വിമോചന സമരത്തിൻ്റെ ധീരനേതൃത്വം: സയ്യിദ് അലി ഷാ ഗീലാനി

“എന്തായാലുമൊരു ദിവസം ഞാനെൻ്റെ മാലികെ – ഹഖീഖിയെ (സൃഷ്ടാവിനെ) കണ്ടുമുട്ടും. ജീവിതവും മരണവും ആത്യന്തികമായി ദൈവത്തിന്റെ കൈകളിലാണ്. വ്യക്തികളല്ല, ആശയങ്ങളും ഉത്കടമായ അഭിലാങ്ങളുമാണ് സുപ്രധാനം” എന്ന്, താഴ്വര കണ്ട ഏറ്റവും ധീരനായ നേതാവ് സയ്യിദ് അലി ഷാ ഗീലാനി ഒരിക്കൽ പറഞ്ഞുവെച്ചു.

ഓരോ ചരിത്രത്തിനു പിന്നിലും മറ്റൊരു ചരിത്രമുണ്ടെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും സാധാരണമായിരുന്നില്ല. കശ്മീരിലെ ഒരു സ്കൂൾ അധ്യാപകനിൽ തുടങ്ങി ഉന്നത രാഷ്ട്രീയ ദാർശനികൻ വരെയായി രാഷ്ട്രീയബോധ്യങ്ങളുടെ എല്ലാ തലങ്ങളിലും ബഹുമാനിക്കപ്പെട്ടിരുന്ന ഗീലാനി തന്റെ ബോധ്യങ്ങൾക്കും ആശയങ്ങളുടെ വ്യക്തതയ്ക്കും വേണ്ടി എന്നും ഉറച്ചുനിന്നിരുന്നു.

സയ്യിദ് അലി ഷാ ഗീലാനിയെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമുണ്ട്, ആദരിക്കുന്നവരും വെറുക്കുന്നവരുമുണ്ട്. അദ്ദേഹത്തെയോർത്ത് ആവേശപ്പെടുന്നവരും ആശങ്കപ്പെടുന്നവരുമുണ്ട്- ഒരേയൊരു കാര്യത്തിലാണ് അവർക്കെല്ലാം ഏകസ്വരമുണ്ടാവുക – “നാ ഝുക്നേ വാല ഗീലാനി, നാ ബിക്നേ വാല ഗീലാനി” (തലകുനിക്കാത്ത ഗീലാനി, വിലക്കെടുക്കാനാവാത്ത ഗീലാനി) എന്ന യാഥാർത്ഥ്യബോധത്തോടെയുള്ള അംഗീകാരത്തിലാണത്. ഗീലാനിയുടെ മരണത്തിൽ അനുശോചിച്ച് മെഹ്ബൂബ മുഫ്തിയും ട്വിറ്ററിൽ കുറച്ചത് അതായിരുന്നു. “മിക്ക കാര്യങ്ങളിലും ഞങ്ങൾ യോജിച്ചിട്ടില്ലായിരിക്കാം, പക്ഷേ അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസത്തെയും നിശ്ചയദാർഢ്യത്തെയും ഞാൻ ബഹുമാനിക്കുന്നു”.

ഗീലാനിയുടെ കടുത്ത വിമർശകർ പോലും വളരെയധികം അംഗീകരിച്ചിരുന്ന ഒരു കാര്യം അദ്ദേഹം വളരെ മാന്യമായ പെരുമാറ്റത്തിനുടമയായിരുന്നുവെന്നതാണ്. നിരന്തരമായി തന്നെ എതിർത്തുകൊണ്ടിരിക്കുന്നവരോട് പോലും മാന്യതയോടു കൂടിയല്ലാതെ ഗീലാനി സംസാരിക്കില്ലായിരുന്നു. “എന്നാൽ നിങ്ങൾ വളരെ കർക്കശക്കാരനും മെരുങ്ങാത്തയാളുമാണെന്ന് കരുതുന്ന പലരും ഉണ്ട്,” എന്ന ഒരു പത്രപ്രവർത്തകന്റെ അഭിപ്രായത്തോട്, “എല്ലാ കാഴ്ച്ചപ്പാടുകൾക്കും അതിന്റെ സ്ഥാനമുണ്ട്, ഇതൊരു സ്വാതന്ത്ര ലോകമാണ്” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ജയിൽവാസകാലത്ത് രചിച്ച തന്റെ ആത്മകഥയായ ‘വൂലാർ കിനാരെ ‘ (വൂളറിന്റെ തീരത്ത്) ഉൾപ്പെടെ 20 -ലധികം പുസ്തകങ്ങൾ ഗീലാനി എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികൾ കൂടുതലും ഉർദുവിലാണ്. അവയൊക്കെയും ഗീലാനിയുടെ മാനവികതാബോധത്തെ കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച നൽകുന്നു.

1929 സെപ്തംബർ 29 ന് വുളാർ തടാകത്തിന്റെ തീരത്തുള്ള സുർ മൻസിൽ ജനിച്ച ഗീലാനി ജമ്മു കശ്മീരിലെ വിമോചനരാഷ്ട്രീയത്തിൻ്റെ മുഖമായി ഉയർന്നു.
ഒരു എഴുത്തുകാരനും ഉജ്വല വാഗ്മിയുമായ അദ്ദേഹം 1950 കളിൽ കാശ്മീർ ജമാഅത്തെ ഇസ്ലാമിയിൽ ചേർന്നുകൊണ്ട് ഒരു സ്കൂൾ അധ്യാപകനായി തന്റെ കരിയർ ആരംഭിച്ചു. ആ കാലഘട്ടം കണ്ട ഏറ്റവും നല്ല പ്രഭാഷകരിൽ പ്രധാനിയായിരുന്നു അലി ഷാ എന്ന് പറയാനാകും.

പ്രാദേശിക തിരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം സോപോർ നിയോജക മണ്ഡലത്തിൽനിന്ന് മൂന്നുതവണയായി – 1972, 1977, 1987 വർഷങ്ങളിൽ ജമ്മു കശ്മീർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പക്ഷേ,1980കളിൽ കശ്മീരിലെ വിമോചന രാഷ്ട്രീയത്തിന് നേതൃത്വം നൽകാൻ എംഎൽഎ സ്ഥാനം രാജിവെച്ചു.

2021 സെപ്റ്റംബർ ഒന്നിന് മരിക്കുന്നതുവരെ കശ്മീരി രാഷ്ട്രീയ പ്രതിരോധത്തിന്റെ മുഖമായും വിമോചന രാഷ്ട്രീയത്തിന്റെ പ്രതീകമായും വളരെ വലിയ ജനസ്വാധീനത്തോടെ തന്നെ അദ്ദേഹം നിലനിന്നു.

രാഷ്ട്രീയത്തിലേക്കുള്ള ഗീലാനിയുടെ മുന്നേറ്റം കൃത്യമായി രേഖപ്പെടുത്തപ്പെട്ട ഒന്നാണ്. 1987 ൽ മുസ്ലീം ഐക്യമുന്നണിയുടെ (MUF -കശ്മീരിലെ രാഷ്ട്രീയ, സാമൂഹിക, മത സംഘടനകളുടെ സഖ്യം) സ്ഥാനാർത്ഥികളിൽ ഒരാളായ ഗീലാനി, തീക്ഷണമായ തന്റെ രാഷ്ട്രീയ പാഠങ്ങൾ പഠിച്ചെടുക്കുകയായിരുന്നു.
വ്യാപകമായി അട്ടിമറിക്കപ്പെട്ട ആ തിരഞ്ഞെടുപ്പ് നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തെ അധികാരത്തിൽ കൊണ്ടുവന്നു. അത് പക്ഷെ താഴ്‌വരയിലെ സായുധ സമരത്തിന്റെ കൂടി തുടക്കമായിരുന്നു. കശ്മീർ പ്രശ്നം പരിഹരിക്കാനുള്ള സ്വാതന്ത്ര്യസമരത്തിന്റെ ആദ്യകാല വക്താവായ ഗീലാനിയും മറ്റു വിമോചന നേതാക്കളും 1993 ൽ ഹുറിയത്തിന് തുടക്കം കുറിച്ചു. സ്റ്റേറ്റ് നിയന്ത്രണങ്ങൾക്കും പദ്ധതികൾക്കും നിരന്തരമായ ഭീഷണിയായിരുന്ന അദ്ദേഹം 1962 ൽ ആദ്യമായി അറസ്റ്റിലായതിനുശേഷം 12 വർഷത്തിലേറെ തടവിൽ കിടന്നു. 2008 മുതല്‍ പലപ്പോഴായി വീട്ടുതടങ്കലിലുമായി.

ഉറച്ച ബോധ്യമുള്ള ഒരു സ്വതന്ത്രചിന്തകനായിരുന്നു സയ്യിദ് അലീ ഷാ ഗീലാനി. താഴ്വരയുടെ സ്വയം നിർണ്ണയാവകാശത്തിൽ കൃത്യമായി വിശ്വാസമുണ്ടായിരുന്നു അദ്ദേഹത്തിന് .
“ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ജനാസ പുറപ്പട്ടുകഴിഞ്ഞു. നിങ്ങളീ വാതിലു തുറക്കൂ, ഞാനെവിടെയും പറന്നു പോകില്ലല്ലോ” എന്ന് വളരെ രോഷത്തോടെ- ആർട്ടിക്ൾ 370 റദ്ദാക്കി കൊണ്ട് ഇന്ത്യ കശ്മീരിനെ വരിഞ്ഞു മുറുക്കിയ ദിവസങ്ങളിലൊന്നിൽ- തന്നെ വീട്ടുതടങ്കലിലാക്കി വാതിലിനു കാവൽ നിന്നിരുന്ന പൊലീസുകാരോട് അദ്ദേഹം ചോദിക്കുന്നുണ്ട്. അന്നതിനെ വൈകാരികപ്രകടനമായാണ് പല’ മാധ്യമങ്ങളും വ്യാഖ്യാനിച്ചത്.

അത് പക്ഷെ ആ ധീരനായ നേതാവിന്റെ ശക്തമായ പ്രഖ്യാപനങ്ങളായിരുന്നു. ജമ്മുകശ്മീരിനുമേൽ അധികാരം സ്ഥാപിക്കാൻ ഒരു അവകാശവും ന്യായവും ഇന്ത്യക്കില്ലയെന്ന് എവിടെയും തറപ്പിച്ചു പറയാൻ അദ്ദേഹം മടിച്ചിരുന്നില്ല.
2007-2008 ആയപ്പോഴേക്കും കാശ്മീർ വൻ ജനകീയ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിച്ചതിനാൽ ഗീലാനിയുടെ ജനപ്രീതി ഉയർന്നു. കശ്മീരിലെ പുതു തലമുറക്കിടയിൽ വരെ സ്വാധീനമുള്ള നേതാവായി അദ്ദേഹം ഉയർന്നു.

ഗീലാനിയെ വിഖ്യാതനാക്കുന്നതിൽ മൂന്ന് പ്രധാന കാരണങ്ങളാണ് ഉണ്ടായിരുന്നത്. രാഷ്ട്രീയ പരിണാമത്തിന്റെ ഈ പുതിയ ഘട്ടം മുൻ കഴിഞ്ഞ കാലത്തെ സായുധ പേരാട്ടങ്ങളിൽ നിന്നുമുള്ള സ്വാഭാവിക പുരോഗതിയാണെന്ന് വിശ്വസിക്കുന്ന ആളുകൾക്കിടയിലടക്കമുള്ള അദ്ദേഹത്തിന്റെ ഉറച്ച രാഷ്ട്രീയ നിലപാട്. രണ്ട്, കേഡർ അധിഷ്ഠിത ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്ന ഒരു സാധാരണക്കാരനായ നേതാവായിരുന്നു ഗീലാനി. അതു കൊണ്ട് തന്നെ സാധാരണക്കാർ ആഗ്രഹിക്കുന്നതെന്തും ഉൾക്കൊള്ളാൻ അദ്ദേഹത്തിന് കഴിഞ്ഞു. മൂന്നാമതായി, ഗീലാനി ഒടുക്കം വരെ വിട്ടുവീഴ്ചയില്ലാതെ തുടർന്നു. അത് അദ്ദേഹത്തെ വളരെ പ്രധാനപ്പെട്ട , ശക്തനായ ഒരു നേതാവെന്ന വിശേഷണം നൽകി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കിടപ്പിലായിരുന്ന ഗീലാനി, ഈ സമയത്തിന്റെ ഭൂരിഭാഗവും വീട്ടുതടങ്കലിൽ തന്നെയായിരുന്നു. കഴിഞ്ഞ വർഷം ജൂൺ 30 -ന് ഹുറിയത്തിൽ നിന്ന് സ്വയം പുറത്തു പോന്നപ്പോൾ വളരെ അത്ഭുതത്തോടെയായിരുന്നു കശ്മീർ വീക്ഷിച്ചത്. 2019 ഓഗസ്റ്റ് 5 ന് കശ്മീരിന്റെ രാഷ്ട്രീയ സ്വയംഭരണാവകാശം റദ്ദാക്കാനുള്ള ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തീരുമാനത്തെ തുടർന്നാണ് കൗതുകകരമായ ഈ വേർപിരിയൽ ഉണ്ടായത്. 370 റദ്ദാക്കിയതിന് ശേഷം പാര്‍ട്ടിയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് ഗിലാനിയുടെ ഹുറിയത് കോണ്‍ഫറന്‍സില്‍ നിന്നുള്ള പടിയിറക്കത്തിന് കാരണമായത്. ഈ നീക്കം പലരെയും ഞെട്ടിച്ചെങ്കിലും, നാറ്റീവിസത്തെ അഭിലാഷവുമായി ലയിപ്പിച്ച ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ ഒറ്റക്കെട്ടായി സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത ഒരാളായി സയ്യിദ് അലി ഷാ ഗീലാനിയുടെ പൈതൃകം നിലനിൽക്കും.

നിരന്തരമായി ഒരു ജന വിഭാഗത്തെ അടിച്ചമർത്തിക്കൊണ്ടിരിക്കുന്ന ഭരണകൂടം, നിരവധി കശ്മീരികൾക്ക് കരുത്തും ശബ്ദവും നൽകിയ ഒരു മനുഷ്യന്റെ നഷ്ടം കൂടുതൽ ആഴത്തിൽ അനുഭവിക്കാൻ അവരെ അനുവദിക്കില്ലയെന്നത് ഉറപ്പാണ്.
ഒരു മനുഷ്യന്റെ മരണം, അതും സാമർത്ഥ്യത്തോടെ ജീവിച്ച ഒരാളുടെ മരണം ഉണ്ടാക്കുന്ന പ്രതികരണം എന്താണെന്നത് ആലോചിച്ചു നോക്കേണ്ട കാര്യമാണ്. ആ മരണം ഒരു പക്ഷേ പുതിയ ആഘാതങ്ങളിളക്കി വിട്ടേക്കാം

ഒന്നു കൂടി കൃത്യമായി പറഞ്ഞാൽ, അദ്ദേഹത്തിന്റെ ജീവിതത്തിൻ്റെ അവസാനത്തോടെ ജീവിതകാലത്ത് അദ്ദേഹമുയർത്തിയ ശക്തമായ ആശയങ്ങൾ വീണ്ടും ചർച്ചചെയ്യപ്പെടും. ആ സമരാഹ്വാനങ്ങളുടെ ഏറ്റെടുക്കലും പുനർവിചിന്തനവും വിമോചനസമരങ്ങൾക്ക് ഭാവി നൽകും. മാത്രമല്ല, മയ്യിത്ത് എപ്പോഴും സംഘടിക്കാനുളള ഒരു പ്രതിഭാസമായി നിലകൊള്ളാറുമുണ്ട്.

ഇതിനോടൊക്കെയുള്ള ഭയമാണ് ഇന്ത്യൻ പൊലീസുകാരിലൂടെ ഭരണകൂടം അവസാനിപ്പിക്കാൻ ശ്രമിച്ചത്. ഗീലാനി സാഹിബിന്റെ മയ്യിത്ത് തന്റെ ഭാര്യയുടെയും മക്കളുടെയുമെല്ലാമടുത്തു നിന്ന് ബലമായി പിടിച്ചു കൊണ്ടുപോയി ഉടനെ തന്നെ സംസ്കാര ചടങ്ങുകൾ നടത്തി ‘സഹായിക്കാൻ’ ഭരണകൂടത്തെ പ്രേരിപ്പിച്ചതും അതാണ്. ജീവിച്ചിരിക്കുമ്പോൾ എത്ര മാത്രം തങ്ങൾക്ക് ഭീഷണിയായിരുന്നുവോ അതു പോലെ തന്നെ ആ മയിത്തും അവർക്ക് ഭീഷണിയാകുന്നതിനെയവർ ഭയക്കുന്നു. ‘ഷഹീദ് ഖബർസ്ഥാനിൽ’ തന്നെ സംസ്കരിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം പോലും വകവെക്കാൻ അവർ തയ്യാറായിരുന്നില്ല. മരണ ശേഷം 3 ദിവസങ്ങൾക്കിപ്പുറവും കശ്മീരിൽ നിയന്ത്രണങ്ങൾ തുടരുകയാണ്.

കശ്മീരിന്റെ പോരാട്ട ചരിത്രത്തോളം പഴക്കമുള്ള ഒരു നേതാവ്. സയ്യിദ് അലി ഷാ ഗീലാനി ! താങ്കളും താങ്കളുടെ പോരാട്ടവും മറവിയിൽ മറയുകയില്ല. സമാധാനമായി വിശ്രമിച്ചു കൊൾക.

By ആയിഷ നൌറിൻ

Post Graduated from Jamia Millia New Delhi