തുർക്കി – ഇസ്രായേൽ നയതന്ത്ര ബന്ധം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലെ ഏറെ വിവാദപരമായ വിഷയമാണ്. തുർക്കിയുടെ ആഭ്യന്തര രാഷ്ട്രീയത്തിലെ മാറ്റങ്ങൾ ഇസ്രായേലിനോടുള്ള നയനിലപാടുകളിൽ പ്രകടമായിട്ടുണ്ട്. കമാലിസ്റ്റ് – പട്ടാള ഭരണകൂടങ്ങളുടെ കാലത്തു പോലും ഇസ്രായേൽ വിരുദ്ധ സമീപനം സ്വീകരിക്കേണ്ടി വന്ന ചരിത്രം തുർക്കിയുടെ സവിശേഷതയാണ്.
28 മാർച്ച് 1949 നു തന്നെ ഇസ്രയേലിനെ രാഷ്ട്രമായി അംഗീകരിച്ച ആദ്യത്തെ മുസ്‌ലിം രാഷ്ട്രമായി തുർക്കി മാറി. അറബ് ഇസ്രായേൽ യുദ്ധത്തിൽ പങ്കെടുക്കാതെ മാറി നിന്നു. തുർക്കിയുടെ ഘടനാപരമായ ഘടകങ്ങൾ ഇസ്രയേലുമായുള്ള ബന്ധം ദൃഢീകരിക്കാനുള്ള സാധ്യതകൾ ഒരുക്കിക്കൊടുത്തു. കമാലിസ്റ്റ് പ്രത്യയശാസ്ത്ര പരിസരം, തീവ്ര സെക്യൂലറിസ്റ്റ് സാഹചര്യം, ഇസ്‌ലാമിക ചിഹ്നങ്ങളോടും ആശയസംജ്ഞകളോടുമുള്ള എതിർപ്പ്, മുസ്‌ലിംലോകവുമായുള്ള ബന്ധ വിച്ഛേദനം, യൂറോപ്യൻ സ്വത്വം ഏറ്റെടുക്കാനുള്ള ത്വര തുടങ്ങിയവയെല്ലാം ഇസ്രായേൽ രാഷ്ട്രത്തെ അംഗീകരിച്ചതിന്റെ പിന്നാമ്പുറ യാഥാർഥ്യങ്ങളാണ്.
ശീതയുദ്ധകാലത്തു അമേരിക്കൻ പാശ്ചാത്യ സഖ്യത്തിലായിരുന്ന തുർക്കി നാറ്റോ അംഗത്വം ലഭിക്കുന്ന ഏക മുസ്‌ലിം രാഷ്ട്രവുമായിരുന്നു. അമേരിക്കയുമായുള്ള ബന്ധം ദൃഢമാക്കാനും പടിഞ്ഞാറിന്റെ പ്രീതി ആർജിക്കാനുമുള്ള വഴിയും കൂടിയായിരുന്നു ഇസ്രയേലുമായുള്ള ബാന്ധവം. സോവിയറ്റിന്റെ സാമന്ത രാജ്യമായി ഇസ്രായേൽ മാറുമെന്ന തുർക്കിയുടെ ഭയം പോലും ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നു എന്ന് തുഗ്‌ച്ചേ എർസോയ് ജെയ്ലാൻ എഴുതുന്നുണ്ട്.
സുരക്ഷാ മേഖലയിലാണ് ആദ്യമായി ഇസ്രയേലും തുർക്കിയും തമ്മിൽ നയതന്ത്ര ബന്ധം രൂപപ്പെടുത്തിയത്. തുർക്കി ഇറാഖുമായി സന്ധി ചെയ്ത 1955 ലെ ബാഗ്ദാദ് പാക്ട് നിലലിൽക്കുന്നതിനാൽ ഇസ്രാഈലിനോടുള്ള ഇടപാടുകൾ രഹസ്യമായാണ് തുർക്കി നടത്തിയിരുന്നത്. അനറബ് രാഷ്ട്രവുമായുള്ള നയതന്ത്ര ബന്ധം പശ്ചിമേഷ്യൻ ഉത്തരാഫ്രിക്കൻ മേഖലയിൽ നിന്നുള്ള വെല്ലുവിളികളെ ചെറുക്കാൻ സഹായിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ഡേവിഡ് ബെൻഗൂറിയൻ വീക്ഷിച്ചു. അറബ് രാജ്യങ്ങൾ ഇസ്രാഈലിനുമേൽ ചെലുത്തിയ രാഷ്ട്രീയ സമ്മർദ്ദങ്ങൾ കുറക്കാനും പുതിയ പ്രാദേശിക ശാക്തിക സന്തുലനം ഉറപ്പു വരുത്താനും അമേരിക്ക അടക്കമുള്ള പാശ്ചാത്യ ശക്തികളുമായുള്ള ബന്ധം ദൃഢമാക്കാനും തുർക്കിയുമായുള്ള ബന്ധം ഉപയോഗപ്പെടുത്താൻ ഇസ്രായേൽ ശ്രമിച്ചു എന്ന് തുഗ്‌ച്ചേ എർസോയ് വിലയിരുത്തുന്നു. ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ 1958 ൽ പെരിഫെറൽ അലയൻസ് എന്ന പേരിൽ മിലിറ്ററി സുരക്ഷ, നയതന്ത്രം, വ്യാപാരം, ശാസ്ത്രം തുടങ്ങിയ മേഖലകളിലെല്ലാം തുർക്കിയും ഇസ്രയേലും ബന്ധമുണ്ടാക്കി. അറബ്- സോവിയറ്റ് ബന്ധങ്ങൾക്ക് ബദൽ എന്ന രീതിയിൽ ഇരുരാജ്യങ്ങളും പുതിയ കരാറിനെ ഉപയോഗിച്ചു. തുർക്കിയും സിറിയയും തമ്മിലുള്ള ബന്ധം വഷളായതും 1958 ലെ ഇറാഖിലെ പട്ടാള അട്ടിമറിയുടെ സാഹചര്യത്തിൽ ബാഗ്ദാദ് പാക്ട് തകർന്നതും അതിർത്തി മേഖലകളിൽ സുരക്ഷ പ്രശ്നം നേരിടാൻ തുടങ്ങി.ഇസ്രയേലുമായി ബന്ധം ശക്തമാക്കുന്നതിലൂടെ ഈ അരക്ഷിതാവസ്ഥക്ക് പരിഹാരം കണ്ടെത്താൻ തുർക്കി ശ്രമിച്ചു. സാമ്പത്തിക തകർച്ച നേരിടുന്ന തുർകിക്ക് ഇസ്രയേലുമായി വാണിജ്യ ബന്ധം ഉണ്ടാക്കുന്നത് ഗുണംചെയ്യുമെന്ന് വീക്ഷിച്ചു. പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ഈജിപ്തിനുള്ള പ്രാദേശിക അധീശത്വത്തെ ചെറുക്കാനും തുർക്കി ഇസ്രായേലുമായുള്ള നയബന്ധത്തെ ഉപയോഗപ്പെടുത്താൻ ശ്രമിച്ചു.
സൈപ്രസിനു മേലുള്ള തുർക്കി – ഗ്രീസ് അവകാശ വാദം മൂർച്ചിച്ചതോടെ അറബു രാജ്യങ്ങളുടെ പിന്തുണ തുർക്കിക്കു ആവശ്യമായിവന്നു. കൂടാതെ 1967 ലെ അറബ്- ഇസ്രായേൽ യുദ്ധത്തിൽ അറബ് ജനതക്കൊപ്പം തുർക്കി നിലയുറപ്പിച്ചത് ദേശീയ തെരഞ്ഞെടുപ്പു കൂടി മുന്നിൽ കണ്ടുകൊണ്ടായിരുന്നു. അറബ് രാജ്യങ്ങളെ ആക്രമിക്കാൻ തുർക്കി ഭൂമി നൽകില്ലെന്ന തീരുമാനവും ഇസ്രായേലുമായുള്ള ബന്ധത്തിന്റെ തീവ്രത കുറച്ചു . ഇസ്രായേലിന്റെ ക്രൂരതകൾക്കെതിരെ അറബ് രാജ്യങ്ങൾ സമർപ്പിച്ച പ്രമേയങ്ങളെ തുർക്കി പിന്തുണച്ചെങ്കിലും നയതന്ത്രബന്ധങ്ങൾ മുറിച്ചിരുന്നില്ല. 1967 ലെ യുദ്ധവിജയമാണ് ഇസ്രായേലിനെ അമേരിക്കയുടെ പ്രധാന പങ്കാളികളിലൊന്നാക്കി മാറ്റിയത്. യുഎസ്എസ്ആറിന്റെ പിന്തുണയുള്ള അറബ് സൈന്യത്തെ പരാജയപ്പെടുത്തിയതിലൂടെ ഇസ്രായേലിന്റെ പ്രാദേശിക പ്രാധാന്യം അമേരിക്ക തിരിച്ചറിഞ്ഞു.
1973 ലെ യുദ്ധ പശ്ചാത്തലത്തിലും അറബുരാഷ്ട്രങ്ങൾക്കൊപ്പം നിൽക്കുകയും അറബു രാഷ്ട്രങ്ങൾക്കുള്ള സോവിയറ്റു യൂണിയന്റെ സായുധ സഹായത്തിനു മധ്യവർത്തിയായി മാറുകയും ഇസ്രായേലിനെ സഹായിക്കാൻ തയ്യാറായ അമേരിക്കയെ തുർക്കിയിലെ ഇൻജിർലിക് താവളം ഉപയോഗിക്കുന്നതിൽ നിന്നും തടയുകയും ചെയ്തു. 1971 ൽ തുർകിഷ് പീപിൾസ് ലിബറേഷൻ ഫ്രന്റ് ഇസ്രായേലി നയതന്ത്ര പ്രതിനിധിയെ വധിച്ചത് ഇരുരാഷ്ട്രങ്ങളുടെയും ബന്ധം ഇടക്കാലത്തേക്കു വഷളാക്കാൻ കാരണമായിരുന്നു.
1960 – 70 കളിൽ അറബു ലോകത്തെ ഫലസ്തീൻ അനുകൂല ചലനങ്ങൾ തുർക്കിയുടെ ആഭ്യന്തര മേഖലയിലും ആന്ദോളനങ്ങൾ സൃഷ്ടിച്ചിരുന്നു. അതിനാൽ തന്നെ ഭരണകൂടത്തിനു ജനരോഷത്തിനെതിരെ കണ്ണടക്കാൻ കഴിഞ്ഞിരുന്നില്ല. പ്രാദേശിക തലത്തിൽ ഇസ്രായേലുമായി ബന്ധമുള്ളപ്പോൾ തന്നെ അവരെ സമ്മർദ്ദത്തിലാക്കുന്ന നയനിലപാടു സ്വീകരിക്കാൻ തുർക്കി നിർബന്ധിതരാവുകയാണുണ്ടായത്. 1975 ൽ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ അംഗീകരിച്ചത് ഇരു രാജ്യങ്ങൾക്കിടയിൽ അസ്വാരസ്യം സൃഷ്ടിച്ചു. 1980 ൽ ജറൂസലേമിനെ തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള ഇസ്രായേലിന്റെ ശ്രമത്തെ തുർക്കി എതിർക്കുകയും അന്താരാഷ്ട്ര നിയമ ലംഘനമാണെന്ന യു എൻ സുരക്ഷാ സമതിയുടെ 476, 478 പ്രമേയങ്ങളെ പിന്തുണക്കുകയും ചെയ്തു. 1982 ലെ ഇസ്രായേലിന്റെ ലെബനാൻ അധിനിവേശത്തെയും ശബ്റ – ശാത്തീല കൂട്ടക്കൊലയെയും ശക്തമായ ഭാഷയിൽ അപലപിച്ചതും ശ്രദ്ധേയമായിരുന്നു.
അതേസമയം തുർക്കി ശത്രുവായി കണക്കുകൂട്ടിയ ലെബനാനിലെ അർമീനിയൻ മിലിറ്റന്റുകൾ (അർമീനിയൻ സീക്രട് ആർമി ഫോർ ദി ലിബറേഷൻ ഓഫ് അർമീനിയ, ASALA )ക്കെതിരെ തുർക്കിയുടെ സഹായത്തോടെ ഇസ്രയേൽ അക്രമണം നടത്തിയതു ഇരുരാജ്യങ്ങൾക്കിടയിൽ രാഷ്ട്രീയ മഞ്ഞുരുക്കത്തിനു കാരണമായി. 1983 കളോടെ ഉഭയകക്ഷി ബന്ധം സാധാരണ ഗതിയിലാകാൻ ആരംഭിച്ചു.
ദേശീയതാത്പര്യവും വോട്ടുബാങ്കുമാണ് തുർക്കിയുടെ വൈദേശിക നയങ്ങളെ നിർണയിക്കുന്നത് എന്ന് തുർക്കിയുടെ ഇസ്രായേൽ ബന്ധം വരച്ചു കാണിക്കുന്നു. ഇറാനിയൻ വിപ്ലവവും സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശവും ഇരു രാഷ്ട്രങ്ങളെയും അമേരിക്കയുടെ കുടക്കീഴിലെത്തിച്ചു. ശീതയുദ്ധ പശ്ചാത്തലത്തിൽ തുർക്കിയും ഇസ്രയേലും അമേരിക്കൻ പക്ഷത്തായത് ഇരു രാജ്യങ്ങൾക്കിടയിൽ നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടാൻ കാരണമായി.
(തുടരും)