കല്ലേൻ പൊക്കുടൻ എന്ന സമരജീവിതം

“ജനങ്ങൾക്ക് ഒന്നല്ല നൂറു കൂട്ടം ഉപകാരപ്പെടുന്നതാണ് കണ്ടൽക്കാട്. കണ്ടൽ കാടുണ്ടെങ്കിലേ നമ്മൾക്ക് ജീവിതം ഉറപ്പിക്കാൻ കഴിയു എന്നാണ് എന്റെ വിശ്വാസം” കല്ലേൻ പൊക്കുടൻ

കണ്ടൽ വനങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അവ നശിപ്പിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും കേരളത്തിലങ്ങോളമിങ്ങോളം ബോധവൽക്കരണം നടത്തി കല്ലേൻ പൊക്കുടൻ. പ്രകൃതിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന കണ്ടൽക്കാടുകൾക്ക് പര്യായമായി മാറി പൊക്കുടൻ എന്ന പേര്. കേരളത്തിലെ പ്രകൃതി സംരക്ഷണ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ കല്ലേൻ പൊക്കുടന്റെ ജീവിത സമരവുമായി ബന്ധപ്പെട്ട ഓർമ്മകൾ മകൻ ആനന്ദൻ പൊക്കുടൻ പങ്കുവെക്കുന്നു.

പരിസ്ഥിതി സംരക്ഷണത്തിനായി വലിയ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുക, പരിസ്ഥിതി പ്രവർത്തകനായി മാറുക എന്നതിന്റെയൊക്കെ അടിസ്ഥാനം പരിസ്ഥിതിയോട് അടങ്ങാത്ത സ്നേഹവും കൂറുമുണ്ടാവുക, പരിസ്ഥിതിക്ക് നാശം വരുന്നൊരു കാര്യം ചെയ്യാനൊരുങ്ങുമ്പോൾ അത് സ്വന്തം ശരീരത്തിന് ഹാനികരമായൊരു കാര്യം ചെയ്യുന്നത് പോലെയുള്ള വേദന അനുഭവിക്കുക എന്നതൊക്കെയാണ്. ഇത് പെട്ടെന്നൊരു ദിവസം ഉണ്ടാവുന്നതല്ല, പ്രകൃതി ബോധം വളർന്ന പശ്ചാത്തലങ്ങളിൽ നിന്നും പ്രധാനമായും മനുഷ്യർക്കുണ്ടായി വരുന്നതാണ്. അച്ഛന്റെ ജീവിത സാഹചര്യങ്ങളും ഇത് പോലെയായിരുന്നു. അച്ഛൻ പിന്നീട് നീർത്തടത്തിന്റെയും കണ്ടൽ ആവാസ വ്യവസ്ഥയുടെയും അന്തർദേശീയ മുഖമൊക്കെ ആയി മാറിയെങ്കിലും അച്ഛൻ ചതുപ്പിൽ നിന്ന് സ്വയമേവ ഉയർന്നു വന്ന ഒരു മനുഷ്യനാണ്. അദ്ദേഹം പരിസ്സ്ഥിതി പ്രവർത്തകൻ എന്ന രീതിയിൽ അറിയപ്പെട്ടു തുടങ്ങുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ ജീവിതം, അച്ഛൻ നന്നായി പാട്ട് പാടുമായിരുന്നു. അച്ഛന്റെയൊരു രൂപം.. കൈപ്പാട്ടിൽ നിന്ന് തോർത്ത്‌ മുണ്ടൊക്കെ ഉടുത്ത്, സാധാരണ നമ്മുടെയൊക്കെ മനസ്സിലുള്ള വയൽ സങ്കല്പമല്ല, കൈപ്പാട് ആണ്, ചതുപ്പാണ്. മനുഷ്യൻ വീണാൽ അങ്ങനെത്തന്നെ താണുപോവുന്ന നീർത്തടമെന്നൊക്കെ നമ്മൾ ഇപ്പോൾ ഓമനിച്ചു വിളിക്കുന്ന.. അത്രയൊന്നും സുഖകരമായ ഒരു സ്ഥലമല്ല. കുട്ടിക്കാലത്ത് അച്ഛന് കഞ്ഞി കൊണ്ടുകൊടുക്കാൻ പോകുമായിരുന്നു. ചതുപ്പിൽ നിന്ന് ഉയർന്നു വരുന്ന കുമിളകൾ ചൂണ്ടി അച്ചനോട് ഞാൻ അതെന്താണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി “ഇതിനകത്ത് ജന്മിമാർ ചവിട്ടിത്താഴ്ത്തിയ ഒരുപാട് മനുഷ്യരുണ്ട്, അവര് ശ്വസിക്കുന്നതാണ്” എന്നാണ്. പല അഭിമുഖങ്ങളിലും അച്ഛൻ പറഞ്ഞ് കേട്ട ‘ചതുപ്പും ഉപ്പുകാറ്റുമാണെന്റെ ജീവിതം’ എന്നത് സത്യമാണ്. കാരണം അച്ഛൻ ജീവിതത്തിന്റെ
പന്ത്രണ്ടാം വയസ്സിൽ വയലിലേക്കിറങ്ങിയതാണ്. കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും പഠിക്കുന്ന നമ്മുടെ മക്കൾക്ക് വയലെന്നാൽ സുഖകരമായ കാഴ്ചയാണ്. എന്നാൽ അതങ്ങനെയല്ല. കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടന്നാണ് കൈപ്പാട്ടിൽ പുലയ സ്ത്രീകൾ കൊയ്യുന്നത്. ഏതു സമയവും താഴ്ന്നുപോകാവുന്ന അപകടകരമായ ഭൂപ്രദേശമാണത്.

പന്ത്രണ്ടു വയസ്സിൽ അങ്ങനെയൊരു ഭൂമിയിലേക്കിറങ്ങിയ മന്വഷ്യനാണച്ഛൻ. നൂറു ശതമാനവും രാഷ്ട്രീയാക്കാരനായൊരാൾ. സ്വന്തം അടിമത്വത്തെ സ്വതന്ത്രപൂർവകാലത്ത് തന്നെ തിരിച്ചറിഞ്ഞ ഒരു പോരാളിയാണച്ചൻ. ‘ചൂട്ടാച്ചി’ എന്ന പുസ്തകത്തിന്റെ ആമുഖത്തിലിത് പറയുന്നുണ്ട്. ചൂട്ടാച്ചി എഴുതിത്തയ്യാറാക്കിയതിന് ശേഷം ഞാൻ ആമുഖത്തെക്കുറിച്ച് അച്ഛനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഒന്നും രണ്ടും ക്ലാസ്സിൽ അഞ്ചു വർഷം ഇരുന്ന് പൂർത്തിയാക്കിയതാണെന്റെ വിദ്യാർത്ഥി ജീവിതം എന്നാണ്. അതായത് ഒന്നാം ക്ലാസ്സിൽ കുറച്ചു കാലം, പിന്നെ രണ്ടാം ക്ലാസ്സിൽ, പിന്നെ വീണ്ടും ഒന്നാം ക്ലാസ്സിലിരുത്തിയത്രേ. പ്രൊമോഷൻ മാത്രമറിയാവുന്ന ഒരധ്യാപകനാണ് ഞാൻ. അതിനെ തിരുത്തിക്കളഞ്ഞത് അച്ഛന്റെ പ്രസ്താവനയാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് കുട്ടികളെ ഡീപ്രൊമോട്ട് ചെയ്തിരുന്നുവത്രേ. അച്ഛന്റെ അച്ചൻ ഒരു വിദ്യാഭ്യാസ വിരോധിയായിയിരുന്നു. അത് ‘എന്റെ ജീവിതം’ എന്ന പേരിൽ ശ്രീജിത്ത്‌ എഴുതിത്തയ്യാറാക്കിയ പുസ്തകത്തിൽ പറയുന്നുണ്ട്. അച്ഛന്റെ ഏറ്റവും വലിയ മാറ്റമുണ്ടാവുന്നത് അച്ചാച്ചനോട് സമരം ചെയ്‌ത് കൊണ്ട് പുറത്തു വരുന്നതാണ്. അതിൽ നിന്നും നമ്മളെല്ലാം അറിയുന്ന പൊക്കുടനിലേക്കുള്ള വളർച്ചയുടെ തുടക്കം എവിടെ നിന്നായിരുന്നുവെന്ന് ചിന്തിക്കുമ്പോൾ, പ്രകൃതിയെ സംബന്ധിച്ച തിരിച്ചറിവ് കുട്ടിക്കാലത്ത് തന്നെ അച്ഛനുണ്ടായിരുന്നു എന്നാണ് അദ്ദേഹത്തോട് സംസാരിക്കുമ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്.

കുട്ടികൾ നടവരമ്പിലൂടെ നടന്ന് പോവുമ്പോൾ കാറ്റ് പിടിച്ചു അവരുടെ പാഠപുസ്തകങ്ങൾ പുഴയിലേക്ക് പാറിപ്പോവുമ്പോൾ കാറ്റിനെ ചെറുക്കാനുള്ള ശേഷിയുള്ള ചെടി ഏതാണെന്നു ഏതൊരു സസ്യശാസ്ത്രജ്ഞനേക്കാളും നന്നായി അച്ഛനറിയാമായിരുന്നു. അങ്ങനെയാണ് കണ്ടൽ എന്നൊരു പാഠത്തിലേക്ക് വരുന്നത്. പുതിയ മേഖലയല്ല അത് അച്ഛന്. അത് തന്നെയാണ് പിന്നീട് തീരസംരക്ഷണത്തിലൂടെ അച്ഛൻ മുന്നോട്ട് വെച്ചത്.

ഭൂമിയുടെ ഏതെങ്കിലുമൊരു ഭാഗത്തേക്കുറിച്ചല്ല അച്ഛൻ സംസാരിച്ചത് എന്നത് തന്നെയാണ് പിന്നീട് യുഎൻ അച്ഛനെ ഏറ്റെടുക്കുന്നതിലേക്ക് നയിച്ചത്. മനുഷ്യവംശത്തെ നിലനിർത്താനും പുതിയ കാലത്തെ പ്രതിസന്ധികളെ മുറിച്ചു കടക്കാനുമുള്ള പാരിസ്ഥിതിക ദർശനം മാറ്റാരെക്കാളും പ്രായോഗിക തലത്തിൽ അച്ഛനുണ്ടായിരുന്നു. അല്ലാതെ അച്ഛൻ കേവലമൊരു കണ്ടൽ നടുന്നയാളാണെന്ന് ധരിക്കുന്നത് അച്ഛനോട് കാണിക്കുന്ന തെറ്റാണ്. ഭൂമിയെ ഒരു ഏകകം (യൂണിറ്റ്) ആയാണ് അദ്ദേഹം കണ്ടത് എന്നത് തന്നെയാണ് അച്ഛന്റെ ദർശനത്തെ സാർവ്വലൌകികമാക്കുന്നത്. ‘എന്ത് കൊണ്ട് ആലക്കോട് ഉരുൾ പൊട്ടിയില്ല, മൂന്നാറിൽ മാത്രം ഉരുൾ പൊട്ടുന്നു , ക്വാറികളില്ലാത്തിടത്ത് ഉരുൾ പൊട്ടുന്നുണ്ടല്ലോ.. ‘എന്നൊക്കെയുള്ള കേവല വാദങ്ങളല്ല. മറിച്ച് ഭൂമിയെ ഒരു ഏകകമായി കാണാൻ, ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും പ്രത്യാഘാതങ്ങൾ മനുഷ്യവംശത്തെയും ഈ ജീവി സമൂഹത്തെയും മൊത്തമായി ഇല്ലാതാക്കും എന്നുള്ള ഒരു അടിസ്ഥാന ബോധ്യമാണ് അടിസ്ഥാനപരമായി പ്രകൃതി ചിന്തകളിലുണ്ടാവേണ്ടത്.

‘കണ്ടൽ പൊക്കുടൻ’ എന്നാണല്ലോ അദ്ദേഹത്തെ വിളിച്ചിരുന്നത്. പൊക്കുടനിൽ നിന്ന് കല്ലേൻ പൊക്കുടനിലേക്കും അതിൽ നിന്ന് കണ്ടൽ പൊക്കുടനിലേക്കുമുള്ള പരിണാമത്തേക്കുറിച്ച് അച്ഛൻ തന്നെ പലപ്പോഴും പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്. ഉദാഹരണമായി, 2010 കാലത്താണെന്നാണെന്റെ ഓർമ. അച്ഛൻ ഒരു ഇടുക്കി യാത്ര നടത്തി തിരിച്ചു വരുമ്പോൾ “എങ്ങനെയുണ്ട് ഇടുക്കി യാത്ര അച്ഛാ” എന്ന് ഞാൻ ചോദിച്ചു. അച്ഛൻ പറഞ്ഞ മറുപടി “അതാകെ ഉടഞ്ഞിരിക്കുകയാണ്” എന്നാണ്.
ഞാൻ ചോദിച്ചു “ഏത്?”
“ഇടുക്കി മൊത്തം ഉടഞ്ഞിരിക്കുകയാണ്” അച്ഛൻ പറഞ്ഞു.
നാളിതുവരെ വരെ നമ്മൾ ഇടുക്കിയോടും മറ്റു മലമ്പ്രദേശങ്ങളോടും ക്വാറിയിലൂടെയും മണ്ണെടുപ്പിലൂടെയും അശാസ്ത്രീയമായ നിർമാണരീതികളിലൂടെയുമൊക്കെ കാണിച്ചു വെച്ചിരിക്കുന്ന ഈ പരിക്കുകൾ അച്ഛൻ നോക്കി മനസ്സിലാക്കിയിട്ടുണ്ട്. താമസം നന്നായോ ഭക്ഷണം ശരിയായോ എന്നൊക്കെയുള്ള ലളിതമായ ഒരു ചോദ്യത്തിന് അച്ഛൻ പറഞ്ഞ മറുപടി പെട്ടിമുടി നടന്നപ്പോളാണ് എനിക്ക് മനസ്സിലായത്. കുന്നിൻചെരിവുകൾ തകർന്നടിയുമ്പോൾ അച്ഛൻ പറഞ്ഞതിന്റെ അർത്ഥം വീണ്ടും ബോധ്യമായി.

ഇന്ത്യയുടെ കണ്ടൽ മനുഷ്യൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. കണ്ടൽ എന്നത് കേവലമൊരു ചെടിയല്ല, അതൊരു ആവാസ വ്യവസ്ഥ തന്നെയാണ്. “കണ്ടൽ വെറുമൊരു ചെടിയല്ല” എന്നൊരു ലേഖനം പച്ചക്കുതിരയിൽ അഛൻ എഴുതിയിട്ടുണ്ട്. അത് അദ്ദേഹം ബോധപൂർവം ഉപയോഗിച്ച തലക്കെട്ടാണ്. കണ്ടൽ മനുഷ്യ വംശത്തേക്കാളും പ്രാക്തനമായ ഒരു ഇക്കോ സിസ്റ്റമാണ്. അത് ഭൂമിയുടെ വേരാണ് എന്ന് 1971 ൽ രാംസാർ ഉച്ചകോടി നമ്മോട് പറഞ്ഞത് നീർതടങ്ങളുടെ ഉപയോഗം വളരെ ശ്രദ്ധിക്കണമെന്നാണ്. ഈ നീർത്തടങ്ങൾ ഇനി ഭൂമിയിൽ അവശേഷിക്കുന്ന ജൈവ വൈവിധ്യത്തിന്റെ വിസ്മയ കേന്ദ്രങ്ങളാണ്. അതിനകത്ത് വെറും ചെടി മാത്രമല്ല. എത്രയോ കണ്ടൽ കൂട്ടാളികളുണ്ട്, തീര ഞണ്ടുകളുണ്ട്, എത്രയോ പുഴമീനുകളുണ്ട്, എരുന്ത്‌, കക്ക, എളമ്പക്ക..

ഈ കണ്ടൽ ചെടികൾക്ക് മുകളിലുള്ള വിദേശീയവും തദ്ദേശീയവുമായ പക്ഷി വർഗ്ഗങ്ങൾ, അവയുടെ വിസർജ്യങ്ങൾ ഈ കണ്ടൽ ശ്വസനവേരുകളിലേക്ക് വീണ് അവിടെ രൂപപ്പെടുന്ന ഒരു പ്രകൃതിദത്ത മെത്ത, ടൺ കണക്കിന് വെള്ളത്തിനെ അവ പിടിച്ചു നിർത്തും. ചുരുക്കത്തിൽ കണ്ടൽ വെറുമൊരു ചെടി അല്ലേയല്ല.

അച്ഛന്റെ ജീവിതം യഥാർത്ഥത്തിൽ പ്രകൃതിക്ക് വേണ്ടിയുള്ള സമരം തന്നെയായിരുന്നു. ഒരു വശത്തു കണ്ടൽ സംരക്ഷകൻ എന്ന പേരിൽ ആഘോഷിക്കുമ്പോളും മറുവശത്ത് അദ്ദേഹത്തെ എതിർക്കുന്ന ഒരുപാട് പേരുണ്ടായിരുന്നു. അച്ഛന്റെ പരിസ്ഥിതി ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലും വലിയ അക്രമണങ്ങൾ, വധശ്രമങ്ങൾ പോലും നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു തവണയല്ല, പല തവണ. കണ്ടൽ നട്ടു തുടങ്ങുമ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങുന്നുണ്ട്. കണ്ടൽ നാടുകയെന്നത് അത്രമാത്രം സാഹസികമായിരുന്നു. ഇതിനു പിന്നിൽ പല ഭൂമാഫിയ ഗ്രൂപ്പുകളും കൈ കോർക്കുന്ന പല കേസുകളും ഉണ്ടായിരുന്നു. അച്ഛൻ മരിച്ചതിനു ശേഷം പോലും ആ കേസുകൾ നടത്തേണ്ടി വന്നിട്ടുണ്ട് എനിക്ക്. കാല്പനികമായ ഒരു കണ്ടൽ സംരക്ഷണ പരിവേഷത്തിനപ്പുറത്ത് വലിയ അക്രമണങ്ങളും സംഘർഷങ്ങളും അച്ഛൻ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

ഞങ്ങൾക്ക് കിട്ടാതെ പോയ സ്നേഹമാണ് അച്ചന്റെ പാരിസ്ഥിതീക അന്വേഷണങ്ങളിൽ പൂത്തുനിന്നത്. അത് മറ്റുള്ളവർക്ക് വലിയ പരിസ്ഥിതി സ്നേഹികളെയും അന്വേഷകരെയും ഗവേഷകരെയും സർവകലാശാലകലെയുമൊക്കെ ആകർഷിച്ച ആ ആകർഷണം യഥാർത്ഥത്തിൽ ഞങ്ങൾ മക്കൾക്ക് കിട്ടാതെ പോയ സ്നേഹം കൂടിയാണ്. അദ്ദേഹത്തിന്റെ സ്നേഹം, പരിഗണന, അച്ഛനെപ്പോളും അടുത്തുണ്ടാവുക, ഞങ്ങളുടെ സ്വപ്നങ്ങളെക്കുറിച്ച് അച്ഛനോട് പറയുക, വിരൽത്തുമ്പു പിടിച്ച് നടക്കുക, ഇതിനൊക്കെ വേണ്ട ഒട്ടേറെ സമയങ്ങൾ… അമ്മയെപ്പോലും അത് ബാധിച്ചിരുന്നു. മാത്രവുമല്ല അതിന് അദ്ദേഹത്തിന് തിരിച്ചു കിട്ടിയതോ,..

പക്ഷെ അച്ഛനെ അതൊന്നും ബാധിച്ചിട്ടേയില്ല എന്നതാണ് അത്ഭുതത്തോടെ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് നോക്കുമ്പോൾ മനസ്സിലാവുന്നത്. എന്തൊക്കെ എതിർപ്പുണ്ടായും അച്ഛനൊരു കാര്യം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് മാറ്റാൻ വലിയ ബുദ്ധിമുട്ടാണ്. അച്ഛന്റെ രോഗാവസ്ഥയിൽ പോലും ഞങ്ങൾക്ക് അദ്ദേഹത്തെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യയിലെ പ്രമുഖമായൊരു വാർത്താചാനൽ അദ്ദേഹത്തിന് ‘പരിസ്ഥിയുടെ ഇന്ത്യൻ വിസ്മയം’ എന്നൊരു പദവി കൊടുക്കുകയുണ്ടായി. നിർഭാഗ്യവശാൽ അതേറ്റു വാങ്ങാൻ അച്ഛൻ ഉണ്ടായിരുന്നില്ല എന്നതാണ്. 2015 സെപ്റ്റംബർ 27നാണ് അച്ഛൻ ഓർമയാവുന്നത് അത് കഴിഞ്ഞ് ജനുവരി 15നാണ് ഞാൻ അത് ഡൽഹിയിൽ വെച്ച് ഏറ്റുവാങ്ങുന്നത്.

അമേസിങ് ഇന്ത്യൻ പുരസ്കാരം ഏറ്റു വാങ്ങുമ്പോൾ “അച്ഛനെന്ത്‌ പറ്റി? ചെറുപ്പമായിരുന്നല്ലോ” എന്ന് പ്രധാനമന്ത്രി എന്നോട് ചോദിച്ചു. അച്ഛൻ കടന്നു പോയ സംഘർഷങ്ങൾ കാരണമാണ് ഒരുപക്ഷെ അച്ഛനെ ഞങ്ങൾക്ക് നഷ്ടമാവുന്നത്, അമ്മയെയും. അമ്മ പോയതോട് കൂടി തളർന്നു പോവുന്നുണ്ട് അച്ഛൻ. രണ്ടാം ക്ലാസ്സ്‌ വിദ്യാഭ്യാസം മാത്രമുള്ള ഒരു ഗ്രാമീണൻ ഇങ്ങനൊരു പദവിയിലെക്കെത്തുന്നതിന്റെ പൊരുൾ മറ്റൊന്നുമല്ല, അദ്ദേഹം തീരുമാനിച്ച കാര്യങ്ങൾ എന്ത് വില കൊടുത്തും ചെയ്തു തീർക്കും എന്നുള്ള നിശ്ചയദാർഢ്യമാണ്.

കണ്ടൽ വിദ്യാലയം സ്ഥാപിക്കുന്നതിനു ഒരു മാസം മുന്നേ ഞാൻ അദ്ദേഹത്തോട് “ഇപ്പോ തിടുക്കത്തിൽ ഇത് ചെയ്യേണ്ടതുണ്ടോ?” എന്ന് ചോദിക്കുന്നു. അന്ന് അച്ഛനെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിത്തുടങ്ങിയിരുന്നു. “ഞാനീ കെട്ടിടം കോൺക്രീറ്റ് ചെയ്ത് വെച്ചാലെങ്കിലും നിങ്ങളതിൽ നിന്ന് പിൻവാങ്ങില്ലല്ലോ” എന്നാണ്. അത് അദ്ദേഹം തീരുമാനിച്ചതാണ്. അതിന് വേണ്ടി ഓടി നടക്കുകയായിരുന്നു അദ്ദേഹം.

അച്ഛൻ രാഷ്ട്രീയ ജീവിയായിരുന്നു. സ്നേഹവും കരുതലുമുള്ള ഒരു അച്ഛൻ തന്നെയാണ്. മൂന്ന് പെൺകുട്ടികളടക്കമുള്ള ഞങ്ങൾക്ക് ഭംഗിയായിത്തന്നെ വിദ്യാഭ്യാസം നൽകി എല്ലാ മേഖലയിലുമെത്തിച്ചിട്ടുണ്ട് അച്ഛൻ. അറുപത്തിലധികം പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് കിട്ടീട്ടുണ്ട്.

യുനെസ്കോയുടെ പരിസ്ഥിതി സംരക്ഷണ വിഭാഗം അദ്ദേഹത്തെ ലോകത്ത് കണ്ടൽ കൈ കൊണ്ട് വെച്ചു പിടിപ്പിക്കാമെന്ന് തെളിയിച്ച ഒരാളെന്ന നിലയിൽ യുനെസ്കോയുടെ മാൻഗ്രോവ് പ്രോജക്ടിന്റെ മാതൃകയായി അച്ഛനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അച്ഛന്റെ മക്കൾ എന്നുള്ളത് വലിയ പദവി തന്നെയാണ്. ഞങ്ങൾ 6 മക്കളാണ്, പുഷ്പലത, ഞാൻ, പുഷ്പവല്ലി,രേഖ രഘുനാഥ്, ശ്രീജിത്ത്‌ എന്നിവർ. രഘുനാഥ് ആണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ (വിത്ത് ശേഖരിക്കലും മറ്റും )മുന്നോട്ട് കൊണ്ട് പോവുന്നത്. അച്ഛന്റെ ആത്മകഥ എഴുതിയ ശ്രീജിത്ത്‌ അധ്യാപകനും പത്രപ്രവർത്തകനും ഗവേഷകനുമാണ്.

കേരളത്തിലെവിടെ ചെന്നാലും ഞങ്ങൾ തിരിച്ചറിയപ്പെടുന്നത് മഹാഭാഗ്യമായി കരുതുന്നു. ഒരു അനുഭവം പറഞ്ഞാൽ, ‘കല്ലേൻ പൊക്കുടൻ മാൻഗ്രൂവ് ട്രീ ട്രസ്റ്റ്‌’ ന്റെ നേതൃത്വത്തിൽ ആറാട്ടുപുഴയിൽ കേരള യൂണിവേഴ്സിറ്റിയുടെ തീരത്ത് കണ്ടൽ വെച്ചുപിടിപ്പിക്കുന്ന ഒരു പരിപാടിയിൽ ഞാൻ പങ്കെടുത്തു. കടൽത്തീരത്ത് ചെറിയൊരു മീറ്റിംഗ് നടക്കുകയാണ്. പ്രമുഖരായ പലരും പങ്കെടുക്കുന്ന ആ മീറ്റിംഗിൽ ഞാൻ ഒരുപാട് മൂലയിൽ കസേരയിട്ടിരിക്കുകയാണ്. എന്നാൽ ഒരു തൃശൂറ്റ് അച്ഛന്റെ പേരിലുണ്ട്. പ്രമുഖരായ പലരും പങ്കെടുക്കുന്നു. ഞാനൊരു കസേരയിട്ട് സദസ്സിലിരുന്നു. ഒരു സ്ത്രീ വന്നു ഉടനെ എന്റെ കാലിൽ തൊട്ടു ഞാൻ പെട്ടെന്ന് മാറി നിന്ന് അത്ഭുതത്തോടെ അവരുടെ മുഖത്തേക്ക് നോക്കി. അപ്പോൾ അവരുടെ കണ്ണുകൾ ആകെ നിറഞ്ഞിരുന്നു. പിന്നെ അവരെന്റെ കൈ പതുക്കെ തൊട്ടു. അവിടെയൊരു കോളേജിൽ അധ്യാപികയായ അവരങ്ങനെ ചെയ്തതിന്റെ പൊരുൾ പിന്നീടാണെനിക്ക് മനസ്സിലായത്. 2004 ൽ സുനാമി വന്നപ്പോൾ ഇരുപത്തിയൊമ്പത് മനുഷ്യർ ആറാട്ടുപുഴയിൽ മരിച്ചു, അന്ന് ആ ടീച്ചർ ഗർഭിണിയായിരുന്നത്രേ. തലനാരിഴക്കാണ് അന്നാ ദുരന്തത്തിൽ നിന്നവർ രക്ഷപ്പെട്ടത്. ആ സമയം അച്ഛനവിടെ രണ്ട് മൂന്നു ദിവസം താമസിച്ചു, ഇവരോട് സംസാരിച്ചു, പിന്നീട് വീണ്ടും പോയി, കണ്ടൽ വിത്തുകളുമായി. ആറാട്ടുപുഴയിൽ അച്ഛൻ നട്ട കണ്ടലുകൾ ഇപ്പോളും അഞ്ചെട്ടു മീറ്റർ ഉയരത്തിൽ വളർന്നു നില്കുന്നു. എന്റെ കാലിൽ തൊട്ട് ആ സ്ത്രീ പറഞ്ഞ കാര്യം “അദ്ദേഹത്തെ പോലുള്ള മനുഷ്യർ ഇവിടെ ഉള്ളതുകൊണ്ടാവാം കടൽ ഞങ്ങളെ മുഴുവൻ കൊണ്ട് പോവാഞ്ഞത്” എന്നാണ്.

ആനന്ദൻ പൊക്കുടൻ

അച്ഛന്റെ ഓർമ്മകൾ കേരളത്തിൽ മുഴുവൻ വേരിറങ്ങിയിട്ടുണ്ട് എന്നത് പലപ്പോഴും കുട്ടിയെന്ന നിലയിൽ വലിയ വിസ്മയമായെനിക്ക് തോന്നാറുണ്ട്. അച്ഛൻ ഉള്ളപ്പോൾ തന്നെ ഞങ്ങളൊരു ട്രസ്റ്റ്‌ ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങൾ ആലോചിച്ച ഒരു കാര്യം പരിമിതമായ സ്വപ്നങ്ങൾ മാത്രമായിരുന്നില്ല അച്ഛന്റേത്, മറിച്ചു അതിന് ആഗോളമായ വലിയൊരു തലമുണ്ടായിരുന്നുവെന്ന് പിന്നീട് വന്ന അന്വേഷണങ്ങളിൽ നിന്നും പഠനങ്ങളിൽ നിന്നുമൊക്കെ അറിഞ്ഞു, അറിയാൻ ശ്രമിച്ചു എന്ന് പറയുന്നതാവും ശരി. അങ്ങനെയാണ് കേരളത്തിന്റെ അഞ്ഞൂറ്റിത്തൊണ്ണൂറ് കിലോമീറ്ററിനിടയിൽ വന്ന ഓഖിയും സുനാമിയുമൊക്കെ ചേർത്തു വെച്ച് കൊണ്ട്, കേരളത്തെ സുരക്ഷിതമാവാൻ കേരളത്തിന്റെ തീരങ്ങൾ സുരക്ഷിതമായിരിക്കണം. കേരളത്തിന്റെ തീരം കല്ലുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ തീരങ്ങളിൽ ഒരു പ്രകൃതിദത്ത പരിഹാരമുണ്ടാവണം എന്നതാണ് നമ്മുടെ ശാസ്ത്ര ലോകം ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. അവിടെയാണ് പ്രിമിറ്റിവ് ആയ, ഏറ്റവും കരുത്തുള്ള തിരമാലകളെ ദുർബലമാക്കാനും തടഞ്ഞു നിർത്താനും കഴിയുമാറ് ഒരുപാട് ഭിത്തി ഉയർന്നു വരേണ്ടതുണ്ട്.

അഞ്ഞൂറ്റിത്തൊണ്ണൂറ് കിലോമീറ്ററിലും കണ്ടൽ വെച്ച് പിടിപ്പിക്കുകയെന്നത് ശാസ്ത്രീയതയല്ല. ചുരിമണൽ തീരങ്ങൾ, പവിഴതീരങ്ങൾ, മാൻഗ്രൂവ് തീരങ്ങൾ.. അങ്ങനെ വ്യത്യാസങ്ങളുണ്ടാവും. അതിനാൽ കണ്ടൽ ഇണങ്ങുന്ന തീരദേശങ്ങളെ കണ്ടെത്തണം. അതിന് പ്രായോഗികമായ നടപടികൾ വേണം. അതിനുള്ള പാരമ്പര്യജ്ഞാനം അച്ഛനുണ്ടായിരുന്നു. കേരളത്തിന്റെ സാധ്യമായ തീരങ്ങളിലെല്ലാം കണ്ടലിനങ്ങളിൽപ്പെടുന്ന ഏതെല്ലാം സസ്യങ്ങളെ സസ്യപരിചരണത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി,
അയല്പക്ക നഴ്സറികളുണ്ടാക്കി കടൽ ആശ്രിത മനുഷ്യരുടെ കൂട്ടായ്മയും പിന്തുണയും ഉറപ്പു വരുത്തി മാതൃകാപരമായി ഒരു ഗ്രീൻ ബെൽറ്റിന്റെ ഒന്നാം തലമുറയെ നിർമിച്ചെടുക്കേണ്ടതുണ്ട്. ഈയൊരു ഉൾക്കാഴ്ച്ചയിലേക്ക് ഞങ്ങളെത്തിച്ചേരാൻ ഇത്രയും സമയമെടുത്തു. അതിനിടയിൽ രണ്ട് പ്രളയം വന്നു പോയപ്പോളും ഞങ്ങളിത് ആലോചിച്ച് കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയാണ് ബാംബൂ മെതോഡിലേക്ക് ഞങ്ങൾ എത്തിച്ചേർന്നത്.

കരുത്തും സവിശേഷതയും മുൻനിർത്തി ഭ്രാന്തൻ കണ്ടൽ എന്ന് വിളിക്കുന്ന ചെടിയെ തെരഞ്ഞെടുത്ത് മുളങ്കുറ്റിക്കകത്ത് നട്ടു ഉറപ്പിച്ച ശേഷം കടൽത്തീരത്തെ കൽഭിത്തികൾ ഇല്ലാത്തിടത്ത് ഒരു ഹാർഡ് പ്ലാന്റിങ് (Hard Planting) നടത്തുന്നതാണ് ഇത്. സാധാരണ തിരമാല എടുത്ത് പോവാത്ത വിധം ആ ചെടിയെ താഴ് വേരിറങ്ങിപ്പോവുന്ന ഒരു ഘട്ടം നിലനിർത്തുക. അങ്ങനെയൊരു ശ്രമമായിട്ടാണ് ‘തീരത്തൊരു കണ്ടൽ’ എന്ന പേരിൽ മാർഗദർശക പദ്ധതി ട്രസ്റ്റ്‌ രൂപപ്പെടുത്തുന്നതും കേരളത്തിലുടനീളം -പത്ത് തീരദേശ ജില്ലകളിലായി പതിനാറു യൂണിറ്റുകളിൽ- വിത്തുകൾ ഞങ്ങളെത്തിച്ചു കൊടുക്കുന്നതും. വടക്ക് കാസർഗോഡ് പുലരി കാർഷിക പാഠശാല മുതൽ മരക്കാപ്പ് ഫിഷറീസ് സ്കൂളിലും മരക്കാപ്പിൽത്തന്നെയുള്ള തൈക്കടപ്പുറത്തെ പ്രവീൺ കുമാർ മാഷിന്റെയും സുധീർ മാഷിന്റെയും നേത്രത്വത്തിലുള്ള ‘നെയ്തൽ’ എന്ന സംഘടന, മാട്ടൂൽ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റ്, സെബാസ്റ്റ്യൻ മാഷിന്റെ പിന്തുണയോടെ തലശ്ശേരിയിലെ സെന്റ് ജോസഫ് സ്കൂളിലെ നഴ്സറി,അഴീക്കോട് മത്സ്യത്തൊഴിലാളികളുടെ ഒരു ക്ലബ്‌, നടക്കാവ് സ്കൂൾ, പയ്യോളി സ്കൂൾ, പൊന്നാനി എം ഇ എസ് കോളേജ് സസ്യശാസ്ത്ര വിഭാഗം ഉണ്ടാക്കിയ നഴ്സറി, ഫാത്തിമ മാതാ കോളേജ്, സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ആറാട്ടുപുഴയിലെ തിബെറ്റ് എന്ന ഗ്രൂപ്പ്‌, തൃശൂർ ജില്ലയിലെ എറിയാട് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ലൈബ്രറി പിന്നെ മൂന്നോ നാലോ പഞ്ചായത്ത് മെമ്പർമാർ (അമ്പലപ്പുഴയിലെ ജയപ്രകാശ് എന്ന പഞ്ചായത്ത് മെമ്പർ ഉദാഹരണം), ഏറ്റവുമൊടുവിൽ സുഗതകുമാരി ടീച്ചറുടെ ഓർമ്മക്കായി രൂപീകരിച്ച് ശ്രീലത ടീച്ചറുടെയും ഡെൽസി ടീച്ചറുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘സുഗതം സുകൃതം’ എന്ന ഗ്രൂപ്പ്‌.. തുടങ്ങിയ ഒട്ടേറെപ്പേർ എത്രയും ഹൃദയപൂർവ്വം സ്വീകരിക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്നു.
കേരളത്തിന്റെ കടലത്തീരത്തിന് കണ്ടൽ എന്ന കരുത്തുള്ള ആവാസവ്യവസ്ഥയുടെ പിന്തുണ കേരളത്തെ പാരിസ്ഥിതികമായി പുനരുജ്ജീവിപ്പിക്കാനും പുനർനിർമ്മിക്കാനും സാധിക്കുന്നതാണ്. ഈ വലിയ മാറ്റത്തിന്റെ ഒരു ചിഹ്നമായി കണ്ടൽ മാറുകയും ചെയ്യും.

പ്രസന്നമായ കാലാവസ്ഥ കൊണ്ടും മോഹിപ്പിക്കുന്ന പ്രകൃതി ഭംഗി കൊണ്ടും ദൈവത്തിന്റെ സ്വന്തം നാട് എന്ന കേൾവികേട്ട കേരളം ഇന്ന് പ്രകൃതി ദുരന്തം കൊണ്ട് വലയുമ്പോൾ ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്, കല്ലേൻ പൊക്കുടനെന്ന നാട്ടിൻപുറത്തുകാരൻ ജീവിച്ചു കാണിച്ച വഴികളിലേക്ക്. പ്രകൃതി സംരക്ഷണത്തിന്റെ മഹത്തായ പാഠങ്ങളിലേക്ക്. പൊക്കുടൻ പകർന്നു നൽകിയ പാഠങ്ങൾ ഒരു കണ്ടൽക്കാട് കണക്കെ ആഴത്തിൽ വേരൂന്നി പടർന്നു പന്തലിച്ചു കിടക്കുന്നു. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നിടത്ത് കല്ലറയിൽ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു ” പ്രകൃതിയാണെന്റെ ദൈവം, പിന്നെ ജനങ്ങളും”.

(ആകാശവാണി കോഴിക്കോട് നിലയം സംപ്രേക്ഷണം ചെയ്ത പ്രത്യേക പരിപാടിയിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം തയ്യാറാക്കിയത്)

By ആനന്ദൻ