സ്വത്വത്തെ വീണ്ടെടുക്കലാണ് ‘ജയ് ഭീം’

വിവിധ കേസുകളിൽ അകപ്പെട്ട് ജയിൽ മോചിതരായി പുറത്തിറങ്ങിയവരെ ജാതിപരമായി വേർതിരിച്ച് മാറ്റി നിർത്തുന്ന രംഗത്തോടെയാണ് ടി. ജഞാനവേലിന്റെ ‘ജയ്ഭീം’ എന്ന സിനിമ ആരംഭിക്കുന്നത്. ദേവർ, വണ്ണിയർ, ഗൗണ്ടർ, നായ്‌ഡു, മുതലിയർ തുടങ്ങിയ തമിഴ്നാട്ടിലെ പ്രബല ജാതി വിഭാഗങ്ങൾ സ്വതന്ത്രരായി വീട്ടിലേക്കും കൊറവർ, ഇരുളർ, ഒട്ടർ, പുറവർ തുടങ്ങിയ കീഴാള സാമൂഹ്യ വിഭാഗങ്ങൾ പോലീസിന്റേയും അധികൃതരുടേയും ഒത്താശയോടെ കെട്ടിക്കിടക്കുന്ന കേസുകളിൽ ഭീകരനിയമങ്ങൾ മ്രിസ, ടാഡ, പോട്ട)ചുമത്തപ്പെട്ട് വീണ്ടും ജയിലിലടക്കപ്പെടുകയാണ്. തമിഴ്നാട്ടിലെ സാമൂഹിക- അധികാര മണ്ഡലങ്ങളിലെ ഒ.ബി.സി ഹിന്ദു ജാതി അധികാരത്തിന്റെ വർഷങ്ങളായുള്ള അപ്രമാദിത്വവും ദലിതർ ആദിവാസികൾ തുടങ്ങിയ കീഴാള സാമൂഹ്യ വിഭാഗങ്ങൾക്കെതിരെയുള്ള ഹിംസയുടെ രീതിശാസ്ത്രവും ജയ്ഭീം സിനിമ രാഷ്ട്രീയപരമായി അടയാളപ്പെടുത്തുന്നുണ്ട്.

1996 – 97 കാലയളവാണ് സിനിമയുടെ കഥാപരിസരം. 1993 ൽ ഗൂഡല്ലൂരിലെ കാമപുരം പോലീസ് സ്റ്റേഷനിൽ വെച്ച് രാജാകണ്ണൻ എന്ന ഇരുളർ വിഭാഗത്തിലെ ചെറുപ്പക്കാരന്റെ അതിക്രൂരമായ പോലീസ് കസ്റ്റഡി കൊലപാതകവും അതിനെതിരെ രാജകണ്ണന്റെ ഭാര്യ പാർവ്വതി (സിനിമയിൽ സെൻഗിണി)യും അഡ്വക്കേറ്റ് ചന്ദ്രുവും (സൂര്യ) നടത്തുന്ന നിയമ പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.

രാജാകണ്ണനും സെൻഗിണിയുമടങ്ങുന്ന ഇരുളർ എന്ന ഗോത്ര വിഭാഗത്തിന്റെ ദൈനംദിന- സാമൂഹിക പശ്ചാത്തലം മുഖ്യ പ്രമേയമായി സിനിമ മുന്നോട്ട് വെക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് അൻപത് വർഷമായിട്ടും സ്വന്തമായി ഭൂമിയോ വോട്ടർ ഐഡിയോ റേഷൻ കാർഡോ ഇല്ലാത്തവരാണ് ഇരുളർ. ഇരുളരുടെ സ്വത്വവും അസ്തിത്വവും നിഷേധിക്കുന്നതിലൂടെ സ്റ്റേറ്റും, ജാത്യാധികാരവും ഇവരുടെ മേൽ എല്ലാവിധ ഹിംസയും പ്രയോഗവൽക്കരിക്കുകയാണ്.

ദേശരാഷ്ട്രത്തിന്റെ ഭൂപടത്തിൽ പോലും ദൃശ്യമാവാത്ത ഇരുളർ വിഭാഗം സ്വഭാവികമായും ഹിന്ദു – ജാതി – അധികാര സ്റ്റേറ്റിനെ സംബന്ധിച്ചെടുത്തോളം ഒരു വിഷയമാകുന്നില്ലെന്നു മാത്രമല്ല സിനിമയിൽ സൂചിപ്പിക്കുന്ന പോലെ ജനായത്ത തെരഞ്ഞെടുപ്പ്, സാമൂഹിക സുരക്ഷ, നിയമപരമായ പരിരക്ഷ എന്നിവയല്ലാം നിഷേധിക്കപ്പെട്ടവരാണ്. ഇത് ഹിന്ദുത്വ സ്റ്റേറ്റിന്റെ വംശഹത്യ പദ്ധതിയായ പൗരത്വ ഭേദഗതി നിയമവുമായി കൂട്ടിവായിക്കാവുന്നതാണ്.

ദലിതർ, ആദിവാസികൾ, നാടോടികൾ തുടങ്ങിയ വിഭാഗങ്ങൾ അർദ്ധ മനുഷ്യരായും, കുറ്റവാളികളായും അവകാശങ്ങളില്ലാത്ത, രേഖകളില്ലാത്ത, തിരിച്ചറിയപ്പെടാത്ത വംശഹത്യക്കിരയാക്കുന്ന വിഭാഗവുമായിത്തീരാൻ ഇത് കാരണമാകുന്നുണ്ട്.

ഭൗമശാസ്ത്രപരമായും സാമൂഹികമായും ഇരുള വിഭാഗത്തെ സിനിമ അടയാളപ്പെടുത്തുന്നുണ്ട്. ഗ്രാമത്തിന്റെ പുറമ്പോക്കിൽ മലനിരക്കടുത്തായി ജീവിക്കുന്ന ഇരുളർ പരമ്പരാഗതമായി പാമ്പ് പിടുത്തത്തിൽ വൈദഗ്ധ്യമുള്ളവരാണ്. പ്രദേശം, നിറം, തൊഴിൽ, ജാതി തുടങ്ങിയ സംവർഗ്ഗങ്ങളാൽ കേന്ദ്രീകൃതമായ ഗ്രാമീണ – ജാതിവെറി ഗ്രാമമുഖ്യന്റെ ഭാര്യ(സുജാത) പ്രകടമാക്കുന്നുണ്ട്. ഗാന്ധിയുടെ ഉദാത്ത ഗ്രാമ സങ്കൽപം കാപട്യമാണെന്നും ഗ്രാമങ്ങൾ ജാതിയുടെ ചളിക്കുണ്ടുകളാണെന്നുമുള്ള ഡോ. അംബദ്ക്കറുടെ സാമൂഹിക വിമർശനം ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്. ഇരുളർ അടങ്ങുന്ന ട്രൈബൽ വിഭാഗങ്ങൾ സ്ഥിരമായ കുറ്റവാളികളാണെന്നാണ് (Habitual offender) ‘പബ്ലിക് പ്രോസിക്യൂട്ടർ’ കൊളഞ്ചി കേസുമായി ബന്ധപ്പെട്ട് മുന്നോട്ട് വെക്കുന്ന വാദം. ബ്രിട്ടീഷ് – ജൻമിത്വ വിരുദ്ധ പോരാട്ട പാരമ്പര്യമുള്ള ആദിവാസി വിഭാഗങ്ങളെ ക്രിമിനൽ ട്രൈബുകളായി മുദ്രകുത്തുന്നത് കൊളോണിയൽ- ജാതി അധികാര വംശാവലിയാണ്. ഗ്രാമമുഖ്യന്റെ വീട്ടിലെ മോഷണ കേസുമായി ബന്ധപ്പെട്ട് രാജാകണ്ണൻ, ഇരുട്ടപ്പൻ, മൊസക്കുട്ടി എന്നിവരെ പോലീസ് കസ്റ്റഡിയിൽ ക്രൂരമായ മർദ്ദനത്തിന് വിധേയമായപ്പോഴും രാജകണ്ണൻ മൊസക്കുട്ടിയോട് പറയുന്നത് നോക്കൂ, ‘മർദ്ദനത്തിന്റെ ശാരീരിക വേദന സഹിച്ച് പിടിച്ചാൽ കുറച്ച് കഴിഞ്ഞ് ഭേദമാക്കും’. പക്ഷേ കള്ളരെന്ന്, കുറ്റവാളികളെന്ന് സമ്മതിച്ചാൽ, ചെയ്യാത്ത കുറ്റം ഏറ്റുപറഞ്ഞാൽ ആജീവനാന്തം തങ്ങളുടെ സമുദായവും, തലമുറകളും അനുഭവിക്കേണ്ടി വരുന്ന സാമൂഹിക ബഹിഷ്ക്കരണത്തിന്റെ വികസിത തലം സിനിമ പരോക്ഷമായി മുന്നോട്ട് വെക്കുന്നുണ്ട്.

സിനിമയുടെ ട്രെയ്ലർ മുന്നോട്ട് വെച്ച പ്രധാന സന്ദേഹം സൂര്യയുടെ കഥാപാത്രത്തിന്റെ ഉദാര രക്ഷാകർതൃത്വമായിരുന്നു.
ഇരുളർ വിഭാഗത്തിന്റെ അതിദൃശ്യതക്കൊപ്പം അഡ്വക്കേറ്റ് ചന്ദ്രു കലർപ്പില്ലാത്ത മനുഷ്യനാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന, തന്റെ സ്വത്യം പ്രകടമാക്കാത്ത നീതിക്കും സമത്വത്തിനായി നിലകൊള്ളുന്ന ഒരു പോരാളിയായാണ് അവതരിപ്പിക്കുന്നത്. എന്നാൽ ഇത് യഥാർത്ഥ കഥയുടെ റഫറൻസുമായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് തന്നെ ഫിക്ഷണലായ രക്ഷകവേഷത്തെ മറികടക്കുന്നുണ്ട്.

1996 ൽ രൂപീകൃതമായ ‘പാലകുഡി ഇരുളർ പതുഗപ്പു സംഘം’ എന്ന സംഘടനയുടെ മുന്നണി പോരാളിയായ അഡ്വക്കേറ്റ് ചന്ദ്രു ഏതാണ്ട് ആയിരത്തോളം ഇരുള വിഭാഗവുമായി ബന്ധപ്പെട്ട കള്ളക്കേസുകൾ (ടാഡ, പോഡ, മിസ) ക്കെതിരായി നിയമ പോരാട്ടം നയിച്ചയാളാണ്. ഇടതുപക്ഷ, പെരിയാർ ആഭിമുഖ്യമുള്ള ഈ വേദി ഇരുളർക്കായുള്ള വിദ്യാഭ്യാസം, പഞ്ചമി ഭൂമി എന്ന പേരിൽ ദലിതർക്കായി ഭൂമി നേടിയെടുക്കൽ, ശവസംസ്ക്കരണ ചടങ്ങുകളിൽ താഴ്ന്ന വിഭാഗങ്ങൾ നേരിട്ട സാമൂഹിക ബഹിഷ്ക്കരണം എന്നിവയെ പ്രശ്നവൽക്കരിച്ച് സംസാരിച്ചതുൾപ്പെടെ പ്രതീക്ഷയായി മുന്നിൽ നിന്ന സംഘാടകനും സാമൂഹിക വേദിയുമാണ്.

തമിഴ്നാനാട്ടിലെ അബ്രാഹ്മണ പ്രസ്ഥാനങ്ങളുടേയും പെരിയാറിന്റേയും രാഷ്ട്രീയ ഭൂമിക പിൽക്കാലത്ത് ദ്രാവിഡ പ്രസ്ഥാനങ്ങളുടേയും പിളർപ്പിന്റെയും സംഘർഷ ഭൂമികയായി മാറുകയും ജാതി രൂക്ഷമാവുകയുമാണുണ്ടായത്. കീഴാള വിഭാഗങ്ങൾക്കെതിരെ ഒബിസി ഹിന്ദു വിഭാഗങ്ങളിൽ നിന്ന് തുടർന്ന് വരുന്ന ആക്രമണങ്ങളുടേയും, ദുരഭിമാന ബോധത്തിന്റേയും വിവേചനങ്ങളുടേയും പശ്ചത്തലത്തിലാണ് സാമൂഹിക നീതിയുടെ രാഷ്ട്രീയ മുദ്രാവാക്യം ‘ജയ് ഭീം’ കടന്നുവരുന്നത്. പെരിയാർ, മാർക്സ് എന്നിവർക്കൊപ്പം സിനിമയുടെ തലവാചകമായി തന്റെ നിയമ-നീതി പോരാട്ടത്തിലുടനീളം അംബേദ്ക്കർ മുഖ്യപ്രമേയമാകുകയും അതിനനുസരിച്ചുള്ള ഒരു ആശയസഞ്ചയം രൂപപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്.

പേഷാ പട്ടാളത്തെ തുരത്തിയോടിച്ച ഭീമ കൊറഗോവിന്റെ ചെറുത്തുനിൽപ്പിന്റെ അടയാളവും ഉത്ഭവുമായ “ജയ് ഭീം” ചെറുത്തു നിൽപ്പിന്റെ, വീണ്ടെടുപ്പിന്റെ ശബ്ദമാണ്. ദലിതർ ആദിവാസികൾ, മറ്റു കീഴാള വിഭാഗക്കാരെ ഇല്ലായ്മക്കാരും വല്ലായ്മക്കാരും, കാഴ്ച്ചവസ്തുക്കളും, ഇരകളുമാക്കുന്ന ആഖ്യാനങ്ങളെ മറികടന്ന് തങ്ങളുടെ ദൈനംദിന ജീവിതങ്ങളിലെ സാമൂഹിക അനുഭവങ്ങളെ തിരിച്ചറിയാനും, വിദ്യാഭ്യാസം നേടാനും സംഘടിക്കാനും പോരാടാനും ജയ്ഭീം എന്ന രാഷ്ട്രീയ മുദ്രാവാക്യം അനേകരിൽ പ്രതീക്ഷയും വെളിച്ചവും ഭാവിയുമായി തീർന്നിട്ടുണ്ട്. പരമ്പരാഗത ജാതി അധികാരങ്ങളെ വെല്ലുവിളിച്ചും, ഗെട്ടോകളെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചും തങ്ങളുടെ ആഗ്രഹങ്ങളെ നാഗരികമായി പുനരവതരിപ്പിച്ചും മണ്ഡലാനന്തര പൊതുമണ്ഡലത്തിൽ ജയ് ഭീം മുദ്രാവാക്യങ്ങളും അംബേദ്ക്കർ ആശയങ്ങളും കൃത്യമായ രാഷ്ട്രീയ ബ്ലോക്കായി തീർന്നിട്ടുണ്ട്.

കൊളോണിയൽ ക്രമത്തിൽ നിന്നും സവർണ ബ്രാഹ്മണരാൽ നേതൃത്വം നൽകുന്ന സ്വാതന്ത്രാനന്തര അധികാര കാലഘട്ടത്തെ മുൻനിർത്തി കൂടിയാണ് ‘നമ്മൾ വലിയ വൈരുധ്യങ്ങളിലേക്ക് പ്രവേശിച്ചിരിക്കുന്നു’ എന്ന അഭിപ്രായം ഡോ അംബദ്ക്കർ മുന്നോട്ട് വെക്കുന്നത്.

സാമൂഹിക ജനാധിപത്യം കൈവരിക്കാത്ത വിഭാഗമെന്ന നിലയിൽ കീഴാളരെ സംബന്ധിച്ചെടുത്തോളം സ്വാഭാവിക നീതി പോലും ലഭ്യമാവില്ലെന്നും, സുശക്തമായ ഭരണഘടനയോ, സമത്വസങ്കൽപമോ രക്ഷക്കെത്തില്ലെന്നും സവർണരാൽ നേതൃത്വം നൽകുന്ന ജാതി അധികാരത്തെയും സംവിധാനങ്ങളേയും അപനിർമിക്കുന്ന പരിവർത്തനത്തിന്റേതായ പാത കീഴാള വിഭാഗങ്ങൾ നിരന്തരം വികസിപ്പിക്കേണ്ടിയിരിക്കുന്നുവെന്ന് അംബേദ്ക്കർ ഓർമപ്പെടുത്തുന്നു.

ടി ജെ ജ്ഞാനവേൽ

തമിഴ്നാട്ടിലെ പ്രത്യക്ഷമായ ജാതി അധികാരത്തെ, ഹിംസകളെ നാട്യങ്ങളില്ലാതെ ഉറക്കെ അവതരിപ്പിക്കുന്നു, സംസാരിക്കുന്നു എന്നതു തന്നെയാണ് അടുത്ത കാലത്തായി ഇറങ്ങുന്ന തമിഴ്സിനിമകൾ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം.
പാ രജ്ഞിത്ത്, മാരി സെൽവരാജ്, വെട്രിമാരൻ എന്നിവരുടെ സിനിമകളിലെ പ്രമേയത്തിലെ കൃത്യതയും സിനിമാറ്റിക് ഭംഗിയും ജാതി, പോലീസ്, അധികാരം, ഭരണകൂടം, കീഴാളർ തുടങ്ങിയവരുമായി ബന്ധപ്പെട്ട പരമ്പരാഗത അധീശ ഭാവനകളെ, രക്ഷകരെ, ഫാന്റെസികളെ, സ്‌റ്റീരിയോടൈപ്പുകളെ മറികടക്കാനും കീഴാള വിഭാഗങ്ങൾക്ക് തങ്ങളുടെതായ സാമൂഹിക അനുഭവങ്ങളുമായി അനായാസം ബന്ധപ്പെടുത്താനും സാധിക്കുന്നുണ്ട്.

വളരെ പരോക്ഷമായി ജാതി പ്രവർത്തിക്കുന്ന കേരളീയ സാമൂഹിക മണ്ഡലത്തിൽ ജാതി, അധികാരം, സ്റ്റേറ്റ്, പോലീസ് തുടങ്ങിയ സാമൂഹിക പ്രമേയങ്ങളടങ്ങുന്ന പ്ലോട്ടുകൾ (വിരളമാണ്) പ്രേക്ഷകർക്ക് അനിശ്ചിതത്വത്തിനും സങ്കീർണതക്കും കാരണമാകുന്നത് തന്നെ പുരോഗമനത്തിന്റേതായ ഒരു വലിയ സവർണ – ലിബറൽ നാട്യം ഇവിടെയുള്ളത് കൊണ്ടാണെന്ന് ഇതിനോടൊപ്പം ചേർത്ത് പറയുന്നു. എം.ജി സർവുകലാശാലയിൽ താൻ നേരിട്ട തുറന്ന ജാതീയ വിവേചനത്തിനെതിരെ നിരാഹാര പ്രക്ഷോഭം നയിക്കുന്ന ദീപ പി. മോഹനന്റെ വിഷയത്തിൽ മൗനമാചരിച്ചാണ് ജയ് ഭീം സിനിമയുടെ ചെങ്കൊടി, കൾട്ട് /ബിംബ ‘ഏറ്റെടുപ്പ്’ കേരളീയ ഇടതുപക്ഷ പ്രൊഫൈലുകൾ നടത്തുന്നത് എന്ന വിരോധാഭാസം കൂടി മറുപുറത്തുണ്ട്.

By സി യഹിയ

PhD Scholar, UoH Hyderabad