താലിബാൻ്റെ രണ്ടാം വരവും ലോകരാജ്യങ്ങളും

മുല്ലാ ഉമറിൽ തുടങ്ങിയ താലിബാൻ എത്തിനില്ക്കുന്നത് മുല്ലാ ബറാദാറിലാണ്. പതിറ്റാണ്ടുകൾക്കിപ്പുറം താലിബാൻ വീണ്ടും ഭരണം പിടിച്ചു. നീണ്ട അമേരിക്കൻ അധിനിവേശത്തിന് വിരാമമെന്നോണമാണ് താലിബാന്റെ രണ്ടാം വരവിനെ അമേരിക്കയൊഴികെയുള്ള രാഷ്ട്രങ്ങൾ വിലയിരുത്തുന്നത്. അമേരിക്കയാവട്ടെ, അഭിമാനപ്രശ്നമായിരുന്ന ബിൻലാദൻ വേട്ടയിൽ തുടങ്ങിയ രക്ഷ്യാ ദൗത്യമെന്ന വ്യാജേനയുള്ള കടന്ന് കയറ്റത്തിന് താലിബാനിട്ട ഫുൾ സ്റ്റോപ്പായിട്ടാണ് നോക്കിക്കാണുന്നത്.

പ്രസിഡന്റ്‌ അഷ്‌റഫ്‌ ഗനി രാജ്യം വിട്ടത്തോടെ പൂർണാധികാരം ലഭിച്ച താലിബാൻ നേതൃത്വത്തോട് 60 രാജ്യങ്ങളിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നത് സിവിൽ ഓർഡർ പുനസ്ഥാപിക്കാനും സ്വത്ത്‌ സംരക്ഷണം ഉറപ്പ് വരുത്തണമെന്നാണെങ്കിൽ, ചില രാജ്യങ്ങൾ പൂർണമായും ചിലത് ഭാഗികമായും ഒളിഞ്ഞും തെളിഞ്ഞും താലിബാൻ ആഭിമുഖ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. 1996 ലെ താലിബാൻ യുഗത്തെ സൌദി അറേബ്യയും പാകിസ്ഥാനും യുഎഇയും മാത്രമാണ് പരസ്യമായി അംഗീകരിച്ചിരുന്നതെങ്കിൽ ഇക്കുറി സ്ഥിതി തികച്ചും വിഭിന്നമാണ്. ചില രാജ്യങ്ങളുടെ നിലപാടുകൾ.

ചൈന

താലിബാനുമായി സൗഹൃദബന്ധത്തിനും സഹകരണത്തിനും തയ്യാറാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് മാധ്യമങ്ങളെ അറിയിച്ചു. കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് പിന്നാലെയാണ് താലിബാനുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ചൈന വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനിലെ ചൈനീസ് എംബസിയുടെ പ്രവര്‍ത്തനം ഉടന്‍തന്നെ സാധാരണ നിലയിലാക്കുമെന്നും ചൈന വ്യക്തമാക്കി. താലിബാന്‍ നേതൃത്വത്തെ അംഗീകരിക്കുന്ന ആദ്യരാജ്യമാണ് ചൈന. അഫ്ഗാന്‍ ജനതയ്ക്ക് അവരുടെ വിധി സ്വതന്ത്രമായി നിര്‍ണയിക്കാനുള്ള അവകാശത്തെ ചൈന വിലമതിക്കുന്നു. അഫ്ഗാനിസ്താനുമായി സഹകരിക്കാനും സൗഹൃദം പുലര്‍ത്താനും ചൈന താല്‍പര്യപ്പെടുന്നു. അഫ്ഗാനിസ്താനമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള അവസരത്തെ ചൈന സ്വാഗതം ചെയ്യുന്നുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. ചൈനയുമായി നല്ല ബന്ധം വളര്‍ത്തിയെടുക്കാമെന്ന പ്രതീക്ഷ താലിബാന്‍ ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തിനും വികസനത്തിനും ചൈനയുടെ പങ്ക് പ്രതീക്ഷിക്കുന്നതായും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ ചൈന സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. അഫ്ഗാൻ്റെ പുനര്‍നിര്‍മാണത്തിനായി ചൈന സാമ്പത്തിക പിന്തുണയും നിക്ഷേപവും വാഗ്ദാനം ചെയ്തു. അഫ്ഗാനില്‍ ചൈനീസ് നിക്ഷേപകര്‍ക്കായി വാതില്‍ തുറക്കുന്നതാണ് പുതിയ പ്രഖ്യാപനങ്ങള്‍.

റഷ്യ

താലിബാനെ അംഗീകരിക്കും എന്ന് സൂചന നല്‍കുന്നതാണ് റഷ്യയുടെ പ്രതികരണം. താലിബാനുമായുള്ള തങ്ങളുടെ ഭാവി നയതന്ത്രബന്ധം അവരുടെ നിലപാടുകള്‍ക്ക് അനുസരിച്ചിരിക്കുമെന്നാണ് റഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. അഫ്ഗാനിസ്താനിലെ റഷ്യന്‍ അംബാസഡര്‍ ചൊവ്വാഴ്ച കാബൂളില്‍ താലിബാനുമായി കൂടിക്കാഴ്ച നടത്തും. താലിബാന്‍ ഭരണകൂടത്തെ അവരുടെ നയനിലപാടുകളുടെ അടിസ്ഥാനത്തില്‍ അംഗീകരിക്കണോ എന്ന് തീരുമാനിക്കും. “ഞങ്ങളുടെ അംബാസഡര്‍ താലിബാന്‍ നേതാക്കളുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. നാളെ അദ്ദേഹം താലിബാന്‍ സുരക്ഷാ കോഓഡിനേറ്ററുമായി കൂടിക്കാഴ്ച നടത്തും”, വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ സമീര്‍ കാബുലോവ് തിങ്കളാഴ്ച ഏഖോ മോസ്‌ക്വി റേഡിയോ സ്‌റ്റേഷനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മുൻവര്‍ഷങ്ങളില്‍ റഷ്യ താലിബാനുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയും മോസ്‌കോയില്‍ താലിബാന്‍ പ്രതിനിധികള്‍ക്ക് നിരവധി തവണ ആതിഥ്യം വഹിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപോര്‍ട്ടുകൾ.

ഇറാൻ

അമേരിക്കയുടെ സൈനിക പരാജയവും അവര്‍ രാജ്യം വിട്ടതും അഫ്ഗാനിസ്താനില്‍ ജീവിതം, സുരക്ഷ, സുസ്ഥിരമായ സമാധാനം എന്നിവ പുനസ്ഥാപിക്കാനുള്ള അവസരമായി മാറുമെന്ന് ഇറാന്‍ പ്രസിഡന്റ് ഔദ്യോഗിക ടെലിവിഷനിലൂടെ വ്യക്തമാക്കി.അഫ്ഗാനില്‍ സുസ്ഥിരമായ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെ ഇറാന്‍ പിന്തുണയ്ക്കുന്നു, ഒരു അയല്‍രാജ്യവും സഹോദരരാജ്യവും എന്ന നിലയില്‍, ഒരു ദേശീയ ഉടമ്പടിയിലെത്താന്‍ അഫ്ഗാനിസ്ഥാനിലെ എല്ലാ ഗ്രൂപ്പുകളെയും സ്വാഗതം ചെയ്യുന്നതായും ഇറാന്‍ പറഞ്ഞു

പാകിസ്ഥാൻ

അഫ്ഗാനിസ്താന്റെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി തങ്ങളുടെ രാജ്യം തുടര്‍ന്നും പങ്ക് വഹിക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുൻ അഫ്ഗാന്‍ സര്‍ക്കാരിന്റെ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മുന്‍ അഫ്ഗാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മിര്‍ റഹ്മാന്‍ റഹ്മാനിയാണ് പ്രതിനിധി സംഘത്തെ നയിച്ചത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് പ്രസ്താവനയില്‍ സൂചനയുണ്ടായിരുന്നില്ല

അമേരിക്ക

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ശനിയാഴ്ച മുതല്‍ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെ കുറിച്ച് പരസ്യ പ്രതികരണം നടത്തിയിട്ടില്ല. സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം ശരിയായിരുന്നു എന്ന തീരുമാനത്തില്‍ അദ്ദേഹം ഉറച്ച് നിന്നു. അഫ്ഗാന്‍ സൈന്യത്തിന്റെ പരാജയമാണ് അഫ്ഗാനിസ്ഥാന്‍ താലിബാന്‍ വേഗത്തില്‍ ഏറ്റെടുത്തതിന് കാരണമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ ഇന്ന് പ്രതികരിച്ചു. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ‘മൂന്നാം ദശകത്തില്‍ സംഘര്‍ഷത്തിലേക്ക്’ കടക്കുന്നത് ബൈഡന്‍ ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കയുടെ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപത്തിനും പരിശീലനത്തിനും ശേഷം രണ്ട് പതിറ്റാണ്ടിന് ശേഷം അഫ്ഗാന്‍ സൈന്യം രാജ്യത്തെ സംരക്ഷിക്കേണ്ട സമയമാണിതെന്നും സള്ളിവന്‍ പറഞ്ഞു. യഥാർഥത്തിൽ തങ്ങളുടെ കീഴിലുള്ള അഫ്ഗാൻ സർക്കാരിനെ തഴഞ്ഞുകൊണ്ട് താലിബാനുമായി നേരിട്ട് ചർച്ച നടത്തി സുരക്ഷിതമായി അഫ്ഗാനിൽ നിന്നും പിൻമാറാനാണ് അമേരിക്ക ശ്രമിച്ചത്.

ബ്രിട്ടൻ

അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഏറ്റെടുക്കുന്നത് ‘അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയം’ ആണെന്ന് ബ്രിട്ടന്‍ പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് തിങ്കളാഴ്ച പറഞ്ഞു, പാശ്ചാത്യ സമൂഹത്തിന്റേത് പാതിവഴിയില്‍ ഉപേക്ഷിച്ച ഇടപെടലാണെന്ന് അദ്ദേഹം വിലയിരുത്തി. അഫ്ഗാനിസ്ഥാന്‍ അവസാനിച്ചിട്ടില്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇത് ലോകത്തിന് തീരാത്ത പ്രശ്‌നമാണ്, ലോകം അഫ്ഗാനെ സഹായിക്കേണ്ടതുണ്ട്, ‘അദ്ദേഹം ബിബിസി ടെലിവിഷനോട് പറഞ്ഞു.

ഖത്തർ

അഫ്ഗാന്‍ ജനതക്ക് സുസ്ഥിരമായ സമാധാനം ഉറപ്പ് വരുത്തണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിൻ ജാസിം അൽ താനി പറഞ്ഞു. തിങ്കളാഴ്ച ജോര്‍ദാനില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങളെ കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് ആശങ്കയുണ്ട്, അഫ്ഗാനി ജനതയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം. അഫ്ഗാനിസ്ഥാനില്‍ എത്രയും വേഗം സ്ഥിരത സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും ഞങ്ങള്‍ ഊന്നിപ്പറയുന്നു’. അദ്ദേഹം പറഞ്ഞു.

താലിബാന് പിന്തുണ നൽകുന്ന രാഷ്ട്രങ്ങളിൽ ഭൂരിഭാഗവും അമേരിക്കയോട് പലതരത്തിലുള്ള ശത്രുത വച്ചുപുലർത്തുന്നവരാണ്.അതോടൊപ്പം അമേരിക്കൻ അധിനിവേശത്താൽ പൊറുതിമുട്ടിയ അഫ്ഗാൻ പൗരന്മാരിൽ ചിലരെങ്കിലും താലിബാനു പിന്തുണ നൽകിയിട്ടല്ലാതെ ഇത്ര എളുപ്പത്തിൽ രാജ്യത്തെ വൈദേശിക അധിനിവേശത്തെ തുരത്തി ആധിപത്യം സ്ഥാപിക്കൽ സാധ്യമല്ല.

താലിബാനിസമെന്ന തത്വശാസ്ത്രം എതിർക്കപ്പെടേണ്ടതാണ്. പക്ഷെ ആന്റി താലിബാൻ നിലപാട് മറയാക്കി അഫ്ഗാൻ അധിനിവേശം ലക്ഷ്യം വയ്ക്കുന്ന അമേരിക്കൻ കുതന്ത്രങ്ങളെ ന്യായീകരിക്കുന്നത് ആ ജനതയോടുള്ള നീതികേട് തന്നെയാണ്.

By സദഖത്തുള്ള കോതമംഗലം

+2 Humanities, Al Hidaya Islamic Academy, Kalamassery