‘ഷര്‍ജീല്‍ ഇമാമിനെ തടവിലാക്കിയത് ഈ രാജ്യത്തെ ഭൂരിപക്ഷത്തിന്റെ മൗനമാണ്‌’ അഫ്രീൻ ഫാത്തിമ സംസാരിക്കുന്നു

സെപ്തംബർ 25 ന് ഷർജീൽ ഇമാമിൻ്റെ മോചനമാവശ്യപ്പെട്ടു കൊണ്ട് ജെഎൻയു കാമ്പസിൽ നടന്ന പ്രതിഷേധ റാലിയിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ദേശീയ സെക്രട്ടറിയും ജെഎൻയു സ്റ്റുഡൻ്റ് കൌൺസിലറുമായ അഫ്രീൻ ഫാത്തിമയുടെ പ്രഭാഷണം

ഏതൊരു രാഷ്ട്രീയപാര്‍ട്ടിയും തങ്ങളുടെ രാഷ്ട്രീയ മൂലധനമുപയോഗിച്ചു കൊണ്ട് ചെയ്തുതന്ന ഏറ്റവും കുറഞ്ഞ സഹായസഹകരണത്തിനു വരെ നന്ദി പറയുന്നത് മുസ്‌ലിംകള്‍ അവസാനിപ്പിക്കുകയാണ്. പക്ഷേ അറുനൂറ് ദിവസങ്ങള്‍ക്ക് ശേഷമാണെങ്കില്‍ പോലും ഇങ്ങനെയൊരു ഒത്തുകൂടലിലേക്ക് എത്തിയെന്നതില്‍ നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍, പക്ഷേ നന്ദി പറയുന്നില്ല. ഇതുപറഞ്ഞതെന്തിനാണെന്നു വെച്ചാല്‍ ഞാന്‍ ഒന്നുകൂടിയുറപ്പിച്ചു പറയുകയാണ്, ചക്കാ ജാം (പാത ഉപരോധം) രാജ്യദ്രോഹക്കുറ്റമല്ല, ചക്കാ ജാം യുഎപിഎക്കുറ്റവുമല്ല. എന്നാല്‍ ഷര്‍ജീല്‍ ഇമാമാണ് അതിനാഹ്വാനം ചെയ്യുന്നതെങ്കില്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും മുസ്‌ലിം ആഹ്വാനം ചെയ്യുന്നതാണെങ്കില്‍ ചക്കാ ജാം രാജ്യദ്രോഹവും യുഎപിഎയുമെല്ലാമാകുന്നു. കാരണം ചക്കാ ജാം പോലെ ഭരണഘടനാപരമായി സാധുതയുള്ള കാര്യങ്ങളുടെ പേരില്‍ പോലും മുസ്‌ലിമിനെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ കഴിയുന്നു. മാത്രമല്ല വളരെ സമര്‍ഥനും ധീരനുമായ ഒരു മുസ്‌ലിം യുവാവ് ചക്കാ ജാമിന് ആഹ്വാനം ചെയ്യുന്നു, അതുംകടന്ന് ഷഹീന്‍ബാഗ് പോലെ മുസ്‌ലിം സ്വത്വപ്രകാശനത്തിന്റെ, ചെറുത്തുനില്‍പ്പിന്റെ ഒരു ആഘോഷം തന്നെ സംഘടിപ്പിക്കാന്‍ അയാള്‍ ധൈര്യപ്പെടുന്നു. സ്റ്റേറ്റിനെ പ്രത്യയശാസ്ത്രപരമായി തന്നെ വെല്ലുവിളിക്കാനും ഷഹീന്‍ബാഗില്‍ ദേശീയപാത ഉപരോധിച്ച് കുത്തിയിരിക്കാനും ഈ രാജ്യത്തെ മുസ്‌ലിമിന് സാധിച്ചിരിക്കുന്നു. സിദ്ധാന്തത്തോടൊപ്പം തന്നെ പ്രവര്‍ത്തിച്ചും കാണിച്ചിരിക്കുന്നു. ഈയൊരു കാരണം കൊണ്ടാണ് അറുന്നൂറോളം ദിവസങ്ങളായി ഷര്‍ജീല്‍ ഇമാം തുറുങ്കിലടക്കപ്പെട്ടിരിക്കുന്നത്.

നമുക്ക് പലര്‍ക്കും ഉള്ള ഒരു തെറ്റിദ്ധാരണയുണ്ടിവിടെ. ഷര്‍ജീല്‍ ഇമാം ജയിലിലടക്കപ്പെട്ടത് ബിജെപി കാരണമാണെന്നാണ് നമ്മുടെ ധാരണ. എന്നാല്‍ ഷര്‍ജീല്‍ ഇമാം ജയിലില്‍ കിടക്കുന്നത് ബിജെപി കാരണമല്ല. മറ്റേതൊരു രാഷ്ട്രീയപ്പാര്‍ട്ടിയാണെങ്കിലും ഷര്‍ജീല്‍ ഇമാം ജയിലിലാക്കപ്പെടാനുള്ള സാധ്യതയിവിടെയുണ്ട്. കാരണം പറയേണ്ടത് ധൈര്യപൂര്‍വ്വം വിളിച്ചുപറയാന്‍ തയ്യാറുള്ള മാപ്പപേക്ഷിക്കാത്ത മുസ്‌ലിമായതു (Unapologetic Muslim) കൊണ്ടാണ് അദ്ദേഹം ജയിലിലായത്. അതുകൊണ്ട് ആ തെറ്റിധാരണ മാറ്റിക്കൊണ്ട് ഭരണകൂടത്തോട് വിളിച്ചു ചോദിക്കൂ, ഇനി ഇവിടുത്തെ മുസ്‌ലിംകള്‍ എന്തു ചെയ്താലാണ് അവരെ തുല്യപൗരന്‍മാരായി പരിഗണിക്കുകയെന്ന്. മുസ്‌ലിംകള്‍ ക്ഷമാപണപൂര്‍വ്വം പെരുമാറുന്നത് നിര്‍ത്തുകയാണ്, മുസ്‌ലിംകള്‍ അരക്ഷിതബോധം പേറുന്നത് നിര്‍ത്തുകയാണ്, മുസ്‌ലിംകള്‍ രാഷ്ട്രീയപ്പാര്‍ട്ടികളോട് പിന്തുണയ്ക്കു വേണ്ടി കെഞ്ചുന്നതും നിര്‍ത്തുകയാണ്. കാരണം മറ്റാരെക്കാളും ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ ഞങ്ങള്‍ തന്നെ സ്വയംപ്രാപ്തരാണ്.

എഴുപത് വര്‍ഷത്തോളമായി ഞങ്ങള്‍ കാണുകയാണ്, ഇടതും വലതും തുടങ്ങി സകലപാര്‍ട്ടികളും ഞങ്ങളുടെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണ്. എന്നിട്ട് എന്തെങ്കിലും മെച്ചമുണ്ടായോ? എന്നാല്‍ ഷര്‍ജീല്‍ ഭായ് നമുക്ക് ഷാഹീന്‍ബാഗ് മാതൃക പരിചയപ്പെടുത്തിത്തന്നപ്പോള്‍ നാം നമുക്ക് വേണ്ടി സംസാരിക്കാന്‍ പര്യാപ്തരാണെന്ന് സ്വയമേ ബോധ്യമായി.

ഭരണകൂടം മുസ്‌ലിംകളെ ഉന്നം വെക്കുന്നു, കുറ്റവാളികളാക്കുന്നു, മനുഷ്യത്വരഹിതമായി പെരുമാറുന്നു, അരികുവല്‍ക്കരിക്കുന്നു, മുസ്‌ലിംകളോടിതു ചെയ്യുന്നതെന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. മുസ്‌ലിംകളോട് ക്രൂരമായി പെരുമാറുന്നതിന് ഭരണകൂടത്തിന് ശക്തിപകരുന്നത് ആരാണ്? മുസ്‌ലിംകളോടൊപ്പം നില്‍ക്കാന്‍ തയ്യാറല്ലാത്തവര്‍, മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ മൗനം ദീക്ഷിക്കുന്നവര്‍ ആരാണ്? ഈ ചോദ്യം എല്ലാവരോടും ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം ഈ രാജ്യത്തെ ഭൂരിപക്ഷം ജാഗരൂഗരായിരുന്നെങ്കില്‍, അവര്‍ നീതി കാംക്ഷിക്കുന്നവരായിരുന്നെങ്കില്‍ ഷര്‍ജീല്‍ ഇമാമും മീരാന്‍ ഹൈദറും ആസിഫ് തന്‍ഹയുമൊന്നും ജയിലില്‍ പോകില്ലായിരുന്നു. ഈ രാജ്യത്തെ ഭൂരിപക്ഷം ഞങ്ങള്‍ക്കിതിന് ഒത്താശ ചെയ്യാനാവില്ലെന്ന് ആര്‍ജവത്തോടെ പറയാന്‍ കഴിയുന്നവരായിരുന്നെങ്കില്‍ ഇതിവിടെവരെ എത്തില്ലായിരുന്നു. ആര്‍എസ്എസ് സ്വാതന്ത്ര്യത്തിനും മുമ്പേയുണ്ടെന്ന് എല്ലാവരും പറയും. ആര്‍എസ്എസ് തുടക്കത്തില്‍ തന്നെ ഒരു ഹിന്ദുയുവതയെ, ഒരു ഹൈന്ദവനെ റാഡിക്കലൈസ് ചെയ്യാന്‍ ശ്രമിച്ചകാലത്ത് മുഖത്തടിച്ചപോലെ അവരോട് ഞങ്ങളീ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ലെന്ന് തിരിച്ചുപറയാന്‍.. എന്നാല്‍ ആരാണ് ആര്‍എസിഎസിനെ ഈ ദേശത്ത് വേരുറപ്പിക്കാന്‍ അനുവദിച്ചത്?

ആ മനുഷ്യരോടെല്ലാം ഇവിടുത്തെ മുസ്‌ലിം ചോദിക്കാനാഗ്രഹിക്കുന്ന ചില ചോദ്യങ്ങളുണ്ട്. അവര്‍ ഒരുപക്ഷേ ബിജെപിക്ക് വോട്ട് ചെയ്യുന്നവരാവണമെന്നില്ല, മുസ്‌ലിംകള്‍ കൊല്ലപ്പെടേണ്ടവരാണെന്ന് വിശ്വസിക്കുന്നവരാകണമെന്നില്ല, ‘മതേതരത്വം’ ‘ജനാധിപത്യം’ പോലുള്ള വര്‍ണ്ണത്തില്‍ പൊതിച്ച വാക്കുകളൊക്കെ ഉപയോഗിക്കുന്ന പുരോഗമനവാദികളാവാം. മുസ്‌ലിംകളെ നിരന്തരം കുറ്റവാളികളാക്കുകയും അപരവല്‍ക്കരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ എന്താണ് നിഷ്‌ക്രിയരും പ്രതികരണശേഷിയില്ലാത്തവരുമായി ഇരിക്കുന്നതെന്നാണ് അവരോട് ചോദിക്കാനുള്ളത്. കേവലം ഷര്‍ജീല്‍ ഇമാമിനു വേണ്ടിയോ ഷാറൂഖ് പഠാനു വേണ്ടിയോ മാത്രമല്ല ചോദിക്കുന്നത്, മുഴുവന്‍ മുസ്ലിം സമുദായത്തെയും കുറ്റവാളികളാക്കുന്ന നടപടികള്‍ക്കെതിരാണ് ഇവിടെ ശബ്ദമുയര്‍ത്തുന്നത്. ഒരു കവിതയോടെ ഞാനെന്റെ വാക്കുകള്‍ ചുരുക്കുകയാണ്.

‘na ham-safar na kisi ham-nashiñ se niklega

(നമ്മുടെ സഹയാത്രികർക്കോ ഉറ്റവർക്കോ നമ്മുടെ കാലിലെ മുള്ള് എടുത്തുമാറ്റാൻ കഴിയില്ല)

hamare paañv ka kañTa hamiñ se niklega’

(നമ്മുടെ കാലിലെ മുള്ള് നമുക്ക് മാത്രമേ എടുത്തുമാറ്റാൻ കഴിയൂ)

By Editor