ഹിന്ദുത്വം വെട്ടിമാറ്റിയ രക്തസാക്ഷികള്‍ക്കായി ഒരു നിഘണ്ടു

വൈവിധ്യമാർന്ന സാംസ്കാരിക തനിമയും ചരിത്രവുമുള്ള ഇന്ത്യൻ പാരമ്പര്യസാമൂഹ്യ സാംസ്കാരികതയെ ചിദ്രതയുടെ ചിതൽ പുറ്റുകളിൽ നിന്ന് കാത്ത് സംരക്ഷിക്കൽ മതനിരപേക്ഷ മൂല്യങ്ങളുടെ അനിവാര്യതയാണ്. ആ മഹിതമായ ചരിത്രത്തിന് ആഘാതം സൃഷ്ടിക്കുന്ന വിഷവിത്തുകൾ പലതരം പരിപ്രേക്ഷ്യങ്ങളിൽ ഭരണകൂടം തന്നെ വിനിമയം ചെയ്യുമ്പോൾ വസ്തുതാ വിരുദ്ധമായ അത്തരം പ്രസ്താവനകളെ ചർച്ച ചെയ്യലും ശരി തെറ്റുകളെ അടയാളപ്പെടുത്തലും ചരിത്രത്തിന്റെ കൂടി ആവശ്യകതയാണ്.

ജർമൻ തത്വചിന്തകനും വിശ്വപ്രസിദ്ധ എഴുത്തുകാരനുമായ വാൾട്ടർ ബെഞ്ചമിൻ (Walter Benjamin) ചരിത്രത്തെ മനോഹരമായി ചിത്രീകരിച്ചത് “ചരിതം ഭൂതകാലത്തിന്റെ കണക്കെടുപ്പല്ല, മറിച്ച് ആപത്നിമിഷങ്ങളിൽ മനസ്സിലൂടെ മിന്നിമായുന്ന ഒരു ഓർമയെ കൈ എത്തി പിടിക്കലാണ്” എന്നാണ്. വാസ്തവത്തിൽ ഈ രാജ്യത്തിൻ്റെ മതനിരപേക്ഷതയെ ചേർത്ത് പിടിക്കുന്ന വായനകളാണ് സാമ്രാജ്യത്വ അധിനിവേശ ശക്തികളെ തുരത്തിയ മലബാറിലെ വിപ്ലവ ചരിത്രങ്ങളുടേത്. സവർണ്ണ മേധാവിത്വത്തിനെതിരെ, സമീപകാല മൂലധന മേൽക്കോയ്മക്കെതിരെ, ഇന്ത്യൻ ജാതീയ ഉച്ചനീചത്വങ്ങൾക്കെതിരെയുളള സംഘടിതമായ ഒരു സമരമായിരുന്നു മലബാറിൽ അന്ന് അരങ്ങേറിയത്. ആ വേളയിൽ ഉയർത്തിപ്പിടിച്ച വൈദേശിക ശക്തികൾക്കെതിരെയുള്ള പരസ്പര ഐക്യപ്പെടലിന്റെ രീതിശാസ്ത്രം ഇന്ന് ഓർമപ്പെടുത്തുന്നത് തന്നെ ദേശീയവാദ ആഖ്യാനങ്ങൾക്ക് വെറുപ്പുൽപ്പാദനമായി മാറിയിരിക്കുകയാണ്.

കീഴാള- മുസ്‌ലിം ജനതകളുടെ കർതൃത്വത്തിലും അവരുടെ രാഷ്ട്രീയ-ദൈവശാസ്ത്ര-സൗന്ദര്യ സങ്കൽപനങ്ങളിൽ നിന്നും രൂപപ്പെട്ട വ്യവഹാരങ്ങളെയും സമരങ്ങളെയും ആഘോഷിക്കേണ്ടത് ഹിന്ദുത്വ ഇന്ത്യയിൽ ഇന്ന് അത്യന്താപേക്ഷിതമാണ്. അധികാര ദണ്ഡുപയോഗിച്ച് മറുസ്വരങ്ങളെ ഉന്മൂലനം ചെയ്യുകയെന്ന സൂര്യ- ചന്ദ്രവംശ രാജപരമ്പരയുടെ മനുസ്മൃതി നിയമങ്ങളെയാണ് ആധുനിക ഹിന്ദുത്വം സ്വീകരിച്ചിരിക്കുന്നത്. കുറ്റകൃത്യത്തെ രാഷ്ട്രീയവൽക്കരിച്ചും രാഷ്ട്രീയത്തിന്റെ ക്രിമിനൽ രീതിയും, വർഗ വംശീയാധിക്ഷേപങ്ങൾ കൊണ്ടും ജാതീയ ഉച്ചനീചത്വങ്ങളാലും പൗരരെ ഒറ്റപ്പെടുത്തുന്ന സവർണ്ണ ദല്ലാളന്മാരുടെ രാജ്യത്ത് സംഘപരിവാർ രൂപപ്പെടുത്തുന്ന മതേതര കാഴ്ച്ചപ്പാട് വെറും മുഖം മൂടി മാത്രമാണന്ന് തിരിച്ചറിയേണ്ടതുണ്ട്. മതം- വംശം എന്നീ ദ്വന്ദങ്ങളെ ചരിത്രത്തിന്റെ കേന്ദ്ര ബിന്ദുവായി സ്ഥാപിക്കാനും ബോധപൂർവം ന്യൂനപക്ഷ പ്രതിനിധാനങ്ങളെ നിരാകരിക്കാൻ ശ്രമിക്കുന്ന പ്രവണതയെയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇത്തരം രീതികളിലൂടെയാണ് സംഘ്പരിവാർ ഇന്ത്യയിൽ ഇന്ന് ചരിത്രത്തെ ഒതുക്കി നിർത്തുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ ആരംഭം വരെ നീണ്ടു നിന്ന നിരവധി സംഘടിത അസംഘടിത മുന്നേറ്റമായിരുന്നു മലബാർ സമരം എന്ന ഒറ്റ നാമത്തിൽ അറിയപ്പെടുന്നത്.

സംഘടിതമായ ഒരു മുന്നേറ്റത്തെ വിവിധങ്ങളായ ആഖ്യാനങ്ങളിൽ ഉൾപ്പെടുത്തി വെറുപ്പുൽപാദനത്തിന് കുഴലൂതുന്ന സംഘ്പരിവാർ അജണ്ട വലിയ അനൈക്യങ്ങൾക്ക് വഴിവെക്കുന്നുണ്ട്. നിശിതമായി അത്തരം ശ്രമങ്ങളെ ജനാധിപത്യ പുറംചട്ടകളിൽ നിന്ന് പോലും മാറ്റി എഴുതേണ്ടതുണ്ട്. സാമ്രാജ്യത്വ അധിനിവേശ ശക്തിയെ എതിര്‍ക്കുന്ന ജനസമൂഹങ്ങളെ അപരരും ഹീനരും കലാപകാരികളും പ്രാകൃതരും അപരിഷ്‌കൃതരുമായി വ്യാഖ്യാനിക്കുന്ന പ്രവണത ബ്രിട്ടീഷ് ചരിത്രമെഴുത്തിന്റെ ഭാഗമായി രൂപപ്പെട്ടുവന്നതാണ്. പാശ്ചാത്യ അധിനിവേശ സംസ്‌കാരത്തെ നിരസിച്ചവരും കൊളോണിയല്‍ ഭരണാധിപത്യം ഏര്‍പ്പെടുത്തിയ രാഷ്ട്രീയ പരമാധികാരത്തെ അംഗീകരിക്കാത്തവരുമായ മാപ്പിളമാരെ മതഭ്രാന്തരായി (Fanatic mappila) ചിത്രീകരിക്കുന്ന രീതി കൊളോണിയല്‍ ജ്ഞാന നിര്‍മ്മിതി മലബാറിനെ മുന്‍നിര്‍ത്തി വികസിപ്പിച്ചതു പോലെയാണ്, മാപ്പിള ലഹളയായും മതഭ്രാന്തായും മലബാർ സമരത്തെ രേഖപ്പെടുത്തുന്ന നിലവിലെ ഫാഷിസ്റ്റ് ക്രമീകരണങ്ങൾ.

സ്വാതന്ത്ര്യസമരത്തില്‍ രക്തസാക്ഷിത്വം വരിച്ച ധീരദേശാഭിമാനികളെ അടയാളപ്പെടുത്തിയ നിഘണ്ടുവാണ് Dictionary of Martyrs of India’s Freedom Struggle (1857-1947) . കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പും, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചും (ICHR) സംയുക്തമായാണ് നിഘണ്ടു പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2019 മാര്‍ച്ച് 7ന്, ന്യൂഡല്‍ഹി ലോക് കല്യാണ്‍ മാര്‍ഗില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അഞ്ച് വാല്യങ്ങളുള്ള നിഘണ്ടു പ്രകാശനം ചെയ്തത്. ഇന്ന് ഇത് ഏറെ വിവാദമായി കൊണ്ടിരിക്കുകയാണ്. രക്തസാക്ഷി നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലാണ് കേരളവും ആന്ധ്ര, തെലങ്കാന, കര്‍ണാടക. തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഉള്‍പ്പെടുന്നത്.

നിഘണ്ടുവിന്റെ ജനറല്‍ എഡിറ്റര്‍, ഐ.സി.എച്ച്​.ആർ ചെയര്‍മാന്‍ അരവിന്ദ് പി. ജാംഖേദ്കറുടെ നേതൃത്വത്തിൽ ജന്മിത്വത്തിനും ബ്രിട്ടീഷ് ആധിപത്യത്തിനുമെതിരെ ഐക്യത്തോടെ അണിനിരന്ന മലബാര്‍ വിപ്ലവത്തിലെ 387 ൽ പരം ധീരരക്ത സാക്ഷികളെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു.

ഇതൊരു ചെറിയ സംഭവമായി കണക്കാക്കാൻ കഴിയുന്നതല്ല. രണ്ടാം മോദി സർക്കാർ അധികാരത്തിലേറിയത് മുതൽ ന്യൂനപക്ഷ രാഷ്ട്രീയം വെല്ലുവിളികളെ നേരിടുകയാണ്. ചരിത്രവും പാഠപുസ്തകങ്ങളും തിരുത്തി ഹിന്ദുത്വ ഭൂമികയിലേക്കുള്ള രഥയാത്രയിലാണ് സംഘ് പരിവാർ രാഷ്ട്രീയം. മുഗൾ ഭരണാധികരുടെ ചരിത്ര സ്മാരകങ്ങളും പ്രദേശിക സ്ഥലനാമങ്ങൾ വരെ നാഗ്പൂരിലെ ആർ.എസ്. എസ് കാര്യാലത്തിൽ വെട്ടലിനും തിരുത്തലിനും വിധേയപ്പെട്ടിരിക്കുകയാണ്. കോളോണിയൽ അധികാരത്തെ കെട്ടുകെട്ടിച്ച ധീര മാപ്പിള ചരിത്രത്തെയും സവർണ്ണാധിപത്യത്തെ നഖശിഖാന്തം എതിർത്ത ദലിത് കീഴാള മുന്നേറ്റങ്ങളെയും അപരവൽക്കരിക്കാനുള്ള തത്രപ്പാടിലാണ് കേന്ദ്ര സർക്കാർ.

മലബാർ സമരചരിത്രത്തിലെ മാപ്പിള പോരാളികളുടെ പേര് പോലും ഹിന്ദുത്വ രാഷ്ട്രീയത്തെ പലരീതിൽ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ജാതീയ മേൽക്കോയ്മകളെ ചെറുത്തുകൊണ്ട് അടിസ്ഥാന വർഗത്തിന്റെ സ്വരത്തെ സവർണ്ണ അധികാരത്തിനെക്കാൾ മേലെ പ്രതിഷ്ഠിച്ച മലബാറിലെ സമര നേതൃത്വം സവർക്കറൈറ്റ് ധാരയെ വല്ലാതെ തന്നെ ചൊടിപ്പിച്ചിട്ടുണ്ട്. വെറും വൈദേശിക ശക്തികൾക്കെതിരെയുള്ള പോരാട്ടം മാത്രമായിരുന്നില്ല മലബാർ സമരം. ഖാൻ ബഹദൂർ, റാൻ ബഹദൂർ തുടങ്ങിയ പട്ടങ്ങൾക്കെതിരെയും നിവർന്ന് നിന്ന് സംസാരിക്കാനുള്ള പോരാട്ടം കൂടി ആയിരുന്നു മലബാറിലെ സമരം. അത് കൊണ്ട് തന്നെയാണ് മാപ്പിള പോരാളികളുടെ പേര് പോലും ഉച്ചരിക്കാൻ അവർ മടിക്കുന്നതും ദുരവസ്ഥയിൽ എരിഞ്ഞാടുങ്ങുന്നതും.

‘ഡിക്ഷണറി ഓഫ് മാപ്പിള മാർട്ടയേഴ്സ്’ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം പ്രമുഖ ചരിത്രകാരനും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാനുമായ അലവി കക്കാടനു നൽകി പ്രകാശനം ചെയ്യുന്നു.

അതിനാൽ ICHR വെട്ടിമാറ്റുന്ന മാപ്പിള രക്തസാക്ഷികളുടെ പേരുകൾ പറഞ്ഞു കൊണ്ടേയിരിക്കുക എന്നത് ഹിന്ദുത്വ ഭരണകൂടത്തോടുള്ള ശക്തമായ നിലപാടറിയിക്കലാണ്. അത് മലബാറിൻ്റെ വിമത പാരമ്പര്യത്തിൻ്റെ തുടർച്ചയാണ്. എസ് ഐ ഒ കേരള സംഘ് രാഷ്ട്രീയത്തിന്റെ കുടില തന്ത്രങ്ങളെ ക്രിയാത്മകമായി ചെറുത്തത് ശ്ലാഘനീയവും ശ്രദ്ധേയവുമാണ്. വെട്ടിമാറ്റാൻ ശ്രമിക്കുന്നതിനെ പകർത്തി എഴുതിക്കൊണ്ട് അർഹിക്കുന്ന ബഹുമാനത്തോടെ ബൃഹത്തായ ഒരു ചരിത്രത്തെ അതേ രീതിയിൽ രേഖപ്പെടുത്തിയ എസ്ഐഒയുടെ പ്രഫുല്ലമായ പ്രവർത്തനം എടുത്ത് പറയേണ്ടത് തന്നെയാണ്. ‘ഡിക്ഷണറി ഓഫ് മാപ്പിള മാർട്ടയേഴ്സ്’ എന്ന നാമധേയത്തിൽ വെട്ടിമാറ്റിയ മലബാർ സമര രക്തസാക്ഷികളെ ക്രോഡീകരിക്കാനാണ് എസ്.ഐ ഒ കേരള ശ്രമിച്ചിട്ടുള്ളത്. അപരവൽക്കരിക്കപ്പെടുന്ന ചരിത്ര പ്രതിനിധാനങ്ങളെ മുഖ്യധാരയിൽ കൊണ്ട് വരാനുള്ള ശ്രമം തന്നെ മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ മുന്നോട്ടുപോക്കിൽ മുതൽക്കൂട്ടാണ്.

വാരിയംകുന്നത്തിനെ മതഭീകരവാദിയാക്കുന്ന സംഘ് അജണ്ടകളുടെ രാഷ്ട്രീയത്തിന് ഐ സി. എച്ച് ആറിന്റെ ഡിക്ഷണറി ഓഫ് മാപ്പിള മാർട്ടേഴ്സിൽ അദ്ദേഹത്തെ അടയാളപ്പെടുത്തിയത് ഇപ്രകാരമാണ്. “കുറഞ്ഞകാലത്തേക്കാണെങ്കിലും ബ്രിട്ടീഷ് അധീനതയിലുള്ള ഒരു പ്രദേശത്തിൻ്റെ ഭരണാധികാരിയായി സ്വയം അവരോധിതനായി അദ്ദേഹം”. ശരിയാണ് ആദർശ വിശുദ്ധികൊണ്ടും പക്വമായ നേതൃ നിലപാടിനാലും വിദ്യാഭ്യാസ മുന്നേറ്റത്തിനാലും ബ്രിട്ടീഷ് ഭരണത്തെ കാറിതുപ്പിയ ആ ധീരചരിത്രം സംഘ് രാഷ്ട്രീയം വെട്ടിമാറ്റാൻ ശ്രമിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അതേസമയം സമരത്തിന്റെ നെടുനായകത്വം വഹിച്ച ആലി മുസ്‌ലിയാരെ കുറിച്ചത് “ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാവ്” എന്നാണ്. അത് രേഖപ്പെടുത്തിയ അധ്യായങ്ങളാണ് നമ്മളാവിശ്യപ്പെടുന്നതും.

ബ്രിട്ടീഷ് പൊളിറ്റിക്കൽ തിയറിസ്റ്റ് ആയ റോജർ ഗ്രിഫിൻസ് (Roger Griffins) ‘പാലിജനറ്റിക്ക് അൾട്രാ നാഷണലിസം’ (Paleogenetic Ultra Nationalism ) എന്ന പേരിൽ ഒരു ആശയം വിശദീകരിക്കുന്നുണ്ട്. ദേശീയതയുടെ ഏറ്റവും ഹിംസാത്മകമായ രൂപമായാണ് ഭരണകൂടത്തിന്റെ കൈ കടത്തലിനെ അതിൽ സൂചിപ്പിക്കുന്നത്. രാജ്യം ഒരൊറ്റ അച്ചിൽ വാർക്കപ്പെടണമെന്ന മനോഭാവമാണങ്കിൽ തിരുത്തി എഴുതാൻ മലബാറിൽ നിന്നടിക്കുന്ന ഇളംകാറ്റ് മതിയെന്ന് അവർ കരുതുന്നത് നന്നാവും. ന്യൂനപക്ഷ സമുദായത്തെ ഭിന്നിപ്പിക്കുക എന്ന വെള്ളക്കാരന്റെ അതേ മലത്തിൽ വിസർജിക്കുന്ന സംഘ് ആചാര്യന്മാർ മാപ്പിള ചരിത്രം എടുത്ത് വായിക്കുന്നത് നന്നാവുമെന്ന് കരുതുന്നു.

കൃത്യമായ മറുപടികൾ ഇനിയും ഉണ്ടാവേണ്ടതുണ്ട്. മായിക്കപ്പെടുന്ന ചരിത്രത്തെ വർധിത വീര്യത്തോടെ രേഖപ്പെടുത്തേണ്ട ബാധ്യതയും ജനാധിപത്യമതനിരപേക്ഷ ചേരിയിൽ നിന്നു തന്നെ ഉണ്ടാവണം.

കൂടാതെ വലതുവൽക്കരണത്തിന്റെ അപ്പോസ്തലന്മാരായ മാധ്യമങ്ങളെയും സൈബറിടത്തിലെ വർഗീയ പരാമർശങ്ങളെയും ജനാധിപത്യ വിചാരണക്ക് വിധേയമാക്കേണ്ടതുണ്ട്. 1949 ൽ പ്രസിദ്ധീകരിക്കപ്പെട്ട ജോർജ് ഓർവലിന്റെ (George Orwell ) ‘1984’ എന്ന കൃതി ‘സ്റ്റേറ്റ് ഓപ്പറേഷൻ മീഡിയ ഇൻ കൺട്രോൾ’ ൽ ഫാസിസ്റ്റ് ക്രമീകരണങ്ങളെ വ്യക്തമാക്കുന്നതിനോടൊപ്പം പാർട്ടിയുടെ താഴ്ന്ന റാങ്കുകാരനായ വിൻസ്റ്റൺ സ്മിത്തിന്റെയും തന്റെ അശുഭ ഭരണാധികാരിയായ ബിഗ് ബ്രദറിന്റെയും ആഖ്യാന പ്രത്യാഖ്യാനങ്ങളെ ഓർവൽ വിശദീകരിക്കുകയും, ഒരു വല്യേട്ടൺ സ്ഥാനത്തു നിന്ന് നിയന്ത്രിക്കുന്ന ഭരണകൂട വിചാരങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. സംഘ് രാഷ്ടീയം അടുക്കള വരെ നിയന്ത്രിക്കുന്ന കാലോചിതമായ സാഹചര്യത്തിൽ ആത്മാഭിമാനത്തോടെ ജീവിക്കാൻ വേണ്ടിയുള്ള ധീരരുടെ പോരാട്ടം കൂടിയായിരുന്നു മലബാർ സമരമെന്ന് ഓർക്കേണ്ടതുണ്ട്.

നിലവിൽ മാപ്പിള ചരിത്രങ്ങളെ പോലെ ചരിത്ര വിദ്യാർത്ഥികളിൽ നിന്ന് അടർത്തിമാറ്റുന്ന ദലിത് കഥകളെയും നാം വായിക്കേണ്ടതുണ്ട്. മഹാശ്വേതാ ദേവിയുടെ പ്രശസ്ത ചെറുകഥയായ ‘ദ്രൗപദി’ ഡൽഹി സർവ്വകലാശാലയിലെ ബി.എ. ഇംഗ്ലീഷ് പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്തു കൊണ്ട് സർവ്വകലാശാല ഓഗസ്റ്റ് 14 ന് ഉത്തരവിറക്കിയത്. കൂടാതെ തമിഴ് എഴുത്തുകാരികളായ ഭാമ, സുകൂർത്തരണി എന്നിവരുടെ രചനകളും നീക്കം ചെയ്തിട്ടുണ്ട്. ഇവയെല്ലാം ദളിത് ജീവിത പശ്ചാത്തലം പ്രമേയമായ രചനകളാണ്. എന്താണ് അധികൃതരെ ഇത്രത്തോളം വിഷമവൃത്തത്തിലാക്കുന്നത് എന്ന് ആ കഥ തന്നെ പറഞ്ഞു തരും. അങ്ങനെ സംസാരിക്കാനുള്ള ശേഷി ആ കഥയ്ക്കുണ്ട്. സവർണ്ണ മേൽക്കോയ്മയും സ്ഥാപിത താൽപര്യങ്ങളും വർഗ്ഗീയ അജണ്ടകളുമാണ് ഇന്ന് ആർ.എസ് എസ് ഇന്ത്യാ രാജ്യത്ത് പയറ്റുന്നത്. തിക്തമായ പ്രതികരണങ്ങളെ നമ്മുടെ ഭാഗത്ത് നിന്ന് ഇനിയും വൈകിച്ചൂടാ.

By ഉവൈസ് നടുവട്ടം

Student, Darul Huda Islamic University Chemmad