുടുംബത്തിൽ ഒരുപാട് മരണങ്ങൾ സംഭവിച്ചു. എന്നാൽ അദ്ദേഹം ജയിലിൽ തുടരുകയാണ്. അതാണ് ഈ രാജ്യത്ത് ഇന്ന് നമ്മുടെ അവസ്ഥ. എനിക്ക് അവരെ അടിക്കണമെന്നുണ്ട്. അവർ നമ്മുടെ ആളുകളുമായി കളിക്കുകയാണ്”. ഫാത്തിമ പറയുന്നു.
“ഷിഫായുടെ അഭാവം നിയന്ത്രിക്കാൻ എനിക്ക് വളരെ ബുദ്ധിമുട്ടാണ്. എന്റെ ചെറുപ്രായത്തിൽ തന്നെ എനിക്ക് എന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. അദ്ദേഹം മാത്രമാണ് എന്റെ മനസ്സിന്റെ സമാധാനം. അവനോട് സംസാരിച്ചിട്ട് മാസങ്ങളായി. അദ്ദേഹത്തിന് തന്റെ കുട്ടികളെ മിസ് ചെയ്യുന്നുണ്ട്. അറസ്റ്റിന് ശേഷം ഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹമില്ലാതെ വീടിന്റെ വാതിലുകൾ തുറക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. എനിക്ക് ശ്വസിക്കാൻ പോലും കഴിയുമായിരുന്നില്ല. എങ്കിലും, ഈ അനീതിക്കെതിരെ ഞാൻ പോരാടും,” ഫാത്തിമ കൂട്ടിച്ചേർക്കുന്നു.
പൗരത്വ പ്രക്ഷോഭത്തിന്റെയും കേന്ദ്രസർവകലാശാലയായ ജാമിഅ മില്ലിയ ഇസ്ലാമിയയിലെ കിരാത പൊലീസ് വേട്ടയുടെയും ഓർമ്മകൾക്ക് രണ്ടു വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. എന്നിട്ടും ഭരണകൂടം അവരെ വേട്ടയാടി കൊണ്ടേയിരിക്കുന്നു. ഈ പോരാളികളുടെ തടവുകളിലൂടെ, കടുത്ത വിവേചനങ്ങളിലൂടെ.