വംശഹത്യാ രാഷ്ട്രീയത്തിന്റെ മന:ശ്ശാസ്ത്രം

അസമിലെ ദാരംഗ് ജില്ലയിൽ മുസ്ലിംകളെ അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് കുടിയൊഴിപ്പിക്കുന്നതിനിടെ വെടിയേറ്റുവീണ മുസ്ലിമിന്റെ മൃതശരീരത്തിൽ ചാടിച്ചവിട്ടുന്ന ബിജോയ്ബനിയ എന്ന ഫോട്ടോഗ്രാഫറുടെ ചിത്രം നമ്മെ ഞെട്ടിച്ചിട്ടുണ്ടാകും. ഇതെഴുതുമ്പോൾ ത്രിപുരയിൽ മുസ്ലിംകൾക്കെതിരെ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിന്റെ അത്യന്തം ഞെട്ടിക്കുന്ന വീഡിയോകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.   മനുഷ്യർക്കിത്രത്തോളം ക്രൂരമാകാൻ കഴിയുന്നത് എങ്ങനെയാണ് എന്ന ആശങ്കയോടെ‍, ഞെട്ടലോടെയാണ് പലരും ഇതിനെ നോക്കിക്കാണുന്നത്. എന്നാൽ വെറുപ്പിനെയും വംശഹത്യയെയും തങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തിനു മൂലധനമാക്കുകയും, വംശീയതയെയും ദേശീയതാസങ്കുചിതത്വത്തെയും ആദർശമാക്കിയും കൊണ്ടുനടക്കുന്നവരുടെ തന്ത്രങ്ങളെക്കുറിച്ച് പഠനവിധേയമാക്കി എതിർതന്ത്രങ്ങൾ നിർമ്മിക്കുക എന്നതാണ് കേവലമായ ആശങ്കകൾക്കപ്പുറത്ത് വെറുപ്പിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നവർ ചെയ്യേണ്ട ദൗത്യം.

Researching Perpetrators of Genocide എന്നപുസ്തകത്തിന് Kjell Anderson നും Erin Jessie യുംചേർന്ന അവതാരികയിൽ പറയുന്നതും വംശഹത്യാ കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ആളുകളെ അതീവ ലളിതയുക്തിയിൽ കാണുന്നതിനു പകരം സൂക്ഷ്മമായി പഠനവിധേയമാക്കണമെന്നാണ്. സാധാരണ​മായി ജീവിക്കുന്ന ആളുകൾ പെട്ടെന്നൊരു ദിവസം ആയുധമെടുത്ത് തങ്ങളുടെ അയൽവാസിയെ കൊല്ലാനും, ബലാത്സംഗം ചെയ്യാനും അതിക്രൂരമായ ആക്രമണങ്ങൾ നടത്താനും ഇറങ്ങിപ്പുറപ്പെടുന്നതിന്റെ ചോതോവികാരത്തെ സൂക്ഷ്മമായി പഠനവിധേയമാക്കണമെന്നാണ് പ്രസ്തുത ആമുഖത്തിൽ ഇരുവരും പറയുന്നത്. സംഘ്പരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ അതിന്റെ സങ്കീർണ്ണതയിൽ കാണാൻ പലപ്പോഴും നമുക്ക് കഴിയാറില്ല. സങ്കീർണ്ണമായ ചോദ്യങ്ങൾങ്ങൾക്ക്, ലളിതമായ ഉത്തരങ്ങളല്ല വേണ്ടതെന്ന് അവർ പറഞ്ഞു വെക്കുന്നു.

ജെൽ ആൻഡേഴ്സൺ

ലോകത്തിന്റെ പലഭാഗത്തു നടന്ന വംശഹത്യകളിൽ കുറ്റംചാർത്തപ്പെട്ടവരെക്കുറിച്ചുള്ള പഠനമാണതെങ്കിലും ഇത്തരം പഠനങ്ങൾ ഇന്ത്യയിലെ വംശഹത്യാ രാഷ്ട്രീയക്കാരെ മനസ്സിലാക്കാനുപകരിക്കും. പലപ്പോഴും കേവലമായ ​ഗാന്ധിയൻ യുക്തിയിലുള്ള മതസൗഹാർദ്ദാഹ്വാനവും ഉപരിപ്ലവമായ പ്രതിരോധാഹ്വാനവുമാണ് സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയത്തിൽ മുഴങ്ങിക്കേൾക്കാറുള്ളത്. മറിച്ച് സൂക്ഷ്മമായി സംഘ്പരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ അതിന്റെ സങ്കീർണ്ണതയിലും മനസ്സിലാക്കാൻ ഫാസിസ്റ്റുവിരുദ്ധ രാഷ്ട്രീയക്കാർക്ക് കഴിയാറില്ല. ഇത്തരം വംശഹത്യകളിൽ ശിക്ഷിക്കപ്പെട്ടവരെ ഇന്റർവ്യൂ ചെയ്തതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം പറയുന്നത്, ഇത്തരം കുറ്റവാളികളുടെ ആഖ്യാനങ്ങൾ വസ്തുതാപരമായി ശരിയല്ലെങ്കിലും അവരുടെ വൈകാരികതലങ്ങൾ പഠനവിധേയമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.

എറിൻ ജെസ്സെ

ആശയപ്രചരണം, പ്രത്യയശാസ്ത്രം, ഭരണകൂടസ്ഥാപനങ്ങൾ തുടങ്ങിയവയുടെ വിവിധതലങ്ങളിലുള്ള പ്രവർത്തനങ്ങളാണ് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാനും മനസ്സാക്ഷിയുടെ സമീപനത്തെ മാറ്റി കുറ്റവാളിക്ക് ഒരു ധാർമ്മികമായ നിർവ്വികാരത (Moral Neutrality) ഇത്തരം കുറ്റകൃത്യങ്ങൾക്കു നേരെ അവലംബിക്കാനുമുള്ള ശേഷിനൽകുന്നതെന്ന് ജെൽ ആൻഡേഴ്സൺ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരും അവർക്ക് പിന്തുണ നൽകുന്നവരും യഥാർത്ഥത്തിൽ അതിൻ്റെ പ്രചരണങ്ങളിൽ ആത്മാർത്ഥമായി വിശ്വസിക്കണമെന്നില്ല. മറിച്ച് നിസ്സം​ഗതയും തെറ്റായ പ്രവൃത്തിയെ സാധൂകരിക്കലും മാത്രം മതി അവർക്ക്. കുറ്റങ്ങളുടെ ബാഹ്യമായ സം​ഗതികളെ ആശ്രയിച്ചുള്ള വസ്തുനിഷ്ഠ സമീപനം പക്ഷേ കുറ്റവാളിയുടെ മനോനില മനസ്സിലാക്കുന്നതിൽ നമ്മെ സഹായിക്കില്ല. മറിച്ച് കുറ്റവാളികളുടെ മനോനില മനസ്സിലാക്കുന്നതിൽ അവരുടെ ആത്മ നിഷ്ഠതകളാണ് സഹായിക്കുക. ഇത്തരം കഥകൾ വസ്തുനിഷ്ഠമായി ശരിയല്ലാതിരിക്കെ തന്നെ വൈകാരികമായി ശരിയായിരിക്കും എന്നുള്ളതാണ്. അതിനാൽതന്നെ കുറ്റവാളികളുടെ പ്രചോദനവും കുറ്റകൃത്യങ്ങളെ സാധൂകരിക്കലും പഠനവിധേയമാക്കാൻ ഇതുനമ്മളെ സഹായിക്കുമെന്ന് സീആൻഫുജിെയെ ഉദ്ധരിച്ചു കൊണ്ട് ജെൽ ആൻഡേഴ്സൺ പറയുന്നു.

റുവാണ്ടൻ വംശഹത്യാകാലത്ത് എല്ലാ ടുട്സികളും സായുധസംഘങ്ങളെ പിന്തുണക്കുന്നവരാണെന്നും അവരെ വിശ്വസിക്കാൻ കൊള്ളില്ല എന്നും വരുത്തിത്തീർക്കുന്ന പ്രോപഗണ്ടയാണ് നടന്നിരുന്നത്. സമാനമായ പ്രചരണങ്ങൾ ഇന്ത്യയിലും നമുക്ക് കാണാവുന്നതാണ്. താലിബാനി, ജിഹാദി, ഇംറാൻകുഞ്ഞ് തുടങ്ങിയ പ്രചരണങ്ങളും, ‘ലൗ ജിഹാദ്’ മുതൽ ഇന്ന് ‘നാർക്കോട്ടിക് ജിഹാദ്’ വരെയെത്തി നിൽക്കുന്ന വിവിധതരത്തിലുള്ള ജിഹാദാരോപണങ്ങൾ മുതൽ മുസ്ലിം സമുദായത്തെ ഭീകരവത്കരിക്കാൻ സംഘ്പരിവാർ സംഘങ്ങൾ നടത്തുന്ന പ്രചരണങ്ങൾ വരെ ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. പ്രോപഗണ്ടകളിലൂടെ അവർ ലക്ഷ്യമാക്കുന്ന സമുദായത്തെ ഭീകരവത്കരിക്കുക എന്നത് വംശഹത്യാരാഷ്ട്രീയത്തിന്റെ സാർവ്വലൗകികമായൊരു പ്രതിഭാസമാണ്.

മറ്റു കുറ്റകൃത്യങ്ങളിൽ നിന്നും വംശഹത്യയെ വ്യത്യസ്തമാക്കുന്നത് വംശഹത്യ നടത്തുന്ന സമൂഹങ്ങൾ മൂല്യപരമായി വംശഹത്യക്ക് അനുകൂലമായിരിക്കും എന്നതാണ്.

ഗുജറാത്ത് വംശഹത്യയിൽ അയൽപക്കങ്ങളിലുള്ള മുസ്ലിംസ്ത്രീകളെ ബലാത്സംഗം ചെയ്യാൻ ആരതി ഉഴിഞ്ഞ് പറഞ്ഞയച്ച ഹിന്ദുത്വരുടെ ഭാര്യമാരും, ആൾക്കൂട്ട ആക്രമണത്തിലെ പ്രതികൾക്ക് സ്വീകരണം നൽകുന്ന, അവരെ വീരൻമാരായി വാഴ്ത്തുന്ന, ആസിഫയെന്ന പിഞ്ചുകുഞ്ഞിനെ ബലാത്സം​ഗം ചെയ്ത പ്രതികൾക്കനുകൂലമായി പ്രകടനംനടത്തുന്ന ഹിന്ദുത്വജനത്തെ രൂപീകരിക്കുന്നത് സംഘ്ഭരണകൂടവും അവരുടെ വിവിധ പ്രചരണ മാധ്യമങ്ങളുമാണ്.

ലോകത്തെല്ലായിടത്തും വംശഹത്യാ പ്രചരണം നടത്തിയിട്ടുള്ളത് ഭരണകൂടമോ അതിനു സമാനമായ സ്ഥാപനങ്ങളോ ആണെന്ന് ആൻഡേഴ്സൺ ചൂണ്ടിക്കാണിക്കുന്നു. സമൂഹത്തിന്റെ ക്രമത്തിൽ നിന്നുള്ള വ്യതിചലനമാണല്ലോ സാധാരണയായി ഒരു കുറ്റകൃത്യം. എന്നാൽ വംശഹത്യയുടെ മൂല്യപരിസരം ഭരണകൂട‌വും കുറ്റവാളികളും നിർമ്മിെച്ചടുക്കുന്ന സാംസ്കാരിക വ്യവഹാരങ്ങളിൽ നിന്നും സന്ദേശങ്ങളിൽ നിന്നുമാണ് ഉടലെടുക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ ബലപ്രയോഗത്തിനുള്ള തങ്ങളുടെ അധികാരത്താലും ഭരണകൂടാധികാരത്തിന്റെ ആധികാരികതയാലും ധാർമ്മികതയുടെ ഒരു പിന്നോട്ടുപോക്കിന് ആക്കംകൂട്ടുന്നു. ഭരണകൂടത്തിൻ്റെയോ, ഗ്രൂപ്പിന്റേയോ, സ്ഥാപനങ്ങളുടേയോ കേവലമൊരു ഉപകരണമായിരുന്നു തങ്ങളെന്ന് തങ്ങളെ തന്നെ ചിത്രീകരിക്കാൻ കുറ്റവാളികൾക്കുള്ള ന്യായങ്ങൾ ഈ ഉദാസീനത കൽപ്പിച്ചു കൊടുക്കുന്നു. ’നരേന്ദ്രമോദി ആയിരക്കണക്കിന് ആളെ കൊന്ന വ്യക്തിയാണത്രെ. ‘അതിനെന്താ അവതാരപുരുഷൻമാർ ആയിരക്കണക്കിനാളുകളെ നിഗ്രഹിച്ചിട്ടുണ്ടല്ലോ’ എന്നരീതിയിലൊരിക്കൽ സംഘ്പരിവാർനേതാവ് പ്രസംഗിച്ചത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇങ്ങനെ മുസ്ലിം വംശഹത്യക്ക് പ്രാമാണികമായ ന്യായം കണ്ടെത്തുന്ന സംഘ്പരിവാർ ആഖ്യാനങ്ങൾ നിരവധി കാണാൻ കഴിയും.

വംശഹത്യ കഴിഞ്ഞ് സാമൂഹികമാറ്റം നടന്ന ഇടങ്ങളിലോ വംശഹത്യ അങ്ങേയറ്റത്തെ പാപമാണ് എന്ന മാനസിക നിലയിലേക്ക് എത്തിച്ചേർന്ന സമൂഹങ്ങളിലോ ഉള്ള കുറ്റവാളികൾ തങ്ങൾ ഭരണകൂടത്തിന്റെ ഉപകരണം മാത്രമായിരുന്നു എന്ന രീതിയിൽ സ്വയം അവതരിപ്പിക്കുന്നത് കാണാം എന്ന് ആൻഡേഴ്സൺ പറയുന്നുണ്ട്. എന്നാൽ മുസ്ലിംവംശഹത്യയെ വലിയ പുണ്യകർമ്മമായി കാണുന്ന ഹിന്ദുത്വ ആൾക്കൂട്ടം മിക്കപ്പോഴും ഇത്തരം കുറ്റകൃത്യങ്ങളിൽ തങ്ങൾ സജീവരല്ലായിരുന്നുവെന്ന ഏറ്റുപറച്ചിലിനു പകരം സ്വയംപുകഴ്ത്തലാണ് നടത്തുന്നതെന്ന് നമുക്ക് ദർശിക്കാൻ കഴിയും. റുവാണ്ട, സിയറലിയോൺ, യു​ഗോസ്ലാവിയയുടെ ഭാഗമായിരുന്ന വിവിധ രാജ്യങ്ങൾ, ഈസ്റ്റ് തിമൂർ തുടങ്ങിയ വംശഹത്യാനന്തര സമൂഹങ്ങളിൽ നിന്ന് വ്യത്യസ്തമായി വിദ്വേശകുറ്റങ്ങളിൽ (Hate Crime) കുറ്റവാളികളോ പ്രതികളോ ആക്കപ്പെടുന്നവർ തങ്ങൾക്കതിൽ പങ്കില്ലെന്നോ തങ്ങൾക്കു വളരെ ചെറിയ റോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുമുള്ള തരത്തിൽ ന്യായങ്ങൾ പറയുന്നതിനു പകരം തങ്ങളുടെ പ്രവൃത്തിയെ ​ഗ്ലോറിഫൈ ചെയ്യുകയും സെലിബ്രേറ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്. ഇത്തരമിടങ്ങളിൽ നിന്നു ഭിന്നമായി വിദ്വേശത്തിൻ്റെ മൊത്ത ഉൽപ്പാദനമാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്. ഇത്തരം ശക്തികൾ ബലപ്രയോഗത്തിനുള്ള അധികാരം മൂലവും ഭരണാധികാരത്തിന്റെ ആധികാരികതയാലും ധാർമ്മികതയെ തിരിച്ചിടുന്നു. മനുഷ്യപ്രകൃതമെന്നത് കൊലയേയും അക്രമത്തിനേയും എതിർക്കുക എന്നതാണല്ലോ. അതിനാൽ മനുഷ്യരിൽ സ്വാഭാവികമായി നിലനിൽക്കുന്ന ധാർമ്മികതയെ തിരിച്ചിടുക എന്നതാണ് ഇത്തരം പ്രചരണങ്ങളുടെ ലക്ഷ്യം ഇരയെ ആക്രമകാരിയും അക്രമം ചെയ്യുന്നത് സ്വയരക്ഷക്കാണ് എന്നും വരുത്തിത്തീർത്താൽ മാത്രമേ ഇത്തരം വംശഹത്യ ന്യായീകരിപ്പെടുകയുള്ളൂ. സാമൂഹികമായി ഭയം ഉൽപ്പാദിപ്പിച്ചാൽ മാത്രമേ ഇത് സാധ്യമാകുകയുളളൂ. ഇത്തരം റിവേഴ്സ്മൊറാലിറ്റിക്കു വേണ്ടി തന്നെയാണ് മുസ്ലിംകളെ കുറ്റവാളികളും ഭീകരവാദികളും പിന്തിരിപ്പൻമാരുമായി ചിത്രീകരിക്കുന്നത്.

സൈക്ക്സിന്റേയും മാറ്റ്സിന്റേയും ഡ്രിഫ്റ്റ് ന്യൂട്രലൈസേഷൻ തിയറിയെ ഉദ്ധരിച്ച് വംശഹത്യയിൽ പങ്കെടുത്ത ആളുകളുടെ മനോനിലയെക്കുറിച്ച് വിശകലനം നടത്തുകയാണ് ആൻഡേഴ്സൺ. വ്യാവഹാരികതലത്തിൽ ഇത്തരം കുറ്റകൃത്യങ്ങളെ യുക്തിവത്കരിച്ചാൽ കുറ്റകൃത്യങ്ങൾക്കു ശേഷം ഇത്തരം വ്യതിചലനങ്ങൾക്കുള്ള ന്യായീകരണവും കുറ്റകൃത്യങ്ങൾക്കുള്ള പ്രചോദനവുമായി മാറുന്നു. ഇത്തരം ന്യൂ‌ട്രലൈസേഷൻ ഡ്രിഫ്റ്റ് ടെക്നിക്കുകൾ മൂലം സാധാരണയിൽ നിന്നും കുറ്റകൃത്യങ്ങളിലേക്കും അങ്ങോട്ടുമിങ്ങോട്ടും കടക്കാൻ കുറ്റവാളിയുടെ മനോനിലക്ക് കഴിയുന്നു എന്നതാണ്. തന്റെ അയൽവാസിയെ മുസ്ലിമാണെന്ന പേരിൽ കൊലചെയ്യുന്നതും,   ബലാത്സംഗം ചെയ്യുന്നതും വളരെ പെട്ടെന്നാണെങ്കിലും അതിനുള്ള മനോനില വ്യവസ്ഥാപിതമായ ദീർഘകാലപ്രചരണങ്ങളിലൂടെ ഉണ്ടാക്കിയെടുക്കാൻ സംഘ്പരിവാറിന് കഴിയുന്നു എന്നതാണ്. ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന വിശ്വാസങ്ങളെ തങ്ങൾക്കനുകൂലമായി വ്യാഖ്യാനിക്കുകയും അതിനെ കൂടുതൽ വിപുലീകരിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം പ്രചരണങ്ങളുടെ സ്ഥിരംശൈലി. വംശഹത്യാകാലത്ത് കുറ്റംചെയ്യാനുള്ള പ്രേരണയായും അതിന്ശേഷം സാഹചര്യം മാറി മറ്റൊരു ധാർമ്മികഘട്ടത്തിൽ ഇത്തരം ക്രൈമുകളെ യുക്തിവത്കരിക്കാനുമുള്ള ന്യായങ്ങളായും പ്രോപഗണ്ടകൾമാറുന്നു. ന്യൂട്രലൈസേഷൻ തിയറികൾ ഇല്ലാതിരുന്നാൽ കുറ്റവാളിക്ക് ആത്മനിഷേധത്തിന്റേതായ വികാരങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ലിയോൺ ഫെസ്റ്റിംഗർ

ലിയോൺ ഫെസ്റ്റിംഗറുടെ Cognitive Dissonance പരസ്പരവിരുദ്ധമായ കോഗ്നിസൻസ് പരസ്പരപൂരകമാക്കുന്ന സംഗതിയെക്കുറിച്ചാണ് പറയുന്നത്. ഈ ഡിസോണൻസിനെ മറികടക്കാനുള്ള ഒരു വഴി ഒരുത്തന്റെ അഭിപ്രായങ്ങളും വിലയിരുത്തലുകളും താൻചെയ്യുന്ന പ്രവൃത്തിക്കനുസരിച്ച് മാറ്റംവരുത്തുക എന്നതാണ്. ടാർഗറ്റ് കമ്മ്യൂണിറ്റിക്കെതിരെ ഒരു യുക്തിയുമില്ലാതെ വിദ്വേഷനിലപാട് വെച്ചുപുലർത്തി, എന്തോ ഒഴിവാക്കാനാകാത്ത ദുരന്തം ടാർഗറ്റ്കമ്മ്യൂണിറ്റിയെക്കൊണ്ട് ഉണ്ടാകുന്നു എന്ന ഭീതിയുൽപ്പാദിപ്പിച്ച്, ടാർഗറ്റ്കമ്മ്യൂണിറ്റിയുടെ സ്വഭാവത്തിൽ മാറ്റം അസാധ്യമാണ് എന്ന രീതിയിൽ മുൻവെക്കുന്നതാണ് ഏറ്റവും മോശമായത് ഊഹിക്കൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മുസ്ലിംകളെ ആഭ്യന്തരശത്രുക്കളായി കരുതുകയും ഭീകരവാദം അവരിൽ അന്തർലീനമായ ഒന്നാണ് എന്നുമുള്ള സംഘടിതവും വിവിധങ്ങളായ പ്രചരണവും ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്.

പത്തുതലക്കെട്ടുകളായാണ് ഇത്തരം സംഗതികളെ ഇദ്ദേഹം ആർട്ടിക്കുലേറ്റ് ചെയ്യുന്നത്. അതിൽ ഏഴെണ്ണം മോറൽകോസ്റ്റ് കുറക്കുന്നതുമായി ബന്ധപ്പെട്ടതും മൂന്നെണ്ണം റിവേഴ്സൽ ഓഫ് മൊറാലിറ്റിയെക്കുറിച്ചുമാണ്. മുകളിൽ സൂചിപ്പിച്ച പോലെ തന്നെ മിക്ക ആൾക്കൂട്ട ആക്രമണങ്ങളിലും വംശഹത്യയിലും പങ്കെടുത്ത ഹിന്ദുത്വർക്ക് ലവലേശം കുറ്റബോധമില്ലാത്തതിനാലും അവരുടെ ചെയ്തികളെ പിന്തുണക്കുന്ന വലിയ വിഭാഗം ജനങ്ങൾ ഉണ്ട് എന്നതിനാലും മോറൽകോസ്റ്റ് കുറക്കുന്നതിനായി അദ്ദേഹം പറഞ്ഞതിൽ പലതും വംശഹത്യാരാഷ്ട്രീയക്കാരായ ഹിന്ദുത്വരുടെ കാര്യത്തിൽ വിശകലനയോ​ഗ്യമല്ല എന്നതാണ് സത്യം.

ഇരകളുടെ പ്രതിലോമകരമായ സം​ഗതികൾ പ്രൊജക്റ്റ് ചെയ്യുന്ന പോലെ തന്നെ  ആദർശവും ഉത്തരവാദിത്വത്തെക്കുറിച്ചുള്ള തത്വങ്ങളും റിവേഴ്സൽ ഓഫ് മൊറാലിറ്റിക്ക് സംഭാവനചെയ്യാൻ കഴിയും. തങ്ങളുടെ പ്രവൃത്തികൾ ധാർമ്മികമായി ശരിയും നീതീകരിക്കത്തക്ക സം​ഗതിയും ആണെങ്കിൽ കുറ്റവാളികൾക്ക് തങ്ങൾ നല്ലവരാണെന്ന ധാരണ നിലനിർത്താൻ കഴിയും. നോർമൽ സെൽഫിന്റേയും കുറ്റവാളി സെൽഫിന്റേയും കൂടിച്ചേരലും വിഭജനവും കോ​ഗ്നിറ്റീവ് ഡിസൊണൻസ് ഇല്ലാതെ നടപ്പിലാക്കാൻ റിവേഴ്സൽ ഓഫ് മൊറാലിറ്റിക്ക് കഴിയും. കുറ്റംചെയ്യാനുള്ള പ്രേരണയായും,ആധികാരികമായ ബോധ്യങ്ങളുമാണ് പ്രോപ​ഗണ്ട കുറ്റവാളികൾക്ക് നൽകുന്നത്. എന്നാൽ കുറ്റവാളി തന്നെ തന്റെ കുറ്റബോധം കുറക്കാനും തന്റെ പോസിറ്റീല് ഇമേജ് നിലനിർത്താനും ഇത്തരം തന്ത്രങ്ങളിലേർപ്പെടാറുണ്ട്.

റാഷണലൈസേഷൻ മൂന്ന് സ്ഥാപനങ്ങളിലൂടെയാണ് നടക്കുന്നത്. ഒന്ന്, ഭരണകൂടം (പ്രോപഗണ്ട, സ്റ്റേറ്റ്ഏജൻസികളുടെ നിരന്തരമായ പുരാവർത്തനം, ഉത്തരവാദിത്വങ്ങൾ എക്സ്റ്റേണലൈസ് ചെയ്യുക എന്നത്) , പിയർ ഗ്രൂപ്പ് (സാമൂഹികമായസമ്മർദ്ദം, നിരന്തരമായപുരാവർത്തനം). പിന്നെ കുറ്റവാളി. സ്വയം തന്നെ പ്രചോദനത്തിന്റേയും ആധികാരികതയുടേയും സന്ദേശങ്ങളാണ് പ്രോപഗണ്ട കുറ്റവാളികൾക്ക്നൽകുന്നത്. എന്നാൽ കുറ്റവാളി തന്നെ തന്റെ കുറ്റബോധം കുറക്കാനും തന്റെ പോസിറ്റീവ് ഇമേജ് നിലനിർത്താനും ഇത്തരം തന്ത്രങ്ങളിലേർപ്പെടാറുണ്ട്. തന്റെ സമുദായം, കുടുംബം, ആദർശം തുടങ്ങിയവക്കു വേണ്ടി നിസ്വാർത്ഥമായി ചെയ്തതാണിതെന്ന് കുറ്റവാളി കാണിക്കുന്നുതാണിത്.

ഭരണകൂടം, പിയർ​ഗ്രൂപ്പ്, കുറ്റംചെയ്യുന്ന ആൾ എന്നിങ്ങനെ മൂന്ന്തലങ്ങളിലായാണ് റാഷണലൈസേഷൻ നടക്കുന്നതെന്ന് ആൻഡേഴ്സൺ പറയുന്നു. പ്രോപഗണ്ട ഉൽപ്പാദിപ്പിച്ച് നിരന്തരമായ ആവർത്തനത്തിലൂടെയും പലർക്കും പലതരത്തിലുള്ള ഉത്തരവാദിത്വങ്ങളേൽപ്പിച്ചു കൊണ്ടാണ് ഭരണകൂടവും പാർട്ടി, സംഘടന തുടങ്ങിയ സ്ഥാപനങ്ങൾ ചെയ്യുന്നത്. സാമൂഹികമായ സമ്മർദ്ദത്തിലൂടെയും, പ്രോപഗണ്ടയുടെ നിരന്തരമായ ആവർത്തനത്തിലൂടെയും പിയർ ​ഗ്രൂപ്പ് ഇത്തരം റാഷണലൈസേഷൻ പ്രോസസിൽ പങ്കുവഹിക്കുന്നു. ഫാമിലി വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ​, റെസിഡൻസ് അസോസിയേഷനുകൾ, ക്ലബുകൾ തുടങ്ങി സോഷ്യൽമീഡിയകളിലെ വിവിധ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ മുസ്ലിം ന്യൂനപക്ഷത്തിനെതിരായ വെറുപ്പ് സംഘടിതമായി പ്രചരിപ്പിക്കുന്നത് മുസ്ലിം വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾക്കുള്ള യുക്തിവത്കരണപ്രക്രിയയായി നമുക്ക് കാണാൻ കഴിയും.

ലോകത്ത് എവിടെ ഭീകരാക്രമണമുണ്ടായാലും മറുപടി പറയേണ്ടതരത്തിൽ ഇന്ത്യൻ മുസ്ലിംകളെ ഭീകരൻമാരായി ചിത്രീകരിക്കുന്നതും ഇന്ത്യയിലെ മുസ്ലിംകളെ നിലക്കുനിറുത്തിയില്ലെങ്കിൽ തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാവുമെന്നും സാധാരണക്കാരായ ആളുകളെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന പ്രോപഗണ്ട രാഷ്ട്രീയമാണ് സംഘ്പരിവാറിന്റേത്. നിലവിൽ, കൊച്ചിയിലെ നോൺഹലാൽ ഹോട്ടൽ നടത്തിപ്പുകാരുടെ സ്വത്ത്തർക്കം പോലും ഹിന്ദുക്കൾക്ക് കേരളത്തിൽ രക്ഷയില്ല എന്ന നിലക്കാണ് സംഘ്പരിവാർ ക്യാമ്പയിൻ നടത്തുന്നതെന്നും അതുമായി ബന്ധപ്പെട്ട വീഡിയോകൾ ലക്ഷക്കണക്കിനാളുകൾ മണിക്കൂറുകൾക്കകം കണ്ടുകഴിഞ്ഞെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.

മനുഷ്യത്വ പദവി നിരാകരിച്ചു കൊണ്ട് പ്രോപ്പഗണ്ടയിലൂടെ മാത്രമല്ല, വിവേചനപരമായ നിയമസംവിധാനങ്ങളിലൂടെയും ഇരകളെ സാമൂഹികമായി ബഹിഷ്കരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നു. എൻആർസി പോലുള്ള നിയമവ്യവഹാരങ്ങളും അസം പോലുള്ളിടങ്ങളിൽ അതുമായി ബന്ധപ്പെട്ട തടങ്കലുകളുമെല്ലാം ഇതുമായി കൂട്ടിവായിക്കേണ്ടതുണ്ട്.

ഭാഷാപ്രയോഗങ്ങൾ ഇത്തരം അപമാനവീകരണത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. മുസ്ലിംകളെ പന്നികളോടുപമിക്കുന്ന സോഷ്യൽമീഡിയകളിലെ പോസ്റ്റുകളും കമന്റുകളും മറ്റുപല തരത്തിലുള്ള തെറിപ്രയോഗങ്ങളും ഇതിനുദാഹരണങ്ങളാണ്. അപമാനവീകരണത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. ഒന്ന്, ഒബ്ജക്റ്റിഫ്ക്കേഷൻ (അതായത് വ്യക്തികളെ അവരുടെ മനുഷ്യത്വ പദവി നിരാകരിച്ച് വെറും വസ്തുവായികാണൽ)  രണ്ടാമത്തേത് ടാർഗറ്റ് കമ്മ്യൂണിറ്റിയെ മൃഗതുല്യരായി കാണുക എന്നതാണ്. ദലിതർക്കും മുസ്ലിംകൾക്കുമെതിരെ അപമാനവീകരണത്തിന്റേതായ വാർത്തകൾ നോർമൽസിയുടെ ഭാഗമായതിനാലും അത്തരം സംഭവങ്ങളെ എണ്ണിപ്പറഞ്ഞ് വിവരിക്കുക എന്നത് ലേഖനത്തിൽ സാധ്യമല്ലാത്തിനാലും അത്തരം സംഭവങ്ങൾ ഇവിടെ പരാമർശിക്കുന്നില്ല. ഹേറ്റ് ക്രൈമുമായി ബന്ധപ്പെട്ടും ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ടും ചില സന്നദ്ധസംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു, കോടതി അത്തരം ക്രൈമുകൾ തടയാനായി വിവിധ തരത്തിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചെങ്കിലും ഗോരക്ഷകർക്ക് നിയമസാധുത നൽകുന്ന വിവിധ സംസ്ഥാനങ്ങളിലെ ഗോരക്ഷാനിയമങ്ങളിലെ വകുപ്പുകളുടെ ഭരണഘടനാ സാധുത സുപീംകോടതി പരിശോധിക്കാൻ വിസമ്മതിക്കുകയാണുണ്ടായത്. വിവിധ രാജ്യങ്ങളിലെ ഹേറ്റ് ക്രൈം നിയമപരമായ വ്യവഹാരങ്ങളിൽ നിന്ന് ഭിന്നമായി ഇന്ത്യയിലിപ്പോഴും ഹേറ്റ് ക്രൈമിനെതിരെയുള്ള നിയമനിർമ്മാണം ശൈശവാവസ്ഥയിൽ പോലുമല്ല എന്ന് നമുക്ക് കാണാൻ കഴിയും. അതിനാൽതന്നെ കേവലമായ ഗാന്ധിയൻ സാമുദായികസൗഹാർദ്ദാഹ്വാനങ്ങൾക്കും ഉപരിപ്ലവമായ പ്രതിരോധാഹ്വാനങ്ങൾക്കുമപ്പുറത്തേക്ക് ഹിന്ദുത്വത്തിന്റെ വംശഹത്യാരാഷ്ട്രീയത്തിനെതിരെ അതിസൂക്ഷമമായ പ്രതിരോധം തീർക്കേണ്ടതുണ്ട്.

References

01.Researching perpetuators of Genocide edited by Kjell Anderson and Eric JesseeThe University of Wisconsin Press

02. Who Was I to Stop the Killing?’: Moral Neutralization among Rwandan Genocide Perpetrators, Kjell Anderson, Journal of Perpetrator Research 1.1 (2017), 39–63

03. Tehseen S. Poonawalla Vs. Union of India (UOI) and Ors , AIR 2018 SC 3354,

By അഡ്വ. അബ്ദുൽ കബീർ

Independent Researcher