ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ ജന്മദിനം അധ്യാപകദിനമായി ആചരിക്കുന്ന നടപടി അമ്പരിപ്പിക്കുന്നതാണ്. ഈ തീരുമാനമെടുക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്താണ്? ഒരു കപടനും കടുത്ത ജാതിവാദിയുമായിരുന്ന രാധാകൃഷ്ണനെ ഒരു വിദ്യാഭ്യാസവിചക്ഷണനായി വാഴ്ത്താനെന്താണ് കാരണം? ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്തെ വികസനത്തിന് അദ്ദേഹം ഒരു സംഭാവനയും നല്‍കിയിട്ടില്ല. 1948ല്‍ അദ്ദേഹത്തെ യൂണിവേഴ്‌സിറ്റി എജ്യുക്കേഷന്‍ കമ്മീഷന്റെ പ്രസിഡന്റാക്കിയതിന് ശേഷം നടത്തിയ ശുപാര്‍ശകളെല്ലാം അങ്ങേയറ്റം പിന്തിരിപ്പനും അധപതിച്ചതുമായിരുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ കാര്യമെടുത്താല്‍, സ്ത്രീയും പുരുഷനും തുല്യരാണെങ്കിലും അവര്‍ക്ക് വ്യത്യസ്ത മേഖലകളാണുള്ളത്, അതിനാല്‍ ഒരു മാതൃക മാതാവും വീട്ടമ്മയും ആകാന്‍തക്ക വിദ്യാഭ്യാസമാണ് സ്ത്രീക്ക് നല്‍കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഒരു വിദ്യാഭ്യാസവിചക്ഷണനെന്ന നിലയില്‍ ഇതിലൂടെ ആ വ്യക്തിയുടെ നിലവാരവും ചിന്താരീതിയും മനസിലാക്കാവുന്നതേയുള്ളൂ.
ബ്രാഹ്മണിക്കല്‍ സംസ്‌കാരത്തിന്റെ പ്രചാരണത്തിന്റെ പേരില്‍ നമ്മള്‍ പഴിചാരുന്നത് ബിജെപിയെയും ആര്‍എസ്എസിനെയുമാണെങ്കില്‍ അക്കാര്യത്തില്‍ യഥാര്‍ഥ ബഹുമതി അര്‍ഹിക്കുന്നത് കോണ്‍ഗ്രസാണെന്നതാണ് രസം. ഒരു വിദ്യാഭ്യാസവിചക്ഷണനെന്ന നിലയില്‍ ഹിന്ദുത്വയുടെ കടുത്ത ആരാധകനായിരുന്ന ഇയാള്‍ വേദങ്ങളിലും ഉപനിഷത്തുകളിലും വര്‍ണാശ്രമവ്യവസ്ഥയിലും ഭ്രമിച്ച് ഈ രാജ്യത്തെ കബളിപ്പിക്കുകയായിരുന്നു. സാര്‍വത്രിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാന്‍ ഒരു വര്‍ണാശ്രമ സഹചാരിക്ക് എങ്ങനെ കഴിയും? വിദ്യാഭ്യാസത്തിന്റെ സാര്‍വലൗകികതയെ അംഗീകരിക്കാന്‍ ഒരു ഹിന്ദു ഭരണാധികാരിക്കും സാധിക്കില്ല. ബ്രിട്ടീഷുകാരാണ് അത് സാധ്യമാക്കിയത്. അവര്‍ വിദ്യാഭ്യാസം എല്ലാവര്‍ക്കുമായി ഏര്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ ജ്യോതിറാവു വിദ്യ നേടുമായിരുന്നോ? സ്‌കോട്ടിഷ് മിഷന്‍ സ്‌കൂളില്‍ നിന്ന് അദ്ദേഹം വിദ്യ നേടിയതിനു ശേഷമാണ് അതിന്റെ പ്രാധാന്യം തിരിച്ചറിയുകയും ഒപ്പം സാവിത്രിബായ് സ്ത്രീകള്‍ക്കും ബഹുജനങ്ങള്‍ക്കും വേണ്ടി വിദ്യാലയങ്ങള്‍ പണിതുയര്‍ത്തുകയും ചെയ്തത്. ഈ ചരിത്രം മുന്നിലിരിക്കെ, ഇന്ത്യയില്‍ ആരുടെയെങ്കിലും പേരില്‍ അധ്യാപകദിനം ആചരിക്കാന്‍ തീരുമാനിക്കുന്നുണ്ടെങ്കില്‍ അത് ജ്യോതിറാവു ഫൂലെയല്ലാതെ മറ്റാരുടെ ജന്മദിനത്തിലാണ് ചെയ്യുക. ഫൂലെയുടെ നേട്ടങ്ങളെ സര്‍വേപള്ളി രാധാകൃഷ്ണന് എങ്ങനെയാണ് അട്ടിമറിക്കാന്‍ കഴിഞ്ഞത്?
സര്‍വേപള്ളി രാധാകൃഷ്ണൻ ഇന്ത്യയിലെ മഹാനായ തത്വചിന്തകനായാണ് വാഴ്ത്തപ്പെടുന്നത്. യഥാര്‍ഥത്തില്‍ അദ്ദേഹമൊരു മതപ്രബോധകനായിരുന്നു തത്വചിന്തകനായിരുന്നില്ല. ആദി ശങ്കരാചാര്യയുടെ പരമ്പരയിലെ ഒടുവിലത്തെ തത്വചിന്തകനായി അദ്ദേഹം സ്വയമേവ പ്രതിഷ്ഠിക്കുന്നത് വളരെ ആസൂത്രിതമായാണ്. ശങ്കരാചാര്യരെ പോലെ തന്നെ മനുസ്മൃതിയിലെ ആക്ഷേപാര്‍ഹമായ നിയമസംഹിതകളെ ഉയര്‍ത്തിപ്പിടിച്ചയാള്‍ തന്നെയാണ് രാധാകൃഷ്ണനും. ഒരു കാലത്ത് വിസ്മൃതിയിലാണ്ടുപോയ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും പുനപ്രതിഷ്ഠിച്ച, ധാര്‍മിക മൂല്യങ്ങളുടെ സമാഹാരണമായ മതഗ്രന്ഥമായാണ് മനുസ്മൃതിയെ രാധാകൃഷ്ണന്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ജാതിയെ നിര്‍ണയിക്കുന്ന വര്‍ണവ്യവസ്ഥയും വേദയാഗങ്ങളുമെല്ലാം ഉള്‍പ്പെടുന്ന പരമ്പരാഗത മൂല്യങ്ങളുടെ ക്ഷയാവസ്ഥയിൽ അദ്ദേഹം ദുഖിതനായിരുന്നു. അതുകൊണ്ടുതന്നെ വിദ്യ കരസ്ഥമാക്കല്‍ ബ്രാഹ്മണനില്‍ അര്‍പ്പിതമാണെന്നും ക്ഷത്രിയര്‍ ദുര്‍ബലരെ സംരക്ഷിക്കേണ്ടവരാണെന്നും വൈശ്യരുടെ ചുമതല കൃഷിയും കച്ചവടവുമാണെന്നും ശൂദ്രര്‍ മറ്റുള്ളവരെയെല്ലാം സേവിക്കേണ്ടവനാണെന്നും അദ്ദേഹം പറഞ്ഞുറപ്പിച്ചു.

ഇതേ രാധാകൃഷ്ണന്‍ തന്നെ തന്റെ ‘ദ ഹിന്ദു വ്യൂ ഓഫ് ലൈഫ്’ എന്ന പുസ്തകത്തില്‍ ഹൈന്ദവസംസ്‌കാരം പുതിയതല്ലെന്നും അത് നാലായിരം വര്‍ഷത്തിന്റെ പാരമ്പര്യം ഉള്ളതാണെന്നതിന് തെളിവുണ്ടെന്നും തുടര്‍ച്ചയായി പരിണമിക്കുന്നതാണെന്നും ആര്‍എസ്എസ് ചെയ്യുന്നപോലെതന്നെ അഭിമാനപൂര്‍വം പ്രഖ്യാപിക്കുന്നുണ്ട്. ബാബാസാഹേബ് അംബേദ്കര്‍ തന്റെ ‘ജാതി നിര്‍മൂലന’മെന്ന കൃതിയിലൂടെ ഈ അവകാശവാദത്തെ പൊളിക്കുന്നുണ്ട്: “ഒരു സമുദായം ജീവിച്ചതും മരിച്ചതുമൊന്നുമല്ല ചോദ്യം, എങ്ങനെയുള്ള ജീവിതപാതയായിരുന്നു പിന്തുടര്‍ന്നത് എന്നതാണ്. അതിജീവനത്തിന് വിവിധ മാര്‍ഗങ്ങളുണ്ട്. അതിലെല്ലാം ഒരുപോലെ അഭിമാനിക്കാന്‍ വകയുള്ളവയാകണമെന്നില്ല. ഒരു വ്യക്തിയായാലും സമൂഹമായും വെറുതെ ജീവിച്ചുമരിക്കുന്നതും ഏറെ അര്‍ഥവത്തായ ജീവിതം നയിക്കുന്നതില്‍ തമ്മില്‍ അന്തരമുണ്ട്. യുദ്ധം ചെയ്യുന്നതും സന്തോഷത്തോടെ കഴിയുന്നതും തമ്മില്‍ അന്തരമുണ്ട്. തിരിച്ചടിയും, കീഴടങ്ങലും ആരുടെയെങ്കിലും അടിമയായി കഴിച്ചുകൂട്ടലുമെല്ലാം അതിജീവനത്തിന്റെ മാര്‍ഗങ്ങളില്‍ പെട്ടതുതന്നെ. ഒരു ഹിന്ദു താനും കൂട്ടാളികളും അതിജീവിച്ചവരാണെന്നു പറഞ്ഞ് ആശ്വസിച്ചിരിക്കുന്നത് വെറുതെയാണ്. ആ അതിജീവനത്തിന്റെ ഗുണമേന്‍മയെയാണ് പരിഗണിക്കേണ്ടത്. അങ്ങനെ പരിഗണിച്ചാല്‍ അയാള്‍ ആ അഭിമാനിക്കല്‍ അങ്ങ് അവസാനിപ്പിക്കും. ഒരു ഹിന്ദുവിന്റെ ജീവിതം ഉടനീളം പരാജയത്തിലാണ്, അയാള്‍ക്ക് എന്നെന്നും നിലനില്‍ക്കുന്നതായി തോന്നുന്നതൊന്നും അങ്ങനെയാവില്ല, പതനമാണ് നിലനില്‍ക്കുന്നത്. സത്യം മനസിലാക്കാന്‍ കഴിവുള്ള ഏതൊരു ഹിന്ദുവിനും അയാളുടെ അതിജീവനമാര്‍ഗത്തെക്കുറിച്ചുള്ള ഓര്‍മ്മ നാണക്കേടാണുണ്ടാക്കുക”.

ഹിന്ദുമതത്തെക്കുറിച്ചുള്ള രാധാകൃഷ്ണന്റെ ജ്ഞാനത്തെ ഏറ്റിനടന്നത് ആര്‍എസ്എസ് മാത്രമായിരുന്നില്ല. വിചിത്രമെന്നു പറയട്ടെ 1995 ഡിസംബറില്‍ സുപ്രീംകോടതി ഒരു കേസില്‍ വിധിപറയുന്നതിനിടെ രാധാകൃഷ്ണന്റെ ‘ഇന്ത്യന്‍ ഫിലോസഫി’യെന്ന പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് ഹൈന്ദവത ഒരു ജീവിതവഴിയാണെന്നും സഹിഷ്ണുതയുള്ള ദര്‍ശനമാണെന്നുമെല്ലാം പറയുന്നുണ്ട്. അംബേദ്കറുടെ കാഴ്ച്ചപ്പാടുകളെ കണക്കിലെടുക്കാതെയുള്ള തീരുമാനങ്ങളെല്ലാം അനീതിയും പക്ഷപാതപരവുമാകും. പ്രസ്തുത വിധിന്യായത്തെപ്പറ്റി ധരംവീര്‍ ഭാരതി പറയുന്നുണ്ട്: “സുപ്രീംകോടതി ആ വിധിപറച്ചിലിനിടെ പ്രശസ്ത പണ്ഡിതന്‍ രാഹുല്‍ സംകൃത്യയന്‍ എഴുതിയ കാര്യത്തെപ്പറ്റി ആലോചിച്ചില്ല: ഡോ. രാധാകൃഷ്ണന്‍ ഒരു യാഥാസ്ഥിതിക മതപ്രബോധകനാണ് എന്നതായിരുന്നു അത്.”
മറ്റു ശാസ്ത്രങ്ങളുമായോ കലകളുമായ പൗരാണിക ഇന്ത്യന്‍ തത്വശാസ്ത്രം കൂടിക്കുഴഞ്ഞിട്ടില്ലയെന്നും അതിന് വളരെ സ്വതന്ത്രവും വേറിട്ടതുമായ സ്ഥാനമലങ്കരിച്ചിരുന്നുവെന്നുമുള്ള രാധാകൃഷ്ണന്റെ വാദത്തെ രാഹുല്‍ സംകൃത്യയന്‍ ‘ദര്‍ശന്‍ ദിഗ്ദര്‍ശന്‍’ എന്ന പുസ്തകത്തിന്റെ അവതാരികയില്‍ ഉദ്ധരിക്കുന്നു. ഇന്ത്യന്‍ തത്വചിന്ത ഒരിക്കലും ശാസ്ത്രവും കലകളുമായി കൂടിക്കുഴഞ്ഞുകാണില്ല, പക്ഷേ അതെപ്പോഴും ഒരു കൂടിക്കുഴഞ്ഞ മതമായിരുന്നു എന്നാണ് സംകൃത്യയന്‍ അതിനോട് പ്രതികരിച്ചത്. അതിനെക്കാള്‍ മോശമായി മറ്റെന്തുണ്ട് എന്നും അദ്ദേഹം ചോദിക്കുന്നു.
രാധാകൃഷ്ണന്‍ ഒരു തത്വചിന്തകനായിരുന്നു എന്നതൊക്കെ വെറും കെട്ടിയുണ്ടാക്കിയ അജണ്ടയാണ്. ഇന്ത്യന്‍ തത്വശാസ്ത്രത്തിലേക്ക് ഹിന്ദുത്വയെ കുത്തിവെച്ച, പ്രത്യേകിച്ചും ബുദ്ധ തത്വശാസ്ത്രത്തിലേക്ക് വേദ-വേദാന്തങ്ങളെ കുത്തിവെച്ച ഒരു ബ്രാഹ്മണ എഴുത്തുകാരന്‍ മാത്രമായിരുന്നു അദ്ദേഹം.
ബുദ്ധന്‍ ഒരു ധ്യാന-പ്രാര്‍ഥന മാര്‍ഗിയും പരമോന്നത ശക്തിയുടെ വിശ്വാസിയുമായിരുന്നുവെന്ന അബദ്ധജടിലമായ വാദമുന്നയിക്കാന്‍ രാധാകൃഷ്ണനെപ്പോലെയൊരു ഹിന്ദു എഴുത്തുകാരന് മാത്രമേ കഴിയൂ എന്ന് സംകൃത്യയന്‍ എഴുതി. ബുദ്ധനു മുമ്പാണ് ഗീത എഴുതപ്പെട്ടതെന്ന വാദത്തെ അംബേദ്കറും തന്റെ ‘കൃഷ്ണനും ഗീതയും’ എന്ന പ്രബന്ധത്തില്‍ കടുത്തഭാഷയില്‍ നേരിടുന്നുണ്ട്. ‘ബുദ്ധിസത്തിന്റെ പ്രതിവിപ്ലവത്തിന്’ തടയിടാന്‍ വേണ്ടിയാണ് ഗീത എഴുതപ്പെട്ടതെന്ന് തെളിവു സഹിതം ഡോ. അംബേദ്കര്‍ സമര്‍ഥിക്കുകയും ചെയ്യുന്നു.
‘വൈജ്ഞാനിക് ഭൗതിക്വാദ്’ എന്ന സംകൃത്യയന്റെ രണ്ടാമത്തെ പുസ്തകത്തില്‍ ഇന്ത്യന്‍ തത്വചിന്തയെയും ഹൈന്ദവ സംസ്‌കാരത്തെയും പരിശുദ്ധിയുടെ മേമ്പൊടി നല്‍കിയവതരിപ്പിക്കുന്ന രാധാകൃഷ്ണന്റെ തന്ത്രത്തെ നിശിതമായി എതിര്‍ക്കുന്നു. രാധാകൃഷ്ണനെ ഒരു മഹാനായ തത്വചിന്തകനായി കണ്ടത് പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ച ചില ഇന്ത്യക്കാര്‍ മാത്രമാണ്. ആക്രമിക്കപ്പെടുമ്പോള്‍ ഒരു ധൈഷണികന്‍ ഭക്തിമാര്‍ഗത്തില്‍ അഭയംതേടുമെന്ന രാധാകൃഷ്ണന്റെ ഉപദേശത്തെ ഉദ്ധരിച്ചുകൊണ്ട് അതിന്റെ വൈരുധ്യത്തെ സംകൃത്യയന്‍ തുറന്നുകാണിച്ചു. രാധാകൃഷ്ണന്‍ അദ്ദേഹത്തിന്റെ പേരുപോലെ തന്നെ ഒരു ഭക്തിക്കാരനാണ്, അഭയംതേടല്‍ ഒരുതരം ഭീരുത്വത്തിന്റെ പ്രകടനം കൂടിയാണ് അതയാള്‍ അന്ത്യംവരെ ചെയ്യും എന്ന് സംകൃത്യയന്‍ എഴുതി. ഒരു ധൈഷണികന്‍ എപ്പോഴും പരിണമിക്കപ്പെടാന്‍ വെല്ലുവിളി നേരിടും ബൗദ്ധികമായ വെളിച്ചംകിട്ടിയ ആള്‍ക്ക് ആ വെല്ലുവിളിയെ അതിജീവിക്കാം.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും വിജയവും ഇവിടെ ദൈവം മനുഷ്യനെ സൃഷ്ടിച്ചതുമെല്ലാം ഇന്ത്യയുടെ ഉദാരമല്ലാത്ത ഉദാരവാദത്തില്‍ (Illiberal liberalism) അധിഷ്ഠിതമായാണ് എന്ന രാധാകൃഷ്ണന്റെ നിരീക്ഷണത്തെ ഹിന്ദുക്കളില്‍ ഒരു വിഭാഗത്തെ അസ്പൃശ്യരാക്കാന്‍ ഇന്ത്യന്‍ സംസ്‌കാരത്തിനും നാഗരികതയ്ക്കും എങ്ങനെയാണ് സാധിച്ചത് എന്ന ചോദ്യം കൊണ്ട് സംകൃത്യയന്‍ ഖണ്ഡിക്കുന്നു. ബ്രഹ്മാവിന്റെ വായില്‍ നിന്നും വന്ന ജാതി വിവേചനമെന്ന വ്യവസ്ഥ എങ്ങനെയാണ് ജാതികളുടെ ഐക്യത്തെ തടഞ്ഞത്? എല്ലാം ഈ പറയുന്ന ഉദാരമല്ലാത്ത ഉദാരവാദത്താലാണ് അതിനാല്‍ തന്നെ മനുഷ്യനാണ് ഇന്ത്യയില്‍ ദൈവത്തെ പടച്ചത്. ഇന്ന് നിര്‍ജീവാവസ്ഥയിലുള്ള ഇന്ത്യയെ നൂറ്റാണ്ടുകളോളം തികച്ചും തെറ്റായി അവതരിപ്പിച്ചത് രാധാകൃഷ്ണനെ പോലുള്ള ഭക്തരും തത്വചിന്തകരുമാണെന്ന് നമുക്കെല്ലാം അറിയാം.
ഇംഗ്ലണ്ടിലെ പുരോഹിതവര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി സര്‍ ആര്‍തര്‍ എഡ്ഡിങ്ടണിനെ പോലുള്ള ശാസ്ത്രജ്ഞര്‍ ചെയ്തതുപോലെയാണ് രാധാകൃഷ്ണനെ പോലുള്ളവര്‍ ഇന്ത്യയെ ചൂഷണം ചെയ്യുന്നവര്‍ക്കു വേണ്ടി പണിയെടുത്തത് എന്ന് രാഹുല്‍ സംകൃത്യയന്‍ അതേ പുസ്തകത്തിലെഴുതുന്നു.
എസ് രാധാകൃഷ്ണനെപ്പോലെ ഒരു കടുത്ത ജാതിവാദിയും ബ്രാഹ്മണവാദിയുമായ ഒരാളെ വിദ്യാഭ്യാസവിചക്ഷണനെന്ന പേരില്‍ സ്മരിക്കുന്നതിന് ഒരു ന്യായീകരണവും ചമക്കാന്‍ കഴിയില്ല.
Courtesy: Forward Press
വിവ: റമീസുദ്ദീൻ വി എം