പശുവും പന്നിയും; സെക്യുലര്‍ ഫുഡിന്റെ രാഷ്ട്രീയം

ഒരു സമൂഹത്തെ അപരവൽക്കരിക്കാനും ക്രമേണ ഉന്മൂലനം ചെയ്യാനും അധീശശക്തികൾ പ്രയോഗിച്ചു വരുന്ന പദ്ധതികൾക്ക് പലതരം സാമ്യതകൾ കണ്ടുവരാറുണ്ട്. 2001 സെപ്റ്റംബർ 11 ന് ശേഷം തുടക്കം കുറിച്ച ഭീകരതക്കെതിരെയുള്ള യുദ്ധം (War on Terror) മുതൽ കേരളത്തിലെ ഹലാൽ ചർച്ചകൾ വരെയുള്ള മുസ് ലിം വിരുദ്ധ നീക്കങ്ങൾ വരെ ഒരേ ശ്രേണിയിലാണുള്ളത്. തീർത്തും വ്യാജമോ ഒറ്റപ്പെട്ടതോ ആയ ഒരു സാങ്കൽപ്പിക പ്രശ്നത്തെ നിരന്തര വ്യാജപ്രചരണങ്ങളിലൂടെ സ്വാഭാവിക യാഥാർത്ഥ്യമായി സമൂഹമനസ്സിൽ പ്രഹരിപ്പിച്ചു പതിപ്പിക്കുകയും പിന്നീട് സമൂഹമനസ്സിൻ്റെ തന്നെ മൗനാനുവാദത്തോടെയോ പിന്തുണയോടെയോ ഉന്നമിടപ്പെടുന്ന കൂട്ടർക്കെതിരായ ഹിംസകൾ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന തന്ത്രമാണത്. ആ ഹിംസകളെ ന്യായീകരിക്കാനുള്ള എല്ലാ പ്രതലങ്ങളും സ്വാഭാവികമായും ഇത്തരം പ്രചാരണങ്ങളിലൂടെ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ടാകും.

ഹലാൽ വിവാദത്തിൻ്റെ ഗതി തന്നെ നോക്കൂ. മുസ്‌ലിം സമൂഹത്തിൽ ആഭ്യന്തരമായി വ്യത്യസ്ത വീക്ഷണങ്ങളുള്ള ഭക്ഷണത്തിൽ മന്ത്രിച്ചൂതലിനെ മനപൂർവ്വം ഭക്ഷണത്തിൽ തുപ്പുന്നതാക്കി അവതരിപ്പിക്കുന്നു. ഹലാലെന്നാൽ തുപ്പിയ ഭക്ഷണമാണെന്ന് ചിത്രീകരിക്കുന്നു. തുപ്പിയ ഭക്ഷണങ്ങൾ മുസ്‌ലിം വീടുകളിലും മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹോട്ടലുകളിലും സാധാരണമാണെന്ന് പ്രചരിപ്പിക്കുന്നു. അതു വഴി അത്തരം ഹോട്ടലുകൾ സാമൂഹികമായി ബഹിഷ്കരിക്കണമെന്ന് മാത്രമല്ല നിരോധിക്കണമെന്ന് കൂടി പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെടുന്നു. ഇത്രയും ചെയ്തത് സംഘപരിവാറിൻ്റെ കാർമികത്വത്തിലാണ്. ഈ വിദ്വേഷ പ്രചാരണങ്ങൾക്കെതിരിൽ ഹോട്ടൽ – റെസ്റ്റോറൻ്റ് സംഘടനകൾ മുതലുള്ളവർ ശക്തമായി വന്നു തുടങ്ങിയ സന്ദർഭത്തിലാണ് ഇടതു യുവജനസംഘടനകൾ കേരളത്തിൽ ക്യാമ്പയിനുകളും പരിപാടികളും സംഘടിപ്പിച്ചുകൊണ്ട് മുന്നോട്ട് വരുന്നത്. സംഘപരിവാർ രാഷ്ട്രീയത്തിനെതിരായ രാഷ്ട്രീയ നീക്കങ്ങളും സാമൂഹിക ഇടപെടലുകളും സ്വാഗതം ചെയ്യപ്പെടേണ്ടതാണെങ്കിലും പ്രതിരോധ രാഷ്ട്രീയത്തിൻ്റെ മുനയൊടിക്കുന്ന രീതിയിൽ വിഷയത്തെ സമർത്ഥമായി വഴി തിരിച്ചുവിടാനുതകുന്ന രൂപത്തിലുള്ള ഇടപെടലുകളായിരുന്നു ഡി വൈ എഫ് ഐ / എസ് എഫ് ഐ നടത്തിയത്.

ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ എ റഹീം പോസ്റ്റ് ചെയ്ത ‘മതമില്ലാ ഭക്ഷണ ഫോട്ടോ’ മുതൽ തലശ്ശേരി എം എൽ എ എ എൻ ഷംസീറിൻ്റെ ഹലാൽ ബോർഡുകൾക്കെതിരിൽ മതനേതൃത്വം രംഗത്തു വരണമെന്ന ‘നവോത്ഥാനാഹ്വാനം’ വരെയുള്ള സംഘപരിവാർ വിരുദ്ധ സമരങ്ങൾക്ക് ഇടതു രാഷ്ട്രീയത്തിൻ്റെ ജൈവികമായ എല്ലാതരം പരിമിതികളും ഉണ്ടെന്ന് കാണുവാൻ കഴിയും. ഡി വൈ എഫ് ഐ ഉയർത്തിപ്പിടിച്ച ഭക്ഷണത്തിൽ മതം കലർത്തുന്നതിനെതിരെ എന്ന മുദ്രാവാക്യവും റഹീമിൻ്റെ ‘ഭക്ഷണത്തിന് മതമുണ്ടോ?’ എന്ന ചോദ്യവും യഥാർത്ഥത്തിൽ നിലവിലുള്ള പ്രശ്നത്തെ മറച്ചു പിടിച്ച് സംഘപരിവാർ അജണ്ടകളെ സഹായിക്കുന്നതും ഇന്ത്യയിലെ ഭരണഘടന വിഭാവന ചെയ്യുന്ന മതേതരത്വ ഭാവനകളെ പോലും റദ്ദ് ചെയ്യുന്നതുമാണ്. മിക്ക മതങ്ങളും ഭക്ഷണ കാര്യത്തിൽ കണിശമായ നിർദ്ദേശങ്ങളും നിബന്ധനകളും മുന്നോട്ട് വെക്കുന്നുണ്ട്. അത്തരം നിർദ്ദേശങ്ങളും നിബന്ധനകളും ഭക്ഷണ കാര്യത്തിൽ മാത്രം പരിമിതവുമല്ല.

എ എ റഹീം കോഴിക്കോട് പാരഗൺ റെസ്റ്ററന്റിൽ നിന്നെടുത്ത ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചത്

ഹലാൽ – ഹറാം പദാവലികൾ മുസ്‌ലിം സമൂഹത്തിൻ്റെ ദൈനംദിന ജീവിത വ്യവഹാരങ്ങളുടെ ഭാഗമാണെന്ന് റഹീം – ഷംസീറുമാർക്ക് അറിയാഞ്ഞിട്ടല്ല. മുസ്‌ലിം ജീവിതത്തിൽ നിഷിദ്ധമായ (ഹറാം) പലതുമായി ബന്ധപ്പെട്ട ബോർഡുകളും കേരളത്തിലങ്ങോളമിങ്ങോളം തൂങ്ങിക്കിടപ്പുണ്ട്. ഭക്ഷണവുമായും ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ മറ്റിടപാടുകളുമായും ബന്ധപ്പെട്ട അനുവദനീയ / നിഷിദ്ധങ്ങളോ വിശ്വാസങ്ങളോ ഒന്നുമല്ല ഇവിടുത്തെ പ്രശ്നം. വിശ്വാസവുമായി ബന്ധപ്പെട്ട അത്തരം എല്ലാ വൈവിധ്യങ്ങളോടും കൂടി ഒരു സമൂഹം മുന്നോട്ട് പോകുമ്പോൾ അതിൽ ഒരു കൂട്ടരുടെ ഭക്ഷണസംസ്കാരത്തെ മുൻ നിറുത്തി അവരെ അകറ്റി നിറുത്താനുള്ള ശ്രമമാണ് യഥാർത്ഥത്തിൽ പ്രശ്നവൽകരിക്കേണ്ടത്.

‘ഭക്ഷണത്തിൽ മതം കലർത്തുന്നതിനെതിരെ’, ‘ഭക്ഷണത്തിന് മതമില്ല’ , ‘സെക്യുലർ ഫുഡ് ഫെസ്റ്റ്’ തുടങ്ങി സംഘപരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയെന്ന പേരിൽ ഇടതു വിദ്യാർത്ഥി- യുവജന സംഘടനകൾ നടത്തിയ സമരങ്ങളുടെ ഏറ്റവും വലിയ പരിമിതി അവ യഥാർത്ഥ വിഷയത്തെ മറച്ചു വെച്ച് വിഷയത്തിൻ്റെ ഗൗരവത്തെ നിർവീര്യമാക്കുന്നുവെന്നത് തന്നെയാണ്. ഭക്ഷണ രീതികളെ ആധാരമാക്കിയുള്ള വെറുപ്പുൽപാദനവും ഹിംസകളും ചരിത്രത്തിൽ നിരന്തരം നടന്നിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ മൃഗാവകാശങ്ങളെ ഉയർത്തിപ്പിടിച്ച് ഹലാൽ / കോഷെർ ഭക്ഷണങ്ങൾക്കെതിരെ ധാരാളം ക്യാമ്പയിനുകളും നിയമപരമായ ഇടപെടലുകളും നടന്നു കൊണ്ടിരിക്കുന്നുണ്ട്. ഹോളോകോസ്റ്റിന് മണ്ണൊരുക്കുന്നതിനായി നാസി ജർമനി നിർമിച്ച ആദ്യ കാലനിയമങ്ങളിലൊന്ന് ജൂതരുടെ ഭക്ഷണത്തെ ഉന്നം വെക്കുന്നതായിരുന്നു. ‘ശരീഅത് നിയമം നടപ്പിലാക്കാനുള്ള ശ്രമം’, ‘ഹലാൽ ബോർഡെന്നാൽ മുസ്‌ലിമിതര ജീവനക്കാർ ഇല്ലെന്നാണ് അർത്ഥം’ തുടങ്ങിയ വ്യാജപ്രചരണങ്ങളിലൂടെ ആരംഭിച്ച് ശക്തി പ്രാപിച്ച ഇന്ത്യയിലെ ഹലാൽ വിരുദ്ധ ക്യാമ്പയിനിനെ തുപ്പിയ ഭക്ഷണമാക്കിയും നിരോധിക്കപ്പെടേണ്ട ദുരാചാരമാക്കിയും അവതരിപ്പിക്കുകയാണ് ബി ജെ പി കേരളത്തിൽ ചെയ്തത്. എങ്ങോ നടക്കുന്ന ബോംബ് സ്ഫോടനങ്ങളെ കുറിച്ച് പറയുന്നതിനെക്കാൾ തൊട്ടയൽപക്കത്തുള്ള മുസ്‌ലിം വീടുകളിലെ അടുക്കളയെ കുറിച്ചും തൊട്ടടുത്ത് പ്രവർത്തിക്കുന്ന മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹോട്ടലിനെ കുറിച്ചും പറയുന്നതാണ് സംഘപരിവാറിന് എളുപ്പം. ഇതാണ് മർമം. ഹലാൽ വിരുദ്ധ പ്രചാരണങ്ങളുടെ ഉന്നം മുസ്‌ലിം സാന്നിധ്യങ്ങളെ അന്യവൽകരിക്കുക, പൈശാചികവൽക്കരിക്കുക തുടങ്ങിയവയാണ്. അഥവാ അതൊരു ഇസ്‌ലാമോഫോബിയയുടെ പ്രശ്നമാണ്.

ഹലാൽ വിവാദം ഇസ്‌ലാമോഫോബിയയുടെ ഭാഗമാണെന്ന് ഇടതുസംഘടനകൾ മനസ്സിലാക്കുന്നുണ്ടോ എന്നതാണ് ചോദ്യം. മനസ്സിലാക്കിയാലും ഇല്ലെങ്കിലും അവരതിനെ അങ്ങനെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നത് വ്യക്തമാണ്. അങ്ങനെ അവതരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ എ എ റഹീം തൻ്റെ ഫെയ്സ്ബുക്കിൽ പങ്കുവെക്കാൻ തെരഞ്ഞെടുക്കേണ്ട ഡസൻ കണക്കിന് ഹോട്ടലുകൾ കോഴിക്കോട് നഗരത്തിൽ തന്നെയുണ്ട്. റഹീം മനഃപൂർവം അവയിലൊന്നു പോലും തെരഞ്ഞെടുത്തില്ല. കാരണം, റഹീമിന് പരമാവധി പറയാൻ പറ്റുക ഭക്ഷണത്തിൽ മതം കലർത്തരുതെന്ന് മാത്രമാണ്.

ഭക്ഷണത്തിന് മതമില്ല, പ്രണയത്തിന് മതമില്ല, പൗരത്വത്തിന് മതമില്ല, വസ്ത്രധാരണ സ്വാതന്ത്ര്യത്തിന് മതമില്ല തുടങ്ങിയ ആപ്തവാക്യങ്ങൾ കൊത്തിവെച്ച ഇരുവശങ്ങളുള്ള നാണയമെടുത്ത് ചുഴറ്റുവാൻ മാത്രമേ ഇടതുരാഷ്ടീയത്തിന് കഴിയുകയുള്ളൂ എന്ന പരിമിതി റഹീമിൻ്റ ഫോട്ടോ മുതൽ എസ് എഫ് ഐ യുടെ ക്യാമ്പസ് സെക്കുലർ ഫുഡ് ഫെസ്റ്റിന് വരെയുണ്ട്. ‘പരിപാടിയിൽ പന്നിക്കറിക്കൊരു കൗണ്ടർ വേണ്ടേ?’ എന്ന ചോദ്യം യൂണിറ്റ് കമ്മിറ്റി ഗ്രൂപ്പിൽ ഉയരുന്നതും അതു കൊണ്ടാണ്. യൂറോപ്പിലെ തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ മുതൽ ഇന്ത്യയിലെ തീവ്രഹിന്ദുത്വ ഗ്രൂപ്പുകൾ വരെ മുസ്‌ലിം സമൂഹത്തിനെതിരിൽ പ്രയോഗിച്ചു വരുന്ന മറ്റൊരു രാഷ്ട്രീയ ഉപകരണമാണ് പന്നിയെന്ന് കൂടി ചേർത്തു വായിക്കണം. പന്നി കഴിക്കുന്നവരുടെ സ്വാതന്ത്ര്യത്തെയും മതവിശ്വാസങ്ങളെയും മുസ്‌ലിം സമൂഹം ബലം പ്രയോഗിച്ച് ഹനിക്കുന്നുവെന്ന സംഘ് നിർമിത നുണയെ സത്യമായി അംഗീകരിക്കാൻ ഡി വൈ എഫ് ഐ നിർബന്ധിതമായി എന്നതാണ് സത്യം.

പശുവിൻ്റെ കൗണ്ടറിന് തൊട്ടപ്പുറത്ത് പന്നിയുടെ കൗണ്ടറും കൂടി വെക്കുമ്പോഴാണ് തീർച്ചയായും അതൊരു അൾട്രാ സെക്കുലർ ഫുഡ് ഫെസ്റ്റാകുന്നത് എന്നതിൽ തർക്കമില്ല. പശുവിൻ്റെ കൗണ്ടറിടണമെങ്കിൽ പന്നിയുടെ കൗണ്ടറും അനിവാര്യമാണെന്ന രാഷ്ട്രീയയുക്തി ഇപ്പോഴും കൊണ്ടു നടക്കുന്ന ഇടതുപക്ഷമാണ് ഏറ്റവും മികച്ച രാഷ്ട്രീയ യാഥാസ്ഥിതികർ എന്നതിൽ തർക്കമില്ലാത്തതു പോലെ.

By ഷംസീർ ഇബ്രാഹിം

National President, Fraternity Movement