വിവാഹപ്രായം ഉയര്‍ത്തല്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുമോ?

സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്നും 21ലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിനു പിന്നാലെ രാജ്യത്തെ സ്ത്രീകള്‍ തലമുറകളായി പുരുഷാധിപത്യത്തിനാൽ അനുഭവിച്ചുപോന്ന അനീതികള്‍ക്കെല്ലാം ഒറ്റയടിക്ക് പരിഹാരം കണ്ടുവെന്ന തരത്തില്‍ മോദി സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. പെണ്കുട്ടികളുടെ വിദ്യാഭ്യാസം, പ്രസവമരണങ്ങള്‍, ശിശുമരണങ്ങൾ എന്നു തുടങ്ങി സ്ത്രീകള്‍ നേരിടുന്ന സകല പ്രശ്‌നങ്ങള്‍ക്കും വിവാഹപ്രായം 21 ആക്കുന്നതോടെ പരിഹാരമാകുമെന്ന തരത്തിലാണ് പ്രചരണങ്ങള്‍.

ഈ വീക്ഷണം ദീര്‍ഘദൃഷ്ടിയില്ലാത്തതും അബദ്ധവുമാണെന്നു പറയല്‍ വലിയ ന്യൂനോക്തിയായേക്കാം. പക്ഷെ അരികുകളിലുള്ളവരെ ജയിലറകളിലാക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന ഈ പുതിയ നീക്കം ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് വന്‍ദുരന്തമായി ഭവിച്ചേക്കാമെന്നാണ് സ്ത്രീ അവകാശ പ്രവര്‍ത്തകര്‍ വാദിച്ചുകൊണ്ടിരിക്കുന്നത്.

ശൈശവ വിവാഹത്തിന്റെ ദുരിതക്കയത്തില്‍ നിന്ന് സ്ത്രീകളെ വിമോചിപ്പിക്കുന്ന മഹത്തായ മുന്നേറ്റമെന്ന മോദി സര്‍ക്കാരിന്റെ അവകാശവാദത്തെ എതിര്‍ക്കാന്‍ ഈ പ്രശ്‌നങ്ങളുടെ മൂലകാരണങ്ങളെയും എന്തുകൊണ്ട് ഇതിലിപ്പോഴൊരു പ്രാധാന്യം കൈവന്നു എന്നതിനെക്കുറിച്ചും മനസിലാക്കല്‍ പ്രധാനമാണ്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് മോദി ‘സര്‍ക്കാര്‍ പെണ്‍മക്കളുടെയും പെങ്ങന്‍മാരുടെയും ആരോഗ്യത്തില്‍ ബദ്ധശ്രദ്ധരാണ്’ എന്നു പറഞ്ഞുകൊണ്ട് സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ആവശ്യം ആദ്യമായി മുന്നോട്ടുവെച്ചത്.

സമത പാര്‍ട്ടി മുന്‍നേതാവ് ജയ ജയ്റ്റ്‌ലീയുടെ അധ്യക്ഷതയിൽ ഒരു കമ്മിറ്റിയെ പഠനത്തിനായി നിയമിക്കുകയും, അവര്‍ ഡിസംബര്‍ മാസത്തോടെ വിവാഹപ്രായം 21ലേക്ക് ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തുകൊണ്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ആ ശുപാര്‍ശ സര്‍ക്കാര്‍ ഉള്‍ക്കൊള്ളുകയും സ്ത്രീ-പുരുഷന്‍മാരുടെ വിവാഹപ്രായം ഒരുപോലെയാക്കാന്‍ മന്ത്രിസഭയിപ്പോള്‍ അംഗീകാരം നല്‍കുകയും ചെയ്തിരിക്കുന്നു.

അവകാശവാദങ്ങളെല്ലാം നീക്കിവെച്ച് വസ്തുതകളെ പരിശോധിക്കാം. ശൈശവ വിവാഹത്തിന്റെ പ്രശ്‌നങ്ങൾക്ക് സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തലോടു കൂടി പരിഹാരമാകുമെന്ന മോദി സര്‍ക്കാരിന്റെ വാദം യുക്തിപരമാണോ?

യൂണിസെഫിന്റെ കണക്കുകള്‍ പ്രകാരം, ലോകത്തെ ബാലികാവധുമാരില്‍ മൂന്നിലൊന്നും പതിനെട്ടു വയസിനു താഴെ പ്രായമുള്ള ഒന്നര മില്യണ്‍ പെണ്‍കുട്ടികള്‍ ഓരോ വര്‍ഷം വിവാഹിതരാകുന്ന ഇന്ത്യയിലാണ്. ഇന്ത്യയിലെ നാലിലൊന്ന് പെണ്‍കുട്ടികള്‍ 18 വയസാകുന്നതിന് മുമ്പേ വിവാഹം ചെയ്യപ്പെടുന്നു കണക്ക്.

20-24 വയസിനിടയിലുള്ള 23% യുവതികളും 18 വയസിനു മുമ്പായി വിവാഹിതരായവരാണെന്ന് അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സര്‍വേ പറയുന്നു. ബിഹാര്‍, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ വിവാഹപ്രായമെത്തും മുമ്പേ വിവാഹതിരായവര്‍ 40 ശതമാനമാണ്. സ്ത്രീകളുടെ വിവാഹപ്രായം 14ഉം പുരുഷന്‍മാരുടെത് 18ഉം ആയി നിജപ്പെടുത്തിയിരുന്ന ബ്രിട്ടീഷ് ഇന്ത്യയിൽ 1929ല്‍ തന്നെ നിയമപരമായി ബാലികാ വിവാഹം നിരോധിക്കപ്പെട്ടിരുന്നു.

സ്വാതന്ത്ര്യാനന്തരം 1949ല്‍ സ്ത്രീകളുടെ വിവാഹപ്രായം 15 ആയി ഉയര്‍ത്തി. 1978ലാണ് നിലവിലെ 18 വയസും (സ്ത്രീ) 21 വയസും (പുരുഷന്‍) വിവാഹപ്രായമായി ഉറപ്പിച്ചത്. നിയമമൊരു പരിചയാണെന്നാണെങ്കില്‍ കണക്കുകള്‍ പറയുന്നത് മറ്റൊരു കഥയാണ്.

വിവാഹപ്രായമുയര്‍ത്തല്‍ കൊണ്ട് കൂടുതല്‍ പെണ്‍കുട്ടികള്‍ നിയമവിരുദ്ധമായി വിവാഹം ചെയ്യപ്പെടുന്ന വിപരീതഫലമായിരിക്കും ഉണ്ടാവുക. മറ്റൊരു നിയമമല്ല യഥാര്‍ഥത്തില്‍ ആവശ്യം മറിച്ച് നിലവിലെ നിയമം തന്നെ പരിഷ്‌കരിക്കാന്‍ തക്ക വലിയ ബോധവല്‍ക്കരണ ശ്രമങ്ങളാണ്.

ബാലികാവിവാഹങ്ങള്‍ അവഗണിക്കപ്പെട്ട മേഖലയല്ല ബുദ്ധിമുട്ടേറിയ മേഖലയാണ് നിയമത്തില്‍. ഇന്ത്യയില്‍ ബാലികാവിവാഹത്തിന് ഹേതുവാകുന്ന രണ്ടു കാര്യങ്ങളാണ് ദാരിദ്ര്യവും ആണ്‍കോയ്മയും. ബാലികാവിവാഹത്തിന്റെ പ്രശ്‌നങ്ങളെ മനസിലാക്കി പരിഹരിക്കലാണ് യഥാര്‍ഥ ഉദ്ദ്യേശമെങ്കില്‍ അതിന്റെ ഇരകളെയും അവരുടെ കുടുംബങ്ങളെയും കുറിച്ചുള്ള ജനസംഖ്യാപരമായ പഠനമാണ് വേണ്ടത്.

ബാലികാവധുമാര്‍ പൊതുവെ ഗ്രാമങ്ങളിലാണ്, അവരില്‍ അധികവും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരുമായിരിക്കും. അത്തരം ചുറ്റുപാടില്‍ പെണ്‍കുട്ടികള്‍ക്ക് ജോലി ചെയ്യാന്‍ അനുവാദം നല്‍കില്ല എന്നുമാത്രമല്ല കാര്യമായി നേട്ടമൊന്നുണ്ടാകില്ലയെന്ന ചിന്തയില്‍ ഒരു നിശ്ചിത പരിധിക്കപ്പുറം വിദ്യാഭ്യാസം നല്‍കാതെ അവരെ ഒരു ഭാരമായി കാണുകയും ചെയ്യുന്നു. ഒരു യോജിച്ച ആലോചന ഒത്തുവരുമ്പോഴേക്കും അവരെ കല്യാണം കഴിപ്പിച്ചയക്കാനാണ് ശ്രമിക്കുക. അവിടെ സ്ത്രീധനത്തിന്റെ വിഷയമുദിക്കുന്നു. പെണ്‍കുട്ടിയുടെ പ്രായം എത്രയും കുറവാണോ സ്ത്രീധനവും അതനുസരിച്ച് കുറവ് മതി.

പ്രിവിലേജ്ഡ് ആയ ഉന്നതകുലജാതര്‍ പ്രശ്‌നമായിക്കാണുന്ന കാര്യത്തെ പാവപ്പെട്ടവര്‍ ഒരു പരിഹാരമായോ മെച്ചപ്പെട്ട തിരഞ്ഞെടുപ്പായോ ആണ് കാണുന്നത്. ദാരിദ്ര്യത്തിന്റെ ഉപോല്‍പ്പന്നമായി ബാലികാവിവാഹത്തെ കാണാന്‍ കഴിയില്ലായിരിക്കാം. മിക്ക ഗ്രാമപ്രദേശങ്ങളിലും പെണ്‍കുട്ടികള്‍ ഹൈസ്‌കൂളിനപ്പുറം വിദ്യാഭ്യാസം തുടരാറില്ല. മാതാപിതാക്കള്‍ ജോലിക്കു പോകുമ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കാകുന്ന സ്ഥിതിയുമുണ്ടാകുന്നു.

പെണ്‍കുട്ടി ഋതുമതിയാകുന്നതോടെ അവളുടെ ‘സുരക്ഷിതത്വം’ കുടുംബത്തിന്റെ പ്രധാന ആശങ്കയാകുന്നു. ബലാല്‍സംഗം ചെയ്യപ്പെടുമോയെന്നും മാനഭംഗപ്പെടുത്തപ്പെടുമോയെന്നും മറ്റും ഭയം ഉണ്ടാകുന്നു. ഒപ്പം, ജാതി-സമുദായടിസ്ഥാനത്തില്‍ ‘ചേരാത്ത’ ആളുകളുമായി പെണ്‍കുട്ടി പ്രണയബന്ധത്തിലാവുന്നതിനെക്കുറിച്ചും ആശങ്കപ്പെടുന്ന വീട്ടുകാര്‍ കുടുംബത്തിന്റെ ‘അഭിമാനം’ സംരക്ഷിക്കാന്‍ ഒരു യോജിച്ച വരനെ കണ്ടെത്തുന്ന ഉടനെ തന്നെ അവളെ കെട്ടിച്ചു വിടുന്നു.

ഇത്തരം സാഹചര്യം നിലനില്‍ക്കെ വിവാഹപ്രായം 21ലേ്ക്ക് ഉയര്‍ത്തുന്നതോടെ എന്താണ് സംഭവിക്കുക? ഒരു ഗ്രാമീണ കുടുംബം തങ്ങളുടെ പെണ്‍സന്തതിയെ ഹൈസ്‌കൂള്‍ വരെ വിദ്യാഭ്യാസത്തിനയക്കുന്നു ശേഷം അവള്‍ക്ക് 17-18 വയസ്സാകുന്നതോടെ അവര്‍ എന്തായിരിക്കും ചെയ്യുക?

ഉപരിപഠനത്തിനോ ജോലിക്കോ ആയി പെണ്‍കുട്ടികളെ ദൂരദിക്കുകളിലേക്കയക്കാന്‍ വിസമ്മതിക്കുന്നവരാണ് (സുരക്ഷ പരിഗണിച്ചും വിശ്വാസക്കുറവാലും) മിക്ക കുടുംബങ്ങളും. തങ്ങളുടെ പെണ്‍മക്കള്‍ മറ്റു ജാതിക്കാരുമായി പ്രണയത്തിലാവുന്നതിനെക്കുറിച്ചും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ചും വ്യഥയുള്ളവരാണ് മിക്ക മാതാപിതാക്കളും.

18 വയസ്സാകുന്ന ഈ പെണ്‍കുട്ടികള്‍ക്ക് സമീപനഗരങ്ങളിലുള്ള കോളേജുകളില്‍ ഉപരിപഠനത്തിന് പോകാനോ തങ്ങളുടെ കുടുംബങ്ങള്‍ക്ക് താങ്ങായിക്കൊണ്ട് ജോലി ചെയ്യാനോ അനുവാദം ഉണ്ടായിരിക്കില്ല. മൂന്നു വര്‍ഷം കൂടി ഈ പെണ്‍മക്കളെ വീട്ടില്‍ വെറുതെ നിര്‍ത്തുന്നതിന് പകരം ഉടനെ വിവാഹം കഴിപ്പിച്ചയക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കുക. എന്നുവെച്ചാല്‍, വലിയൊരു ശതമാനം പെണ്‍കുട്ടികളെയും നിയമവിരുദ്ധമായി വിവാഹം കഴിപ്പിക്കുന്നത് വഴി ബാലികാവിവാഹങ്ങളുടെ കണക്ക് ക്രമാതീതമായി ഉയരുകയാണ് ഫലം.

21 വയസിനു താഴെയുള്ളവരുടെ വിവാഹം നിയമത്തിനു മുന്നില്‍ സാധുവല്ലയെന്നിരിക്കെ ‘പ്രായമെത്താത്ത വധു’വിന് അവളുടെ ഭര്‍തൃവീട്ടില്‍ നിയമപരമായി യാതൊരു അവകാശവും വകവെച്ചു നല്‍കപ്പെടില്ല, ഇത് സാഹചര്യങ്ങള്‍ കൂടൂതല്‍ വഷളാക്കും. ഭര്‍ത്താവ് മരിക്കുകയോ വിവാഹമോചനം ചെയ്യുകയോ ചെയ്താല്‍ ‘പ്രായമെത്താത്ത വധു’വിന് ഭര്‍ത്താവിന്റെ സ്വത്തില്‍ നിന്നും ഓഹരി തേടിക്കൊണ്ട് നിയമസഹായം തേടാന്‍ കഴിയില്ല.

ഇത്തരം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാതിരിക്കുകയും എന്നാല്‍ പെണ്‍കുട്ടി വിവാഹശേഷം ഗര്‍ഭിണിയാകുകയും ചെയ്യുന്നതോടെ ‘പീഡന’ത്തിനുള്ള സാധ്യതയുണ്ടാകുകയും ഏറ്റവുമധികം അരികുവല്‍കൃത സമുദായങ്ങള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ അഴിമതിയും കൈക്കൂലിയും വര്‍ധിക്കുകയും ചെയ്യും.

ഈ സാഹചര്യത്തില്‍ അത്തരം ഗര്‍ഭിണികള്‍ വ്യാജചികിത്സാ കേന്ദ്രങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. നിയമവിരുദ്ധമായ അബോര്‍ഷനുകള്‍ വര്‍ധിക്കുകയാണെന്നു മറക്കരുത്. അതവരുടെ ആരോഗ്യത്തെ കാര്യമായിത്തന്നെ ബാധിക്കും. മാത്രമല്ല ‘പ്രായമെത്താത്ത’ വിവാഹത്തിലുണ്ടായ കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്യാന്‍ നിയമം അനുവദിക്കാത്തിടത്തോളം ആ കുഞ്ഞുങ്ങള്‍ക്കെന്തു സംഭവിക്കും? നിയമം അക്കാര്യത്തില്‍ ഇളവനുദിക്കുകയാണെങ്കില്‍ എന്തിനാണിപ്പോള്‍ ഇങ്ങനെ നിയമം കൊണ്ടുവരുന്നത്?

ഹരിയാനയില്‍ നിന്നും മറ്റും വിവാഹപ്രായം ഉയര്‍ത്താന്‍ ആവശ്യപ്പെട്ടു കൊണ്ട് മോദിക്ക് നിരവധി പെണ്‍കുട്ടികള്‍ കത്തുകളയക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പക്ഷേ 54 സന്നദ്ധ സംഘടനകള്‍ 2000 പെണ്‍കുട്ടികളെ അഭിമുഖം നടത്തി കര്‍മ്മസേനക്ക് സമര്‍പ്പിച്ച യങ് വോയ്‌സസ് റിപ്പോര്‍ട്ടിനെപ്പറ്റി അധികമാരും സംസാരിക്കുന്നില്ല. വിവാഹപ്രായം ഉയര്‍ത്തല്‍ വെറു വാചാടോപം മാത്രമാണെന്നും അത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുകയെന്നും ആ പെണ്‍കുട്ടികള്‍ അഭിമുഖത്തില്‍ സമ്മതിക്കുന്നുണ്ട്.

ആഗസ്റ്റ് 2020 ന് യങ് വോയ്‌സസ് റിപ്പോര്‍ട്ട് റിലീസ് ചെയ്ത ഓണ്ലൈൻ പരിപാടിയില്‍ ഒരു പ്രായപൂര്‍ത്തിയായ സ്ത്രീയുടെ കര്‍തൃത്വത്തെ നിരാകരിക്കലാണ് വിവാഹപ്രായം ഉയര്‍ത്തുന്നതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത് എന്നാണ് പെണ്‍കുട്ടികള്‍ അഭിപ്രായപ്പെട്ടത്. പെണ്‍കുട്ടിക്ക് തനിക്കിഷ്ടമുള്ളയാളെ വിവാഹം ചെയ്യുന്നതിന് ഈ നിയമം വഴി ക്ലേശകരമാവുകയും പ്രായപൂര്‍ത്തിയായ സ്ത്രീക്കു മേല്‍ മാതാപിതാക്കളുടെ നിയന്ത്രണം കടുക്കുകയും ചെയ്യുന്നു.

“പ്രായപൂര്‍ത്തിയെത്താത്ത വിവാഹങ്ങള്‍ ദരിദ്രര്‍ക്കിടയില്‍ കണ്ടുവരുന്ന ഒന്നാണ്. ബാലികാവിവാഹങ്ങളില്‍ കോടതിയിലെത്തിയ ചില കേസുകള്‍ പരിശോധിക്കുമ്പോള്‍ അതില്‍ ഭൂരിഭാഗം കൗമാരക്കാരികളും തനിക്കിഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തവരാണ് അല്ലെങ്കില്‍ അതിനു വേണ്ടി വീടുവിട്ടോടിയവരാണ്. കാരണം 18 ആവുന്നതോടെ അവര്‍ക്ക് ആ ചോയ്‌സ് നഷ്ടപ്പെട്ടേക്കുമെന്നതാണ് അവര്‍ പറയുന്ന കാരണം. രക്ഷിതാക്കള്‍ ഈ കേസുകള്‍ കോടതിയില്‍ എത്തിക്കുകയും ഈ പെണ്‍കുട്ടികളുടെ കർതൃത്വത്തെ തുരങ്കം വയ്ക്കാന്‍ ശൈശവ വിവാഹ നിയമം ഉപയോഗിക്കുകയും ചെയ്യുന്നു.’ Partners for Law in Development (PLD) എന്ന സ്ത്രീ അവകാശ സംഘടനയുടെ സ്ഥാപനാംഗവും ഡയറക്ടറുമായ മധു മെഹ്‌റ പറയുന്നു.

അവര്‍ പരാമര്‍ശിച്ച പഠനത്തില്‍, ആ നിയമത്തിനു കീഴില്‍ വന്ന മിക്ക പ്രോസിക്യൂഷനുകളും മാതാപിതാക്കള്‍ അവരുടെ പെണ്‍മക്കള്‍ക്ക് ഇഷ്ടമുള്ള വ്യക്തിയുമായുള്ള പ്രണയബന്ധത്തിനെതിരെ ചുമത്തിയ കേസുകളാണെന്ന് കണ്ടെത്തി. വിവാഹപ്രായം വര്‍ധിപ്പിക്കുന്നത് 18-21 പ്രായപരിധിയിലുള്ള വിവാഹം കഴിക്കാന്‍ ഒളിച്ചോടുന്നവരെ കുറ്റവാളികളാക്കി മാറ്റും. ഒപ്പം പോലീസിന് പുരുഷന്‍മാരെ പ്രത്യേകിച്ചും താഴ്ന്ന ജാതിയിലും സമുദായങ്ങളിലും പെട്ട പുരുഷന്‍മാരെ വ്യത്യസ്ത ശിക്ഷാവകുപ്പുകള്‍ ചുമത്തി പീഡിപ്പിക്കാന്‍ അധികാരം നല്‍കും.

ഇന്ത്യയില്‍ സ്ത്രീകളുടെ സ്വയംഭരണാവകാശം ഹനിക്കപ്പെടുന്ന സമയത്ത്, പ്രായപൂര്‍ത്തിയാകാത്ത വിവാഹങ്ങള്‍ നിര്‍ത്തുന്നതിന് പകരം, സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം ഉയര്‍ത്തുന്നതു വഴി വ്യക്തിപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പെണ്‍കുട്ടികളെ അദൃശ്യരാക്കും. ഇത് സ്ത്രീ ശാക്തീകരണത്തിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്താന്‍ പോകുന്നു.

Courtesy: Peoples Review

By സീനത്ത്

Pseudonym of someone who is called a seasoned career journalist