‘അഫ്‌സ്പ’യുടെ നിരോധനമാണ് നാഗാ ജനതയോടുള്ള ഏറ്റവും കുറഞ്ഞ നീതി

ഇന്ത്യന്‍ പട്ടാളം യാതൊരു കാരണവും കൂടാതെ കൊന്നുതള്ളിയ നിരപരാധികള്‍ക്കുവേണ്ടി നാഗാലാന്റ് ജനത അതിര്‍ത്തികള്‍ക്കപ്പുറം അലമുറയിടുകയാണ്. ഹൃദയഭേദകമായ ഇത്തരം ക്രൂരതകള്‍ ആ ജനതയ്ക്ക് പുതുമയല്ല എന്നു മാത്രമല്ല അവരുടെ കൂട്ടായ അനുഭവങ്ങളില്‍ അത് ഒരുപാട് വന്നുപോയതാണ്. മനുഷ്യജീവനുകള്‍ക്കേല്‍പ്പിക്കുന്ന പ്രഹരത്തെക്കുറിച്ച് തികച്ചും നിസ്സംഗരായ, ഭീകരനിയമങ്ങളാല്‍ സര്‍വ്വസജ്ജരായ വന്‍ സായുധപട്ടാളസേനയോട് പ്രതിരോധിച്ചു നില്‍ക്കാനുള്ള ശേഷിയില്ലായ്മ അവര്‍ക്കെന്നും നിസ്സഹായത മുറ്റിയ നിരാശയുടെ അനുഭവങ്ങളാണ്.

ഓട്ടിംഗ് കേസിലെ ഏറ്റവും മോശപ്പെട്ട സംഗതിയെന്തെന്നാല്‍ സംസ്ഥാന പോലീസ് സേനയുടെ അറിവോ നിര്‍ദേശമോ ഒന്നും കൂടാതെയാണ് 21 പാരാമിലിട്ടറി സൈനികര്‍ ഓപ്പറേഷന്‍ നടത്തിയത്. കുറ്റക്കാരായ പട്ടാളക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കുന്നതായി കാണിച്ച് പോലീസ് കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. ഒരു മേജര്‍ ജനറലിന്റെ നേതൃത്വത്തിലുള്ള സൈനിക കുറ്റാന്വേഷണവും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

കോന്‍യാകിലെ അക്ഷരാര്‍ഥത്തില്‍ അറുകൊല ചെയ്യപ്പെട്ട നിരപരാധികളായ ദിവസവേതനക്കാരുടെ കുടുംബത്തിന്റെ ദുഖഭാരത്തെക്കുറിച്ച് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ മതിയാകില്ല. ഇരകളില്‍ ഒരാള്‍ നവവരനും മറ്റൊരാള്‍ പ്രതിശ്രുത വരനുമായിരുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. അക്കൂട്ടത്തില്‍ ഇരട്ടസഹേദരന്‍മാരുമുണ്ടെന്നുമറിഞ്ഞു. തങ്ങളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്‌നങ്ങളുണ്ടായിരുന്നവരായിക്കും അവര്‍?

മാപ്പര്‍ഹിക്കാത്ത ഈ അതിക്രമത്തെ നിരവധി സംഘടനകള്‍ ശക്തമായിത്തന്നെ അപലപിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഹോണ്‍ബില്‍ ഉത്സവപരിപാടികളില്‍ നിന്നും ഒട്ടേറെ നാഗാ ഗോത്രക്കാര്‍ തങ്ങളുടെ ദുഖവും അമര്‍ഷവും പ്രകടിപ്പിച്ചുകൊണ്ട് വിട്ടുനില്‍ക്കുകയും, സംസ്ഥാനത്തുടനീളം മെഴുകുതിരി കത്തിച്ച് പ്രകടനവും പ്രതിഷേധ മാര്‍ച്ചും ബന്തുകളും സംഘടിപ്പിക്കുകയുമാണ്.

പട്ടാളവും ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഇരകള്‍ക്ക് നീതി ലഭ്യമാക്കേണ്ടതുണ്ട്, സംസ്ഥാന സര്‍ക്കാര്‍ അതിനുവേണ്ട നടപടികളെടുക്കുമെന്ന് ഉറപ്പുനല്‍കുകയും പലയിടങ്ങളില്‍ നിന്നായി അനുശോചന സന്ദേശങ്ങളും വരുന്നുണ്ട്. കൊന്നുതള്ളപ്പെട്ടവര്‍ക്ക് വേണ്ടി ഇനിയെന്ത് നീതിയാണ് ഇവര്‍ ഉറപ്പാക്കാന്‍ പോകുന്നത്? അവരുടെ മരണങ്ങള്‍ക്ക് ഇനി നല്‍കാവുന്ന ഏറ്റവും നല്ല നഷ്ടപരിഹാരം ഇനിയൊരിക്കലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലയെന്നു ഉറപ്പുവരുത്തലാണ്. എന്നുവെച്ചാല്‍ ഇങ്ങനെ സംഭവിക്കാന്‍ കാരണമായി വര്‍ത്തിച്ച കാര്യങ്ങളെ ആദ്യയനുഭവത്തില്‍ തന്നെ നീക്കംചെയ്യലാണ്.

സായുധസേനകള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന 1958 ലെ ഭീകരനിയമം (AFSPA) നാഗാ കലാപമടിച്ചമര്‍ത്താന്‍ ശിക്ഷാഭയം കൂടെ ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ പട്ടാളത്തിന് അനുമതി നല്‍കിയിട്ട് കാലങ്ങളായി.

പിന്നീട് മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ജമ്മു-കാശ്മീരിലേക്കും നിയമത്തെ വ്യാപിപ്പിക്കുകയും ഈയിടങ്ങളിലെ ജനങ്ങള്‍ നിരന്തരം ഈ ഭീകരനിയമം നിരോധിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ശബ്ദമുയര്‍ത്തുകയും ചെയ്തുവരുന്നു. സര്‍ക്കാര്‍ നിയമിച്ച റെഡ്ഡി കമ്മീഷനും സമാന ആവശ്യം തന്നെ ഉയര്‍ത്തിയിരുന്നു. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ ഇന്നുവരെ അതിനെ തള്ളിക്കളയുകയായിരുന്നു. വടക്കു-കിഴക്കന്‍ മേഖലയിലെ ചില സംസ്ഥാനങ്ങൾ കേന്ദ്ര സര്‍ക്കാര്‍ ഭാഷ്യത്തെ ഏറ്റുപിടിക്കുകയുണ്ടായിട്ടുണ്ട്. ഈ ഭീകരനിയമം പ്രദേശത്തുണ്ടാക്കിയ കെടുതികള്‍ ചെറുതല്ല.

നാഗാലാന്റിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമവായ നടപടികള്‍ അതിന്റെ അന്തിമഘട്ടത്തിലേക്കു കടന്നുകൊണ്ടിരിക്കെ ആസാമില്‍ നിന്നും പ്രത്യേക മിലിട്ടറി സേനയെ കൊണ്ടുവരാനുള്ള ചോദനയെന്താണ്? വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ രണ്ടു ബോഡികളും നിയമനിര്‍ദേശങ്ങളും മേഖലയില്‍ നിലനില്‍ക്കേണ്ടതാണ്. ആ നിയമങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നിയമലംഘനം നടത്തിയവരെ തിരിച്ചറിയാനും നാഗാ ജനതയ്ക്ക് സമാധാനത്തിനു വേണ്ടി കാംക്ഷിക്കുന്നവരാരൊക്കെയെന്ന് തിരിച്ചറിയാനും കഴിയും. പൊതുതാല്‍പ്പര്യങ്ങള്‍ക്കെതിരെ നീങ്ങുന്ന സംഘങ്ങള്‍ക്കെതിരെ സംഘടിച്ചു കൊണ്ട് മുന്നോട്ടു വരാന്‍ നാഗാ സിവില്‍ സമൂഹത്തിന് കഴിഞ്ഞിരുന്നു.

പട്ടാളക്കാര്‍ ശത്രുക്കളുമായി യുദ്ധം ചെയ്ത് കൊലപ്പെടുത്താന്‍ ഉള്ള പരിശീലനം നേടിയവരാണ്. ശത്രുവേത് മിത്രമേത് എന്നറിയാത്ത തികച്ചും അപരിചിതമായ ഒരു മൈതാനത്തേക്കാണ് അവരെയിറക്കി വിടുന്നത്. നിങ്ങളവര്‍ക്ക് ആയുധങ്ങള്‍ മാത്രമല്ല കൊടുത്തുവിടുന്നത് യാതൊരു അനന്തരഫലങ്ങളും കൂടാതെ ആരെയും വെടിവെച്ചു കൊല്ലാനുള്ള അധികാരം കൂടിയാണ്. സര്‍ക്കാരാണ് മുഴുവന്‍ സംഭവങ്ങളുടെയും യഥാര്‍ഥ ഉത്തരവാദി!

അഫ്‌സ്പ നിയമനിര്‍മാണം മുഖേന ഇന്ത്യയൊട്ടാകെ റദ്ദുചെയ്യാനും ഇന്ത്യന്‍ ഗവണ്‍മെന്റ് തയ്യാറാണോ? അങ്ങനെയെങ്കില്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജമ്മു-കാശ്മീരിലെയും ജനങ്ങള്‍ക്ക് ഇനിയൊരിക്കലും ഈ ഭീകരനിയമങ്ങളുടെ പേരില്‍ സര്‍ക്കാരുകളോട് പരാതി പറയേണ്ടി വരില്ല. ഈ നിയമം ആവശ്യമാണെന്നു ന്യായീകരിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന് കഴിയുമായിരുന്ന ഒരു സമയമുണ്ടായിരുന്നിരിക്കാം എന്നാല്‍ ഇനിയതിന് കഴിയില്ല. മധ്യപ്രദേശിലെ ചമ്പല്‍ വാലിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടാകുന്നതിനെക്കാള്‍ ‘അസ്വസ്ഥാജനകമായ’ സംഭവങ്ങള്‍ അരങ്ങേറിയ സമയമുണ്ടായിരുന്നു. ഇവിടെ സര്‍ക്കാര്‍ കാണിക്കുന്ന ശുഷ്‌കാന്തി അവിടെ കാണാത്തത് നോര്‍ത്ത് ഈസ്റ്റ് ജനതയില്‍ ആശ്ചര്യമുണ്ടാക്കിയിരുന്നു.

ഇന്ത്യയുടെ ജീവിതത്തില്‍ നാഗാ ജനത എന്തു പങ്കുവഹിക്കുന്നുവെന്നാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് കരുതുന്നതെന്ന ചോദ്യം ഇവിടുത്ത ജനങ്ങള്‍ ഉറക്കെ ചോദിക്കുമ്പോഴെല്ലാം ഉത്തരമുണ്ടായിട്ടില്ല. ഇന്ത്യയിലെ മറ്റിടങ്ങളിലുള്ള പൗരന്മാര്‍ അനുഭവിക്കുന്ന അതേ അവകാശങ്ങള്‍ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ നിയമനിര്‍മ്മാണങ്ങളുടെ പേരില്‍ നോര്‍ത്ത്-ഈസ്റ്റ് ജനതയ്ക്ക് നിഷേധിക്കപ്പെടുന്നതിന്റെയും നാഗാ സമവായക്കരാറിന്റെയുമെല്ലാം (Naga Settlement) പശ്ചാത്തലത്തില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് വിശേഷിച്ചും സാധുതയുണ്ട്.

ഇത്തരമൊരു കേസില്‍ പേരിനെങ്കിലും ഒരു അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?

ഏറ്റവും ചുരുങ്ങിയത് ചില ചോദ്യങ്ങള്‍ക്കെങ്കിലും അത് ഉത്തരം തരികയും ചില ബാധ്യതകളെങ്കിലും നിറവേറപ്പെടുകയും ചെയ്യും. മരിച്ചവരെ തിരികെ കൊണ്ടുവരില്ല. പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ അനുമതിയുണ്ടെങ്കില്‍ മാത്രമേ അഫ്‌സ്പ കേസില്‍ അന്വേഷണം സാധ്യമാവുകയുള്ളൂ. പരമാവധി നീതി ഉറപ്പാക്കാന്‍ അധികാരസ്ഥാനങ്ങളിലുള്ളവര്‍ ഗൗരവപൂര്‍വ്വം നീങ്ങുകയാണെങ്കില്‍ ഇത്തരം ദാരുണസംഭവങ്ങള്‍ക്കു കാരണമാകുന്ന ഘടനകളെക്കൂടിയവര്‍ നീക്കം ചെയ്യാന്‍ ശ്രമിക്കേണ്ടതുണ്ട്. അവരത് ചെയ്യുന്നില്ലെങ്കില്‍, എത്ര നല്ല ഉദ്ദേശമാണ് അതിനു പിന്നിലെങ്കില്‍ പോലും ഭാവിയില്‍ അതീവ ഭീകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിലേക്കാണത് നയിക്കുക.

(ലേഖകൻ Nagaland Page ൽ എഴുതിയ പ്രതികരണം)

By ചാൾസ് ചേസി

Writer and Journalist