മലബാർസമരം; ജയിലനുഭവങ്ങളുടെ ചരിത്രവും കണ്ണൂർ ജയിലും- 2

(ഒന്നാം ഭാഗം വായിക്കാൻ ക്ലിക്കുചെയ്യുക)

തടവുകാരുടെ കണ്ണൂർയാത്ര: ദുരിതങ്ങളുടെ ചരിത്രം

ജയിൽവാസം, നാടുകടത്തൽ, കൂട്ടപ്പിഴ ചുമത്തൽ പോലുള്ള നടപടികളിലൂടെ കോളനിരാജ്യങ്ങളിൽ ദുരന്തങ്ങളും ദുരിതങ്ങളും ബോധപൂർവ്വം സൃഷ്ടിക്കുകയും അവയെ സ്വഭാവികത മാത്രമാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയവിലാസം കൂടിയാണ് കൊളോണിയലിസം. ഇത്തരം നയങ്ങളിലും പ്രവൃത്തികളിലും അൽപമെങ്കിലും ചർച്ചയാവുക കൂട്ടക്കുരുതികളും നരഹത്യകളുമാണ്. ഇപ്രകാരം മലബാർ സമരത്തിൽ വാഗൺ കൂട്ടക്കൊല മാത്രമാണ് ഒരു പക്ഷേ ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ, ഒരു മാപ്പിളയെന്ന നിലയിലും കലാപകാരിയെന്ന നിലയിലും ജയിലുകളിലും അവിടങ്ങളിലേക്കുള്ള യാത്രകളിലും പിൽക്കാല ജീവിതത്തിലും തടവുകാർ അനുഭവിച്ച ദുരിതങ്ങളുടെ ചരിത്രം(history of sufferings) കൂടി വരുമ്പോഴാണ് മലബാർ സമരത്തിന്റെ ചിത്രം ഒന്നുകൂടി വ്യക്തമാവുക. തന്നെ കണ്ണൂരിലേക്ക് കൊണ്ടുപോയ തീവണ്ടിയിൽ ഏതോ ഒരു പോലീസ് സർജന്റ് ഒരു വാതിൽ (ഒരു ദ്വാരം എന്നും കാണുന്നു) അൽപം തുറന്നുതന്നതിനാലാണ് ചിലർ ശ്വാസംമുട്ടി മരിക്കാതിരുന്നത് എന്ന കെ. കേളപ്പന്റെ അനുഭവം എം.ഗംഗാധരനുമായുള്ള അഭിമുഖത്തിൽ പങ്കു വെക്കുന്നുണ്ട്. മാധവൻ നായർ തന്റെ ‘മലബാർ കലാപ’ത്തിൽ ഇക്കാര്യം പരാമർശിക്കുന്നതായി കാണാം.

തടവുകാർ രക്ഷപ്പെടാനും മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാനും സാധ്യതയുള്ളതിനാൽ തുറന്ന വണ്ടികളിൽ അവരെ കൊണ്ടുവരുന്നത് ശരിയല്ലെന്ന് തോന്നിയെന്നും ഒരിക്കൽ കോഴിക്കോട് നിന്ന് കണ്ണൂരിലേക്കുള്ള തടവുകാരുടെ ട്രെയിനിലെ മുഴുവൻ വാതിലുകളും അടക്കാൻ താൻ ആജ്ഞാപിച്ചതായും ഹിച്ച്കോക്ക് വാഗൺ ട്രാജഡി അന്വേഷണ കമ്മീഷൻ മുന്നാകെ നൽകിയ മൊഴിയിൽ പരാമർശിക്കുന്നുണ്ട്. അഥവാ, ഇത്തരത്തിൽ തടവുകാരെ കൈകാര്യം ചെയ്യുക എന്നത് അധികാരികളുടെ ഒരു അനൗദ്യോഗിക തീരുമാനമായിരുന്നു എന്ന് വിലയിരുത്തേണ്ടി വരും .

ഈ യാത്രകളിലും തുടർന്ന് ജയിലുകളിലും എത്ര ഭീകരമായാണ് തടവുകാർ മർദ്ദിക്കപ്പെട്ടപ്പെട്ടതെന്ന് അനുഭവസ്ഥർ തന്നെ പിന്നീട് ആത്മകഥകളിലും അഭിമുഖങ്ങളിലും പങ്കുവെക്കുന്നുണ്ട്. കെ. കേളപ്പൻ, ഇ.മൊയ്തുമൗലവി, ബാലകൃഷ്ണമേനോൻ , തിരൂരങ്ങാടി ഖിലാഫത്ത് സെക്രട്ടറിമാരിൽ ഒരാളായ കെ.പി കുഞ്ഞിപ്പോക്കർ ഹാജി, മേൽമുറി കള്ളാടി യൂസുഫ് തുടങ്ങിയ പ്രമുഖർ മലബാർ സമരത്തെ തുടർന്ന് കണ്ണൂർ ജയിലിൽ തടവുശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്.

കണ്ണൂർ ജയിലിൽ അക്കാലത്ത് ഒരു മാപ്പിള ബ്ലോക്ക് തന്നെ നിലനിന്നിരുന്നു. കഠിന തടവിന് ശിക്ഷിക്കപ്പെട്ട മാപ്പിളമാരെയായിരുന്നു ഇവിടെയുള്ള മുറികളിൽ കുത്തിനിറച്ചിരുന്നത്. ഇവർക്ക് പകൽ സമയങ്ങളിൽ കയർ നിർമാണം പോലുള്ള ജോലികളും നൽകപ്പെട്ടിരുന്നു.

പൊന്നാനിയിലെ കോൺഗ്രസ് നേതാവായിരുന്ന ബാലകൃഷ്ണമേനോനെ പോലെയുള്ളവർ വിഷപ്പനി പോലെയുള്ള രോഗങ്ങളാൽ മരണപ്പെട്ടിരുന്നത് തടവുകാർക്ക് അടിസ്ഥാനവശ്യങ്ങൾ പോലും അനുവദിക്കുന്നതിലുള്ള അലംഭാവങ്ങളിലേക്ക് സൂചന നൽകുന്നുണ്ട് .

കുഞ്ഞിതങ്ങളുടെ മരണവും വിവാദങ്ങളും

രാജാവിനെതിരെ യുദ്ധത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് (waging war against the king) മലപ്പുറത്തെ ഖിലാഫത്ത് നേതാവായിരുന്ന വലിയ തങ്ങളകത്ത് സയ്യിദ് അഹ്മദ് എന്ന  കുഞ്ഞിത്തങ്ങളുടെ പേരിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പൂക്കോട്ടൂരിലുണ്ടായ സംഘർഷാവസ്ഥ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥർ അദ്ദേഹത്തെ സമീപിച്ചതായി അന്നത്തെ സർക്കിൾ ഇൻസ്പെക്ടർ നാരായണമേനോന്റെ റിപ്പോർട്ടിലും കുഞ്ഞിതങ്ങൾ ജനങ്ങളെ സമാധാനിപ്പിക്കാൻ പരമാവധി ശ്രമിച്ചു എന്ന അദ്ദേഹത്തിന്റെ കൂടെ പൂക്കോട്ടൂർ പോയിരുന്ന വി.കരുണാകരമേനോന്റെ മൊഴി ടോട്ടൻഹാം മലബാർ റിബല്യനിലും രേഖപ്പെടുത്തുന്നുണ്ട് .

ഇത്രമേൽ ജനസമ്മിതിയുള്ള ഒരു നേതാവിനെ അറസ്റ്റ് ചെയ്തു കേസെടുക്കാൻ ബ്രിട്ടീഷ് സർക്കാരിന് ധൈര്യമുണ്ടായിരുന്നില്ല. കുഞ്ഞിത്തങ്ങളെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നുണ്ടെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഖിലാഫത്ത് പ്രവർത്തകർ തങ്ങളെ മലപ്പുറത്ത് നിന്ന് പൂക്കോട്ടൂരിലേക്ക് കൊണ്ടുപോയത് ഹിച്ച്കോക്ക് “മലബാർ റിബല്യണി’ൽ രേഖപ്പെടുത്തുന്നുണ്ട്. പൂക്കോട്ടൂർ യുദ്ധമാരംഭിച്ചപ്പോൾ ജാമ്യത്തിനുവേണ്ടി കോഴിക്കോട് കലക്ടറുടെ മുമ്പിൽ ഹാജരായ കുഞ്ഞിത്തങ്ങളെ ബ്രിട്ടീഷ് ഭരണകൂടം 1921സെപ്തംബർ 3 ന് അറസ്റ്റുചെയ്ത് കണ്ണൂർ ജയിലിലടച്ചു. യുദ്ധക്കത്തി കൈവശം വെച്ചതിന്റെ പേരിലാണ് ആറുമാസത്തെ തടവിന് ആദ്യം ശിക്ഷിച്ചത്.

തങ്ങളെ ജയിലിലടച്ച വിവരമറിഞ്ഞ് കണ്ണൂരിലെ ജനങ്ങൾ തങ്ങളെകാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ജയിൽ സൂപ്രണ്ട് കുഞ്ഞാമു ജനങ്ങളുടെ ആവശ്യം കലക്ടറെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ കണ്ണൂരിലെ ജനങ്ങളുടെ ആവശ്യം പരിഗണിക്കാൻ ബ്രിട്ടീഷ് ഭരണകൂടം തയാറായില്ല. രാജാവിനും ഗവൺമെന്റിനും എതിരായി  യുദ്ധം ചെയ്തതിന്റെ പേരിൽ തങ്ങളെ വിചാരണ ചെയ്യാൻ അധികാരികൾ ഉദ്ദേശിച്ചിരുന്നു. എന്നാൽ വിചാരണ നടക്കുന്നതിന് മുമ്പേ കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച്, കുഞ്ഞിത്തങ്ങൾ 1921 സെപ്തംബർ 14 ന് മരണപ്പെട്ടു. തങ്ങളുടെ വിയോഗവിവരം ജയിൽ സൂപ്രണ്ട് കുഞ്ഞാമു അറക്കൽ ബീവിയെ അറിയിച്ചു. തുടർന്ന് രാജകുടുംബത്തിന്റെ നേതൃത്വത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കണ്ണൂർ മുഹമ്മദ് മൗലൽ ബുഖാരിയുടെ മഖാമിന് സമീപം സ്ഥിതിചെയ്യുന്ന കണ്ണൂർ സിറ്റി ജുമുഅത്ത്  പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു.

മൃതദേഹം ജയിൽ സൂപ്രണ്ട് വിട്ടുകൊടുത്തത് ഒരു അസംബന്ധമായിട്ടാണ് കലക്ടർ തോമസ് ഗവർമ്മെണ്ടിന് അയച്ച റിപ്പോർട്ടിൽ പരാമർശിക്കുന്നത്. കുഞ്ഞിത്തങ്ങളുടെ മയ്യിത്ത്  അറക്കൽ ബീവിക്ക് വിട്ടുകൊടുത്ത ജയിൽ സൂപ്രണ്ട് കുഞ്ഞാമുവിനെ കലക്ടർ തോമസ് സസ്പെൻഡ് ചെയ്യുകയും സൗകര്യങ്ങൾ ഏർപ്പെടുത്തിയ അറക്കൽ ബീവിയോട് വിശദീകരണം ആവശ്യപ്പെടണമെന്ന് ജയിൽ ഐ.ജി ആജ്ഞാപിക്കുകയും ചെയ്തു. ‘ലഹള’ യിൽ സജീവമായി പങ്കെടുക്കാത്ത മാപ്പിളപോലും ‘ലഹളക്കാരനെ’ വീരപുരുഷനായി ആദരിച്ചു ബഹുമാനിക്കുന്നതായി ഈ സംഭവത്തെക്കുറിച്ച് കലക്ടർ തോമസ് റിപ്പോർട്ടിൽ കൂട്ടിചേർക്കുന്നു. പൂക്കോട്ടൂരിൽ പുരുഷവേഷത്തിൽ ബ്രിട്ടീഷ് സൈന്യത്തോട് ഏറ്റുമുട്ടിയ സ്ത്രീയെയും ആവേശം പകർന്ന സ്ത്രീകളെയും കുട്ടികളെയും സൂചിപ്പിച്ച് അറക്കൽ ബീവിയുടെ ഈ നടപടി ആകസ്മികമല്ലെന്ന് കാണിക്കാനുള ശ്രമവും ആ റിപ്പോർട്ടിലുണ്ട് .

എഫ്. ബി ഇവാൻസ് 1921 സെപ്റ്റംബർ 18 ന് ഗവർമെന്റിനയച്ച റിപ്പോർട്ടിൽ കുഞ്ഞി തങ്ങളെ കണ്ണൂർ ജുമുഅത്ത് പള്ളിയിൽ ഖബറടക്കാൻ അറക്കൽ ബീവി സമ്മതിച്ചത് ഒരു തമാശയാണെന്നും ഒരു തങ്ങളായതിനാലാണ് സംസ്കരിക്കാൻ സമ്മതിച്ചത് എന്നായിരിക്കും കലക്ടർ തോമസിന് ലഭിക്കുന്ന വിശദീകരണമെന്നും പരിഹാസരൂപേണ പരാമർശിക്കുന്നുണ്ട്. കുഞ്ഞിതങ്ങളെ കുറിച്ച് ബീവിക്കും കൂട്ടർക്കും നന്നായി അറിയാമെന്നും മറ്റെവിടുത്തെക്കാളും കണ്ണൂരിലെ കല്ലറയായിരിക്കും അദ്ദേഹത്തിന് നല്ലതെന്നും ഭാവിയിൽ അതൊരു തീർത്ഥാടനകേന്ദ്രമായി മാറില്ലെന്ന് എന്താണുറപ്പെന്നും ഇവാൻസ് തുടരുന്നു. ബീവി ബ്രിട്ടീഷ് ഭരണകൂടത്തോടു കൂറ് പ്രകടിപ്പിക്കാൻ ലഭിച്ച മികച്ച അവസരം നഷ്ട്ടപ്പെടുത്തിയെന്നും കുറഞ്ഞ മാപ്പിളമാരെ ഒഴിച്ചുനിർത്തിയാൽ മാപ്പിളമാരുടെ പൊതുനിലപാട് എന്താണെന്ന് ഈ സംഭവം സൂചിപ്പിക്കുന്നതായും അദ്ദേഹം പറയുന്നുണ്ട് .

ജയിലിലെത്തിയ മുതൽ കുഞ്ഞിതങ്ങൾ ഒന്നും കഴിച്ചിരുന്നില്ലെന്നും ജയിൽ അധികൃതരും അക്കാര്യത്തിൽ പരാജയപ്പെട്ടെന്നും കുഞ്ഞിതങ്ങളുടെ മരണശേഷം കുറേ കാലത്തേക്ക് തടവുകാരുടെ മൃതശരീരം നാട്ടുകാർക്ക് വിട്ടുനൽകിയിരുന്നില്ല എന്നും ഇ.മൊയ്തു മൗലവി ‘എന്റെ കൂട്ടുകാരൻ’ എന്ന ഗ്രന്ഥത്തിൽ ഓർമിക്കുന്നു. ഈ സസ്പെൻഷനെതിരെ കണ്ണൂർ ജയിലിൽ മാപ്പിള ബ്ലോക്കിലെ തടവുകാർ ഒരു ദിവസം നോമ്പ്അനുഷ്ഠിച്ചുകൊണ്ട് പ്രതിഷേധിച്ചതായി ടോട്ടൻഹാം രേഖപ്പെടുത്തുന്നുണ്ട്.

ജയിൽ കലാപവും ഫലങ്ങളും

1921 ഡിസംബർ 4 ന് ശിക്ഷിക്കപ്പെട്ട നാൽപതോളം മാപ്പിളമാർ ഭക്ഷണ സമയത്ത് ഒത്തുകൂടുകയും ഭക്ഷണവിതരണകേന്ദ്രത്തിന് സമീപമുള്ള കാർപ്പന്ററി പരിശീലനകേന്ദ്രത്തിന്റെ ഇരുമ്പ് ഫെൻസിങ് തകർത്ത് പരമാവധി ആയുധങ്ങൾ കൈക്കലാക്കുകയും പാറാവുകാരെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. എന്നാൽ ഇത് ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വെടിവെപ്പിലും ഒമ്പതുപേരുടെ മരണത്തിലും ഗുരുതരപരിക്കുകളിലുമാണ് അവസാനിച്ചത്. സംഭവം സംബന്ധിച്ച് ജയിൽ സൂപ്രണ്ട് 1924 ഡിസംബർ 4 ന്  തലശ്ശേരി മജിസ്ട്രേട്ടിനയച്ച റിപ്പോർട്ട് ഇങ്ങനെയാണ്: ‘സെൻട്രൽ ജയിലിലെ മാപ്പിളത്തടവുകാർ  വൈകുന്നേരം കലാപം നടത്തുകയും സൂപ്രണ്ട് വെടിവെപ്പിന് ഉത്തരവിടുകയും ഒമ്പതുപേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജയിൽ ജീവനക്കാരിൽ മൂന്ന് വാർഡർമാർക്ക് നിസ്സാരപരിക്കേറ്റതല്ലാതെ അത്യാഹിതങ്ങളില്ല.’

കോൺഗ്രസ്സ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഖിലാഫത്ത് – നിസ്സഹകരണപ്രസ്ഥാനങ്ങളുടെ കോട്ടയം താലൂക്കിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച കൊടുങ്ങല്ലൂർ സ്വദേശി എ.മുഹമ്മദ് ഈ സമയത്ത് കണ്ണൂർ ജയിലിൽ തടവിലുണ്ടായിരുന്നു. ഈ സംഭവത്തെ കുറിച്ച് തന്റെ ആത്മകഥയിൽ അദ്ദേഹം പരാമർശിക്കുന്നുമുണ്ട്. എ.മുഹമ്മദിന് സ്ഥിരമായി ജയിൽ മുറിയിൽ ഭക്ഷണമെത്തിച്ചിരുന്ന കുഞ്ഞാഹമ്മദ് എന്ന വ്യക്തി പദ്ധതിയുടെ ഏകദേശരൂപം അദ്ദേഹവുമായി പങ്കുവെച്ചിരുന്നു . വെള്ളിയാഴ്ച നിസ്കാര ശേഷം അടുത്ത ബ്ലോക്കിലെ തടവുകാരും മാപ്പിള ബ്ലോക്കിലെ തടവുകാരും യോജിച്ച് പാറാവുകാരെ ആക്രമിച്ച് ജയിൽചാടി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ചേരാനായിരുന്നു തടവുകാരുടെ തീരുമാനം . ഈ ശ്രമം വിജയിക്കുമെന്ന് കുഞ്ഞഹമ്മദിനും പരാജയപ്പെടുമെന്ന് തനിക്കും ഉറപ്പുണ്ടായതായി എ.മുഹമ്മദ് എഴുതുന്നുണ്ട്. എല്ലാം തീരുമാനിച്ചുറപ്പിച്ച അവരെ താൻ തടഞ്ഞില്ലെന്നും എടുത്തു ചാടി ഒന്നും ചെയ്യരുതെന്നും നന്നായി ആലോചിച്ചതിന് ശേഷം മാത്രമെ പദ്ധതിക്ക് ഇറങ്ങി തിരിക്കാവൂ എന്നും കുഞ്ഞഹമ്മദിനെ ഉപദേശിച്ചതായും അദ്ദേഹം തുടരുന്നു. എ. മുഹമ്മദ് ജയിൽമോചിതനായി ദിവസങ്ങൾക്കകമാണ് തടവുകാരുടെ കലാപം നടക്കുന്നത് . ഈ സംഭവത്തിന്റെ വിവരണം ബ്രിട്ടീഷ് റിപ്പോർട്ടുകളിൽ നിന്നും ജയിൽ രേഖകളിൽ നിന്നും മാത്രം ലഭ്യമായതിനാൽ ജയിലധികാരികൾ തടവുകാരിൽ മറ്റു പ്രകോപനങ്ങൾ സൃഷ്ടിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല.

എന്തായാലും ഇതിന്റെ പേരിൽ കറുത്തേടത്ത് മുഹമ്മദ്കുട്ടി, തളപ്പിൽ കുഞ്ഞാലൻ, മൂശാലിക്കൽ മൊയ്തീൻ, ചെട്ടിയാൻ തൊടിയിൽ കോയ, തേറച്ചേരി ബീരാൻകുട്ടി, ചെകിടികുന്നുമൽ കുഞ്ഞാമ്മദ്, കരുന്തേടത്ത് മുഹമ്മദ്, പന്തലാൻ മൂസ, വടക്കേത്തൊടി താത്തൽ കുട്ടി, വെളുത്ത പറമ്പത്ത് ഇബാഹിം, മുണ്ടക്കാടൻ അലവി, പണിയന്തോടി മൂസ, ഉണ്ണിപറമ്പത്ത് മീത്തൽ പക്കറോടി, പത്താപങ്ങൽ കുഞ്ഞഹമ്മദ്, പത്താലിക്കന്റവിട പക്കീരാൻ, കായക്കര ഉമ്മർകുട്ടി, കാളിയ പറമ്പിൽ അബ്ദുല്ല, വട്ടുപ്പറമ്പത്ത് അബ്ദു, പാലയുള്ള പറമ്പത്ത് കരീം, വടക്കേപ്പുറത്ത് സൂപ്പി, അടുറപറമ്പിൽ സെയ്താലി ,പവിട്ട പൊയിൽ മൊയ്തീൻ കുട്ടി, ചീരി ആലിക്കുട്ടി, ആയില്യത്ത് കുഞ്ഞാലൻ, പൊലയൻ ചൂലൻ, പടിഞ്ഞാറേ പുരയിൽ മൊയ്തീൻ, കങ്കാണൻ വീട്ടിൽ ഇമ്പിച്ചി , കുഴുമന്നി ബീരി, ചുടന പറമ്പത് കുഞ്ഞയമ്മദ് കുരിക്കൾ, വാളിങ്കൽ അയമ്മദ്, ചെറുമ്മല കൊളങ്ങര ഉണ്ണീക്കൻ കുട്ടി, കല്ലേരി മൂസഹാജി, കല്ലിങ്ങൽ കുഞ്ഞഹമ്മദ്, പള്ളിയര കണ്ടോത്ത് ഖാദർ, വെള്ളാനത്ത് വളപ്പിൽ പരീക്കുട്ടി, കല്ലി വളപ്പിൽ മൂസ, കല്ലി വളപ്പിൽ അബ്ദുൾ റഹ്മാൻ ,കല്ലി വളപ്പിൽ സെയ്ദാലി, കല്ലി വളപ്പിൽ മൊയ്തുണ്ണി, കോളികുന്നത്ത് ബീരാൻ, കറത്ത കടവത്ത് ഹൈന്ത്രൂസ് കുട്ടി എന്നീ നാൽപത്തിരണ്ടോളം പേർ പ്രത്യേകം ശിക്ഷിക്കപ്പെട്ടിരുന്നു. ഇവരുടെ പേരുകൾ ജയിൽരേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

By മുഹമ്മദ് സിറാജുർറഹ്മാൻ

Graduate Student, Jamia Madeenathunnoor, Poonoor