അതിരുകള്‍ ഭേദിച്ച അധ്യാപനശാസ്ത്രം: ബെല്‍ ഹൂക്സിനെ വായിക്കുമ്പോള്‍

നീതിബോധവും സമത്വത്തിലൂന്നിയ നൈതികതയും കൈമുതലാക്കിയ തത്വചിന്തകരും എഴുത്തുകാരും വിമോചനപാത കണ്ടെത്താനുള്ള അന്വേഷണം നടത്തിയവരാണ്. ഈ ശ്രമം അസംഭവ്യമാക്കും വിധമുള്ള ആധിപത്യ പ്രവണതകള്‍ക്കും അധികാര കേന്ദ്രങ്ങള്‍ക്കും എതിരെ പ്രതിരോധാഹ്വാനം നടത്താനും അവർ വിമുഖത കാണിക്കാറില്ല. ഇത്തരം വിമോചന സിദ്ധാന്തങ്ങളുടെ സ്വതന്ത്രമായ പ്രയോഗത്തിന് ബൗദ്ധികമായ മുന്നൊരുക്കവും മണ്ണൊരുക്കവും നടത്തുന്നതില്‍ വിദ്യാഭ്യാസ ഇടങ്ങള്‍ മുഖ്യമായ പങ്കു വഹിക്കുന്നു. ചിന്തയുടെ പ്രഭവകേന്ദ്രങ്ങളായ ഈ ഇടങ്ങളെ സക്രിയവും ചലനാത്മകവുമാക്കുന്നതിൽ നമ്മുടെ സൈദ്ധാന്തിക അടിത്തറ എത്രത്തോളം വിജയം കണ്ടു എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. ഈ ചോദ്യത്തെ അഭിമുഖീകരിക്കാനുള്ള പ്രാഥമിക ബാധ്യത സൈദ്ധാന്തികര്‍ക്കും ചിന്തകര്‍ക്കും രാഷ്ട്രീയ അധ്യാപകര്‍ക്കും തന്നെയാണ്. പ്രതിരോധത്തിന്റെ അധ്യാപനശാസ്ത്രവും  പ്രയോഗവും ഉള്‍ക്കൊള്ളുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായത്തെ വിഭാവന ചെയ്യാൻ അപൂര്‍വ്വം ചില ഉദ്യമങ്ങളേ സൈദ്ധാന്തിക മേഖലയില്‍ നിന്നും ഉയർന്നു വന്നിട്ടുള്ളൂ. ഈ അനിശ്ചിതത്വത്തിന്റെ പ്രതലത്തില്‍ നിന്നു കൊണ്ടേ ബെല്‍ ഹൂക്സിന്റെ ഇടപെടലുകളെ നമുക്ക് വായിക്കാനാവൂ.

ജീവിതത്തിൽ ആദ്യമായി അധ്യാപികയായി നിയമിതയാവുന്നതിന് ആഴ്ചകള്‍ മുന്നേ തന്നെ ബെല്‍ ഹൂക്സ് ഭയവിഹ്വലയായിരുന്നു. അക്കാദമിക ലോകത്തിന്റെ കുരുക്കില്‍ പെട്ട് ജീവിതം തള്ളി നീക്കേണ്ടി വരുമോ എന്നായിരുന്നു ബെല്ലിൻ്റെ ഉല്‍ക്കണ്ഠ. വിമോചനത്തെ ജീവിതലക്ഷ്യമായി കൊണ്ടുനടക്കുകയും അപ്രകാരം വിദ്യാഭ്യാസത്തെ വളരെ വ്യക്തിപരമായ ഒരു അനുഭവവും കൂട്ടായ ഒരു പ്രയത്നവുമായി കാണുന്ന കറുത്തവര്‍ മാത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന വിദ്യാലയങ്ങളില്‍ ആയിരുന്നു സ്കൂൾ ജീവിതം. അത്തരമൊരു ഹൃദ്യമായ വിദ്യാഭ്യാസ ജീവിതത്തിൽ നിന്നും ബിരുദ-ബിരുദാനന്തര പഠനത്തിലേക്ക് കടന്നപ്പോഴേക്കും തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകമായിരുന്നു അവര്‍ക്കു മുന്നില്‍ തുറക്കപ്പെട്ടത്. അടിച്ചേല്പിക്കലുകളും ആധിപത്യം സ്ഥാപിക്കലും നിരന്തരമായ നിയന്ത്രണങ്ങളും കൊണ്ട് വീര്‍പ്പുമുട്ടുന്ന ക്ലാസ്മുറികള്‍. അധ്യാപകരാവട്ടെ അധ്യാപനത്തെ കുറിച്ച് യാതൊരു കാഴ്ചപ്പാടും ഇല്ലാത്തവരും. അതിൽ ഭൂരിഭാഗം പേരും വെള്ളവംശീയതയും പുരുഷ മേല്‍ക്കോയ്മയും നിർമ്മിച്ചെടുത്ത അധികാരഘടനയുടെ അടിമകളും. ബ്രസീലിയൻ ചിന്തകന്‍ പൌലോ ഫ്രയറെയുടെ ഭാഷയില്‍ പറഞ്ഞാൽ മനസ്സിനെ ഉദ്യോഗസ്ഥവല്‍ക്കരിച്ച ഒരുപറ്റം മനുഷ്യര്‍. ഈയൊരു ചുറ്റുപാടിലാണ് ഗ്ലോറിയ വാട്ട്കിൻസ് എന്ന കറുത്ത വിമതചിന്തക അക്കാദമിയയിലെ കലാപകാരിയായി വളര്‍ന്നു വന്നത്. ഈ സവിശേഷ സാഹചര്യമാണ് അധ്യാപനത്തെ ഭയത്തോടെ നോക്കികാണാനും അതേ പോലെ പ്രതീക്ഷയോടെ അതിനെ ഉടച്ച് വാര്‍ക്കാനും അവരെ പ്രേരിപ്പിച്ചത്.

തന്റെ അധ്യാപനശാസ്ത്ര ചിന്തകളെ സ്വാധീനിച്ച രണ്ട് അധ്യാപകരെ കുറിച്ച് ബെല്‍ ഹൂക്സ് “Teaching to Transgress: Education as the Practice of Freedom” എന്ന പുസ്തകത്തിന്റെ തുടക്കത്തിൽ പരാമര്‍ശിക്കുന്നുണ്ട്. വിയറ്റ്നാമീസ് ബുദ്ധ സന്യാസിയായ തിക്നാറ്റ് ഹാങ്ങും ബ്രസീലിയൻ ചിന്തകന്‍ പൌലോ ഫ്രയറെയുമായിരുന്നു ആ രണ്ടുപേര്‍. ഒരു ബാങ്കിങ് സംവിധാനം കണക്കെ പ്രവര്‍ത്തിച്ചു വന്ന വിദ്യാഭ്യാസത്തെ വിചാരവും വികാരവുമുള്ള മനുഷ്യരൂപത്തിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ബുദ്ധമത തത്വശാസ്ത്രത്തെ പ്രയോഗവല്‍ക്കരിക്കും വിധം അധ്യാപകരും വിദ്യാര്‍ത്ഥികളും തുല്യപങ്കാളിത്തത്തോടെ പരസ്പരം “പൂര്‍ണ മനുഷ്യരായി” കാണുന്ന ഒരു ആത്മീയ അനുഭവമായാണ്‌ തിക്നാറ്റ് ഹാങ്ങ് വിദ്യാഭ്യാസത്തെ നോക്കികാണുന്നത്. സാമൂഹിക ക്രമം വിദ്യാർത്ഥികളുടെ ആത്മാവിനേല്‍പിച്ച മുറിവുകളെ അധ്യാപകര്‍ ഒരു വൈദ്യനെ പോലെ പരിചരിക്കുകയും അവരുടെ ഉയര്‍ച്ചക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്നു. അത് മൂലം വിമോചന പാതയില്‍ പരസ്പരം ഒന്നിച്ചു മുന്നേറാനും അവര്‍ക്ക് സാധിക്കുന്നു. ഫ്രയറെയാവട്ടെ മനുഷ്യ മനസ്സിന്റെ സാധ്യതകളെ പരിപോഷിപ്പിച്ച് വിചിന്തനവും പ്രവര്‍ത്തനവും ഒന്നിച്ചു കൊണ്ടുപോകാൻ പ്രാപ്തമായ ഒരു വിമോചന പ്രയോഗമായാണ് വിദ്യാഭ്യാസത്തെ നിര്‍വചിക്കുന്നത്. അധികാരഘടനയെ ചോദ്യംചെയ്യുക വഴി വിമര്‍ശനാത്മക വിദ്യാഭ്യാസം അര്‍ത്ഥപൂര്‍ണ്ണവും ആസ്വാദ്യകരവുമായ ഒരു അനുഭവമായിത്തീരുന്നു.

വിമര്‍ശനാത്മകത, പൂര്‍ണ പങ്കാളിത്തം, വിമോചന പ്രയോഗം, ആസ്വാദനം തുടങ്ങി നിരവധി മാനുഷികഗുണങ്ങള്‍ ഇരുവരും വിദ്യാഭ്യാസത്തിന് നല്‍കുമ്പോഴും അവയ്ക്കു പുറമെ ക്ലാസ്മുറികളില്‍ നിറഞ്ഞു നില്‍ക്കേണ്ട “ആവേശം” എന്ന ഘടകത്തെ കുറിച്ച് ബെല്‍ ഹൂക്സ് എന്നും വാചാലയാവാറുണ്ടായിരുന്നു. അതിന്റെ പ്രായോഗികരൂപം മിന്‍ ജിന്‍ ലീ എന്ന കൊറിയന്‍ അമേരിക്കൻ എഴുത്തുകാരി ബെല്‍ ഹൂക്സ് എന്ന അധ്യാപികയെ സ്മരിച്ചു കൊണ്ടെഴുതിയ ലേഖനത്തില്‍ നമുക്ക് കാണാം. ക്ലാസ്മുറികളിലെ ചൂടേറിയ ചര്‍ച്ചകളും തീവ്രമായ ആത്മബന്ധവും പുതിയ പ്രതീക്ഷകള്‍ക്ക് വഴിവെക്കുന്നതായി ലീ നിരീക്ഷിക്കുന്നു. വിദ്യാര്‍ത്ഥികള്‍ കേവലം വിജ്ഞാനാന്വേഷകരായി ഒതുങ്ങുന്നതിനപ്പുറം സങ്കീര്‍ണമായ ജീവിത പരിസരങ്ങളിലെ അനുഭവങ്ങളും ആശങ്കകളും പ്രത്യാശകളും പരസ്പരം കൈമാറുക വഴി പ്രതിരോധത്തിന്റെ പ്രേമ പാത തീർക്കാൻ കഴിയുന്ന ഇടങ്ങള്‍ സാധ്യമാകുന്നു. പാശ്ചാത്യ സര്‍വകലാശാലകളില്‍ തന്റെ ഏഷ്യൻ സ്വത്വം നേരിട്ടിരുന്ന അരികുവല്‍ക്കരണത്തെ സ്വാഭാവികമായി കണ്ടിരുന്ന അവസ്ഥയില്‍ നിന്ന് ആത്മാഭിമാനത്തോട് കൂടി സാംസ്കാരിക വിമര്‍ശനം നടത്താൻ തന്നെ പ്രേരിപ്പിച്ചത് ബെല്‍ ഹൂക്സിന്റെ എഴുത്തുകളും അധ്യാപന സമീപനവും ആണെന് ലീ തുറന്നു സമ്മതിക്കുന്നു.

ആഫ്രിക്കനമേരിക്കന്‍ സംസ്കാര സന്ദര്‍ഭത്തിൽ നിന്നും ശക്തവും വിമോചനാത്മകവുമായ സാമൂഹ്യ രാഷ്ട്രീയ വിമര്‍ശനം നടത്തുന്ന ഒരു എഴുത്തുകാരി ആയോ ഫെമിനിസ്റ്റ് ആയോ ഒക്കെ നമുക്ക് ബെല്ലിനെ വായിക്കാം. എന്നാല്‍ ആത്യന്തികമായി അവർ സംസാരിക്കുന്നത്‌ സ്നേഹമെന്ന സ്വാതന്ത്ര്യ പ്രയോഗത്തെ കുറിച്ചാണ്. പത്തൊമ്പതാം വയസ്സില്‍ എഴുത്ത് പൂര്‍ത്തിയാക്കിയ “Ain’t I a Woman” എന്ന ആദ്യ രചന വായിക്കുന്ന ആര്‍ക്കും പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള ഒരു ചിന്തകയെ ആണ്‌ ദര്‍ശിക്കാൻ സാധിക്കുക. ബെല്‍ പറയാറുള്ളത് പോലെ സിദ്ധാന്തങ്ങളുടെ ലോകത്തിലേക്ക് കാലെടുത്തു വെക്കാൻ അവരെ പ്രേരിപ്പിച്ചത് തീവ്രമായ വേദനയായിരുന്നു. ഒപ്പം തനിക്കുള്ളിലും ചുറ്റിലും നടക്കുന്ന കാര്യങ്ങളെ ചോദ്യം ചെയ്യാനും ഗ്രഹിക്കാനുമുള്ള ചോദനയായിരുന്നു. അതിനാല്‍ തന്റെ സൈദ്ധാന്തിക ദര്‍ശനത്തെ മുറിവുകള്‍ ഉണക്കാനുള്ള ഒരിടമായി അവർ കണ്ടെത്തി. മനുഷ്യനോളം തന്നെ പഴക്കമുള്ള വിമോചനം എന്ന അന്വേഷണം വ്യക്തിപരമായ ഒരു ദൗത്യമായി സ്വീകരിച്ചത് കൊണ്ടാകാം ബെല്‍ ഹൂക്സിന്റെ എഴുത്തിനെ ദീര്‍ഘകാലത്തെ പാരമ്പര്യമുള്ള മനുഷ്യമനസ്സുകളോട് അടുത്തുനില്‍ക്കുന്ന ചിന്താപ്രപഞ്ചമായി നമുക്ക് അനുഭവപ്പെടുന്നത്. ലോകമെമ്പാടുമുള്ള വിമോചന പ്രസ്ഥാനങ്ങൾക്കും കീഴാള മുന്നേറ്റങ്ങൾക്കും വിശിഷ്യാ സ്ത്രീ മുന്നേറ്റങ്ങൾക്കും അവ പ്രചോദനമാകുന്നത് വ്യക്തികളെ ആത്മബന്ധിതമായി സ്വാധീനിക്കാനുള്ള ഈ ശക്തി കാരണം തന്നെയാണ്. ഈയൊരു ബന്ധവും വികാരവും ഉൾചേര്‍ന്ന തന്റെ എഴുത്തിന്റെ ഉള്ളടക്കത്തേക്കാൾ വലുതല്ല ഒരു പേരും എന്ന രാഷ്ട്രീയ ബോധ്യത്തില്‍ നിന്നാണ് “bell hooks” എന്ന തൂലികാ നാമം ചെറിയ അക്ഷരങ്ങളില്‍ മാത്രം എഴുതാനുള്ള പാരമ്പര്യേതര തീരുമാനം ഗ്ലോറിയ വാട്ട്കിൻസ് എടുക്കുന്നത്.

വിയോഗത്തെ തുടര്‍ന്നു ചർച്ച ചെയ്യപ്പെട്ട അനുശോചന കുറിപ്പുകളിൽ ഭൂരിഭാഗവും ഒരു പൊതുതത്വം പങ്കുവെച്ചു. അവരെല്ലാവരും ബെല്ലിന്റെ ചിന്തകളും രചനകളും ഒരു അഭയകേന്ദ്രമായും ആശ്വാസത്തിന്റെ ഉറവിടമായും അനുഭവിച്ചിരുന്നു. ബെല്ലിന്റെ ആശയങ്ങളുമായുള്ള അവരുടെ ഇടപെടൽ തികച്ചും വ്യക്തിപരമായിരുന്നു എന്നാൽ അവയുടെ രാഷ്ട്രീയ ദൗത്യം സാമൂഹികതലത്തില്‍ നിര്‍വഹിക്കപ്പെടുന്നുമുണ്ടായിരുന്നു. ടെഡ് ഹ്യൂജ്സ് അവാർഡ് നേടിയ യുവകവിയും എഴുത്തുകാരനുമായ ജെയ് ബര്‍ണാഡ് ബിരുദപഠനത്തിനാനന്തരം തീര്‍ത്തും നിരാശനായി നടന്ന തനിക്ക് ദിശാബോധം നല്‍കിയത് ബെല്ലിന്റെ എഴുത്തുകളാണ് എന്നെഴുതി. പഠനകാലത്ത് താന്‍ പ്രത്യയശാസ്ത്രമായി സ്വീകരിച്ച ഉദാരവാദത്തില്‍ അടങ്ങിയിട്ടുള്ള വംശീയതയെ തിരിച്ചറിയാന്‍ സഹായിച്ചതും ആ രചനകളാണ്. പ്രശസ്ത ബ്രിട്ടീഷ് പത്രപ്രവർത്തകയായ അഫുവ ഹിർഷിനെ സംബന്ധിച്ചിടത്തോളം തന്റെ സഹജമായ വികാരങ്ങൾ സധൈര്യം പ്രകടിപ്പിച്ച ബെല്ലിന്റെ എഴുത്തുകള്‍ വായിക്കുന്നത് ആശ്വാസത്തിന്റെ അഗാധമായ അനുഭവമായിരുന്നു. ടി വി അവതാരകനും ഫോട്ടോഗ്രഫറുമായ ജോണി പിറ്റ്സിന്റെ അനുഭവത്തില്‍ അടിച്ചമർത്തലിനെതിരെയുള്ള രോഷം ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും പീഡകനില്‍ നിന്നുള്ള നിയന്ത്രണത്തിന്റെ നോട്ടത്തെ തിരിച്ചുവിട്ടു കൊണ്ട് നിര്‍ഭയത്വത്തോടെ പ്രതിരോധം തീർക്കാനും സഹായിച്ച മാര്‍ഗദര്‍ശിയായിരുന്നു ബെല്ലിന്റെ ആശയങ്ങള്‍.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് അവർ നിലകൊള്ളുന്ന അരികുകള്‍ ഇല്ലായ്മയുടെ ഇടങ്ങളെക്കാൾ റാഡിക്കലായ സാധ്യതകളുടെയും നൂതന പ്രതിരോധത്തിന്റെയും ഇടങ്ങള്‍ കൂടിയാണ്‌. ഈ വിമോചനാത്മക ദര്‍ശനത്തിന്റെ പ്രയോഗമാണ് വ്യക്തിപരം, രാഷ്ട്രീയം, അക്കാദമികം എന്നീ വേര്‍തിരിവുകൾ തകര്‍ത്തെറിഞ്ഞ ബെല്ലിന്റെ ജീവിതവും ചിന്തയും. ആ പാരമ്പര്യം ഇന്നെന്ന പോലെ എന്നും കീഴാള മനസ്സുകളിൽ കുടികൊള്ളുമെന്നതിൽ സംശയമില്ല.

ബെൽ ഹുക്സിൻ്റെ കൃതികൾ:

  • hooks, bell. 1981.  Ain’t I a Woman:  Black Women and Feminism.  Boston:  South End Press.
  • 1992.  Black Looks:  Race and Representation.  Boston:  South End Press.
  • 1994. Outlaw Culture:  Resisting Representation.  London:  Routledge.
  • 1990.  Yearning, Race, Gender and Cultural Politics.  Boston:  South End Press.
  • 1991.   and Cornel West.  Breaking Bread: Insurgent Black Intellectual Life. New York: Picador.
  • 2016. Snehamenna Swatantrya Prayogam. Translated by Ajay Sekher, P J Benoy and Jaime Chithra. Patanamtitta: Prasakti.
By മുഹമ്മദ് നിഹാദ് പി വി

MA Sociology, University of Hyderabad