വാരിയംകുന്നന്റെ യഥാര്‍ഥ ചിത്രം കവര്‍പേജായി വന്ന ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ ഗ്രന്ഥകാരന്‍ റമീസ് മുഹമ്മദ് നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗം
ഇവിടെ ഹാജറത്താക്ക് പ്രകാശനം ചെയ്യാനായി എന്റെ പുസ്തകം ഒരു സ്വര്‍ണനിറമുള്ള വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നത് ഞാന്‍ കണ്ടു. ആ വര്‍ണ്ണക്കടലാസിനുള്ളില്‍ എന്റെ ജീവിതത്തിന്റെ മൂന്നിലൊരു ഭാഗമുണ്ട്. ഇരുപത്തിനാല് വയസ്സുമുതല്‍ മുപ്പത്തിനാലു വയസ്സുവരെയുള്ള എന്റെ ജീവിതകാലയളവിന് ഞാനിടുന്ന പേര് വാരിയംകുന്നന്‍ എന്നാണ്. പഴ്‌സ്യൂട്ട് ഓഫ് ഹാപ്പിനെസില്‍ പറയുന്നതു പോലെ, ദിസ് ഇസ് പാര്‍ട്ട് ഓഫ് മൈ ലൈഫ്, ദിസ് ഈസ് വാരിയംകുന്നന്‍.
ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ടാ ദിവസം. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനാദ്യമായി വാരിയംകുന്നനെക്കുറിച്ച് വായിച്ച ദിവസം. ഇംഗ്ലണ്ടിലെ അരിച്ചിറങ്ങുന്ന ആ തണുപ്പിലും എന്റെ ചിന്തകള്‍ക്ക് ചൂട് പിടിച്ച ആ ദിവസം. ‘വാരിയംകുന്നന്‍ ഒരു സമാന്തര ഭരണകൂടം സ്ഥാപിച്ചിരുന്നു. അങ്ങനെ സ്ഥാപിച്ച ഒരേയൊരു ഇന്ത്യക്കാരന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു’ എന്നതായിരുന്നു ആ ലേഖനത്തിലെ വരികള്‍. പാരലല്‍ ഗവണ്‍മെന്റ് എന്ന വാക്കിന്റെയര്‍ഥം മനസിലായെങ്കിലും എന്താണതെന്ന് മനസിലായില്ലായിരുന്നു. എങ്ങനെയാണത്? എന്താണതിന്റെ പ്രവര്‍ത്തനരീതികള്‍?
ഞാനതിനു മുമ്പ് വാരിയംകുന്നന്റെ പേര് കേട്ടിട്ടേയുള്ളൂ, എന്റെ സുഹൃത്ത് നഈമില്‍ നിന്നത് കേട്ടിട്ടുണ്ട്, ഐ വി ശശിയുടെ സിനിമ കണ്ടിട്ടുണ്ട് അത്രതന്നെ. ഞാനാ ലേഖനം കണ്ട് നഈമിനോട് ചോദിച്ചു, “എടാ ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടല്ലോ, അഞ്ചുമാസം ഭരിച്ചുവെന്ന്, സത്യമാണോ?”
“അതെ സത്യമാണ്” അവന്‍ പറഞ്ഞു.
“നിനക്കറിയാമായിരുന്നോ?”
“അതെ എനിക്കറിയാമായിരുന്നു”.
“പക്ഷേ എനിക്കറിയില്ലായിരുന്നു”. അതൊരു വല്ലാത്ത ആകാംക്ഷയാണ് കൂട്ടിയത്, സിനിമയോ പുസ്തകമോ ഒന്നും ലക്ഷ്യമായിരുന്നില്ല, നിറഞ്ഞ ആകാംക്ഷ മാത്രം.

വീരനായകന്‍മാരെക്കുറിച്ച് പഠിക്കാനിഷ്ടമുള്ളതു കൊണ്ട് അയാളെക്കുറിച്ച് ഒരാകാംക്ഷ തോന്നി. വല്ല പുസ്തകവും കിട്ടാനുണ്ടോയെന്ന് നാട്ടിലേക്കു വിളിച്ചു ചോദിച്ചു. വാരിയംകുന്നനെക്കുറിച്ച് ഒറ്റ പുസ്തകവും വിപണിയില്‍ ലഭ്യമല്ലയെന്നറിഞ്ഞു. മലബാര്‍ സമരത്തെക്കുറിച്ച് വല്ല പുസ്തകവും കിട്ടാനുണ്ടോയെന്ന് ചോദിച്ചു. രണ്ടു പുസ്തകങ്ങളാണന്ന് മാര്‍ക്കറ്റില്‍ ലഭ്യമായിരുന്നത്. എംപിഎസ് മേനോന്റെയും മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെതും. അവ വാങ്ങി വായിച്ചു. ആ പുസ്തകങ്ങളുടെ അക്ഷരങ്ങള്‍ക്കിടയില്‍ ഞാന്‍ തപ്പിയത് വാരിയംകുന്നനെയാണ്. അയാളെക്കുറിച്ച ഓരോ വരികളുമെന്നെ ഞെട്ടിച്ചു കൊണ്ടേയിരുന്നു. ഞാന്‍ നാട്ടിലെത്തി. റിസര്‍ച്ച് വളരെ സീരിയസ് ആയിത്തുടങ്ങി. പഴയകാല പുസ്തകങ്ങള്‍, ലൈബ്രറികളിലെ പഴയരേഖകള്‍ തപ്പിയെടുത്തു തുടങ്ങി. ഓരോ ദിവസവും ഓരോ വരികളിലും അദ്ദേഹമെന്നെ ഞെട്ടിച്ചു കൊണ്ടേയിരുന്നു. റിസര്‍ച്ച് മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ആദ്യമൊറ്റക്കായിരുന്നു, പിന്നെ ആളു വന്നുതുടങ്ങി. ചില സുഹൃത്തുക്കള്‍ സാമ്പത്തിക സഹായം തന്നുതുടങ്ങി. റിസര്‍ച്ച് ടീമിനെയുണ്ടാക്കി, ഓഫീസ് സെറ്റപ്പുമുണ്ടാക്കി. റിസര്‍ച്ചില്‍ പല വിവരങ്ങളും കിട്ടിക്കൊണ്ടേയിരുന്നു. പല ഞെട്ടിക്കുന്ന വിവരങ്ങളും. അന്താരാഷ്ട്ര ഫിഗറായൊരു വാരിയംകുന്നനെ കിട്ടിക്കൊണ്ടിരുന്നു.
പക്ഷേ നിരാശ ബാക്കിയായിരുന്നു. പല വിവരങ്ങളും കിട്ടുന്നുണ്ടായില്ലയെന്നതാണ്. വാരിയം കുന്നന്റെ ഫോട്ടോ, പലവിധ രേഖകള്‍. ഒരുപാടൊരുപാട് വിരാമങ്ങള്‍. പലയിടത്തും പോകുമ്പോള്‍ ആ വിവരങ്ങള്‍ ലഭ്യമല്ല. അന്നു ഞാന്‍ ഹിച്ച്‌കോക്കിന്റെ ആ വെല്ലുവിളിയറിഞ്ഞു. വാരിയംകുന്നന്റെ ജഡം കത്തിച്ചു കളഞ്ഞ്, മുഴുവന്‍ രേഖകളും കത്തിച്ചുകളഞ്ഞ്, ആ കത്തുന്ന ദേഹത്തിനരികെ നിന്നുകൊണ്ട് ഹിച്ച്‌കോക്ക് പുഞ്ചിരിച്ചിരുന്നു. ആ പുഞ്ചിരിയില്‍ വാരിയംകുന്നന്റെ നാട്ടുകാരോടുള്ള വെല്ലുവിളിയുണ്ടായിരുന്നു. ഇയാളുടെ ചരിത്രം ആരുമോര്‍പ്പിക്കില്ല, ഇയാളെയാരുമോര്‍മ്മിക്കില്ല, എല്ലാം ഞാനിവിടെ തീയിട്ടു ചുടുകയാണ്. എന്റെയോരോ അന്വേഷണത്തിലും ഹിച്ച്‌കോക്കിന്റെയാ നിശബ്ദ വെല്ലുവിളി തലയ്ക്കു മുകളിലൊരു വാള്‍ പോലെ നിന്നിരുന്നു. നിരാശനായി തലകുനിച്ച് പലയിടത്തും ഞാന്‍ നിന്നിട്ടുണ്ട്. ആ വിവരങ്ങള്‍ ലഭ്യമല്ല, ആ വിവരങ്ങള്‍ വിട്ടുതരാന്‍ കഴിയില്ല. പല പല ആര്‍ക്കൈവുകളില്‍ നിന്ന്. അപ്പോഴെല്ലാം ഹിച്ച്‌കോക്ക് എന്റെ തലക്കു മുകളിലിരുന്ന് പുഞ്ചിരിച്ചുകൊണ്ടിരുന്നു. പക്ഷെ അതിനും മേലെ പടച്ചവനുണ്ടായിരുന്നു.

ഒരുനാള്‍ കാര്‍മേഘങ്ങളൊഴിഞ്ഞു തുടങ്ങി. മാനം തെളിഞ്ഞു. പല രേഖകളും ഞങ്ങളെ തേടിവന്നു. വാരിയംകുന്നന്‍ അമേരിക്കയിലയച്ച സന്ദേശം, വാരിയംകുന്നന്റെ കറന്‍സിയെക്കുറിച്ച് ഓസ്‌ട്രേലിയയില്‍ വന്ന വാര്‍ത്തകള്‍, വാരിയംകുന്നനെക്കുറിച്ച് കാനഡയിലും മറ്റും വന്ന വാര്ത്തകള്‍, ഫ്രഞ്ചില്‍ വന്ന ലേഖനപരമ്പരകള്‍.. ഒടുവിലൊരുനാള്‍ വാരിയംകുന്നന്റെയാ ഫോട്ടോയും ഞങ്ങളെത്തേടിയെത്തി. അതാണൊരു പുസ്തകമായിവിടെയിറങ്ങുന്നത്.
ഒന്നുമെന്റെ മാത്രം മിടുക്കാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. നിര്‍ണായക വിവരങ്ങളടങ്ങിയ താമിയുടെ ഡയറിക്കുറിപ്പ് കണ്ടെടുത്തത് എ കെ കോഡൂരായിരുന്നു. മാഞ്ചി അയമുട്ടിയെയും മായന്‍കോട്ട് കണ്ണന്‍മാനെയും അഭിമുഖം ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചത് എകെ കോഡൂരും അലവി കക്കാടനുമാണ്. എംപി നാരായണ മേനോനെ ഇന്റര്‍വ്യൂ ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചത് എംപിഎസ് മേനോനാണ്. വാരിയംകുന്നന്റെ ഫോട്ടോയും അത്യപൂര്‍വ്വ രേഖകളും കണ്ടെടുത്തത് എന്റെ സുഹൃത്തും ഗവേഷകനുമായ അഷ്‌കറാണ്. മലബാര്‍ സമര സിനിമയെക്കുറിച്ച് വിവരങ്ങള്‍ കണ്ടെടുത്തത് ശിവദാസന്‍ സാറാണ്. ബ്രിട്ടീഷുകാരുടെ ടെലഗ്രാം സന്ദേശങ്ങള്‍ കണ്ടെടുത്തത് അനസ് സാറാണ്. പാണ്ടിക്കാട് യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെടുത്തത് യൂസുഫലിക്കയാണ്. വാരിയംകുന്നന്റെ കോയമ്പത്തൂരെ കുടുംബത്തെക്കുറിച്ച് കണ്ടെത്തിയത് ഇബ്രാഹിം സിപിയും ജാഫര്‍ കെ എമ്മുമാണ്. മറ്റു പല രേഖകളും കണ്ടെടുത്തത് റിസര്‍ച്ച് ടീമിലെ പല അംഗങ്ങളുമാണ്. മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ ഈ ആളുകളെയെല്ലാം കണ്ടെത്താന്‍ കഴിഞ്ഞുവെന്നത് മാത്രമാണ് എന്റെ നേട്ടം.
ഇവരുടെയെല്ലാം കണ്ടെത്തലുകളെ ശേഖരിച്ച്, കൃത്യമായി ക്രോഡീകരിച്ച് ഒരു വായനാനുഭവമൊരുക്കി രണ്ടു പുറംചട്ടകള്‍ക്കുള്ളിലാക്കുന്ന പണി മാത്രമേ ഞാനെടുത്തിട്ടുള്ളൂ. ഇതൊരു വിനയപ്രകടനമല്ല, ഇതാണ് സത്യം.
ഈ സ്ഥലത്തു നിന്ന് കുറച്ചു മാറിയുള്ളൊരു സ്ഥലത്തു വെച്ചാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ചു കൊന്നത്. വെടിവെച്ചു കൊന്നതിനു ശേഷമവര്‍ അദ്ദേഹത്തിന്റെ മൃതദേഹം കത്തിച്ചുകളഞ്ഞു. അദ്ദേഹത്തിന്റെ അഞ്ചു മാസത്തെ എല്ലാ ഭരണ റെക്കോഡുകളും, മുഴുവന്‍, എല്ലാ ചരിത്രവും അവര്‍ കത്തിച്ചു. അതിന്റെ ചാരം പോലുമെടുത്തു കൊണ്ടുപോയി എവിടെയോ കളഞ്ഞു. വാരിയംകുന്നന്റെ ചരിത്രമില്ലാതാവുകയാണെന്നവര്‍ കരുതി. ഓര്‍മ്മകള്‍ മായുകയാണെന്നവര്‍ കരുതി. പക്ഷേയവര്‍ അറിഞ്ഞില്ല, ആ ചാരമലിഞ്ഞു ചേര്‍ന്നത് ഈ നാടിന്റെ വായുവിലാണെന്ന്. അതലിഞ്ഞു ചേര്‍ന്നത് ഈ നാടിന്റെ വെള്ളത്തിലാണെന്ന്. ആ വായുവാണിന്നാട്ടിലെ ജനം ശ്വസിക്കുന്നത്. ആ വെള്ളമാണിന്നാട്ടിലെ ജനം കുടിക്കുന്നത്. ദിസ് ആഷ് കാന്‍ റൈസിങ് ലൈക് ദാറ്റ്.
നൂറു വര്‍ഷം മുമ്പ് ഹിച്ച്‌കോക്കുയര്‍ത്തിയ വെല്ലുവിളിക്ക് നൂറുവര്‍ഷമിപ്പുറം ഇന്നാട് ഉത്തരം നല്‍കുകയാണ്. നൂറു വര്‍ഷം മുമ്പയാള്‍ മറച്ചുവെച്ച സത്യങ്ങള്‍ ഓരോ വര്‍ഷവും പുറത്തു കൊണ്ടുവരികയാണ്. വാരിയംകുന്നന്റെ പേര് ചരിത്രത്താളുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിക്കുന്ന എല്ലാവരും ആ പാഠം പഠിക്കട്ടെ. ദുര്‍ബലമായ പുസ്തകത്താളുകളില്‍ നിന്ന് നിങ്ങള്‍ വാരിയംകുന്നന്റെ പേര് നീക്കം ചെയ്യുമ്പോള്‍ ആ നാമം ജനഹൃദയങ്ങളില്‍ തങ്കലിപികളാല്‍ കൊത്തിവെക്കപ്പെടുകയാണ്. അതിനാല്‍ വാരിയംകുന്നനെന്ന ധീരേതിഹാസത്തിന്റെ നാമം ചരിത്രത്തില്‍ നിന്ന് മായ്ച്ചു കളയാനും കളങ്കപ്പെടുത്താനും ശ്രമിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടീഷുകാര്‍ മുതല്‍ ഈ കാലഘട്ടത്തിലെ ബ്രിട്ടീഷുകാരുടെ ആരാധകര്‍ വരെയുള്ളവരോട് വാരിയംകുന്നന്റെ നാട്ടുകാരന് ഒന്നേ പറയാനുള്ളൂ, ചലഞ്ച് അക്‌സപ്റ്റഡ്. വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു!