തമിഴ് സിനിമയിൽ ദലിതൻ്റെ രോഷം

ജാതി യാഥാര്‍ഥ്യങ്ങളെ സ്‌ക്രീനിലേക്ക് എത്തിക്കുന്നതിലേക്കും ദലിത് കഥാപാത്രങ്ങളെ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിലേക്കും മുന്നേറിയ സമീപ കാലത്തെ തമിഴ് സിനിമകള്‍ കയ്യടിനേടുന്നുണ്ട്. മൂകമായി, മറ്റുള്ളവരുടെ സഹതാപത്തിനു പാത്രമാകുന്ന കഥാപാത്രനിര്‍മിതിയുടെ വാര്‍പ്പുമാതൃകയില്‍ നിന്നും, വർധിത ആവേശത്തോടെ നീതി ചോദിക്കുന്ന കഥാപാത്രങ്ങളിലേക്ക് ദലിതുകള്‍ ഉയര്‍ന്നു. എന്നിരുന്നാലും, തമിഴ് സിനിമയിലെ ടിപ്പിക്കല്‍ നായകന്റെ സാമൂഹിക സ്ഥാനത്തില്‍ ചെറിയ മാറ്റം വരുത്തിക്കൊണ്ട്, അക്രമാസക്തമായ പൗരുഷത്തെ പ്രോത്സാഹിപ്പിക്കലും ദലിത് പുരുഷന്റെ പ്രതികാര വാജ്ഞയെന്ന ഫാന്റസിയും മാത്രമാണവ ഉല്‍പ്പാദിപ്പിക്കുന്നതെന്ന വിമര്‍ശനങ്ങളും ഉണ്ട്.

‘ദി ഹിന്ദു’ വില്‍ ഹരീഷ് വാംഖഡെ ഈയിടെയെഴുതിയ നിരൂപണത്തില്‍ കബാലി, കാല, അസുരന്‍, കര്‍ണന്‍, സര്‍പ്പട്ട പരമ്പരൈ മുതലായ സിനിമകളില്‍ അംബേദ്കറൈറ്റ് തത്വങ്ങള്‍ക്കും സാമൂഹിക നൈതികതയ്ക്കും തീര്‍ച്ചയില്ലായ്മയുണ്ടെന്ന് നിരീക്ഷിക്കുന്നു. പക്ഷേ, കമ്പോളത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഇത്തരം കലാരൂപങ്ങളുടെ തത്വചിന്താപരമായ വിലയിരുത്തലിനപ്പുറം, ഹൈപ്പര്‍ ഭരണഘടനാവാദത്തിൻ്റെ പരമ്പരാഗതമായ ആഖ്യാനങ്ങള്‍ക്കപ്പുറത്തേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന ദലിത് മുന്നേറ്റങ്ങളുടെയും അഭിലാഷങ്ങളുടെയും പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ഇത്തരം സിനിമകളെ കാണേണ്ടതെന്നു തോന്നുന്നു. അടിച്ചമര്‍ത്തപ്പെട്ട ദലിതന്റെ രോഷത്തെ സ്‌ക്രീനിലെത്തിച്ച കബാലി, കാല, അസുരന്‍, പലാസ 1978 പോലുള്ള സിനിമകളുടെ തുടര്‍ച്ചയായി പാ രഞ്ജിത്തിന്റെ സര്‍പ്പട്ട പരമ്പരയെ കാണാം.

പൗരുഷവും സ്വത്വപ്രകാശനവും തമ്മിൽ

ഘടനാപരമായി, ദലിത് തൊഴിലാളി വര്‍ഗം ഹിംസാത്മകമായ അന്തരീക്ഷത്തിലാണ് ജനിച്ചുവളരുന്നത്. അക്രമങ്ങള്‍ക്കിടയിലും തങ്ങളുടെ ചരിത്രപരവും സാംസ്‌കാരികവുമായ സൗന്ദര്യത്തിലും കൂട്ടായ്മയിലും സമാധാനപരമായി ജീവിക്കേണ്ടതെങ്ങനെയെന്നവർക്കറിയാം. ക്രമേണ, തങ്ങളുടെ നിത്യജീവിതത്തില്‍ ഹിംസയോട് എത്തരത്തില്‍ സമീപിക്കണമെന്ന് അവര്‍ പഠിക്കുന്നു. തങ്ങളുടെ എല്ലാ പരാധീനതകൾക്കിടയിലും, ഹിംസക്കു മുന്നില്‍ കീഴടങ്ങാതിരിക്കന്‍ അതവരെ പ്രാപ്തരാക്കുന്നു. ഭൂതകാലത്തിലും വര്‍ത്തമാന കാലത്തിലും തങ്ങളുടെ യുദ്ധാത്മകതയും ത്യാഗവും, അവരുടെ സാമൂഹിക പരാധീനതകള്‍ക്കിടയില്‍ ശക്തി പകരുന്നു. അതിജീവനത്തിനു വേണ്ടി വിവിധ ആക്രമണപരമായ മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു. എല്ലാ ഭാഗത്തുനിന്നും യുദ്ധങ്ങള്‍ നടത്തി, പോരാട്ടവീര്യവും ധൈര്യവും തെളിയിച്ചവരാണവർ. ഭീമ കൊറഗണ്‍ യുദ്ധം ചരിത്രത്തില്‍ അതിനു ഏറ്റവും വലിയ തെളിവാണ്.

ദലിത് സ്വത്വ പ്രകാശനത്തിന്റെ ശക്തമായ രൂപങ്ങളൊന്നും ഇന്ത്യന്‍ സിനിമയില്‍ കാണാനാവില്ല, പകരം, ക്രൂരമായി ഇരവല്‍ക്കരിക്കപ്പെട്ട വാര്‍പ്പുമാതൃകകളെയാണ് കാണുക. എന്നാല്‍, ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കുന്ന, ധീരതയും പൗരുഷവും പ്രകടമാക്കുന്ന, മേല്‍ജാതി ഹീറോകളെ എമ്പാടും കാണാം. ദലിതനെ ധീരനും സ്വത്വബോധവുമുള്ള നായകനായി കാണാന്‍ വിസമ്മതിക്കുന്ന ഇന്ത്യന്‍ സിനിമയുടെ മനസിനെയാണ് ഇത് പ്രകടമാക്കുന്നത്.

ഫെമിനിസ്റ്റ് രചനകളില്‍ പൗരുഷത്തെ പാട്രിയാര്‍ക്കിയുടെ കൂടെതന്നെയുള്ള അധീശ സങ്കല്‍പ്പമായാണ് വായിക്കാന്‍ കഴിയുന്നത്. എന്നാല്‍, സമീപകാല തമിഴ്‌സിനിമകളില്‍ ദലിത് പുരുഷന്‍ അടിച്ചമര്‍ത്തലുകളോട് ആക്രമണപരമായി പ്രതികരിക്കുന്നതിനെ പൗരുഷവുമായി ചേര്‍ത്തുവെച്ച് വായിക്കുന്നത് ദലിത് രോഷത്തിന്റെ പരിവര്‍ത്തന സാധ്യതയെ നിഷേധിച്ചേക്കാം. ദലിതുകളുടെ ഏതു രൂപത്തിലുമുള്ള സമത്വ വാദത്തെയും സത്യത്തില്‍ ജാതി ശക്തികള്‍ പൗരുഷത്തിന്റെ പ്രകടനമായി വ്യാഖ്യാനിക്കുന്നു. അതുകൊണ്ടാണ്, ദലിതുകള്‍ക്കെതിരെയുള്ള മിക്ക അതിക്രമങ്ങളും ദുരഭിമാനക്കൊലകളുമെല്ലാം ദലിത് പൗരുഷത്തെ തകര്‍ക്കാന്‍ ഉന്നമിടുന്നതാകുന്നത്. മീശ വെച്ചതിനും, വിവാഹ വേളയില്‍ കുതിരപ്പുറത്ത് യാത്ര ചെയ്തതിനും, കാലിന്‍മേല്‍ കാല്‍ കയറ്റി വെച്ചിരുന്നതിനുമെല്ലാം ദലിത് പുരുഷന്‍ ആള്‍ക്കൂട്ടക്കൊലക്കിരയാകുന്നതിന്റെ ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. ദലിത് പൗരുഷത്തിന്റെ ഈ അടിച്ചമര്‍ത്തല്‍ ദലിതുകള്‍ക്കിടയില്‍ സ്വത്വബോധത്തോടൊപ്പം പൗരുഷത്തിന്റെയും പരസ്പര ഊട്ടിയുറപ്പിക്കലിന് പ്രേരിപ്പിക്കുന്നു.

ഈ സാമൂഹിക യാഥാര്‍ഥ്യങ്ങളെ മുന്നില്‍ വെച്ചുകൊണ്ട്, തമിഴ് സിനിമയിലെ സമീപകാലത്തെ മാറ്റങ്ങളെ പുരുഷാധിപത്യത്തിന്റെ വലിയ ആഖ്യാനത്തിലേക്ക് വലിച്ചിഴക്കാതെ മനസിലാക്കണം. കോപത്തിനും ധൈര്യത്തിനും പോരാട്ടത്തിനും ലിംഗഭേദമില്ല, അങ്ങനെയെങ്കിൽ ബുദ്ധിജീവികളും ചിന്തകരുമൊന്നും ഫൂലന്‍ ദേവിയുടെ പോരാട്ടത്തിനും സായുധ വിപ്ലവത്തിനുള്ള മാര്‍ക്‌സിസ്റ്റ് തിയറിക്കും പിന്നില്‍ യുക്തി കാണുന്നുണ്ടാവില്ല. ബ്രാഹ്മണിക്കല്‍ പുരുഷാധിപത്യത്തെ പേറുന്ന സവര്‍ണ ഫെമിനിസത്തിന്റെ ആഖ്യാനത്തിലേക്കാണ് ദലിത് രോഷത്തെ അക്രമാസക്ത പൗരുഷത്തിലേക്ക് ചുരുക്കുന്നതിലൂടെ അവർ എത്തിക്കുന്നത്.

എന്നിരുന്നാലും, ഇത്തരം സിനിമകള്‍ ദലിത് സ്വത്വസ്ഥാപനത്തിന്റെ ഘടനാപരമായ പൗരുഷപ്രകടനത്തെ സ്‌ക്രീനിലേക്ക് എത്തിക്കുന്നവ തന്നെയാണ്. ദലിത് സ്ത്രീയുടെ സുപ്രധാനമായ സംഭാവനകളെ മറന്നുകൊണ്ട് മുഖ്യധാരയില്‍ ദലിത് സ്വത്വപ്രകാശനം ദലിത് പുരുഷനില്‍ കേന്ദ്രീകൃതമാണ്. ഷര്‍മിള റഗ്ഗെ അത് വ്യക്തമായി പറയുന്നുണ്ട്. “1970 കളിലെ സാംസ്‌കാരിക വിപ്ലവത്തില്‍ ദലിത് പാന്തേഴ്‌സിന്റെ പങ്ക് ചെറുതല്ല, പക്ഷേ, അവരുടെ എഴുത്തുകളിലും പരിപാടികളിലുമെല്ലാം ദലിത് സ്ത്രീയെ ‘അമ്മ’യും ‘ഇരയാക്കപ്പെട്ട സെക്ഷ്വല്‍ ബീയിങ്’ ഉം ആയി മാത്രമാണ് കാണാൻ കഴിയുകയുള്ളൂ”.

റാഡിക്കലിസവും സമാധാനവാദവും

ഒരു ജനാധിപത്യ ഭരണഘടനയ്ക്കു കീഴില്‍ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും മഹത്വത്തെക്കുറിച്ചും അവബോധമുള്ളവരായി ജീവിക്കുന്ന മൂന്നു തലമുറ ദലിതുകളെങ്കിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കടന്നുപോയിട്ടുണ്ട്. ജീവനും സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും സംരക്ഷണമൊരുക്കുന്നതിനായി അംബേദ്കര്‍ വിഭാവനം ചെയ്ത ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആധുനിക ഇന്ത്യന്‍ രാഷ്ട്രത്തില്‍ അവര്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും, തങ്ങളുടെ അവകാശങ്ങള്‍ ഓരോന്നായി നിഷേധിക്കപ്പെടുന്നതും, നീതി ഉറപ്പു വരുത്തുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെടുന്നതിലും അവര്‍ വളരെ നിരാശയുള്ളവരുമാണ്. സര്‍ക്കാരിന്റെ പിന്തുണയുള്ള മര്‍ദകരില്‍ നിന്നും തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, ഒപ്പം ഭരണഘടനാപരമായ ധാര്‍മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നതിനും ഇടയിലുള്ള വൈരുദ്ധ്യാത്മകമായ ഒരവസ്ഥയില്‍ തങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായും അവര്‍ മനസിലാക്കുന്നു. എന്നാല്‍ തങ്ങളുടെ സ്വാതന്ത്ര്യം, ജീവന്‍, അഭിമാനം എന്നിവ ബലി കൊടുത്തു കൊണ്ട് ഭരണഘടനാപരമായ ധാര്‍മികത സംരക്ഷിക്കാന്‍ ദലിതുകള്‍ ഇനിയും ബാധ്യസ്ഥരല്ല. ദലിത് പ്രസ്ഥാനങ്ങള്‍ അന്നും ഇന്നും ഇക്കാര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

1970കളിലെ പാന്തര്‍ പ്രസ്ഥാനം, 2015ല്‍ രോഹിത് വെമുല മൂവ്‌മെന്റിനു ശേഷമുണ്ടായിരുന്ന ദലിത് സ്വത്വരാഷ്ട്രീയത്തിലെ ഉണര്‍വ്, ഗുജറാത്തിലെ ഉന മൂവ്മമെന്റ്, ഭീമ കൊറേഗണ്‍ മൂവ്‌മെന്റ്, എസ് സി എസ് ടി അട്രോസിറ്റി പ്രിവന്‍ഷന്‍ ആക്ടില്‍ വെള്ളം ചേര്‍ത്തതിനെതിരെ ദലിത് പ്രസ്ഥാനങ്ങള്‍ നടത്തിയ ഭാരത് ബന്ദ്, ഭീം ആര്‍മിയുടെ നേതൃത്വത്തിലുള്ള മുന്നേറ്റങ്ങള്‍ തുടങ്ങിയവയെല്ലാം പരമ്പരാഗത സമാധാന-ഭരണഘടനാവാദത്തിന്റെ അതിരുകള്‍ മറികടന്ന് സമുദായങ്ങളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായി സംഭവിച്ച റാഡിക്കല്‍ ആവിഷ്‌കാരങ്ങളാണ്. എന്നിരുന്നാലും, അര്‍ധ വിമോചിതരായ ദലിത് മധ്യവര്‍ഗം അംബേദ്കറിസമെന്ന പേരില്‍ ഭരണഘടനാവാദത്തിന്റെ വികൃതമായ രൂപത്തില്‍ മുന്നോട്ടു പോയി നിലവിലെ ദലിത് മുന്നേറ്റങ്ങളെ ഒരു അപഭ്രംശമായി കണ്ട് എതിര്‍ക്കുകയും ചെയ്തുപോരുന്നു. അവരുടെ ഭൗതികമായ സാഹചര്യങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ട് അവരുടെ പിന്തിരിപ്പന്‍ നിലപാടിനെ മറികടക്കാനുള്ള ശേഷിയില്ലായ്മ തിരിച്ചറിയാതെ, സ്റ്റേറ്റ് കാണിച്ചു കൊടുത്ത അംബേദ്കറിസത്തിന്റെ ഭരണഘടനാപതിപ്പില്‍ സ്ഥിരപ്പെട്ടുകൊണ്ട് സ്വതവേ തങ്ങളെ അംബേദ്കറൈറ്റുകളായി നോക്കിക്കാണുകയാണവർ. സമാധാനവാദത്തോടുള്ള അനഭലിഷണീയമായ ഫാന്റസിയും, അംബേദ്കറിസത്തെ തത്വചിന്തയെ പരിമിതപ്പെടുത്തി വായിക്കലും ദലിത് വിമോചന പ്രസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കും. എന്തുതന്നെയായാലു അംബേദ്കറൈറ്റ് ബഹുജന പ്രസ്ഥാനം ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചു, അത് തോല്‍വിയുടെ പദാവലികളെ മാറ്റിവെക്കുകയും വിമോചനത്തിനായി അവരുടെ പ്രതിനിധികളേക്കാള്‍ സമുദായ ശക്തിയെ ആശ്രയിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍, ഇപ്പോഴത്തെ വാദത്തിന്റെ ഉല്‍പന്നമെന്ന നിലയിലും സാമൂഹിക അടിച്ചമര്‍ത്തലിനെതിരെ വേരൂന്നിയ ദളിതന്റെ രോഷം വരച്ചുകാണിക്കുന്നതിലൂടെയും തമിഴ് സിനിമ കാര്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്.

Courtesy: Counter Currents

വിവ: റമീസുദ്ദീൻ വി എം

By ചിൻമയ മഹാനന്ദ്

PhD scholar from Jawaharlal Nehru University. His doctoral research is on Socio-Political ideas of Ambedkar and Lenin. He is one of the founding members of BAPSA.