സനാതന ധർമത്തിൽ നിന്നും സംഘപരിവാറിലേക്ക്; മീന കന്ദസ്വാമിയുടെ പ്രഭാഷണം

‘സനാതന ധർമത്തിൽ നിന്നും സംഘപരിവാറിലേക്ക്’ എന്നാണ് എന്റെ സംസാരത്തിന്റെ തലക്കെട്ട്. കാലങ്ങളായുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരിണാമം പരിശോധിക്കുമ്പോൾ, ഹിന്ദുത്വ രാഷ്ട്രീയം യഥാർഥത്തിൽ എന്താണെന്നുള്ള ചർച്ചകളെ തടയുന്ന സംഘടിത ശ്രമങ്ങൾ നടക്കുന്നത് കൃത്യമായി നിരീക്ഷിക്കാനാവും. ഈ ശ്രമങ്ങളിൽ ഭൂരിഭാഗവും ഹിന്ദുത്വ എന്ന പദ്ധതിയെ വിമർശനവിധേയമാക്കാനനുവദിക്കാതെ ഹിന്ദു എന്ന വാക്കിൽ അഭയം തേടുകയാണ് ചെയ്യുന്നത്. എന്റെ നാല് വയസ്സുള്ള കുഞ്ഞിനെതിരെ വധഭീഷണിയുണ്ടായിട്ടും ‘ഡിസ്മാൻറ്ലിങ് ഗ്ലോബൽ ഹിന്ദുത്വ’ എന്ന ഈ കോൺഫറൻസിൽ ഇന്ത്യയിൽ ജീവിക്കുന്ന ഒരാളെന്ന നിലയിൽ ഞാൻ പങ്കെടുക്കുന്നു.

ഈ കോൺഫെറൻസിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച സംഘടനകളിലൊന്ന് ഗൗരി ലങ്കേഷ്, കൽബുർഗി, നരേന്ദ്ര ദാബോൽകർ തുടങ്ങിയവരെ കൊല ചെയ്ത സനാതൻ സനസ്ത എന്ന സംഘടനയുമായി ബന്ധമുള്ളതാണ് എന്നറിഞ്ഞതിനു ശേഷവും ഞാൻ സംസാരിക്കുന്നു. ഇത്തരം ഭീഷണികൾ തീർച്ചയായും എന്നെ ഭയപ്പെടുത്തുന്നുണ്ട്. എന്നാൽ നിശബ്ദമായിരുന്നു കൊണ്ട്, ന്യൂനപക്ഷ വിരുദ്ധവും ജാതീയവും സ്ത്രീവിരുദ്ധവുമായ ഹിന്ദു ഭൂരിപക്ഷ ദേശീയതയുടെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ ഭീകരതയെ ചോദ്യം ചെയ്യാതെ മുന്നോട്ട് പോവുക എന്നതാണ് എനിക്കുള്ള മറ്റൊരു സാധ്യത. ഈ സമ്മേളനത്തിലെ മറ്റു പാനലിസ്റ്റുകളുടെ കാര്യത്തിലും ഇത് തന്നെയാണ് സത്യം എന്ന് ഞാൻ കരുതുന്നു. വേരുറച്ച ഹിന്ദുത്വത്തെ ചോദ്യം ചെയ്യേണ്ടതും തകർത്തു കളയേണ്ടതും തീർച്ചയായും ആവശ്യമാണെന്നതിൽ ഞാൻ ബോധവതിയായിരുന്നു. എങ്കിലും ഹിന്ദു വിശ്വാസത്തിലെ ഒരു ദൈവങ്ങളോടും ഈ ഭൂരിപക്ഷ തീവ്രവാദത്തിന്റെ വക്താക്കൾക്ക് ബഹുമാനമില്ലെന്നത് കൃത്യമായി ബോധ്യപ്പെട്ട സന്ദർഭമുണ്ടായി.

നിസ്സാരമെങ്കിലും, നിർണായകമായ നിമിഷമായിരുന്നു അത്. സംഘികൾ എന്റെ അച്ഛന്റെ പേരായ, മുരുകന്റെ തമിഴ് പേരായ കന്ദസാമി എന്നത് ‘Cunt samy’ (സ്ത്രീകളുടെ ലൈംഗികാവയവം) എന്ന് ഭാഷാന്തരം ചെയ്ത് ട്രോളുകൾ നിർമ്മിക്കാൻ തുടങ്ങി. ഞാനൊരു സ്ത്രീപക്ഷവാദിയാണ്. അതുകൊണ്ട് തന്നെ ‘Cunt’ എന്നത് ഒരു അവഹേളനമായി ഞാൻ എടുക്കുന്നില്ല. ഹിന്ദുയിസത്തിനെതിരായുള്ള അക്രമങ്ങളിൽ വികാരം വ്രണപ്പെടുന്നുവെന്ന് ഘോഷിക്കുന്ന സംഘികളുണ്ട്, എന്നാൽ മറ്റു വിശ്വാസികളുടെ വിശ്വാസം അവഹേളിക്കപ്പെടുന്നതിൽ യാതൊരു മനസ്ഥാപവും അവർക്കില്ല. നിങ്ങൾ മുരുകനെ വിളിക്കുന്ന ഹിന്ദുവാണെങ്കിൽ ഭാഗ്യക്കേട് നിങ്ങളെ തേടി വരാനിരിക്കുന്നു. നിങ്ങളുടെ ദൈവങ്ങൾ ഈ സംഘികൾക്കു ബലിമൃഗങ്ങൾ മാത്രമാണെന്ന് ദയവായി ഓർക്കുക. തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടി ഏറ്റവുമാദ്യം നിങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നതും ചവറ്റുകൊട്ടയിലിടുന്നതും ഈ സംഘികൾ തന്നെയായിരിക്കും. തുറന്ന മനസ്സോടെ, എന്താണ് ഹിന്ദുത്വ ഉൾകൊള്ളുന്നതെന്ന് എന്നെ കേൾക്കണമെന്ന് മാത്രമാണ് എനിക്ക് നിങ്ങളോട് ആവശ്യപ്പെടാനുള്ളത്. ഹിന്ദുത്വത്തിന്റെ വിഷലിപ്തമായ ഘടകങ്ങളെ തകർക്കണമെങ്കിൽ, തത്വശാസ്ത്രത്തിലും പ്രയോഗത്തിലും നിലനിൽക്കുന്ന ജാതി വിവേചനത്തെയും സ്ത്രീ വിവേചനത്തെയുമാണ് നേരിടേണ്ടത്. ഇത് എന്റെ അക്കാഡമിക വിലയിരുത്തൽ ആയല്ല ഞാൻ പറയുന്നത്.

ഹിന്ദു സാമൂഹ്യക്രമം ജാതി വിവേചനത്തിലും ആണധികാരത്തിലുമാണ് നിലനിൽക്കുന്നതെന്ന് നിരീക്ഷിച്ച മഹാത്മാ ജ്യോതി ഭായ് ഫുലെയുടെ സ്ത്രീപക്ഷ- ജാതി ഉന്മൂലനപാരമ്പര്യവും ബാബ സാഹിബ്‌ അംബേദ്‌കറിന്റെയും തന്തൈ പെരിയാറിന്റെയും, ഏറ്റവുമൊടുവിൽ തോൾ തിരുമാവളവന്റെയും വിപ്ലവവീര്യമാണ് ഞാൻ ഏറ്റെടുത്ത് സംസാരിക്കുന്നത്.

എന്ത് കൊണ്ടാണ് ഇതിനെ ആഗോള ഹിന്ദുത്വ എന്ന് വിളിക്കുന്നതെന്ന ചോദ്യത്തെ വളരെ വ്യക്തമായി പ്രൊഫസർ ക്രിസ്റ്റോഫ് ഇവിടെ സംബോധന ചെയ്‌തു. ജർമൻ നാസിസം, ഇറ്റാലിയൻ ഫാസിസം പോലുള്ള ആഗോള ഭീകരതകളിൽ നിന്നും ആവേശം പകർന്നു കൊണ്ടും ആശയങ്ങൾ കടമെടുത്തു കൊണ്ടുമാണ് ഇന്ത്യയിൽ ഹിന്ദുത്വ നിലനിൽക്കുന്നത്. ഏറ്റവുമൊടുവിൽ ട്രംപിൽ നിന്നും. സനാതന ധർമയിൽ നിന്നും ബ്രാഹ്മണ്യത്തിലേക്കും ഹിന്ദുത്വത്തിലേക്കും തുടർന്ന് വിശാല സംഘപരിവാരിലേക്കും ഒരു ചരിത്രപരമായ പരിണാമമുണ്ട്. ജന്മനായുള്ള അസമത്വത്തിലധിഷ്ഠിതമായ ജാതി വ്യവസ്ഥയും ആണധികാരവുമാണ് സനാതന ധർമത്തിന്റെ അടിസ്ഥാന ആശയം. ദിവ്യ പൗരോഹിത്യത്തിനെയും ബ്രാഹ്മണിസത്തിനെയും എതിർത്തതാണ് സംഘപരിവാർ ബുദ്ധമതത്തെയും ജൈനമതത്തെയും നാസ്തിക മതമായി മുദ്രകുത്താൻ കാരണം. ഈയൊരു ചെറിയ ന്യൂനപക്ഷത്തിന് അധികാരം നിലനിർത്താനായി എല്ലാ ജനങ്ങളെയും സാംസ്കാരികമായും ആത്മീയമായും ഒരു കുടക്കീഴിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇതാണ് ഹിന്ദുവിന്റെ നിർമ്മാണത്തിലൂടെ സാധ്യമായത്.

ഹിന്ദുത്വത്തിന്റെ ഗുണഭോക്താക്കളായ ജാതി പിരമിഡിന്റെ മുകൾത്തട്ടിലുള്ള ഒരു ചെറിയ വിഭാഗം വരേണ്യരുടെ സുരക്ഷ ഉറപ്പുവരുത്തുകയും ഹിന്ദുമതമെന്ന ബാഹ്യരൂപം എടുത്തണിഞ്ഞ് ഹിന്ദുത്വം സാംസ്കാരികവേദികളിലേക്ക് ഒളിക്കുകയും രാഷ്ട്രീയ വേദികളിൽ വോട്ട് ബാങ്കുകളിലേക്ക് ധ്രുവീകരിക്കുകയും ഹിന്ദു ഭൂരിപക്ഷ ദേശീയത നിർമിച്ചെടുക്കുകയും ചെയ്തു. ഹിന്ദുത്വ രാഷ്ട്രീയത്തേക്കുറിച്ചു സംസാരിക്കുമ്പോൾ സംഘപരിവാറിനെക്കുറിച്ച് മാത്രമാണ് നമ്മൾ സംസാരിക്കുന്നത്, ബി ജെ പി അതിന്റെ രാഷ്ട്രീയ ഘടകം മാത്രമാണ്. ഹിന്ദുത്വത്തിനുള്ളിലെ ഹിന്ദു എന്നത് വിമർശന വിധേയമാക്കേണ്ടതാണ്.

എന്തു കൊണ്ടാണ് ആന്തരിക ശത്രുവിനെ സൃഷ്ടിച്ചെടുക്കുന്നതിൽ സംഘപരിവാർ ഇത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും ഇത് ആഗോള ഇസ്ലാം ഭീതിയുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നുള്ളതും ചോദ്യമാണ്. കോൺഗ്രസ്‌ പാർട്ടി കോളനിവത്കരണത്തിനെതിരെ പൊരുതുമ്പോൾ അവർക്ക് ഒരു പ്രത്യക്ഷ ആന്തരിക ശത്രു ഉണ്ടായിരുന്നു. ഒരു ദേശസ്നേഹം വളർത്തിയെടുക്കുകയാണ് കോൺഗ്രസ്‌ ചെയ്തത്. ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം ആഗോളവൽക്കരണം തുടങ്ങിയ നയങ്ങളുപയോഗിച്ച് ഒരു ദേശത്തിന് മേൽ നിയന്ത്രണമെർപ്പെടുത്തുന്ന സാമ്രാജ്യത്വ വ്യവസ്ഥിതിക്ക് കീഴിൽ പക്ഷെ ഒരു പ്രത്യക്ഷ ശത്രുവല്ല മറിച്ച് അദൃശ്യ ശത്രുവാണ് ഉള്ളത്. സാമ്പത്തിക കമ്പോള വിദേശ നയങ്ങളെ സാമ്രാജ്യത്വ ദേശങ്ങൾ പകർത്തുന്നു. മുതലാളിത്തത്തിന്റെ ഗുണഭോക്താക്കളായ സംഘപരിവാർ ഇത്തരം പ്രശ്നങ്ങളെയൊന്നും അഭിസംബോധന ചെയ്യുന്നില്ല.

ഹിന്ദുത്വം നവഉദാരവാദത്തെ ഉൾകൊള്ളുന്നു, എന്നാൽ ഉൾകൊള്ളൽ ദേശീയതാ ഹിന്ദുത്വത്തിന് അപ്രസക്തമാണ്. ഹിന്ദുക്കളെ ധ്രുവീകരിക്കുകയെന്ന രാഷ്ട്രീയ തന്ത്രത്തിലൂടെ ചിലപ്പോൾ മുസ്ലിംകളെയോ മറ്റു ചിലപ്പോൾ ക്രിസ്ത്യാനികളെയോ ആന്തരിക ശത്രുക്കളാക്കുന്നതിലൂടെ വിവിധ ലാഭങ്ങൾ നേടുകയെന്നതാണ് ഹിന്ദുത്വത്തെ സംബന്ധിച്ചെടുത്തോളം പ്രധാനം. പാരമ്പര്യ വരേണ്യരുടെ സഹായത്തോടെയല്ലാതെ ഒരു ഫാഷിസ്റ്റു മുന്നേറ്റങ്ങളും ഭരണത്തിലേറിയിട്ടില്ല. ഇവിടെ ന്യൂനപക്ഷവിരുദ്ധ വികാരം ബലപ്പെടുത്തിക്കൊണ്ട് ഹിന്ദുക്കളെ ധ്രുവീകരിക്കുകയാണ് സംഘപരിവാർ ചെയ്തത്. ഇതിന് ഒരുപാട് നേട്ടങ്ങളുണ്ട്.

ഇത് ബ്രഹ്മണനും ബ്രാഹ്മണനേതര ദളിത് ബഹുജൻ ആദിവാസി വിഭാഗവും തമ്മിലുള്ള വൈരുദ്ധ്യത്തെ പിന്നിലേക്ക് തള്ളി വിടുന്നു. ഇസ്ലാമികമോ ക്രിസ്ത്യാനികമോ അല്ലാതെ ഇന്ത്യയിൽ നിലനിൽക്കുന്ന എല്ലാത്തിനെയും ഹിന്ദു റാഡിക്കൽ മതത്തിനുള്ളിൽ ഏകീകരിക്കാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഹിന്ദുയിസത്തിനെതിരെ ഉയർന്നു വന്ന റാഡിക്കൽ മതങ്ങൾ ഹിന്ദു മതത്തിന്റെ ഭാഗമാവുകയും ഗ്രാമീണ ദൈവങ്ങൾ ഏറ്റെടുക്കപ്പെടുകയും ചെയ്യുന്നു. സംഘപരിവാറിന്റെ ഈ കപടശ്രമങ്ങൾ ബ്രാഹ്മണ മതത്തിന്റെ, അല്ലെങ്കിൽ ബ്രഹ്മണാധിപത്യം പ്രഖ്യാപിക്കുന്ന മതത്തെ ഭൂരിപക്ഷത്തിന്റെ മതമാക്കി മാറ്റുന്നു.

എങ്ങനെയാണ് ജാതി ഹിന്ദു ഭൂരിപക്ഷ ദേശീയതക്ക് അടിസ്ഥാനമാവുന്നത്? ഹിന്ദു ഭൂരിപക്ഷ ദേശീയതയുടെ സ്ഥാപനത്തിനും വികാസത്തിനും ജാതീയത അടിസ്ഥാനമാണ്. ഭാഷ, വംശം, ദേശം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ സാമൂഹ്യ നീതിക്ക് വേണ്ടി ജനങ്ങൾ അണിനിരക്കുമ്പോൾ അത് അനിവാര്യമായും ജാതീയമായ സ്വത്വത്തെ ദുർബലപ്പെടുത്തുന്നു. വിശാല സമത്വാധിഷ്ഠിത സ്വത്വത്തിൽ ജാതിസ്വത്വത്തിനു മങ്ങലേൽക്കുന്നു.

ഉദാഹരണമായി ഒബിസി സംവരണാവശ്യമുയരുമ്പോൾ പ്രത്യേക ജാതി സ്വത്വം ദുർബലപ്പെടുന്നു. എന്നാൽ സംഘപരിവാറിന് ഓരോ ജാതിയും പ്രത്യേകമായി സംഘടിക്കണമെന്നാണ് താല്പര്യം. അത് വ്യക്തിഗതമായ ജാതിവ്യത്യാസങ്ങൾക്ക് മൂർച്ച കൂട്ടുകയും മതത്തിലേക്ക് ഏകീകരിക്കുകയും ചെയ്യുന്നു.

ഇവിടെയാണ്‌ ഫെമിനിസവും ജാതി ഉന്മൂലനവും പരസ്പരബന്ധിതവും ഹിന്ദുത്വത്തെ തകർക്കാൻ ശക്തിയുള്ളതുമാകുന്നത്. സ്ത്രീകളെ അടിച്ചമർത്തൽ ആണധികാരവും ജാതിഘടനയും നിലനിൽക്കാൻ അത്യാവശ്യമാണ്.

അടുത്തിടെ മനുസ്മൃതിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലുണ്ടായ വിവാദം ഞാനിവിടെ ഉദ്ധരിക്കുന്നില്ല. വിഷയവുമായി ബന്ധപ്പെട്ട് ഞാൻ എഴുതിയ ലേഖനം വായിക്കാൻ വായിക്കാനാഭ്യർത്ഥിക്കുന്നു- ഭരണഘടനക്ക് പകരം മനുസ്മൃതിയെ ഉയർത്തിക്കൊണ്ടുവരാനുള്ള ഹിന്ദുത്വ ശ്രമങ്ങളാണ് വ്യക്തമാക്കുന്നത്. ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ അധികാരം പിടിച്ചെടുക്കുക എന്നത് മാത്രമല്ല, കാലാകാലം ബിജെപി ഭരണത്തിൽ തുടരുക എന്നത് മാത്രമല്ല അവരുടെ സ്വപ്നം. മറിച് ഒരു ഹിന്ദു ന്യൂനപക്ഷ വിദ്വേഷവും സ്ത്രീകളോടുള്ള വിവേചനവും ജാതീയമായ അക്രമങ്ങളും അസമത്വങ്ങളും നിലനിർത്തുന്ന ഭൂരിപക്ഷ ദേശീയത നിർമിച്ചെടുക്കുകയാണ് അവർക്കാവശ്യം. പൗരത്വ ഭേദഗതി നിയമത്തിലൂടെ പ്രത്യേക വിഭാഗത്തിന്റെ വോട്ടവകാശം നിരോധിച്ചുകൊണ്ട് അവരുടെ താല്പര്യങ്ങൾക്കനുസൃതമായ ജനസംഖ്യാപരമായ മാറ്റം കൊണ്ടുവരാനുമാണവർ ശ്രമിക്കുന്നത്.

ഇങ്ങനെയൊരു വിപ്ലവ പോരാട്ടത്തിൽ പുരോഗമന അക്കാഡമിയുടെ ചുമതല എന്താണ്? ആഗോള ഹിന്ദുത്വത്തെ മറികടക്കുന്നതിൽ ഏറ്റെടുക്കലിനെ (Appropriation) പ്രതിരോധിക്കലും ഉൾക്കൊള്ളുന്നു. ഏതൊരു വ്യവഹാരത്തെയും വിഴുങ്ങിക്കളയുന്നതിലും അവരുടെ ലക്ഷ്യങ്ങൾക്കനുസൃതമായി ക്രമീകരിക്കുന്നതിലും ഹിന്ദുത്വ, വിശേഷിച്ചും സംഘപരിവാർ വലിയ അളവിൽ വിജയിച്ചിട്ടുണ്ട്. ജാതി ഒരു ബ്രിട്ടീഷ് കണ്ടുപിടുത്തമാണെന്നും കോളോണിയൽ ഭരണത്തിന്റെ ഉത്പന്നമാണെന്നും സമാധാനപരമായ ഒരു സംസ്കാരത്തിൽ ബാഹ്യ ഇടപെടലുകൾ സംഭവിച്ചതാണെന്നും വലിയൊരു വിഭാഗം സംഘികളും അഭിമാനത്തോടെ അവകാശപ്പെടുന്നിടത്തോളം ഉത്തരാധുനിക വ്യവഹാരങ്ങൾ ജെല്ലി പോലെ നീളുന്നു.

സങ്കീർണമായ ചോദ്യങ്ങളെ ഏറ്റെടുക്കുന്നതിൽ താല്പര്യപ്പെടാതെ സ്വന്തം സംസ്കാരത്തിലെ ക്രൂരതകളെ വെള്ളപൂശാനായി വെള്ള വംശീയതയുടെ സിദ്ധാന്തത്തെ ഉപയോഗിക്കുന്നതിന് പ്രത്യേക സാങ്കേതിക പദങ്ങൾ ആവശ്യമാണ്‌. അപകോളനീകരണ സിദ്ധാന്തങ്ങളിലെ ഏറ്റവും പുതിയപ്രവണതകളിൽ പ്രത്യേകതരം വിപത്തുള്ളത്, ബ്രിട്ടീഷ് കൊളോണിയലിസത്തെ തിരസ്കരിക്കുമ്പോൾ എത്തിച്ചേർന്നത് ഒരു സമത്വപൂർണമായ ഭാവിയിലെക്കല്ല, മറിച്ചു ദളിത്‌ ബഹുജൻ ആദിവാസി സ്ത്രീ വിഭാഗത്തിനൊന്നടങ്കം വിദ്യാഭാസത്തിനുള്ള അവസരം നിഷേധിക്കപ്പെട്ട മഹത്തായ ഹിന്ദു ഭൂതകാലത്തിലേക്കാണ് എന്നതാണ്.

ഇതേയാളുകൾ തന്നെയാണ് സനാതന മനുവാദി ജാത്യാധിഷ്ഠിത തൊഴിൽ വ്യവസ്ഥയിലേക്ക് നയിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതും. എന്നാൽ ഇത് ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപകോളനീകരണമാണെന്ന് കേന്ദ്രമന്ത്രിവാദിക്കുകയും ഇത്തരത്തിലുള്ള കൊളോണിയൽ ബോധ്യത്തിൽ നിന്നും പുറത്ത്‌ വരേണ്ടതിന്റെയും തദ്ദേശീയ ജ്ഞാനപദ്ധതിയെ വീണ്ടെടുക്കുന്നതിന്റെയും ആവശ്യകതയെക്കുറിച്ചു സംസാരിക്കാൻ മാലെഗാവ് സ്ഫോടനക്കേസിൽ പ്രതിയായ പ്രഗ്യാ സിങ് മുഖ്യപ്രഭാഷകയായി ക്ഷണിക്കപ്പെടുകയും ചെയ്യുന്നു. ദളിത്‌- ബഹുജൻ- ആദിവാസി വിഭാഗങ്ങൾക്കു വേണ്ടിയുള്ള മുന്നേറ്റങ്ങളെ നിഷേധിച്ച് കൊണ്ട് തങ്ങളാണ് ന്യൂനപക്ഷമെന്ന് കേഴുകയും അങ്ങനെ ഇന്ത്യയിൽ നിലനിൽക്കുന്ന ജാതി പീഡനങ്ങൾക്കും റേപ്പ് കൾച്ചറിനുമെതിരെ ഉയർന്നു വരുന്ന വിമർശനങ്ങളെ നിശബ്ദരാക്കുന്നതും ഇക്കൂട്ടർ തന്നെയാണ്.

ഏറ്റവുമൊടുവിൽ ‘ഹിന്ദു ഫോബിയ’ എന്ന ഒരു പദം അവർ അവതരിപ്പിക്കുന്നു, കഴിഞ്ഞ വാരം ഇതേ കുടുംബത്തിൽ നിന്ന് തന്നെ ഹിന്ദു മിസിയ എന്നൊരു പദം കൂടി ഞാൻ കേട്ടു. “യജമാനന്റെ ഉപകരണം ഒരിക്കലും യജമാനന്റെ വീട് തകർത്തു കളയില്ല”, ഞാൻ ഏറെ സ്നേഹിക്കുന്ന ഒരു എഴുത്തുകാരൻ, ഔദ്രേ ലോർഡ് പറയുന്നു.

ഇവിടെ യജമാനന്റെ വീട് പൊളിക്കുന്നതിൽ നിന്നും തടയാനും കേടുകൂടാതെ ചേർത്തു നിർത്താനും അടിച്ചമർത്തപ്പെട്ടവരുടെ ഉപകരണങ്ങൾ ഉപയോഗിക്കപ്പെടുന്നു, ഈ ഏറ്റെടുക്കലാണ് ഹിന്ദുത്വത്തെ അപകടകരമാക്കുന്നത്. ഉപസംഹരിച്ചു കൊണ്ട് പറയാനാഗ്രഹിക്കുന്നത്, ഒരു സുരക്ഷിത ഇടത്തിരുന്നുകൊണ്ട് പതിവായി അക്കാഡമിയയിൽ ഇടപെടുന്ന ഒരു എഴുത്തുകാരിയാണ് ഞാൻ. ഈ സമ്മേളനം വിളിച്ചു കൂട്ടാനെടുത്ത ധൈര്യത്തെയും ഈ ഫാസിസ്റ്റു ശത്രുവിനെ നിരന്തരമായി നേരിടാൻ നമ്മളിൽ ഓരോരുത്തരിൽ നിന്നും ആവശ്യമായ ബൌദ്ധിക രൂക്ഷതയെയും ഞാനഭിനന്ദിക്കുന്നു. ഹിന്ദുത്വത്തെ ഉന്മൂലനം ചെയ്യണമെങ്കിൽ ജാതി ഉന്മൂലനത്തിലൂടെയും സ്ത്രീവിമോചനത്തിലൂടെയും മുതലാളിത്തത്തെ നേരിടുന്നതിലൂടെയും മാത്രമേ സാധ്യമാവൂ. വി സി കെ നേതാവ് തോൾ തിരുമാവളവന്റെ വാക്കുകളോടെ ഞാനവസാനിപ്പിക്കുകയാണ്: “വിപ്ലകാരിയായ അംബേദ്കർ ഹിന്ദുത്വത്തിനെതിരെ ബഹുമുഖമായ അക്രമണങ്ങൾ ആരംഭിച്ചു. അദ്ദേഹത്തിന്റെ എല്ലാ വാക്കുകളും എഴുത്തുകളും ഒരൊറ്റ വരിയിലേക്ക് നമ്മൾ ചുരുക്കുകയാണെങ്കിൽ അതിപ്രകാരമായിരിക്കും, നമ്മൾ ഹിന്ദുത്വത്തെ പിഴുതെറിയണം, ഹിന്ദുത്വ സമത്വത്തെ എതിർക്കുന്നു, അതിനാൽ നമ്മൾ ഹിന്ദുത്വത്തെ എതിർക്കുന്നു, ഹിന്ദുത്വ ജനാധിപത്യത്തിനെതിരാണ്, അതുകൊണ്ട് നമ്മൾ ഹിന്ദുത്വത്തിനെതിരാണ്.”

മൊഴിമാറ്റം: സഫ .പി

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക

By Editor