ളാഹ ഗോപാലന്‍ എന്ന സമരജീവിതം

ഇന്ത്യയിലെ ബഹുജനപ്രക്ഷോഭങ്ങളുടെ ചരിത്രത്തില്‍ കാലദൈര്‍ഘ്യംകൊണ്ടും ബഹുജനപങ്കാളിത്തം കൊണ്ടും സമാനതകളില്ലാത്ത സമരമായിരുന്നു ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ നടന്ന ചെങ്ങറ ഭൂസമരം. ഒരുപക്ഷെ ദളിതരുടെയും ഇതരപാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെയും ഭൂരാഹിത്യം പൊതുമണ്ഡലത്തില്‍ സംവാദവിഷയമാക്കിയെന്നു മാത്രമല്ല, മറിച്ച് കേരള മോഡൽ വികസനത്തെക്കുറിച്ചു ഔദ്യോഗിക അക്കാദമികളും ബുദ്ധിജീവികളും നാല് പതിറ്റാണ്ടായി എഴുതിയും
പ്രസംഗിച്ചും ഉറപ്പിച്ചെടുത്ത വ്യാജവിപ്ലവത്തിന്റെ ആന്തരികശൂന്യതയെ ഫലപ്രദമായി തുറന്നുകാട്ടാനും ആ പ്രക്ഷോഭത്തിനു കഴിഞ്ഞു. ചെങ്ങറ സമരത്തിനുമുന്‍പുതന്നെ 1980കളുടെ പകുതിയോടെ ചെറുശബ്ദങ്ങളായി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മുഴക്കവും ബഹുജനസ്വീകാര്യതയുമുണ്ടായത് ളാഹ ഗോപാലനെന്ന കൃശഗാത്രനായ മനുഷ്യന്റെ സ്വരം ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നപ്പോളാണ്. പാണ്ഡ്യത്വപ്രകടനം കൊണ്ടല്ല അദ്ദേഹം ഇത് സാധ്യമാക്കിയത്. ബൌദ്ധികസമൂഹത്തിന്റെ വിപുലമായ പിന്തുണയിലും സാംസ്ക്കാരിക പ്രചാരണങ്ങളിലും കാര്യമായ വിശ്വാസമോ പ്രതീക്ഷയോ അദ്ദേഹം വെച്ചുപുലര്‍ത്തിയതായും കാണുന്നില്ല. എങ്കിലും കാലങ്ങളായി കേരളീയസമൂഹത്തെക്കുറിച്ച്
കെട്ടിപ്പൊക്കിയ ധാരണകള്‍ വെറും പൊള്ളയാണെന്ന് ആവുന്നത്ര ഉച്ചത്തില്‍ അദ്ദേഹം വിളിച്ചുപറഞ്ഞു. അത് കേള്‍ക്കാനും ഒപ്പം നില്‍ക്കാനും പതിനായിരക്കണക്കിന് ആളുകളുണ്ടായിയെന്നതാണ് മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത ഔന്നിത്യം അദ്ദേഹത്തിന് നല്‍കേണ്ടിവരുന്നത്.

കേരളത്തിലെ പ്രബലമായ രാഷ്ട്രീയപ്പാര്‍ട്ടികളും അന്നത്തെ ഭരണകക്ഷികളായ യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പി.യുടെ തൊഴിലാളി സംഘടനയുമെല്ലാം ഒറ്റക്കെട്ടായി എതിര്‍ത്തതു തന്നെ ചെങ്ങറ സമരം ഉന്നയിക്കുന്ന ആവശ്യങ്ങളോട് പുരോഗമനകേരളം പുലര്‍ത്തിയ സമീപനം വ്യക്തമാക്കുന്നതാണ്. നവസാമൂഹിക പ്രസ്ഥാനങ്ങളും സ്വതന്ത്രമായ ചെറുകൂട്ടങ്ങളും മാത്രമാണ്
പിന്തുണയുമായി സമരത്തെ ഒപ്പംനിര്‍ത്തിയത്. കൂടാതെ പ്രശസ്തരും സാധാരണക്കാരുമായ ആളുകളും അവരുടെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ദളിതരുടെ മുന്‍കൈയിലാണ് സമരമെങ്കിലും രാഷ്ട്രീയവിധേയത്വം പേറുന്ന ദളിത്‌ സമുദായസംഘടനകളിലേറെയും നിശബ്ദത
പാലിച്ചുവെന്നതാണ്‌. പില്‍ക്കാലത്ത് പല സംഘടനകളും ഭൂമിയും വിഭവപങ്കാളിത്തവും രാഷ്ട്രീയ വിഷയമായി ഉന്നയിച്ചെങ്കിലും ളാഹ ഗോപാലന്‍ മുന്നില്‍നിന്നും നയിച്ച അസാധാരണമായ സമരത്തിനു പിന്തുണ കൊടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇതിന്റെ പ്രധാനകാരണം ളാഹയുടെ സ്വതസിദ്ധമായ പ്രവര്‍ത്തനശൈലിയും പിന്തുണതേടി ആരെയും സമീപിക്കില്ലെന്ന ഉറച്ച തീരുമാനവുമായിരുന്നു. അത് നമ്മുടെ സമരങ്ങളുടെ ചരിത്രത്തിലെ അപൂര്‍വതയാണ്.

ചെങ്ങറ ഐക്യദാര്‍ഢ്യ പുസ്തകത്തില്‍ ( 2009) ടി.മുഹമ്മദ്‌ വേളവും കെ.അഷ്റഫുമായി, ളാഹ ഗോപാലന്‍ സംസാരിക്കുമ്പോള്‍
പിന്തുണച്ചവരെക്കാള്‍ സമരത്തെ എതിര്‍ത്തവരെക്കുറിച്ച് പറയുന്നതാണ് എളുപ്പമെന്ന് അദ്ദേഹം പറയുന്നുണ്ട്. എങ്കിലും കേരളത്തിലെ വലിയൊരുവിഭാഗം ജനാധിപത്യവിശ്വാസികള്‍ തന്റെ ഒപ്പം നിന്നിരുവെന്ന് അദ്ദേഹം ഓര്‍ക്കുന്നുമുണ്ട്.
തന്റെ ബോധ്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് അത് ലളിതവും സുഗ്രഹവുമായ രീതിയില്‍ അവതരിപ്പിക്കാനുള്ള ളാഹ ഗോപാലന്റെ കഴിവിനെക്കുറിച്ച് പില്‍ക്കാലത്ത് വിമര്‍ശനമുന്നയിച്ച സെലീന പ്രക്കാനത്തെപ്പോലുള്ളവര്‍ പറഞ്ഞിട്ടുണ്ട്. ഈ ലേഖകനും ഡോ.എം.ബി.മനോജും ചേര്‍ന്നെഴുതിയ ചെങ്ങറ സമരത്തെക്കുറിച്ചുള്ള പുസ്തകം സൂക്ഷ്മമായി പിന്തുടരുന്നവര്‍ക്ക് ഒരു നേതാവെന്നനിലയില്‍
ളാഹ ഗോപാലന്‍ പിന്തുടര്‍ന്ന അപ്രമാദിത്വവും കര്‍ശനനിലപാടും ബോധ്യമാകും.

ഏഴായിരത്തോളം കുടുംബങ്ങള്‍ കേരളത്തിലെ വിവിധപ്രദേശങ്ങളില്‍നിന്ന് ഒരേ ലക്ഷ്യത്തോടെ, ജീവിതം സഹനമാക്കി നിരവധിവര്‍ഷങ്ങള്‍ ഒന്നിച്ചുനിന്നുവെന്നതു തന്നെ ആ നേതൃപാടവത്തെ വെളിവാക്കുന്നുണ്ട്. ദളിത്‌ –
ആദിവാസി സമൂഹത്തില്‍ ഗുണപരമായ അച്ചടക്കവും ജീവിതനിയന്ത്രണവും അഭിപ്രായത്തില്‍ ഉറച്ചു
നില്‍ക്കാനുള്ള ഇച്ഛയും അനിവാര്യമാണെന്ന് അദ്ദേഹം നിരന്തരം പറയുമായിരുന്നു. താന്‍ ഇടപെടുന്ന സാധാരണക്കാരുടെ ജീവിതത്തിന്റെ തകര്‍ച്ചകള്‍ക്കും ഇല്ലായ്മകള്‍ക്കും പിന്നില്‍ ആഭ്യന്തര വിമര്‍ശനങ്ങളുടെ അഭാവമുണ്ടെന്നും ളാഹ ഗോപാലന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാവാം പലര്‍ക്കും സ്വീകാര്യമാകാത്ത പ്രവര്‍ത്തനരീതികളും സാധുജന വിമോചന മുന്നണിയുടെ ഭാവിപരിപാടികളും അദ്ദേഹം ആസൂത്രണം ചെയ്തത്.

ളാഹ ഗോപാലന്റെ ജീവിതസമരം പരാജയമാണോ വിജയമാണോയെന്ന് വിലയിരുത്തേണ്ടത് ഭാവിയാണ്. അദ്ദേഹം പൊതുസമൂഹത്തില്‍ ഉന്നയിച്ച പല വിഷയങ്ങളും പരിഹരിക്കാനാവാതെ അവശേഷിക്കുന്നുവെന്നതും വാസ്തവമാണ്.

പക്ഷെ, കേരളത്തിലെ മുഖ്യാധാരാരാഷ്ട്രീയപ്പാര്‍ട്ടികളുടെ
സമരഭാവനയ്ക്കും സംവാദകേന്ദ്രങ്ങള്‍ക്കും ചുറ്റും ഒരു തിരിച്ചറിവുമില്ലാതെ കറങ്ങേണ്ടതല്ല ഓരങ്ങളിലേക്ക് തള്ളപ്പെട്ടവരുടെ ജീവിതമെന്ന് തിരിച്ചരിവുണ്ടാക്കുന്നതില്‍ അദ്ദേത്തിന്റെ ഇടപെടല്‍ നിര്‍ണ്ണായകമാണെന്ന് പറയാം.

2008 ല്‍ ഈ ലേഖകനും സുഹൃത്തായ ബിനോയ്‌ എ.എ.യും
അദ്ദേഹവുമായി ഒരു അഭിമുഖസംഭാഷണത്തിന് പത്തനംതിട്ടയിലെ സാധുജന വിമോചന മുന്നണിയുടെ പണിതീരാത്ത ഓഫിസില്‍ പോയിരുന്നു. ഞങ്ങള്‍ കാണുമ്പോള്‍ തലേദിവസം ലോറിയില്‍ നിന്നിറക്കിയ മണല്‍ക്കൂനയിന്‍ മേല്‍ മയങ്ങുകയായിരുന്നു അദ്ദേഹം. അഭിമുഖസംഭാഷണത്തിനു വേണ്ടിയാണ് വന്നതെന്നറിഞ്ഞപ്പോള്‍ തന്റെ ചെറിയ മുറിയിലിരുന്ന് സമരത്തിന്റെ വിജയപരാജയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം തയ്യാറായി. മൂന്നുനിലകളിലായി കെട്ടിപ്പൊക്കിയ പണിപൂർത്തിയാകാത്ത ആ ഓഫീസിൽ ഭാവിയിൽ നടത്തേണ്ട കാര്യങ്ങളെക്കുറിച്ച് അനൗപചാരികമായി പങ്കുവേച്ചു. ഒരു സമൂഹത്തെ എങ്ങനെ മുന്നോട്ടുനയിക്കാം എന്നതിനെക്കുറിച്ചുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളായിരുന്നു അവ. ആ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയായോ ഇല്ലയോ എന്നത് കാലമാണ് തീരുമാനിക്കേണ്ടത്. എന്തുതന്നെയായാലും തീക്ഷണമായ സമരോര്‍ജവും വൈവിധ്യമാര്‍ന്ന സങ്കല്‍പ്പങ്ങളും സമൂഹത്തില്‍ സൃഷ്ടിച്ച ഒരു വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.

By ഡോ.ഒ.കെ.സന്തോഷ്‌

Assistant Professor, Department of Malayalam, University of Madras