വൈവിധ്യവും സമ്പുഷ്ടവുമാർന്ന ഇന്ത്യൻ പാരമ്പര്യവും ചരിത്രസംഭവങ്ങളെയും പുനരാഖ്യാനിച്ച് വർഗീയ വിഭജനം നടത്തുകയെന്നത് ഹിന്ദുത്വ അജണ്ടയുടെ എക്കാലത്തെയും തന്ത്രമാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ ശക്തിയും സത്യാനന്തര കാലവും ഈ പ്രക്രിയക്ക് ആക്കംകൂട്ടിയിട്ടുണ്ട് എന്നത് സവർണ്ണ ഹിന്ദുത്വത്തിൻറെ സമകാലിക രാഷ്ട്രീയ-സാമൂഹിക ഇടപെടലിൽ നിന്നും മനസിലാക്കാം. ഈ പുനർനിർമ്മാണത്തിൻറെ ഭാഗമായി ഇന്ത്യയുടെ മറ്റു ഭൂപ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി നിലകൊള്ളുന്ന കേരളത്തിലെ മതസൗഹാർദ്ദത്തെയും വർഗീയ വിഷം കൊണ്ട് വിഭാഗീയത സൃഷ്ടിക്കാൻ അവർ നിരന്തരം പരിശ്രമിച്ചിട്ടുണ്ട്. 1921-ലെ മലബാർ സമരത്തെ വർഗീയമായി ചിത്രീകരിക്കുകയെന്നത് ഇതിലെ സുപ്രധാന കരടാണ്.
മലബാർ സമരത്തിന് പല ആഖ്യാനങ്ങളും നിലവിലുണ്ടെങ്കിലും അതിലെ മാർക്സിസ്റ്റ് കാഴ്ചപ്പാടാണ് അവരുടെ പ്രധാന നാട്ടക്കുറി. ഇന്ത്യയിൽ മാർക്സിസ്റ്റ് ആശയങ്ങൾ പ്രചരണവും പ്രവർത്തനവും ആരംഭിച്ചു വന്നിരുന്ന സമയത്ത് മലബാറിൽ രാഷ്ട്രീയാധികാരം നേടിയെടുക്കുക എന്ന ഒളിയജണ്ട ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് അവർ ഈ സംഭവത്തെ അവരുടെ ആശയങ്ങൾക്കനുയോജ്യമായ (Class Struggle) കാർഷിക സമരമായി വ്യാഖ്യാനിച്ചത് എന്നാണ് ഹിന്ദുത്വ പരിവാറിൻറെ വാദം. അതുകൊണ്ടുതന്നെ അത്തരം ചരിത്ര പുനർനിർമാണങ്ങളിലെ അശാസ്ത്രീയമായ വാദങ്ങളെ പുറത്തുകൊണ്ടുവരാൻ മാർക്സിയൻ ചരിത്രരചനയുടെ സ്വഭാവവും സവിശേഷതയും മനസ്സിലാക്കി ഈ സംഭവത്തിൻറെ കാരണവും സാമൂഹിക പശ്ചാത്തലവും സമഗ്രമായി പരിശോധിക്കൽ അനിവാര്യവും അത്യന്താപേക്ഷിതവുമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ രുപംകൊണ്ടതിനുശേഷം മലബാർ കലാപത്തെ കുറിച്ച് ഇ.എം.എസ് നടത്തിയ വിശകലനവും സോവിയറ്റ് യൂണിയനിലെ മാർക്സിയൻ ചരിത്രകാരന്മാർ രചിച്ച ‘സമകാലിക ഭാരതചരിത്ര’-ലെ മലബാർ സമരവും ആസ്പദമാക്കി മാർക്സിയൻ അവലോകനവും അതിലെ വസ്തുതകളെയും അന്വേഷിക്കുകയാണ് ഈ കുറിപ്പ്.
മാർക്സിയൻ ചരിത്രരചന
ഓരോ ചരിത്ര പണ്ഡിതരും വ്യത്യസ്ത കാഴ്ചപ്പാടിലൂടെയാണ് ചരിത്രത്തെ വീക്ഷിക്കുന്നത്. ചരിത്രം വായിക്കുന്നവർ ഒരേ പ്രത്യയശാസ്ത്രത്തിലുള്ള ഗവേഷണത്തെ മാത്രം പിന്തുടർന്നാൽ അത് അന്ധമായ അനുകരണത്തിലേക്കും സങ്കുചിതമായ കാഴ്ചപ്പാടിലേക്കും മാത്രമാണ് വഴിവെക്കുക. അതുകൊണ്ട് ചരിത്രത്തെക്കാളുപരി ആഖ്യാതാവിൻറെ വിവരണ ശൈലിയും പ്രത്യയശാസ്ത്രവും അടിസ്ഥാനപരമായി മനസ്സിലാക്കൽ അനിവാര്യമാണ്. മാത്രമല്ല വ്യത്യസ്ത കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്നവരുടെയെല്ലാം പഠനങ്ങൾ വ്യക്തമായി നിരൂപണം നടത്തിയാൽ മാത്രമാണ് കറകളഞ്ഞ വസ്തുതകളെ തിരിച്ചറിയാൻ കഴിയുക.
കാംബ്രിഡ്ജ്, നാഷണലിസ്റ്റ്, മാക്സിയൻ, സബാൾട്ടൻ ചരിത്ര സ്കൂളുകളാണ് ഇന്ത്യൻ ചരിത്ര പഠന രംഗത്ത് മുൻപന്തിയിലുള്ളത്. ഇതിൽ അഗാധമായ ആശയഅടിത്തറകൊണ്ടും വാഗ്ബാഹുല്യം കൊണ്ടും മറ്റു പഠനശാഖകളിൽ നിന്നും വ്യതിരിക്തമായ ഒന്നാണ് മാക്സിയൻ ചരിത്രരചന. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രധാന തത്ത്വചിന്തകനും ചരിത്ര പണ്ഡിതനുമായ കാൾ മാക്സിൻറെ ആശയങ്ങളെയും തിയറികളെയും അടിസ്ഥാനമാക്കി ഒരു സമൂഹത്തിൻറെ ചരിത്രം മനസ്സിലാക്കുകയാണ് അതിൻ്റെ രീതി. ഏതൊന്നിനെയും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിൻറെ (ഡയലെക്റ്റിക്കൽ മെറ്റീരിയലിസം) കാഴ്ചപ്പാടിലൂടെ ദർശിക്കുക എന്നതാണ് മാർകിസിയൻ ചരിത്രത്തിൻറെ അടിസ്ഥാന ഘടകം. മാർക്സിയൻ ചരിത്രകാരന്മാർ മാർക്സിനെ അവരുടെ പ്രചോദനവും ഉപജ്ഞാതാവുമായി കരുതുന്നുണ്ടെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിലെ പ്രായോഗിക തലങ്ങളിൽ അവയെ ശ്രദ്ധയോടെ വിമർശിക്കാറുമുണ്ട്.
ഏഗംൽസ് മാർക്സിയൻ ചരിത്രത്തിൻറെ മൂലക്കല്ലായി വീക്ഷിച്ച ‘ചരിത്രത്തിലെ ബൗദ്ധിക തലം’ (Materialist Conception of History) ഒരു സമൂഹത്തിലെ ഘടനയും അവയുടെ ചരിത്രപരമായ പരിവർത്തനവും, ഭൌതിക വസ്തുക്കളുടെ ആധിപത്യത്തിന് അനുസൃതമായി വരുന്ന സാമൂഹിക അസന്തുലിതാവസ്ഥയും സംഘട്ടനവും മനസ്സിലാക്കാനുള്ള അടിസ്ഥാനഘടകമാണെന്ന് വിശ്വസിക്കുന്നു. ഭാവിയും ഭൂതവുമടങ്ങുന്ന വിശാലമായ (ഗ്രാൻഡ് നരേറ്റീവ്) അപഗ്രഥനവും സോഷ്യൽ ക്ലാസ് അടിസ്ഥാനമാക്കിയുള്ള ചരിത്ര വിശദീകരണവും റോമില താപ്പർ, ഇർഫാൻ ഹബീബ് അടക്കമുള്ള ഇന്ത്യൻ മാർക്സിയൻ ചരിത്രകാരന്മാരുടെ സവിശേഷതയാണ്. അതുകൊണ്ടുതന്നെ ഓരോ സംഭവങ്ങളുടെയും സാമ്പത്തിക പ്രചോദനവും സാമൂഹിക പ്രേരണയും അവരുടെ ചരിത്രപഠനത്തിൻറെ മൂല ഭാഗമാണ്. എന്നിരുന്നാലും സാമൂഹിക ആധിപത്യം ഇല്ലാതാക്കുന്നതിലൂടെ രൂപപ്പെടുന്ന ‘സ്റ്റേറ്റ്-ലെസ്സ് സൊസൈറ്റി എന്ന ഉട്ടോപ്യൻ ആശയത്തിൻറെ പേരിലും സ്ഥലകാല വ്യത്യാസമില്ലാതെ സാർവലൗകിക പ്രായോഗികതയെ വാദിക്കുന്ന അവരുടെ സിദ്ധാന്തവും ഏറെ വിമർശിക്കപ്പെടുന്നുണ്ട്
സോവിയറ്റ് ചരിത്രകാരന്മാരുടെ അവലോകനം

സോവിയറ്റ് ചരിത്രകാരന്മാർ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് വീക്ഷണത്തിൻറെ അടിസ്ഥാനത്തിലാണ് ചരിത്രപഠനം നടത്തുന്നത്. അതുകൊണ്ട്തന്നെ രാഷ്ട്രീയ സാമൂഹിക സംഭവങ്ങൾ വിവരിക്കുന്നിടത്ത് അതിൻറെ പശ്ചാത്തലമായ സാമ്പത്തിക സാഹചര്യങ്ങൾ വിശകലനം ചെയ്യുന്ന രീതി അവരുടെ എല്ലാ ചരിത്ര പുസ്തകങ്ങളിലും ദർശിക്കാൻ കഴിയും.
സാമ്പത്തിക സാമൂഹിക രംഗത്തുണ്ടാകുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും രാഷ്ട്രീയ സംഭവവികാസങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ പരിശോധിക്കുക എന്നത് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് അപഗ്രഥന ചരിത്ര പഠനങ്ങളുടെ പ്രധാന സവിശേഷതയാണ്. അത്തരത്തിൽ ഇന്ത്യൻ പശ്ചാത്തലത്തെ പ്രതിപാദ്യവിഷയമാക്കി സോവിയറ്റ് യൂണിയനിലെ ഒരുസംഘം ചരിത്രകാരന്മാർ ചേർന്ന് 1954-ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ‘സമകാലിക ഭാരത ചരിത്രം’.
1918 മുതൽ 1955 വരെയുള്ള ഇന്ത്യയുടെ ചരിത്ര സംഭവവികാസങ്ങളാണ് അതിൽ ചർച്ച ചെയ്യുന്നത്. 1918 മുതൽ 1922 വരെയുള്ള വർഷങ്ങളിലെ ചരിത്രം പറയുന്ന ഒന്നാം ഭാഗത്തിലെ സാമ്രാജ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തെ കുറിച്ച് പറയുന്ന ഭാഗത്താണ് പി എഫ് ദവിയാത്കിനി എന്ന ചരിത്രകാരി 1921ലെ മലബാർ സമരത്തെക്കുറിച്ച് അവലോകനം ചെയ്യുന്നത്. സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിൻറെ മുന്നേറ്റമെന്ന ഒന്നാം ഭാഗത്തിലെ ഒന്നാമധ്യായം ആ കാലഘട്ടത്തെ ഇന്ത്യയിലെ സാമ്പത്തിക അവസ്ഥയെ കുറിച്ചും ഇന്ത്യൻ ജനതയുടെ പ്രധാന ആശ്രയമായിരുന്ന കൃഷിയെയും മറ്റു വ്യവസായങ്ങളെയും കുറിച്ചുമാണ്. ഇത് മാർക്സിസ്റ്റ് ചരിത്ര പഠനത്തിൻറെ പൊതു സ്വഭാവത്തെയും അപഗ്രഥന രീതിയെയും അറിയിക്കുന്നുണ്ട്.
‘1918-1919 കാലത്തെ സാമ്രാജ്യത്വവിരുദ്ധ ബഹുജന പ്രസ്ഥാനം’ എന്ന രണ്ടാം അധ്യായത്തിലാണ് ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ രൂപീകരണവും പഞ്ചാബിലെ കാർഷിക പ്രസ്ഥാനങ്ങളും മറ്റ് ഇന്ത്യൻ ഭൂപ്രദേശങ്ങളിലുണ്ടായ സാമ്രാജ്യത്വവിരുദ്ധ സംഭവങ്ങളും പരാമർശിക്കുന്നത്. ‘1920-22 കാലത്തെ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനം’ എന്ന അധ്യായത്തിലാണ് മാപ്പിളലഹള എന്ന തലക്കെട്ട് വരുന്നത്. മാപ്പിളമാരുടെ അസ്തിത്വവും അവരുടെ തൊഴിലും സാമ്പത്തിക സാമൂഹിക പാശ്ചാത്തലവും വിവരിച്ചുകൊണ്ടാണ് അവർ കലാപത്തിൻറെ കാരണത്തെയും പ്രേരണയെയും കുറിച്ച് അന്വേഷിക്കുന്നത്. കർഷകരും കൂലിത്തൊഴിലാളികളുമായ സമൂഹത്തിൻറെ ജാതിവ്യവസ്ഥയിലും തൊട്ടുകൂടായ്മയിലും നരകിച്ച് ജീവിക്കുന്ന മാപ്പിളമാരുടെ രോഷവും ബ്രിട്ടീഷ് വിരോധവും സുവ്യക്തമായി വിശകലനം ചെയ്യുന്നുണ്ട്.
പ്രസ്താവ കാലത്തിനു മുമ്പുതന്നെ കേരളത്തിൽ എത്തിയിട്ടുള്ള വിദേശ സാമ്രാജ്യത്വ ശക്തികൾക്കെതിരെ പടപൊരുതിയവരാണ് മാപ്പിളമാർ. ബ്രിട്ടീഷ് കൊളോണിയലിസം കേരളക്കരയിൽ എത്തിയതു മുതൽ മുപ്പതോളം ലഹളകൾ മലബാറിൽ നടന്നിട്ടുണ്ട്. എന്നാൽ മാപ്പിളമാർ എതിർത്തിരുന്ന ഭൂവുടമകളും നിയമാധികാരികളും അധികവും ഹിന്ദുക്കളായതുകൊണ്ടുതന്നെയാണ് ബ്രിട്ടീഷുകാർ ഈ വസ്തുത ഉപയോഗപ്പെടുത്തി ലഹളയുടെ പ്രധാന കാരണം ജന്മികുടിയാൻ വ്യവസ്ഥയല്ലെന്നും മറിച്ച് ഹിന്ദു വിരോധം മാത്രമാണെന്നും പ്രചരിപ്പിച്ച് ചരിത്രത്തെ വളച്ചൊടിച്ചത്. ലഹളയുടെ പ്രധാന കാരണം അന്നത്തെ പത്രങ്ങളും ഔദ്യോഗിക റിപ്പോർട്ടുകളും കുത്തിപ്പൊക്കിയതുപോലെ ഖിലാഫത് പ്രക്ഷോഭമായിരുന്നില്ല, നേരെമറിച്ച് കലാപത്തിന് മുൻകൈയെടുത്ത മാപ്പിള തൊഴിലാളികളും കുടിയാന്മാരും അതിഭയാനകരമായ ചൂഷണത്തിന് വിധേയരായിരുന്നു എന്ന സംഗതിയാണ് എന്ന് ദവിയാത്കിനി നിരീക്ഷിക്കുന്നുണ്ട്. മലബാർ കലാപം കൃഷിക്കാർക്ക് മാത്രമല്ല ഇന്ത്യയിലെ ദേശീയ വിമോചന പ്രസ്ഥാനത്തിനാകമാനം പ്രചോദനവും മാതൃകാപരവും ആയിരുന്നു എന്ന പ്രസ്താവനയോടെയാണ് ഈ അധ്യായം അവസാനിക്കുന്നത്.
ഇഎംഎസിന്റെ വീക്ഷണം
മലബാർ കലാപത്തിൻറെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാട് ‘ആഹ്വാനവും താക്കീതും’ എന്ന തലക്കെട്ടിൽ എഴുതി ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് അദ്ദേഹത്തിൻറെ മലബാർ കലാപ അവലോകനമായി കണക്കാക്കപ്പെടുന്നത്. ‘1921-നെ ബ്രിട്ടീഷ് ഭരണാധികാരികൾ വർഗീയ കലാപമായി ചിത്രീകരിച്ചപ്പോൾ കോൺഗ്രസിലെ ഒരു വിഭാഗം വിയോജിക്കുകയും ജന്മികുടിയാൻ ബന്ധം ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം അനുകൂലിക്കുകയും ചെയ്തു’ എന്ന് പറഞ്ഞുകൊണ്ടാണ് കോൺഗ്രസ് സ്വീകരിച്ച സമീപനത്തെ ഇ.എം.എസ് വ്യക്തമാക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രതിനിധീകരിച്ചായിരുന്നു അദ്ദേഹം ഈ ലേഖനം എഴുതിയത് എന്നതുകൊണ്ട്തന്നെ ശക്തമായ കോൺഗ്രസ് വിരോധവും താൻപോരിമയും ഇതിൽ പ്രകടമാണ്.
കേരളത്തിനു പുറത്തുള്ള മാർക്സിയൻ ചരിത്രകാരന്മാരുടെ വീക്ഷണവും കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടതിനുശേഷമുള്ള പ്രദേശിക കമ്മ്യൂണിസ്റ്റ് വീക്ഷണവും വ്യത്യസ്തമാണ്.
കേരളത്തിന് വെളിയിലുള്ള ഇടതുപക്ഷ ചരിത്രകാരന്മാർ മലബാർ കലാപത്തെ വെറും കാർഷിക കലാപമായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ബംഗാളി ഇടതുപക്ഷ ചിന്തകനായ സൗമേന്ദ്ര ടാഗോറിൻറെ ‘മലബാറിലെ കാർഷിക കലാപം’ എന്ന ലേഘുലേഖയും നേരത്തെ സൂചിപ്പിച്ച ‘സമകാലിക ഭാരതചരിത്രം’-വും ഇതിന് ഉദാഹരണമാണ്.
മലബാർ കലാപം ബ്രിട്ടീഷ് സാമ്രാജ്യ ആധിപത്യത്തിനും, മലബാറിലെ ജന്മികൾക്കുമെതിരെയുള്ള കൃഷിക്കാരുടെയും വിശിഷ്യാ മുസ്‌ലിം കർഷകരുടെ തുറന്ന പ്രതിരോധമായിരുന്നു. എന്നാൽ കുടിയാൻ പ്രക്ഷോഭത്തിൻറെയും സ്വാതന്ത്ര്യ സമരത്തിൻറെയും അടിസ്ഥാനത്തിൽ ഉയർന്നുവന്ന പ്രസ്ഥാനത്തിലേക്ക് ചേർന്ന മുസ്‌ലിംകളിൽ ഇസ്ലാമിക വികാരം കൂടി അടങ്ങിയിരുന്നു എന്ന് ഇ.എം.എസ് ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഈ കാര്യങ്ങളോടൊപ്പം മുസ്‌ലിം വികാരത്തെയും മതകീയ മൂല്യങ്ങളെയും കൂട്ടിച്ചേർത്തുകൊണ്ട് വായിച്ചാലേ മലബാർ സമരത്തിൻറെ ശാസ്ത്രീയ വിശകലനം ആവുകയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഹിറ്റ്ലർ ഫാസിസത്തിൻറെ മൃഗീയതയോട് മാത്രം ഉപമിക്കാവുന്ന വാഗൺട്രാജഡിയും ആയിരക്കണക്കിന് ജനങ്ങളെ അന്തമാനിലേക്ക് നാടുകടത്തുകയും പ്രകൃതിസുന്ദരമായ മലബാറിനെ മരുഭൂമിയാക്കുകയും ചെയ്ത സാമ്രാജ്യാധിപത്യഭരണവും വെറുപ്പോടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി വീക്ഷിക്കുന്നത്. മലബാർ സമരത്തെ മതനിരപേക്ഷമായി അവതരിപ്പിക്കാൻ കോൺഗ്രസിന് കഴിയാത്തത് കൊണ്ട് അത്രയും പീഡനങ്ങൾ അനുഭവിച്ച മാപ്പിളമാരെ ഹിംസയുടെയും മതഭ്രാന്തിൻററെയും പേരിൽ ആക്ഷേപിക്കുകയും അവഗണിക്കുകയുമാണ് കോൺഗ്രസ് ചെയ്തത്’ എന്ന അദ്ദേഹത്തിൻറെ കാഴ്ചപ്പാടിൽ കഴമ്പുണ്ടെങ്കിലും വൈദേശിക പഠനങ്ങളിൽ നിന്നും വിഭിന്നമായി പ്രാദേശിക മാർക്സിയൻ വായനകളിൽ വരുന്ന ചില വിമർശനങ്ങൾ രാഷ്ടീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ള കൂട്ടിക്കുറക്കലുകളാണെന്ന് ഊഹിക്കാവുന്നതാണ്.
ആഖ്യാനങ്ങളുടെ സംഘട്ടനം
മലബാർ സമരത്തെ കുറിച്ച് പല ആഖ്യാനങ്ങളും നിലവിലുണ്ട്. വർഗീയലഹള, സ്വാതന്ത്രസമരം, ജന്മി-കുടിയാൻ കലാപം എന്നീ വ്യാഖ്യാനങ്ങൾ അതിൽ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നവയാണ്. ഇ.എം.എസ്. മലബാർ സമരത്തെ ബ്രിട്ടീഷ് വിരുദ്ധ മതസൗഹാർദ്ധ കാർഷിക സമരമായി വായിച്ചപ്പോൾ സോവിയറ്റ് ചരിത്രകാരൻമാർ ബ്രിട്ടീഷ് വിരുദ്ധ കർഷക കലാപം എന്നതിൽ ഒതുക്കി. ഒരേ വ്യാഖ്യാന ശാസ്ത്രത്തിൽ നിന്നുമുള്ള വിദേശ ചരിത്ര പഠനങ്ങളും പ്രാദേശിക പഠനങ്ങളും അടക്കം വ്യത്യസ്ത ആഖ്യാനങ്ങളാണ് കൈകൊണ്ടതെന്ന് ഇത് തെളിയിക്കുന്നുണ്ട്. ഇന്ത്യൻ ചരിത്രത്തിൽ ഇത്രത്തോളം ആഖ്യാന സംഘട്ടനം നിലനിൽക്കുന്ന മറ്റു ചരിത്ര സംഭവങ്ങൾ ഉണ്ടാവാനിടയില്ല.

കേരളത്തിൽ ഇസ്ലാമിക രാജ്യം രൂപീകരിക്കാൻ വേണ്ടി നടത്തിയ വർഗീയ പോരാട്ടമാണ് മലബാർകലാപം എന്ന ഹിന്ദുത്വ പരിവാറിൻറെ പ്രചരണം തീർത്തും വാസ്തവവിരുദ്ധമാണ്. എന്നാൽ അതിനർത്ഥം ഒരു ഹിന്ദുവിനെ പോലും കൊന്നിട്ടേ ഇല്ല എന്നോ മതപരമായ വിശ്വാസം ഒരുതരത്തിലും അവരെ സ്വാധീനിച്ചിട്ടില്ല എന്നുമല്ല, മറിച്ച് കലാപത്തിൻറെ ലക്ഷ്യവും കാരണവും പ്രേരണയും കേരള ഇസ്ലാമിക രാജ്യമോ മതവിശ്വാസമോ ആയിരുന്നില്ല എന്നാണ്. ലഹളക്കാരിൽ ഏറ്റവും അപകടകാരിയായി സി.എ. ഇന്നസ് വിശേഷിപ്പിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വാക്കുകളിലും പ്രവർത്തനങ്ങളിൽനിന്നും ഇത് പ്രകടമാണ്. ബ്രിട്ടീഷ് അനുകൂല നിലപാട് സ്വീകരിച്ച ധാരാളം മുസ്‌ലിംകളെ വധിക്കാനും ഹിന്ദുവിൻറെ വീട്ടിൽ കൊള്ള നടത്തുന്ന മുസൽമാൻറെ വലതു കൈ വെട്ടാനും സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവരുടെ വിരൽ ഛേദിക്കാനും ഹാജി കൽപ്പിച്ചിരുന്നു എന്ന് കെ. മാധവൻ നായർ എഴുതിയ ‘മലബാർ കലാപം’ എന്ന പുസ്തകത്തിൽ കാണാം.
ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പകുതിയിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടന്ന എല്ലാ സാമൂഹിക പരിഷ്കരണ സമരങ്ങൾക്കും സ്വാതന്ത്രസമരവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു. ഇത് മലബാർ സമരത്തിൽ മാത്രമല്ല വൈക്കം ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിലും പുന്നപ്ര-വയലാർ സമരത്തിലും കാണാൻ കഴിയും. മാത്രമല്ല, സവർണ്ണ ഭൂപ്രഭുക്കൾ ബ്രിട്ടീഷുകാരോട് സഹകരിച്ചായിരുന്നു കീഴാള ജനങ്ങളെ അടിമകൾക്ക് തുല്യമായി കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാരോടുള്ള പോരാട്ടം ഭൂപ്രഭുക്കളോടും നേരെ തിരിച്ചും സംഭവിക്കൽ സ്വാഭാവികമാണ്. ബ്രിട്ടീഷ്-ജന്മി വിരോധം പരസ്പര ബന്ധിതമായി നിലകൊള്ളുന്ന ഈ ഒരു പ്രക്രിയ മലബാർ കലാപത്തിലും നിലനിൽക്കുന്നുണ്ട്.
മലബാർ കലാപത്തെ കുറിച്ചുള്ള മാർക്സിയൻ വൈദേശിക പഠനങ്ങളിൽ ഒരുതരത്തിലുള്ള രാഷ്ടീയ പ്രചോദനവുമില്ലെങ്കിലും പ്രാദേശിക വിശകലനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ടീയ ലക്ഷ്യം വളരെ പ്രകടമാണ്. എന്നാൽ ഒരു രാഷ്ടീയ പാർട്ടിയെ പ്രതിനിധീകരിച്ച് ഇഎംഎസ്. നടത്തിയ അവലോകനത്തിൽ അത്തരം പ്രേരണകൾ സ്വാഭാവികമാണ്. അതുകൊണ്ട് ഈ വിഷയത്തിലെ മുഴുവൻ മാർക്സിയൻ പഠനങ്ങളെയും അത്തരത്തിൽ അവഗണിക്കുന്നത് ശാസ്ത്രീയമല്ല.