ഗെയിൽ, താങ്കളെ ഈ രാജ്യം നന്ദിയോടെ സ്മരിക്കും

ചുരുങ്ങിയ ചില വാക്കുകളില്‍ ഗെയിൽ ഓംവേദിനെ അനുസ്മരിക്കാനാണ് ഉദ്ദേശിക്കുന്നത്. 1960കള്‍ മുതല്‍ ഇന്ത്യയിലേക്ക് പഠനാവശ്യാര്‍ഥം കടന്നുവരികയും 1983 മുതല്‍ ഇന്ത്യയിലെ പൗരത്വം സ്വീകരിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്നു നിന്നുകൊണ്ട് തന്റെ പഠനങ്ങളും പ്രവര്‍ത്തനങ്ങളും ആരംഭിക്കുകയുമാരുന്നു ഗെയില്‍ ഓംവെദ്. ആ സമയത്ത് അവരുടെ പഠനരീതിക്ക് മുന്‍മാതൃകകളൊന്നും തന്നെ ഇല്ലായിരുന്നു. ഇന്ത്യയിലെ ജാതിവ്യവസ്ഥയെയും അതിന്റെ സങ്കീര്‍ണതകളെയും കുറിച്ച് അംബേദ്കറും ലോഹ്യയുമെല്ലാം നടത്തിയ നിരീക്ഷണങ്ങള്‍ക്കപ്പുറത്തേക്ക് അംബേദ്കറുടെ കാഴ്ച്ചപ്പാടുകളെ ഗവേഷണപരമായി സമീപിക്കുന്ന ഒരു വൈജ്ഞാനിക ശാഖ ഗെയ്ല്‍ പഠനം നടത്തുന്ന സമയത്ത് വികസിച്ചു വന്നിട്ടില്ല. പില്‍ക്കാലത്ത് എംഎസ്എസ് പാണ്ഡ്യനും ഗോപാല്‍ ഗുരുവും ക്രിസ്റ്റോഫ് ജെഫ്രലോട്ടുമെല്ലാം വികസിപ്പിച്ച ഇന്ത്യയുടെ ബഹുജനരാഷ്ട്രീയത്തിന്റെ ചരിത്രത്തെ മുന്‍മാതൃകകളില്ലാത്ത ശൂന്യതയില്‍ നിന്ന് വീണ്ടെടുക്കാന്‍ ശ്രമിച്ചയാളായിരുന്നു ഗെയിൽ.

തന്റെ പഠനങ്ങളിലൂടെ ജാതിയുടെ സാമ്പത്തിക വിഷയങ്ങളിലേക്കെല്ലാം വളരെ ശ്രദ്ധയോടുകൂടി കടന്നു പോകുവാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. ഉദാഹരണത്തിന് 1920കളിലൊക്കെ ബോംബെയിലെ മഹര്‍ ജാതികളുടെ തുണിമില്ലുളുടെ പ്രവര്‍ത്തനവും പ്രദേശപരമായി അവര്‍ എങ്ങനെയാണ് വിവിധ തൊഴില്‍ മേഖലകളില്‍ ഏര്‍പ്പെട്ടതെന്നും വിപുലമായി വീക്ഷിക്കുന്നുണ്ട്. പാരമ്പര്യ തൊഴില്‍ ക്രമത്തില്‍ നിന്നും ആധുനികവല്‍ക്കരിക്കപ്പെടുമ്പോഴാണ് ഒരു ജനത ചലനാത്മകമാകുന്നതെന്ന നിരീക്ഷണം ഗെയിൽ മുന്നോട്ടുവെച്ചു. ഇത്തരത്തില്‍ മഹാരാഷ്ട്രയിലെയും ആന്ധ്രയിലെയും കര്‍ണാടകയിലെയുമൊക്കെ ദലിത് പ്രസ്ഥാനങ്ങളെക്കുറിച്ച് വളരെ ആഴത്തില്‍ പഠനം നടത്തിയിട്ടുള്ളയാളാണ് ഗെയില്‍ ഓംവെദ്.

ഇന്ത്യയിലെ ദലിത് പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ അനിവാര്യമായും നാം എത്തിേേച്ചരുക അംബേദ്കറിലേക്കായിരിക്കും. 1920കളില്‍ മറാത്ത സംസാരിക്കുന്ന ബോംബെ പ്രവിശ്യയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന അംബേദ്കര്‍ 1930കളോടു കൂടി ഇന്ത്യയിലെ ദേശീയസംവാദങ്ങളുടെ ഒരു കേന്ദ്രമായി മാറുന്നു. അതുകൊണ്ടാണ് ഫൂലെയില്‍ നിന്ന് അംബേദ്കറിലേക്ക് താന്‍ എത്തുന്നതെന്ന് തന്റെ അംബേദ്കർ ജീവചരിത്രത്തിന്റെ ആമുഖത്തില്‍ അവര്‍ സൂചിപ്പിക്കുന്നുണ്ട്.

ഗെയിലിന്റെ വിയോഗ വേളയില്‍ ഞാന്‍ വീണ്ടും വായിക്കാനാഗ്രഹിക്കുന്നത് അവരുടെ 2004ല്‍ പുറത്തിറക്കിയ ‘അംബേദ്കര്‍: റ്റുവാര്‍ഡ്‌സ് ആന്‍ എന്‍ലൈറ്റന്റ് ഇന്ത്യ’ എന്ന കൃതിയാണ്. ചെറിയ പുസ്തകമാണെങ്കിലും, ഒരു ജീവചരിത്രത്തെ ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളിലൂടെയുള്ള സൂക്ഷ്മ സഞ്ചാരമായി എങ്ങനെ മാറ്റാം എന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണത്. അംബേദ്കറുടെ ജീവചരിത്രം ഒട്ടേറെ പേര്‍ എഴുതിയിട്ടുണ്ട്. പക്ഷേ അവയില്‍ നിന്നെല്ലാം ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ ഓരോ ഭാഗങ്ങളുടെ തലക്കെട്ടുകളും കൃത്യമായ രാഷ്ട്രീയം അടയാളപ്പെടുത്തുന്ന വാക്യങ്ങളാണ് എന്നതാണ്. ‘വി ആര്‍ എഗെയ്ന്‍സ്റ്റ് ബ്രാമണിസം, നോട്ട് ബ്രാഹ്മിണ്‍സ്’, ‘ഗാന്ധി, ഐ ഹാവ് നോ ഹോംലാന്റ്’,എന്നു തുടങ്ങിയ വ്യക്തമായ രാഷ്ട്രീയ ഉള്ളടക്കമുള്ള തലക്കെട്ടുകള്‍ ഈ പുസ്തകത്തില്‍ തുന്നിച്ചേര്‍ത്തു വെച്ചിട്ടുണ്ട്. അതെല്ലാം അംബദ്കറുടെ തന്നെ പ്രസ്താവനകളോ അല്ലെങ്കില്‍ ഗ്രന്ഥകാരിയുടെ ആവിഷ്‌കാരമോ ആകാം. എന്തായാലും ആ പുസ്തകത്തിന്റെ ഉപശീര്‍ഷകങ്ങളാണ് അതിലേക്ക് വായനക്കാരനെ വല്ലാതെ അടുപ്പിക്കുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട്.

ഗാന്ധിയും അംബേദ്കറും തമ്മില്‍ ദീര്‍ഘമായ സംവാദങ്ങള്‍ നടക്കുന്നുണ്ട്. മൂന്നു മണിക്കൂറോളം നീണ്ട അംബേദ്കറുടെ വാദമുഖങ്ങള്‍ക്ക് ഗാന്ധി ഒരക്ഷരം പോലും മറുപടി പറയാതിരിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. അത് ഗാന്ധി അദ്ദേഹത്തെ അവഗണിക്കുകയല്ല, മറിച്ച് അംബേദ്കറെന്ന ജ്ഞാനവ്യവസ്ഥയെ അഭിമുഖീകരിക്കുവാന്‍ ഗാന്ധിയുടെ പഴയകാലത്തെ സനാതന ധര്‍മ്മത്തിന് സാധിക്കുന്നില്ല എന്ന് ഗെയില്‍ നിരീക്ഷിക്കുന്നു. അതുകൊണ്ട് അംബേദ്കറെക്കുറിച്ച് പറയുമ്പോള്‍ ഭാവിയായിട്ടും, ഗാന്ധിയെക്കുറിച്ച് പറയുമ്പോള്‍ അതൊരു ഭൂതകാലത്തിന്റെ ആവിഷ്‌കാരവുമായിട്ടാണ് ഗെയില്‍ ഓവേദ് സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ കീഴാള ബഹുജനരാഷ്ട്രീയത്തിന്റെ വളരെ പ്രതീക്ഷാനിര്‍ഭരമായ ഒരു കാലത്തിലാണ് ഗെയില്‍ ഓംവെദ് ജീവിച്ചതെന്നതാണ് യാഥാര്‍ഥ്യം. മായാവതി നയിക്കുന്ന ബിഎസ്പിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഭരിക്കുവാന്‍ കഴിയുന്നുവെന്നത് വളരെ പ്രതീക്ഷ നല്‍കുന്നുവെന്ന് അവര്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. പക്ഷെ കീഴാള ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ മുന്നേറ്റത്തെ ദുര്‍ബലപ്പെടുത്തിക്കൊണ്ട് മണ്ഡലനന്തര- സമകാലിക ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തിപ്പെടല്‍ ഒരു വിപര്യയമെന്ന നിലക്കാണ് നാം കാണുന്നത്. ഒട്ടും ശുഭകരമല്ലാത്ത ഈ സമയത്താണ് ഗെയില്‍ ഓംവേദിന്റെ വിടവാങ്ങല്‍. ഇന്ത്യയിലെ അക്കാദമിഷ്യന്‍മാരും ആക്ടിവിസ്റ്റുകളും ചിന്തകരുമെല്ലാം ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ സന്ദര്‍ഭത്തിൽ ജാതിവിരുദ്ധ വൈജ്ഞാനിക ശാഖയെ ഇവിടെ ഉറപ്പിച്ചെടുത്ത ഗെയിലിന്റെ വിയോഗം ഏറെ ദുഖിപ്പിക്കുന്നു. എന്നാല്‍ ധാരാളം ആളുകള്‍ ഇന്ന് ആ പഠനമേഖലയിലേക്ക് കടന്നിട്ടുണ്ട്.

കേരളത്തിലെ വൈജ്ഞാനിക സമൂഹം ഇത്തരം വ്യവഹാരങ്ങളോട് എങ്ങനെയാണ് പ്രതികരിച്ചത്. ഇവിടുത്തെ വൈജ്ഞാനിക രംഗം ഇപ്പോഴും വരേണ്യതയുടെ ഒരു പുളിച്ചുതികട്ടലാണെന്ന് ഇവിടുത്തെ സംവാദങ്ങളെല്ലാം തന്നെ ശ്രദ്ധിച്ചാലറിയാം. ഇത്തരം വൈജ്ഞാനിക വിഷയങ്ങള്‍ ഉയര്‍ത്തുന്നയാളുകളെ പ്രത്യേകതരത്തില്‍ ബ്രാന്റ് ചെയ്യുകയും പൊതുമണ്ഡലത്തില്‍ അയോഗ്യരാക്കുകയും ചെയ്യുന്ന ഒരു എളുപ്പവിദ്യ കൂടി കേരളത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക, ഭരണനിര്‍വഹണ രംഗത്തുള്ളവര്‍ ചെയ്യുന്നുണ്ടെന്നു കൂടി ഈയവസരത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്.

ഗെയില്‍ ഓവേദ് തീര്‍ച്ചയായും ഒട്ടേറെ തലമുറകള്‍ക്കു മുന്നില്‍ വഴികള്‍ തുറന്നിട്ട ഒരു പണ്ഡിതയും ആക്ടിവിസ്റ്റുമാണ്. ആ വഴികളിലൂടെയാണ് ധാരാളം സാമൂഹ്യശാസ്ത്രജ്ഞരും ആക്ടിവിസ്റ്റുകളും നടന്നു വരുന്നത്. ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയുടെ ബ്രാഹ്മണിക് അധീശവ്യവസ്ഥയെ വിമര്‍ശിക്കുവാനുള്ള നിരവധി ടൂളുകള്‍ സംഭാവന നല്‍കിയ ഗെയില്‍ ഓംവെദിനെ എന്നും ഈ രാജ്യം നന്ദിയോടെ സ്മരിക്കും.

(ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ നടത്തിയ പ്രഭാഷണം)

By ഡോ. ഒ കെ സന്തോഷ്

Assistant Professor, Department of Malayalam, University of Madras