മലബാർസമരം; ജയിലനുഭവങ്ങളുടെ ചരിത്രവും കണ്ണൂർ ജയിലും

ഒരു നൂറ്റാണ്ട് തികയുന്ന 1921 ലെ മലബാർ സമരത്തിന്റെ വ്യത്യസ്തങ്ങളായ വശങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഏറെക്കുറെ വിശകലനവിധേയമായിട്ടുണ്ട്. ഈ ചർച്ചകൾ പ്രതിപാദിച്ചിരുന്ന ചരിത്രങ്ങളുടെ ഇട(Space )വും പശ്ചാത്തലവും സ്വഭാവികമായും സമരം അരങ്ങേറിയ ഏറനാട്, വള്ളുവനാട് , പൊന്നാനി, കോഴിക്കോട് താലൂക്കുകളെ കേന്ദ്രീകരിച്ചായിരുന്നു.

ചരിത്രം അതിന് പശ്ചാത്തലമായ ഇടത്തിലും (space) വ്യക്തികളിലും മാത്രം ചുരുങ്ങുന്ന രീതികൾക്ക് മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഒരു സംഭവത്തിന്റെ/ ആശയത്തിന്റെ/ പദാർത്ഥത്തിന്റെ എല്ലാ കാലത്തെയും (Duration) സർവമാന സമ്പർക്കങ്ങളും (Connections) ഇടപാടുകളും വായിക്കുന്ന നിലയിൽ നമ്മുടെ ചരിത്രരചനയും പ്രായേണേ വികസിക്കുന്നതായി കാണാം .

മലബാർ സമരത്തിന്റെ പുതിയ വായനകൾ വ്യത്യസ്തങ്ങളായ സാധ്യതകളും വഴികളും തേടുന്നുണ്ട്. അത്തരം ശ്രമങ്ങൾ ഗൗരവമായി ഏറ്റെടുക്കപ്പെട്ടാൽ സമരസംബന്ധിയായ ചരിത്രവീക്ഷണങ്ങളിൽ പുതിയ ചർച്ചകൾ ഉയർന്നുവരാൻ അത് നമ്മെ സഹായിക്കും. ആ തലത്തിൽ വായനകൾക്ക് സാധ്യതകൾ നിലനിൽക്കുന്നയിടമാണ് ജയിലുകളും കാരാഗൃഹനുഭവങ്ങളുടെ ചരിത്രവും (history of prison experiences).

തടവറ, നാടുകടത്തൽ; അടിച്ചമർത്തലിന്റെ കൊളോണിയൽ യുക്തികൾ

കൊളോണിയൽ അധികാരത്തിന് വിരുദ്ധമായി ഉയർന്നുവന്ന ജനകീയമുന്നേറ്റങ്ങളോടുള്ള സാമ്പ്രദായിക ഭരണകൂട പ്രതികരണങ്ങൾ പ്രധാനമായും മർദ്ദനങ്ങൾ, വധശിക്ഷ, തടവറവാസം, നാടുകടത്തൽ തുടങ്ങിയവയായിരുന്നു . ഇവയൊക്കെയും എന്നന്നേക്കുമായി വിമതസ്വരങ്ങളുടെ വേരറുക്കാനുള്ള ഭീതിയുടെ രാഷ്ട്രീയമാവുമ്പോൾ നാടുകടത്തലും തടവറവാസവും കുറച്ചു കൂടി മാനസികമായിട്ടുള്ള ഭരണകൂടനടപടിയായി തീരുന്നുണ്ട്. തടവിലാക്കുന്നതിന്റെ മനഃശാസ്ത്രം (psychology of Imprisonment) ഇക്കാര്യത്തിൽ നമുക്ക് കുറച്ചുകൂടി വ്യക്തത നൽകും. ആന്തമാൻ ദ്വീപുകളിലേക്ക് നാടുകടത്തപ്പെട്ട മാപ്പിളമാർ തങ്ങളുടെ ജന്മനാടുകളുടെ നാമങ്ങൾ തങ്ങൾ പറിച്ചുനടപ്പെട്ട ‘തുറന്ന തടവറ’കൾക്ക് നൽകിയത് ഈ മാനസികാഘാതത്തെ ചെറുത്തുനിൽക്കാനാവണം. കാരാഗൃഹവാസത്തെ തുടർന്ന് സമൂഹത്തിൽ നിന്നുള്ള ഭ്രഷ്ടുകൾ പോലോത്തവയും ഇതിന്റെ മറ്റൊരു വശമാണ്.

നാടുകടത്തലിനെ/ പ്രവാസത്തെ (Exile) എഡ്വേർഡ് സൈദ് റിഫ്ലക്ഷൻസ് ഓഫ് എക്സൈൽ എന്ന തന്റെ ഗ്രന്ഥത്തിൽ വിശേഷിപ്പിക്കുന്നത് ഭയാനകമായ അനുഭവവും, ഒരു മനുഷ്യന്റെയും ജന്മനാടിന്റെയും ഇടയിൽ
സമ്മർദ്ദം ചെലുത്തുന്ന അഹിതമായ അകൽച്ചയും , ഒരിക്കലും മറികടക്കാനാവാത്ത അനിവാര്യമായ ദുഃഖവുമായാണ് .

ഇതിന്റെ മറ്റൊരു രൂപമായാണ് കൊളോണിയൽ ജയിൽ സംവിധാനങ്ങൾ നിലനിന്നിരുന്നത്. മർദ്ദനങ്ങൾ, പീഢനങ്ങൾ, അകാരണമായി ശിക്ഷാ കാലാവധി നീട്ടൽ തുടങ്ങിയവയിലൂടെ അത് സമൂഹത്തെ നിരന്തരം ആശങ്കപ്പെടുത്തിയിരുന്നു എന്നു കാണാം. മൊയാരത്ത് ശങ്കരന്റെ ആത്മകഥയിൽ പരാമർശിക്കുന്ന അദ്ദേഹത്തിന്റെ അമ്മാവൻ ഉണ്ണി നമ്പ്യാരുമായുള്ള സംസാരങ്ങളും സംഭാഷണങ്ങളും ഒരു മർദ്ദനോപകരണം എന്ന നിലയിൽ പൊലീസ് – ജയിൽ സംവിധാനങ്ങൾ എത്തരത്തിലാണ് ജനമധ്യത്തിൽ ഭയം ഉൽപാദിക്കാൻ ശ്രമിച്ചിരുന്നത് എന്നതിലേക്ക് സൂചന നൽകുന്നുണ്ട്.

കൊളോണിയൽ തടവറകൾ കുറഞ്ഞ ശിക്ഷാകാലയളവുള്ള തടവുകാരുടെ പോലും ശാരീരിക-മാനസിക സ്ഥൈര്യങ്ങളുടെ മേൽ ശിക്ഷ കഴിഞ്ഞാലും ഒരുപക്ഷേ മാസങ്ങളോളം അവരെ രഹസ്യമായി പിന്തുടരുകയും ചെയ്തിരുന്നു. ചുരുക്കത്തിൽ ശരീരത്തെ തടവിലാക്കുന്നത് കയ്പേറിയതും മനസ്സിനെ തുറങ്കിലടക്കുന്നത് ഏറെ ദൂഷ്യവുമാണ് എന്ന അമേരിക്കൻ നോവലിസ്റ്റ് ത്രോന്റൺ വിൽഡറി (Thornton Wilder) ന്റെ നിരീക്ഷണത്തിന്റെ പ്രായോഗിക സാധ്യതകളാണ് കൊളോണിയൽ ജയിലുകൾ ഉപയോഗപ്പെടുത്താൻ ശ്രമിച്ചത് .

എന്നാൽ ജയിലനുഭവങ്ങളുടെ ചരിത്രങ്ങൾക്ക് തടവറകൾക്കകത്തും പുറത്തും രാഷ്ട്രീയ-സാമൂഹികരംഗങ്ങളിലും ഭരണകൂടതലത്തിലും നേരെ വിപരീതമായും കൃത്യമായ ഇടപാടുകൾ രൂപപ്പെടുത്താനായിട്ടുണ്ട് എന്നത് പ്രധാനമാണ്. ഇത്തരത്തിൽ മലബാർ സമരവുമായി ബന്ധപ്പെട്ട കണ്ണൂർ ജയിലിലെ ചില അനുഭവങ്ങളും സംഭവങ്ങളും പരാമർശിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം .

കണ്ണൂർ ജയിലും ബ്രിട്ടീഷ് മലബാറിലെ തടവറസംവിധാനവും

പോർച്ചുഗീസ് മുതൽ ബ്രിട്ടീഷ് വരെയുള്ള മലബാറിലെ കോളനീകരണശ്രമങ്ങളിൽ അക്കാലത്തെ പ്രധാന വാണിജ്യശ്യംഖലകൾ എന്ന നിലയിലും അറക്കൽ, ചിറക്കൽ പോലുള്ള രാജവംശങ്ങളുടെ ആസ്ഥാനങ്ങൾ / ഉപസ്ഥാനങ്ങൾ എന്ന നിലയിലും കണ്ണൂർ, തലശ്ശേരി, ഏഴിമല, ധർമടം, വളപട്ടണം തുടങ്ങിയ പ്രദേശങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. കണ്ണൂർ, തലശ്ശേരി, രാമന്തളി കോട്ടകളുടെ നിർമാണവും ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിൽ അറക്കൽ രാജവംശത്തിന്റെ ഇടപാടുകളും പഴശ്ശിരാജയടക്കമുള്ളവരുടെ സായുധ ഏറ്റുമുട്ടലുകളും പ്രദേശത്തെ ഒരു പ്രധാന സൈനികതാവളമായി രൂപപ്പെടുത്തി എന്ന് സാമാന്യമായി പറയാം. ഇതിന്റെയൊക്കെ തുടർച്ചയായാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ തന്നെ കണ്ണൂരിലും തലശ്ശേരിയിലും ബ്രിട്ടീഷ് തടവറകൾ സ്ഥാപിക്കപ്പെടുന്നത്.

അക്കാലത്തു തന്നെ കൊളോണിയൽ ഇന്ത്യയിലെ ഇത്തരം തടവറകളിൽ സാമാന്യം മെച്ചപ്പെട്ട മെഡിക്കൽ സൗകര്യങ്ങളും ആരോഗ്യപരിപാലന സൗകര്യങ്ങളുമുണ്ടായിരുന്നു. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഈ തടവറകളിൽ കോളറ,വസൂരി പോലോത്ത പകർച്ച വ്യാധികൾ വ്യാപകമായി പടർന്നതിനെ തുടർന്ന് 1855-ൽ തലശ്ശേരിയിലെ ജയിൽ പൊളിച്ചുകളയുകയും ഇന്നത്തെ കണ്ണൂർ സെൻട്രൽ ജയിൽ 1869-ൽ ആരംഭിക്കുകയും ചെയ്തു . അന്ന് അവിടെ 1062 ജയിൽപ്പുള്ളികൾക്ക് പാർക്കാനുള്ള സൗകര്യമുണ്ടായിരുന്നതിനാലും അന്നത്തെ മലബാർ ജില്ലയിൽ ആകെയുണ്ടായിരുന്ന ജയിൽ ആയതിനാലും സ്വഭാവികമായും മലബാർ ജില്ലയിലെയും സമീപ ജില്ലകളിലെയും തടവു പുള്ളികളെ കണ്ണൂരിലേക്ക് കൊണ്ടുവരാൻ തുടങ്ങി. മലബാർ സമരത്തോടെ ഈ പ്രക്രിയ സജീവമായതോടെ 1930-കളുടെ ആദ്യകാലത്ത് ജയിൽ വീണ്ടും വികസിപ്പിക്കുന്നതും കാണാം .

1921ലും അതിനുമുമ്പും സമരബാധിത പ്രദേശങ്ങളിലേക്കുള്ള  ബ്രിട്ടീഷ് സൈന്യത്തെ അയക്കുന്നതുമായി ബന്ധപ്പെട്ടും ഒരു പ്രധാന സൈനികകേന്ദ്രമെന്ന നിലയിൽ കണ്ണൂർ അടയാളപ്പെടുന്നുണ്ട്. 1921 ഫെബ്രുവരിയിലെ തൃശ്ശൂർ സംഘട്ടനത്തിൽ വടക്കെ വീട്ടിൽ മമ്മതിന്റെ നേതൃത്വത്തിൽ ഒരു സംഘം പോയതിനെ തുടർന്ന് ആമൂസൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം കോട്ടയം, കുറുമ്പ്രനാട് താലൂക്കുകളിലെ വിവിധ സ്റ്റേഷനുകളിലെ ഇരുന്നൂറോളം പോലിസുകാരെ മാപ്പിള താലൂക്കുകളിലേക്ക് സ്ഥലം മാറ്റിയതായും മെയ് മാസം അവസാനത്തോടെ ഇത് വർധിച്ചതായും എ.കെ. കോഡൂർ പറയുന്നുണ്ട്. പിന്നീട് 1921 ഓഗസ്റ്റ്‌ 19 ന്‌ ശേഷം സമരപ്രദേശങ്ങളിലേക്ക് നിരവധി സായുധസംഘങ്ങൾ അയക്കപ്പെട്ടിട്ടുണ്ട് . 

മലബാർ സമരവും ആദ്യതടവുകാരും

1921 ഫെബ്രുവരി 16 ന്  മലബാർ ജില്ലാകമ്മിറ്റി കോഴിക്കോട് കടപ്പുറത്ത്  തീരുമാനിച്ചിരുന്ന പൊതുയോഗം നിരോധിച്ചതിന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ട മൗലാനാ ഹസൻ യഅ്കൂബ് സാഹിബ്, കെ.മാധവൻ നായർ, യു.ഗോപാലൻമേനോൻ, പി.മൊയ്തീൻ കോയ എന്നിവരുടെ 6 മാസത്തെ തടവുശിക്ഷയിലൂടെയായിരുന്നു   മലബാർസമരവുമായുള്ള കണ്ണൂർ ജയിൽ സമ്പർക്കങ്ങൾ ആരംഭിക്കുന്നത് .

ഈ അറസ്റ്റ് ജനങ്ങൾക്കിടയിൽ സാമാന്യം നല്ല പ്രതിഫലനങ്ങൾ സൃഷ്ടിച്ചിരുന്നു എന്നു കാണാം. അറസ്റ്റ് ചെയ്യപ്പെട്ടവരെ കണ്ണൂർ ജയിലിലേക്ക് ട്രെയിൻ മാർഗം അയച്ചതിനെ തുടർന്ന് ഫെബ്രുവരി 17 ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ധാരാളം ജനങ്ങൾ എത്തിച്ചേർന്നിരുന്നു. അന്ന് തലശ്ശേരി ഖിലാഫത്ത് കമ്മിറ്റി ഓഫീസിൽ പ്രതിഷേധയോഗം സംഘടിപ്പിക്കപ്പെടുകയും തുടർന്ന് ഒരു ജാഥയായി ജനങ്ങൾ തലശ്ശേരി കടപ്പുറത്ത് സംഗമിക്കുകയും ചെയ്തു. ആപേക്ഷികമായി മാപ്പിളമാർ കൂടുതൽ പങ്കെടുത്ത ഈ യോഗത്തിൽ ഉപ്പിസാഹിബിന്റെ അദ്ധ്യക്ഷതയിൽ വി.സി. മായൻ,കുഞ്ഞിരാമൻ നായർ, ഗോവിന്ദൻ നായർ, എ.മുഹമ്മദ്, എസ്.കെ. കോമ്പർ ബെയിൽ, മൊയാരത് ശങ്കരൻ തുടങ്ങിയവരായിരുന്നു സംസാരിച്ചത്. നാൽപതിൽ പരം മുസ്ലിം വിദ്യാർത്ഥികളും ടി.സി. ഗോപാലക്കുറുപ്പ്, കെ.പി. കുഞ്ഞിരാമൻ നായർ, എം. എൻ നായർ എന്നീ ബ്രണ്ണൻ കോളേജ് വിദ്യാർത്ഥികളും നിസ്സഹകരണപ്രസ്ഥാനത്തിൽ ചേർന്നതായുള്ള ഉപ്പിസാഹിബിന്റെ പ്രഖ്യാപനം വലിയ കരഘോഷത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തതെന്ന് മൊയാരത്ത് ശങ്കരൻ ഓർക്കുന്നുണ്ട്. ഈ സംഭവം 1921 ഫെബ്രുവരി 18 നും 21 നും The Madras Mail പത്രം റിപ്പോർട്ട് ചെയ്തതായി കാണാം.

ആപേക്ഷികമായി നിസ്സഹകരണ- ഖിലാഫത്ത് പ്രസ്ഥാനങ്ങൾ ജനപിന്തുണ നേടി വരുന്ന തലശ്ശേരിയിലെ അന്നത്തെ രാഷ്ട്രീയപരിസരത്തിൽ മാത്രം ഈ അറസ്റ്റുണ്ടാക്കിയ സ്വാധീനമാണ് ഇതെന്ന് മനസ്സിലാക്കണം. ഈ നേതാക്കൾ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ 1921 ആഗസ്റ്റ്15 ന് കണ്ണൂരിലും ആഗസ്റ്റ് 16 ന് തലശേരിയിലും സ്വീകരണം നൽകിയതായി ചില ഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്.

ഫെബ്രുവരി 26 ന് 107-ാം വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട പൊറ്റയിൽ കുഞ്ഞഹമ്മദ്, പൊറ്റയിൽ അബൂബക്കർ, വി.പി. ഹസ്സൻകുട്ടി, കല്ലറക്കൽ അഹമ്മദ് എന്നിവർക്കും  തടവുശിക്ഷ നിശ്ചയിക്കപ്പെട്ടത് കണ്ണൂർ ജയിലിലായിരുന്നു. തുടർന്ന് സമരം ശക്തിപ്പെട്ടതോടെ കൂടുതൽ പേരെ ഉൾക്കൊള്ളാൻ പ്രാപ്തമായതിനാൽ നിരവധി പേർ തടവുകാരായി ഇവിടെയെത്തി. കണ്ണൂർ ജയിലിൽ സൗകര്യങ്ങൾ പോരാതെ വന്നപ്പോഴാണ് മറ്റിടങ്ങളിലേക്ക് സമരക്കാരെ കൊണ്ടുപോവാൻ തുടങ്ങിയതെന്ന് കെ. മാധവൻനായർ എഴുതുന്നുണ്ട്.

(ഭാഗം രണ്ട് വായിക്കാൻ ക്ലിക്കു ചെയ്യുക)

By മുഹമ്മദ് സിറാജുർറഹ്മാൻ

Graduate Student, Jamia Madeenathunnoor, Poonoor