അമേരിക്കന്‍ ജൂതര്‍ ഇസ്രായേലിനെ കൈവിട്ടുതുടങ്ങിയോ?

ഇസ്രായേലിന്റെ കൊളോണിയലിസത്തെയും ഫലസ്തീന്‍ വിമോചനത്തെയും കുറിച്ചുള്ള പരമ്പരാഗത ചര്‍ച്ചയ്ക്കു പുറത്ത്, വേറിട്ടതും സുപ്രധാനവുമായ ഇസ്രയേല്‍- ഫലസ്തീന്‍ ചര്‍ച്ച നടക്കുന്നു. വൈകിയ വേളയിലാണെങ്കിലും സങ്കീര്‍ണമായി തുടരുന്ന ആ ചര്‍ച്ച അമേരിക്കയിലെ ജൂതസമൂഹവും ഇസ്രയേലും അവരുടെ സയണിസ്റ്റ് രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ളതാണ്.

ഇസ്രായേല്‍ വര്‍ഷങ്ങളായി തങ്ങളെ പിന്തുണക്കാത്ത ജൂതന്മാരുടെ പേരില്‍ വരെ സൗകര്യപൂര്‍വ്വം തങ്ങളോടൊപ്പമെന്നു വരുത്തി, അല്ലെങ്കില്‍ അത്തരക്കാരെ ‘സ്വയം വെറുക്കുന്ന ജൂതരെ’ന്ന് മുദ്രകുത്തി ഫലസ്തീനിന്റെ വിമോചനത്തിനെതിരെ നിലനിര്‍ത്തി. ഇസ്രായേലിനെ വിമര്‍ശിക്കുന്ന സെമിറ്റിക്ക് വംശജര്‍ തന്നെയായ അറബികളെ ആന്റി സെമിറ്റിക്കുകള്‍ എന്നു വിളിക്കുന്നതു പോലെ തന്നെയാണ് സയണിസ്റ്റു വിരുദ്ധരായ ജൂതന്മാരെ ‘സെല്‍ഫ് ഹേറ്റിങ് ജ്യൂസ്’ എന്നു വിളിക്കുന്നതും. എന്തൊക്കെയായാലും, ഈ സമീപനം ഇനിയധികം മുന്നോട്ടുപോവില്ല.

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ അസാമാന്യമാംവിധം അമേരിക്കന്‍ ജൂതസമുദായത്തിനിടയില്‍ ഒരു വിഭാഗം ഇസ്രായേല്‍ വിരുദ്ധരാണെന്നത് പ്രകടമായിരുന്നു. ഈ പ്രവണത കുറേക്കാലമായി ഉണ്ടായിരുന്നെങ്കിലും, ഈയടുത്തകാലത്ത് പ്രത്യേകിച്ചും യുവതലമുറ അമേരിക്കന്‍ ജൂതര്‍ക്കിടയില്‍ നിന്ന് അവരുടെ യാഥാസ്ഥിതിക ഇസ്രായേല്‍ ആഭിമുഖ്യത്തെയും സയണിസ്റ്റു പ്രേമത്തെയും തള്ളിപ്പറയുന്നത് കൂടിയിട്ടുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്തിനിടെ അമേരിക്കയിലെയും ഇസ്രായേലിലെയും സയണിസ്റ്റു വൃത്തങ്ങള്‍ ഈയൊരു യാഥാര്‍ഥ്യത്തില്‍ ജാഗരൂകരായിട്ടുമുണ്ട്.

ഇസ്രായേലും അമേരിക്കന്‍ ജൂതരും തമ്മിലുള്ള വൈകാരികവും രാഷ്ട്രീയവുമായ കെട്ടുപാട് ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്നാണ് നിരവധി അഭിപ്രായ സര്‍വേകളിലൂടെ തെളിയുന്നത്. 2013 ല്‍ ഒരു സംഘടന നടത്തിയ സര്‍വേ പ്രകാരം ജൂതനെന്ന നിലയില്‍ ഇസ്രായേലിനോട് കൂറു പുലര്‍ത്തുന്നത് സുപ്രധാനമാണെന്നു വിശ്വസിക്കുന്ന അമ്പത് വയസിനു മീതെയുള്ളവര്‍ 87 ശതമാനമാണെങ്കില്‍, പതിനെട്ടിനും 29നും ഇടയിലുള്ള 66 ശതമാനത്തിനു മാത്രമേ ആ അഭിപ്രായമുള്ളൂ.

ഇസ്രായേല്‍ തകര്‍ച്ചയുടെ പാതയിലാണെന്നു വിശ്വസിക്കുന്ന വലിയൊരു ശതമാനം യുവജൂതരുടെ എണ്ണമാണ് മറ്റു ചില സര്‍വേഫലങ്ങളിലും കാണാനായത്. 2018 ല്‍ അമേരിക്കന്‍ ജ്യൂവിഷ് കമ്മിറ്റിയുടെ കാര്യപ്രസക്തമായ സര്‍വേ തന്നെ എടുക്കാം. നെതന്യാഹുവിന്റെയും ട്രംപിന്റെയും നേതൃത്വത്തില്‍ ഇസ്രയേല്‍- അമേരിക്ക ബന്ധം ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന സന്ദര്‍ഭം കൂടിയായിരുന്നു അത്. അമേരിക്ക- ഇസ്രായേല്‍ ബന്ധം നല്ലരീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ അമേരിക്കയുടെ പങ്കിനെ 77 ശതമാനത്തോളം ഇസ്രായേലിലെ ജൂതന്മാര്‍ അനുകൂലമായി പ്രതികരിച്ചപ്പോള്‍ 34 ശതമാനം അമേരിക്കന്‍ ജൂതരാണ് ആ അഭിപ്രായം പുലര്‍ത്തിയത്. എന്നുവെച്ചാല്‍, ഇസ്രായേലിന്റെ ആവശ്യങ്ങളെയെല്ലാം വകവെച്ചുകൊടുക്കുന്ന ട്രംപിന്റെ നയനിലപാടുകളോട് 57 ശതമാനത്തോളം അമേരിക്കന്‍ ജൂതരും യോജിക്കുന്നില്ലെന്നര്‍ഥം.

ഈ കീഴോട്ടുപോക്ക് ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അമേരിക്ക ഇസ്രായേലിനെ അനിയന്ത്രിതമായി പിന്തുണക്കുന്നതായി അഞ്ചിലൊന്ന് അമേരിക്കന്‍ ജൂതര്‍ കരുതുന്നുവെന്ന് 2021 മെയില്‍ നടന്ന പിഇഡബ്ല്യു റിസര്‍ച്ച് സെന്റര്‍ സര്‍വേ ചൂണ്ടിക്കാണിക്കുന്നു. 2013 ല്‍ നടന്ന സര്‍വേയില്‍ നിന്ന് ഇരട്ടിയായി 22 ശതമാനത്തിലേക്ക് അത്തരക്കാര്‍ ഉയര്‍ന്നു.

ഈ സര്‍വേഫലം പുറത്തു വന്നത് ഇക്കഴിഞ്ഞ മെയില്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ നരമേധത്തിനിടെയായിരുന്നെങ്കിലും, 2019-2020 കാലഘട്ടത്തിലാണ് സര്‍വേ നടന്നത്. ഇസ്രായേലിന്റെ ആക്രമണങ്ങള്‍ ഒട്ടേറെ സാധാരണക്കാരുടെ ജീവഹാനിക്ക് കാരണമാകുന്ന മുറയ്ക്കാണ് അമേരിക്കന്‍ ജൂതരുടെയും ഇസ്രയേലിനുമിടയിലുള്ള വിടവ് വലുതാകുന്നത്.

2200ഓളം ഫലസ്തീനികളെ കൊലപ്പെടുത്തിയ 2014ലെ ഇസ്രയേലിന്റെ ഗാസ ആക്രമണത്തിനു പിന്നാലെ കാര്യമായ കുറവ് അമേരിക്കന്‍ പിന്തുണയ്ക്കുണ്ടായിട്ടുണ്ടെന്ന് ന്യൂ ഇസ്രായേല്‍ ഫണ്ടിന്റെ പബ്ലിക് എന്‍ഗേജ്‌മെന്റ് വൈസ് പ്രസിഡന്റ് ലിബ്ബി ലെങ്കിസ്‌കി റോളിങ് സ്‌റ്റോണ്‍ മാഗസിനോട് പറഞ്ഞു. ശരിയും തെറ്റും നിര്‍ണയിക്കപ്പെടുന്ന തരത്തിലുള്ള ഒരു നൈതികമായ സമീപനമാണ് അമേരിക്കന്‍ ജൂതസമൂഹം പിന്തുടരേണ്ടതെന്നാണ് ലെങ്കിസ്‌കിയുടെ അഭിപ്രായം.

260 ഓളം ഫലസ്തീനികളുടെ ജീവന്‍ പൊലിഞ്ഞ മെയ് 2021ലെ ആക്രമണസംഭവങ്ങളും സമാനപ്രതികരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇസ്രായേലിനെ സംബന്ധിച്ച് കുറേ അമേരിക്കന്‍ ജൂതസമുദായങ്ങള്‍ക്കിടയില്‍ ധര്‍മ്മസങ്കടം രൂപപ്പെട്ടുവരുന്നതായി അമേരിക്കന്‍- ജൂത എഴുത്തുകാരി മരിസ കബാസ് പറയുന്നു. മരിസയുടെയും ലെങ്കിസ്‌കിയുടെയും ഫലസ്തീന്‍ വശത്തെ വൈകിയാണെങ്കിലും കാണാന്‍ കഴിഞ്ഞ, ഇസ്രായേലിനൊപ്പമോ അതോ എതിരോ എന്ന രണ്ടിലൊന്നില്‍ നിലയുറപ്പിക്കേണ്ട നിര്‍ബന്ധിതാവസ്ഥ കൈവന്ന ഈ സന്ദര്‍ഭം അമേരിക്കന്‍ ജൂതരുടെ നിലപാടിലുള്ള മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണ്.

അമേരിക്കന്‍ ജൂതരുടെ വിയോജിപ്പിന്റെ മേഖല കൂടുതല്‍ തുറക്കുമ്പോഴും ഇസ്രായേലില്‍ കാര്യമായ ചര്‍ച്ചയൊന്നും കൂടാതെ ധാര്‍മ്മികതയെക്കുറിച്ചുള്ള ആശങ്ക വളരെക്കുറച്ച് മാത്രമാണ്.

അമേരിക്കന്‍ ജൂതരുടെ പിന്തുണയിലെ ഇടിവ് ഇസ്രായേലിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍ക്കൊണ്ടുവരികയാണെന്നാണ് ഒടുവിലായി മനസിലാകുന്നത്. ആരെപ്പഴിക്കണമെന്ന ആശയക്കുഴപ്പത്തിലാണവര്‍. അമേരിക്കന്‍ രാഷ്ട്രീയമത്സരത്തില്‍ ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമൊപ്പം പക്ഷംപിടിച്ച നെതന്യാഹുവിന്റെ നിലപാടും, ഡെമോക്രാറ്റുകളുമായുള്ള ഇസ്രായേലിന്റെ ബന്ധത്തെ ബാധിച്ചിരിക്കാം. തീര്‍ച്ചയായും ഇസ്രായേലിനെക്കുറിച്ചുള്ള മനോഭാവത്തില്‍ അമേരിക്കന്‍ സമൂഹം മാറുന്നുണ്ട്. അറബ് രാജ്യങ്ങളില്‍ നിന്നും നിലനില്‍പ്പ് ഭീഷണി നേരിടുന്ന ഒരു ദുര്‍ബല രാഷ്ട്രമായി ഇസ്രായേലിനെ കാണുന്നത്, അതിനെ അപ്രസക്തമാക്കാന്‍ കാരണമാണ്.

വലതുപക്ഷ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളെ ആകര്‍ഷിക്കാവുന്ന തരത്തില്‍ ആത്മീയമോക്ഷത്തിന്റെയും പ്രവാചകചൈതന്യത്തിന്റെയും കേന്ദ്രമായി ബൈബിളിലെ ഇസ്രായേലെന്ന പുതിയ ആശയത്തിലേക്ക് ഇസ്രായേല്‍ വരുന്നുണ്ട്. ഇസ്രായേലിന്റെ അമേരിക്കയിലെ തീവ്രപിന്തുണക്കാരെ അപേക്ഷിച്ച് ബ്ലാക്ക് ലിവ്‌സ് മാറ്ററിനെയും ഫലസ്തീനി ബഹിഷ്‌കരണ പ്രസ്ഥാനങ്ങളെയും വരെ പിന്തുണയ്ക്കുന്ന യുവാക്കളായ അമേരിക്കന്‍ ജൂതര്‍ വളരെ വ്യത്യസ്തരാണ്.

ഇസ്രായേല്‍ ഇപ്പോള്‍ ഒരു വഴിത്തിരിവിലാണ്. അവരുടെ ധാര്‍മ്മിക ചട്ടക്കൂടിന് അനുസൃതമായ രീതിയില്‍ പെരുമാറിയാല്‍ മാത്രമേ യുഎസ് ജൂതരുടെ പിന്തുണ തിരികെ നേടാനാകൂ. അതിനുവേണ്ടി അവര്‍ സൈനിക അധിനിവേശം അവസാനിപ്പിക്കുകയും വര്‍ണ്ണവിവേചന ഭരണം പൊളിക്കുകയും വംശീയ നിയമങ്ങള്‍ മാറ്റുകയും ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ചും, സയണിസത്തെ മൊത്തത്തില്‍ ഉപേക്ഷിക്കുകയോ ഇവാഞ്ചലിക്കലുകളുടെ മേല്‍ ആശ്രയിച്ചുകൊണ്ട് യുഎസ് ജൂതന്മാരെ ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വരും. വാസ്തവത്തില്‍, ചില ഇസ്രായേലി ഉദ്യോഗസ്ഥര്‍ ഇതിനകം രണ്ടാമത്തേതിനാണ് വാദിക്കുന്നത്.

മെയ് 9 ന്, വാഷിംഗ്ടണിലെ മുന്‍ ഇസ്രായേല്‍ അംബാസഡര്‍ റോണ്‍ ഡെര്‍മര്‍ വാദിച്ചത്, സുവിശേഷക ക്രിസ്ത്യാനികള്‍ ‘യുഎസിലെ ഇസ്രായേലിന്റെ പിന്തുണയുടെ നട്ടെല്ല്’ ആയതിനാല്‍, ‘അസന്തുലിതമായ’ അമേരിക്കന്‍ ജൂതന്മാരെക്കാള്‍ ഇസ്രായേലിന്റെ ‘ശക്തവും അസന്ദിഗ്ധവുമായ’ പിന്തുണയ്ക്ക് ഇസ്രായേല്‍ മുന്‍ഗണന നല്‍കണം എന്നാണ്.

മറ്റൊരു ഉപായമില്ലാതെ ഇസ്രായേല്‍ ഔദ്യോഗികമായി ഈ ചോയ്‌സ് തിരഞ്ഞെടുക്കുകയാണെങ്കില്‍, ഇസ്രായേലും യുഎസ് ജൂതന്മാരും തമ്മിലുള്ള തകരാര്‍ അനിവാര്യമാകും. പലസ്തീന്‍ ജനതയുടെ നീതിയും സ്വാതന്ത്ര്യവും പരിഗണിച്ചു നോക്കിയാല്‍ അത് ഒരു നല്ല കാര്യമായിരിക്കും.

Courtesy: Arab News

വിവ: റമീസുദ്ദീൻ വി എം

By റംസി ബറൂദ്

Ramzy Baroud has been writing about the Middle East for over 20 years. He is an internationally syndicated columnist, a media consultant, an author of several books, and the founder of PalestineChronicle.com