കുമരംപുത്തൂർ സീതിക്കോയ തങ്ങളെന്ന പോരാളിയുടെ ചരിത്രം പുസ്തകമാകുന്നു

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ തുടങ്ങിയ മലബാർ സമര നേതാക്കളുടെയൊപ്പം വീരോചിതമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കുമരംപുത്തൂർ സീതിക്കോയ തങ്ങളുടെ ജീവിതത്തെക്കുറിച്ച് എടുത്തു പറയത്തക്ക ഒരു പഠനവും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഉണ്ടായിട്ടില്ല. ചില ചരിത്ര പുസ്തകങ്ങളിൽ കേവലം ചില പരാമർശങ്ങൾ ഉണ്ടെന്നല്ലാതെ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന രചനകൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല.

മലബാർ സമരത്തെ തുടർന്ന് നിലവിൽ വന്ന സമാന്തര ഭരണകൂടത്തിന്റെ വള്ളുവനാട് ഗവർണർ എന്ന നിലയ്ക്ക് ബ്രിട്ടീഷുകാർക്ക് വലിയ തലവേദനയായിരുന്നു സീതിക്കോയ തങ്ങളുടെ പോരാട്ടങ്ങൾ. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ രൂപീകരണം മുതൽക്ക് തന്നെ നേതൃപരമായ പങ്ക് ഏറ്റെടുക്കുകയും അവസാന നിമിഷം വരെ തന്റെ ലക്ഷ്യങ്ങളിൽ ഉറച്ചു നിൽക്കുകയും ചെയ്ത ഒരാളായിട്ടും അദ്ദേഹത്തിന്റെ ജീവിതത്തെ വേണ്ടവിധം രേഖപ്പെടുത്താൻ മാപ്പിള സമരത്തിന്റെ പഠനമേഖലയിൽ ശ്രമങ്ങൾ ഉണ്ടായില്ല.

നസറുദ്ദീൻ മണ്ണാർക്കാട്

ആ വിടവ് നികത്താനുള്ള ശ്രമമാണ് സീതിക്കോയ തങ്ങളുടെ ജന്മനാട്ടുകാരനായ നസറുദ്ദീൻ മണ്ണാർക്കാടിന്റെ ‘കുമരം പുത്തൂർ സീതിക്കോയ തങ്ങളും പാലക്കാടൻ പോരാളികളും’ എന്ന പുസ്തകം. പേര് സൂചിപ്പിക്കുന്നത് പോലെ സീതിക്കോയ തങ്ങളുടെയും ഇന്നത്തെ പാലക്കാട് റവന്യൂ ജില്ലയായ പാലക്കാടിന്റെ പരിധിയിൽ വരുന്ന പോരാളികളുടെയും ജീവിതമാണ് പുസ്തകത്തിന്റെ ഇതിവൃത്തം. വിവിധ കൃതികളിൽ ചിതറിക്കിടക്കുന്ന വിവരങ്ങൾ ക്രോഡീകരിക്കുകയും വാമൊഴികൾ ശേഖരിക്കുകയും ബ്രിട്ടീഷ് രേഖകൾ അവലംബിക്കുകയും ചെയ്തുകൊണ്ടാണ് രചന നിർവ്വഹിട്ടുള്ളത്. സീതിക്കോയ തങ്ങളുടെ കുടുംബത്തിന്റെ പൂർണ്ണ പിന്തുണ രചനയ്ക്കുണ്ടായിരുന്നു.

2022 ജനുവരി ഒമ്പതിന് സീതിക്കോയ തങ്ങളുടെ നൂറാം രക്തസാക്ഷിത്വ ദിനത്തിലാണ് ജന്മനാട്ടിൽ വെച്ച് പുസ്തകം പ്രകാശനം ചെയ്യപ്പെടുന്നത് എന്ന സവിശേഷതയുമുണ്ട്. ഡെസ്ടിനി ബുക്ക്സ് ആണ് പ്രസാധകർ. ഈ പുസ്തകത്തിലൂടെ ചരിത്രകുതുകികൾക്ക് തീർച്ചയായും ഒട്ടേറെ പുതിയ വിവരങ്ങൾ ലഭിക്കുമെന്നു തന്നെയാണ് അണിയറ ശില്പികളുടെ അവകാശവാദം.

By Editor